ലവ് യു ടൂ (കഥ)
അച്ഛാ! അതു സംഭവിച്ചൂന്നാ തോന്നുന്നേ. അതും പറഞ്ഞ് മോൾ ഓടിവന്നു. എന്റെ ഓൺലൈൻ മീറ്റിംഗ് അവൾ തന്നെ മ്യൂട്ട് ചെയ്ത്, ലാപ്ടോപിന്റെ കാമറക്കണ്ണിന് പിടികൊടുക്കാതെ തുള്ളിച്ചാടി അവൾ പറഞ്ഞു. പീരീഡ്സ്, പീരീഡ്സ്! അവളുടെ വിടർന്ന മുഖത്ത് ഒരു കളിപ്പാട്ടം കിട്ടുമ്പോൾ ഉള്ള തിളക്കം.
അതൊരു വ്യാഴാഴ്ചയായിരുന്നു. ട്വന്റി ട്വന്റിയുടെ അവസാനത്തെ സന്ധ്യ. അപ്പാർട്മെന്റിലെ ന്യു ഇയർ സെലിബ്രേഷന്റെ ഒരുക്കങ്ങളുടെ ബഹളമാണു പുറത്ത്. അതെവിടെയാ? അവൾ അലമാര തുറന്ന് സാനിറ്ററി പാഡ് തപ്പുന്നു. പലതരത്തിലുള്ള മൂന്നാലു ബ്രാൻഡുകൾ വാങ്ങി വെച്ചിരുന്നത് അവൾക്കെടുത്തു കൊടുത്തു.
ഇതിലേതു വേണം? അവൾ ചോദിച്ചു. നീല മതി! ദാറ്റ്സ് മൈ ഫേവറിറ്റ് കളർ! അവൾ തന്നെ തീരുമാനിച്ചു, അതുമെടുത്ത് അവൾ ബാത്ത് റൂമിലേക്കു പോയി. എന്തേലും ഡൗട്ട് വന്നാൽ യൂട്യൂബ് നോക്കാലോ, എന്നും പറഞ്ഞു ഫോണുമെടുത്തു. എന്റെ മനസ്സ് പെട്ടെന്ന് ശൂന്യമായതു പോലെ! പന്ത്രണ്ടര വർഷമല്ലേ ആയുള്ളൂ, ഇതിനിപ്പോത്തന്നെ വരേണ്ട കാര്യമുണ്ടായിരുന്നോ! ഈ കൊച്ച് കുറച്ചു കാലം കൂടി ഒരു ടെൻഷനുമില്ലാതെ ഓടിച്ചാടി നടന്നിട്ടു മതിയായിരുന്നു. അവളുടെ ഫ്രണ്ട് മിഷ്‌ടിയ്‌ക്ക് ഒരു വർഷം മുന്നേ ആയപ്പോ മുതൽ ഇവിടെ തയ്യറെടുപ്പിൽ ആയിരുന്നു, ഇത്തിരി അക്ഷമയും. അതത്ര പ്ലസന്റ് എക്സ്പീരിയൻസ് ഒന്നുമല്ലടീ. പാഡ് മാറുന്നതൊക്കെ ഒരു പണിയാണ്, പിന്നെ, മൂഡ് സ്വിങ്ങും, ദേഷ്യവും, ക്ഷീണവും അങ്ങനെ കുറച്ചു നൂലാമാലകളൊക്കെയുണ്ട്. ഒരാഴ്ച മുന്നേ പറഞ്ഞതേയുള്ളൂ.
