ADVERTISEMENT

സന്തോഷം (കഥ)
അഭിനയം പഠിപ്പിക്കുന്ന വല്ല കോളേജും ഉണ്ടോ അരുൺ? ഗീത ടീച്ചറിന്റെ ചോദ്യം അയാളെ വല്ലാത്ത ചിന്താക്കുഴപ്പത്തിലാക്കി. അവർ തുടർന്നു “ഈ നാടകം/ സിനിമ എന്നിവയിൽ അഭിനയിക്കാൻ പഠിപ്പിക്കുന്നതല്ല. ജീവിതത്തിൽ അഭിനയിക്കാൻ പഠിപ്പിക്കുന്ന വല്ല കോളേജും? മറ്റെല്ലാ പഠിപ്പിനെക്കാളും ഇന്നതാണാവശ്യം. പറഞ്ഞു സുഖിപ്പിക്കുക. എന്നിട്ട് അവനവന്റെ കാര്യം നേടുക അതിനായി താൻ എന്തോ വലിയ സംഭവമാണെന്ന് വരുത്തിത്തീർക്കുക അല്ലെങ്കിൽ ഒരു സൂചി കൊണ്ട് കുത്തിയാൽ തീരുന്ന വീർപ്പിച്ച ബലൂണാണെന്ന് ഈ അഭിനേതാക്കൾക്കറിയാം. മിനിമം യോഗ്യതയ്ക്കുള്ള ബിരുദങ്ങൾ നന്നായി പഠിച്ചാൽ കിട്ടും ചിലയിടത്തു പൈസ കൊടുത്താലും കിട്ടുമെന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇന്നതിനൊക്കെ വെറും പീറക്കടലാസിന്റെ വില മാത്രമേ ഉള്ളൂ. അതു കൊണ്ട് മാത്രം ഇക്കാലത്ത് ജീവിക്കാനാവില്ല. അങ്ങേയറ്റം നല്ലൊരു വിഡ്ഢിയാകാം പ്രായോഗിക ജീവിതത്തിലെ വലിയ പരാജയവും. നിങ്ങളുടെ കൂടെ ആരുമുണ്ടാവില്ല സ്വന്തം കുടുംബം പോലും.” "അഭിനയത്തിൽ പരാജയപ്പെട്ട ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാനിന്ന് ഒരു സംഘടനയുടേയും തലപ്പത്തില്ല കാരണം പലപ്പോഴും എനിക്ക് പൊരുത്തപ്പെടാനാവാത്ത അതിരുകൾ അവർ എനിക്ക് ചുറ്റും വരയ്ക്കും. അവരുടെ കുഴപ്പമല്ല ഒരു സംഘടനയ്ക്ക് അവരുടേതായ ചട്ടക്കൂടുകൾ വേണമല്ലോ എനിക്ക് എന്റെ സ്വാതന്ത്ര്യവും അതിനാൽ ഞാൻ അറിഞ്ഞോ അറിയാതെയോ അതിരുകൾ ഭേദിക്കുന്ന മറ്റൊരു സീതാദേവി ആയെന്ന് വരും. അങ്ങനെ വരുമ്പോൾ എന്റെ വാക്കുകൾക്ക് അവർ കൂച്ചു വിലങ്ങിടും. പലതും പറയാനാവില്ല മറ്റു പലതും പറയാനാവാതെ വിഴുങ്ങേണ്ടി വരും ആവശ്യമില്ലാതെ പലരുടേയും മുഷിപ്പ് ക്ഷണിച്ചു വരുത്തും എന്തിന്? ടീച്ചർക്കെന്തെ ഇങ്ങനെ തോന്നാൻ കാരണം?

