' അവനാണ് കളി ജയിപ്പിക്കുന്നതെന്നുള്ള വിചാരം മാറ്റണം, അതിന് നീ അവന്റെ കാലിനെ ലക്ഷ്യമാക്കി പന്തെറിയണം..'

gajapokkiriyogam
Representative image. Photo Credit: CREATISTA/Shutterstock.com
SHARE

ഗജപോക്കിരിയോഗം (കഥ)

ഹൌവീസാറ്റ്! ആംഗലേയ ഭാഷയിലുള്ള ആക്രോശം കേട്ട് ആ പള്ളിക്കൂടത്തിലുള്ള പിള്ളേർ ഒന്ന് അന്ധാളിച്ചു. അത് വരെ ഗോള്, റഫറി, ബാലാമട്ടി (പെനാൽറ്റി) എന്നീ ആംഗലേയ പദങ്ങളേ അവർ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. കുറച്ച്, പഠിപ്പിസ്റ്റുകളായ മുൻനിര ബെഞ്ചുകാർ കളിക്കുന്ന കളി. പരക്കെ ഇംഗ്ലീഷ് ആയിരുന്നു അതിൽ. അതുകൊണ്ട് തന്നെ ഭയങ്കര പത്രാസായിരുന്നു കളിക്കുന്നവർക്കെല്ലാം. എൽ ബി ഡബില്യൂ, സിക്സർ, ബൗണ്ടറി, അമ്പയർ എന്തൊക്കെയായിരുന്നു കടിച്ചാൽ പൊട്ടാത്ത വാക്കുകൾ. ഒരുവിധം എല്ലാവരും തന്നെ അത് കളിക്കുന്നവരെ ആരാധനയോടെ തന്നെ നോക്കികണ്ടു. അനന്ത് സിങ്കാൾ എന്നെത്തേയും പോലെ അന്ന് ഉച്ചയ്ക്കും ഓടുകയായിരുന്നു. ബി ക്ലാസ്സിലെ പല്ല് ഉന്തിയ പ്രകാശ് എത്തുന്നതിലും മുൻപ് ക്രിക്കറ്റ് ബാറ്റ് കൈക്കലാക്കണം. ഉച്ചയൂണിനുള്ള മണിശബ്ദം കേട്ടാൽ ഒറ്റയോട്ടമാണ്. സയിമണ്ട്സ് ബാറ്റ് പത്താം ക്ലാസ്സുകാർക്കുള്ളതാണ്. പിന്നെയുള്ള ബാറ്റെന്ന് പേരിന് മാത്രം വിളിക്കാവുന്ന മരപലകകളിൽ കൊള്ളാവുന്ന ഒന്നായിരുന്നു ബി ഡി എം ബാറ്റ്. അതെങ്കിലും കിട്ടിയില്ലെങ്കിൽ അന്നത്തെ രണ്ടാം ഇന്നിങ്സ് കുളമാകും. സജീഷ് നായരുമായുള്ള തന്റെ കൂട്ടുകെട്ട് മാത്രമേ കളി ജയിപ്പിക്കുവാൻ ഇനി ബാക്കിയുള്ളു. അതിന് ബി ഡി എം ബാറ്റ് അനിവാര്യമാണ്.

