ADVERTISEMENT

ഉമ്മറത്തിരുന്ന് രാത്രിയെ നോക്കുമ്പോൾ

പർദയിട്ട ഒരു പെൺകുട്ടിയെ ഓർമ വരും.

അവളുടെ മുഖവസ്ത്രത്തിന്റെ

ചന്ദ്രക്കല വട്ടത്തിലൂടെ കാണും കണ്ണുകൾ

തിളങ്ങും രണ്ട് നക്ഷത്രങ്ങൾ.

ഇളം കാറ്റിൽ ഒഴുകി ഭ്രമിപ്പിക്കും മേൽവസ്ത്രം

മേഘങ്ങൾ തുഴയും ആകാശം.

ഓർമയിലിപ്പോൾ തെളിഞ്ഞു കിട്ടുന്നു

വാതിലിൽ പിറകിലൊളിച്ച

ചിരിയുടെ ഒരു ചുണ്ടനക്കം.
 

മഴയ്ക്ക് മുന്നേയുള്ള

ചെറിയ ഇടിയൊച്ചകൾ ...

നോട്ടത്താൽ മിന്നൽ പായിച്ച്

രാത്രിയെ വെട്ടിപ്പിളർത്തിയ

നാണത്തിന്റെ ഒരു തുണ്ട്.

ഉമ്മറത്തിരുന്ന് രാത്രിയെ കാണുമ്പോൾ

മരിച്ച ചങ്ങാതിയെ ഓർക്കുന്നു ഞാൻ.

ഇടവഴിയിലെ പൂത്ത ചെമ്പകം

അവന്റെ ഒടുക്കത്തെ ചിരിയായ്

നെഞ്ചിൽ കനക്കും.
 

പ്രണയത്തിന്റെ ഇല ഞരമ്പുകളിൽ നിന്ന്

ഊർന്നു പോയ സ്വപ്നങ്ങൾ

കടുക് പാടങ്ങളായ് പൂത്തത്

ഈ ആകാശം മുദ്രിതമാക്കുന്നു.

തിളച്ച എണ്ണയിൽ പൊട്ടിത്തെറിക്കുന്നു

അവന്റെ വാക്കുകളെമ്പാടും.

ഉമ്മറത്തിരുന്ന് രാത്രിയെ വായിക്കുമ്പോൾ

ആകാശം ഒരു കടലായ്

അലകളിട്ടാർത്തു കരയുന്നു.

നിലാവിന്റെ വിരലുകളാൽ

ഉടഞ്ഞ ശംഖിൽ കവിത കുറിക്കുന്നു.
 

Content Summary: Malayalam Poem ' Ummarathirunnu Rathriye Nokkumbol ' written by Abdullah Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com