ADVERTISEMENT

മോഹങ്ങൾക്കായ് (കഥ)

കാറും പണോം ഞാൻ കൊടുത്തോളാം... സ്വർണ്ണം എന്റെയാ.. കാമുകന്റെ കൂടെ പോകണം.. എന്ന സുമയുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച്, സുമയെ കാമുകന്റെ കൂടെ പറഞ്ഞു വിട്ടു. തിരക്കിട്ട ജോലിക്കിടയിൽ പത്ത് മിനിറ്റ് വിശ്രമം കിട്ടിയപ്പോൾ മൊബൈലിൽ തോണ്ടി കിട്ടിയ വാർത്ത. ആ ഭാഗം വായിച്ചോണ്ടിരിക്കേ.. ഉള്ളം കലങ്ങി മറിഞ്ഞ് കലുഷിതമാകുന്ന പോലെ. തിടുക്കം കാണിച്ചോണ്ടിരുന്ന മനസ്സിന് സഞ്ചാര പാദയൊരുക്കാനെന്നോണം കണ്ണുകൾ ആ വാചകത്തിൽ തപ്പിതടഞ്ഞ് നിന്നു. അവളെ ഉപയോഗ വസ്തുവായി മാത്രം കണ്ടിരുന്ന കുറെ മുരടൻ കാഴ്ചകൾക്ക് നേരെ കൊട്ടിയടച്ച ഇരുമ്പ് കവാടമായില്ലേ ഒരു തരത്തിൽ കോടതി വിധി. അവളുടെ ഇഷ്ടങ്ങൾ.. മോഹങ്ങൾ... ഒന്നിനും പോറലേൽക്കാതെ ഈ വിശാലമായ ഇടങ്ങളിൽ പാറി പറന്നുല്ലസിക്കാൻ.. ചിറകുവിരിച്ച് പറന്നുയരാൻ.. ഏതൊരു തടസ്സവും വകഞ്ഞ് മാറ്റി വഴിയൊരുക്കുവാൻ ആവശ്യത്തിലേറെ നിയമ സംവിധാനങ്ങൾ അവളോട് ചേർന്ന് കുമിഞ്ഞ് കൂടി അനുഗ്രഹിക്കപ്പെട്ടവൾ. പിന്തിരിഞ്ഞ് നോക്കാതെ... അതിന് അവസരം നൽകാതെ സ്വതന്ത്രയാക്കിയത്.. അവൾക്ക് കുതിച്ചുയരാനായിരുന്നോ? അവളെയങ്ങനെ മനം നിറയെ കണ്ടോണ്ടിരിക്കേ ഉള്ളം ഒന്ന് തേങ്ങിയോ... ഉവ്വല്ലോ... ഉള്ളിലൊരു പിടച്ചിൽ... അതെന്താ അങ്ങനെ... ഓളമുണ്ടാക്കി കൊണ്ടിരിക്കുന്ന കായലോരം പോലെയായല്ലോ നെഞ്ചിനകം... ഇത്ര മാത്രം അസ്വസ്ഥമാകാൻ... ചിന്തകൾക്കു മുന്നിൽ തറഞ്ഞു പോയ കണ്ണുകൾ മുകളിലെ വരികളിലൂടെ ദയനീയമായി വീണ്ടും അരിച്ചിറങ്ങി.

'മൂന്ന് വയസ്സായ ഇളയ കുട്ടിയേയും ഏഴ് വയസ്സായ മൂത്ത കുട്ടിയേയും മുറിയിൽ ഉറക്കി കിടത്തിയാണ് യുവതി കാമുകന്റെ കൂടെ ഒളിച്ചോടിയത്.' കുഞ്ഞു മക്കൾ.. ഹൊ !! ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ... താലോലിക്കേണ്ട.. തലോടേണ്ട.. കരങ്ങൾക്കായി പരതുമ്പോൾ.. കുഞ്ഞു ഹൃദയങ്ങൾക്ക് താങ്ങാനാകുമോ ആ ശൂന്യത.. അമ്മ... സഹനത്തിന്റെ പ്രതിരൂപം. സ്നേഹത്തിന്റെ ഉറവിടം. കടലോളം കനിവുള്ളയിടം. സുരക്ഷിതത്തിന്റെ വിശ്വസ്ഥയിടം. അങ്ങനെയങ്ങനെ വിശേഷണങ്ങളാലലംകൃതമായ ഒരു പക്ഷേ ഏതൊരു വിശേഷണങ്ങൾക്കും മീതെ മഹത്വവത്കരിക്കപ്പെട്ട സത്യം അമ്മ.. ആ മഹനീയ സ്ഥാനം അലങ്കരിച്ചിരുന്നത് ഒരു പക്ഷേ സുമ ഓർക്കാഞ്ഞിട്ടാവാം. ഒരു പക്ഷെ, എല്ലാറ്റിനും മേലെയാ തന്റെ ഇഷ്ടങ്ങൾ എന്ന സുമയുടെ അറിവോ... സുമക്ക് മക്കളെ വളർത്താൻ ഒരു ഉത്തരവാദിത്തവുമില്ലേ. അവൾക്കൊപ്പം ചേർന്നു നിന്ന വിധിയിൽ കുറച്ച് പോരായ്കയില്ലേ... മക്കൾക്കൊപ്പവും ചേരേണ്ടതല്ലേ... ആണും പെണ്ണും തുല്യരാന്നൊക്കെ ശക്തമായി വാദിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലങ്ങളിൽ അവൾക്കും പകുതി ചുമതല കൊടുക്കേണ്ടതല്ലേ. മാസം തോറും മക്കളുടെ ചിലവിലേക്കായി ഒരു നിശ്ചിത തുക കൊടുക്കുവാൻ അവളെ ബാധ്യതപ്പെടുത്തേണ്ടതായിരുന്നില്ലേ ആ വിധിയിൽ...

അങ്ങനെയങ്ങനെ പല വഴിയിൽ മനസ്സ് പായുന്നതിനിടയിൽ.. ടപ്പ്... ''പോയ്'' സൈഡിലെ ഡോറിൽ തട്ടികൊണ്ട് ഗോഡൗണിലെ ജോലിക്കാരൻ അനിൽ... ''ഒക്കെയായി ചേട്ടാ പൊയ്ക്കോ..'' വാഹനത്തിൽ ലോഡ് കയറ്റുന്ന സമയം ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈലിൽ നോക്കി കൊണ്ടിരുന്ന എന്നെ ഞെട്ടിയുണർത്താൻ പോന്നതായിരുന്നു അനിലിന്റെ ഡോറിലുള്ള തട്ടും വിളിയും. ഇനി മരുഭൂമിയിലൂടെ നാലഞ്ച് മണിക്കൂർ യാത്ര. ദൂരെ ഫാമിൽ ലോഡിറക്കി അവിടന്ന് ലോഡ് കേറ്റി തിരികെ റൂമിൽ ചെന്ന് കിടക്കാൻ നേരം പതിനൊന്നു മണി. വീണ്ടും രാവിലെ സൂര്യനുദിക്കുന്നതിന് മുമ്പ് തുടങ്ങുന്ന പന്ത്രണ്ടുമണിക്കൂർ കഠിനമായ ജോലിയുമായി മരുഭൂമിയിലേക്ക്.. തളർച്ചകളെ വകവയ്ക്കാതെ ഈ ഗൾഫിൽ കിടന്ന് നരകിക്കുമ്പോഴും നാട്ടിൽ ഭാര്യയും മക്കളുമെല്ലാം ഒരല്ലലുമില്ലാതെ പോകുന്നതു കാണുമ്പോൾ മനസ്സിനുള്ളിൽ ഒരു കുളിർമയാ.... നാട്ടിലെ ചിന്ത ഭാര്യ പ്രിയയെ വിളിക്കാനാ പ്രേരിപ്പിച്ചത്... ശ്ശൊ!! കോള് പോകുന്നില്ലല്ലോ... സ്വിച്ചോഫാണല്ലോ.... എന്താണാവോ.. ഈയിടെയായി മക്കൾക്ക് പരാതിയാ പ്രിയ എപ്പോഴും ഫോണിലാന്ന്... ഞാൻ ചോദിക്കുമ്പോ കുടുംബശ്രീ കാര്യങ്ങളാ... കൂട്ടുകാരികളാ... എന്നൊക്കെയാ പറയുന്നേ... എന്തൊക്കെയോ പന്തികേട് മനസ്സിലോട്ട് ഇരച്ച് കേറുന്നുണ്ടല്ലോ.... കഴുത്തിലും കാതിലും എല്ലായിടത്തുമായി ആകെ ഏഴ് പവൻ മാത്രമായി വന്ന പ്രിയ എന്നേ കൊണ്ട് ഓവർടൈം പണിയെടുപ്പിച്ച് അലമാരയിൽ വാങ്ങി നിറയ്ക്കുന്ന സ്വർണ്ണം കുടുംബത്തെ രക്ഷപ്പെടുത്താനോ.. അതോ.. ചതിക്കാനോ... ശ്ശെ!! എവിടേക്കാ ഈ ചിന്ത പോകുന്നേ... 

മരുഭൂമിയിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മെല്ലെ മനസ്സ് നാട്ടിലെ വീട്ടിലെ അലമാര തുറന്നു. പത്തെഴുപത്തിയഞ്ചു പവൻ സ്വർണ്ണം... പ്രിയയുടെ നിർബന്ധമായിരുന്നു. അതു കൂടാതെ പത്ത് ലക്ഷം മുടക്കി പ്രിയയുടെ പേരിൽ പുത്തൻ കാറ്... അക്കൗണ്ടിൽ ഇട്ടിരിക്കുന്ന പണം... വേണമായിരുന്നോ.. എന്തോ.. കുറച്ചു നാളുകളായി സംശയരോഗിയായി മാറിയോ.. വടക്കേതിലെ മനു പറഞ്ഞതിനു ശേഷമാണല്ലോ ഇങ്ങനെയൊക്കെ.. വീട്ടാവശ്യത്തിന് കാറ് ഓടിക്കുവാൻ വരുന്ന ഒട്ടോക്കാരൻ പ്രവീണിനെ ഒഴിവാക്കികൂടെ... ഞാനില്ലേയിവിടെ... അത്യാവശ്യത്തിന് അതുപേരെയെന്ന മനുവിന്റെ കോളിന് മുൻപായി പ്രിയ വിളിച്ചതെന്തിനാ... അതും ഒരേ കുടുംബക്കാരായ മനുവിന്റെയും എന്റെയും വീട്ടുകാർ തമ്മിലുള്ള പഴയ പ്രശ്നങ്ങൾ ഓർമപ്പെടുത്തി മനുവിനോട് ഒരു വെറുപ്പുണ്ടാക്കിയത് മനപ്പൂർവ്വമായിരുന്നോ.. ഹൊ !! തല പെരുക്കുന്നല്ലോ. യാന്ത്രികമായി ഫോണെടുത്ത് കോൾ ചെയ്തു. പ്രിയയുടെ ഫോൺ സ്വിച്ചോഫ്. തിളച്ച് മറിയുന്ന പുറത്തെ ചൂട് ക്യാബിനിലിരുന്നു ഡ്രൈവു ചെയ്യുന്ന എന്റെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുന്ന പോലെ.. എന്തോ ആകമാനം തിളച്ച് മറിഞ്ഞ് ചുട്ടുപൊള്ളുകയാണോ.

മനുവിന്റെ ഫോണിലേക്ക്... ''ഹലോ'' അങ്ങേ തലക്കൽ മനു. ''നീ എവിടെയാ'' ''ഞാൻ നിന്റെ വീട്ടിലുണ്ട്... അമ്മയും എല്ലാവരും എന്റെടുത്തുണ്ട്.. പിന്നെ പ്രവീൺ ഒരു...'' എന്നുള്ളിലേക്ക് അസ്വാഭാവികമായി എന്തോ ഓടി കയറിയല്ലോ. ''അമ്മയ്ക്ക് ഫോണൊന്നു കൊടുത്തേ.'' ട്രക്കിന്റെ നിയന്ത്രണം കൈയ്യീന്നു പോകുന്ന പോലെ... സൈഡിലോട്ടൊതുക്കി. മറുതലക്കലുള്ള അമ്മയുടെ വാക്കുകളിൽ ഇടർച്ച. ''മോനേ ലീവ് കിട്ടോടാ വന്നേച്ച് പോകാൻ...'' അമ്മയുടെ വാക്കുകളിൽ എന്റെ അസ്വസ്ഥമായ ആകാംഷക്കുള്ള മറുപടി ഒളിഞ്ഞിരിക്കുന്ന പോലെ. ''എന്താണെന്നുവച്ചാ പറഞ്ഞോമ്മേ... കൊഴപ്പോല്ല.. മക്കളെന്ത്യേ..'' ''മക്കളിവിടെയുണ്ട്... പ്രിയ ഇത്തിരി നാണം കെടുത്തീലോ... അലമാരയിൽ ഒരെഴുത്തിരുപ്പുണ്ടായിരുന്നു. അത് അയച്ചു തരാം... മോൻ വിഷമിക്കണ്ടാ.. ചേച്ചിമാരുണ്ടിവിടെ.. കാറും സ്വർണ്ണോം ഒന്നും ഇല്ലല്ലോടായിവിടെ..'' മരുഭൂമിയിലെ ചൂടിലും ശരീരം തണുത്തുറഞ്ഞ് ഇരുട്ട് മൂടുകയാണല്ലോ. മനുവിന്റെ ഫോണിൽ നിന്ന് വാട്സ്സാപ്പ് സന്ദേശം. പ്രിയ എഴുതിയ എഴുത്ത്. 'എന്നെ അന്വേഷിക്കണ്ട... ഞാൻ പ്രവീണിനൊപ്പം പോവുകയാണ് ഒരുമിച്ച് ജീവിക്കാൻ... എന്റേതെല്ലാം എടുക്കുന്നുണ്ട്...' മരവിച്ച മനസ്സിൽ നിന്ന് ആരോടെന്നില്ലാതെ വന്നൊരു ചോദ്യം. എന്റെ പൊന്നുമക്കൾ അവൾടെയല്ലായിരുന്നോ..?

Content Summary: Malayalam Short Story ' Mohangalkkay ' written by Shibu K. Malayattoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com