ADVERTISEMENT

അമ്മ (കഥ)

പുറമെ ഭക്തൻ എന്ന് നടിക്കുമ്പോഴും ഉള്ളിൽ ഒരു നിരീശ്വരവാദി ഉണ്ടോ ഉള്ളിലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ദൈവീക മര്മങ്ങളെ സാമാന്യ ബുദ്ധികൊണ്ട് മനസിലാക്കുവാൻ പ്രയാസമാണ്, ബൈബിളിൽ പറയുന്നതുപ്പോലെ താൻ വെളിപ്പെടുത്തി കൊടുക്കുന്നവനല്ലാതെ അതൊക്കെ മനസിലാക്കുവാനും പ്രയാസമാണ്. ഒരു സാധാരണ ക്രിസ്ത്യാനിയെ പോലെ പ്രയാസങ്ങൾ വരുമ്പോൾ കുത്തിയിരുന്ന് പ്രാർത്ഥിക്കലും കടമ്പകൾ കടന്നുകഴിഞ്ഞാൽ അതിനെ യുക്തി ചിന്തകൾ കൊണ്ട് വിവേചിക്കാനും മുതിരാറുണ്ട്.

എന്താണ് ഈ ദൈവീകസ്നേഹം എന്ന് പലപ്പോഴു തോന്നിയിട്ടുണ്ട്, നമ്മളെ പോലെ മറ്റുള്ളവരും ജീവിക്കുന്നു. ഭക്തരും അഭക്തരും, നല്ലവരും ദുഷ്ടരും. ഒരു പക്ഷെ നമ്മളെ പോലെ അല്ലെങ്കിൽ നമ്മളെക്കാൾ അധികം ഭൗതീകമായ ഉന്നതിയിൽ. പിന്നെ എന്തിനു ഞാൻ കഷ്ടപ്പെട്ടു ഉപവസിക്കണം, ബദ്ധപ്പെട്ടു പ്രാർത്ഥിക്കാൻ ഇരിക്കണം ഇങ്ങെനെ അനേകം ചിന്തകൾ നമ്മുടെയെല്ലാം മനസിനെ അലട്ടാറുണ്ട് ,പലപ്പോഴും അതിനൊക്കെ ഉത്തരം കണ്ടെത്തുവാനും ശ്രമിച്ചിട്ടുണ്ട് . 

സ്വർഗസ്ഥയായ എന്റെ അമ്മയോട് പലപ്പോഴും ഞാൻ ഇക്കാര്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. എനിക്ക് ഓർമവെച്ച നാൾ മുതൽ ഞാൻ കാണുന്നതാണ് അമ്മയുടെ മുടങ്ങാതെ ഉള്ള യാമപ്രാർത്ഥനകൾ. രാത്രിയിൽ രണ്ടു മണിക്ക് എഴുന്നേറ്റു പ്രാർത്ഥന നടത്തുന്നൊരമ്മ. പലപ്പോഴും മണ്ണെണ്ണവിളക്കും കത്തിച്ചുള്ള പ്രാർത്ഥന, പ്രയാസങ്ങളുടെ പട്ടിണിയുടെ നടുവിൽ ഞാൻ ചോദിച്ചു അമ്മെ എന്തിനിങ്ങനെ പ്രാർത്ഥിക്കുന്നു. അമ്മ വിളിക്കുന്ന ദൈവം ബധിരനാണ്,അവൻ നമ്മുടെ പ്രാർത്ഥന ഒന്നും കേൾക്കില്ല. അപ്പോഴും അമ്മ ശാന്തയായി എനിക്ക് പറഞ്ഞു തരും ദൈവം വിശ്വസ്തൻ ആണ്. നമ്മൾക്ക് ഇന്നും ഒരു തവി ചോറ് എങ്കിലും കിട്ടുന്നില്ലേ അതിനവൻ മുട്ടുവരുത്തിയിട്ടുണ്ടോ. ഇനി അഥവാ മുട്ട് വന്നാലും എന്റെ ഈ പ്രാർത്ഥന മുടങ്ങില്ല. ഈ വിശ്വാസ തീഷ്ണത  മൂലമായിരിക്കാം“പലപ്പോഴും ഏലീയാവിന്റെ കാക്കകൾ ഞങ്ങൾക്കായി പറന്നിറങ്ങിയത്” എനിക്കു പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട് അമ്മയുടെ ഈ ദൈവീക സ്നേഹം കണ്ടിട്ട്.

അമ്മ മരിക്കുന്നതിനു മുൻപ് എന്നോട് നിർബന്ധം ആയി പറഞ്ഞു, നീ വന്നു എന്റെ കൂടെ ഒരുമാസം നിൽക്കണം. അങ്ങനെ അമ്മയുടെ കൂടെ പോയി നിൽക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അപ്പോഴും ഞാൻ കണ്ടു രാത്രിയിൽ എഴുന്നേറ്റു പ്രാർത്ഥിക്കുന്ന എന്റെ അമ്മയെ. ഞാൻ ചോദിച്ചു, അമ്മേ ഈ 71ആം വയസിലും അമ്മ ഇങ്ങനെ രാത്രിയിൽ എന്തിനു എഴുന്നേറ്റു പ്രാർത്ഥിക്കുന്നു. അമ്മ പറഞ്ഞ മറുപടി ഇപ്പോഴും എന്റെ മനസ്സിൽ താങ്ങി നില്കുന്നു. കലപ്പക്കു കൈ കൊടുത്തിട്ടു പിന്നെ തിരിഞ്ഞു നിൽക്കരുത്. നമ്മുടെ ജീവിതം ഒരു കൃഷിയിടം പോലെയാണ് പ്രാത്ഥനയാകുന്ന കലപ്പകൊണ്ട് നമ്മൾ അതിനെ ഉഴുതുമറിച്ചു കൃഷിയോഗ്യമാക്കണം. ഉഴുതുവാനുള്ള വിസ്തൃതിനോക്കി ശങ്കിച്ചു നിന്നാൽ വിളവെടുക്കാൻ പറ്റില്ല. എനിക്കൊന്നും മനസിലായില്ല. അഥവാ ഞാൻ മനസിലാക്കാൻ ശ്രമിച്ചില്ല. എന്റെ ഉള്ളിൽ, പൈസ ഉണ്ടെങ്കിൽ നമുക്ക് ജീവിക്കാം മറ്റാരുടെയും സഹായം വേണ്ട എന്ന ചിന്ത അപ്പോഴേക്കും ഉറച്ചു കഴിഞ്ഞിരുന്നു. ജീവിത സാഹചര്യം അങ്ങിനെ ആക്കി തീർത്തു എന്ന് പറയുന്നതാവും ശരി.

തിരിച്ചു ജോലി സ്ഥലത്തേക്കു വരുമ്പോഴും ഞാൻ ചോദിച്ചു അമ്മേ എത്രനാൾ ഇങ്ങെനെ ഒറ്റയ്ക്ക്. എന്തെങ്കിലും ഒരു പ്രയാസം അമ്മക്കുണ്ടായാൽ ആര് നോക്കും? തന്ന മറുപടി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. മോനെ എന്റെ ദൈവം വിശ്വസ്തനും, കാരുണ്യവാനുമാണ് എന്റെ അവസ്ഥ അവനറിയാം അവൻ അതിൻറെ പരുവം അനുസരിച്ചു എന്നെ വിളിച്ചുകൊള്ളും. പിന്നീട് 20 ദിവസം കഴിഞ്ഞു ഒരു ഞായർ ദിവസം അമ്മ മരണപെട്ടു എന്നെനിക്കു ഫോണിൽ മെസ്സേജ് വരുമ്പോളും ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ അമ്മക്ക് പെട്ടന്നങ്ങു പോകാൻ കഴിയുമോ? കുളിച്ചൊരുങ്ങി ഒരു മന്ദസ്മിതത്തോടെ തറയിൽ കണ്ണുകൾ ആരോ തിരുമ്മിയടച്ചപോലെ കിടക്കുന്ന അമ്മയെയാണ് ഉച്ചക്കുള്ള ചോറുമായി വന്ന എന്റെ മൂത്ത സഹോദരിക്ക് കാണാൻ കഴിഞ്ഞത്. അപ്പോഴും ആ ശരീരത്തിലെ ചൂട് മാറിയിട്ടുണ്ടായിരുന്നില്ല. തന്റെ പ്രത്യാശക്കൊത്തവണ്ണം ആർക്കും ഒരു ഭാരം ആകാതെ തന്റെ സൃഷ്ട്ടാവിന്റെ അടുക്കലേക്കു ഒരു തിരിച്ചു പോക്ക്. കുട്ടിയെന്ന നിലയിൽ എനിക്കൊരിക്കലും പൊരുത്തപെടാനായില്ല അമ്മയുടെ വേർപാട്. മാനസികമായ സംഘർഷങ്ങള്‍. എന്ത് ചെയുന്നു എന്ത് പ്രവർത്തിക്കുന്നു എന്ന് സ്വയം തിരിച്ചറിയാൻ പറ്റാതെ പോകുന്നു. മറ്റുള്ളവരോടു സംസാരിക്കാനുള്ള വിമുഖത അങ്ങനെ ഒരായിരം പ്രശ്നങ്ങൾ. അതിൽ നിന്നൊക്കെ മോചനം നേടാനായി എന്റെ ഉള്ളിൽ ഞാൻ പണ്ടേ മടക്കി വെച്ച എഴുത്തിനെ കൂട്ടുപിടിച്ചു. കുറച്ചൊക്കെ എനിക്ക് തിരിച്ചുവരാനായെങ്കിലും എന്തിനമ്മക്കു ഇങ്ങെനെ ആരും അടുത്തില്ലാതെ ഒരു മരണത്തെ കൊടുത്തു എന്ന ചോദ്യം ഞാൻ ദൈവത്തോടുയർത്തി. ദൈവത്തോട് കയർത്തും ചോദ്യങ്ങൾ ചോദിച്ചും എന്റെ ദിനങ്ങൾ ഞാൻ തള്ളിനീക്കി.

