ADVERTISEMENT

കാലൻകുന്നിന് താഴെ (കഥ)

 

വേനൽകാലമായിരുന്നു അത്. എന്നാൽ നാടുതെറ്റിവന്ന ദേശാടനക്കിളികളെപ്പോലെ ആകാശം കാർമേഘങ്ങൾ നിറഞ്ഞു കാണപ്പെട്ടു. ഏതുനിമിഷവും മഴ പൊട്ടിവീണേക്കാമെന്ന മട്ടിൽ അന്തരീക്ഷം ഇരുട്ട് മൂടി നിന്നെങ്കിലും മഴ പെയ്തുമില്ല. ലോകാവസാനം അടുത്തെന്ന് പഴമക്കാർ പറഞ്ഞു. മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള സാധ്യതയെപ്പറ്റി റേഡിയോയിലെ കാലാവസ്ഥവിദഗ്ധരും പറഞ്ഞു.

തെയ്യത്തിനെന്തോ തിന്തകത്താരോ തെയ്യത്തിനെന്തോ തെയ്... ഓ...

വയലും വീടും... റേഡിയോ ഉച്ചത്തിൽ പാടുകയാണ്. കുട്ടൻ പാട്ടിന്റെ താളത്തിൽ അലസമായി ചുവട് വച്ചു. പരിപാടി തുടങ്ങിയപ്പോൾ മുറ്റത്തു കിടന്ന ഒരു കല്ലിൽ കേറിയിരുന്നു. ‘ഇവിടെ ഒരു രസൊമില്ല. കുഞ്ഞമ്മ വിളിച്ചപ്പോ കൂടെ പോയാ മതിയാരുന്നു..’ കുട്ടൻ നെടുവീർപ്പിട്ടു. കല്ലിനടുത്തായി അമ്മൂമ്മ ചൂലുണ്ടാക്കാൻ കോതിയ ഈർക്കിലുകൾ അടുക്കിവച്ചിരുന്നു. അവൻ കാലുകൊണ്ട് അത് നിരത്തി. പച്ചരി കുറച്ചുള്ളത് കഴുകി ഉണക്കാൻ ഇട്ടതിനു കാവൽ ഇരുത്തിയതാണ് അവനെ. പെട്ടെന്ന് ഒരു കാക്ക എവിടെന്നോ പറന്നു വന്നു. അവൻ കാക്ക ഇരിക്കുന്ന കൊമ്പിലേക്ക് നോക്കി. കാക്ക അവനെ നോക്കി ഒന്ന് കരഞ്ഞു. “ശൂ.. പോ കാക്കേ..” അവൻ നിലത്ത് നിന്ന് ഒരു കല്ലെടുത്ത് കാക്ക ഇരുന്ന മരത്തെ ലാക്കാക്കി എറിഞ്ഞു. 

അപ്പു ആണേൽ കാക്കയെ എറിഞ്ഞു കൊള്ളിക്കും. അതിന്റെ ആവശ്യമില്ല, എറിയുന്നതായി ഓങ്ങിയാൽ മതിയെന്ന് പറഞ്ഞാൽ അവനുണ്ടോ കേൾക്കുന്നു! പിന്നെ, ചെറിയ കുട്ടിയല്ലേ. വലുതാവുമ്പോ അവൻ ശെരിയാകും. താനും കുഞ്ഞാരുന്നപ്പോ അങ്ങനാരുന്നല്ലോ. കിണറിനു കുഴി കുത്തിയപ്പോ കണ്ട മാക്രിയെ കോലുംകൊണ്ട് എന്നാ കുത്താ കുത്തിയെ! ആ താൻ ഇപ്പൊ ആറാം ക്ലാസ്സിൽ എത്തി വലിയ ആളായപ്പോ അവനെ കുറ്റം പറയുന്ന ശരിയല്ല. ആ സമയം അപ്പു അകത്ത്‌ ഉറക്കമുണർന്നതെയുണ്ടായിരുള്ളു. അവൻ കണ്ണും തിരുമ്മി അടുപ്പിനരികെ ഇരുന്നു ചീര ഒരുക്കുന്ന അമ്മൂമ്മയുടെ പക്കൽ ഇരുപ്പായി. അവന്റെ മുഖത്തു നിന്ന് ഉറക്കച്ചടവ്‌ ഇനിം മാറീട്ടില്ല. പതിവില്ലാതെ അടുപ്പുംകീഴെ വന്നിരിക്കുന്നത്‌ എന്തിനാണെന്ന് മാത്രം മനസ്സിലായില്ല അമ്മൂമ്മക്ക്‌. “പൊയി പല്ലുതെയ്ക്ക്‌ അപ്പു. എന്നിട്ട്‌ വന്ന് കാപ്പികുടിച്ചെ. നേരവെത്രായി!” അപ്പു ഒന്നും മിണ്ടിയില്ല. അവിടെ നിന്ന് അനങ്ങിയുമില്ല. “നേരവിത്ര ആയിട്ടും ഒന്നും തിന്നാൻ കൊടുത്തില്ലാന്നും പറഞ്ഞ്‌ നിന്റെ തള്ള എന്നെയാ തെറിവിളിക്ക. തെറി പറയാൻ ഒരു കാരണം നൊക്കി നടക്കുന്നൊളാ. എന്നിട്ടതും പൊരാഞ്ഞ്‌ ആ മണകോണാഞ്ചനോടെഴുന്നള്ളിക്കുവേം ചെയ്യും. പൂതന!” “അമ്മൂമ്മെങ്ങാനും രാത്രി കരഞ്ഞാരുന്നൊ...” അപ്പു പെട്ടെന്ന് ചോദിച്ചു. അമ്മൂമ്മയുടെ നെറ്റി ചുളിഞ്ഞു. “ഇല്ല.” “രാത്രി ഞാ ഒറങ്ങി കെടക്കുമ്പോ ആരോ വെല്യ ഒച്ചെലു കരയുന്ന കേട്ടു. അമ്മൂമ്മേടെ പോലൊണ്ടാരുന്നു...”

