ADVERTISEMENT

അതിനുശേഷം അവൾ ഉറങ്ങിയിട്ടേയില്ല (കഥ)

ഓർക്കാപ്പുറത്താണ് അവൾ അയാളെ വീണ്ടും കാണുന്നത്. ഡോക്ടർ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപോയിക്കാണുമെന്നാണ്അവൾ കരുതിയത്. അയാളെ കണ്ടതുമുതൽ മനസ്സ് അസ്വസ്ഥമായി. മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓടിയെത്തുന്നു. ആശുപത്രിയിൽ മറ്റുസ്റ്റാഫുകളോടൊപ്പം കഴിഞ്ഞ നാളുകളിൽ ഒളിച്ചുവെച്ച ഈ പ്രണയം രണ്ടുപേർ മാത്രം രഹസ്യമായി ആസ്വദിച്ച നാളുകൾ, അയാളെ കണ്ടതിനുശേഷം ഒരു രാത്രിപോലും ഉറങ്ങാൻ കഴിയുന്നില്ലല്ലോ. ഇനിയൊരിക്കലും കാണരുതേ എന്ന പ്രാർഥനയോടെയാണ് വഴിപിരിഞ്ഞത്. ആശുപത്രിയുടെ ഇടനാഴികളിലെ തിരക്കിലൂടെ ആളുകളെ വകഞ്ഞുമാറ്റി മുന്നിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ അതേ സ്പീഡിൽ ഓടിവരുന്ന അയാളുടെ മുന്നിലാണ് അവൾ എത്തിയത്. ഒരു നിമിഷം രണ്ടുപേരും കണ്ണിൽകണ്ണിൽ നോക്കി തരിച്ചുനിന്നുപോയി. വാക്കുകൾ കിട്ടാതെ ഒരു നിമിഷം. ഡോ. ഹരികൃഷ്ണൻ! വർഷങ്ങളോളം ഒപ്പം ജോലിയെടുത്തപ്പോൾ ഏതോ നിമിഷങ്ങളിൽ അറിയാതെ അടുത്തുപോയ മനസ്സ്. ഒരിക്കലും പിരിയാതെ എന്നും കണ്ടുകൊണ്ടിരിക്കാൻ മാത്രേ അന്ന് കൊതിച്ചുള്ളൂ. "സിസ്റ്റർ.." അയാൾ വിളിച്ചപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്. "ഡോക്ടർ, എന്താ ഇങ്ങനെ? ഇങ്ങനെയൊരു കോലം?" ചീകിയൊതുക്കാത്ത തലമുടി നരകയറാനുള്ള ശ്രമത്തിലാണ്. കണ്ണുകളിലെ നിസ്സംഗത.. അലസമായ വേഷം.. ആ കോലത്തിൽ അയാളെക്കണ്ടപ്പോൾ അവളുടെ നെഞ്ച് തകർന്നു. "അമ്മ ഇവിടെ അഡ്മിറ്റാണ്. ബ്ലഡ് റിപ്പോർട്ട് വാങ്ങിക്കൊടുത്തിട്ട് കാണാം." അവൾ ധൃതിയിൽ ലാബിലേക്കോടി. റിസൽറ്റ് വാങ്ങി അമ്മയുടെ ഡോക്ടറെ കാണിച്ചതിനുശേഷം ഓർമ്മയിൽനിന്നും ഹരികൃഷ്ണന്റെ നമ്പറിൽ കാൾ ചെയ്തു. ആറേഴുകൊല്ലമായല്ലോ തമ്മിൽ വിളിച്ചിട്ട്. "ശരി സിസ്റ്റർ കാന്റീനിലേക്കു വരൂ." ഡോക്ടർ പറഞ്ഞു.

