ഷാലിമാര്‍ ജാസ്മിന്‍ (കഥ)
കാലില്‍ എന്തോ ഉരുമ്മുന്നതുപോലെ തോന്നിയപ്പോഴാണ് ഡോക്ടര്‍ സുമംഗല ഉറക്കമുണര്‍ന്നത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ ഡോക്ടര്‍ വീട്ടിലെ തന്റെ കണ്‍സല്‍ട്ടെഷന്‍ റൂമില്‍ രോഗികളെ കാത്തിരിക്കും. ചില ദിവസങ്ങളില്‍ ആരുമുണ്ടാവില്ല. അങ്ങനെയുള്ള ഉച്ചനേരങ്ങളില്‍ ഏതെങ്കിലും പുസ്തകം വായിച്ചു ഡോക്ടര്‍ അല്‍പ്പനേരമിരുന്നു മയങ്ങും. ഡോക്ടര്‍ മേശയുടെ കീഴിലേക്ക് നോക്കി. വെളുത്ത നിറമുള്ള ഒരു പൂച്ച മേശയുടെ മൂലയില്‍ പതുങ്ങിയിരുന്നു അവരെ സൂക്ഷിച്ചു നോക്കുന്നു. “ച്ചീ പോ പൂച്ചേ ..” ഡോക്ടര്‍ സുമംഗല പൂച്ചയെ ആട്ടി. അത് മുറിയുടെ കോണിലെ ബുക്ക്ഷെല്‍ഫിന്റെ പിറകില്‍ ഒളിച്ചു. ദേഷ്യവും അമ്പരപ്പും മൂലം ഡോക്ടര്‍ക്ക് അല്‍പ്പനേരം ചലിക്കാനായില്ല. “നാശം! ഇതെങ്ങനെയാണ് വീട്ടിനകത്തു കയറിയത്?” അവര്‍ ആരോടെന്നില്ലാതെ ചോദിച്ചു. ഡോക്ടര്‍ മുറിയില്‍ ഒരുവട്ടം കണ്ണോടിച്ചു. പൂച്ചയെ ഓടിച്ചുവിടാന്‍ പറ്റിയ ഒന്നും തന്നെ മുറിയിലില്ല. അവര്‍ എഴുന്നേറ്റു ബുക്ക്ഷെല്‍ഫിന്റെ അരികിലേക്ക് നടന്നു. “പോ പൂച്ചേ..” സുമംഗല പരമാവധി ഒച്ചയില്‍ ആക്രോശിച്ചു. പൂച്ച വാലിളക്കി കൗതുകത്തോടെ ആ എഴുപതുകാരിയെ നോക്കി. പിന്നെ ഒറ്റച്ചാട്ടത്തിനു ബുക്ക്ഷെല്‍ഫിലെ രണ്ടാമത്തെ തട്ടിലേക്ക് കയറി. ഡോക്ടര്‍ സുമംഗല പരിഭ്രാന്തിയായി. ആരും തന്റെ പുസ്തകങ്ങളില്‍ തൊടുന്നത് അവര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല. അതും എങ്ങുനിന്നോ വലിഞ്ഞു കയറി വന്ന പൂച്ച..
“നിന്റെ അവസാനമാണിന്നു...” ഡോക്ടര്‍ വാതില്‍ വലിച്ചു തുറന്നു വെളിയിലേക്ക് പാഞ്ഞു. ഗാര്‍ഡനിലേക്കാണ് ഡോക്ടര്‍ പോയത്. മതില്‍ക്കെട്ടിനോട് ചേര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന ആപ്പിള്‍പേരയില്‍ നിന്ന് അരിശത്തോടെ അവര്‍ ഒരു കൊമ്പൊടിച്ചു. ആപ്പിള്‍പോലെ രുചിയുള്ള വിദേശയിനം പേരയാണ് എന്ന് ഒരു നഴ്സറിക്കാരന്‍ പറഞ്ഞത് വിശ്വസിച്ച് അഞ്ച് വര്‍ഷം മുന്‍പ് ആയിരം രൂപയ്ക്ക് ഒരു തൈ വാങ്ങിയതായിരുന്നു. ഇത്ര നാളായിട്ടും കായ്ക്കാത്ത പേരയോടുള്ള ദേഷ്യവും ഡോക്ടര്‍ക്കുണ്ടായിരുന്നു. പേരയുടെ കൊമ്പുമായി വന്നപ്പോള്‍ പൂച്ച ഷെല്‍ഫിലെ പുസ്തകങ്ങളുടെ ചൂടുപറ്റി നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്നു. സ്വാതന്ത്രത്തോടെയുള്ള ആ കിടപ്പ് കൂടി കണ്ടപ്പോള്‍ ഡോക്ടറുടെ ദേഷ്യം ഇരട്ടിച്ചു. പേരയുടെ കൊമ്പ് വായുവില്‍ പുളഞ്ഞതും പൂച്ച ഷെല്‍ഫില്‍നിന്ന് ജനാലയിലേക്ക് എടുത്തുചാടി. ആ ചാട്ടത്തില്‍ കാള്‍ ജുങ്ങിന്റെ “ദ റെഡ് ബുക്ക്”, ഫ്രോയ്ഡിന്റെ “ദ അണ്‍കോഷ്യസ്” എന്നീ പുസ്തകങ്ങള്‍ ഷെല്‍ഫില്‍നിന്ന് താഴെ വീണു. നാൽപത് കൊല്ലമായി സൈക്യാട്രിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ സുമംഗലയ്ക്ക് ആ പുസ്തകങ്ങള്‍ ബൈബിളുകള്‍ പോലെയാണ്. പൂച്ചയുടെ കാര്യം ഡോക്ടര്‍ ഒരു നിമിഷം മറന്നു. നിലത്തു വീണ പുസ്തകങ്ങള്‍ എടുത്തു ഒന്ന് കൈകൊണ്ടു തുടച്ചു ശ്രദ്ധാപൂര്‍വം അവ ഇരുന്ന സ്ഥാനത്തു തന്നെ വച്ചു. പുസ്തകം വച്ചതിനുശേഷം ഡോക്ടര്‍ മുറിക്കു പുറത്തിറങ്ങി. പൂച്ചയെ അവിടെയെങ്ങും കാണാനില്ല.
