പാദത്തിന്റെ രക്ഷകൻ – വിവേക് മോഹൻ എഴുതിയ കഥ

malayalam-story-paadhathinte-rakshakan
Representative image. Photo Credit: YKD/istockphoto.com
SHARE

പാദത്തിന്റെ രക്ഷകൻ (കഥ)

ഇതെന്റെ കഥയാണ്. നിങ്ങളുടെ ജീവിതത്തിൽ ഞാനില്ലാത്ത ഒരു ദിവസമില്ല. ഒരു ദിവസം പോലും എന്നെ ഉപയോഗിക്കാത്ത മനുഷ്യർ കുറവാണെന്നു തന്നെ പറയാം. ഞാൻ ചെരുപ്പ്.എന്താ ഈ പേര് ആദ്യമായി കേള്‍ക്കുകയാണോ..? എന്നെ മനസിലായില്ലേ..? എങ്കില്‍ നിങ്ങളുടെ കാലിലോട്ടു നോക്ക്. പാദരക്ഷ,ചപ്പല്‍ ഇവയൊക്കെയും എന്റെ പേരുകള്‍ തന്നെ.'നിനക്കൊക്കെ പറയാനും കഥ ഉണ്ടോന്നുള്ള ചോദ്യം സ്വാഭാവികം. അതേ പറയാൻ കുറെയുണ്ട്.'

ഓരോ ചെരുപ്പിനും ഓരോ അവകാശികളാണ്. സ്വന്തമാക്കി കഴിഞ്ഞാൽ ആ അവകാശികളുടെ അടിമകളാണ് ഞങ്ങൾ ഓരോരുത്തരും. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് ഇറക്കുമതി ചെയ്തു വരുന്ന എന്റെ സോദരങ്ങളുടെ പിന്നിലാണ് എന്റെയൊക്കെ സ്ഥാനം. അവർക്കൊക്കെ എന്ത് ഭംഗിയാണ്. നല്ല മാർദവമുള്ള അവരെ വാങ്ങി ഉപയോഗിക്കാനും ആളേറെ. എന്റെ ജനനം കർണ്ണാടകയിലെ മൈസൂരിൽ ആണ്. അവിടെ നിന്നും കേരളത്തിന്റെ മണ്ണിൽ എത്തിയിട്ട് ഇന്നേക്ക് മാസം രണ്ടാകുന്നു. ചെരുപ്പ് കടകളിലെ അലമാരികളിൽ, ഷെൽഫുകളിൽ എന്നെപ്പോലെയുള്ളവർ നിരന്നിരിക്കുന്നു, നിങ്ങൾ വന്നു മേടിക്കുന്നു,കാലിൽ ഇടുന്നു. എന്നാലോ ഞങ്ങൾ ഇത്രയിടം വരെ എത്താനെടുത്ത കഷ്ടപ്പാട് വളരെ വലുതാണ്. വിലക്കുറവ് ഉണ്ടായിരുന്ന എന്റെ സ്ഥാനം ചില്ലിട്ട അലമാരിയുടെ അകത്തായിരുന്നില്ല, പകരം പുറത്ത് ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന എന്റെ മറ്റ് സോദരങ്ങളുടെ ഒപ്പമായിരുന്നു. വെയിലും മഴചാറ്റലും കൊണ്ട് ഞാനങ്ങനെ കിടന്നു, പരിഭവം പറയാൻ ആരോരുമില്ലാതെ. പട്ടിയുടെ കടി കൊള്ളാതെ ഓടി രക്ഷപ്പെടുന്ന മനുഷ്യന്റെ സങ്കടം കേൾക്കാൻ ആളില്ലാത്ത ഈ നാട്ടിൽ മുഖം മണ്ണിൽ ചേർന്ന് ജീവിക്കുന്ന ഞങ്ങളുടെ വിശേഷങ്ങൾ ആര് അറിയാൻ. പക്ഷെ നിങ്ങൾ കേൾക്കണം. 