കാന്റീനിലെ സ്റ്റാഫ്‌റൂമിൽ അഭിമുഖമായിരുന്നപ്പോൾ വാക്കുകളില്ലാതെ അവർ വിയർത്തു. "സുഖമാണോ..സിസ്റ്റർ?" "‌സുഖത്തിനു കുറവൊന്നുമില്ല. സുഖങ്ങൾക്ക് ചില നിദാനങ്ങളൊക്കെയുണ്ട്.. അറിയാലോ?" "സോറി സിസ്റ്റർ.. ഞാൻ തന്നെ തെറ്റുകാരൻ.. അമ്മയെ ചേച്ചിയെ.. മറ്റു കുടുംബങ്ങളെ എതിർക്കാൻ എനിക്ക് ശക്തിയില്ലാതെ പോയി.. അവർക്ക് ജാതിമതചിന്തകൾ മാറ്റിനിർത്താനാവില്ല.." "വേണ്ട മാറ്റിനിർത്തേണ്ട.. സ്വയം ഉരുകിയൊതുങ്ങിക്കോളൂ. എന്തിനിങ്ങനെ സാക്രിഫൈ ചെയ്യുന്നു? ആ മുടിയൊന്നു നന്നായി ഒതുക്കി ചീകിക്കൂടെ? തലമുടി ഡൈ ചെയ്തൂടെ? ഡ്രസ്സ് അയേൺ ചെയ്തൂടെ? ഇതൊന്നും വേണ്ടെന്നു 'അമ്മ' പറഞ്ഞോ?" "പോട്ടെ സിസ്റ്റർ... എനിക്കിത്രയൊക്കെയേ വിധിച്ചിട്ടുള്ളു. ഇനിയൊരു പെൺകുട്ടിയും എന്റെ ജീവിതത്തിലേക്ക് കയറിവരാതെ ഞാൻ ശ്രദ്ധിക്കും. ഒരു കാപ്പി കുടിച്ചിട്ട് നമുക്ക് പോവാം." അപ്പോളേക്കും വെയിറ്റർ കാപ്പികൊണ്ടുവന്നു. വാക്കുകളില്ലാതെ ഉടൽ പിടഞ്ഞു നെറ്റിയിലെ സിന്ദൂരം വിയർപ്പിൽ നനഞ്ഞു. "സിസ്റ്റർ ഇറങ്ങിക്കോളൂ.. ഞാൻ പിറകെ വരാം." അയാൾ പറഞ്ഞു ത‌കർന്ന പ്രണയം പലർക്കുമറിയാമല്ലോ.. മുറിഞ്ഞ മനസ്സുമായാണ് അവൾ നടന്നത്. പോർച്ചിൽനിന്നും ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അവൾ ഒന്ന് തിരിഞ്ഞുനോക്കി. അയാൾ അങ്ങനെത്തന്നെ നിൽക്കുന്നു! ഈശ്വരാ.. തനിക്കീ ജീവിതത്തിൽ സമാധാനമുണ്ടാവില്ല ഒരിക്കലും.. എല്ലാം മറക്കാമെന്ന് കരുതിയതാണ്. മറന്നെന്നും കരുതിയതാണ്. പക്ഷെ ഓർക്കാപ്പുറത്ത് വീണ്ടുമിതാ ആ ഓർമ്മകൾക്കുമുന്നിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ദൈവമേ തനിക്കിനിയൊരിക്കലും സമാധാനമുണ്ടാവില്ലേ? ഏഴുകൊല്ലങ്ങൾക്കു ശേഷമാണ് ഇങ്ങിനെയൊരു കണ്ടുമുട്ടൽ.

കാനഡയിൽ ജോലിയുള്ള രണ്ടാംകെട്ടുകാരനായ ഡോക്ടർക്ക് നഴ്‌സായ വധുവിനെ ആവശ്യമുണ്ടെന്ന് പേപ്പറിൽകണ്ട് വീട്ടുകാർ അറേഞ്ച് ചെയ്ത വിവാഹത്തിന് കഴുത്തുനീട്ടിക്കൊടുക്കേണ്ടിവന്നത് ഹരിയുടെ നിസ്സംഗത കൊണ്ട് മാത്രമാണ്. ആഢ്യബ്രാഹ്മണകുലത്തിൽ ജനിച്ച ഡോക്ടർക്ക് അതേ ജാതിയിൽനിന്നല്ലാതെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ലെന്ന് ഡോക്‌ടറുടെ നാവിൽനിന്നുതന്നെ കേൾക്കേണ്ടിവന്ന നിമിഷം കൈകാലുകൾ കുഴഞ്ഞ് നിലത്തിരുന്നുപോയി. ചെറുത്തുനിൽക്കാനും ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാനുമുള്ള തന്റേടം അയാൾക്കില്ലാതെയും പോയി. ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് പോയപ്പോൾ തിരക്കേറിയ ജോലിക്കിടയിൽ പലപ്പോഴും ഡോക്ടർ ഹരിയെ വിസ്മരിച്ചു പോയിട്ടുണ്ട്. പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ മറ്റൊരു യുവഡോക്ടർക്ക് അസിസ്റ്റ് ചെയ്യുമ്പോൾ അയാളുടെ കൈവേഗതയും ചുറുചുറുക്കും കാണുമ്പോൾ രോമാവൃതമായ കൈത്തണ്ട കാണുമ്പോൾ ഹരിയെ ഓർത്തുപോവാറുണ്ട്, വേദനയോടെ.. തനിക്ക് അസിസ്റ്റന്റായി സിസ്റ്റർ ഹേമ തന്നെ മതിയെന്ന് ഡോക്ടർ ഹരി തീർത്തുപറഞ്ഞു. അതുകൊണ്ടുതന്നെ ഗർഭിണികൾക്കിടയിൽനിന്നും പ്രസവങ്ങൾക്കിടയിൽനിന്നും വിട്ടുമാറാനാവാതെ ഇണപിരിയാതെ ഒപ്പം കഴിച്ചുകൂട്ടിയ കാലങ്ങൾ ഏറെ. അറിയപ്പെടുന്ന ഏരിയയിലെ അതിപ്രശസ്തനായ ഗൈനക്കോളജിസ്റ്റാണ് ഹരികൃഷ്ണൻ. ഇന്നോളം ഒരു കൈപ്പിഴവും സംഭവിച്ചിട്ടില്ല. അമ്മയും കുഞ്ഞും അയാളുടെ കൈയ്യിൽ സുരക്ഷിതരായിരുന്നു. വീണ്ടും അതെ ആശുപത്രിയിൽ അതെ അന്തരീക്ഷത്തിൽ ഡോക്ടറെ കണ്ടപ്പോൾ അവളുടെ നെഞ്ചിൽ കൂടുകെട്ടിയ ഓർമ്മക്കൂട് തകർന്നുവീണു.