പെട്ടെന്ന് മുറിയില്‍ ടേബിളിലിരുന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. കൈയ്യിലുണ്ടായിരുന്ന പേരയുടെ കൊമ്പ് മുറ്റത്തിട്ടശേഷം അവര്‍ അസ്വസ്ഥതയോടെ മുറിയിലേക്ക് തിരികെ നടന്നു. റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി മോളമ്മ മാത്യുവായിരുന്നു ഫോണില്‍. “ഡോക്ടര്‍, ഇന്ന് വൈകുന്നേരത്തെ മീറ്റിങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഓണാഘോഷത്തിന്റെ കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കാന്‍ ഉള്ളതാ..” “ഓ, എനിക്ക് വയ്യ മോളമ്മേ.. ആകെ ഒരു സുഖമില്ല.” ഉദാസീനതയോടെ ഡോക്ടര്‍ സുമംഗല പറഞ്ഞു. “അയ്യോ.. അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. മാത്രമല്ല, ഇന്ന് നമ്മുടെ അസോസിയേഷനില്‍ പുതിയ ഒരാള്‍കൂടി ജോയിന്‍ ചെയ്യും. ഡോക്ടറുടെ വീടിന്റെ തൊട്ടടുത്ത വില്ലയിലാ താമസിക്കുന്നത്. ഡോക്ടറെപോലെ തനിച്ചു താമസിക്കുന്ന മറ്റൊരു ഡോക്ടര്‍..” “അതാരാ?” സുമംഗല ആകാംക്ഷയോടെ ചോദിച്ചു. “എല്ലാ ഡീറ്റെയില്‍സും പറഞ്ഞാല്‍ പിന്നെ ഡോക്ടര്‍ വരില്ല. മീറ്റിംഗില്‍ വന്നു കഴിഞ്ഞു വിശദമായി പരിചപ്പെടാം.” ഫോണ്‍ വച്ചതിനുശേഷം ഡോക്ടര്‍ മുറ്റത്തേക്ക് നടന്നു. മതിലിനരികില്‍ നിന്നാല്‍ മോളമ്മ പറഞ്ഞ വില്ല കാണാം. വില്ലയുടെ മുന്‍പില്‍ ഒരു വാന്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. പണിക്കാര്‍ ഫര്‍ണിച്ചറുകള്‍ എടുത്തുവയ്ക്കുന്നു. അവിടെ ചെന്ന് പുതിയ അയല്‍ക്കാരനെ പരിചയപ്പെടണോ? ഡോക്ടര്‍ ആലോചിച്ചു. അല്ലെങ്കില്‍ വേണ്ട. തിരക്കിനിടയില്‍ ശല്യപ്പെടുത്തണ്ട. വൈകുന്നേരത്തെ മീറ്റിംഗില്‍ പോകാം. അവിടെ വച്ച് പരിചയപ്പെടാം. ഇത്തരം മീറ്റിംഗുകളില്‍ പോകാന്‍ ഡോക്ടര്‍ക്ക് താൽപര്യമില്ല. ചിലപ്പോള്‍ ആളുകള്‍ കുടുംബത്തെ പറ്റി ചോദിക്കും. വിവാഹബന്ധം വേര്‍പിരിഞ്ഞതാണ് എന്നും മക്കളില്ലെന്നും ഒക്കെ അറിയുമ്പോള്‍ ചില ആളുകളുടെ മുഖത്തെ ഭാവം മാറും. ചിലരുടെ മുഖത്ത് ഷോക്ക്, ചിലര്‍ക്ക് സഹതാപം.
മോളമ്മയുടെ വില്ലയുടെ മുറ്റത്തു വച്ചായിരുന്നു മീറ്റിംഗ്. ഡോക്ടര്‍ ചെല്ലുമ്പോള്‍ അസോസിയേഷന്‍ അംഗങ്ങളില്‍ ചിലര്‍ ഒരു സ്ത്രീയുടെ ചുറ്റിനും നിന്ന് സംസാരിക്കുന്നത് കണ്ടു. പുറം തിരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് ആള്‍ ആരാണ് എന്ന് ഡോക്ടര്‍ക്ക് മനസ്സിലായില്ല. സംസാരിച്ചുകൊണ്ട് നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ മോളമ്മയുമുണ്ടായിരുന്നു. ഡോക്ടര്‍ സുമംഗലയെ കണ്ടതും മോളമ്മ ഓടിവന്നു കൈപിടിച്ചു അവര്‍ക്കിടയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. “ദാ ഇതാണ് ഡോക്ടറുടെ പുതിയ അയല്‍ക്കാരി. ഡോക്ടര്‍ മാര്‍ഗരറ്റ്...” മോളമ്മ ഡോക്ടര്‍ സുമംഗലയ്ക്ക് ആ സ്ത്രീയെ പരിചയപ്പെടുത്തി. അവരുടെ മുഖം കണ്ടപ്പോള്‍ ഡോക്ടര്‍ സുമംഗല മരവിച്ചു പോയി. ഡോക്ടര്‍ മാര്‍ഗരറ്റിന്റെ മുഖം ഒരു നിമിഷം ഇരുണ്ടുപോയെങ്കിലും അടുത്ത നിമിഷം അവര്‍ സമചിത്തത വീണ്ടെടുത്തു. “സുമംഗല!!!! വാട്ട് എ കോയിന്‍സിഡന്‍സ്!” ഡോക്ടര്‍ മാര്‍ഗരറ്റ് അവരുടെ അരികിലേക്ക് ചിരിച്ചുകൊണ്ട് നടന്നു വന്നു. പിന്നെ ഷേക്ക് ഹാന്‍ഡിന് കൈ നീട്ടി. തന്റെ ദേഹത്തുകൂടി ഒരു വിറയല്‍ കടന്നുപോകുന്നതും ഉള്ളം കൈയ്യില്‍ തരിതരിപ്പ് പടരുന്നതും ഡോക്ടര്‍ സുമംഗല അറിഞ്ഞു. മെല്ലെ നെഞ്ചിടിപ്പിന്റെ വേഗം കൂടാന്‍ തുടങ്ങുകയാണ്. വര്‍ഷങ്ങള്‍ ഉറങ്ങിക്കിടന്ന ആന്‍സൈറ്റി ഡിസോര്‍ഡര്‍ ഉണരുന്നതിന്റെ ലക്ഷണം മനസ്സില്‍ ഒരു കറുത്ത സന്ധ്യ പരക്കുന്നു. അവര്‍ പെട്ടെന്ന് ദീര്‍ഘമായി ഒരു ശ്വാസമെടുത്തു. പിന്നെ തന്റെ മുന്നിലേക്ക് നീട്ടിയ ഡോക്ടര്‍ മാര്‍ഗരറ്റിന്റെ കരം കവര്‍ന്നു. “ഞാന്‍ സുഖമായിരിക്കുന്നു. ഡോക്ടര്‍ എന്ന് മോളമ്മ പറഞ്ഞപ്പോള്‍ പുരുഷനായിരിക്കുമെന്നാണ് വിചാരിച്ചത്.” “ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഈ കാലത്ത് അങ്ങനെയൊക്കെ വിചാരിക്കാമോ.. അതും ഒരു സൈക്യാട്രിസ്റ്റ്...” മാര്‍ഗരറ്റ് പറഞ്ഞത് കേട്ടപ്പോള്‍ ചുറ്റുമുണ്ടായിരുന്ന സ്ത്രീകള്‍ ഉറക്കെ ചിരിച്ചു. ഡോക്ടര്‍ സുമംഗലയുടെ മുഖം വിളറി. നട്ടെല്ല് തണുക്കുന്നു. ഉള്ളം കൈ വിയര്‍ക്കാന്‍ ഒരുങ്ങുന്നു. നെഞ്ചു ശക്തിയായി മിടിക്കുന്നു. തനിച്ചായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആൻസൈറ്റി ഡിസോര്‍ഡര്‍ ആക്രമിച്ച ഘട്ടങ്ങളിലെല്ലാം താന്‍ തനിച്ചായിരുന്നു.