എന്റെയീ ജീവിത കഥ നടക്കുന്നത് ഒരുപാടു വർഷങ്ങൾക്ക്‌ മുന്നേയാണ് കേട്ടോ. എന്റെ അവകാശിയുടെ പേര് ദാമു എന്നാണ്. ഒരു മണല്‍വാരൽ തൊഴിലാളി ആണ് അദ്ദേഹം. കുറച്ചു ദിവസങ്ങൾക്ക്‌ മുന്നേയാണ് ദാമു 50 രൂപ കൊടുത്തെന്നെ വാങ്ങിയത്. കടക്കാരന്‍ എന്നെ പ്ലാസ്റ്റിക്ക് ബക്കറ്റിൽ നിന്നും എടുത്തു. എന്നെ പൊതിഞ്ഞിരുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്ക് തുണി എല്ലാം കീറി കളഞ്ഞു ദാമുവിന്റെ കാലിന്‍ ചുവട്ടിലേക്ക്‌ ഞാൻ എറിയപെട്ടു. നഗ്നനായ ഞാന്‍ നാണം കൊണ്ട് കണ്ണുകള് പൊത്തി..!! ദാമുവിന്റെ പരുപരുത്ത കാലുകള്‍ എന്റെ ശരീരത്തിലുടെ ഇഴഞ്ഞു..ഹോ!! 

ആദ്യത്തെ കുറേനാൾ എന്നോടെന്തു സ്നേഹമാരുന്നു അയാൾക്ക്.! എല്ലാ ദിവസോം രാത്രിയിലെന്നെ കുളിപ്പിച്ചേ വീട്ടില്‍ കയറ്റൂ. ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല. ഒരു ദിവസം ദാമു പണിക്കു പോയപ്പോള്‍ എന്നെയും ഒപ്പം കൂട്ടി. കടവില്‍ എത്തിയ അയാൾ എന്നെ ഒരു മരച്ചോട്ടില്‍ ഊരി ഇട്ടു. ചെളിയും, മുള്ളുകളും നിറഞ്ഞ ഒരിടം!! എന്റെ ദേഹത്ത് മുള്ളുകള്‍ തറച്ചു.ഞാന്‍ വേദന കൊണ്ട് പുളഞ്ഞു. ഒന്നുറക്കെ കരയണമെന്നുണ്ട്. പക്ഷെ ദൈവം ഞങ്ങളെ ഊമകള്‍ ആയാണ് സൃഷ്ടിച്ചത്. എന്ത് അപമാനം നേരിട്ടാലും, എന്ത് ദുഃഖം ആയാലും ഒന്നുറക്കെ നിലവിളിക്കുവാന്‍ പോലും പറ്റാത്തവര്‍ ആണ് ഞങ്ങള്‍. വേദന കടിച്ചമര്‍ത്തി ഞാനവിടെ കിടന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മണ്ണും ചെളിയും നിറഞ്ഞ ആ കാലുകളുമായി അയാളെന്റെ അരികിലെത്തി. അയാള്‍ എന്നെ കാലിന്റെ ഉള്ളിലാക്കി. എന്തൊരു നാറ്റം ആയിരുന്നു.ഇതൊരു പതിവായി മാറുകയാരുന്നു..!! അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ വാസുവും കൂട്ടരും കടവിലിറങ്ങി മണല്‍ വാരുകയാരുന്നു. പാസില്ലാതെ മണൽ വാരൽ നിരോധിച്ച സമയം കൂടെ ആയിരുന്നു അത്. നിനച്ചിരിക്കാത്ത സമയത്താണ് പോലീസ് വന്നത്. ആരോ ഒറ്റി. ഞാനാണേൽ അന്നേരം ചെളിയിലും!! പ്രാണഭയം കൊണ്ട് വാസു ഉള്‍പ്പെടെ എല്ലാരും ആറ്റിലേക്ക് ചാടി. മണ്ണ് നിറഞ്ഞ വള്ളങ്ങൾ മുഴുവൻ അവർ കസ്റ്റഡിയിൽ എടുത്തു. എനിക്ക് പേടിയായി. സമയം അര്‍ദ്ധ രാത്രീം. കടവില്‍ ആരുമില്ല. പൊടുന്നനെ മഴ പെയ്യാന്‍ തുടങ്ങി ആകെ നനഞ്ഞു. ആ മഴയത്ത്‌ ഞാന്‍ ഒഴുകി ആറ്റിലെത്തി. അവിടെ നിന്നും എങ്ങോട്ടേക്കോ ഒഴുകി. ഇതിനിടയില്‍ എന്റെ ബോധം നഷ്ടമായിരുന്നു. ബോധം വന്നപ്പോള്‍ ഞാന്‍ കിടന്നിരുന്നത് ഒരു പശു തൊഴുത്തിലാരുന്നു.!!

