ADVERTISEMENT

മണ്ണിര(കഥ)

തിരക്കു പിടിച്ച നഗര ജീവിതത്തിൽ നിന്ന് ജോലി ഭാരങ്ങളിൽ നിന്ന് മനസ്സിന്റെ പരാജയ സങ്കടങ്ങളിൽ നിന്നെല്ലാം ഒരു ഒളിച്ചോട്ടം. വാഹനസഞ്ചാര സൗകര്യം നോക്കി റോഡിനരുകിൽ വീട് വേണം എന്ന അച്ഛന്റെ ആഗ്രഹം പോലെ, നെല്പാടങ്ങളുടെ അരികിൽ വീട് വേണം എന്ന എന്റെ ആഗ്രഹം പോലെ മഴവില്ലു പോലെ, 'അമ്മ എന്ന ഐശ്വര്യം പോലെ ഒരു വീട്. അവിടെ ആയിരുന്നു എല്ലാ ആഴ്ചവട്ടത്തിലെ അവധി ദിനങ്ങൾ ആനന്ദകരമാക്കിയിരുന്നത്. അതെ, എന്റെ വീടിനു പിറകുവശം പടർന്നു കിടക്കുന്ന നെൽ വയൽ നോക്കി ഇരുന്നാൽ തന്നെ മനസിലെ എല്ലാ ദുഃഖവും ഓടി മറയും.

രസികനായ ഒരു സുഹൃത്ത് പറഞ്ഞു നെൽക്കതിർ കൊയ്യാൻ വരുന്ന കിളികളെ നോക്കി ഇരിക്കാൻ അല്ലെ ഇങ്ങനെ ഒരു വീട് എന്ന്. അതും ഒരു ശെരിയാണ് , പാടത്തു പണിയെടുക്കുന്ന ചേറിന്റെ മണമുള്ള പെണ്ണുങ്ങളുടെ സൗന്ദര്യം, അവരുടെ എണ്ണകറുപ്പിന്റെ ഐശ്വര്യം. ഞാൻ നഗരജീവിതത്തിലെ കാപട്യത്തിൽ കണ്ടില്ല. സൗന്ദര്യത്തെ ചേറിൽ പൊതിയാൻ കാശു ചിലവാക്കുന്ന  സമയംകൊല്ലികളെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. കാട് വെട്ടിത്തെളിച്ചു മാളിക പണിഞ്ഞിട്ടു അതിൽ കാട് വച്ച് പിടിപ്പിക്കുന്ന നാഗരിക സംസ്കാരം. അതിനും അവാർഡ്. 

ചിന്തിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. ചെറിയ ജലദോഷം, മരുന്നൊന്നും വാങ്ങാൻ നിന്നില്ല. അവധിക്കു വരുമ്പോൾ കൂട്ടിനു എന്നും അങ്ങാടി കടയുടെ പിറകിലെ ബിവറേജിൽ നിന്നും നല്ല ചുവപ്പനും വാങ്ങിയാണ് വരിക. അതാണ് പതിവ് , അച്ഛന്റെ കാലം മുതൽക്കേ തുടങ്ങിയ ശീലം. അച്ഛന് വാങ്ങി, അച്ഛന് കൂട്ടായി, ഇപ്പോൾ അത് പതിവായി . ജലദോഷം ആയോണ്ട് ഇന്ന് റം വാങ്ങി, അതിൽ കുരുമുളക് പൊടിച്ചതും കൂട്ടി ഇളക്കി ഒരു പിടി. നല്ല ഒരു ഉറക്കം. ജലദോഷം ശുഭം. 

അച്ഛനു കൂട്ടായി അമ്മയും പോയതിൽ പിന്നെ തനിച്ചായ ജീവിതം. ബന്ധുക്കൾ എവിടെ ഒക്കെ ഉണ്ടോ ആവോ. ആകെ ഒരു കൂട്ട് അയൽവക്കത്തെ വീടാണ്. അവിടുന്നാണ് വേണ്ട സഹായങ്ങൾ.