ഷെല്‍ഫിലിരുന്നു തന്നെ പരിഹാസപൂര്‍വ്വം നോക്കിയ പൂച്ചയെപോലെ മാര്‍ഗരറ്റിന്റെ നോട്ടം. “എന്തായാലും പനിയും അസുഖവും വരുമ്പോള്‍ കാണിക്കാന്‍ ഒരു റിയല്‍ ഡോക്ടറായി. സുമംഗല ഡോക്ടറുടെ അടുത്തു പനിയുടെ ചികിത്സയില്ലല്ലോ..” ലളിതാമ്മ എന്ന റിട്ടയര്‍ഡ് കോളേജ് പ്രഫസര്‍ മാര്‍ഗരറ്റിനെ ആരാധനയോടെ നോക്കിക്കൊണ്ട് പറയുന്നു. വീണ്ടും ചിരി. സുമംഗലയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അവര്‍ മാര്‍ഗരറ്റിന്റെ മുഖത്തു നിന്നും നോട്ടം മാറ്റി. വേറെ ആര്‍ക്ക് മനസില്ലായില്ലെങ്കിലും തന്റെ ഭാവവ്യതാസം അവര്‍ക്ക് മനസ്സിലാവും. അതിനു അനുവദിക്കരുത്. മുറ്റത്തെ ടേബിളില്‍ വച്ച ജഗ്ഗില്‍ നിന്ന് വെള്ളം കുടിക്കാന്‍ എന്ന പേരില്‍ സുമംഗല അവിടെനിന്നു മാറി. എങ്കിലും അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ സുമംഗലയ്ക്ക് കേള്‍ക്കാമായിരുന്നു. “നിങ്ങള്‍ തമ്മില്‍ പരിചയമുണ്ടോ?” മോളമ്മ മാത്യു തിരക്കുന്നു. “ഉവ്വ്. ഒരു പത്തിരുപത്തിയഞ്ചു കൊല്ലം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്..” മാര്‍ഗരറ്റ് പറയുന്നു. ജഗ്ഗില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചപ്പോള്‍ സുമംഗലയ്ക്ക് ആശ്വാസം തോന്നി. പിന്നെ അവര്‍ ദീര്‍ഘമായി നാലഞ്ചു തവണ കൂടി ശ്വാസമെടുത്തു. മെല്ലെ ശ്വാസം സാധാരണഗതിയിലായി. ശരീരത്ത് കൂടി പടര്‍ന്ന വിറയല്‍ മാറി. എങ്കിലും പാമ്പ് പടം പൊഴിച്ച് പോകുന്നത് പോലെ ഉത്കണ്ഠയുടെ അനുരണനങ്ങള്‍ അവരുടെ ശരീരത്തില്‍ തങ്ങി നിന്നു. “അപ്പൊ നമുക്ക് മീറ്റിംഗ് തുടങ്ങാം.” മോളമ്മ അനൗണ്‍സ് ചെയ്തു. അവിടവിടെയായി സംസാരിച്ചുകൊണ്ട് നിന്നവര്‍ മുറ്റത്ത് നിരത്തിയിട്ട കസേരകളില്‍ വന്നിരിക്കാന്‍ തുടങ്ങി. സുമംഗല ഏറ്റവും പിറകിലത്തെ നിരയില്‍, ഒരു മൂലയില്‍ പോയിരുന്നു. എത്രയും വേഗം ഇതൊന്നു കഴിഞ്ഞു കിട്ടിയെന്നാല്‍ മതി ഡോക്ടര്‍ക്ക്. പെട്ടെന്ന് ശിരസ്സിലേക്ക് ഒരു കുടന്ന മുല്ലപൂ ചൊരിഞ്ഞത് പോലെ ഡോക്ടര്‍ക്ക് തോന്നി. ഷാലിമാര്‍ ജാസ്മിന്‍. ആ ഫ്രഞ്ച് പെര്‍ഫ്യൂമിന്റെ ഗന്ധം ഏതു ദുഃസ്വപ്നത്തിലും ഡോക്ടര്‍ സുമംഗല തിരിച്ചറിയും. മാര്‍ഗരറ്റിന്റെ ഗന്ധം.
“ഞാന്‍ സുമംഗലയെ തീരെ പ്രതീക്ഷിച്ചില്ല.” സുമംഗലയുടെ തൊട്ടരികിലെ കസേരയില്‍ വന്നിരുന്നു മാര്‍ഗരറ്റ് പറഞ്ഞു. ഇവള്‍ ഈ പ്രായത്തിലും ആ ഫ്രഞ്ച് പെര്‍ഫ്യൂം തന്നെയാണോ ഉപയോഗിക്കുന്നത്? വെറുപ്പോടെ സുമംഗല മാര്‍ഗരറ്റിനെ നോക്കി. “ഞാനും പ്രതീക്ഷിച്ചില്ല. നിങ്ങള്‍ അമേരിക്കയിലാണ് എന്നാണ് ഞാന്‍ വിചാരിച്ചത്..” സുമംഗല പതറിയ സ്വരത്തില്‍ പറഞ്ഞു. “അവിടുന്ന് കഴിഞ്ഞ വര്‍ഷം പോന്നു.” അല്‍പ്പം തടിച്ചിട്ടുണ്ടെങ്കിലും മാര്‍ഗരറ്റ് ഇപ്പോഴും സുന്ദരിയാണ്. കവിളത്തടങ്ങളില്‍ ഇപ്പോഴും ചുവന്ന രാശി ബാക്കിയുണ്ട്. കണ്ണുകള്‍ക്ക് ഇപ്പോഴും ആകര്‍ഷകമായ ഒരു തിളക്കം. മുടി മൊത്തത്തില്‍ നരച്ചിട്ടില്ല. നെറ്റിത്തടത്തിലേക്ക് വീണു കിടക്കുന്ന ചെമ്പിച്ച നാരുകള്‍... അല്‍പ്പനേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല. അസുഖകരമായ നിശബ്ദത അവസാനിപ്പിച്ചത് മാര്‍ഗരറ്റായിരുന്നു. “സീ സുമംഗല, നിങ്ങള്‍ക്ക് ഇപ്പോഴും എന്നോട് വെറുപ്പ് ഉണ്ടാകും എന്നറിയാം. എന്നാലും നമ്മുടെ പാസ്റ്റ് ഇവിടെയുള്ളവര്‍ക്ക് അറിയില്ല. ബെറ്റര്‍ ആരോടും- “ഇല്ല. ഞാന്‍ പറയില്ല. എനിക്ക് അതിന്റെ ആവശ്യമില്ല.” മാര്‍ഗരറ്റ് പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സുമംഗല പറഞ്ഞു. മീറ്റിംഗ് തുടങ്ങിയപ്പോള്‍ മോളമ്മ പുതിയ അംഗത്തെ പരിചയപ്പെടുത്താനായി മുന്‍പോട്ടു ക്ഷണിച്ചു. ചുരുങ്ങിയ വാക്കുകളില്‍ മാര്‍ഗരറ്റ് സ്വയം അവതരിപ്പിച്ചു. കോട്ടയംകാരി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദം അമേരിക്കയിലെ ജോണ്‍ ഹോപ്‌കിന്‍സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗവേഷണബിരുദം. കഴിഞ്ഞ ഇരുപതു വര്‍ഷമായി അമേരിക്കയില്‍. ഇനിയുള്ള കാലം നാട്ടില്‍.. മാര്‍ഗരറ്റിന് ഇപ്പോഴും ആ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും ബാക്കിയുണ്ട്. തന്നെപ്പോലെ അവര്‍ കിളവിയായിട്ടില്ല. താന്‍ കിളവിയായത് ഇപ്പോഴല്ല. മുപ്പതുകൊല്ലം മുന്‍പ് തന്നെ താന്‍ കിളവിയായി മാറിയിരുന്നു. തന്നെ കിളവിയാക്കിയത് അവളാണ്. മാര്‍ഗരറ്റ്.... സുമംഗലയുടെ ഉള്ളില്‍ വീണ്ടും വെറുപ്പ് നുരകുത്തി.
“ഫാമിലി?” സദസ്സില്‍നിന്ന് ആരോ ചോദിച്ചു. മാര്‍ഗരറ്റ് ഒന്ന് നിശബ്ദയായി. അവര്‍ തന്നെ നോക്കുന്നതും ആ മുഖം ഒന്ന് വിളറിയതും ഡോക്ടര്‍ സുമംഗല ശ്രദ്ധിച്ചു. “വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണ്ട കേട്ടോ...” മോളമ്മ പറഞ്ഞു. മാര്‍ഗരറ്റ് ഒന്ന് വിടര്‍ന്നു ചിരിച്ചു. “ഞാന്‍ മൂന്നു കെട്ടി. ഒന്ന് ഇന്ത്യയില്‍വച്ച്.. പിന്നെ രണ്ടു തവണ അമേരിക്കയില്‍വച്ച്.. ഇപ്പോള്‍ കൂടെയുള്ളത് ടോണിയാണ്.. എന്റെ ടോണി..” “എന്നിട്ട് ടോണിയെ കൂട്ടാഞ്ഞതെന്താ?” ആരോ ചോദിച്ചു. മാര്‍ഗരറ്റ് ഉറക്കെ ചിരിച്ചു. “ടോണി എന്റെ പെറ്റ് സ്ക്യുറലാണ്...അണ്ണാന്‍...” എല്ലാവരും അവരെ അത്ഭുതത്തോടെ നോക്കി. മാര്‍ഗരറ്റ് മൊബൈല്‍ എടുത്ത് ടോണിയുടെ ഫോട്ടോസ് എല്ലാവരെയും കാണിച്ചു. നല്ല സുന്ദരന്‍ അണ്ണാന്‍കുഞ്ഞ്. “അമേരിക്കയില്‍നിന്ന് എന്റെ കൂടെ കൂടിയതാ കക്ഷി.. പിന്നെ അവിടെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. ഇപ്പൊ എന്റെ കൂടെയാ സദാ സമയവും... മാര്‍ഗരറ്റ് ടോണിയെ കളിപ്പിക്കുന്ന വീഡിയോയും ഫോട്ടോസും എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുന്ന തിരക്കിനിടയില്‍ സുമംഗല വേഗം സ്ഥലം വിട്ടു. ഇനിയും അവിടെയിരിക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും സുമംഗല തളര്‍ന്നു. മുറിയടച്ചു കട്ടിലില്‍ ഇരുന്നപ്പോള്‍ സുമംഗലയ്ക്ക് കരച്ചില്‍ വന്നു. മാര്‍ഗരറ്റ്... ജീവിതത്തിന്റെ വൈകുന്നേരമായി. ഇനിയും വിധി തന്നെ എന്തിനാണ് പരീക്ഷിക്കുന്നത്?
പെട്ടെന്ന് ചാരിയിട്ട വാതില്‍പ്പാളി മെല്ലെ തുറന്നുവരുന്ന ശബ്ദം കേട്ടു. സുമംഗല ഞെട്ടി മുഖമുയര്‍ത്തി നോക്കിയപ്പോള്‍ വാതില്‍ക്കല്‍ പൂച്ച നില്‍ക്കുന്നത് കണ്ടു. അതിനെ ഓടിച്ചുവിടണം എന്ന് സുമംഗലയ്ക്ക് തോന്നിയില്ല. അവര്‍ അത്രയ്ക്ക് തളര്‍ന്നിരുന്നു. പൂച്ചയെ ശ്രദ്ധിക്കാതെ അവര്‍ കട്ടിലിലേക്ക് മറിഞ്ഞു. അല്‍പ്പനേരത്തിനുള്ളില്‍ അവര്‍ മയങ്ങി. ഇടയ്ക്ക് ഉണര്‍ന്നപ്പോഴും പൂച്ച വാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു. അത് തലയുയര്‍ത്തി സുമംഗലയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ ആ കാഴ്ച ഒരു സ്വപ്നം പോലെ സുമംഗലയ്ക്ക് തോന്നി. നല്ല ആഴമുള്ള ഉറക്കമായിരുന്നു അത്. എങ്കിലും പാതിരാത്രിയില്‍ മഴ പെയ്യുന്ന സ്വരം കേട്ടു സുമംഗല ഉറക്കമുണര്‍ന്നു. അവര്‍ക്ക് നല്ല വിശപ്പ് തോന്നി. എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍ മേശയുടെ മുകളില്‍ പൂച്ച കൂനിക്കൂടിയിരിക്കുന്നത് കണ്ടു. അത് സുമംഗലയെ നോക്കി കണ്ണ് ചിമ്മി. ജനാല തുറന്നിട്ടതിനാല്‍ മഴയുടെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. ജനാല അടയ്ക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് പേരയുടെ കൊമ്പു മഴയത്ത് നനഞ്ഞു കിടക്കുന്നത് സുമംഗല കണ്ടു. സുമംഗല അല്‍പ്പനേരം അത് നോക്കിനിന്നു. അപ്പോഴും നാസികയില്‍ ഷാലിമാര്‍ ജാസ്മിന്റെ ഗന്ധം തങ്ങിനില്‍ക്കുന്നതുപോലെ അവര്‍ക്ക് തോന്നി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവിന്റെ ശരീരത്തു പടര്‍ന്ന മാര്‍ഗരറ്റിന്റെ ഗന്ധം.. “ഇപ്രാവശ്യം ജയിക്കണം.” സുമംഗല പിറുപിറുത്തു. പിന്നെ ജനാല വലിച്ചടച്ചു. ആ സ്വരം കേട്ടു പൂച്ച മേശയുടെ മുകളില്‍നിന്നു എടുത്തുചാടി. എന്നിട്ട് അടുക്കളയിലേക്ക് നടന്ന സുമംഗലയുടെ പിന്നാലെ നീങ്ങി. സുമംഗല ഫ്രിഡ്ജില്‍നിന്ന് പാലും മുട്ടയും എടുത്തു. പൂച്ച ശബ്ദിക്കാതെ അടുക്കളയുടെ ഒരു മൂലയില്‍ സുമംഗലയെ നോക്കിയിരുന്നു. “നീ വല്യ അഭിമാനിയാണല്ലോ..” സുമംഗല പൂച്ചയെ നോക്കി കൗതുകത്തോടെ പറഞ്ഞു. പൂച്ച അത് ശരിവയ്ക്കുന്ന മട്ടില്‍ മ്യാവൂ എന്ന് കരഞ്ഞു. സുമംഗല ഒരു പരന്നപാത്രത്തില്‍ കുറച്ചു പാലൊഴിച്ചു പൂച്ചയ്ക്ക് വച്ചുകൊടുത്തു. സുമംഗല ഓംലറ്റ് ഉണ്ടാക്കുന്നതിനിടയില്‍ പൂച്ച വളരെ മെല്ലെ പാല് കുടിച്ചു.
ഓംലറ്റും കാപ്പിയുമായി സുമംഗല കണ്‍സല്‍ട്ടെഷന്‍ മുറിയിലേക്ക് പോയി. അലമാര തുറന്നു ഏറ്റവും അടിയിലെ അറയില്‍ സൂക്ഷിച്ചിരുന്ന മൂന്നു കറുത്ത ഡയറികള്‍ പുറത്തെടുത്തു. ഒരു സൈക്യാട്രിസ്റ്റ് അഴുക്കുചാലിന്റെ പ്രവര്‍ത്തിയാണ് ചെയ്യുന്നത്. രോഗികളുടെ മനസ്സിന്റെ അഴുക്കു മുഴുവന്‍ സ്വീകരിക്കുന്ന വലിയ ഓവുചാല്‍. എങ്കിലും ഒരു സൈക്യാട്രിസ്റ്റിന്റെ മനസ്സും മറ്റ് ഏതൊരു മനുഷ്യന്റെയും പോലെ ദുര്‍ബലതകള്‍ ഉള്ള മനസ്സാണ്. എപ്പോള്‍ വേണമെങ്കിലും അസുഖം പിടിപെടാവുന്ന സാധാരണ മനുഷ്യമനസ്സ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവു തന്നെ ഉപേക്ഷിച്ചു കൂടെ ജോലി ചെയ്യുന്ന മാര്‍ഗരറ്റിനെ വിവാഹം ചെയ്ത നാളുകളിലാണ് സുമംഗല തന്നില്‍ ആന്‍സൈറ്റി ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത്. അതിനെ നേരിടുന്നതിന്റെ ഭാഗമായാണ് അവര്‍ ജേര്‍ണലിംഗ് തുടങ്ങിയത്. സര്‍പ്പക്കുഞ്ഞുങ്ങളെപ്പോലെ നുളയുന്ന ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റുക. ശിരസ്സിലെ ഭയത്തിന്റെ മൂടല്‍മഞ്ഞിനെ കടലാസിന്റെ വെളുപ്പിലേക്ക് ആവാഹിക്കുക. കാപ്പികുടിക്കുന്നതിനിടയില്‍ അവര്‍ ഡയറികള്‍ പരിശോധിച്ചു. മൂന്നു ഡയറികളും ഒന്ന് ഓടിച്ചു വായിച്ചതിനുശേഷം സുമംഗല ഒന്ന് നെടുവീര്‍പ്പിട്ടു. ഇല്ല. തനിക്ക് കാര്യമായ പ്രശ്നങ്ങളില്ല. ഒരിക്കല്‍ തന്റെ ജീവിതത്തിലെ വെറുപ്പിന്റെയും ദുഃഖത്തിന്റെയും കാരണക്കാരിയായ സ്ത്രീയെ നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ ഭയം. സ്വയരക്ഷക്ക് ഒരു മുന്‍കരുതല്‍ പോലെ മനസ്സിനുണ്ടായ പിടച്ചില്‍. അത്രേയുള്ളൂ. “ഇല്ല. ഇനിയും താന്‍ തോല്‍ക്കില്ല.” ഡോക്ടര്‍ സുമംഗല പിറുപിറുത്തു. ഡയറികള്‍ വീണ്ടും അലമാരയില്‍ വച്ച് അടച്ചുപൂട്ടിയത്തിനുശേഷം അവര്‍ കിടപ്പ്മുറിയിലേക്ക് പോയി. മീറ്റിംഗിന് പോയി വന്നതിനേക്കാള്‍ അവരുടെ നെഞ്ചിലെ ഭാരം നന്നായി കുറഞ്ഞിരുന്നു. പൂച്ച മേശയുടെ മുകളില്‍ത്തന്നെ ഇരിപ്പുണ്ടായിരുന്നു. നീണ്ട വെളുത്തവാല്‍ വളച്ചുവച്ച് പ്രൗഢമായാണ് ഇരിപ്പ്. ഇപ്രാവശ്യം അത് സുമംഗലയെ നോക്കി കണ്ണിറുക്കിയില്ല. അതെന്തോ ഗാഢമായ ചിന്തയിലാണ് എന്ന് സുമംഗലയ്ക്ക് തോന്നി.