ചെറിയാൻ മാപ്പിള. വയസ്സ് എഴുപത് കഴിഞ്ഞെങ്കിലും ഇപ്പോളും തൂമ്പായും എടുത്തു കൃഷിക്ക് ഇറങ്ങും. അത്രക്ക് ആരോഗ്യം അയാൾക്കുണ്ടാരുന്നു. നാലോ അഞ്ചോ പശുക്കൾ നിറഞ്ഞു നിന്നിരുന്ന തൊഴുത്ത്. ആകെ ചാണകമാണ് അവിടെയെല്ലാം. ഞാൻ ഒഴുകി ചെന്നിരിക്കുന്നത് ആ എരുത്തിലിന്റെ അടുത്തായിട്ടാണെന്ന് ചാണകത്തിന്റെ മണം മൂക്കിൽ അടിച്ചപ്പോൾ മനസിലായി. പശുക്കളുടെ ചാണകം തുടച്ചു മാറ്റാൻ എന്നെയാരുന്നു മാപ്പിള ഉപയോഗിച്ചിരുന്നത്. ശ്വാസം പോലും നേരെ ചൊവ്വേ എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആരേലും എന്നെ അവിടുന്ന് കൊണ്ട് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത നാളുകളില്ലാ. അങ്ങനെ രണ്ടാഴ്ച അവിടെ തന്നെയാരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടിയത് ഒരു കള്ളന്റെ വീട്ടിലേക്കാരുന്നു.ചെറിയാൻ മാപ്പിളയുടെ വീട്ടിൽ കക്കാന്‍ കേറിയ കള്ളന്റെ കാലില്‍ എവിടെനിന്നോ ആണി കൊണ്ട് മുറിഞ്ഞു ചോര വന്നു.പുറത്തെത്തിയ അയാൾ പെട്ടെന്നാരുന്നു എന്നെ കണ്ടത്. സാധാരണ ചെയ്യാത്തതാണ്. അന്ന് എന്നെ കഴുകി വെയ്ക്കുവാൻ മാപ്പിളക്ക് മനസ്സ് വന്നു. വൃത്തിയായി കിടന്നിരുന്ന എന്നെയും കാലില്‍ ഇട്ട് അയാള്‍ ഓടി..ഹോ!!! എന്റെ മുഖം നിറയെ അയാളുടെ കാലിലെ ചോരയായി. കുറേ നാള് അയാളുടെ ഒപ്പം ഞാന്‍ പല വീടുകളിലും കയറി ഇറങ്ങി.കക്കാന്‍!!! വീടുകളുടെ, മതിലുകളുടെ മുകളിൽ നിന്നും അയാൾ മോഷണ ശേഷം ചാടുമ്പോൾ എന്റെ മുഖമായിരുന്നു തറയിൽ ഇടിച്ചിരുന്നത്.

ഒരിക്കൽ ഒരു സംഭവം ഉണ്ടായി.കള്ളൻ (എനിക്കയാളുടെ പേരൊന്നും അറിയില്ല,കാരണം എനിക്കയാളെ ഇഷ്ടമല്ലാരുന്നു).രണ്ട് നിലയുള്ള ഒരു വീട്ടില് കക്കാൻ കേറി.സത്യത്തിൽ ആ കള്ളൻ അറിഞ്ഞില്ല ആ വീട് അയാളേക്കാൾ വലിയ കള്ളനായ ഒരു രാഷ്ട്രീയക്കാരന്റെ ആരുന്നൂന്ന്. കക്കാൻ കേറുമ്പോൾ തന്നെ അയാളെ ആരോ കണ്ടു. ആകെ ബഹളമായി.നാട്ടുകാര്‍ പിടികൂടിയെങ്കിലും അയാൾ കുതറി മാറി ഓടി. ഒടുവില്‍ എന്നെ ഒരു പറമ്പില്‍ ഉപേക്ഷിച്ചിട്ട് അയാള്‍ ഓട്ടം തുടര്‍ന്നു.ആ കള്ളന്റെ സഹവാസം പോയതില്‍ ഞാന്‍ സന്തോഷിച്ചു, എങ്കിലും,ഒരു ഏകാന്തത എന്നെ നൊമ്പരപെടുത്തി. രണ്ടു ദിവസം ആര്‍ക്കും വേണ്ടാതെ ഞാന്‍ അവിടെ കിടന്നു..! എന്റെ മോഹം വാസുവിന്റെ അരികില്‍ എത്താനായിരുന്നു.ഞങ്ങളുടെ കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത് ആരാണോ നമ്മളെ ആദ്യം സ്വന്തമാക്കുന്നത്,ആ വ്യക്തി ആകണം കണ്‍ കണ്ട ദൈവം അത്രെ!! ആ അവകാശിയുടെ അടുത്തെത്തുക അത്ര എളുപ്പമല്ലല്ലോ.

ഒന്ന് രണ്ട് ദിവസം അവിടെ തന്നെ കിടന്നു ഞാൻ. ആ പറമ്പിൽ കിളക്കാൻ വന്ന ഏതോ ഒരു മനുഷ്യൻ, തെങ്ങിന്റെ അടിയിൽ കിടന്നിരുന്ന ഒരു പട്ടിയുടെ നേരെ എറിയാൻ എടുത്തത് എന്നെയാരുന്നു. അയാൾ ആ തെങ്ങിന് തടം എടുക്കാനും കൂടി വന്നതായിരുന്നു എന്ന് തോന്നുന്നു. പട്ടിയുടെ ദേഹത്തു ഞാൻ ചെന്ന് പതിക്കുമ്പോൾ അത് പേടിച്ചു ഓടിപ്പോയി. ഞാൻ ക്ഷീണിച്ച് മയങ്ങുകയായിരുന്നു. അന്നേരമാണ് ഇയാളുടെ അഭ്യാസം. വേദന എടുത്ത ഞാൻ നിസ്സഹായനായി മണ്ണിൽ കിടന്നു. അധികം ദൂരെ പോകാതെ നിന്ന അതേ പട്ടിയുടെ നേരെ ആ മനുഷ്യൻ വീണ്ടും എന്നെയെടുത്ത് എറിഞ്ഞു. പക്ഷെ ഇത്തവണ ഞാൻ പോയി വീണത് ടാറൊക്കെ പോയി പൊട്ടിപൊളിഞ്ഞ ഒരു റോഡിലായിരുന്നു. എന്റെ ശരീരത്തിന്റെ ഒരു ഭാഗം റോഡിന്റെ ഒരു വശത്തും. പാഞ്ഞു പോകുന്ന വാഹനങ്ങൾ കണ്ടു ഞാൻ ഭയചകിതനായി. ഏതേലും വണ്ടി എന്റെ ദേഹത്തൂടെ കേറുമോ എന്ന് ഭയന്ന് തള്ളിനീക്കിയ ദിനങ്ങൾ. ഒരു ദിവസം ഒരു ഓട്ടോറിക്ഷയെ മറികടന്ന് വന്ന ബസിന്റെ പിന്നിലെ വലിയ ചക്രങ്ങൾ എന്റെ ദേഹത്തൂടെ കേറി ഇറങ്ങി. വേദന കൊണ്ട് പുളഞ്ഞു ഞാൻ. ഊമയായ ഞാൻ അവിടെ കിടന്നു, ആരോരും നോക്കാനില്ലാതെ.

അന്നേക്ക് കൃത്യം രണ്ടാം നാൾ ആ വഴി സൈക്കിളിൽ പോയ ഒരു ആക്രികച്ചവടക്കാരൻ എന്നെ എടുത്തു അയാളുടെ കാലിൽ ധരിച്ചു.ചെരുപ്പ് ഇടാതെ വന്ന അയാൾ അങ്ങനെ എന്റെ അവകാശിയായി. അയാൾ നേരെ പോയത് നിറയെ ആക്രി സാധനങ്ങൾ കിടന്നിരുന്ന ഒരു പഴയ വീട്ടിലേക്കാണ്. അതാകണം അയാളുടെ വാസസ്ഥലം. പൊട്ടിപൊളിഞ്ഞ ഇരുമ്പ് കഷണങ്ങളും, കുപ്പികളും കൂട്ടിയിട്ടിരിക്കുന്ന ഒരിടം. അതിന്റെയൊക്കെ മേലെ അയാൾ നടക്കുമ്പോൾ എന്റെ മുഖം ചുവന്നു. വീടുകളിൽ നിന്നും നേരിട്ട് ആക്രി സാധനങ്ങൾ എടുക്കുന്ന ജോലിയായിരുന്നു അയാൾക്ക്. ഓരോ ദിവസവും ഓരോ സ്ഥലങ്ങൾ. ഒരുനാൾ ഒരു വീട്ടിലെത്തി. അവിടെ നിന്നും ഒന്നും കൊടുക്കാനില്ലാ എന്ന് മറുപടി കേട്ടെങ്കിലും വെറും കൈയ്യോടെ മടങ്ങാൻ മടിയായ അയാൾ വീട്ടുപടിക്കൽ കിടന്ന പുതിയ ഒരു ജോഡി ചെരുപ്പ് വീട്ടുകാർ കാണാതെ കട്ടെടുത്തു. ഇനിയിപ്പോൾ എന്റെ ആവശ്യമില്ലല്ലോ. ഞാൻ അവിടെ ഉപേക്ഷിക്കപ്പെട്ടു.

കാലം മുന്നോട്ട് നീങ്ങി. നേരം ഉച്ച ആവുന്നു. സൂര്യന്റെ ചൂട് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഞാൻ വിയർത്തു കുളിച്ചു. അന്നേരം കത്തുകളുമായി വന്ന പോസ്റ്റുമാന്റെ ചെരുപ്പ് പൊട്ടിയപ്പോൾ അതൂരി ദൂരെയെറിഞ്ഞു പകരം എടുത്തത് എന്നെയായിരുന്നു. അനാഥനായ എന്നെ അയാൾക്ക് കൊടുക്കുന്നതിൽ ആ വീട്ടുകാർക്കും എതിർപ്പില്ലാരുന്നു. എന്റെ സോദരൻ പറമ്പിലെ മണ്ണിലേക്ക് വീഴുന്നതിൽ സങ്കടം വന്നെങ്കിലും ഞാൻ വേറെ ഒരു വീട്ടിലേക്ക് പോകുന്നു എന്ന സന്തോഷവും എനിക്കുണ്ടായിരുന്നു. പക്ഷെ പോസ്റ്റുമാന്റെ കാലിന്റെ വണ്ണം എന്നെ കുഴപ്പിച്ചു. എന്റെ ദേഹം വലിഞ്ഞു മുറുകി. ഇടയ്ക്ക് ശ്വാസം കിട്ടാതെ വരെ ഞാൻ ബുദ്ധിമുട്ടി. അയാൾ അവിടെ നിന്നും കുറേ വീടുകളിൽ കത്തുകൾ കൊടുക്കാൻ പോയി. ഒടുവിൽ സ്വന്തം വീടെത്തിയപ്പോൾ അയാൾ എന്നെയൂരി ദൂരേക്ക് എറിഞ്ഞു. വീട്ടില്‍ അയാൾക്ക് ഇടാൻ വേറെ ചെരുപ്പ് ഉണ്ടായിരുന്നു. അത് മാത്രമല്ല എന്നെ കാണാൻ ഭംഗിയൊക്കെ കുറഞ്ഞല്ലോ. എന്തോരം വെയിലും മഴയും കൊണ്ടതാ ഞാൻ.

അങ്ങനെയുള്ള ഈ എന്നെ അയാൾക്കിനി എന്തിനാ. ഞാൻ ചെന്ന് ഒരു കരിങ്കല്ലിന്റെ പുറത്ത് വീണു. വേദനയൊക്കെ ഇപ്പോൾ ഒരു ശീലമായി കഴിഞ്ഞിരിക്കുന്നു. കണ്ണീർ വന്നെങ്കിലും ഞാൻ കണ്ണടച്ചു കിടന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ ഒരുപാട് ആളുകളെ ഞാൻ അവിടെ കണ്ടു. ടെന്റൊക്കെ അടിച്ചു കൂട്ടമായി താമസിക്കുന്ന നാടോടികളുടെ അടുത്താണ് ചെന്നിരിക്കുന്നത് എന്ന് മനസിലായി. എന്റെ ദേഹത്തെ വാറുകൾ ഒന്നും പൊട്ടിയിട്ടില്ല. എന്റെ നിറം അധികമൊന്നും മങ്ങിയിട്ടില്ല. അത് കൊണ്ടാകണം എന്നെ ഒരു സ്ത്രീ കാലിന്റെ അടിയിലാക്കി. ആദ്യമായി എനിക്ക് ഒരു സ്ത്രീ അവകാശി.!

അവർ ദൂരെ ദേശത്തു നിന്നും തുണികളും മറ്റും വിൽക്കാൻ വന്നവരാണ്. എനിക്ക് പരിചിതമല്ലാത്ത ഏതോ ഭാഷയാണവർ സംസാരിക്കുന്നത്.ഒരു നാട്ടിൽ പോലും ഒരുപാട് നാളുകൾ താമസിക്കാത്ത കൂട്ടരാണ് നാടോടികൾ. ഇനി ഒരിക്കലും എനിക്ക് വാസുവിന്റെ അടുത്ത് എത്താനാകുമെന്ന് പ്രതീക്ഷ ഇല്ലാരുന്നു.മറ്റൊരു നാട്ടിലേക്ക് പോകുന്ന അവരുടെ ഒപ്പം ഞാനും യാത്രയാകും.എന്നാൽ  ജീവിതത്തിൽ ചില അത്ഭുതങ്ങൾ സംഭവിക്കും. അങ്ങനെയൊന്ന് ഇവിടെയും ഉണ്ടായി.

തുണിത്തരങ്ങൾ വിൽക്കാൻ വേണ്ടി ആ സ്ത്രീയും സംഘവും അന്ന് തിരഞ്ഞെടുത്ത ഗ്രാമത്തിൽ തന്നെയാരുന്നു വാസുവിന്റെ വീടും. അവർ നടക്കുന്ന വഴി കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. ഞാൻ എത്രയോ സഞ്ചരിച്ച പാതയോരങ്ങൾ. 'എന്റെ വാസുവിന്റെ വീടെവിടെ.. എത്താറായോ..' മനസിലൂടെ നിരവധി ചിന്തകൾ പാഞ്ഞു. അവർ അങ്ങനെ വാസുവിന്റെ വീട്ടിലും എത്തി. ഞാൻ നോക്കുമ്പോൾ അതാ വാസു.പക്ഷെ അന്യനാട്ടുകാരെ അയാൾ പടിയുടെ അകത്തു പോലും കടത്തിയില്ല. എനിക്കാണേൽ വാസുവിനെ കണ്ടപ്പോൾ സന്തോഷം തിരതല്ലി. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ തന്റെ ആദ്യ അവകാശി. ഞാന്‍ വീടിന്റെ ഉമ്മറത്തേക്ക് മിഴികള്‍ പായിച്ചു. ആ കാഴ്ച കണ്ടെന്റെ ഹൃദയം കീറി മുറിഞ്ഞു.ഒരു 'പുതിയ' ചെരുപ്പ് ഉമ്മറത്ത്‌ കിടന്നു മയങ്ങുന്നു.