ആടിനെ വളർത്തിയും കോഴിയെ വളർത്തിയും വയലിൽ പണിയെടുത്തും അച്ഛനെയും അമ്മയെയും അനിയനെ പഠിപ്പിച്ചും കുടുംബം നോക്കുന്ന മൈന. അവളാണ് ഇടക്ക് വന്നു വീട് വൃത്തിയാക്കുന്നതും ആട്ടിൻ പാലുകൊണ്ട് ചായ ഉണ്ടാക്കി തരുന്നതും. അതിനുള്ള കൂലി അവൾ തന്നെ പോക്കറ്റിൽ നിന്നും എടുത്തോളും പരസ്പരം കണക്കും പറയാറില്ല. ചേട്ടായി സാറേ ഒരു കാര്യം പറയാൻ ഉണ്ടാരുന്നു ..നീ ധൈര്യായി പറ മൈനേ.. പാടത്തു പണിയെടുക്കുന്ന ചിലരെ എല്ലാം ചേർത്ത് ഒരു മാസകുറി തുടങ്ങി ഇപ്പോൾ 18പേരായി 2 പേരുടെ കുറവോടെ ഉണ്ട്. ഞാൻ ചേട്ടായി സാറിനെ കൂടി 2 എണ്ണത്തിൽ ചേർക്കട്ടെ ?

ഹേയ് അതൊന്നും ശെരിയാകില്ല .. ക്യാഷ് സമ്പാദിച്ചു ഞാൻ എങ്ങോട്ടു കൊണ്ടുപോകാനാ, തന്നെയുമല്ല . ഞാൻ ചിലപ്പോൾ ഇവിടെ വന്നില്ല എന്ന് വരും. കൃത്യമായി എല്ലാ മാസവും അടയ്ക്കാൻ ഞാൻ ഓർത്തെന്നു വരില്ല. അതൊന്നും ചേട്ടായി സാർ നോക്കണ്ട ഇവിടെ വരുമ്പോൾ ഞാൻ എടുത്തോളാം ..

നിനക്ക് ഗുണമുള്ള എന്തിനേലും ആണേൽ നിന്റെ ഇഷ്ടം പോലെ ..

അതൊക്കെ പോട്ടെ. എടി മൈനേ നീ ഇങ്ങനെ നടന്നാൽ മതിയോ നിനക്കും വേണ്ടേ ഒരു കൂട്ട് .

എനിക്ക് ഇപ്പോൾ കൂട്ടിനു അച്ഛൻ ഉണ്ട് അമ്മ ഉണ്ട് അനിയൻ ഉണ്ട്, ഈ കൂട്ട് തന്നെ ധാരാളം അല്ലെ. പിന്നെ വല്ലപ്പോഴും സാറും ഇല്ലേ ..

അത് മതിയോ ?

ഇപ്പോൾ തത്കാലം അത് മതി .. എങ്കിൽ ഞാൻ ഇറങ്ങട്ടെ ,പാടത്തു ചെറിയ പണിയുണ്ട് ..

വേലു ആശാനോട് ഇത്രേടം വരെ ഒന്ന് വരൻ പറയു ..

ഓ പറയാമെ ..

മൈനയുടെ അച്ഛന്റെ പേരാണ് വേലു. പണ്ട് തേങ്ങാ ഇടലായിരുന്നു ജോലി അന്ന് തൊട്ടേ ആശാൻ എന്നാണ് വിളിക്കാറ്.

പാടത്തിനും അയ്യത്തിനുമിടയ്ക്കായി ചെറിയ തോടുണ്ട്,വരുമ്പോൾ ഒക്കെ അവിടെയാണ് കുളി. ഇടയ്ക്കു കുളക്കരയിൽ പോയി ഇരുന്നു ചെറു മീനുകളോട് കുശലം പറയും . ജലദോഷം മാറി വന്നതല്ലേ ഉള്ളു തോട്ടിലെ വെള്ളത്തിൽ കുളിക്കണ്ട .

