ADVERTISEMENT

പെനാൽറ്റി (കഥ)

പെനാൽറ്റി ഗോൾ ശരിക്കും കുറുക്കുവഴിയാണ് - ബാബുസാറാണ് പറഞ്ഞത്. ആരെയോ തള്ളി മറിച്ചിട്ടതാണെന്ന് ചിലർക്കൊക്കെ മനസ്സിലായിരുന്നു. ആരായിരിക്കും? മാത്‌സ് അധ്യാപകൻ മുതൽ ചരിത്ര വിഭാഗത്തിലൂടെ കടന്ന് ഹിന്ദിയിലേക്കാണ് ചിന്ത ചാടിക്കേറിയത്. പ്രേംചന്ദിന്റെ കഥകളിലെവിടെയാണ് കണക്കും ഫുട്ബോളും!!! "കുച്ഛ് നഹി" യിൽ ആശ്ചര്യ ചിഹ്നം തിളച്ചു നിന്നു. കംബൈൻഡ് സ്റ്റഡിക്ക് സ്ഥിരമായി കോണിപ്പടിയുടെ ഇരുണ്ട കോണുകൾ സ്വന്തമാക്കിയ ആൺകുട്ടിയും പെൺകുട്ടിയും അവരുടെ കണക്കുകൂട്ടലുകൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറെ സ്റ്റെപ്പുകൾ കഴിഞ്ഞാൽ അവരെ പ്രാക്ടീസ് ചെയ്യിക്കാൻ അധ്യാപകർ വേണ്ടെന്ന് അവർ അനുഭവത്തിലൂടെ പഠിച്ച് മാസ്റ്റർ ബിരുദം നേടിയിരുന്നു. അതുകൊണ്ടാണ് അധ്യാപകർ അത് വഴി പോകുമ്പോൾ ചുവരിലെ പ്രസ്ഥാന നായകരുടെ ചിത്രങ്ങളിൽ കണ്ണെറിയുന്നത്. വരകളിലെ ധാർഷ്ട്യം പുതിയതല്ല. പുഷ്പത്തിന്റെ മാർദ്ദവമാണ് ചിലപ്പോൾ പ്രതീഷിന്റെ വാക്കുകൾക്ക്. ആ വരയിൽ തെളിഞ്ഞ ചിത്രങ്ങളിൽ പ്രതീഷ് കടന്നു വന്നു. 

അവിടെ ക്ലാർക്കായി ചേർന്നിട്ട് വർഷങ്ങളായി. കൃത്യനിഷ്ഠയുടെ സ്വരൂപം. മാന്യതയും യുവത്വവും  ഒന്നായി ചേർന്നു. തോളിൽ കൈയ്യിട്ടു നടക്കാം. പ്രായ വ്യത്യാസമോ അധ്യാപകനെന്നോ അനധ്യാപകനെന്നോ ഇല്ല. ആരുമായും എളുപ്പത്തിൽ മസ്രണമായി ഇടപഴകും. ലോകകപ്പിന്റെ അലയടികൾ. ഗോൾ ചാലഞ്ചിന്റെ കൂകിവിളികൾ. കൊടിതോരണങ്ങളിൽ പുതയുന്ന ക്യാമ്പസ്. ടീമുകൾക്ക് കണക്കാക്കി ഉണ്ടാക്കിയ നിറക്കൂട്ടുകൾ കൊണ്ട് മുഖങ്ങൾ മാറ്റിയെഴുതിയ കുട്ടികൾ. വലിയ സ്ക്രീനിൽ തെളിയുന്ന കളിക്കാർ, പറക്കുന്ന കാൽപന്ത്, ഗോൾ വലകൾ, കാണികളുടെ ഗാലറി. പ്രതീഷ് കളിയുടെ അകത്താണ്. ഈയിടെയായി അയാളിലുണ്ടായ മാറ്റം വിശകലനം ചെയ്യുകയാണ് പുതിയ വരകൾ. വിവാഹത്തിന്റെ ആലോചനകൾ വരുമ്പോൾ ഒരു കുത്തൊഴുക്കായിരിക്കും. ഒന്ന് വന്നാൽ തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു. സുഹൃത്തുക്കൾ, ബന്ധുക്കൾ, രക്ഷിതാക്കൾ, മാട്രിമോണിയൽ സൈറ്റുകൾ, ഓൺലൈൻ സൗഹൃദങ്ങൾ... സ്വന്തമായ വരുമാനമുള്ള ജോലിയുണ്ടെങ്കിലും ചില നിമിഷങ്ങളിൽ, കാഴ്ചകളിൽ ഏതെങ്കിലും കൂട്ടർക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ. എത്ര ബന്ധങ്ങൾ വന്നു? നിരാശയൊന്നും മുഖത്തെഴുതി വച്ചിട്ടില്ല. എവിടെയൊക്കെയോ പൊട്ടിത്തകരുന്ന ഞരമ്പിന്റെ തന്ത്രികൾ. അപശബ്ദമാകുന്ന സംഗീത വീചികൾ. കണക്കുകൾ പിഴയ്ക്കുന്നു. ഗണിതത്തിന്റെ സ്റ്റെപ്പുകൾ ചിലതൊക്കെ മിസ്സാവുന്നു. പിന്നെ മൊത്തം തെറ്റിപ്പോകുമല്ലോ. അയാൾ ഒന്നും പുറത്തു വിട്ടില്ല. സീറ്റിലിരിക്കുമ്പോൾ ഫയലുകളുടെ നൈരന്തര്യത്തിൽ മുഴുകി. വാക്കുകൾക്ക് പഞ്ഞം. എഴുത്തിന്റെയും മൗസിന്റെയും ഫിംഗർ പാഡിന്റെയും ഡിജിറ്റൽ യാന്ത്രികത. 