അടുപ്പിൽ ആളുന്ന തീ നോക്കിയാണ് അപ്പു ഇത്രയും പറഞ്ഞത്. അമ്മൂമ്മ കുറച് നേരത്തേയ്ക്ക് നിശ്ചലയായതോ അവരുടെ ഓർമ പണ്ടൊരു മഴ പെയ്ത രാത്രിയിലേക്ക് പോയതോ അവൻ അറിഞ്ഞില്ല. ചീര അരിഞ്ഞിട്ടുകൊണ്ടിരുന്ന അലൂമിനിയം പാത്രം ചളുങ്ങുന്ന ശബ്ദം കേട്ടാണ് അപ്പു അമ്മൂമ്മയെ നോക്കുന്നത്. അമ്മൂമ്മയുടെ കത്തി പിടിച്ചിരുന്ന വലം കൈ പാത്രത്തിൽ അമർന്നിരുന്നു. അതിന്റെ ശബ്ദമാണ് കേട്ടത്. ചീരത്തണ്ടുകളെ ചതച്ചുകൊണ്ട് മറുകൈ നിലത്തമർന്നിരുന്നു. അടുപ്പിനു തിരിഞ്ഞു ഇരുന്നതിനാലും അടുക്കളയിൽ അധികം വെളിച്ചം ഇല്ലായിരുന്നതിനാലും മുഖത്ത് എന്താണെന്ന് അവ്യക്തം. “എന്നാ അമ്മൂമ്മേ… എന്നാപ്പറ്റി?” അപ്പു പതിയെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ചോദിച്ചു. അമ്മൂമ്മ ഒന്നും മിണ്ടിയില്ല. അപ്പു കുറച് തവണ കൂടി അമ്മൂമ്മയെ വിളിച്ചു. പ്രതികരണമില്ലന്ന് കണ്ട് അവൻ ചേട്ടന്റെ അടുത്തേക്ക് ഓടി. ചേട്ടനെയും കൂട്ടി വന്നപ്പോൾ അമ്മൂമ്മ ചീരപ്പാത്രമൊക്കെ മാറ്റി വച് കുടത്തിൽ ഇരുന്ന തണുത്ത വെള്ളം മോന്തുകയായിരുന്നു. “അമ്മൂമ്മയ്ക്ക് ഒരു കൊഴപ്പോമില്ല. നിനക്ക് എന്നാത്തിന്റെ ഏനക്കേടാ അപ്പു?” കുട്ടൻ അപ്പുവിന്റെ തലക്ക് ഒരു അടി കൊടുത്തിട്ട് തിരിച്ച് പോയി. അപ്പു അവിടെ തലയും തിരുമ്മി നിന്നു. അമ്മൂമ്മയുടെ നോട്ടം പോകുന്നത് ഭിത്തിയിൽ തൂക്കിയിരുന്ന ഒരു പഴയ ചിത്രത്തിലേക്കാണെന്ന് അവൻ കണ്ടു. ഒന്നും വ്യക്തമായിരുന്നില്ല അതിൽ. അരിക് ദ്രവിക്കുകയും നിറങ്ങൾ പടരുകയും ചെയ്ത ചിത്രത്തിൽ അമ്മൂമ്മയുടെ ആരായിരിക്കുമെന്ന് അവനോർത്തു. ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും തലയിലെ വേദന മാറിയിട്ടില്ലാത്തതിനാൽ വേണ്ടന്ന് വച്ച് അവൻ പല്ലു തേക്കാൻ പോയി. പോകുന്ന വഴി ചേട്ടന്റെ കോക്രി കാട്ടൽ കൂടെ ആയപ്പോൾ അവന് ഉണ്ടായിരുന്ന ദേഷ്യം കൂടി. അങ്ങനെ അപ്പു അത് മറന്ന് പോവുക തന്നെ ചെയ്തു.