കുറച്ചു കാലം മുന്നെ ഞങ്ങളുടെ കോളനിയിലേക്ക് ഞാൻ പോയിരുന്നത് ഒരു ശ്മശാനത്തിന്റെ വഴിയിലേക്കൂടി ആയിരുന്നു. ആ ശ്മശാനം കഴിഞ്ഞു പോകണമെന്ന് പറഞ്ഞാൽ പകൽ പോലും റിക്ഷക്കാർക്ക് വരാൻ മടിയാണ്. ഇനി ഞാൻ തന്നെ വശീകരിക്കാൻ വന്ന വല്ല പാലയക്ഷിയാണോയെന്ന് വിചാരിച്ചാണോയെന്നറിയില്ല അവർ വരാൻ വിസമ്മതിക്കുന്നത് അതു പറഞ്ഞ് ടീച്ചർ ചിരിച്ചു. എന്നിട്ടും ആ വഴി പോകുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഒരാത്മാവിനേയും എനിക്കു ഭയമുണ്ടായിരുന്നില്ല ഞാൻ ഭയന്നത് ജീവനുള്ള ആത്മാക്കളെയായിരുന്നു.” അതെന്തിനാ ടീച്ചർ? അരുണിന്റെ ചോദ്യത്തിന് തുടർച്ചയെന്നോണം ടീച്ചർ തുടർന്നു. "ആ ശ്മശാനത്തിന്റെ പരിസരമാകട്ടെ കുറ്റിക്കാടുകൾ നിറഞ്ഞതാണ്. അതിലെ നടന്നു പോകുമ്പോൾ ചിലപ്പോഴൊക്കെ കാട്ടിനിടയിലെ നടന്നു പോകുന്ന പട്ടികളുടെ ദൃശ്യം പോലും ഭയപ്പെടുത്തും. സന്ധ്യ കഴിഞ്ഞാൽ ആ വഴിക്ക് ആരും കാണില്ല. ജോലി കഴിഞ്ഞു വരുമ്പോൾ എന്നും എട്ട് എട്ടര ആകും. തണുപ്പു കാലം ആകുമ്പോൾ അറിയാമല്ലോ? അഞ്ചുമണിയാകുമ്പോൾ തന്നെ ഇരുട്ടും. ആ വഴി  പോകുമ്പോൾ പകൽ കാണുന്ന സ്ഥിരം കാഴ്ചകളിലൊന്ന് കുറ്റിക്കാടുകൾക്കിടയിൽ വട്ടം കൂടിയിരുന്ന് വെള്ള സിൽവർ ഫോയിൽ പേപ്പറിൽ കത്തിച്ച്  മയക്ക് മരുന്ന് പുകയ്ക്കുന്ന കൗമാരങ്ങളെയാണ്. അവർ എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറി.  മെട്രോ നഗരത്തിലെ രീതിയനുസരിച്ചു ഞാൻ ഒന്നും ചെയ്യാതെ എന്റെ പാടും നോക്കി പോയാൽ മതിയായിരുന്നു. പക്ഷെ കർമ്മം നമ്മൾ ചെയ്യണമല്ലോ അല്ലെങ്കിൽ അത് നമ്മുടെ ജനന ലക്‌ഷ്യം തന്നെ മാറ്റുമല്ലോ? അല്ലെങ്കിൽ വരാനുള്ളത് വഴിയിൽ തങ്ങാൻ പറ്റില്ലല്ലോ? ദിവസങ്ങളോളം അവർ എന്റെ മനസ്സിനെ വല്ലാതെ അലട്ടി. ഇവർ എല്ലാവരാലും വെറുക്കപ്പെട്ടവരും അകറ്റപ്പെട്ടവരും ആണെന്നോർക്കണം. വിദ്യാഭ്യാസമോ വിവരമോ ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യബോധമോ ഇല്ലാതെ കേവലം മൃഗങ്ങളെപ്പോലെ ജീവിക്കുന്നവർ. ഒടുവിൽ എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഞാൻ ഉത്തരം കണ്ടെത്തി.

എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയതനുസരിച്ച് ഏറെ പണിപ്പെട്ട് അവരെ സംഘടിപ്പിച്ചു ആർക്കും പ്രയോജനപ്പെടാതെ നശിച്ചു പോകുന്ന അവരുടെ കഴിവിനെ കായികരംഗത്തേക്കു തിരിച്ചു വിട്ടു. ഒരു പക്ഷെ മനസ്സുണ്ടെങ്കിൽ ആർക്കും ശ്രമിക്കാവുന്ന കാര്യമാണ്. ഇന്നത്തെ കാലത്ത് മനസ്സുണ്ടാവുക എന്നത് വലിയ കാര്യമാണ്. വഴിയിലെ പോകുന്ന പൊതുജനത്തിന് കുടിക്കാൻ വെച്ച കുടിവെള്ള സംഭരണിയിൽ നിന്ന് വെള്ളം കുടിച്ചതിന് ആ കുടിച്ചയാളുടെ ജാതി കുറഞ്ഞതിന്റെ പേരിൽ ആ ടാങ്ക് തന്നെ ചാണക വെള്ളം ഒഴിച്ച് ശുദ്ധമാക്കുന്ന കാലഘട്ടമാണ്. അതുകൊണ്ടാണ് മനസ്സുണ്ടാവുകയെന്നതാണ് വലിയ കാര്യം. അങ്ങനെ അവരെ കൂട്ടി യോജിപ്പിച്ചു ഒരു ടീമുണ്ടാക്കി. ഫുട്ബോൾ എന്താണെന്നറിഞ്ഞു കൂടാത്തവർക്ക് ഫുട്ബോൾ കാണിച്ചു കൊടുത്തു. വെറുതെ കിടക്കുന്ന പാർക്കിൽ പരിശീലനം തുടങ്ങി. അതു വരെ മയക്കുമരുന്നിൽ മയങ്ങിക്കിടന്നവരിൽ ചിലരെങ്കിലും അതിൽ നിന്ന് പുറത്തു വന്നു. പലപ്പോഴും സ്വന്തം കൈയ്യിൽ നിന്നു പൈസ പോയി. ഒരിക്കലും ഖേദമുണ്ടായിരുന്നില്ല. ഒരു നല്ല കാര്യത്തിനാണല്ലോയെന്ന സമാധാനം. ഒരു ടൂർണമെന്റ് നടത്താനായി പിന്നീടുള്ള ശ്രമം. അതിനായി സ്‌പോൺസറെ അന്വേഷിച്ചു നടന്നു. അതോടെ ചിലരുടെ സ്വഭാവം മനസ്സിലായി. സമയത്ത് പാലം വലിക്കൽ ചിലരുടെ സ്വഭാവമാണല്ലോ? എന്നിട്ടും ചിലർ കൂടെ നിന്നു. ടൂർണമെന്റ് നടത്താനുള്ള അനുവാദത്തിനായി മുനിസിപ്പാലിറ്റി, പോലീസ് സ്റ്റേഷൻ എന്നിവ കയറിയിറങ്ങിയപ്പോൾ മനസ്സിലായി ചില കാര്യങ്ങൾക്ക് ഇവിടെ ഉള്ളവരാണ് മെച്ചമെന്ന്. എല്ലാ നിയമ നടപടികൾക്ക് ശേഷം ഒടുവിൽ ഒരു ടൂർണമെന്റ് നടത്തി. സമ്മാന വിതരണം നടത്താനായി സ്റ്റേജിൽ കയറിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. അത് വരെ കാണാത്ത പലരേയും സമ്മാനം കൊടുക്കാനും ഫോട്ടോ എടുക്കാനും കണ്ടു. കാരണം ഞാൻ ഒരു സംഘടനയിൽ അംഗമായതിനാൽ ആ പേരിൽ വന്നതാണ് അവർ. ഇതാകുമ്പം സംഘടനയ്ക്ക് മിനക്കേടൊന്നുമില്ല. വെറുതെ കിട്ടുന്ന പ്രശസ്തി അല്ലെ? പിന്നീട് ചിലരെങ്കിലും ഞാൻ ചെയ്യുന്നതിൽ സാമ്പത്തിക ഗുണമുണ്ടെന്ന് കണ്ടു പിടിച്ചു. സാമ്പത്തിക നേട്ടങ്ങളുടെ പുതിയ ഇല്ലാക്കഥകൾ പ്രചരിച്ചു. അതോടെ പുതിയ രക്ഷകൻമാർ ഉണ്ടായപ്പോൾ ഞാൻ പുറത്തും പുറത്തുണ്ടായവർ അകത്തും. അതോടെ ഞാൻ അരങ്ങൊഴിഞ്ഞു പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. ഉദകക്രിയ നടത്തി എന്നാണ് ഒടുവിൽ കേട്ടത്. ഏതായാലും എന്റെ കൈ കൊണ്ടല്ലല്ലോ എന്ന കാര്യത്തിൽ സമാധാനമുണ്ട്.

ഇനി അടുത്ത അധ്യായമാണ്. ഒന്ന് പിഴച്ചാൽ മൂന്ന് എന്നാണല്ലോ ! അത് കഴിഞ്ഞു. നല്ല ബുദ്ധിയും കഴിവും ഉണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതിനാൽ ജീവിതത്തിൽ ഒന്നും ആകാതെ പോകുന്ന മനുഷ്യജന്മങ്ങളെപ്പറ്റിയാണ് പിന്നെ ചിന്തിച്ചത്. പാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പ് കൊടുക്കുന്ന സ്ഥാപനങ്ങളെ/സ്പോൺസർമാരെ കണ്ടു പിടിച്ചു. പരിശീലനം കൊടുക്കാനുള്ള ആൾക്കാരെ തയാറാക്കി. ഡിപ്പാർട്മെന്റുകൾ കയറിയിറങ്ങി ആ കുട്ടികൾക്ക് യോഗ്യത നേടാനായി പരീക്ഷയ്ക്ക് പരിശീലനം കൊടുക്കാൻ തുടങ്ങി. പലരും അതിൽ വിജയിച്ചു. അങ്ങനെ ആ ശ്രമം നന്നായി പോകുന്നു. പിന്നെ ഞാൻ മാറി നിന്ന സ്ഥലത്ത് വലിയ കഴിവുള്ളവർ എന്നവകാശപ്പെടുന്നവർ വന്നപ്പോൾ അതൊക്കെ അവസാനിക്കുന്നതാണ് കണ്ടത്. കൊള്ളാത്ത ഞാൻ അതൊക്കെ തുടങ്ങിവെക്കാനും. ഇപ്പോൾ  ജീവിതം നല്ല സന്തോഷമായി പോകുന്നു. ഒന്നിൽ പിഴച്ചത് രണ്ടിൽ എത്തി നില്‍ക്കുന്നു. ഞാൻ ഏതെങ്കിലും സംഘടനയ്ക്കോ എല്ലാ സംഘടനകൾക്കും എതിരൊന്നുമല്ല. പക്ഷെ പലപ്പോഴും പുഴുക്കുത്തുകൾ അധികാരസ്ഥാനത്തു വരുമ്പോഴുള്ള പ്രശ്നമാണ്. പിന്നെ അവർ സംഘടനയെ അവരുടെ ചൊൽപ്പടിയിൽ നിർത്തും. അങ്ങനെ തകർന്നു പോയ രാജ്യങ്ങളുടെ/ പ്രസ്ഥാനങ്ങളുടെ കഥകൾ ലോക ചരിത്രത്തിൽ ഇഷ്ടം പോലെ ഉണ്ട്. ഇന്നത്തെ കാലത്ത് നല്ല മനുഷ്യനായി ജീവിക്കുക എന്നത് ഏറ്റവും അപകടകരമാണ് എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിരിക്കുന്നത്. 

Content Summary: Malayalam Short Story ' Santhosham ' written by Nanu T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com