മൊബൈൽ ഫോൺ വൈബ്രേഷൻ മോഡാണ്. ഷീജ അടുത്തിരിക്കുന്ന ക്ലാർക്ക്. അവർ ഈയിടെയായി ഈ ഫോണിലെ തുടരെ തുടരെയുള്ള വിറയൽ ശ്രദ്ധിക്കുന്നു. പ്രതീഷ് ഫോൺ എടുത്ത് കസേരയിൽ ചാരിയിരിക്കും. ശബ്ദം കുറച്ച് സംസാരിക്കും. ഇടയ്ക്കൊക്കെ ഫോൺ ഇടതു കൈ കൊണ്ട് ചെവിയിൽ വച്ച് വലതു കൈ കൊണ്ട് വായ പൊത്തി സംസാരിക്കുന്നത് കാണാം. ഷീജ ചുറ്റും നോക്കും. താനല്ലാതെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അവരെല്ലാം തിരക്കിലാണ്. ഇടയ്ക്ക് ചിലരൊക്കെ അയാളുടെ അടുത്ത് എന്തെങ്കിലും ഫയലുകളെക്കുറിച്ച് ചോദിക്കാനെത്തും. കുറച്ചു നാളായി അയാൾ അലക്ഷ്യമായി മറുപടി പറയുന്നു. തല താഴ്ത്തി ഇരിക്കുന്നു. അമിതമായി സംസാരിക്കുന്നില്ല. സങ്കൽപ ലോകത്ത് തന്നെ. കൈകൾ താടിയെല്ലിൽ ചേർത്ത് മേശമേൽ താങ്ങിയിരിക്കും. ഫയൽ ഓപ്പൺ ചെയ്ത് അൽപം കഴിയുമ്പോൾ അത് കെട്ടി വയ്ക്കുന്നു. പിന്നെ എങ്ങോട്ടെങ്കിലുമായിരിക്കും ശ്രദ്ധ. ഷീജയുടെ കട്ട സുഹൃത്താണ് ബാബുസാർ. "പ്രതീഷിനെന്താ പറ്റിയത്?" "എന്താ?" "അല്ല, അവനിപ്പോൾ ചെയ്യുന്ന കാര്യത്തിലൊന്നും വലിയ ഉത്സാഹം കാണിക്കുന്നില്ല." "ന്ന് വെച്ചാൽ?" "എന്റെ സംശയമാണോന്നറിയില്ല. ഫയലുകളിലൊന്നും ഒരു താൽപര്യം കാണിക്കുന്നില്ല." "അതൊക്കെ ഓരോരുത്തരുടെ മൂഡല്ലേ. അല്ലെങ്കിൽ തന്നെ, ആർക്കാ ഫയലിലൊക്കെ ഇങ്ങനെ കിടന്ന് മരിക്ക്യാൻ കഴിയുക?" "അതല്ല. ഇത് വേറെന്തോ ആണ്.'' "എന്നാ, വിവാഹം ഒന്നും ശരിയാവാത്തതിന്റെ വിഷമമായിരിക്കും." "അല്ല. കാരണം, അവന് ദു:ഖമൊന്നും കാണുന്നില്ല." "അപ്പോ ?" "അതാ ഞാനും ആലോചിക്കുന്നത്.''