“പിള്ളാര് പറേണ കേട്ടു ആ കാലന്റെ കരച്ചിൽ രാത്രി കേട്ടെന്ന്” തിണ്ണയിൽ ഇരുന്ന് പുറത്തേക്ക് നോക്കി അമ്മൂമ്മ ആരോടെന്നില്ലാതെ പറഞ്ഞു. മുറ്റത്തിന്റെ ഓരത്തിരുന്ന് പാത്രം കഴുകുകയായിരുന്ന തങ്കം അമ്മായിയമ്മ പറഞ്ഞത് വ്യക്തമായി കേട്ടില്ല. ‘ഏ’ എന്നോ ‘എന്നാ’ എന്നോ ‘കേട്ടില്ല’ എന്നോ പറഞ്ഞാൽ തെറി കേൾക്കാൻ സാധ്യത ഉള്ളതിനാൽ അവൾ എല്ലാം കേട്ടിട്ടെന്നപോലെ ‘ആ’ എന്ന ശബ്ദം കുറ്റബോധമേതുമില്ലാതെ പുറപ്പെടുവിച്ചു. “ആരുടെ ചാവെടുക്കാനാണോ ഈ എരണംകെട്ടത് പിന്നേം വന്നേക്കുന്നെ..” തള്ള തന്നെ ആണോ ഉദേശിച്ചത് എന്ന് തങ്കം ഒരു നിമിഷം ശങ്കിച്ചു. രണ്ട് പുളിച്ച തെറി പറയാനായി വായ തുറന്നതും രാജൻ വന്നതും ഒരുമിച്ചായിരുന്നു. അവൾ അത് അതേപടി വിഴുങ്ങി. തങ്കം ആകാശത്തൊന്ന് നോക്കി ഒടേതമ്പുരാനെ നിശബ്ദം വിളിച്ചു. “അതിന്റെ ഒച്ച കേട്ടാൽ മരണവാ...” കിഴവി പിറുപിറുത്തു. രാജൻ കൈയിൽ നിറയെ പലചരക്ക് സാധനങ്ങൾ ആയിട്ടാണ് വന്നത്. തലയിൽ ഒരു ചാക്കിൽ അരിയും. “ഇരുന്ന് ചുമ്മാ കൊണക്കാതെ വന്ന് എന്തേലും മേടിക്കെടി..” അയാളലറി. അവർ ഒരുമിച്ച് അകത്തേക്ക് കേറിയപ്പോഴും ഭവാനിയമ്മ അവരുടെ ലോകത്ത് നിന്ന് പുറത്ത് വന്നിരുന്നില്ല. വസ്ത്രം മാറിയിട്ട് അടുക്കളയിലേക്ക് വന്ന രാജൻ കുനിഞ്ഞു നിന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന ഭാര്യയുടെ പുറകിൽ ഒരു അടി. തങ്കം വേദനകൊണ്ട് ഞെളിപിരി കൊള്ളുന്നത് വക വെയ്ക്കാതെ അയാളും അടുക്കാൻ തുടങ്ങി. “കാർന്നോത്തിക്ക് പിന്നേം ഇളകിയെന്ന് തോന്നുന്നല്ലോ. വെല്ല്യതള്ള ചത്ത കഥയല്ലേ ആ പറയുന്നെ.” “ഓ അത് കൊറേ നേരമായതാന്നെ.” തങ്കം പുറക് തിരുമ്മിക്കൊണ്ട് പറഞ്ഞു.

വന്നിരിക്കുമ്പഴേ ഈ ഈച്ചയൊക്കെ വരുന്നത് എവിടെ നിന്നാണാവോ? അതിന്റെ ഒരു മൂളിച്ചയും, ദേഹത്ത് വന്നിരിപ്പും.. കുട്ടൻ മുട്ടൻ കലിപ്പിലാണ്. ഈച്ച മാത്രമല്ല പ്രശ്നം. കുറച്ചുകൂടെ കഴിഞ്ഞാൽ തോട്ടിൽ തുണി അലക്കാനും കുളിക്കാനുമൊക്കെയായി സൗമിയേം അവളുടെ അമ്മേം വരും. ചെറുപ്പത്തിൽ ഒരുമിച്ച് ഇരുന്നിട്ടുള്ളതാണേലും ഇനി അങ്ങനാണോ. വല്യ ആളായ താൻ ഇവിടെ ഇങ്ങനിരിക്കുന്നത് എങ്ങാനും അവള് കണ്ട പിന്നെ അത് മതി. പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ പുല്ല് അനങ്ങുന്ന ഒച്ച കേട്ട് കുട്ടൻ ഒന്ന് പതുങ്ങി. അവൻ ചെടിയുടെ പിന്നിലേക്ക് ഒന്നുകൂടി കുനിഞ്ഞു. “ആരാടാ പറമ്പിൽ ഇരിക്കുന്നത്. നിനക്കൊക്കെ സൊന്തം പറമ്പി ഒരു കുഴി കുത്തി ഇരിക്കത്തില്ലെടാ എരണംകെട്ടവന്മാരെ!! പാറുവമ്മയാണ്. പുല്ല് ചെത്തിക്കൊണ്ട് പോകുന്ന വഴി ഒള്ള പതിവ് ചോദ്യം. വെറുതെ പേടിച്ചു. “ചേട്ടായി.. ചേട്ടായി..” പാറുവമ്മ അധിക ദൂരം ചെന്ന് കാണില്ല. അപ്പു വിളി തുടങ്ങി. മിണ്ടാതിരിക്കാൻ കുട്ടൻ ഒതുക്കത്തിൽ പറഞ്ഞിട്ടും അപ്പു വിളി നിർത്തിയില്ല. കേട്ടിട്ടുണ്ടാകില്ല. വിളി കേൾക്കാതിരുന്നാൽ അടങ്ങിക്കോളും എന്നോർത്തിരുന്നപ്പോൾ അപ്പു കുട്ടന് അടുത്തേക്ക് വന്നിരുന്നു.“എന്നാ കോപ്പാ!” കുട്ടന് ദേഷ്യം വന്നു. “ഈ കാലൻകോഴി എന്ന് വച്ചാൽ എന്നാ കോഴിയാ ചേട്ടായി?” ‘കാലങ്കോഴി നിന്റമ്മേടെ..’ എന്നാണ് ആദ്യം മനസ്സിൽ വന്നതെങ്കിലും അവനത് പുറത്തേക്ക് വിട്ടില്ല. “ആ എനിക്കെങ്ങും അറിയത്തില്ല. നീ നിന്റെ സ്ഥലത്തോട്ട് പൊക്കേ അപ്പു.” കുട്ടൻ ഒരു ചെടി ഒടിച്ചെടുത്ത് അവനെ അടിക്കാൻ ഓങ്ങി. അപ്പു പിണങ്ങി എണീറ്റ് പോയി.

കുട്ടനും അപ്പുവും നിലത്തിരുന്ന് ചോറുണ്ണുകയാണ്. രണ്ടുപേരുടേയും പാത്രത്തിൽ ഓരോ കഷ്ണം മീൻ വറുത്തത് വച്ചിരുന്നു. കുട്ടന്റെ തീരാറായി. അപ്പു തൊട്ട് നോക്കിയിട്ടുമില്ല. അവനു അത് വേണ്ടാഞ്ഞിട്ടല്ല കഴിക്കാത്തത്. മീനിന്റെ മണം നല്ലപോലെ വലിച്ച് കേറ്റി ചോറുണ്ടു അവൻ. കുട്ടന്റെ മീൻ കഷ്ണം തീർന്നപ്പോൾ അവൻ അപ്പുവിന്റെ പാത്രത്തിലേക്ക് നോക്കി. “അമ്മെ.. ഇനി മീനൊണ്ടോ?” “ഇല്ല. അത്രേ ഒള്ളു. തൊട്ട് കൂട്ടിക്കെ കുട്ടാ.. ഇവിടെല്ലാർകും വേണ്ടേ..?” അമ്മ അടുക്കളയിൽ നിന്ന് തന്ന മറുപടി കുട്ടനെ നിരാശനാക്കി. അവൻ അപ്പുവിന്റെ പാത്രത്തിലേക്ക് വീണ്ടും നോക്കി. വായിൽ വന്ന ഉമിനീർ, ശബ്ദം കേൾക്കാത്ത വിധം സാവധാനം ഇറക്കി. ഇതിനിടയിൽ അപ്പു തന്നെ നോക്കുന്നത് അവൻ അറിഞ്ഞില്ല. ചോദിക്കുക പോലും ചെയ്യാതെ തന്റെ പാത്രത്തിലേക്ക് മീൻ എടുത്തുവച്ച അപ്പുവിനെ അവൻ അവിശ്വസനീയതയോടെ നോക്കി. “ഉം കഴിച്ചോ...” ചിരിച്ചുകൊണ്ട് അപ്പു പറഞ്ഞു. കുട്ടൻ മീനിലേക്ക് ഒന്ന് നോക്കി. വായിൽ വെള്ളം വന്നെങ്കിലും അവൻ അത് കഴിച്ചില്ല. അമ്മയെ കരഞ്ഞു കാണിച്ചും മീൻ മേടിക്കുന്നവനാണ്. ഇത് എന്തോ കള്ളത്തരമാണ്. മണം പിടിച്ച് നോക്കിയപ്പോൾ ചീത്തയായതൊന്നുമല്ല. പിന്നെന്തിനു തരണം. എന്തേലും കുരുട്ടുബുദ്ധി കാണാതെ ഇരിക്കില്ല. കുട്ടൻ മീൻ അപ്പുവിന്റെ പാത്രത്തിലേക്ക് തന്നെ തിരിച്ചിടാൻ ശ്രമിച്ചു. എന്നാൽ അപ്പു പാത്രം മാറ്റിക്കളഞ്ഞു. അത്രയും ആയപ്പോൾ ക്ഷമ നശിച്ച കുട്ടൻ അധികം ചിന്തിക്കാതെ അത് അകത്താക്കി. “ചോറുണ്ടിട്ട് മ്മേടെ മക്കള് രണ്ടുംകൂടെ പോയി വെറക് പെറുക്കിക്കൊണ്ട് വരണംകെട്ടോ.” അപ്പുവിന്റെ മുഖത്ത് ചിരിതെളിഞ്ഞു. കുട്ടന് ദേഷ്യവും.

വിറക് പെറുക്കാൻ പോയ പറമ്പിൽ കുട്ടിം കോലും കളിക്കുകയാണ് കുട്ടികൾ രണ്ടും. അപ്പു കോലുമായി തയാറായി നിൽക്കുന്നു. കുട്ടൻ കുട്ടിയുമായും. കുഴിക്കടുത്ത് തന്നെ എളുപ്പത്തിൽ വീഴിക്കാം. അപ്പുവിന്റെ നിൽപ് തന്നെ ശെരിയല്ല. എന്നാൽ ചുമ്മാ അങ്ങ് ജയിച്ചാൽ എന്നാ ഒരു രസം. ഒന്നാമത് ഈ കളിയോട് തീരെ താൽപര്യം ഇല്ല. കുഞ്ഞമ്മേടെ വീട്ടിൽ ആരുന്നേൽ അവര് പണിക്ക് പോകുന്ന വീട്ടിലെ ചെക്കന്റെ കൂടെ കിർക്കറ്റ് കളിക്കാരുന്നു. ഇതിപ്പോ മീൻ തന്ന കണക്കു പറഞ്ഞ് നിർബന്ധിച്ചതുകൊണ്ടുമാത്രം. അപ്പുന്റെ കൂടെ കളിച്ചാൽ എപ്പോഴും താനെ ജയിക്കു. വേറെ ആരും ഇല്ലതാനും. തോൽപ്പിക്കുന്ന ആരേലും ഉണ്ടേൽ പിന്നേം ഒരു വാശി വന്നേനെ. കുട്ടൻ വലിച്ചെറിയുന്ന ഭാവത്തിൽ നിന്നു. രണ്ടു വട്ടം അവൻ എറിയാൻ ഓങ്ങി. എന്നാൽ എറിഞ്ഞില്ല. അപ്പു അക്ഷമനായി. അവനു വാശി കേറിയത് മുഖത്ത് കാണാം. ഇത് തന്നെ തക്കം എന്ന് കുട്ടന് മനസ്സിലായി. വലിച്ച് എറിയുന്ന രീതിയിൽ ഓങ്ങിയിട്ട് പതുക്കെ കുഴി ലക്ഷ്യമാക്കി ഇട്ടുകൊടുത്തു. വേഗത്തിൽ വരുമെന്ന പ്രതീക്ഷയിൽ ആഞ്ഞു വീശിയ അപ്പുവിന് ചുവട് തെറ്റി. ചെരുപ്പിന്റെ വള്ളി പൊട്ടി. നിലത്ത് ചന്തിയും കുത്തി വീണു. വേദനകൊണ്ട് അവൻ വാപൊളിച്ചു. ഉടനെ തന്നെ കരയാനും തുടങ്ങി. കണ്ട് നിന്ന കുട്ടന് ചിരിയടക്കാനായില്ല. “യ്യേ പെണ്ണുങ്ങളെ പോലെ കരയുന്നു. നീ എന്ന പെണ്ണാണോടാ! ഹ ഹ ഹ” അപ്പുവിന്റെ നെറ്റി ചുളിഞ്ഞു. ചുണ്ടുകൾ കൂർത്തുവന്നു. അവൻ ചേട്ടനെ തറപ്പിച്ചു നോക്കി. “ഓ കുഞ്ഞിന് ദേശ്യം വന്നോ... കുഞ്ഞിപ്പോ തല്ലുവോ..”

കുട്ടൻ കളിയാക്കികൊണ്ട് അപ്പുവിന്റെ ചുണ്ടിൽ തോണ്ടി. അപ്പു കൈ തട്ടി. അത് കുട്ടനെ ചൊടിപ്പിച്ചൊന്നുമില്ല. പക്ഷെ അവന് പെട്ടെന്ന് കൊട്ടകെൽ കണ്ട സിനിമയിൽ ഇതേപോലെ തോണ്ടിയപ്പോൾ കൈ തട്ടിയ ആളെ വില്ലൻ എന്താ ചെയ്തതെന്ന് ഓർമ വന്നു. താനാണ് വില്ലൻ, കുട്ടൻ ഉറപ്പിച്ചു. അവൻ ക്ഷണവേഗത്തിൽ ചലിച്ചു. കൈകൾ പിന്നിലേക്ക് കുത്തി നിലത്ത് ഇരിക്കുന്ന അപ്പുവിന്റെ പിന്നിലേക്ക് വന്നു. “ആഹാ നീ കൈതട്ടാറായോ! ഇതുകണ്ടോ മസ്സില്… ഇതുവച്…” കുട്ടൻ അപ്പുവിന്റെ കഴുത്ത് കൈക്കുള്ളിൽ ഒതുക്കി… അപ്പു പിടി വിടുവിക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ പ്രായത്തിലെ ഇളപ്പും വീഴ്ച തന്ന വേദനയും അവനെ നിർവീര്യനാക്കി. “വിട് വിടെ”ന്ന് പലവട്ടം ആവർത്തിച്ചപ്പോഴാണ് കുട്ടൻ പിടിവിട്ടത്. അപ്പോഴേക്കും അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നെ അവനൊന്നും മിണ്ടിയില്ല. കുട്ടൻ പിന്നീട് പലവട്ടം രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അപ്പു പിണങ്ങിയിരുന്നു. രണ്ടുപേരും ഒന്നും മിണ്ടാതെ വിറകുകൾ ശേഖരിച്ചു നടന്നു. കുട്ടൻ അപ്പുവിനെ ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അവനൊന്ന് മൂത്രമൊഴിക്കാൻ മാറി തിരിച്ചുവന്നപ്പോൾ അപ്പുവിനെ കാണാനില്ല. കുട്ടൻ എല്ലായിടവും ഓടി നടന്ന് നോക്കി. വിളിച്ചു നോക്കി. മരങ്ങൾ കാട്ടിലെപോലെ ധാരാളമുള്ള തോട്ടമാണ്. തോടിനു അക്കരെ കാലൻകുന്നും. ഇവൻ എവിടെപ്പോയോ. എവിടേലും ഒളിച്ചിരിക്കുവായിരിക്കും.

