ADVERTISEMENT

ദി മൈൽസ്റ്റോൺ (കഥ)

അയയിൽ ഉണക്കാനിട്ടിരുന്ന തന്റെ ബ്രാ സ്ഥിരമായി കാണാതെ പോകാൻ തുടങ്ങിയപ്പോൾ ആണവൾ ശ്രദ്ധിച്ചു തുടങ്ങീത്.. മകനുമായി തനിച്ചു ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ് നാടും വീടും വിട്ട് അന്യനാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി വന്നത്. ഇവിടെയും ആളുകൾ ജീവിക്കാൻ സമ്മതിക്കില്ലേ ദൈവമേ.. എന്ന് ചിന്തിച്ചുകൊണ്ടാണ് ഉണങ്ങിയ തുണി എടുക്കാനായി ടെറസിലേക്ക് കയറിയത്.. അപ്പോൾ കണ്ട കാഴ്ച. "ഡാ ദ്രോഹി നീ എന്താ ഈ കാണിക്കുന്നേ? എന്നോട് തന്നെ വേണമായിരുന്നോ ഇത്." "അമ്മ... ഞാൻ പറേണേ ഒന്ന് കേൾക്ക്." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു. "എനിക്ക് ഒന്നും കേൾക്കണ്ട... എന്നാലും ഇതുപോലൊന്ന് എങ്ങനെ എന്റെ ഉള്ളിൽ വന്നു പിറന്നു ദൈവമേ.." അവൾ തലയിൽ കൈ കൊണ്ട് ശക്തിയായി പിടിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ പറേണേ ഒന്ന് കേൾക്ക് അമ്മാ.. പ്ലീസ്.." അവൻ കെഞ്ചി. "നീ ഒന്നും പറയണ്ട... ഞാൻ കണ്ണുകൊണ്ട് കണ്ടതാണല്ലോ.. അതിൽ കൂടുതൽ എന്താ നിനക്ക് പറയാൻ ഉള്ളത്? എന്നാലും നീ.. നീ.. ഛെ..!" "അമ്മാ.. അമ്മാ ഇങ്ങനെ പറയല്ലേ.. ഞാൻ അങ്ങനെ ഒന്നും കരുതിയില്ല..." "മിണ്ടരുത് അസത്തെ.. ഞാൻ നിന്റെ അമ്മയല്ലേ അതെങ്കിലും ചിന്തിച്ചൂടെ നിനക്ക്.." "ഒന്ന് കേൾക്കമ്മാ.." "എനിക്ക് നിന്നെ കാണണ്ടാ... എവിടേലും പോ.. കണ്മുന്നിൽ വന്നു പോകരുത്..." "അമ്മ.. ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.. പ്ലീസ്.. അമ്മ കരുതും പോലെ ഒന്നും അല്ല.. അമ്മ..പ്ലീസ് അമ്മ.. പ്ലീസ്.. ന്നെ വെറുക്കല്ലേ... എനിക്ക് അമ്മയല്ലാതെ ആരൂല്ല..." കണ്ണൻ കരഞ്ഞു പറഞ്ഞു.

അവൾ അതൊന്നും കേൾക്കാതെ മുറിയിൽ കയറി കതകടച്ചു. എന്നാലും താൻ പൊന്നുപോലെ വളർത്തിയ തന്റെ മോന്റെ ഭാഗത്തു നിന്ന് ഇതുപോലെ ഒരു പെരുമാറ്റം. ക്ഷമിക്കാൻ വയ്യ. കട്ടിലിലേക്ക് ചാഞ്ഞു കിടന്നവൾ. കണ്ണുകൾ പെയ്തുകൊണ്ടേ ഇരുന്നു. കരഞ്ഞുകൊണ്ടവൻ അപ്പോഴും കതകിൽ മുട്ടികൊണ്ടേ ഇരുന്നു. അമ്മയും എന്നെ വെറുത്തു.. എനിക്കിനി ജീവിക്കേണ്ട. ഇതും പറഞ്ഞുകൊണ്ടവൻ ഫാനിൽ കെട്ടി തൂക്കിയ കയറിന്റെ അറ്റത്തെ കുരുക്കെടുത്തു കഴുത്തിലേക്കിട്ടു. കാൽ ചുവട്ടിലെ സ്റ്റൂൾ തട്ടി മാറ്റി. കഴുത്തിൽ മുറുകിയ മരണത്തിന്റെ വാതായനങ്ങളിലേക്ക് കൈയ്യും വീശി കയറിച്ചെന്നു. "മോനെ....." ഉറക്കത്തിൽ നിന്നവൾ കരഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു. കണ്ടത് സ്വപ്നമായിരുന്നുന്നുള്ള തിരിച്ചറിവ് ആശ്വാസമായിരുന്നു. ജനൽ കർട്ടന്റെ ഇടയിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങി വരുന്ന തെരുവ് വിളക്കിന്റെ പ്രകാശത്തിൽ പകൽ ഇരുട്ടിനു വഴിമാറി കൊടുത്തു എന്ന് മനസിലായി. കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി മനസിലേക്ക് ഓടിയെത്തി. "എന്നാലും അവൻ.. എങ്ങനെ തോന്നി അവനു എന്നോട്. ഞാൻ അവന്റെ അമ്മയല്ലേ? അതോ ഭർത്താവ് മരിച്ച സ്ത്രീ എന്ന വിചാരം ആണോ അവനു തന്നോട്.." എന്തൊക്കെയോ ചിന്തകൾ അവളുടെ മനസിനെ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടേയിരുന്നു. അവൾ എഴുന്നേറ്റു വാതിൽക്കലേക്ക് ചെന്നു. ഉമ്മറത്തു ലൈറ്റ് ഇട്ടിട്ടില്ല. അവന്റെ മുറിയിൽ ചെന്ന് നോക്കി. കട്ടിലിൽ കിടപ്പുണ്ട്. കുളിച്ചു വിളക്ക് വെച്ചു നന്നായി  തൊഴുതു. എന്നിട്ട് അവന്റെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ അവന്റെ അരികത്തിരുന്നു. 