ചൈനയിൽ നിന്നും വന്ന പുതിയ സ്റ്റൈൽ ചെരുപ്പ്. നാടോടി സ്ത്രീ നടന്നകന്നപ്പോൾ എന്റെ ഹൃദയം രണ്ടായി പിളർന്നു. വാസുവിന്റെ വീടിന്റെ പടിക്കൽ വരെ എത്തിയിട്ട് അവിടെയൊന്ന് കേറാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ഞാൻ വിതുമ്പി. ഒരു മാസക്കാലം ഞാൻ ആ നാടോടികളുടെ ഒപ്പമുണ്ടാരുന്നു. ജോലിഭാരം കൂടുതൽ ആണിപ്പോൾ. അങ്ങനെ എന്റെ ദേഹത്തെ തൊലികളാകുന്ന വാറുകൾ പൊട്ടിത്തുടങ്ങി. എന്റെ ശ്വാസമെടുപ്പും ഇപ്പോൾ മന്തഗതിയിലാണ്. ഉപയോഗശൂന്യമായ എന്നെ ആ സ്ത്രീ ഒരു ദിവസം രാത്രിയിൽ വലിച്ചെറിഞ്ഞു. ഞാൻ ചെന്ന് വീണത് ഏതോ മാലിന്യം 

നിറഞ്ഞ ഓടയിൽ. ആ മലിന ജലവും കുടിച്ചു കൊണ്ട് ഞാനങ്ങനെ നീങ്ങി നീങ്ങി പോയി. എന്റെ നാളുകൾ എണ്ണപ്പെട്ടു. കണ്ണുകൾക്ക് പഴയ കാഴ്ചയുമില്ല. ഒഴുകി ഒഴുകി ഞാൻ ചെന്ന് എന്തിലോ ചെന്ന് തട്ടി. നോക്കുമ്പോൾ കുറേ പ്ലാസ്റ്റിക്ക് കവറുകൾ. അതിനകത്തു മുഴുവൻ കുപ്പികൾ നിറഞ്ഞിരുന്നു. നാട്ടിലെ ചില വിദ്വാന്മാർ കള്ള് കുടി കഴിഞ്ഞു കുപ്പികളെല്ലാം കവറുകളിൽ ആക്കി അടുത്തുള്ള കണ്ടത്തിലോട്ട് വലിച്ചെറിയും.മഴക്കാലത്തു അതൊഴുകി ഓടകളിലും തോട്ടിലും ചിലപ്പോ ആറ്റിൽ വരെ പോയീന്നും വരും. അങ്ങനെയുള്ള ചില കവറുകൾ ആണ് ഇപ്പോൾ ഓടയിൽ.അവിടെ അധികം കിടക്കാൻ പഞ്ചായത്തിലെ ജോലിക്കാർ സമ്മതിച്ചില്ല.അടുത്ത ദിവസം രാവിലെ ഓട വൃത്തിയാക്കാൻ വന്ന ആളുകൾ കമ്പുകൾ ഉപയോഗിച്ച് കവറുകൾ എല്ലാം തൂക്കിയെടുത്ത കൂട്ടത്തിൽ ഞാനും പെട്ടു. ഞാനിപ്പോൾ ഏതോ പെട്ടിയോട്ടോയുടെ അകത്താണ്. റോഡിലെ കുഴിയിൽ ചാടിയപ്പോൾ ഞാൻ തെറിച്ചു പുറത്തേക്ക് വീണു. അന്ന് ഉച്ചമുതൽ ഇടിയോട് കൂടി മഴ പെയ്തു. എന്റെ ദേഹത്തെ മാലിന്യമെല്ലാം ഒലിച്ചു പോയി. എനിക്ക് പുതിയൊരു ഉന്മേഷം വന്നപോലെ. അങ്ങനെയിരിക്കെ വഴിയേ പോയ ഏതോ ഭിക്ഷക്കാരൻ നനഞ്ഞു കുളിച്ചു കിടക്കുന്ന എന്നെ അയാളുടെ കാലിന്റെ അടിയിലാക്കി. കുറേ വീടുകളിൽ കേറി ഇറങ്ങി ചെന്നത് വാസുവിന്റെ വീട്ടിൽ തന്നെ.എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. ഒരിക്കൽ കൂടി ഞാൻ അവിടെ എത്തിയിരിക്കുന്നു. 