കുട്ടൻ അന്വേഷിച്ചു ചെന്നപ്പോൾ തോട്ടിലേക്കിറങ്ങാൻ ഉള്ള വഴിയിൽ ഒരു കെട്ട് വിറക് കിടപ്പുണ്ട്. തോട്ടിലെങ്ങും അവന്റെ അടയാളമില്ല. വലിയ ആഴമില്ലാത്ത തോടാണ്. ഇറങ്ങി നടക്കാം. ചള്ളു ചെക്കൻ എന്നാ കാണാനാവാ അക്കരെ പോയെ. കുട്ടൻ ഒരു നിമിഷം നിന്ന് ഇരുട്ടുമൂടി കിടക്കുന്ന കാലൻകുന്നിലേക്ക് നോക്കി. ഇടതൂർന്ന് വളരുന്ന വലിയ മരങ്ങൾ. കാട് തന്നെയാണ്. ഉള്ളിലെങ്ങോ ഒരു ഗുഹയിൽ ഒരു മന്ത്രവാദിനി താമസിക്കുന്നുണ്ടെന്ന് അമ്മൂമ്മ പറയുന്ന കേട്ടിരുന്നു.  കാട്ടിലെ മൃഗങ്ങളൊക്കെ അവരുടെ അടിമകളാണത്രെ. അവരുടെ കൂട്ടൊരു കൂമനും. അതിന്റെ കരച്ചില് കേട്ടാൽ കേൾക്കുന്നൊരു മരണം കേൾക്കുമെന്നും. നേരം സന്ധ്യയോടടുത്തിരുന്നു. എവിടെനിന്നോ ഒരു കൂമൻ കുറുകുന്ന ശബ്ദം കേട്ടപോലെ അവനു തോന്നി. കുട്ടന് പേടിയും വിഷമവും വന്നു. വേണ്ടായിരുന്നു എന്നൊരു ചിന്ത അവനിൽ ശക്തമായി. അവൻ കുന്നിലേക്ക് കയറാൻ തീരുമാനിച്ചു. നേരെ നോക്കാനുള്ള ധൈര്യമില്ല. തലകുനിച്ചു വെള്ളത്തിലേക്ക് മാത്രം നോക്കി അവൻ തോട്ടിലേക്കിറങ്ങി. പെട്ടെന്ന് അപ്പുറത്തുനിന്ന് ഒരു അനക്കം കേട്ട് അവൻ ഞെട്ടി. അപ്പു അതാ തന്നെ നോക്കി ചിരിച്ചുകൊണ്ട് നടന്നു വരുന്നു. കുട്ടൻ ദീര്ഘമായൊന്ന് നിശ്വസിച്ചു. എവിടെപ്പോയെന്ന് ചോദിയ്ക്കാൻ വന്നതാണ്. പിന്നെ വേണ്ടന്ന് വച്ചു. പിണക്കത്തിലാണല്ലോ. എന്നാൽ കുട്ടൻ തിരിഞ്ഞു തന്റെ വിറകുകെട്ടിനരികിലേക്ക് നടന്നപ്പോൾ അപ്പു പിന്നിൽനിന്നും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവൻ തന്നെ കളിപ്പിക്കാൻ പോയതാണെന്ന് കുട്ടന് ഉറപ്പായിരുന്നെങ്കിലും പ്രതികരിക്കാൻ പോയില്ല. തനിക്ക് ആ നശിച്ച കുന്നിലേക്ക് കേറേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസമായിരുന്നു അവന്.