ഓ പിന്നേ, അച്ഛന് എത്ര പീരീഡ്സാ കഴിഞ്ഞേ! നിന്റെ അമ്മ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുള്ളതല്ലേ. അത് അച്ഛനൊരു പണി തന്നതായിരിക്കും. ആ ടൈമിൽ ദേഷ്യപ്പെട്ടാൽ അച്ഛൻ ഒന്നും മിണ്ടില്ലല്ലോ. അയ്യേ, അതുപോലും മനസ്സിലായില്ല! എന്നെയും കളിയാക്കിക്കൊണ്ടാണ് മോൾ അന്നു കളിക്കാൻ പോയത്. ഒരു നഖമുരഞ്ഞ് തൊലി ചുവന്നാൽ പോലും അച്ഛാ ഒരു ആക്സിഡന്റായി ബ്ലീഡിങ് ഉണ്ട് എന്നൊക്കെപ്പറഞ്ഞ് സംഭവം വൈറൽ ആക്കുന്നയാളാണ്. ആദ്യത്തെ അനുഭവമല്ലേ അവൾക്ക് പേടിയുണ്ടാവുമോ ആവോ എന്നൊക്കെയാലോചിച്ച് ഞാൻ ഡോർ തുറന്ന് ബാൽക്കെണിയിലേക്ക് ഇറങ്ങി. താഴെ എല്ലാരും ആഘോഷ മൂഡിലാണ്. കാതടിച്ചുപോകുന്നത്ര ഉച്ചത്തിൽ ഏതൊക്കെയോ ഹിന്ദി പാട്ടുകളും. സന്തോഷം വരുമ്പോഴും, സങ്കടം വരുമ്പോഴുമാണ് ഒറ്റക്കായി എന്ന തിരിച്ചറിവ് വരിഞ്ഞു മുറുക്കന്നത്. കഴിഞ്ഞ മാസം പ്രമോഷൻ വന്നപ്പോഴും ഇതേ ശൂന്യതയായിരുന്നു. കേൾക്കാൻ ആരുമില്ലെങ്കിൽ ഇതിലൊക്കെയെന്തു കാര്യം.
ഇതിപ്പോ ആരോടാണ് പറയുക, അമ്മയോട് പറഞ്ഞാലോ? പക്ഷേ ഓൾഡ് ജെൻ അച്ഛമ്മയുടെ ടിപ്സ് ഇവൾക്കത്ര പിടിച്ചൂന്ന് വരില്ല. തന്നെയുമല്ല, ഇവളുടെ പിടിവിട്ട ചോദ്യങ്ങൾ കേട്ട് അമ്മയ്ക്ക് പിന്നെയും അറ്റാക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. സിമിയുടെ ഓരോ കൂട്ടുകാരികളുടെയും മുഖം മനസ്സിൽ കണ്ടുനോക്കി. പക്ഷെ വേണ്ട എന്നൊരു തോന്നൽ, അവർ അവരവരുടെ ജീവിതവുമായുള്ള ഓട്ടത്തിലല്ലേ, അതിനിടയിൽ ഇങ്ങനെ ഓരോരോ ചോദ്യങ്ങൾക്കായി എങ്ങനെ വിളിക്കും.
സിമി ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞോണ്ട് നിന്നേനെ. പണ്ട്, മോളുടെ തകർപ്പൻ ഡാൻസ് കണ്ടു ആളുകൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോ ചെയ്ത പോലെ. മോൾ വല്യ ആൾ ആയി സിമീ. ഞാൻ പതുക്കെ പറഞ്ഞു. ബാംഗ്ലൂരിലെ പുകമൂടിയ ആകാശത്തിനപ്പുറത്തുള്ള തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലുരുന്ന് അവൾ കേട്ടാലോ. സിമിയെന്തെങ്കിലും പറയുന്നോ എന്നറിയാൻ കണ്ണടച്ചു നിന്നു. ബാത്റൂമിൽ നിന്നും മോൾ പുറത്തിറങ്ങുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുടച്ചു. മോൾ ബാൽക്കെണിയിൽ വന്നെന്നെ കെട്ടിപ്പിടിച്ചു നിന്നു. 'ഇറ്റ് വാസ് ജസ്റ്റ് എ ഡ്രോപ്പ്" അതങ്ങനെയാണോ അച്ഛാ? അവൾ ചോദിച്ചു. ഇവളോട് ഇപ്പൊ എന്താ പറയുക. സിമി ആദ്യമായി പീരീഡ്സ് വന്നതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ഒരു പക്ഷെ ഇങ്ങനെയൊക്കെ ആവുമായിരിക്കും. മോളുടെ മുഖം ആകെ സീരിയസ് ആണ്. സിറ്റുവേഷൻ ഒന്ന് തണുപ്പിക്കാൻ ഞാൻ പറഞ്ഞു "അതെ അതെ അങ്ങനെയാ, എനിക്കങ്ങനെ ആയിരുന്നു"
അവൾക്ക് ശുണ്ഠി വന്നു. ഒരു തമാശക്കാരൻ വന്നിരിക്കുന്നു. ഇതുപോലും അറിയില്ല, എന്നാ അറിയില്ലെന്ന് പറയുകയുമില്ല. ഞാൻ അമ്മയുടെ ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിക്കട്ടെ, അവർ പറഞ്ഞു തരും. അല്ലെങ്കിൽ അച്ഛമ്മയെ വിളിക്കാം. ആ ഐഡിയ ഒന്നും അവൾക്കിഷ്ടപ്പെട്ടില്ല. വേണ്ട, എനിക്കാരോടും ഇതിനെക്കുറിച്ചു ചോദിക്കണ്ട, അച്ഛൻ പറഞ്ഞു തന്നാ മതി.
ഓ പിന്നേ, എനിക്ക് ഭയങ്കര എക്സ്പീരിയൻസ് ആണല്ലോ ! എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു. നമുക്ക് നാളെ ഒരു ഗൈനക്കോളജിസ്റ്നെ കാണാം. അവരെല്ലാം പറഞ്ഞു തരും. അതു കേട്ടപ്പോൾ അവൾക്കും ഓകെയായി. അന്ന് പാഡ് വെക്കാൻ അച്ഛൻ കാണിച്ചു തന്നത് നന്നായി, യൂടൂബ് ഒന്നും അച്ഛന്റെ അത്രയും വരില്ല. ഹോം വർക്ക് ചെയ്യാനായി തിരിയുമ്പോൾ അവൾ ചോദിച്ചു, ഇതെങ്ങനെ പഠിച്ചു? ഒറ്റക്കായപ്പോൾ മുതൽ ഈയൊരു ദിവസം എനിക്ക് വലിയൊരു ടെൻഷൻ ആയിരുന്നുവെന്നോ, ആ പേടി മാറ്റാൻ ഞാൻ സാനിറ്ററി പാടുകൾ വെച്ച് ട്രൈ ചെയ്തു നോക്കിയിരുന്നു എന്നോ ഒന്നും അവളോട് പറഞ്ഞില്ല. അതൊക്കെ ഒരു കോമൺസെൻസല്ലേ, നീ പോയി ഹോം വർക്ക് ചെയ്യൂ.
വേണ്ട, വേണ്ട! ഇനി പേടിപ്പിക്കൽസ് ഒന്നും വേണ്ട! ഞാനിപ്പോ ഒരു പീക്കിരി ഗേൾ അല്ല! വുമൺ ആണ് വുമൺ. മൈൻഡ് ഇറ്റ്. രജനികാന്തിന്റെ സ്റ്റൈലിൽ അതും പറഞ്ഞു ചിരിച്ചോണ്ട് അവൾ റൂമിലേക്ക് കേറി, ഞാനും. പാതിവഴിയിൽ നിർത്തിയ മീറ്റിങ് വീണ്ടും തുടങ്ങാൻ എന്നമട്ടിൽ ഞാൻ ലാപ്‌ടോപ്പിന് മുന്നിലിരുന്നു. മോൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതു പോലെ ന്യൂ ഇയർ സെലിബ്രേറ്റ് ചെയ്യാനിറങ്ങി. ഐ ലവ് യൂ, അച്ഛാ!
ലവ് യു ടൂ...
Content Summary: Malayalam Story ' Love you too ' written by Raghunath P D