ADVERTISEMENT

കായാവും ഏഴിലം‌പാലയും (കഥ)

കാസർകോഡിന്റെ ഹൃദയഭാഗത്തുനിന്നും ദൂരെ ഒരു ഗ്രാമം, എൺപതുകളിൽ.. അന്നൊക്കെ വീട്ടിനടുത്തേക്ക് ഒരേ ഒരു ബസ്സ് രാവിലെയും വൈകുന്നേരവും മാത്രമാണ് സർവീസ് നടത്തിയിരുന്നത്. മറ്റു സമയങ്ങളിൽ എല്ലാവരും അഞ്ചുകിലോമീറ്റർ നടന്നാണ് ഏറ്റവും അടുത്തുള്ള ബസ്സ് സ്റ്റാൻഡിലേക്ക് പോയിരുന്നത്. ഒരു ഗ്രാമത്തിലെ ബസ്സ് സ്റ്റാൻഡ്. എന്നാലും അഞ്ചു കിലോമീറ്റർ നടന്ന് ബസ്സ് സ്റ്റാൻഡിൽ നിന്നും യാത്ര ചെയ്യാനാണ് നായനാർക്കിഷ്ടം. നായനാർ എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിക്കാറ്. ഏക്കറുകണക്കിനുള്ള ഭൂമിയിൽ ജോലിചെയ്യാൻ എത്തിയിരുന്ന ജോലിക്കാരാണ് അങ്ങേരെ അങ്ങനെ വിളിച്ചു തുടങ്ങിയത്. പതുക്കെ ആ പേര് നാട്ടുകാർ എല്ലാവരും വിളിച്ചുതുടങ്ങി. നാട്ടുകാരുടെ സ്വന്തം നായനാർ. തികച്ചും "ഹൈറേൻജ്",  മലമടക്കുകളും അതിനിടയിലൂടെ വളഞ്ഞും തിരിഞ്ഞും തേരട്ടയെ പോലെയുള്ള റോഡുകളും, ഏറ്റവും താഴെ കുന്നിൽ മടക്കുകൾക്കിടയിലൂടെ ഒഴുകുന്ന പുഴയും. പുഴയ്ക്കും മലകൾക്കുമിടയിൽ വിശാലമായ വയലുകൾ. മഴക്കാലത്ത് ഈ പുഴ കര കവിഞ്ഞൊഴുകും, അപ്പോൾ ഈ വയലുകളും നിറഞ്ഞ് പുഴയുടെ ഭാഗം പോലെയാകും. റോഡിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഇറക്കമായി. നായനാരുടെ വീട് അപ്പോഴൊന്നും കാണാൻ പറ്റില്ല. കുറെ ദൂരം ഇറങ്ങിച്ചെല്ലണം, അപ്പോൾ വീടിന്റെ മേൽക്കൂര കാണാം. അപ്പോഴേക്കും പാതി വഴി കുന്നിറങ്ങണം. ഈ നായനാരുടെ ഭൂമി പടിഞ്ഞാറോട്ട് ചെരിവുള്ള ഒരു മല മുഴുവനും നീണ്ടുകിടക്കുന്നു. വൈകുന്നേരങ്ങളിൽ പുഴയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ ഈ കുന്നിൽ ചെരുവിൽ മൊത്തം വ്യാപിക്കും. പുഴയ്ക്കപ്പുറത്തുള്ള കുന്നിന്റെ പിറകിൽ സൂര്യൻ ഒളിക്കുന്നതോടെ നേരം ഇരുട്ടും, അപ്പോൾ ചീവീടുകളുടെ ശബ്ദം ഇരട്ടിയാകും. ആ കുന്നിൻ ചെരുവിൽ എല്ലായിടത്തും കശുമാവിൻ മരങ്ങളാണ് അന്നുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാർ കശുമാങ്ങ പെറുക്കിക്കൊണ്ടുപോകും. വാറ്റ് ഉണ്ടാക്കാൻ. എന്നാലവർ കശുവണ്ടി കൊണ്ടുപോകാറില്ല.