അർദ്ധരാത്രി കഴിഞ്ഞിരിക്കണം. പുറത്ത് ഇടിമിന്നലോടുകൂടിയ മഴ. മഴയുടെ ശക്തി കുറവെങ്കിലും മിന്നൽ തുടരെത്തുടരെ ഉണ്ടാവുന്നുണ്ടായിരുന്നു. എട്ടോ പത്തോ വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി അടുക്കളയോട് ചേർന്ന കൊച്ചു മുറിയിൽ നിലത്ത് പായയിൽ ഉറങ്ങി കിടക്കുകയാണ്. കുട്ടി പെട്ടെന്നൊരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. മഴക്കിടയിലും വ്യക്തമാണ് ആ ശബ്ദം. പ്രായമായ ഒരു സ്ത്രീയുടെ രോദനം പോലുണ്ടായിരുന്നു അത്. അവൾ പേടിച്ചു കരയുകയാണ്. അമ്മയെ വിളിക്കുന്നുണ്ട്. അമ്മ വന്ന് അവളെ വഴക്കു പറയുന്നു. അവൾ അമ്മയെ ഭയന്ന് വീണ്ടും കിടക്കുന്നു. അമ്മയും അവളെ പുതപ്പിച്ചിട്ട് കൂടെ കിടക്കുന്നു. അമ്മയുടെ കണ്ണുകൾ സാവധാനം അടയുന്നു. അവളുടെയും. ഇപ്പോൾ വീണ്ടും ആ ശബ്ദം കേൾക്കാം. കുട്ടിയുടെ കണ്ണുകൾ പെട്ടെന്ന് തുറക്കുന്നു. എന്നാൽ അവളിൽ ഇക്കുറി ഭയമില്ല. ആരുടെയോ നിയന്ത്രണത്താലെന്ന പോലെ അവൾ എണീറ്റിരുന്നു. തലയിണ എടുത്ത് മടിയിൽ വച്ച്‌ ഒരു നിമിഷം ആലോചിച്ചിരുന്നു. വീണ്ടും ശബ്ദം. അവൾ അമ്മയെ നോക്കി. അടുത്ത മാത്രയിൽ തന്റെ കൈയ്യിലിരുന്ന തലയിണ അവൾ അമ്മയുടെ മുഖത്തേക്ക് അമർത്തി. അമ്മ പിടച്ചു. അവൾ ഒരുവശത്തേയ്ക്ക് തെന്നി. എങ്കിലും തലയിണ മുഖത്ത് നിന്ന് മാറ്റിയില്ല. അവൾ അമ്മയുടെ നെഞ്ചിൽ കയറിയിരുന്നു. തന്റെ കാലുകൾ മടക്കി അമ്മയുടെ കൈകളെ അതിൽ കുരുക്കി. തലയിണക്കിടയിലൂടെ പുറത്ത് വന്ന ഞരക്കങ്ങളെ ഇടിയുടെ ശബ്ദം വിഴുങ്ങി. അമ്മ പിടച്ചിൽ തുടർന്നെങ്കിലും അവളുടെ പിടിയിൽനിന്ന് രക്ഷപെടാൻ കഴിഞ്ഞില്ല. പിടച്ചിലിന്റെ ശക്തി ക്രമേണ കുറഞ്ഞു. അവസാനം തീരെ ഇല്ലാതായി. അവൾ അമ്മയുടെ നെഞ്ചിൽ നിന്ന് താഴെ ഇറങ്ങി. തലയിണ പൂർവ സ്ഥാനത്ത് വച്ച് ഒരുവശം ചെരിഞ്ഞുകിടന്നു. അമ്മ പിന്നിൽ കിടപ്പുണ്ട് . എന്നാൽ ഇരുട്ട് കാരണം മുഖം വ്യക്തമല്ല. പെട്ടെന്നൊരു മിന്നൽ വെട്ടി. അതിൽ പെൺകുട്ടിയുടെ മുഖം വ്യക്തമായി. അത്  അപ്പുവായിരുന്നു...