ഷീജ മറ്റെന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഒരാളെക്കുറിച്ച് പറയുമ്പോൾ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചിന്തിക്കണമല്ലോ. ഒരു തർക്കം നടക്കുകയാണ് മനസിൽ. ശരിയാണ്, പ്രതീഷ് ഈയിടെയായി നേരത്തെ ഇറങ്ങാറുണ്ടല്ലോ. അഞ്ച് മണിക്കുള്ള ബസ്സിൽ പോവുകയോ സ്വന്തം ബൈക്കിൽ പോവുകയോ ചെയ്യുന്നയാൾ. രണ്ട് മണിക്ക്, മൂന്ന് മണിക്ക്, ചില ദിവസങ്ങളിൽ ഉച്ചയൂണ് കഴിക്കാതെയൊക്കെ പോകുന്നില്ലേ. ഇത് ബാബുസാറിനോട് പറയാമോ? പറയാം... പറഞ്ഞു. "ഇത് ശ്രദ്ധിക്കണം...." കളിയുടെ ആരവങ്ങളിൽ പകൽ കളിച്ചു. രാത്രിയിൽ ഏകാന്തമായ ശബ്ദ വെളിച്ച സൗഹൃദങ്ങൾ. ആലസ്യത്തോടെ എഴുന്നേൽക്കുന്ന അടുത്ത പ്രഭാതം. കിളികൾക്കും അണ്ണാൻ, ഓന്ത്, അരണ, കീരി, ഉടുമ്പ്, പൂച്ച, ചിത്രശലഭങ്ങൾക്കെല്ലാം ആനന്ദ വേളകൾ. എപ്പഴും അങ്ങനെ തന്നെ. ഷീജ വീണ്ടും അവിടെയാണ്. തിടുക്കത്തിൽ ബാബു സാറിനെ കണ്ടു. കണ്ടത് നന്നായി. അദ്ദേഹത്തിനും ആവേശമുള്ള എന്തോ പറയാനുണ്ട്. കുറേ ദിവസായി അദ്ദേഹത്തിന്റെ കൂടെ വർക്കു ചെയ്യുന്ന സിന്ധു മേഡം ഇങ്ങനെയൊക്കെയാണ്. അവർ ചാറ്റ് ചെയ്തു കൊണ്ടിരിക്കും. ഫോൺ ചെയ്തു കൊണ്ടിരിക്കും. റിംഗ് മോഡ് അല്ല. വൈബ്രേഷൻ, അല്ലെങ്കിൽ സൈലന്റ്. "അവരുടെ പെരുമാറ്റവും ഇതും എങ്ങനെ കണക്ട് ചെയ്യും?" "ഹ ഹ ഹ... ഓരോന്നും കണ്ടാൽ മനസിലാവില്ലേ?" "മീൻസ്?" "അവരും അവനും തമ്മിൽ....." "എന്താ, ഈ പറയുന്നത്?'' ചോദ്യത്തിൽ ഷീജയ്ക്ക് ആശ്ചര്യമൊന്നും ഇല്ല. എന്നാലും... "അങ്ങനെയാണ്, കാര്യങ്ങളുടെ കിടപ്പ്." "അവർ വിവാഹം കഴിഞ്ഞ്‌, കുട്ടികളൊക്കെയായി.." "അതിനെന്താ.." "അവനെ അങ്ങനെ ആർക്കേലും പെട്ടന്ന് ഇഷ്ടാവോ?" "അതിന് കണ്ണും മൂക്കുമൊന്നുമില്ലല്ലോ ഷീജേ...." "അതറിഞ്ഞിട്ടു പറഞ്ഞാൽ പോരെ?" "അറിഞ്ഞു. ഊഹം സത്യമാണ്. നേരെ ഗോളടിക്കാൻ കഴിയാത്തവർക്ക് പെനാൽറ്റിയെന്ന കുറുക്കുവഴി." മത്സരത്തിൽ ഗോൾ, പെനാൽറ്റികൾ തുടർന്നുകൊണ്ടിരിക്കുന്നു, കളത്തിലും, പ്രതീഷിന്റെയും സിന്ധുവിന്റെയും ജീവിതത്തിലടക്കം.

Content Summary: Malayalam Short Story ' Penalty ' written by Dr. Yoosaph Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com