പിറ്റേന്ന് പുലര്‍ച്ചെ ഉന്മേഷത്തോടെ തന്നെ ഡോക്ടര്‍ സുമംഗല ഉണര്‍ന്നു. എല്ലാ ദിവസവും പുലര്‍ച്ചേ നടക്കാന്‍ പോകുന്ന ശീലമുണ്ട് ഡോക്ടര്‍ക്ക്. മാര്‍ഗരറ്റ് താമസിക്കുന്ന വില്ലയുടെ മുന്‍പിലൂടെയാണ് തനിക്ക് നടക്കാന്‍ പോകേണ്ടത് എന്നോര്‍ത്തപ്പോള്‍ അവര്‍ക്ക് ലേശം അസ്വസ്ഥത തോന്നി. എങ്കിലും ഭയത്തിനെ അഭിമുഖീകരിക്കുകയാണ് നല്ലതെന്ന് ഒരു സൈക്യാട്രിസ്റ്റായ അവര്‍ക്ക് അറിയാമായിരുന്നു. നടക്കാന്‍ പോയി തിരികെ വരുന്നതിനിടയില്‍ സുമംഗല ഭയന്നത് പോലെ മാര്‍ഗരറ്റിനെ കണ്ടു. തന്റെ വില്ലയുടെ മുന്‍പില്‍ അണ്ണാന്‍കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിക്കുകയായിരുന്നു മാര്‍ഗരറ്റ്. സുമംഗലയെ കണ്ടതും മാര്‍ഗരറ്റ് റോഡരികിലേക്ക് വേഗം നടന്നുവന്നു. മാര്‍ഗരറ്റ് നടന്നുവരുന്നത് കണ്ടപ്പോള്‍ തന്നെ സുമംഗല ജാഗരൂകയായിരുന്നു. സ്വന്തം ശരീരത്തും മനസ്സിലും ഉണ്ടാവാന്‍ പോകുന്ന മാറ്റങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിക്കാനായി അവര്‍ ഒരുങ്ങി. “സുമംഗലേ ഒന്ന് വീട്ടില്‍ കയറിയിട്ട് പോകാം...” അവര്‍ ക്ഷണിച്ചു. ഒന്ന് മടിച്ചു നിന്നതിനുശേഷം അവര്‍ ഗേറ്റ് തുറന്നു അകത്തേക്ക് കയറി. സുംഗലയെ കണ്ടതും മാര്‍ഗരറ്റിന്റെ മടിയില്‍ ചാടിക്കളിച്ചുകൊണ്ടിരുന്ന അണ്ണാന്‍ ഓടി കൂട്ടില്‍ കയറി. അതുകണ്ട് മാര്‍ഗരറ്റ് ഉറക്കെ ചിരിച്ചു. “കമോണ്‍ ടോണി, ഷീ ഈസ് എ ഫ്രണ്ട്!” ടോണി കൂട്ടില്‍ നിന്നുകൊണ്ട് വാലിളക്കി സുമംഗലയെ നോക്കിയെങ്കിലും പുറത്തേക്ക് വന്നില്ല. “ഇതിനെന്തിനാ കൂട്..” സുമംഗല ചോദിച്ചു. “അവിടുന്ന് ഫ്ലൈറ്റില്‍ കൊണ്ടുവരാന്‍ നേരത്ത് യൂസ് ചെയ്തതാണ്. പിന്നെ ടോണിക്കത് ഇഷ്ടമായി. ഇത് കൂടല്ല. അവന്റെ വീടാണ്. ആര്‍ക്കാ സ്വന്തമായി ഒരു വീടിഷ്ടമല്ലാത്തത്?” മാര്‍ഗരറ്റ് ചോദിച്ചു. ചരല്‍ വിരിച്ച മുറ്റം. വെളുപ്പും ചുവപ്പും നിറങ്ങളില്‍ പെയിന്റ് ചെയ്ത വില്ലയുടെ അരികില്‍ ഒരു കടലാസ് റോസാച്ചെടിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അല്ലെങ്കിലും മാര്‍ഗരറ്റ് പണ്ടേ ഇങ്ങനെയായിരുന്നല്ലോ.. സാധാരണ സ്ത്രീകള്‍ക്ക് ഗാര്‍ഡനിംഗ് ഇഷ്ടമാണ്. പണ്ട് തങ്ങളുടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ അതിനെക്കുറിച്ച് ചോദിച്ചതാണ്. അപ്പോള്‍ മാര്‍ഗരറ്റ് പറഞ്ഞ മറുപടി സുമംഗലയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. “അയല്‍ക്കാര്‍ക്ക് സുന്ദരമായ പൂന്തോട്ടം ഉള്ളപ്പോള്‍ ഞാനെന്തിനാ മിനക്കെടുന്നെ?”
മാര്‍ഗരറ്റ് അകത്തേക്ക് നടന്നു. ഉടനെ ടോണി കൂട്ടില്‍നിന്ന് പുറത്തു ചാടി അവരുടെ പിറകെ അകത്തേക്ക് ഓടി. അവര്‍ കിച്ചണില്‍ നിന്ന് കാപ്പിയുമായി വന്നപ്പോഴും അണ്ണാന്‍ പിന്നാലെ തന്നെയുണ്ടായിരുന്നു. “സുമംഗല ഇപ്പോഴും ശത്രുത ഉണ്ടോന്നു ടെസ്റ്റ് ചെയ്യാന്‍ കൂടിയാണ് ഈ കാപ്പി. ശത്രുക്കളുടെ വീട്ടില്‍ നിന്ന് ആരും ഭക്ഷണം കഴിക്കില്ലല്ലോ..” മാര്‍ഗരറ്റ് ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അവരുടെ കണ്ണിലെ കുറ്റബോധം ഡോക്ടര്‍ക്ക് മനസ്സിലായി. നിമിഷനേരത്തേക്ക് ഒരു തരം തൃപ്തി സുമംഗലയ്ക്ക് തോന്നി. എന്നാല്‍ അവരുടെ കൈയ്യില്‍ നിന്ന് കാപ്പി വാങ്ങുമ്പോള്‍ ഷാലിമാര്‍ ജാസ്മിന്റെ മയക്കുന്ന ഗന്ധം വീണ്ടും സുമംഗല അനുഭവിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഉച്ചനേരത്ത് തന്റെ ഭര്‍ത്താവ് മാര്‍ഗരറ്റിന്റെ ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇറങ്ങിവരുന്നത് സുമംഗല ഓര്‍മ്മിച്ചു. മാര്‍ഗരറ്റിന്റെ നരച്ച കണ്ണുകളില്‍ തിളങ്ങുന്നത് പരിഹാസമാണോ? സുമംഗലയുടെ കൈ ഇടറി. കാപ്പിക്കപ്പ് താഴെവീണു. “അയ്യോ.. എന്ത് പറ്റി!” മാര്‍ഗരറ്റ് ചോദിച്ചു. “സോറി. കൈക്ക് ചെറിയ വിറയലുണ്ട്... ഇടയ്ക്കിടെ..” സുമംഗല പറഞ്ഞു. മാര്‍ഗരറ്റ് സഹതാപത്തോടെ സുംഗലയെ നോക്കി. “സുമംഗലയ്ക്ക് ഇപ്പൊ എത്ര വയസ്സായി?” അവര്‍ ചോദിച്ചു. “എഴുപത്തിരണ്ട്. മാര്‍ഗരറ്റ് എന്റെ ജൂനിയര്‍ അല്ലെ..” “എനിക്ക് എഴുപത്. ഇനി നമ്മുടെ കൈയ്യൊക്കെ വിറയ്ക്കും..” അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ടോണി നിലത്തു പടര്‍ന്ന കാപ്പി നക്കികുടിക്കാന്‍ ശ്രമംനടത്തുകയായിരുന്നു. “ടോണി, വേണ്ട നിന്റെ നാക്കു പൊള്ളും. മമ്മി നിനക്ക് പാല് തരാം.” മാര്‍ഗരറ്റു പറഞ്ഞു. അണ്ണാന്‍കുഞ്ഞു തലയുയര്‍ത്തി മാര്‍ഗരറ്റിനെ ദുഃഖപൂര്‍വ്വം നോക്കി. പിന്നെ അടുക്കളയിലേക്ക് പാഞ്ഞു. “സുമംഗലയ്ക്ക് പെറ്റ്സ് ഉണ്ടോ?” മാര്‍ഗരറ്റു അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ ചോദിച്ചു. “ഇല്ല.” സുമംഗലയുടെ മനസ്സില്‍ മേശയുടെ മുകളില്‍ ചടഞ്ഞുകൂടിയിരിക്കുന്ന പൂച്ചയുടെ ചിത്രം തെളിഞ്ഞു. അവര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. “സ്നേഹിക്കാന്‍ ആരെങ്കിലും വേണം. നമ്മളെ സ്നേഹിക്കാനും.” ഫ്രിഡ്ജ് തുറന്നു വലിയ ജാറില്‍ സൂക്ഷിച്ചിരുന്ന പാല്‍ എടുക്കുന്നതിനിടയില്‍ സുമംഗല പറഞ്ഞു. ഫ്രിഡ്ജിന്റെ മൂലയില്‍ വച്ചിരുന്ന പാത്രത്തില്‍ പാലൊഴിച്ചുകൊടുത്തപ്പോള്‍ ടോണി പതുക്കെ അടുത്തുവന്നു. രണ്ടു വൃദ്ധകളെയും ഒന്ന് സൂക്ഷിച്ചു നോക്കിയതിനുശേഷം അവന്‍ പാല്‍ നക്കി കുടിക്കാന്‍ തുടങ്ങി. എങ്കിലും ടോണിക്ക് തന്റെ വീട്ടില്‍ എവിടെനിന്നോ വന്നുകയറിയ പൂച്ചയുടെ ഗാംഭീര്യമില്ലെന്ന് സുംമംഗലയ്ക്ക് തോന്നി.
“എനിക്കിപ്പോ ടോണി ഇല്ലാതെ പറ്റില്ല. ഇവന്‍ അടുത്തുള്ളപ്പൊ ഒരു സമാധാനമാണ്. സങ്കടം തോന്നുമ്പോഴും സന്തോഷം തോന്നുമ്പോഴും ഒക്കെ ഇവനോട് പറയും.” മാര്‍ഗരറ്റ് പറഞ്ഞുകൊണ്ടിരുന്നു. സത്യത്തില്‍ പഴയകാര്യങ്ങളെകുറിച്ച് വല്ലതുമായിരിക്കും മാര്‍ഗരറ്റ് സംസാരിക്കുക എന്നാണ് സുമംഗല വിചാരിച്ചത്. എന്നാല്‍ മാര്‍ഗരറ്റ് സംസാരിച്ചത് മുഴുവന്‍ തന്റെ ടോണിയെക്കുറിച്ചാണ്. മാര്‍ഗരറ്റ് സംസാരിക്കുന്നത് സുമംഗല ശ്രദ്ധിക്കുകയായിരുന്നു. അവരിലെ തെറാപ്പിസ്റ്റ് ഉണര്‍ന്നു. ടോണിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാര്‍ഗരറ്റിന്റെ ശബ്ദം ഉയരുന്നു. വാക്കുകളുടെ വേഗം കൂടുന്നു. മുഖം സന്തോഷം കൊണ്ട് വിങ്ങുന്നു. എങ്കിലും സംസാരിക്കുന്ന രീതി തനിച്ചു സംസാരിക്കുന്നവരുടെ പിറുപിറുക്കല്‍ രീതിയുമായി എവിടെയോക്കെയോ സമാനത തോന്നി. മറ്റൊന്ന് കൂടി സുമംഗല ശ്രദ്ധിച്ചു. അതെ തന്നെക്കുറിച്ച് തന്നെയായിരുന്നു. മാര്‍ഗരറ്റിനെ തലേ ദിവസം കണ്ടപ്പോള്‍ തോന്നിയ ഉത്‌കണ്ഠയുടെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തോന്നുന്നില്ല. അല്‍പ്പനേരം കൂടി അവര്‍ സംസാരിച്ചു. ഒരിക്കല്‍പോലും ഭൂതകാലം അവര്‍ക്കിടയില്‍ ഉയര്‍ന്നുവന്നില്ല. എങ്കിലും ഇറങ്ങാന്‍ നേരം മാര്‍ഗരറ്റ് പറഞ്ഞു. “ശ്രീകുമാര്‍ എന്റെയൊപ്പം ആറുമാസമേ കഴിഞ്ഞുള്ളൂ. ഇറ്റ് വാസ് എ ഡിസാസ്റ്റര്‍.” അഞ്ചുവര്‍ഷം തന്റെയൊപ്പം ജീവിച്ച ഭര്‍ത്താവിന്റെ കാര്യം മാര്‍ഗരറ്റ് പറയുന്നത് കേട്ടപ്പോള്‍ സുമംഗല വെറുതെ തലയാട്ടി. വേറെ ആരുടെയോ കാര്യം കേള്‍ക്കുന്നതുപോലെ. അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം മാര്‍ഗരറ്റ് ചോദിച്ചു. “സുമംഗലയെന്താണ് വീണ്ടും കല്യാണം കഴിക്കാതിരുന്നത്?” അവര്‍ അതിനുമറുപടി പറഞ്ഞില്ല. വെറുതെ ചിരിച്ചു. “ഞാന്‍ കഴിഞ്ഞതൊക്കെ പണ്ടെ മറന്നു.” മാര്‍ഗരറ്റ് പറഞ്ഞു. സുമംഗല ഒരു നിമിഷം മാര്‍ഗരറ്റിനെ സൂക്ഷിച്ചു നോക്കി. “മുറിവേല്‍പ്പിക്കുന്നവര്‍ വേഗം മറക്കും. മുറിയുന്നവര്‍ മറക്കാന്‍ വൈകും.” സുമംഗല പോലുമറിയാതെയാണ് വാക്കുകള്‍ പുറത്തു വന്നത്. പക്ഷേ സുമംഗല പറഞ്ഞത് മാര്‍ഗരറ്റ് മുഴുവനായും കേട്ടില്ല. അടുക്കളയില്‍ എന്തോ പാത്രങ്ങള്‍ വീഴുന്ന ശബ്ദത്തില്‍ സുമംഗലയുടെ വാക്കുകള്‍ മുങ്ങി. “ടോണിയാണ്. അവന്‍ ഭയങ്കര കുസൃതിയാണ്. ടോണീ കം ഹിയര്‍..” മാര്‍ഗരറ്റ് ഉറക്കെ വിളിച്ചു.
അണ്ണാന്‍ അടുക്കളയില്‍നിന്ന് സിറ്റൗട്ടിലേക്ക് പാഞ്ഞുവന്നു. മാര്‍ഗരറ്റ് കൈ ചൂണ്ടിയപ്പോള്‍ അണ്ണാന്‍ നിലത്തു വച്ചിരുന്ന അതിന്റെ കൂട്ടിലേക്ക് കയറി. കൂട് അടച്ചതിനുശേഷം മാര്‍ഗരറ്റ് നിവര്‍ന്നുനിന്ന് സുമംഗലയെ നോക്കി. “എനിക്കിവന്‍ ഇല്ലാതെ പറ്റില്ല. യൂ ടൂ ട്രൈ സം പെറ്റ്സ്...” സുമംഗല അവരെ നോക്കി ചിരിച്ചു. “എനിക്കതിന്റെ ആവശ്യമില്ല. ഐ ആം ഇനഫ് ഫോര്‍ മൈസെല്‍ഫ്.” സുമംഗല പറഞ്ഞു. അങ്ങനെ പറയുമ്പോഴും ഉള്ളിലെന്തോ ഉരഞ്ഞു പൊടിയുന്നത് സുമംഗല അറിഞ്ഞില്ലെന്നു നടിച്ചു. വീട്ടിലെത്തിയതിനുശേഷവും മാര്‍ഗരറ്റിന്റെ ശബ്ദവും രൂപവും സുമംഗലയുടെ ഉള്ളില്‍ തങ്ങിനിന്നു. അവര്‍ക്ക് അന്ന് ഒന്നും ചെയ്യാന്‍ തോന്നിയില്ല. കട്ടിലില്‍ തന്നെ കിടന്നു. തന്റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു മാര്‍ഗരറ്റിന്റെ ഒപ്പം പോയ വിവരമറിഞ്ഞ പകല്‍ സുമംഗല ഓര്‍മ്മിച്ചു. ആ പകല്‍ ഒരിക്കലും അവസാനിക്കില്ല എന്ന് അവര്‍ക്ക് തോന്നി. ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍.. അതിനു മറുപടിയെന്നോണം മ്യാവൂ വിളി കേട്ടു. സുമംഗല തല ചരിച്ചു നോക്കിയപ്പോള്‍ പൂച്ച മേശയിലിരുന്നു അവരെ ഉറ്റുനോക്കുന്നത് കണ്ടു. സുമംഗല കൈനീട്ടി. പൂച്ച കട്ടിലിലേക്ക് എടുത്തുചാടി. പിന്നെ അവരുടെ നെഞ്ചോട് ചേര്‍ന്ന് ചുരുണ്ടുകൂടി. അതിന്റെ തല സുമംഗലയുടെ ഹൃദയഭാഗത്ത് മാര്‍ദ്ദവമായി ചേര്‍ന്നു. തന്റെ ഓരോ നെഞ്ചിടിപ്പും പൂച്ച സ്വീകരിക്കുന്നത് പോലെ സുമംഗലയ്ക്ക് തോന്നി. ആ കിടപ്പില്‍ അവര്‍ ഉറങ്ങിപ്പോയി. ഡോര്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് സുമംഗല ഉണര്‍ന്നത്. ഇന്ന് പേഷ്യന്റ്സ് ആരുമില്ല. പിന്നെ ആരാണ്? സുമംഗലയ്ക്ക് എഴുന്നേല്‍ക്കാന്‍ മടി തോന്നി. പെട്ടെന്ന് ബെല്‍ നിന്നു. പകരം വാതില്‍ക്കല്‍ ശക്തിയായി മുട്ടുന്നതു കേട്ടു. സുമംഗല ചെന്ന് വാതില്‍ തുറന്നു.
വാതില്‍ക്കല്‍ പരിഭ്രാന്തമായ മുഖത്തോടെ മാര്‍ഗരറ്റ് നിന്നു. “എന്റെ ടോണിയെ ഒരു പൂച്ച കടിച്ചുകൊണ്ട് പോയി.. ഇങ്ങോട്ടാണ് വന്നത്..” നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞു. “പൂച്ചയോ.. ഞാന്‍ കണ്ടില്ലല്ലോ...” സുമംഗല പറഞ്ഞു. മാര്‍ഗരറ്റ് സംശയത്തോടെ സുംമംഗലയെ നോക്കി. “നിങ്ങളുടെ വില്ലയുടെ ഭാഗത്തേക്ക് ഓടിപ്പോകുന്നത് ഞാന്‍ കണ്ടു.” അവര്‍ പറഞ്ഞു. “ഞാന്‍ പൂച്ചയെയെയോ അണ്ണാനെയൊ വളര്‍ത്തുന്നില്ല. ഞാന്‍ തനിച്ചാണ്. വര്‍ഷങ്ങളായി.” സുമംഗലയുടെ സ്വരം കടുത്തു. “സുമംഗല, എനിക്കെന്റെ ടോണി.. എന്റെ ടോണി..” മാര്‍ഗരറ്റ് വിതുമ്പി. “സാരമില്ല.. ഞാന്‍ കണ്ടാല്‍ പറയാം മാര്‍ഗരറ്റ്..” മാര്‍ഗരറ്റ് ദുര്‍ബലമായി തലയാട്ടി. അവര്‍ തിരിച്ചുനടക്കുന്നതിനിടയില്‍ സുമംഗല പിറകില്‍നിന്ന് വിളിച്ചു. അവര്‍ തിരിഞ്ഞു നിന്നു. മുറ്റത്ത് കിടന്ന പേരയുടെ കൊമ്പു ചൂണ്ടിക്കാണിച്ചു സുമംഗല പറഞ്ഞു. “അതെടുത്തോ.. ആ പൂച്ചയെ എങ്ങാനും കണ്ടാല്‍ തല്ലാനോ കൊല്ലാനോ ഉപയോഗിക്കാം.” സുംഗലയെ ഒന്ന് സംശയിച്ചു നോക്കിയിട്ട് മാര്‍ഗരറ്റ് ആ കൊമ്പെടുത്തു. പിന്നെ സുമംഗലയെ നോക്കി എന്തോ പറയാന്‍ തുടങ്ങി. എങ്കിലും അവരില്‍നിന്നു വാക്കുകള്‍ പുറത്തുവന്നില്ല. രണ്ടു വൃദ്ധകളും പരസ്പരം അല്പനേരം നോക്കിനിന്നു. പിന്നെ ഡോക്ടര്‍ സുമംഗല തന്റെ മുറിയില്‍ കയറി വാതിലടച്ചു. മാര്‍ഗരറ്റ് മരക്കൊമ്പും താങ്ങിനടന്നുപോകുന്നത് ജനാലയിലൂടെ സുംമംഗല നോക്കിനിന്നു. ഇപ്പോഴാണ് അവര്‍ ശരിക്കും വൃദ്ധയായതെന്ന് സുമംഗലയ്ക്ക് തോന്നി. തട്ടിന്‍മുകളില്‍ പൂച്ച എന്തോ കടിച്ചു മുറിക്കുന്ന സ്വരം അവര്‍ കേട്ടില്ലെന്ന് നടിച്ചു.
Content Summary: Malayalam Short Story ' Shalimar Jasmine ' written by Aneesh Francis