എന്നാൽ അതാ നിൽക്കുന്നു ആ വൃത്തി കെട്ടവൻ സ്പോർട്സ് റൂമിന് മുമ്പിൽ, തന്നെക്കാൾ മുമ്പിൽ സ്ഥാനം പിടിച്ച്. കടുക് മണിയോളമേ ഉള്ളു എങ്കിലും പ്രകാശ് ഭയങ്കര ഓട്ടക്കാരനായിരുന്നു. നൊടിയിടയിൽ അവൻ ഓടിയെത്തും. അത് കൊണ്ട് തന്നെ അനന്തിന് പ്രകാശിനെ വെറുപ്പായിരുന്നു. അന്നും ബി ഡി എം പ്രകാശ് കൊണ്ടുപോയി. സജീഷ് നായരുമായുള്ള കൂട്ടുകെട്ട് അതികായനായ ശ്രീരാമിന്റെ ആദ്യ പന്തിൽ തന്നെ തീരുകയും ചെയ്തു. ശ്രീരാമിന്റെ അതിവേഗത്തിലുള്ള പന്തേറിൽ പിടിച്ച് നിൽക്കുവാൻ അധികമാർക്കും ആ സ്കൂളിൽ കഴിയുമായിരുന്നില്ല. സജീഷ് നായർ അതിന് ഒരപവാദമായിരുന്നു. എന്നാൽ ഈർക്കിൽ പോലുള്ള ബാറ്റ് വെച്ച് സജീഷിനും ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ആ തോൽവിയുടെ അമർഷത്തിൽ അനന്തിന്റെ മനസ്സിൽ ഒരുപായം മിന്നിമറഞ്ഞു. എന്തു കൊണ്ട് പ്രകാശിനെ കൂടി തങ്ങളുടെ കളിയിൽ കൂട്ടികൂടാ? അങ്ങനെയെങ്കിൽ ആ പൊട്ടൻ എല്ലാ ദിവസവും ബി ഡി എം ബാറ്റ് ഓടി പിടിച്ച് തരും. അനന്ത് തന്റെ ഉപായം സജീഷിനോട് പറയുകയും സജീഷ് ഉടൻ തന്നെ സമ്മതം മൂളുകയും ചെയ്തു. ശ്രീരാമിന്റെ വേഗത്തിലുള്ള പന്തേറിന് കുറച്ചെങ്കിലും കിടപിടിക്കുവാൻ കഴിയുമെങ്കിൽ അത് ആ പൊട്ടന് മാത്രമാണ് കഴിയുക. 

അതിബുദ്ധിമാനായ സജീഷിന് ഒരു കാര്യം അറിയാമായിരുന്നു. പ്രകാശ് ഒന്നും തന്നെ സ്വയം ചെയ്യില്ല. അവനെ പറ്റി കൂടി നടന്നിരുന്ന സൂര്യദാസ് പറയുന്നതേ അവൻ കേൾക്കൂ. പാരസൈറ്റൽ ബുള്ളിയിങ് അഥവാ ഇമോഷണൽ ബ്ലാക്മെയ്‌ലിങ് എന്ന മാനസിക തന്ത്രം ഉപയോഗിച്ച് പ്രകാശിനെ വരച്ച വരയിൽ നിറുത്തുവാൻ സൂര്യദാസിന് പ്രത്യേക കഴിവായിരുന്നു. ഇതറിഞ്ഞിരുന്ന സജീഷ് സൂര്യദാസിനെ സമീപിച്ചു. “നിങ്ങളുടെ എ ക്ലാസ്സിൽ കളി അറിയുന്ന രണ്ട് പേരെ ഉള്ളൂ, നീയും ആ പൊട്ടനും. നിങ്ങൾ കളിയറിയാത്ത ബാക്കിയുള്ളവരുടെ കൂടെ കളിച്ചാൽ, നിങ്ങളുടെ കളിയും മോശമാവുകയെയുള്ളൂ. അടുത്ത കൊല്ലം സ്കൂൾ ടീമിൽ കളിക്കേണ്ടതാണ്. അത് മറക്കേണ്ട. അറിയാമല്ലോ, സ്റ്റേറ്റ് ടീമിൽ ഇടം പിടിക്കാവുന്ന കളിക്കാരനാണ് നീ. ഇനി മുതൽ നിങ്ങൾ രണ്ട് പേരും ഞങ്ങളുടെ കൂടെ കളിക്കൂ. ശ്രീരാമിനെ വെല്ലാൻ നീ മാത്രമേ ഉള്ളൂ, ആ പ്രകാശ് പന്തെറിയുന്നതും മാങ്ങയെറിയുന്നതും ഒരുപോലെയാണ്. നീയാണ് യഥാർഥ കളിക്കാരൻ.” മുള്ളിനെ മുള്ളാൽ എടുക്കുക, സജീഷ് സൂര്യദാസിനെ സുഖിപ്പിച്ച് കൈയ്യിലെടുത്തു. പിറ്റേന്നാൾ മുതൽ വിക്കറ്റിന് പകരം വെച്ചിരുന്ന തെങ്ങിന്റെ മടലിന് ശ്രീരാമിന്റെ മാത്രമല്ല പ്രകാശിന്റെയും സൂര്യദാസിന്റെയും ഏറുകൾ കൊള്ളേണ്ടി വന്നു.