കുഞ്ഞു വിളിച്ചൂന്നു മൈന പറഞ്ഞു, പനി ആയോണ്ട് കിടക്കുവായിരിക്കും എന്ന് കരുതിയ ഇറങ്ങാഞ്ഞേ..

അല്ല ആശാനെ നമ്മുടെ മൈനേ ഇങ്ങനെ നിർത്തിയാൽ മതിയോ ..

നല്ല ആലോചനകൾ ഒക്കെ വരുന്നുണ്ട് , ആർക്കും വേണ്ടത് പെണ്ണിനെ അല്ലാലോ, എത്ര കൊടുക്കും, ഈ പറമ്പു എത്ര ഉണ്ട് എന്നൊക്കെയല്ലേ അതുകൊണ്ടു ഇപ്പോൾ ആലോചനേടെ കാര്യത്തെ പറഞ്ഞു അവളോട് ചെന്നാൽ അവള് ദേഷ്യം പിടിക്കും ..

ആശാൻ വിഷമിക്കണ്ട. എന്നെകൊണ്ട് വേണ്ട എല്ലാ സഹായവും ഉണ്ടാകും ..

എന്റെ ഈ വീടും പറമ്പും ഞാൻ അവൾക്കു കൊടുക്കാം, എനിക്ക് എന്തിനാ ഇതൊക്കെ, ഞാൻ ഇടയ്ക്കു ഇവിടെ വരുന്നത് തന്നെ നിങ്ങളെ ഒക്കെ കാണാൻ അല്ലെ. എനിക്ക് ഈ ലോകത്തു ആകെ ഉള്ളതും നിങ്ങൾ മാത്രല്ലേ.

ഞാൻ പറഞ്ഞാൽ അവൾ കേൾക്കില്ല, കുഞ്ഞു തന്നെ ഒന്ന് പറയു. വടിക്കേലെ കൃഷ്ണൻകുട്ടി ഒരു ആലോചനേടെ കാര്യത്തെ പറഞ്ഞിരുന്നു. ചെക്കൻ ദുബായിലെ ഏതോ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്ന്. അത് നടന്നാൽ ഇളയവനെ കൂടി രക്ഷപെടുത്താലോ. എത്ര എന്ന് കരുതിയ അവൾ ഒറ്റയ്ക്ക് ഈ പാടത്തും വെയിലത്തും കിടന്നു വിയർക്കുന്നെ ..

ആശാൻ വിഷമിക്കണ്ട അവളോട് ഞാൻ പറയാം ..

ചൂട് കഞ്ഞി എടുത്തു വച്ചിട്ടാ മൈന പോയത്, ഞാൻ അതെടുത്തിട്ടു വരാം..

അപ്പോഴേക്കും ഞാൻ ഒന്ന് ചൂട് വെള്ളത്തിൽ കുളിച്ചിട്ടു വരാം ...

കഞ്ഞി കുടിച്ചിട്ട് ഒന്ന് മയങ്ങാൻ കിടന്നതാ, സമയം 3 മണി ആയി.. വീടിന്റെ പിറകിലെ ഉമ്മറത്തിണ്ണയിൽ കാറ്റ് കൊണ്ട് കിടന്നാൽ പിന്നെ എണീക്കാൻ തോന്നുകയേ ഇല്ല .

ചേട്ടായി സാറ് നല്ല ഉറക്കം ആരുന്നു അതാ ഞാൻ ശല്യം ചെയ്യാതെ പോയത്,

ആരിതു വിനുവോ, ഇന്ന് സ്കൂൾ നേരത്തെ കഴിഞ്ഞോ ,

ഉച്ചകഴിഞ്ഞു ടീച്ചർ ഇല്ല അതാ നേരത്തെ പൊരുന്നേ ..

ഞാൻ ചേട്ടായി സാറിന്റെ സ്കൂട്ടർ ഓടിച്ചു പഠിച്ചോട്ടെ?

നിനക്ക് ഓടിക്കാൻ അറിയുമോ ? ചെറുതായി അറിയാം .