കാനഡയിൽ കിട്ടാത്തതും നാട്ടിൽ സുലഭവുമായ എല്ലാ ആനുകാലികപ്രസിദ്ധീകരണങ്ങളും ആർത്തിയോടെയാണ് ഹേമ ഹോസ്പിറ്റൽ കാന്റീനിൽനിന്നും വാങ്ങിച്ചത്. അവൾ കട്ടിലിൽ ഒരു തലയിണ ഉയർത്തിവെച്ച് വായിക്കാൻ തുടങ്ങുകയായിരുന്നു. അമ്മയ്ക്ക് ആശ്വാസമുള്ളതുകൊണ്ട് പലരും വീട്ടിൽപോയിരിക്കയാണ്. എല്ലാ ഉത്തരവാദിത്തങ്ങളും ഹേമ തന്നെ ഏറ്റെടുത്തു. പെട്ടെന്നാണ് ആരോ വാതിലിൽ മുട്ടിയത്. വാതിൽ തുറന്നപ്പോൾ ഡോ. ഹരി. അയാൾക്ക് നാലുദിവസംമുമ്പ് കണ്ടതിനേക്കാൾ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. തലമുടി ഭംഗിയായി ചീവിയൊതുക്കിയിട്ടുണ്ട്. അയേൺ ചെയ്ത ഷർട്ട്. കണ്ണുകളിൽ പ്രതീക്ഷകളുടെ നാളം. ആ നിമിഷം അവൾക്ക് അയാളെ ഒന്ന് ചേർത്ത്പിടിക്കാനുള്ള ആവേശം തോന്നി. "ഡോക്ടർ ഇരിക്ക്." അവൾ ഫ്ലാസ്കിൽനിന്നും കോഫിയെടുത്ത് ഡോക്ടർക്ക് കൊടുത്തു. അവളുടെ കോഫി മാത്രമേ അയാൾ കഴിച്ചിരുന്നുള്ളു. ഹോസ്പിറ്റലിൽ മറ്റാരുടെയും ഒന്നും അയാൾ കഴിക്കാറില്ല. പഴയ ഓർമ്മകളിൽ കോഫി രുചിയോടെ കുടിച്ചതിന്ശേഷം അയാൾ പറഞ്ഞു. "ഹേമാ ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നേടത്തൊന്നും നിൽക്കില്ല. നീ നഷ്ടമായതിനുശേഷം ഒരുപാട് മിറാക്കിൾസ് സംഭവിച്ചു. കാലം നമുക്കനുകൂലമായി. അപ്പോളേക്കും നീ എനിക്ക് നഷ്ടമായില്ലേ? ഒന്ന് മിണ്ടാനോ പറയാനോ നമ്പർപോലും കിട്ടാത്തവിധത്തിൽ നീ മുങ്ങിക്കളഞ്ഞില്ലേ?" "എന്തുമിറാക്കിളാണ് ഉണ്ടായത് ഹരീ?" അയാൾ എല്ലാം പറയാൻ തുടങ്ങുകയായിരുന്നു. അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങൾ തിളങ്ങി. എന്താണ് പറയാൻ പോവുന്നതെന്നറിയാതെ അവൾ അയാളുടെ മനോഹരമായ കണ്ണുകളിലേക്ക് ആവേശത്തോടെ നോക്കി.

Content Summary: Malayalam Short Story ' Athinusesham Aval Urangiyitteyilla ' written by Nirmala Ambattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com