അച്ഛാ എന്നുറക്കെ വിളിച്ച്
പേരറിയാത്ത ഒരു പെണ്‍കുട്ടി
എന്നെങ്കിലുമൊരിക്കല്‍ വരാതിരിക്കില്ല
സ്വന്തമല്ലെന്നറിയുമ്പൊഴും
തെല്ലിട മടിച്ചുനില്‍ക്കാതെ
തര്‍ക്കമേതുമില്ലാതെ തന്നെ
അവളെ സ്വീകരിക്കണം
ചോദ്യശരങ്ങള്‍ക്ക് മുന്നില്‍
മുറിവേതുമേല്‍പ്പിക്കാതെ
ചുടുനെഞ്ചോട് ചേര്‍ത്തുനിര്‍ത്തണം
ചതിയാഴങ്ങളിലേക്ക്
അടിതെറ്റി വീണുപോയ്ക്കോട്ടെ
ഏതു കെണിക്കൂടൊരുക്കത്തിലും
അച്ഛാ എന്ന മറുവിളി മാത്രം മതി
അവള്‍ക്കൊപ്പം പങ്കിടണം
ശിഷ്ടജീവിതപ്പൊരുള്‍
സ്‌നേഹത്തിന്റെ രാക്കാറ്റുകളില്‍
ചതിയുടെ മേഘം പെയ്തുതീരട്ടെ
ഒടുവിലൊരുനാള്‍
പട്ടടയിലേക്കെടുക്കുമ്പോള്‍
പെയ്തുതീരാനൊരു
കുഞ്ഞുകണ്ണീര്‍ക്കടല്‍
ബലിച്ചോറുരുട്ടുമ്പോള്‍
വിറച്ചുവീഴാന്‍
ദര്‍ഭപ്പുല്ലണിഞ്ഞ
കുഞ്ഞുകൈവിരലുകള്‍
വേറൊന്നും വേണ്ട
ചിത കത്തിയെരിയുമ്പോള്‍
അച്ഛാ എന്നാര്‍ത്തുവിളിച്ച്
ഒന്നുറക്കെ കരഞ്ഞാല്‍ മാത്രം മതി
Content Summary: Malayalam Poem ' Pirakkathe Poyaval ' written by K. T. Jayadev