എങ്കിൽ ചാവി മേശപുറത്തിരിപ്പുണ്ട്, സൂക്ഷിച്ചു പോകണമേ .

മേശയിൽ നിന്ന് 200 രൂപ എടുത്തോളൂ, എണ്ണ ഇല്ലന്ന് തോന്നുന്നു, പമ്പിൽ പോയി അടിച്ചിട്ട് ഓടിക്കു. ഇല്ലെങ്കിൽ വഴിയിൽ തള്ളേണ്ടി വരും .

ഇവിടെ ആരും ഇല്ലേ, ചേട്ടായി സാറേ.. ഇവിടെ ഇല്ലേ ..

എടി മൈനേ നിനക്ക് അറിയാലോ ഞാൻ വീടിനകത്തു കാണില്ല എന്നെ ഈ പറമ്പിൽ നോക്കിയാലെ കാണുള്ളൂ എന്ന്, പിന്നെ എന്തിനാ നീ വീടിനകത്തു കിടന്നു കാറി വിളിക്കുന്നെ. അല്ല എന്താ പ്രശ്നം. എന്തിനാ വിളിച്ചു കൂവുന്നേ ..

ചേട്ടായി സാറ് ഈ വീടും പറമ്പും എന്റെ പേരിൽ തരാൻ പോകുവാന് അപ്പായി പറഞ്ഞു. അത് ഒന്ന് ഉറപ്പിക്കാൻ വിളിച്ചെയ , പിന്നെ കല്യാണത്തെ ഉറപ്പിച്ചു കഴിഞ്ഞു മാറ്റി പറഞ്ഞാലോ ..

അപ്പോൾ എല്ലാം വെറുതെയ അല്ലെ. എല്ലാ അവധിക്കും ഈ പാടവും നെൽക്കതിർ കൊയ്യുന്ന കുറത്തിയെ കാണാനും ആണിവിടെ വരുന്നത് എന്ന് പറയുന്നത്, അപ്പോൾ ഞാൻ അല്ലെ ചേട്ടായി സാറിന്റെ കുറത്തി. എന്നെ കെട്ടിച്ചു വിട്ടാൽ സാറ് പിന്നെ ഇവിടെ എങ്ങനെയാ വരിക ..

എനിക്ക് അവിടെ നല്ല സുന്ദരികളായ പെൺപിള്ളേർ ഇല്ലേ .. 

ദെയ് ചേട്ടായി സാറേ തമാശിക്കല്ലേ ..

ചേട്ടായി സാറ് ആദ്യം  കെട്ടിയിട്ടേ ഞാൻ കെട്ടുന്നുള്ളു. എന്നെ കെട്ടിക്കാൻ ആയിട്ട് ഇനി ഇങ്ങോട്ടു വരണ്ട, അവിടെ സുന്ദരികളെ കണ്ടിരുന്നത്‌ പോരേ..

ങേ !! ഈ പെണ്ണെന്താ ഈ പറയുന്നേ ..

അതേയ് എനിക്ക് പഠിപ്പില്ലലോ, അപ്പോൾ എനിക്ക് അറിയില്ല ഇതിൽ കൂടുതൽ പറയാൻ. ദാ നല്ല പുഴമീൻ കറിയും ചോറും. കഴിച്ചിട്ട് വിളിക്കു, പാത്രം എടുക്കാൻ ഞാൻ വരാം. അവൾ അല്പം നാണത്തോടെയും ദേഷ്യത്തോടെയും ഓടി മറഞ്ഞു ..

അപ്പോളേക്കും വിനു സ്കൂട്ടറുമായി വന്നു ...

നീ പോകല്ലേ ,ഞാൻ കഴിച്ചിട്ട് ഈ പാത്രം കൂടി തന്നു വിടാം..

ഇതാ പാത്രം, ചേച്ചിയോട് പറഞ്ഞേര്, ഇന്നത്തെ ആഹാരത്തിനു സ്വാദ് കൂടുതൽ ആയിരുന്നു എന്ന്...

Content Summary: Malayala Story ' Mannira ' written by Ratheesh Kulakkada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com