"കണ്ണാ..." അവന്റെ മുടിയിഴകളിലൂടെ കൈയ്യോടിച്ചുകൊണ്ട് അവനെ വിളിച്ചു. 'അമ്മാ... അമ്മാ... ഞാൻ..." അവൻ വിക്കി. "നീ എന്തിനാ അമ്മയോടങ്ങനെ..." പറഞ്ഞു മുഴുവനാക്കും മുമ്പ് അവൻ അവളുടെ വാ പൊത്തി. "ഇല്ല 'അമ്മാ..' അമ്മ വിചാരിക്കും പോലല്ല.. ഞാൻ അമ്മയെ ഒരിക്കലും തെറ്റായ രീതിയിൽ കണ്ടിട്ടില്ല. അമ്മ, ഞാൻ പറയുന്നത് കേട്ടാൽ അമ്മ എന്നെ വെറുക്കുമോ?" "ഇല്ല കണ്ണാ, അമ്മക്ക് നീ അല്ലാതെ വേറെ ആരൂല്ല... നീ പറഞ്ഞോ." "മ്മ്... എന്നോട് ക്ഷമിക്കണം അമ്മാ, ഞാൻ കുറെ ശ്രമിച്ചു നോക്കി.. പക്ഷെ എനിക്ക് കഴിയുന്നില്ല..." "നീ കാര്യം പറ കണ്ണാ..." "ആണിന്റെ ഒരു വികാരോം എനിക്കില്ല അമ്മാ...." അവന്റെ വാക്കുകൾ കേട്ടവൾ തരിച്ചിരുന്നു പോയി. "കണ്ണാ.. നീ... എന്താ നീ പറഞ്ഞേ?" അവൾ വിശ്വസിക്കാനാവാതെ വീണ്ടും ചോദിച്ചു. "നീ... നീ..." അവൾ തല കുമ്പിട്ട് ഒന്നും മിണ്ടാതെ ഇരുന്നു. അവൻ പറഞ്ഞതൊന്നും നേരവല്ലേ എന്ന് പ്രാർഥിച്ചുകൊണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. "അമ്മ... അമ്മ എന്നെ വെറുക്കല്ല്... എനിക്ക് വേറെ ആരൂല്ല..." അവളുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ടവൻ വിതുമ്പി. കൈകൾ അവന്റെ മുടിയിഴകളിലൂടെ തഴുകി കൊണ്ടിരുന്നു. "എന്റെ മോൻ.. എന്റെ കണ്ണൻ.. ഞാൻ എങ്ങനെ സഹിക്കും. എന്തൊക്കെ സ്വപ്നം കണ്ടതാണ് ഞാൻ. ജീവിതത്തിൽ തനിച്ചായപ്പോൾ അവനുണ്ടല്ലോ എന്ന ധൈര്യമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്. ഇതിപ്പോ.. എന്തിനാ ഈശ്വരന്മാരെ എന്നെ പരീക്ഷിക്കുന്നത്." പിന്നെയും എന്തൊക്കെയോ അവൾ പെയ്തു പെറുക്കി കൊണ്ടിരുന്നു.