നായനാരുടെ മക്കളൊക്കെ ആ കുന്നിൻ ചെരുവിന്റെ ഓരോ ഭാഗത്തായി വീടുവെച്ചു താമസം മാറി. എന്നാലും പകലൊക്കെ അവർ അച്ഛന്റെ കൂടെ തന്നെയാണ് കഴിഞ്ഞിരുന്നത്. വൈകുന്നേരമാകുന്നതോടെ അവർ അവരവരുടെ കുടുംബത്തോടെ സ്വന്തം വീട്ടിലേക്ക് പോകും. അപ്പോൾ നായനാരും ഭാര്യയും മാത്രമാകും വീട്ടിൽ. നായനാർക്ക് സുഖമില്ലാത്ത അവസരങ്ങളിൽ മക്കളിൽ ആരെങ്കിലും രാത്രി കൂടെ താമസിക്കും.. അവിടെ സ്ഥിരമായി ജോലിചെയ്യുന്ന ദാമുവും സ്വന്തം വീട്ടിലേക്ക് പോകും, വിശേഷദിവസങ്ങൾ ഒഴിച്ച്. നായനാർക്ക് ഒരു തോക്കുണ്ട്. പഴയ ഒരു തോക്ക്. ഒരു  ഇരട്ടക്കുഴൽ തോക്ക്!! പുഴയ്ക്കരികിൽ ഒരു കാവ് ഉണ്ട്. ആ കാവിൽ എല്ലാക്കൊല്ലവും "ഒറ്റകോലമഹോത്സവം" നടക്കാറുമുണ്ട്. മഹോത്സവത്തോട് അനുബന്ധിച്ച് അവിടത്തെ ചില ആൾക്കാർ വേട്ടയ്ക്ക് പോകാറുണ്ട്. അതൊരു ചടങ്ങാണ്. ആ വേട്ടയ്ക്ക് നായനാർ പോകാറില്ല, എന്നാൽ പോകുന്നവർ ഈ തോക്ക് കൊണ്ടുപോകാറുണ്ട്. അതുകൊണ്ടുതന്നെ അത് പൊട്ടുന്ന തോക്കാണ് എന്നുറപ്പ്. ആ വലിയ പറമ്പിൽ തെങ്ങുകളും കവുങ്ങുകളും ധാരാളമുണ്ട്. നായനാരുടെ പ്രധാന വരുമാനം അതുതന്നെയായിരുന്നു എന്നുവേണം കരുതാൻ. അടയ്ക്കാ പറിക്കാൻ ഒരു കവുങ്ങിൽ കയറിയാൽ അഞ്ചാറു കവുങ്ങിലെ അടയ്ക്കാ പറിക്കാം. എങ്ങനെ എന്നല്ലേ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ആടി വളച്ചു മറ്റൊന്നിലേക്ക് അള്ളിപ്പിടിക്കാം. അത്രയ്ക്കും കായ്‌ഫലവും അടുത്തടുത്തുമാണ് കവുങ്ങുകൾ. 