സ്കൂളിൽ എൻസിസി വളരെ പ്രാധാന്യം ഉള്ള ഒന്നായിരുന്നു. അതിന് ചുക്കാൻ പിടിച്ചിരുന്നത് ഒൻപതാം ക്ലാസുകാരാണ്. എന്നാൽ അക്കൊല്ലം എട്ടാം ക്ലാസിലായിരുന്ന അനന്തിനെ എൻസിസിയുടെ തലപ്പത്തേക്ക് കൊണ്ടുവരുവാൻ തീരുമാനമായി. പീഛേ മുട്ട്, സാവദാൻ എന്നിങ്ങനെ ഹിന്ദി പദങ്ങൾ ഉരിയാടാൻ ഉത്തരേന്ത്യക്കാരനായ അനന്ത് കഴിഞ്ഞേ ആരുമുള്ളൂ. ആ ഒരു അഹങ്കാരം അനന്തിന് ഉണ്ടായിരുന്നു. കൂട്ടത്തിൽ, പൊതുവേ ഉത്തരേന്ത്യക്കാർക്ക് തെക്കേ ഇന്ത്യക്കാരോടുള്ള പുച്ഛവും. ആ പുച്ഛത്തിന്റെ ഭാരം പേറേണ്ടി വന്നതോ മറ്റൊരു എൻസിസിക്കാരനായ സനോജ് ആന്റണിക്കും. പരേഡിന് ശേഷം ലഭിച്ചിരുന്ന മസാല ദോശക്ക് വേണ്ടി മാത്രം എൻസിസിയിൽ ചേർന്നവൻ. എന്നാൽ, സനോജിനെ എന്തെങ്കിലും കാരണം കാണിച്ച്, അഞ്ച് റൗണ്ട് എല്ലാ ദിവസവും അനന്ത് ഓടിച്ചിരുന്നു. അത് കഴിഞ്ഞാൽ ഒരഞ്ചു മസാല ദോശ തിന്നാലും തീരാത്ത വിശപ്പാണ് സനോജിന്. അങ്ങനെയിരിക്കെ ഒരു ദിവസം എൻസിസി ഡ്രിൽ നടക്കുന്നയിടെ അനന്തിന്റെ ട്രൗസറിന്റെ മുൻഭാഗത്തെ തുന്നൽ കീറുകയുണ്ടായി. ട്രൗസറിനുള്ളിൽ അടിവസ്ത്രം ധരിച്ചിരുന്നില്ല എന്നും, ധരിച്ചിരുന്നു എന്നും, രണ്ട് അഭിപ്രായങ്ങൾ ഉയർന്ന് കേട്ടു. എൺപതുകളിൽ, ഗ്രാമങ്ങളിൽ അടിവസ്ത്രം എന്നത് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സമയം. പ്രത്യേകിച്ചും സ്കൂൾപിള്ളേർ അടിവസ്ത്രം ധരിക്കുക എന്നത് അന്നൊരു വിദൂര സാധ്യത മാത്രം. അനന്തനായിരുന്നു ആയിടയ്ക്ക് സ്കൂളിൽ ചർച്ചാവിഷയം. പറഞ്ഞ് പെരുപ്പിച്ചവർ ഒടുവിൽ അവന് ഒരു പേരിട്ടു. പിന്നീട് ആ നാമധേയത്തിലാണ് അനന്ത് സിങ്കാൾ ആ വിദ്യാലയത്തിൽ അറിയപ്പെട്ടത്. 

“ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്” ഈ പഴഞ്ചൊല്ല് അർഥവത്താക്കുന്ന കൂട്ടുകെട്ടായിരുന്നു സൂര്യദാസിന്റെയും സനോജിന്റെയും. രണ്ട് ബഹു കൗശലക്കാർ. അനന്തിന് ഒരു കൊട്ട് കൊടുക്കുവാൻ തക്കം പാർക്കുകയായിരുന്നു സനോജ്. സനോജ് മാത്രമല്ല, എൻസിസിയിൽ ഉള്ള മിക്കപേർക്കും അനന്തിനെ അത്രയ്ക്ക് ദേഷ്യമായിരുന്നു. മസാല ദോശ കൊതി മൂത്ത് മാത്രം എൻസിസിയിൽ ചേർന്നവർ. ആയിടക്കാണ് ക്രിക്കറ്റ് മൽസരം മൂർധന്യാവസ്ഥയിൽ എത്തിയത്. ശ്രീറാം, സജീഷ്, അനന്ത് എന്നിവർ ഒരു ടീമിൽ. സൂര്യദാസ്, സനോജ്, പ്രകാശ് എന്നിവർ മറുടീമിലും. ജയിക്കാൻ ശ്രീരാമിന്റെ ടീമിന് ആറ് റൺ മാത്രം വേണം. പക്ഷേ ശ്രീരാമും സജീഷും തലേ ദിവസം തന്നെ പുറത്തായിരുന്നു. അന്ന് കളി തുടങ്ങുന്നതിന് മുൻപ് സനോജും സൂര്യദാസും അനന്തിനെ പിരികേറ്റി. നിനക്ക് മാത്രമേ കളി ജയിപ്പിക്കുവാൻ ആവുകയുള്ളൂ. അതിന് ഒരു വഴിയേയുള്ളു. പന്തെറിയാൻ  വരുന്ന പ്രകാശിനെ ചൂട് പിടിപ്പിക്കുക. “നിന്നെ ഞാൻ സിക്സർ അടിക്കും എന്ന് വീമ്പിളക്കുക” പ്രകാശ് ചൂട് പിടിച്ച് വഴി വിട്ട് പന്തെറിയും. നിനക്ക് സുഖമായി അവനെ കളിച്ച് ജയിക്കാം. അവനാണ് കളി ജയിപ്പിക്കുന്നത് എന്നൊരു വിചാരമുണ്ട് പ്രകാശിന്. അത് ഞങ്ങൾ നിർത്തി കൊടുക്കും, കളി ഞങ്ങൾ തോറ്റിട്ടായിട്ടും ശരി. സനോജ് അനന്തിനെ വിടാതെ പറഞ്ഞ് മനസ്സിലാക്കി. സൂര്യദാസ് പക്ഷേ അപ്പോഴേക്കും പ്രകാശിന്റെ അടുത്തെത്തിയിരുന്നു. കളി മുഴുവൻ നിന്റെ കൈയ്യിലാണ് പ്രിയ സുഹൃത്തേ, നീ വേണം നമ്മളെ ജയിപ്പിക്കുവാൻ. അനന്ത് നിന്നെ ഒറ്റ പന്തിൽ സിക്സർ അടിച്ച് കളി തീർക്കും എന്ന് വീമ്പിളക്കുന്നുണ്ട്. പിന്നെ നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ എന്ന നിലയിൽ എനിക്ക് ഒരു അഭ്യർഥനയുണ്ട്. നിനക്കറിയാലോ സനോജിനെ അവൻ എൻസിസിയിൽ എത്ര വിഷമിപ്പിക്കുന്നുണ്ടെന്ന്. ഇന്നലെ വരെ അവനെ അഞ്ച് റൗണ്ട് ഓടിച്ചു. പാവം അവൻ എൻസിസി മതിയാക്കുവാൻ പോവുകയാണ്. നിനക്ക് അനന്തിന്റെ കാലിന് നോക്കി എറിഞ്ഞുകൂടെ? നമ്മുക്ക് അവനെ ഒരു പാഠം പഠിപ്പിക്കണം. എനിക്ക് നിന്നോടല്ലേ  പറയാൻ പറ്റൂ, സനോജ് തീരെ വിഷമത്തിലാണ്. നിനക്ക് പറ്റില്ലെങ്കിൽ ശരി, ഇനി ഞാൻ ഒരിക്കലും നിന്നോട് ഒന്നും ചോദിക്കില്ല. സൂര്യദാസ് തന്റെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.

നട്ടുച്ച സമയം, അരവട്ടന്മാർക്ക് മുഴുവട്ടാകുന്ന മുഹൂർത്തം. പ്രകാശ് എന്ന അരവട്ടൻ പന്തുമായി തയാറായി നിൽക്കുന്നു. തെങ്ങിന്റെ മടലായ വിക്കറ്റിന് മുന്നിൽ അനന്ത് ബാറ്റുമായി അടയാളമിട്ട് തയാറായി. ഓടി വരുവാൻ തുടങ്ങിയ പ്രകാശിനെ നോക്കി അനന്ത് ബാറ്റ്കൊണ്ട് ആംഗ്യം കാണിച്ചു, “ഞാൻ ഈ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിക്കും” എന്നർഥത്തിൽ. അരവട്ടന് മുഴുവട്ടാവാൻ അത് ധാരാളം. സ്കൂളിലെ അറിയപ്പെടുന്ന ഓട്ടക്കാരനായ പ്രകാശ് തന്റെ സകല ശക്തിയും സംഭരിച്ചോടിയടുത്തു. അർജുനന് പക്ഷിയുടെ കണ്ണെന്നോണം അനന്തിന്റെ കാലുകൾ മാത്രമേ പ്രകാശ് കണ്ടുള്ളൂ. തന്റെ ജീവിതം മാറ്റി മറിക്കുവാൻ പോകുന്ന ഒന്നാണ് ചെയ്യുന്നതറിയാതെ പ്രകാശ് പന്ത് ഓങ്ങിയെറിഞ്ഞു. മറ്റെ വശത്ത് അനന്ത് തന്റെ ബാറ്റ് വീശിയടിച്ചു. ട്ടെ! ശബ്ദം കേട്ട് ചിലർ ബൌണ്ടറിക്ക് പുറത്തേക്ക് നോക്കി, പന്തെവിടെ എന്നറിയാൻ. ചിലർ വിക്കറ്റ് (മടൽ) വീണ ശബ്ദമാണോ എന്ന് ഉറ്റു നോക്കി. എന്നാൽ അനന്ത് താഴെ വീണു കിടക്കുകയായിരുന്നു. തന്റെ ഇടത്തെ കണങ്കാൽ പൊതിഞ്ഞ് പിടിച്ചു കൊണ്ട് അവൻ എഴുന്നേറ്റു. നൊണ്ടി നൊണ്ടി അവൻ കളി സ്ഥലം വിട്ടു. ഒരാഴ്ച കഴിഞ്ഞാണ് പിന്നെ അവൻ സ്കൂളിൽ വന്നത്. പിന്നീട് ഒരിക്കലും അവൻ ക്രിക്കറ്റ് കളിച്ചിട്ടില്ല. സ്വതവേ പഠിക്കുവാൻ മിടുക്കനായ അവൻ പഠിത്തത്തിലും പിന്നോട്ട് പോയി. ഒരു എട്ടാം ക്ലാസ്സുകാരന്റെ കൊച്ചു മനസ്സിനെ ആ സംഭവം ഒത്തിരി നോവിച്ചിരുന്നു.

കാലം മുന്നോട്ട് പോയി. പിള്ള മനസ്സിൽ കള്ളമില്ല എന്നത് ശരി വെക്കും പോലെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് പുസ്തകത്തിൽ രണ്ട് പേരും പരസ്പരം ഓർമ്മകുറിപ്പുകൾ എഴുതി പിരിഞ്ഞു. ഓർമ്മകുറവുള്ള പ്രകാശ് ആ സംഭവം പണ്ടേ മറന്നിരുന്നു. അവന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ലല്ലോ. എന്നാൽ ഒരു കനൽക്കരി പോലെ അനന്തിനെ അത് കുത്തി നോവിച്ച് കൊണ്ടിരുന്നു. തന്റെ സഹപാഠിയുടെ അരവട്ടിന് പിന്നിൽ അവൻ അനുഭവിച്ചിരുന്ന ഗാർഹിക പീഡനമാണ് എന്നൊന്നും മനസ്സിലാക്കുവാനുള്ള പക്വത അനന്തിന് അന്നുണ്ടായില്ല. കാലചക്രം പിന്നെയും തിരിഞ്ഞു. ഇന്ത്യയിലെ വളരെ പ്രഖ്യാതമായ എൻജിനിയറിങ് കോളേജ്. അവിടെ ആദ്യ കൊല്ലത്തെ റാഗിങ് നടക്കുന്ന കാലം. ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച പ്രകാശ് അതാ നിൽക്കുന്നു ക്ലാസിനുള്ളിൽ, അനന്ത് ആകെ അസ്വസ്ഥനായി. ഇനിയും നാല് കൊല്ലത്തേക്ക് ഇവനെ സഹിക്കണോ? അവനിൽ അടങ്ങി കിടന്നിരുന്ന പ്രതികാരത്തിന്റെ കനൽ പിന്നെയും എരിഞ്ഞു തുടങ്ങി. ഇനി ഒരു ഏറ്റുമുട്ടൽ കൂടി വയ്യ. അനന്ത് ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

സീനിയർ ആയ വിദ്യാർഥികളുടെ ബൈക്കുകൾ പാർക്ക് ചെയ്തിരുന്നത് ജൂനിയർ ഹോസ്റ്റലിന് എതിർ വശമായിരുന്നു. ഭയം നിമിത്തം ജൂനിയർ വിദ്യാർഥികൾ ആരും തന്നെ അതിനടുത്തേക്ക് പോയിരുന്നില്ല. സീനിയർ വിദ്യാർഥികളിൽ ഏറ്റവും പേടിയുളവാക്കിയിരുന്ന ഒരുവനായിരുന്നു ഊള ബാബു എന്നറിയപ്പെട്ടിരുന്ന രാംബാബു. അയാളുടെ ബുള്ളറ്റും അയാളെ പോലെ തന്നെ ആ ക്യാമ്പസിൽ ഭീതി പടർത്തിയിരുന്നു. ഇടിവെട്ടിയാൽ കൂട്ടിൽ ചേക്കേറിയിരുന്ന പക്ഷികളെ പോലെ ആ ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ജൂനിയർ വിദ്യാർഥികൾ തങ്ങളുടെ റൂമുകളിൽ കയറി വാതിൽ അടച്ചിരുന്നു. ആ ദിവസം ജൂനിയർ വിദ്യാർഥികൾ ഉണർന്നത് ഊള ബാബുവിന്റെ അട്ടഹാസം കേട്ടായിരുന്നു. തന്റെ ബുള്ളറ്റിന്റെ സ്പീഡോമീറ്റർ ആരോ അഴിച്ച് മാറ്റിയിരിക്കുന്നു. “തിരിച്ച് തന്ന് മാപ്പ് പറഞ്ഞാൽ ക്ഷമിക്കുന്നതാണ്. അതല്ലാതെ, ഞാൻ അത് തിരഞ്ഞ് പിടിച്ചാൽ ഇനി ഈ ക്യാമ്പസിൽ തുടർന്ന് പഠിക്കാം എന്ന് കരുതണ്ട”, ബാബു അലറി വിളിച്ചു. വൈകുന്നേരം ആയിട്ടും ആരും തന്നെ കുറ്റസമ്മതം നടത്തിയില്ല. അത്താഴത്തിന് മുൻപ് ബാബുവും സിൽബന്ദികളും ഓരോ റൂമും അരിച്ച് പെറുക്കി. അതാ പ്രകാശിന്റെ റൂമിൽ സ്പീഡോമീറ്റർ. അന്ന് രാത്രി പ്രകാശ് മറക്കാൻ ആഗ്രഹിക്കുന്ന രാത്രിയായിരുന്നു. നവംബറിലെ കുളിര് കോരുന്ന ആ രാത്രി മുഴുവൻ അവൻ ഉടുതുണിയില്ലാതെ ആ ബുള്ളറ്റിൽ കെട്ടിയിട്ടപ്പെട്ടു. വെളുപ്പിന് പാറാവിന് വന്ന സെക്യൂരിറ്റിക്കാരനാണ് അവനെ അഴിച്ച് വിട്ടത്. റൂമിൽ കയറി വാതിൽ അടച്ച അവൻ പിന്നെ ആ വാതിൽ തുറന്നതേയില്ല. ആ രാത്രിയുടെ ഓർമ്മകൾ മായ്ക്കാൻ അവൻ വേറെ വഴിയൊന്നും കണ്ടില്ല.

Content Summary: Malayalam Short Story ' Gajapokkiriyogam ' written by Rakesh

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS