ADVERTISEMENT

നിയോഗം (കഥ)

"ഇന്നലെ മുതൽ എന്റെ കൂടെ ആരോ ഉണ്ട്‌.. അമ്മേ..." പ്രിയപ്പെട്ട ആരുടെയോ സാമീപ്യം ഞാൻ അറിയുന്നുണ്ട്. എന്തോ ഒന്നു എന്നോട് പറയാൻ ആരോ ആഗ്രഹിക്കുന്നുണ്ട്... ആരായിരിക്കും അത്... ഞാൻ മായയോട് ചോദിച്ചു ഉത്തരമില്ല... വിനോദിനിയോട് ചോദിച്ചു ഉത്തരമില്ല.. ഒപ്പം എന്തിനും ഞങ്ങൾ കൂട്ടുകാർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന കിരണിനോട് ചോദിച്ചു. ആർക്കും ഉത്തരം തരാൻ കഴിയുന്നില്ല. എനിക്കുറങ്ങാൻ പറ്റുന്നില്ല. കിടന്നു കണ്ണൊന്നടയ്ക്കുമ്പോഴേയ്ക്കും ഏതോ ഒരു പെണ്ണിന്റെ  നിഴൽ രൂപം. എന്നാൽ എന്നെ അത് പേടിപ്പിക്കുന്നില്ല. ആ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളിൽ ദൈന്യത മാത്രം. അമ്മയ്ക്ക് മാത്രമേ എനിക്കുത്തരം തരാൻ കഴിയുള്ളു. ഒന്നു പറഞ്ഞുതരുമോ.. അമ്മ എന്റെ കൂടെ എപ്പോഴും ഉണ്ടെന്നെനിക്കറിയാം. ശരീരം ഇല്ലാതായാലും ആത്മാവ് എന്നോടൊപ്പം ഉണ്ടെന്നു ഈ ആമിയ്ക്കറിയാം. ഒരു പെൺകുട്ടിയ്ക്ക് അമ്മ ഏറ്റവും അത്യാവശ്യം ഉള്ള പ്രായത്തിൽ തന്നെ അമ്മയ്ക്ക് എന്നെ വിട്ടുപോകേണ്ടി വന്നില്ലേ. എങ്കിലും അമ്മ ഇല്ലാത്ത കുറവ് അറിയിക്കാതെ അച്ഛൻ എന്നെ വളർത്തി... പഠിപ്പിച്ചു.. പേര് കേട്ട ഒരു ഐ. ടി. കമ്പനിയിൽ ജോലി വാങ്ങിത്തന്നു. ഇപ്പോൾ ഇതാ താൻ കല്യാണ പെണ്ണാവാനുള്ള ഒരുക്കത്തിലാണ്. എപ്പോഴും എന്റെ അമ്മക്കിളിയുടെ അദൃശ്യ സാന്നിധ്യം ഞാനറിയാറുണ്ട്. മറ്റാർക്കും മനസ്സിലാകാത്ത ഭാഷയിൽ ഞങ്ങൾ സംവദിക്കാറുണ്ട്. എന്റെ ജീവിതത്തിലെ ദുഃഖങ്ങൾ.. സന്തോഷങ്ങൾ.. എല്ലാം അമ്മയുമായി പങ്കുവയ്ക്കാറുണ്ട്. മനസ്സിൽ തോന്നിപ്പിക്കുന്ന  പ്രശ്നപരിഹാരങ്ങളെല്ലാം എന്റെ അമ്മ എനിക്കു പകർന്നു തരുന്നതാണ്. അതാണ് എന്റെ വിശ്വാസം. ആ വിശ്വാസം ഇല്ലെങ്കിൽ ഞാനില്ല. ഇതിപ്പോൾ എനിക്കറിയില്ല അമ്മേ.. എന്താണിങ്ങനെ എന്ന്.. ആരാണെന്നെ ഇങ്ങനെ പിന്തുടരുന്നത്. എന്താണ് മറ്റുള്ളവരെ അവൾ തിരഞ്ഞെടുക്കാത്തത്. ഞാനെന്തെങ്കിലും പ്രത്യേകത ഉള്ളവൾ ആണോ. അതീന്ദ്രിയ ശക്തി വല്ലതുമുണ്ടോ.