വാസു അവിടെയില്ലായിരുന്നു. അയാളുടെ ഭാര്യ അടുക്കളയിൽ നിന്നും എന്തോ ഭക്ഷണം എടുത്ത് അയാൾക്ക് കൊടുത്തു. ഉപയോഗിച്ച ഏതേലും പഴയ ചെരുപ്പ് തരാനുണ്ടോ എന്ന അയാളുടെ ചോദ്യം കേട്ട ഞാൻ സന്തോഷം കൊണ്ട് വിങ്ങി പൊട്ടി. ആ സ്ത്രീ അടുക്കള വശത്തു കിടന്ന എതോ ചെരുപ്പ് അയാൾക്ക് നൽകി. അപ്പോളേക്കും എന്റെ ഒരു വാർ കുറേ പൊട്ടിയിരുന്നു. അവർക്ക് നന്ദി പറഞ്ഞു കൊണ്ട് ആ ഭിക്ഷക്കാരൻ നടന്നകന്നു. വഴിയിൽ കൊണ്ട് എന്നെ കളഞ്ഞേക്കണം എന്ന് വാസുവിന്റെ ഭാര്യ പറഞ്ഞെങ്കിലും ആ ഭിക്ഷക്കാരൻ എന്നെ ആ വീടിന്റെ തിണ്ണയിൽ തന്നെ ഇട്ടിട്ട് പോയിരുന്നു. ഇനി വാസുവിനായുള്ള കാത്തിരിപ്പ്. വൈകിട്ട് പണി കഴിഞ്ഞ് വാസു വീട്ടിലെത്തി. എനിക്കാണേല്‍ വാസുവിന്റെ പാദങ്ങളുടെ സ്പര്‍ശനം കിട്ടാന്‍ വെമ്പലായി. എന്നെ കാണുമ്പോള്‍ പുഞ്ചിരിക്കും എന്ന് കരുതിയ ആ മനുഷ്യന്‍ എന്നെ നോക്കി എന്തൊക്കെയോ പുലഭ്യം പറഞ്ഞു. അയാളുടെ ഭാര്യയെയും എന്തൊക്കെയോ പറഞ്ഞു. എന്റെ സന്തോഷങ്ങള്‍ ദുഖത്തിന് വഴി മാറി.ഞാന്‍ കരഞ്ഞു. ഒന്നും ആലോചിക്കാതെ അയാൾ എന്നെ തൂക്കി എടുത്തു കക്കൂസിന്റെ മുന്‍പിലേക്ക് വലിച്ചെറിഞ്ഞു. സത്യം, ഞാന്‍ അപ്പോള്‍ കരഞ്ഞില്ല. മറ്റു പലരാലും നശിപിക്കപെട്ട ഞാന്‍ എങ്ങനെ വാസുവിന്റെ സ്വന്തമാകും..!!!അങ്ങനെ ആ വീട്ടിലെ അംഗങ്ങള്‍ക്ക്  കക്കൂസില്‍ പോകുമ്പോള്‍ ധരിക്കാനുള്ള ഒരു 'ആവശ്യം' മാത്രമായി ഞാന്‍ മാറി. ഇപ്പോള്‍ നാല് മാസം കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഇനി എത്ര കാലം ഇവിടെ കാണുമോ ആവൊ. ഇപ്പോള്‍ വാസു മുതലാളിയുടെ കാലുകള്‍ സംരക്ഷിക്കുന്ന എന്റെ സഹോദരന്‍ എന്ന് എന്റെ സ്ഥാനത്ത്‌ വരുന്നുവോ, അന്ന് വരെ ഞാന്‍ ഇവിടെ തന്നെ. ഒടുവില്‍ പറമ്പിലേക്ക്.ശേഷം ഉള്ള ജീവിതം മണ്ണില്‍. എന്റെ വര്‍ഗ്ഗത്തിന്റെ മൊത്തം ദുര്‍വിധി ഇതു തന്നെയാണ്.....!!!!!

Content Summary: Malayalam Story ' Paadhathinte Rakshakan ' written by Vivek Mohan 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS