ഒരു ഫുട്ബോൾ പ്രേമിയുടെ കഥ (കഥ)
ഇന്ന് പത്രത്തിന്റെ ആദരാഞ്ജലി പേജിൽ ഡേവിസ് മാത്യു (89 വയസ്സ്) എന്ന് കണ്ടപ്പോൾ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ മഹത് വ്യക്തിയെ കുറിച്ച് ഓർത്തിരുന്നു പോയി ഗോപാലകൃഷ്ണപിള്ള ഒരു നിമിഷം. വീടിനു മുമ്പിലെ റോഡിൽ തുടങ്ങിയ പന്തുകളി അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ട് ആദ്യം പള്ളിപ്പറമ്പിൽ എത്തി, പിന്നെ സ്പോർട്സ് കോട്ടയിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ പ്രവേശനം ലഭിച്ചു, അവിടുന്ന് സർക്കാർ സർവീസിൽ തന്നെ ഉദ്യോഗസ്ഥനായി, സർവീസിലിരിക്കെ അനേകം കായിക പ്രതിഭകളെ വാർത്തെടുക്കാനുള്ള അവസരം ലഭിച്ചു. അവസാനം സ്പോർട്സ് കൗൺസിലിന്റെ ഉന്നത പദവി അലങ്കരിക്കുകയും ചെയ്യാനിടയായി. ഇതെല്ലാം ഒരു ഫ്ലാഷ്ബാക്ക് പോലെ പിള്ളയുടെ ഓർമ്മകളിൽ മിന്നിമറഞ്ഞു.
ഒരു ഇടത്തരം കുടുംബാംഗം ആയിരുന്നു ഗോപാലകൃഷ്ണപിള്ള. പഠനത്തിൽ ഒരു ആവറേജ് വിദ്യാർഥി. 1970 കാലഘട്ടം. കോളനിയിൽ നാലുമണിയോടെ സ്കൂളിൽ നിന്നെത്തുന്ന ആൺകുട്ടികൾ പുസ്തകപ്പെട്ടി എറിഞ്ഞ് റോഡിൽ ഫുട്ബോൾ കളിക്കാൻ ഓടുന്ന സമയമായിരുന്നു അത്. അപൂർവമായേ വീടുകളിൽ അന്ന് കാറുകൾ ഉള്ളൂ. റോഡിന്റെ രണ്ടറ്റത്തും രണ്ട് കല്ലു വച്ച് പോസ്റ്റ് ഉണ്ടാക്കും. 11 പേർ വീതമടങ്ങുന്ന രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം തുടങ്ങും. ചെറിയ റബർ ബോളിനെ കുറെ തുണി കൊണ്ട് ചുറ്റി ചുറ്റി, തുന്നി പിടിപ്പിച്ച ഒരു പന്ത് ആയിരിക്കും അത്. വഴിയാത്രക്കാർക്കോ സൈക്കിൾ യാത്രക്കാർക്കോ ആർക്കും ശല്യമുണ്ടാക്കാത്ത രീതിയിലാണ് ഈ കുട്ടികൾ കളി തുടങ്ങുക. തുണിപന്ത് ആയതുകൊണ്ട് ഇത് മേലോട്ടു പൊന്തി വീടുകളുടെ ജനലോ ഗ്ലാസ്സോ ഒന്നും പൊട്ടുമെന്ന പേടിയും വേണ്ട. ഒന്നര മണിക്കൂർ നീളുന്ന കളി അവസാനിപ്പിച്ച് സന്ധ്യയാകുന്നതോടെ എല്ലാവരും വീട്ടിലേക്കു മടങ്ങും. കുട്ടികൾ എല്ലാവരും ആ കോളനിവാസികൾ തന്നെയായിരുന്നു. ഒരു വീടിന്റെ മുമ്പിൽ സമ്പന്നനും ആരോഗ്യദൃഢഗാത്രനുമായ ഒരാൾ കുറച്ചുനേരം ഇവരുടെ കളിയൊക്കെ എന്നും സാകൂതം വീക്ഷിച്ചു നിൽക്കുക പതിവുണ്ട്. കുറച്ചുകഴിഞ്ഞ് സിഗരറ്റ് കത്തിച്ച് നടന്നു പോകുന്നതും കാണാം. ഒരുദിവസം കളികണ്ട് നിന്ന ഇദ്ദേഹം എല്ലാവരെയും കൈകാട്ടി വിളിച്ചു. ഇനി ഇവിടെ കളിക്കരുതെന്ന് പറയാനാണോ എന്ന് ശങ്കിച്ച് എല്ലാവരും