"അമ്മ നമുക്കൊരു ഡോക്ടറിനെ കാണാൻ പോകാം. എന്തേലും വഴി ഉണ്ടെങ്കിലോ ഇത് മാറാൻ..." "ആഹ്.. പോകാം.." "സീ മിസിസ് വൃന്ദ നന്ദകുമാർ, ഇതൊരു അസുഖം ഒന്നുമല്ല ചികിൽസിച്ചു ഭേദമാക്കാൻ.. അതൊരു ശാരീരികാവസ്ഥയാണ്.. നിങ്ങളുടെ കണ്ണൻ 100% ഓക്കേ ആണ്. ഇത് ചില ഹോർമോണിന്റെ കളികളാണ്. മനസിനെ അത് പറഞ്ഞു മനസിലാക്കുക. ഇങ്ങനെ ഉള്ളവർക്ക് ഇന്നത്തെ കാലത്തു നോർമൽ ലൈഫ് സാധ്യമാണ്. അവനെ അത് പറഞ്ഞു മനസ്സിലാക്കി ധൈര്യം കൊടുക്കുക. ആവശ്യമെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുക. ഇതൊക്കെയേ നമുക്ക് ചെയ്യാൻ പറ്റൂ. തീരുമാനം നിങ്ങളുടേതാണ്.." ഡോക്ടർ പറഞ്ഞു നിർത്തി. "താങ്ക് യൂ ഡോക്ടർ.." ഡോക്ടറുടെ ക്യാബിനിൽ നിന്നിറങ്ങുമ്പോൾ അവളൊരു പുതിയ സ്ത്രീ ആയിരുന്നു. അവളെയും കാത്ത് പുറത്തിരുന്ന കണ്ണനു ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് കൊണ്ടവൾ അവന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു. കണ്ണുകളിൽ പ്രതീക്ഷയുടെ തിരി തെളിഞ്ഞിരുന്നു.

"കണ്ണാ.. ഇന്നലെ വരെ നീ എന്തായിരുന്നോ അത് തന്നെ ആണ് നീ ഇന്നും. അതിനൊരു മാറ്റവുമില്ല കണ്ണാ.. നമ്മുടെ ശാരീരികവും മാനസികവും ഭൗതീകവും ആത്മീയവുമായ കാര്യങ്ങളിൽ മറ്റൊരാൾക്ക് റോൾ ഇല്ല. നീ, നീ ആയിരിക്കുക.. നിന്നെ നഷ്ടപ്പെടുത്താതിരിക്കുക. അപ്പോൾ ജീവിതം നമ്മുടെ വഴിക്ക് വരും. കളിയാക്കുന്നവർ കാണും. കല്ലെറിയുന്നവരും. വാക്ക് ശരം കൊണ്ട് അക്രമിക്കുന്നവരും കാണും നിനക്ക് ചുറ്റും. അതിനെയെല്ലാം പുഞ്ചിരികൊണ്ട് നേരിടാൻ കഴിഞ്ഞാൽ നീ ജയിച്ചു. നീ നീ ആയി ജീവിക്കുക.. നിനക്ക് വേണ്ടി ജീവിക്കുക.. അമ്മയുള്ളോളം കാലമേ അമ്മയ്ക്ക് മാത്രേ നീ കുഞ്ഞായിരിക്കു. നിന്നെ കാണുന്ന സമൂഹത്തിനു നീ ഇന്നൊരു ആണാണ്.. പെൺ മനസുള്ള ആണ്.. അതാണ് നിന്റെ നിയോഗം.. അങ്ങനെയുള്ള ഒരുപാട് പേര് കാണും നിനക്കു ചുറ്റും.. അവർക്കായി ജീവിക്ക്.. വിവാഹവും കുടുംബജീവിതവും മാത്രം അല്ല ജീവിതം. അത് ജീവിതത്തിന്റെ ഒരു താളം മാത്രമാണ്. ആ തിരിച്ചറിവുണ്ടാകുന്നിടത്തു നീ ജീവിച്ചു തുടങ്ങും ആ ഉറപ്പ് അമ്മക്കുണ്ട്. ആൺ ശരീരത്തിലെ പെൺ മനസ്സായി നീ ജീവിക്ക്.. പെണ്ണായി ജീവിക്ക്.. നിന്റെ ശരീരം നിന്നോട് ആവശ്യപ്പെടും പോലെ..." അവൾ അവന്റെ കണ്ണുകളിൽ നോക്കി ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവത്തോടെ പറഞ്ഞു. "അമ്മാ, അമ്മയേലും എന്നെ മനസ്സിലാക്കിയല്ലോ.." അവൻ അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തി. "അമ്മയോളം ആർക്കും നിന്നെ മനസിലാക്കാൻ ഒക്കില്ല കണ്ണാ..."

Content Summary: Malayalam Short Story ' The Milestone ' written by Divya Dinesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com