മറ്റൊരു പ്രത്യേകത,  പാമ്പുകൾ. പലതരം പാമ്പുകൾ ആ പറമ്പിലുണ്ടായിരുന്നു. ചേര സർവസാധാരണം. അണലിയും, എട്ടടി മൂർഖനും, ശംഖുവരയനും കുടുംബസമേതം അവിടെ വസിച്ചിരുന്നു. പറമ്പിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് ഒരു കുളം, അതിൽ എപ്പോഴും നീർക്കോലികൾ നീന്തിത്തുടിച്ചിരുന്നു.  പക്ഷെ ഇവയൊന്നും നയനാരെയും കുടുംബത്തെയും കടിച്ചതായി ഒരു രേഖയുമില്ല, അയാളുടെ ജോലിക്കാരെപ്പോലും വിഷം തീണ്ടിയിട്ടില്ല, ഒരിക്കൽപ്പോലും. അഥവാ കടിച്ചിരുന്നെങ്കിൽ, തീർന്നു, കാരണം നയനാർക്കോ മറ്റോ വിഷവൈദ്യം അറിയില്ല, പിന്നെ ആശുപത്രി, ആലോചിക്കുകയേ വേണ്ട.. അത് ദൂരെയല്ലേ!! ഈ പറഞ്ഞ കുളത്തിനടുത്തായി ഒരു ചെറിയ പൊന്തക്കാടുണ്ട്. അഞ്ചെട്ടു മരങ്ങളും വള്ളിപ്പടർപ്പുകളും നടുവിലായി ഒരു ഗുഹ പോലുള്ള ഒരിടം. കുട്ടികൾ അങ്ങോട്ടുപോകാറില്ല. അതൊരു ഗുഹയും, അതിലൂടെ പോയാൽ സൂര്യൻ ഉദിക്കുന്ന സ്ഥലത്ത് എത്താം, അതിൽ നിറയെ വിഷസർപ്പങ്ങൾ താമസിക്കുന്നുണ്ടെന്നും ഒക്കെയാണ് കരുതിയിരുന്നത്. നായനാർ ആ പൊന്തക്കാട് ഇപ്പോഴും അങ്ങനെ തന്നെ ഒഴിച്ചിട്ടു. കാട് വെട്ടിത്തെളിക്കാതെ, ആ മരങ്ങളുടെ ചില്ലകൾ വെട്ടാതെ അങ്ങനെ ഒഴിച്ചിട്ടു. ആ പൊന്തക്കാടിന്റെ ഒരു അരികിലായി ഒരു പാല മരവും ഉണ്ടായിരുന്നു. അതിന് അന്നും ഇന്നും പത്തുപന്ത്രണ്ട് അടി ഉയരമേ ഉണ്ടായിരുന്നുള്ളു. അത് വളരാറില്ല, ഉയരം വെക്കാറുമില്ല. പണ്ട് ആരോ ഒരാൾ ആ ഗുഹയ്ക്ക് അകത്തേക്കുപോകുമ്പോൾ ആ പാല മരത്തെ കാവലിരുത്തി. ഒരു അടയാളമെന്നോണം അയാൾ തന്റെ മേൽമുണ്ട് ഈ മരത്തിന്റെ കൊമ്പിൽ തൂക്കിയിട്ടു. ആ കൊമ്പ് ഇന്നും ഒരാളുടെ ഉയരത്തിൽ ഉണ്ട്.  ഈ പാല അയാൾ ഗുഹയ്ക്കകത്തേക്ക് പോകുന്നതും നോക്കി നിന്നു. ഇപ്പോഴും അതിനകത്തേക്ക് നോക്കി നിൽപ്പാണ്, അയാൾ വരുന്നതും കാത്ത്. ഉയരം വെച്ചാൽ അതിനകത്തേക്ക് കാണാനാവില്ലല്ലോ!! 

ആ മരം പൂത്തു തുടങ്ങിയാൽ പിന്നെ, ആ പ്രദേശം മുഴുവൻ സുഗന്ധം കൊണ്ടു നിറയ്ക്കും. ആ പൂക്കളുടെ ഗന്ധം നായനാരുടെ വീടിന്റെ മുറ്റം വരെ എത്തും. എന്നാൽ വീട്ടിനകത്തേക്ക് കേറില്ല. അതാണ് അത്ഭുതം. അതിനും കാരണമുണ്ട്, യക്ഷികൾ നായനാരുടെ വീട്ടിൽ കയറില്ല, മണം എത്തുന്നിടത്തേ അവ സഞ്ചരിക്കൂ. മഴക്കാലത്ത് വയലിൽ വെള്ളം കയറുക പതിവാണ്. പുഴയുടെ അരിക് തൊട്ട് തുടങ്ങുന്ന വയൽ അവസാനിക്കുന്നത് നായനാരുടെ പറമ്പിനോട് ചേർന്നാണ്. ആ പറമ്പിനോട് ചേർന്നുള്ള വയലുകൾ നായനാരുടേത് തന്നെ, അത് അഞ്ചാറ് ഏക്കറുകൾ കാണും. മഴക്കാലത്ത് വെള്ളം പൊങ്ങി അതുപിന്നെ പിൻവലിയുന്നതോടെ ആ മഴവെള്ളം അതിന്റെ മാറിൽ കൊണ്ടുവന്ന വസ്തുക്കളൊക്കെ അയാളുടെ വയലിൽ നിക്ഷേപിച്ചിട്ടാണ് പോവുക. അതുകൊണ്ടുതന്നെ മഴവെള്ളം ഇറങ്ങിയാൽ ആ പാഴ്‌വസ്തുക്കൾ മാറ്റുക എന്നത് വലിയ ജോലിയാണ്. നെൽകൃഷിയെ ഉപദ്രവിക്കാതെ അതെല്ലാം കോരി മാറ്റണം. ചിലപ്പോഴൊക്കെ ചില ബോണസ് കിട്ടാറുണ്ട്.  കടപുഴകി വന്ന തടികൾ വെള്ളം അവിടെ ഉപേക്ഷിച്ചിട്ടുപോകാറുണ്ട്. തേങ്ങകൾക്ക് കണക്കില്ല, കാരണം അയാളുടെ പറമ്പിൽ ഉണ്ടാകുന്ന തേങ്ങകൾക്കുതന്നെ കണക്കില്ല, പിന്നെയാണ് ഒഴുകിവന്ന തേങ്ങകൾ. എന്നാൽ ഒഴുകിവന്ന വാഴക്കുലകൾ അയാളുടെ ജോലിക്കാർ വെട്ടിയെടുത്തുകൊണ്ടുപോകാറുണ്ട്.

വീട്ടിൽ നിന്ന് പുറപ്പെട്ടാൽ ഏറ്റവും അടുത്ത് ബസ്സ് ലഭിക്കണമെകിൽ അഞ്ചു കിലോമീറ്റര്‍ നടക്കണം. പറഞ്ഞല്ലോ ബസ്സ് രാവിലെയും വൈകീട്ടും മാത്രമേയുള്ളൂ എന്ന്. റോഡ് വിട്ട് ഒരു കുറുക്കുവഴിയേ പോകുമ്പോൾ  വഴിമദ്ധ്യേ പാറക്കൂട്ടങ്ങൾ കാണാം. പരന്നു കിടക്കുന്ന കറുത്ത പാറ. മാടായിപ്പാറപോലെ പരന്നുകിടക്കുന്ന പാറ. മഴക്കാലത്ത് ആ പാറമുകളിൽ നീല പരവതാനി കാണാം. ഓണ നാളുകൾക്ക് മുമ്പും പിൻപും ആണ് അത് കൂടുതൽ കാണാറുള്ളത്. കാക്കപ്പൂവ് അവിടമാകെ നിറഞ്ഞു കിടക്കും. നീല പരവതാനി വിരിച്ചപോലെ. പൂക്കളമിടാൻ കുട്ടികൾ പറിച്ചുകൊണ്ടുപോകും, എത്ര പറിച്ചെടുത്താലും തീരില്ല. അതങ്ങനെ നീണ്ടു കിടക്കും. ഓണത്തിനിടാറുള്ള പൂക്കളത്തിൽ ഈ കാക്കപ്പൂക്കൾ പ്രധാന പൂവാണ്. അതൊരു കുഞ്ഞു പുൽച്ചെടിയായതുകൊണ്ടുതന്നെ നീലപ്പുതപ്പ് വിരിച്ചതാണെന്നേ തോന്നൂ. മഴ മാറുന്നതോടെ കാക്കപ്പൂക്കൾ അപ്രത്യക്ഷമാകുന്നു. പിന്നെ ഏതാനും മാസം കഴിഞ്ഞാൽ മരച്ചില്ലകൾ നീലപുതപ്പണിയും. കായാമ്പു പൂക്കുന്ന നാളുകൾ. നായനാർ പലപ്പോഴും ഈ കായാവ് ചെടികളുടെ കമ്പുകൾ വെട്ടിയെടുത്തുകൊണ്ടുപോകും. അത് പൊന്തക്കാട്ടിൽ നടും. ഒന്നും രണ്ടുവട്ടമല്ല ഒരായിരം പ്രാവശ്യം നായനാർ കായാവ് കൊമ്പുകൾ പൊന്തക്കാട്ടിൽ നട്ടിട്ടുണ്ട്.