അർജ്ജുൻ ഇന്ന് രാവിലെ വിളിച്ചപ്പോൾ ചോദിച്ചു എന്താ ആമി നിനക്ക് പറ്റിയതെന്ന്... നീ ഈയിടെയായിട്ട് തീരെ റൊമാന്റിക് അല്ലല്ലോ എന്ന്... വിവാഹം ഇങ്ങടുത്തു വരുന്നുണ്ട്.. അപ്പോഴാണോ നീ ഇങ്ങനെ എന്ന്. അച്ഛന് തന്നെ ജീവനാണ് തന്റെ ഇഷ്ടങ്ങളൊന്നും നടക്കാതിരുന്നിട്ടില്ല.. കാരണം തന്റെ കണ്ണ് നിറയ്ക്കാൻ അച്ഛനിഷ്ടപ്പെടുന്നില്ല... അച്ഛന്റെ സുഹൃത്തിന്റെ മകൻ ആണ് അർജ്ജുൻ.. അച്ഛന് അറിയാവുന്ന കുടുംബം... പയ്യനെക്കുറിച്ചും ആർക്കും എതിരഭിപ്രായം ഒന്നുമില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു ആലോചന വന്നപ്പോഴേ അച്ഛൻ കണ്ണുംപൂട്ടി സമ്മതിച്ചത്. അർജ്ജുനോടും ഞാനിതു പറഞ്ഞു അവൻ പക്ഷെ കുറച്ചു കൂടി പ്രാക്ടിക്കൽ ആയി. നമുക്കൊരു ഡോക്ടറെ പോയി കാണാമെന്നാണ് അവൻ പറഞ്ഞത്. അച്ഛൻ കുറച്ചു കൂടി യാഥാസ്ഥിതികനായി... നമുക്ക് രാമൻ പണിക്കരെ പോയി കാണമെന്നായി. പേരുകേട്ട മന്ത്രവിദ്യക്കാരനാണ് അദ്ദേഹം. ഒരു ദിവസം ഉച്ചയ്ക്ക് ലഞ്ച് ടൈമിൽ ഒത്തുകൂടിയപ്പോൾ കൂട്ടുകാരെല്ലാരും കൂടി പറഞ്ഞു.. "ഇതെല്ലാം നിന്റെ തോന്നലാണ്... അർജ്ജുൻ പറഞ്ഞത് പോലെ ഏതെങ്കിലും ഡോക്ടറെ പോയി കണ്ട് കൗൺസിലിംഗ് ചെയ്യെടാ... അപ്പോൾ എല്ലാം ശരിയാകും." എനിക്കിതിലൊന്നും തൃപ്തി വന്നില്ല. എന്റെ അമ്മ തന്നെ എന്റെ മനസ്സിലൊരുത്തരം തരു...

ആമിയുടെ മനസ്സിന്റെ മഴവിൽ താഴ്‌വാരങ്ങളിൽ കൂട്ടലുകളും കിഴിക്കലുകളും നടന്നു.. രാവ് ഇരുട്ടിന്റെ കരിമ്പടം പുതച്ചുറങ്ങിക്കഴിഞ്ഞു.. ആമി ചില രാത്രികളിൽ എഴുത്തിന്റെ ലോകത്താണ്. ചില കുത്തിക്കുറിക്കലുകൾ ഉണ്ട്‌. വെളിച്ചം കാണിക്കാറില്ല അവൾ. ആത്മസംതൃപ്തിക്കു വേണ്ടി എഴുതുന്നതാണ്. അവൾക്കു ഭയമെന്ന വികാരം ഇല്ലാത്തവളാണ്. കാരണം ചവിട്ടി നടന്നത് കനൽക്കൂമ്പാരങ്ങളുടെ മുകളിലൂടെയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുരികിയവളാണ്. അച്ഛനെന്ന തണൽ മരത്തിന്റെ കീഴിൽ വളർന്നെങ്കിലും ഒരു പെൺകുട്ടി നേരിടുന്ന എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു വന്നവളാണ്. ചിലപ്പോൾ അവൾ വായനയുടെ ലോകത്തിലായിരിക്കും. അവൾക്കു കുഞ്ഞുന്നാൾ മുതലേ പുസ്തകങ്ങളായിരുന്നു കൂട്ട്... പല തരം കഥകൾ വായിച്ചിട്ടുണ്ട് അവൾ.... അതിൽ ഒരുപാട് മാന്ത്രിക കഥകൾ.... അതീന്ദ്രിയ കഥകൾ എല്ലാം ഉണ്ടായിരുന്നു. ഒരുപക്ഷെ അതുകൊണ്ടാണോ ഇനി ആർക്കും തോന്നാത്ത ചിന്തകളൊക്കെ തന്റെ ഉപബോധ മനസ്സിൽ നിന്നും പുറത്തു വരുന്നത്. ഒരു വേള അവൾ സംശയിക്കാതിരുന്നില്ല. ഇപ്പോൾ അവൾ വായിച്ചു കൊണ്ടിരുന്നത് മാന്ത്രിക നോവലുകളുടെ തമ്പുരാൻ ഏറ്റുമാനൂർ ശിവകുമാറിന്റെ "ദേവയാമങ്ങൾ"  എന്ന നോവൽ ആണ്.

ദേവയാമങ്ങളിലൂടെ അവളുടെ കണ്ണുകളും മനസ്സും സഞ്ചരിക്കാൻ തുടങ്ങി... "സുഭദ്രകുട്ടി വനഭൂമിയിലേക്ക് കയറുകയാണ് അതിനുമുമ്പ് കുന്നിന്റെ ഉച്ചിയില്‍ നിന്നവള്‍ ഒരിക്കലൊന്ന് തിരിഞ്ഞുനോക്കി "ഈശ്വരാ" അവള്‍ക്കു പിന്നില്‍ വളരെയകലെയായ് അസംഖ്യം പന്തങ്ങള്‍ പി‌ന്‍തുടര്‍ന്നു വരുന്നു. സുഭദ്രക്കുട്ടിയുടെ നടുക്കം പൂര്‍ണ്ണമായി. ഉള്ളം കാലില്‍നിന്ന് ഉച്ചിവരെ ഒരു തരിപ്പു പടര്‍ന്നുകയറി. വന്യമായ ഒരു വേഗത്തില്‍ അവള്‍ താഴ്‌വാരത്തിലേക്കു കുതിച്ചു..."(കടപ്പാട് : ശ്രീ.. ഏറ്റുമാനൂർ ശിവകുമാർ ദേവയാമങ്ങൾ) വായനയുടെ സുഖനിമിഷങ്ങളിലേക്ക് ആമി ആഴ്ന്നിറങ്ങി കൊണ്ടിരുന്നപ്പോഴാണ് കാതിലൊരു നിശ്വാസം കേട്ടത് പോലെ തോന്നിയത്. അവൾ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല. ആദ്യത്തെ അനുഭവം ആണ് ഇങ്ങനെ എന്നവൾ ഓർത്തു. വീണ്ടും അവൾ വായനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... "ആമി" കാറ്റൂതുംപോലെ ഒരു വിളിയൊച്ച. അവൾ ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ആ നിഴൽ രൂപം... ഇത്തവണ ആമി അൽപ്പം ഭയപ്പെട്ടു. കാരണം ആ രൂപം കുറച്ചു കൂടി മിഴിവോടെ കാണപ്പെട്ടു. "ആമി... നീയറിയുന്നില്ലേ എന്നെ. ഞാനുള്ളിടത്തു തിരയാതെ എവിടെയെങ്കിലും അലഞ്ഞു തിരിഞ്ഞാൽ നിനക്കെന്നെ എങ്ങനെ കാണാൻ കഴിയും. നിനക്കെ എന്നെ മനസ്സിലാകു. കാരണം സുഭദ്രക്കുട്ടിയെപ്പോലെ ഇപ്പോൾ നീയും ഒരു താഴ്‌വരയിലാണുള്ളത്. മരണത്തിന്റെ ഗന്ധമുള്ള ഒരു താഴ്‌വരയിൽ... അവിടെ നിനക്കെന്നെ  കാണാനാവും. അവിടെ നിറയെ വാക പൂത്തു നിൽപ്പുണ്ടാകും.. ആ വാകപ്പൂക്കളുടെ ചുവപ്പ് എന്റെ ചോരയിൽ മുങ്ങിയതാണ്. വിഹ്വലതകൾ നടനമാടുന്ന ആ ഇരുട്ടറയിൽ പക്ഷെ നിന്റെ ജീവിതത്തിലെ വെളിച്ചം പൂട്ടപ്പെട്ടിരിക്കുകയാണ്. ഒരിക്കലെങ്കിലും ആ താഴ്‌വാരത്തിലെത്തിപ്പെട്ടാൽ പക്ഷെ ഞാനല്ല നീയാണ് നീയറിയാതെ നിന്നെ പൊതിഞ്ഞിരിക്കുന്ന അന്ധകാരത്തിന്റെ തടവറയിൽനിന്നും രക്ഷപെടുക. പോവുക.. വാകപ്പൂക്കൾ തേടി.. ആ നിഴൽ മാഞ്ഞുപോയി.

ആ തണുത്ത രാത്രിയിലും ആമി വിയർത്തു. എന്താണിത്... ജീവിതത്തിൽ ആദ്യമായുള്ള അനുഭവം. അമ്മ പോലും സ്വപ്നത്തിലാണ് വന്നിട്ടുള്ളത്. ഇതിപ്പോൾ താൻ വ്യക്തമായി കണ്ടതാണ്. ആരോടാണ് ഇതൊക്കെ താനൊന്നു പറയുക. ആരാ ഇപ്പോൾ ഇതൊക്കെ വിശ്വസിക്കുക. പെട്ടെന്നാണ് അവൾക്കു സൂര്യനാരായണൻ അങ്കിളിനെ  ഓർമ്മ വന്നത്. അവൾക്കു അത്ഭുതം തോന്നി.. എന്തുകൊണ്ടാണ് താൻ അദ്ദേഹത്തെക്കുറിച്ച് ഓർമ്മിക്കാതിരുന്നത്. ആരും ഓർമ്മിപ്പിച്ചുമില്ല. ചിലപ്പോൾ ഇപ്പോഴാകും സമയം ആയിട്ടുണ്ടാവുക. പാരാ സൈക്കോളജിസ്റ് ആണ്. ആത്മാക്കളുമായി നിരന്തരം സംവദിക്കുന്ന ആൾ. അച്ഛൻ പെങ്ങൾ ദേവികാന്റിയുടെ ഭർത്താവാണ്. അങ്കിളിനു ഒരു പക്ഷെ തന്നെ സഹായിക്കാൻ കഴിഞ്ഞേക്കും. അവൾ സമയം നോക്കി. പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. അവൾ മൊബൈൽ എടുത്തു അദ്ദേഹത്തെ വിളിച്ചു. "എന്താ മോളെ പതിവില്ലാതെ...അതും ഈ സമയത്ത്.." "അങ്കിൾ എനിക്കു അങ്കിളിനെ നാളെ ഒന്നു കാണണം... കുറച്ചു സംസാരിക്കാനുണ്ട്" "അതിനെന്താ... നാളെ മോള് വീട്ടിലേക്ക് വന്നോളൂ...." "ഓക്കേ... അങ്കിൾ... ആന്റി ഉറങ്ങിയോ" "ഉവ്വ് മോളെ.. എന്നാൽ കിടന്നോളു... നാളെ കാണാം  ഗുഡ് നൈറ്റ്‌" അഴിയാത്ത സമസ്യകൾക്കുള്ള ഉത്തരം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ അവൾ മെല്ലെ കണ്ണുകളടച്ചു കിടന്നു. അത്ഭുതം എന്ന് പറയട്ടെ.... ആ നിഴൽ രൂപം അന്ന് തെളിഞ്ഞില്ല. ഏറെ നാളുകൾക്കു ശേഷം ആമി അന്ന് സുഖമായി ഉറങ്ങി. പക്ഷെ ആ ജനലരികിൽ കറുത്ത ആ നിഴൽ രൂപം അവളെ നോക്കി നിൽപ്പുണ്ടായിരുന്നു അവളറിയാതെ..

പിറ്റേന്ന് "ആമിക്കുട്ടി " പിന്നിലൊരു വിളി കേട്ട് ആമി സ്കൂട്ടർ നിർത്തി. തിരിഞ്ഞു നോക്കിയപ്പോൾ സുമ ആന്റിയാണ്. തന്റെ അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു എന്നറിയാം. ഇപ്പോൾ ആന്റി വല്ലാത്ത സങ്കടത്തിൽ ആണ്.. ഓമനിച്ചു വളർത്തിയ മകൾ ശ്രുതി ഒളിച്ചോടിപ്പോയിരുന്നു. ഒരു  മാസം പിന്നിട്ടെങ്കിലും ഇപ്പോഴും അവരുടെ കണ്ണുകൾ തോർന്നിട്ടില്ല. "മോളെ.... ശ്രുതി നിന്നെ വിളിച്ചിരുന്നോ... എനിക്കൊരു സമാധാനവും കിട്ടുന്നില്ല മോളെ... അവൾക്കിങ്ങനെ ഒരു ബുദ്ധിമോശം ചെയ്യാൻ പറ്റുമെന്നു എനിക്കിനിയും വിശ്വസിക്കാൻ വയ്യ" സത്യമാണ്... എന്തു പാവം കുട്ടി ആയിരുന്നു അവൾ... അവൾ ആരുടെയൊപ്പം പോയെന്നു പോലും ആർക്കും അറിയില്ല. പൊലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടും ഫലമുണ്ടായില്ല. അവൾ ഒരു കത്ത് എഴുതി വെച്ചിട്ടായിരുന്നു പോയത് കാമുകനോടൊപ്പം പോകുകയാണെന്നു. ഒരുമാസം കഴിഞ്ഞു... എല്ലാവരും അതൊക്കെ പതുക്കെ മറന്നു.. അവളുടെ അമ്മയ്ക്കതിനു കഴിയുമോ... "ഇല്ല ആന്റി.. അവൾ വിളിച്ചില്ല എന്നെ....." "വിളിക്കുവാണേൽ എന്നെ ഒന്നു വിളിക്കാൻ പറയണേ മോളെ " അവർ സങ്കടത്തോടെ പോയി. അവൾ സ്കൂട്ടി മുന്നോട്ടെടുത്തു. എല്ലാവർക്കും ഓരോരോ സങ്കടങ്ങൾ. "മോളെ... നീ വിഷമിക്കണ്ട... ഇതൊക്കെ നിസ്സാരമല്ലേ... നമുക്ക് ഉത്തരം കണ്ടെത്താമെന്നെ" അവൾ സൂര്യ നാരായണൻ അങ്കിളിന്റെ വീട്ടിലെത്തി കാര്യങ്ങളൊക്കെ അദ്ദേഹത്തെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

പത്തു മണിയോട് കൂടി അവർ ഒരു യാത്രയ്ക്ക് പുറപ്പെട്ടു.. നിറയെ വാക മരങ്ങൾ പൂത്തു നിൽക്കുന്ന ആ താഴ്‌വാരം തേടി.. അങ്ങനെ ഒന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. മരതകമല. അധികം ആരും അവിടേക്ക് പോകാറില്ല. ദുരൂഹതകളുടെ താഴ്‌വാരം. അവിടെ എത്തിയപ്പോഴേക്കും ഉച്ചയ്ക്ക് രണ്ടു മണി ആയിരുന്നു. നിറയെ വാകപ്പൂക്കൾ.. മരങ്ങളിലും നിലത്തു പരവതാനി പോലെയും.. മനോഹരമായ ആ സ്ഥലം കണ്ടിട്ട് അവൾക്കു അത്ഭുതം തോന്നി... ഇത്രയും ഭംഗി ഉണ്ടായിട്ടും ആർക്കും ഇവിടെക്കു വരാൻ തോന്നാത്തതെന്താണെന്നു അവൾ ചിന്തിച്ചു. അവർ വണ്ടിയിൽ നിന്നും ഇറങ്ങി മെല്ലെ നടന്നു. പക്ഷികളുടെ ശബ്ദം മാത്രം ഉയർന്നു