അച്ഛൻ – രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Mail This Article
×
കണ്ണീരിന്നരിയിട്ട് അച്ഛൻ
അനുഗ്രഹിച്ചു:
മകനേ, നിനക്കു നന്മ
പകലാറും മുമ്പ് നീ അകത്തോട്ടു
കയറുക
ഞാൻ പുറത്തേക്കും
ഇണയോടൊത്തു വാഴുക
ഇല്ലം നിറയ്ക്കുക
അവൾ സുഗന്ധം നിറയ്ക്കും
വസന്തം
ഹൃദയത്തോടു ചേർക്കുക
ചോർന്നു പോകാതെ നോക്കുക
കണ്ണീരിന്റെ ഒരുപ്പുകണം
നിന്റെ നെറുകയിൽ നിക്ഷേപിക്കുന്നു
അവസാനം വരെ ചിന്തയുടെ
ശല്കമായത് അവശേഷിപ്പിക്കുക
ഓർക്കുക അച്ഛനെന്ന മുള്ളിനെ
നെഞ്ചു പൊള്ളും നേരത്ത്
മുള്ളൊന്നു മുകരുക
പിടഞ്ഞു പോകുന്നുവെങ്കിൽ
പടിക്കു പുറത്തേക്കൊന്നു നോക്കുക
നീ നിന്റെ മകനെ നെഞ്ചോട് ചേർത്ത്
മാപ്പു പറയുക
പടികടക്കേണ്ടിവരില്ല നിനക്ക്
ഇണയെ പിരിയേണ്ടിവരില്ല
തുണയറ്റു പോകില്ല
കടിച്ചുകീറുന്ന ഓർമകൾ
മകനേ, നീ പടുത്തതെന്നറിയുക
പടിയിറങ്ങരുതിനിയൊരച്ഛനും
Content Summary: Malayalam Poem ' Achan ' written by Raju Kanjirangad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.