ADVERTISEMENT

ഒരു കൊയ്ത്ത് കാല സ്മരണ (കഥ)

മത്സരിച്ച് വേഗത്തിൽ കൊയ്ത് നീങ്ങുന്ന പെണ്ണുങ്ങൾ. കൂട്ടത്തിൽ നിന്ന് കൊയ്യുന്ന അമ്മയുടെ പിറകേ നടന്നു കൊണ്ട് അവൻ ചോദിച്ചു! അമ്മേ.. കിട്ടിയോ...? അമ്മ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്.. ഇല്ലെടാ കണ്ണാ.. നീയാ മാവിന്റെ തണലിലെങ്ങാനും പോയി ഇരിക്ക്.. വെയിലിന് കത്തുന്ന ചൂടാ..!! അവൻ അമ്മയെ ദയനീയമായി നോക്കി. കൊയ്ത്തു പെണ്ണുങ്ങളിൽ ഒരുത്തി അവൻ എന്താ ചോദിച്ചതെന്ന് അവളോട് തിരക്കി. അവളാകട്ടെ ആ ചോദ്യത്തിനുള്ള മറുപടി ഒരു പുഞ്ചിരിയിലുമൊതുക്കി. വെള്ളവും, ചെളിയും നിറഞ്ഞ കണ്ടത്തിലെ കൂർത്ത്  നിൽക്കുന്ന കാലകളെ ചവിട്ടി മെതിച്ചു കൊണ്ട് അവൻ തോട്ടു വരമ്പത്ത് കൂടി ഓടി.

കൊയ്ത്തുകാരി അന്നക്കുട്ടി അപ്പോഴും നാട്ടുവിശേഷങ്ങൾ കോരിച്ചൊരിഞ്ഞു കൊണ്ടേയിരുന്നു, എങ്കിലും അവളുടെ കൊയ്ത്തിന്റെ വേഗത്തിന് കുറവൊന്നുമില്ല. അവൻ വിഷാദത്തോടെ പാടവരമ്പത്ത് പ്രതീക്ഷയുടെ മുഖവുമായ് കാത്തിരിപ്പ് തുടർന്നു..! ചുറ്റും വിളഞ്ഞു കിടക്കുന്ന പാടത്തെ നെല്ലോലകൾക്കിടയിലൂടെ കുരുവികൾ പാറിക്കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു. അവന്റെ കണ്ണുകളിൽ കുസൃതിയുടെ തിളക്കം..! കൊക്കുകൾ കൂർത്ത നീലയും, കറുപ്പും, വെള്ളയുമിടകലർന്ന ആ കുഞ്ഞു കിളികളെ ഒന്നു തൊടാൻ കഴിഞ്ഞെങ്കിൽ.. അവന്റെ ചിന്തകൾക്കും അവരുടെ തൂവലിനും ഒരേ നൈർമ്മല്ല്യം. മാലപോലെ ഒരുകൂട്ടം കിളികൾ ചിലച്ചു കൊണ്ട് ഒരു മിന്നായം പോലെ അവന്റെ തലയ്ക്കു മുകളിലൂടെ പറന്നകന്നു..! ആ കാഴ്ച അവൻ കൊതിയോടെ നോക്കി നിന്നാസ്വദിച്ചു.

ക്ഷമ നശിച്ചു തുടങ്ങിയ അവൻ വരമ്പത്തു നിന്ന്‌ കൊണ്ട് എന്തൊക്കെയോ വിളിച്ചു പറഞ്ഞ് അമ്മയെ ശല്യപ്പെടുത്താൻ തുടങ്ങി. കറ്റ ചുമന്ന് നീങ്ങുന്ന ആണുങ്ങളും പെണ്ണുങ്ങളും അവനെ നോക്കി ചിരിക്കുന്നുണ്ട്. വെയിൽ കത്തിയെരിയുന്നു, കൊയ്ത്തും ഏതാണ്ട് കഴിയാറായി! നെല്ലോലകൾ വളച്ചു വച്ച കൂട്ടിൽ നിന്നും അമ്മക്കിളി കരഞ്ഞു കൊണ്ട് ചങ്ക്പൊട്ടുന്ന വേദനയോടെ ചിറകടിച്ചുയർന്നു. അമ്മ അവനെ ഉറക്കെ വിളിച്ചു. അവന്റെയുള്ളിൽ ആഹ്ലാദത്തിന്റെ തിരയിളക്കം. കുഴഞ്ഞരഞ്ഞ ചെളിയിലൂടെ അവൻ അമ്മയുടെ അരികിലേക്ക് പാഞ്ഞ് ചെന്നു. നെല്ലോലകൾ ചുരുട്ടിവച്ച് ചെറിയ നാരുകൾ വളച്ചു വച്ച നല്ല ഭംഗിയുള്ള കൂട്.. അവന്റെ കണ്ണും മനസ്സും നിറഞ്ഞു! ഊർന്നു പോയ നിക്കർ മെല്ലെ വലിച്ചു കേറ്റിക്കൊണ്ട് അവൻ എങ്ങി നോക്കി... പളുങ്കുപോലെ വെളുത്ത കുഞ്ഞു മുട്ടകൾ. അവൻ എണ്ണി നോക്കി. ആറെണ്ണമുണ്ട്. അവന്റെ മിഴികളിൽ ആശ്ചര്യം നിറഞ്ഞു. അതേറ്റു വാങ്ങാനാകട്ടെ അവന് വല്ലാത്ത തിടുക്കവും!

പെട്ടെന്ന് ഇടിമുഴക്കം പോലെ അന്നക്കുട്ടിയുടെ ശബ്ദം...!! "അയ്യോ.. അരുത് കുഞ്ഞേ... അരുത്! പാപം കിട്ടും. ആ കൂട് അവിടെ തന്നെ ഇരിക്കട്ടെ. അത്രയും ഭാഗം നമുക്ക് കൊയ്യണ്ട. അമ്മക്കിളി അവിടെ അടയിരുന്നോളും. അങ്ങനെ കുഞ്ഞ് വിരിഞ്ഞ് അവർ പറന്നു പൊയ്ക്കോളും." അന്നക്കുട്ടിയുടെ വാക്കുകൾ മുള്ളു പോലെ അവന്റെ നെഞ്ചിൽ തറച്ചു. കിളിക്കൂട്‌ എടുക്കുവാനുള്ള അവന്റെ ശ്രമം വിഫലമായി. അവൻ സങ്കടംകൊണ്ട് വിങ്ങി. ഒപ്പം കണ്ണീരിന്റെ ഉറവയുടെ ശക്തിയും.. പിന്നീട് അത് ഉറക്കെ.. ഉറക്കെ... വാവിട്ട കരച്ചിലായ്..! അമ്മയും കൊയ്ത്തുകാരി പെണ്ണുങ്ങളും ആർത്തു ചിരിച്ചു. അവന്റെ കുഞ്ഞു കവിളിലൂടെ ചുടുനീർ ഊർന്നിറങ്ങി. വെയിലിനും അതിനും ഇപ്പോൾ ഒരേ ചൂട്. അവന് അന്നക്കുട്ടിയോട് ദേഷ്യം തോന്നി. അവൻ ഓർത്തോർത്ത് ചിണുങ്ങിക്കൊണ്ട് പാട വരമ്പിലൂടെ വീട് ലക്ഷ്യമാക്കി നടന്നകന്നു.

Content Summary: Malayalam Short Story ' Oru Koythu Kaala Smarana ' written by Abhilash Panikkasseri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com