കുട്ടൻ ഞെട്ടി കണ്ണ് തുറന്നു. അവനു ശ്വാസം മുട്ടി. അടുത്ത് അപ്പു കിടപ്പുണ്ടെന്ന ഓർമയിൽ അവൻ പിടഞ്ഞു മാറി. കുറച്ച് നിമിഷങ്ങൾ വേണ്ടി വന്നു അതൊരു സ്വപ്നം മാത്രമായിരുന്നു എന്ന് മനസ്സിലാകാൻ. എങ്കിലും പെൺകുട്ടിയുടെ മുഖത്തിന് എങ്ങനെ അപ്പുവിന്റെ രൂപം വന്നെന്നു അവനു മനസ്സിലായില്ല. മുറി തങ്ങൾ കിടന്നുറങ്ങുന്ന മുറിപോലെ ഇരുന്നെന്ന് അവൻ പേടിയോടെ ഓർത്തു. സ്വപ്നത്തിലെ അമ്മയെയും അവൻ എവിടെയോ കണ്ടിട്ടുണ്ട്. എന്നാൽ ഓർമ കിട്ടുന്നില്ല. ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുറത്ത് നല്ല മഴയുണ്ടായിരുന്നു. മിന്നലും. അടുത്തെവിടെയൊക്കെയോ വെള്ളം ചോരുന്നുണ്ട്. കാൽ ഭാഗത്തേയ്ക്ക് വീഴുന്ന വെള്ളത്തുള്ളികൾ ദേഹത്തേയ്ക്കും തെറിക്കുന്നുണ്ട്. സാധാരണ അവൻ എണീറ്റ് അടുക്കളയിൽ പോയി പാത്രങ്ങൾ എടുത്ത് വെള്ളം വീഴുന്നിടത്തൊക്കെ വയ്ക്കുന്നതാണ്. ഇന്നവന് കിടന്നിടത്തുനിന്ന് എണീക്കാൻ കൂടി തോന്നുന്നില്ല. പകരം, കിടന്ന പായയിൽ അൽപം മുകളിലേക്ക് കേറിക്കിടന്നു പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി. അപ്പുവും നനയുമായിരിക്കും എന്നവൻ പെട്ടെന്ന് ഓർത്തു. പുതപ്പ് പതിയെ തലയിൽ നിന്ന് എടുത്ത് അപ്പു കിടന്ന വശത്തേക്ക് ഒന്ന് നോക്കി. കണ്ണ് ഇരുട്ടിനോട് ഇണങ്ങി വന്നപ്പോൾ അവൻ ഒന്ന് ഞെട്ടി. അപ്പു അടുത്തില്ല. അവൻ എണീറ്റ് ഇരുട്ടിൽ കൈ നീട്ടി പരതി. അവന്റെ കൈ ഒരു ദേഹത്ത് തട്ടി. അപ്പു എണീറ്റിരിക്കുകയാണ്. കുട്ടന് പെട്ടെന്ന് ശ്വാസം പോകാൻ ബുദ്ധിമുട്ട് പോലെ തോന്നി. അവൻ അപ്പുവിനെ ഒന്ന് കുലുക്കി വിളിക്കാൻ ശ്രമിച്ചു. പ്രതികരണമൊന്നുമില്ല.

സ്വപ്നത്തിന്റെ ഓർമ നൽകിയ ഭയത്താൽ ശ്രമം ഉപേക്ഷിച്ച് അവൻ ശബ്ദം ഉണ്ടാക്കാതെ കട്ടിലിലേക്ക് കിടന്നു. പുതപ്പ് തലവഴി വലിച്ചിട്ടു. കുറേ നേരമായും അനക്കമൊന്നുമില്ല. അവനു ലജ്ജ തോന്നി. കേവലം ഒരു സ്വപ്നം കണ്ട് തന്റെ അനിയനെ പേടിച്ച വിഡ്ഢിത്തമോർത്ത് അവന് ചിരി വന്നു. പുതപ്പ് മാറ്റാൻ ഒരുങ്ങുമ്പോൾ വീണ്ടും ഒരു മിന്നൽ ഉണ്ടായി. അടുത്തെവിടെയോ രൂപംകൊണ്ടതെന്ന് തോന്നിപ്പിച്ച മിന്നലിനു തെളിച്ചം കൂടുതലായിരുന്നു. അത് നൽകിയ പ്രകാശത്തിൽ, നിറം മങ്ങി പുതപ്പായി മാറിയ അമ്മയുടെ പഴയ പോളിസ്റ്റർ സാരിയുടെ സുതാര്യതയിലൂടെ, അവൻ തന്റെ നെഞ്ചിലേക്ക് സാവധാനം കയറുന്ന ഒരു രൂപത്തെ കണ്ടു. ഭീതിയാൽ കുട്ടന്റെ ശരീരം വിറച്ചു. പ്രതികരിക്കാൻ എല്ലാവിധ സാവകാശവും ഉണ്ടായിട്ടും അവന് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല. കൈകാലുകൾ കെട്ടിവരിഞ്ഞ അവസ്ഥ. അവന്റെ ചൊൽപടിയിൽനിന്ന് ശരീരം വിട്ടുമാറിയിരുന്നു. താൻ അവസാനമില്ലാത്ത ഒരു സ്വപ്നത്തിലാണോ എന്നവൻ സംശയിച്ചു. അവനിൽനിന്ന് ഒരു ശബ്ദം പോലും പുറത്ത് വന്നില്ല. അപ്പു എന്താ ഇങ്ങനെ എന്ന് അവൻ ഓർത്തുപോലുമില്ല. ഭയം ആ കൊച്ചുമനസ്സിനെ കീഴ്പെടുത്തിയിരുന്നു. ഒരു സ്വപ്നം അവനെ അത്രമേൽ മാറ്റിക്കഴിഞ്ഞിരുന്നു. വിരലുകൾ കൊണ്ട് തോണ്ടി പുതപ്പ് മാറ്റി തുടങ്ങിയപ്പോൾ തന്നെ വൈകിപ്പോയിരുന്നു. തലയിണ മുഖത്തമരുന്നതിനു തൊട്ട് മുൻപ്, നൊടിമാത്രയിൽ അവൻ തന്റെ അനിയന്റെ മുഖം കണ്ടു. സ്വപ്നത്തിൽ കണ്ട അതെ ഭാവം. അതെ ശൂന്യത.

Content Summary: Malayalam Short Story ' Kalankunninu Thazhe ' written by Jithu Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com