മനസ്സില്ലാമനസ്സോടെ പുള്ളിയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. “ എന്റെ പാത്രക്കടയുടെ അപ്പുറത്ത് സ്പോർട്സ് സംബന്ധമായ സാധനങ്ങൾ വിൽക്കുന്ന ഒരു കട ഈയിടെ തുടങ്ങിയിട്ടുണ്ട്. നിങ്ങൾ അഞ്ചാറു പേർ എന്റെ കൂടെ വന്നാൽ ഞാൻ നിങ്ങൾക്ക് ഒരു ഫുട്ബോൾ വാങ്ങിത്തരാമെന്ന്.” എല്ലാവരും സന്തോഷം കൊണ്ട് മതിമറന്നു. കുറച്ച് മുതിർന്ന ആൺകുട്ടികൾ അപ്പോൾ തന്നെ അദ്ദേഹത്തോടൊപ്പം പോയി ആ കടയിലെത്തി. സമ്പന്നനായ ഇദ്ദേഹത്തെ കണ്ടതും സ്പോർട്സ് കടക്കാരൻ ഓടിവന്നു. ഈ കുട്ടികൾക്ക് കളിക്കാൻ ഒരു മൂന്നാം നമ്പർ ഫുട്ബോൾ എടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടു. ഫുട്ബോളിന്റെ ബ്ലാഡറിൽ എയർ നിറക്കുന്നതും ലെയ്സ് വെച്ച് കെട്ടുന്നതും ഈ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പമ്പും ലേസും ഫുട്ബോളുമായി കുട്ടികൾ കൂട്ടുകാരുടെയടുത്ത് പറന്നെത്തി.
സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കുട്ടികൾ ഇദ്ദേഹത്തെ സംശയിച്ചതിന് മനസ്സാ മാപ്പുപറഞ്ഞു. കളി തുടങ്ങിയപ്പോൾ തുണി പന്ത് പോലെയല്ല വിചാരിക്കുന്നതിനുമുമ്പേ ബോൾ പറക്കാൻ തുടങ്ങി. എല്ലാവരും വളരെ സൂക്ഷിച്ച് അവിടത്തെ താമസക്കാർക്ക് ആർക്കും പരാതി പറയാൻ ഒരു അവസരം കൊടുക്കാതെ കളി പതിവുപോലെ തുടർന്നു. അപ്പോഴാണ് ഇദ്ദേഹം പിന്നെയും മറ്റൊരു സഹായഹസ്തവുമായി എത്തുന്നത്. എല്ലാവരും കൂടി എന്റെ കൂടെ വന്നാൽ ഞാൻ ഇവിടുത്തെ പള്ളിയിലെ അച്ചനെ കണ്ടു നിങ്ങൾക്ക് പള്ളിപ്പറമ്പിൽ കളിക്കാൻ അവസരം വാങ്ങിത്തരാമെന്ന്. എല്ലാവരുംകൂടി ഇദ്ദേഹത്തോടൊപ്പം ചെന്ന് അച്ചനെ കണ്ട് അതിനുള്ള അനുവാദവും നേടിയെടുത്തു. ഒരു സ്പോർട്സ് പ്രേമി ആയിരുന്നു അച്ചനും. പിറ്റേ ദിവസം തന്നെ അച്ചന്റെ നിർദേശപ്രകാരം കപ്യാരും കുശിനിക്കാരനും കൂടി പള്ളിപ്പറമ്പ് വൃത്തിയാക്കി കുട്ടികൾക്ക് കളിക്കാൻ കളിയിടം ഒരുക്കിക്കൊടുത്തു. ആൺകുട്ടികൾ ഒക്കെ റോഡിലെ കളി നിർത്തി. എല്ലാവരും പിന്നീട് പള്ളി പറമ്പിലേക്ക് ഓടാൻ തുടങ്ങി. കുട്ടികളുടെ കളിയൊക്കെ കാണാൻ വൈകുന്നേരം നാട്ടുകാരും വന്നു തുടങ്ങി. അച്ഛൻ പള്ളിയോടു ചേർന്നുള്ള ഒരു ഔട്ട് ഹൗസ് വൃത്തിയാക്കി അവിടെ ക്യാരംസ് ബോർഡും ചെസ്സും ഒക്കെ വാങ്ങി വെച്ചു. അപ്പോൾ കുറച്ചു മുതിർന്നവർ അതിനകത്ത് കയറിയിരുന്ന് കളി തുടങ്ങി. കുറച്ചു മാറി അച്ചൻ ഒരു ഷട്ടിൽ കോക്ക് ഗ്രൗണ്ട് കൂടി ഉണ്ടാക്കി. അന്നേരം അഞ്ചു മണി മുതൽ 7 മണി വരെ നാട്ടിലുള്ള ആൺകുട്ടികളും മുതിർന്നവരും കായിക പ്രേമികളും ഒക്കെ അങ്ങനെ പള്ളിപ്പറമ്പിൽ എത്താൻ തുടങ്ങി. ഇതിന്റെ ഒരു ഗുണം എന്താണെന്ന് വച്ചാൽ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ ആ നാട്ടിലെ എല്ലാവരും തമ്മിൽ തമ്മിൽ ഒരു സൗഹൃദ ബന്ധം തുടങ്ങി എന്നുള്ളതാണ്. ആ നാട്ടിൽ ഏതെങ്കിലും വീട്ടിൽ ഒരു മരണമോ കല്യാണമോ വന്നാൽ ഉത്സാഹകമ്മിറ്റി ആയി ഇവർ എല്ലാവരും ഉണ്ടാകും. ഊർജസ്വലരായ ഒരു കൂട്ടം ആൺകുട്ടികളും ചെറുപ്പക്കാരും എന്തിനും ഏതിനും അവർ മതി.’ഒത്തു പിടിച്ചാൽ മലയും പോരും.’ എന്ന് പറഞ്ഞത് പോലെ ഏത് പ്രശ്നവും കൈകാര്യം ചെയ്യാൻ ഇവർ മതിയെന്നായി. ഫുട്ബോൾ കളിക്കാർക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ അച്ചൻ ബൂട്ടും ജഴ്സിയും ഒക്കെ വാങ്ങി കൊടുത്തു. താമസിയാതെ അച്ചൻ ഒരു സ്പോർട്സ് ക്ലബ് അവിടെ തുടങ്ങി. മാസത്തിൽ ഒരു തവണ മറ്റു ക്ലബ്ബുകളും ആയി ചെറിയ മത്സരങ്ങൾ വച്ച് സമ്മാനദാനവും തുടങ്ങി. അതുവഴി ആ കുട്ടികളുടെ ലോകം വലുതാവുകയായിരുന്നു. കുഞ്ഞുങ്ങൾ ഒക്കെ തോൽവിയും ജയവും ഒന്നുപോലെ അഭിമുഖീകരിക്കാൻ പഠിച്ചു.
താമസിയാതെ ഈ അച്ചന് ‘ഫുട്ബോൾഅച്ചൻ’ എന്ന വിളിപ്പേരും കിട്ടി. പലതവണ അച്ചന് സ്ഥലംമാറ്റ ഉത്തരവ് എത്തിയിട്ടും നാട്ടുകാർ ഒന്നടങ്കം പോയി ബിഷപ്പിനെ കണ്ട് ഈ അച്ചനെ മാറ്റരുതേയെന്ന് കേണപേക്ഷിക്കും. പള്ളിയോട് ചേർന്ന് ഒരു ഓഡിറ്റോറിയത്തിന്റെ ജോലി അച്ചന്റെ നേതൃത്വത്തിൽ അവിടെ പുരോഗമിക്കുന്നത് കൊണ്ട് ബിഷപ്പും അത് തീരുന്നതുവരെ അച്ചനെ അവിടെ തുടരാൻ അനുവദിച്ചു. ഈ കളരിയിൽ നിന്ന് പരിശീലനം ലഭിച്ച എത്രയോ കുട്ടികൾ സ്പോർട്സ് കോട്ടയിൽ ബാങ്കിലും സർക്കാർ ജോലികളിലും ഒക്കെ കയറിയിരിക്കുന്നു. അതുപോലെതന്നെ എൻജിനീയറിങ്ങിനും മെഡിസിനും സീറ്റ് വാങ്ങിയവരും ഒരുപാട് പേർ. ഇന്നും അത് പഴയതിനേക്കാൾ പ്രൗഢിയോടെ അവിടെയുണ്ട്. ഓർമ്മയിൽ നിന്നും ഉണർന്ന ഗോപാലകൃഷ്ണപിള്ള ഡേവിസ് അച്ചായന്റെ ശവസംസ്കാരത്തിന്റെ സമയം നോക്കി അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ പോകാൻ തയാറായി. മതഭ്രാന്തന്മാർ ഇതുപോലുള്ള നന്മ മനസ്സുകളുടെ പുണ്യം കാണാതെ പോകാതിരിക്കട്ടെ!! ആശംസകൾ.
Content Summary: Malayalam Short Story ' Oru Football Premiyude Kadha ' written by Mary Josy Malayil