അങ്ങനെ നാട്ടിൽ അമ്മയുടെ ഒന്നാം ചരമ  വാർഷികം ആചരിക്കാൻ പോയി. അപ്പനും അമ്മയും ഇല്ലാത്ത വീട്ടിലേക്കു ഞാൻ ആദ്യമായിട്ടാണ് കയറി ചെല്ലുന്നത്. അനുഭവിച്ചവർക്കറിയാം അതിന്റെ ആ നീറ്റൽ. രാത്രിയിൽ വെറുതെയെങ്കിലും അമ്മ കിടന്ന മുറിയിൽ പോയി ഇരിക്കും. എന്നിട്ടു ചോദിക്കും, എന്തിനു ഒരു യാത്ര പോലും പറയാതെ പോയി. ആ സമയത്തൊന്നും ഞാൻ ദൈവത്തോട് നല്ല രീതിയിൽ അല്ലായിരുന്നു. എല്ലാമായ എന്റമ്മയെ കൊണ്ടുപോയതിലുള്ള ദേഷ്യം ഞാൻ ഒളിഞ്ഞും തെളിഞ്ഞും അവനോടു പ്രകടിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു വന്നു ജോലിയിൽ കയറി ഒരു വെള്ളിയാഴ്ച വിശുദ്ധ കുർബാന മദ്ധ്യേ ഞാൻ വിശുദ്ധ ത്രോണോസിലേക്കൊന്നു നോക്കി യേശുവിനെ തിരുശരീരരക്തങ്ങൾ അവിടെ കാസായിലും പീലാസയിലും വെച്ചിരിക്കുന്നു. ഒന്നുകൂടെ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി കീറിമുറിയപെട്ട തമ്പുരാൻ എന്നോടെന്തോ പറയുന്നതായി എനിക്ക് തോന്നി.  ഒന്ന് ചെവിയോർത്തു. എടാ ചെക്കാ നീ എന്തിനിങ്ങനെ എന്നോട് കയർക്കുന്നു. ദൈവഹിതം അനുസരിച്ചാണ്  സകലവും നടക്കുന്നത്. അവിടുത്തെ ഹിതത്തിനെതിരായി ഒന്നും നടക്കുകയില്ല. നിന്റെ അമ്മയുടെ ആത്മാവിനെയും അവിടുത്തെ ഹിതപ്രകാരം ആണ് തിരിച്ചു വിളിച്ചിരിക്കുന്നത്.   

നീ വായിച്ചിട്ടില്ലേ, സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത് ,അവൻ മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു ,അവൻ ചതക്കയും തൃകൈ പൊറുപ്പിക്കുകയും ചെയുന്നു ,ആറ് കഷ്ടത്തിൽ നിന്നും അവൻ നിന്നെ വിടുവിക്കും ,ഏഴാമത്തതിലും തിന്മ നിന്നെ തൊടുകയില്ല. തക്ക സമയത്തു കറ്റകൂമ്പാരം അടുക്കി വെയ്ക്കുന്നതുപോലെ നീ പൂർണ വാർധ്യകത്തിൽ കല്ലറയിൽ കടക്കും 

ജീവശ്വാസം ഊതിയവൻ അത് തിരിച്ചെടുക്കുമ്പോൾ നീ എന്തിനു നീരസപ്പെടുന്നു. .ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ എന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന തീയൊന്നമർന്നു. ഒറ്റക്കല്ലല്ലോ എന്റെ 'അമ്മ പോയത്. ജീവൻ കൊടുത്തവൻ വന്നല്ലേ കൂട്ടിക്കൊണ്ടുപോയത്, അവന്റെ  കൈ പിടിച്ചല്ലേ നടന്നകന്നത്..

Content Summary : Malayalam Story Amma written by Iype Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com