കേൾക്കാം. എവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടു. അവർ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നു. റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് അവർ കയറി. അവർ കണ്ടു... പതഞ്ഞൊഴുകുന്ന മനോഹരമായ ഒരു നദി.. അതിനക്കരെ കാടായിരുന്നു. അവിടെ ഓരത്തു ഒരു കുഞ്ഞു വീട്. മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. "ഏതായാലും നമ്മൾ വന്നതല്ലേ നമുക്ക് അവിടെ വരെ പോയി നോക്കാം. അവർ ചുറ്റും നോക്കി. ഒരു ചെറിയ ചങ്ങാടവും ഒരു കുഞ്ഞു വള്ളവും അവിടെ കെട്ടിയിട്ടിരിക്കുന്നു. അവർ വള്ളമാണ് തിരഞ്ഞെടുത്തത്. സൂര്യനാരായണന് ഇതൊക്കെ ഒരു ഹരമാണ്. സാഹസികത അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്. അവർ അപ്പുറത്തെത്തി.. ആരും ഉണ്ടായിരുന്നില്ല അവിടെ.. വീടിന്റെ വാതിൽ പൂട്ടിയിരുന്നില്ല.. ചെറുതെങ്കിലും മനോഹരമായ വീട്... അവർ വാതിൽ തുറന്നതും അസ്സഹനീയമായ ദുർഗന്ധം മൂക്കിൽ തുളച്ചു കയറി. ആമി പുറത്തേക്കിറങ്ങി ഓക്കാനിച്ചു. സൂര്യനാരായണൻ കർച്ചീഫ് എടുത്ത് മൂക്ക് പൊത്തി അകത്തേക്ക് കയറി. രണ്ടു മൂന്നു മുറികൾ ഉണ്ടായിരുന്നു അവിടെ. ആമിയും അകത്തേക്ക് വന്നു.

ഒടുവിൽ അവർ കണ്ടു അടുക്കളയോട് ചേർന്നുള്ള മുറിയിൽ കട്ടിലിൽ ഒരു പെൺകുട്ടിയുടെ ശരീരം. അതിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നത്. ആമി വിറയലോടെ സൂര്യ നാരായണനെ ചുറ്റിപ്പിടിച്ചു. അവളുടെ ഉടൽ വിറയ്ക്കുന്നത് അയാൾ അറിഞ്ഞു. അവർക്കൊന്നും മനസ്സിലായില്ല. അവർ ചുറ്റും നോക്കി. പെട്ടെന്നാണ് അവർ അത് കണ്ടത് രണ്ടാമത്തെ മുറിയിൽ ചെറിയൊരു ടേബിളിന്റെ പുറത്ത് കാലിയായ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും... "ആമി.. കമോൺ.. നമുക്കുടൻ ഇവിടെ നിന്നും പോകണം... ഇപ്പോൾ ഇവിടെ ആള് വരാൻ ചാൻസ് ഉണ്ട്... കണ്ടുപിടിക്കണമെങ്കിൽ നമ്മൾ മാറി നിന്നെ മതിയാകു..." അതിനുമുൻപ് ഒരു നിമിഷം... അയാൾ അവിടെ കിടന്ന ഒരു ചെറിയ കമ്പ് എടുത്തു ആ പെൺകുട്ടിയുടെ മുഖം വ്യക്തമാകാനായി മുഖത്തേക്ക് വീണുകിടക്കുന്ന തുണി മാറ്റിനോക്കി. ദൈവമേ... ഇതു ശ്രുതി അല്ലെ... സുമ ആന്റിയുടെ മകൾ..ആമി യുടെ മനസ്സ് പിടഞ്ഞു. അവർ വീട് ചാരിയിട്ടിട്ടു പുറത്തേക്കിറങ്ങി. വള്ളം തുഴഞ്ഞു ഇക്കരെയെത്തി. കുറച്ചപ്പുറത്തു മരങ്ങൾക്കിടയിൽ മറഞ്ഞു നിന്നു. തങ്ങൾ വന്ന കാർ പെട്ടെന്ന് ആരും കാണാത്ത രീതിയിൽ ആണിട്ടിരിക്കുന്നെ. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും ഒരു വാഹനത്തിന്റെ ഒച്ച അവരെ തേടിയെത്തി.. രണ്ടാളും ജാഗരൂഗരായി. കുറച്ചു കഴിഞ്ഞപ്പോൾ തങ്ങൾ നിൽക്കുന്നതിനുകുറച്ചു മാറി ഒരു കാർ വന്നു നിൽക്കുന്നതവർ കണ്ടു. അതിൽ നിന്നും നാലഞ്ചു പേർ പുറത്തിറങ്ങി. ആളുകൾ അടുത്തെത്തി അതിലൊരാളുടെ മുഖം കണ്ടപ്പോൾ ആമിയുടെ നെഞ്ചിൽ വെള്ളിടി വെട്ടി.. നിൽക്കുന്നിടം താണു പോകുന്നത് പോലെ തോന്നി അവൾക്കു.. സൂര്യ നാരായണനും തരിച്ചു നിൽക്കുക ആയിരുന്നു. അത് അർജ്ജുൻ ആയിരുന്നു. ആമിയുടെ പ്രതിശ്രുതവരൻ.. എന്തു വേണമെന്നറിയാതെ ആമി ഞെട്ടിത്തരിച്ചു നിന്നു. ഇപ്പോൾ അവൾക്കു കാര്യങ്ങളൊക്കെ ബോധ്യമായി. ശ്രുതി തന്നെ തേടിവന്നതാണ്. ഒരു നിയോഗം പോലെ.. അവൾ പറഞ്ഞതുപോലെ തന്റെ ജീവിതം അന്ധകാരത്തിൽ ആകുമായിരുന്നു. സത്യങ്ങൾ അറിഞ്ഞില്ലായിരുന്നുവെങ്കിൽ.. അവർ അക്കരയ്ക്ക് എത്തിയതും സൂര്യനാരായണൻ ഏതോ നമ്പറിലേക്ക് വിളിച്ചു. "എത്തിയോ... പെട്ടെന്ന് നദി തീരത്തേക്ക് വരൂ.." ആമി കണ്ടു പത്രക്കാരും പോലീസും അടങ്ങുന്ന ഒരു സംഘം അവിടെക്ക് വരുന്നത്.

പിറ്റേന്ന് മീഡിയയിൽ കൂടി അറിഞ്ഞ വിവരങ്ങൾ കേട്ടു ലോകം ഞെട്ടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടി. ഒരു മാസത്തോളമായി പലരും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. രണ്ടു ദിവസമായി പെൺകുട്ടി മരിച്ചിട്ട്.. ആ ശരീരം അവിടെ നിന്നും മാറ്റുന്നതിനിടയിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. പ്രധാന പ്രതിയായ അർജ്ജുൻ സ്നേഹം നടിച്ചു പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. അർജ്ജുന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു.

മുന്നിൽ തുറന്നു വച്ച പുസ്തകത്തിനുള്ളിലെ വരികൾ വായിക്കാനാവാതെ ആമി പകച്ചിരുന്നു. കഴിഞ്ഞതൊന്നും വിശ്വസിക്കാനാവാതെ അവളിപ്പോഴും ഏതോ മായിക ലോകത്തിലായിരുന്നു. അവൾക്കു തോന്നി താനൊരു മാന്ത്രിക നോവലിലെ കഥാ പാത്രമാണെന്ന്.... നോവലിപ്പോൾ അവസാനിച്ചിരിക്കുന്നുവെന്നും. അവൾ മെല്ലെ പുസ്തകം അടച്ചു വച്ചു. അപ്പോൾ പുറത്തൊരു കാറ്റു വീശി.. ആ കാറ്റിൽ ഒരു കറുത്ത നിഴൽ മേലേയ്ക്ക് പറന്നു... ഭാരങ്ങളില്ലാതെ..

Content Summary: Malayalam Short Story ' Niyogam ' written by Priya Biju Sivakripa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com