കായാവ് കുറ്റിച്ചെടികളാണ്. ആറുമുതൽ പത്ത് അടി ഉയരം വെക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് അവ പൂക്കുക. സംസ്കൃതത്തിൽ നീലാഞ്ജനി എന്നു പറയും. മലയാളത്തിൽ അതിന് വേറെയും പേരുകൾ ഉണ്ട് അഞ്ജനമരം, കനലി, കാഞ്ഞാവ് അങ്ങനെ. ഇതിന്റെ ഇല രോഗപ്രതിരോധശക്തി ഉണ്ടാക്കും എന്നൊക്കെ പറയാറുണ്ട്.  ഇതിനെ ശ്രീ കൃഷ്ണന്റെ മരമായും പറയാറുണ്ട്, കാരണം ഇതിന്റെ പൂക്കളുടെ നിറം തന്നെ. ഇതിന്റെ നിറവും മണവും തന്നെയാണ് നായനാരെ ആകർഷിച്ചത്. ഈ കായാവ് ആ പൊന്തക്കാട്ടിൽ വേര് പിടിച്ചതേയില്ല.. എന്നാലും നായനാർ തന്റെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. വേറെ ഒരു കാര്യം, നായനാർക്കു അത് ആ പൊന്തക്കാട്ടിൽ വെച്ചുപിടിപ്പിക്കുന്ന കാര്യം അത് പൂക്കുമ്പോൾ മാത്രമേ ഓർമ്മയുണ്ടാവുകയുള്ളൂ.. പൂ ഉള്ളപ്പോഴാണ് അതിന്റെ കമ്പ് വെട്ടികൊണ്ടുപോവുകയും പൊന്തക്കാട്ടിൽ വച്ചുപിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. അതിന്റെ പൂക്കൾ കൊഴിഞ്ഞാൽ ആ കാര്യം മറക്കുകയും ചെയ്യും. മറക്കുന്നതല്ല, മറിച്ച് അതിന്റെ മാസ്മരിക ഗന്ധത്തിലും നിറത്തിലും ആകൃഷ്ടനാകുന്നതാണ്. നായനാർ ഒരു കൃഷ്നഭക്തൻ ആയിരുന്നു, അതുകൊണ്ടുതന്നെ ആ ചെടി കൃഷ്ണന്റെ ചെടിയാണെന്ന് പൂർണ്ണമായും വിശ്വസിച്ചു. ചിലപ്പോൾ നായനാർ അത് നടാൻ കൊടുക്കുക തന്റെ ജോലിക്കാരനും സഹചാരിയുമായ ദാമുവിനെയാണ്. ദാമു അത് അവിടെ നട്ടുവെന്ന് വരുത്തുവാൻ നായനാർ പിന്നീടെപ്പൊഴെങ്കിലും ചെന്നു നോക്കുക പതിവായിരിന്നു. ആ പൊന്തക്കാടുമായി നായനാർക്ക് എന്തോ ബന്ധമുണ്ടായിരുന്നു. അവിശ്വസിനീയമായ അനിർവചനീയമായ ബന്ധം.  പലപ്പോഴും ആ പൊന്തക്കാട്ടിന് ഏറ്റവും അരികുപറ്റി നിൽകുന്ന ഏഴിലം‌പാലച്ചുവട്ടിൽ അയാൾ ഇരിക്കാറുണ്ടായിരുന്നു.   

ദീപാവലി ദിവസം ജോലിക്കാരെല്ലാം വീടിനു മുമ്പിൽ ഒത്തുകൂടും. സ്ഥിരം ജോലിക്കാരും കാണും വല്ലപ്പോഴും വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ജോലിചെയ്തവരും ആ വീട്ടിനുമുമ്പിൽ കൂടും. അവർക്കൊക്കെ നെല്ലും നല്ലപുത്തൻ തുണിയും നൽകും. കൂടെ പൈസയും. ദാമുവിന് എല്ലാം ഇരട്ടിയാണ് നൽകുക. മറ്റുള്ളവർക്ക് ഓരോ മുണ്ട് നൽകുമ്പോൾ ദാമുവിന് രണ്ടോ അതിലധികമോ കൊടുക്കും. അത് കിട്ടിയാലുടൻ ദാമു നേരെ ആ പാലമരത്തിന്റെ  അടുത്തേക്കുപോയി ചെറിയ ശിഖരങ്ങൾ വെട്ടും. മുക്കൊമ്പ്‌, മൂന്നു കൊമ്പുകൾ ഉള്ളവ വെട്ടും. ആ മൂന്നു കൊമ്പിന്റെ ഇടയിലാണ് ചിരട്ടകൾ വെക്കുക, ആ ചിരട്ടയിൽ തിരിവെച്ച് കത്തിക്കും. വെറും തിരിയല്ല അതൊരു കിഴി തന്നെയാണ്. കുഞ്ഞു കിഴി.. അരിയായിരിക്കും കിഴികെട്ടുക. അത് എണ്ണയിൽ മുക്കി മുക്കമ്പിനകത്തുവെച്ച ചിരട്ടയിൽ വെക്കും. അതിന് ഒരു മുഴുവൻ ചിരട്ട വേണമെന്നില്ല. തല്ലിപൊട്ടിച്ച ഒരു കഷണം മതി. കുഞ്ഞു കുഴിവേണം ഈ കിഴിവെക്കാൻ, അത്രമാത്രം. വൈകുന്നേരം പടിഞ്ഞാറ്റയിൽ നിന്നും വിളക്കുകത്തിച്ചു കൊണ്ടുവന്ന് ഈ തിരികൾക്കു തീകൊളുത്തും. കുട്ടികളും ദാമുവും കാണും. പത്തുപതിനഞ്ചു പേരടങ്ങുന്ന സംഘം ഉച്ചത്തിൽ വിളിക്കും "ഹര ഹരോ ഹര.. പൊലിയന്ത്രം...  പൊലിയന്ത്രം... പൊലിയന്ത്രം.. പൊലിയന്ത്രം." എല്ലാവരുടേയും കൈയിൽ നെല്ലും മലരും അരിയും വെള്ള പൂക്കളും കാണും, പൊലിയന്ത്രം വിളിക്കുന്നതോടൊപ്പം എല്ലാവരും കൈയിൽ കരുതിയ ഇതെല്ലാം കത്തിച്ച ദീപത്തിലോട്ടെറിയും. അതുപോലുള്ള ദീപക്കുറ്റികൾ വീടിന്റെ നാലുചുറ്റും ഉണ്ടാകും. ഒന്ന് കിണറിന്റെ കരയിലും. ഈ ചടങ്ങോടുകൂടി ആ വർഷത്തെ ദീപാവലി അവസാനിക്കുന്നു. 

ഇങ്ങനെ ചെയ്യാറുള്ളത് നെൽകൃഷി ഉള്ളവർ മാത്രമാണ്. ആ നെൽ വയലിൽ കൃഷി ചെയ്ത എല്ലാവരും ഈ ദീപാവലി പൂജയ്ക്കു പങ്കെടുക്കണം എന്നാണ് വെപ്പ്. വന്നവർക്കൊക്കെ അടുത്തവർഷം ജോലി ഉറപ്പാക്കുന്നു. നെൽ വിത്ത് വിതയ്ക്കുന്ന ജോലിമുതൽ കറ്റ മെതിച്ച് നെല്ല് പഴുങ്ങുന്നവരേയ്ക്കും ഇവരൊക്കെ കൂടെ വേണം. നെല്ല് പുഴുങ്ങി ഉണക്കാനിടുന്നതും ഈ ജോലിക്കാർ ഒക്കെയായിരിക്കും. പുഴുങ്ങാത്ത നെല്ല് പത്തായത്തിൽ നിറയ്ക്കും. ആവശ്യമുള്ളപ്പോൾ പടുകൂറ്റൻ പത്തായത്തിൽ നിന്ന് നെല്ല് കോരിയെടുത്ത് പുഴുങ്ങും പിന്നെ ഉണക്കും, അത് അവിടെത്തന്നെയുള്ള ഉരലുപയോഗിച്ച് കുത്തിയെടുക്കും. അതാണ് പതിവ്. ചിലപ്പോൾ പുഴുങ്ങാത്ത നെല്ല് കുത്തിയെടുക്കും. വിശേഷ ദിവസങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിമാത്രം. പുഴുങ്ങാത്ത നെല്ല് വറുത്തെടുത്താണ് മലരുണ്ടാക്കുന്നത്. പൊടിയരി ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്, വീട്ടിലുള്ളവർക്ക് എന്തെങ്കിലും അസുഖം വന്നാൽ പൊടിയരിക്കഞ്ഞിയാണ് കൊടുക്കാറ്. ഈ പൊടിയരി മരണാനന്തര ചടങ്ങുകൾക്കും ആവശ്യമാണ്. ചിലപ്പോൾ ചില അപൂർവ്വം നെല്ലുകൾ കിട്ടാറുണ്ട്. നീണ്ട വാലുള്ള നെല്ലുകൾ. നല്ല ഉറപ്പുള്ള വാൽ. അത്തരം നെല്ലുകൾ കൊണ്ട് പ്രത്യേക രീതിയിൽ കെട്ടി മെടഞ്ഞ് വലിയ ഉണ്ടപോലെയാക്കി വീടിന്റെ ഉമ്മറത്ത് തൂക്കിയിടും.

അങ്ങനെ ദീപാവലി കഴിഞ്ഞു. മകരമാസത്തിൽ ശബരിമല ദർശനവും കണ്ട് ദാമു നടന്നു വരുമ്പോൾ ഒരു കായാവ് ചെടി വേരോടെ പിഴുതെടുത്തു. ചെറിയൊരു ചെടി. രണ്ടോ മൂന്നോ അടിമാത്രം ഉയരമുള്ള ഒരെണ്ണം. ദാമു നേരെ ചെന്നത് സ്വന്തം നായനാരെ കാണാനാണ്. അരവണ പായസവും അപ്പവും കൊടുത്ത് മാല ഊരാനായി ഒരുങ്ങി. നായനാർ തടഞ്ഞ് അൽപനേരം കാത്തുനിൽക്കാൻ പറഞ്ഞു. ഉടനെ വീടിന്റെ ഉമ്മറത്ത് വിളക്ക് കൊളുത്തിവെച്ചു. സ്വാമി അയ്യപ്പന്റെ ഫോട്ടോയും വെച്ചു. വീടിന്റെ മുന്നിലെ ചെടികളിൽ നിന്നും ധാരാളം പൂക്കളും പറിച്ചെടുത്ത് താലത്തിൽ വെച്ചു. ദാമുവിനോട് കുളിക്കാൻ പറഞ്ഞുവിട്ടു. പോകുന്ന വഴിയിൽ ദാമു ആ കായാവ് ചെടി പാലമരത്തിന്റെ അടുത്ത് കുഴിച്ചിട്ടു. കുളികഴിഞ്ഞു വന്നപ്പോഴേക്കും നായനാർ കർപ്പൂരവും സാമ്പ്രാണിയും കത്തിച്ച് അയ്യപ്പസ്വാമിയുടെ ഫോട്ടോയുടെ മുന്നിൽ ഇരുന്ന് ഭജന തുടങ്ങിയിരുന്നു. ദാമുവും അപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന കുട്ടികളും ഭജനയിൽ പങ്കെടുത്തു. തുടർന്ന് മാല അഴിക്കൽ ചടങ്ങുനടന്നു. അതിനുശേഷം നായനാർ ചോദിച്ചു "അങ്ങനെ നീ കായാവ് വീണ്ടും നട്ടു അല്ലെ?" ദാമു അത്ഭുതത്തോടെ കൂടെയുള്ള കുട്ടികളെ നോക്കി. ആരെങ്കിലും അങ്ങേരോട് പറഞ്ഞുവോ എന്ന അർഥത്തിൽ. കുട്ടികൾ എല്ലാവരും അന്യോന്യം നോക്കി. നായനാർ തുടർന്നു "നന്നായി.. നല്ല സമയത്താണ് നീയിതു ചെയ്തത്." ദാമുവിന് ഒന്നും മനസിലായില്ല. "നീ ഇന്ന് വീട്ടിലേക്ക് പോകേണ്ട. ഇവിടെ കഴിയാം. കേട്ടല്ലോ." ദാമു തലകുലുക്കി സമ്മതിച്ചു. "എന്നാൽ വായനശാല വരെ പോയി വരാം" നായനാർ എതിർത്തു. "വേണ്ട.. .. ഇന്നെനി എവിടെയുംപോകേണ്ട. വിശ്രമിക്കൂ." കഴുത്തിലിരുന്ന കറുപ്പു തുവർത്തുകൊണ്ടു മുഖം തുടച്ച് ദാമു താൻ എന്നും വിശ്രമിക്കാറുള്ള ഇടത്തേക്കുപോയി.

നേരം വൈകുന്നേരം ഏഴുമണിയായപ്പോഴേക്കും നായനാർ ദാമുവിനെ വിളിച്ചുണർത്തി. "എന്താടോ.. എന്തൊരുറക്കം " ദാമു: "നായനാരെ കുറെ നാളായില്ലേ ശരിക്കൊന്നുറങ്ങിയിട്ട്" നായനാർ : "വാ നമുക്ക് അത്താഴം കഴിക്കാം" പേരക്കുട്ടിയുടെ കൂടെ നായനാരും ഒരരികുപറ്റി ദാമുവും അത്താഴത്തിനിരുന്നു. നായനാരുടെ ഭാര്യ എല്ലാവർക്കും ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ച് അവർ രണ്ടുപേരും ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടുപേരും രണ്ടുവഴിക്ക് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ അഞ്ചുമണിയോടെ ദാമു എഴുന്നേറ്റ് എന്തോ ജോലി ചെയ്തുകൊണ്ടിരുന്നു. നേരം വെളുത്തു. വെളിച്ചം എല്ലായിടത്തും പറന്നെത്തി. അപ്പോൾ നായനാരുടെ ഭാര്യ വിളിച്ചു. "ദാമു .. നിന്റെ നയനാരെവിടെ?" ദാമു പറഞ്ഞു :"ഞാൻ കണ്ടില്ലമ്മാ" ദാമു തന്റെ ജോലി തുടർന്നു. മണിക്കൂറുകൾ കടന്നുപോയി. ഏഴുമണിയായപ്പോൾ നായനാരുടെ ഭാര്യ വിളിച്ചു. "ദാമൂ... നിന്റെ നായനാരെയും കൂട്ടി വാ.. ചായകുടിക്കാം.." ദാമു ചുറ്റും നോക്കി. തന്റെ നായനാരെ എല്ലായിടത്തും തിരഞ്ഞു.. പെട്ടന്ന് തന്നെ ദാമു വീടിന്റെ അകത്തേക്കോടി ചുമരിൽ തൂക്കിയിട്ടിരുന്ന തോക്കെടുത്തു പുറത്തേക്കോടി. നേരേ കുളക്കരയിലേക്കോടി.. ഉറക്കെ വിളിച്ചു “നായനാരേ... നായനാരേ..”  മറുപടിയില്ല. കായാവ് പൂത്ത മണം ദാമു അറിഞ്ഞു. അതോ പാലയാണോ പൂത്തത്. അയാൾ പാലമരത്തെയും കായാമ്പു ചെടിയേയും നോക്കി. പാലമരത്തിൻകൊമ്പിൽ നായനാരുടെ മേൽമുണ്ട് തൂങ്ങിയാടുന്നു. ദാമു തന്റെ സ്വന്തം നായനാരെയും കാത്ത് ആ പാലമരത്തിന്റെ ചുവട്ടിൽ കുത്തിയിരുന്നു. ഇരട്ടക്കുഴൽ തോക്ക് സമീപത്ത് പാലമരത്തിൽ ചാരിവെച്ചിട്ടും ഉണ്ടായിരുന്നു.


Content Summary:
Malayalam Short Story ' Kaayaavum Ezhilampaalayum ' written by Premraj K. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com