' അമ്മേ ഞാൻ തിരക്കിലാണ്, പിന്നെ വിളിക്കാം; പിറന്നാളുകാരനുള്ള കേക്കും പായസവും മേശപ്പുറത്ത് അനാഥമായി ഇരുന്നു...'

malayalam-story-by-shanu-jithan
SHARE

മകൻ (കഥ)

എന്റെ പ്രിയപ്പെട്ട വിച്ചു, 

ഇന്നേക്ക് നിനക്ക് ഇരുപത്തിയഞ്ച് വയസ്സ് തികയുന്നു. അന്ന് രാവിലെ പത്തുമണിയോട് അടുത്തായിരുന്നു നിന്റെ ജനനം. ആ സമയമായപ്പോൾ അമ്മയുടെ വയറിനുള്ളിൽ നീ ഇപ്പോഴും കൈകാലുകൾ ഇട്ടു അടിക്കുന്നതുപോലെ തോന്നി. പത്തുമാസക്കാലത്തോളം ഓരോ നിമിഷവും ഞാൻ സന്തോഷത്തോടെയും ആനന്ദത്തോടെയും നിന്നെ തടവിയും തലോടിയും നീ വളർന്ന കാലം ഓരോ അമ്മയെപ്പോലെ ഞാനും വളരെ വിശദമായി അനുഭവിച്ചു. ഇന്ന് നിന്റെ പിറന്നാൾ ദിനത്തിൽ അമ്മയുടെ ഉള്ളിൽ വളർന്നു വലുതായി സ്വതന്ത്രമാകാൻ നീ കൊതിച്ച നിമിഷങ്ങൾ ഞാൻ വീണ്ടും അനുഭവിക്കുന്നു. അമ്മ എന്ന ജന്മം സാർഥകമാകുന്ന നിമിഷങ്ങൾ. അതെ നിമിഷങ്ങളിൽ ആ സമയത്തിന്റെ പെരുമ്പറ എന്റെ മനസ്സിലും ശരീരത്തിലും ഞരമ്പുകളിലും ഇന്നും ഇപ്പോഴും തുടിക്കുന്നു.

എത്ര വർഷക്കാലമാണ് നീ എന്റെ ഉള്ളിൽ പിറക്കാൻ കാത്തിരുന്നത്. എത്ര ദൈവങ്ങൾക്കാണ് അമ്മ നേർച്ചകൾ നേർന്നത്. പത്തുവർഷമായുള്ള നിരന്തര പ്രാർഥനകളും മരുന്നുകളും വിവിധ ചികിത്സകളും അവസാനം നിന്റെ ജീവൻ അമ്മയുടെ ഉദരത്തിൽ തുടിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി പ്രാർഥനകളിൽ മുഴുകിപ്പോയ ഞാൻ. നിന്റെ ചോറൂണും പേര് വിളിയും എന്റെ ഇഷ്ടദേവന്റെ തിരുനടയിൽ തന്നെയാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. നീ എന്റെ ഉദരത്തിൽ പിറക്കാൻ വൈകിയപ്പോൾ എത്രയോ തവണ ഈ അമ്മ തന്റെ ഇഷ്ടദേവനോട് കോപിച്ചിട്ടുമുണ്ട്‌, ഇനി കാണാനേ വരില്ലെന്ന് ആ തിരുനടയിൽ നിന്ന് മനസ്സുരുകി കരഞ്ഞിട്ടുമുണ്ട്‌. എന്നാൽ എന്നും എന്റെ ദേവൻ എന്നോടൊപ്പമുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി കരഞ്ഞു കഴിയുമ്പോൾ, പുഞ്ചിരിയോടെ എന്റെ ദേവൻ എന്റെ മുന്നിൽ നിൽക്കുന്നതുപോലെ തോന്നിയിരുന്നു. അന്നും ഇന്നും ആ ദേവൻ തന്നെയാണ് അമ്മയുടെ ശക്തി. ആ ദേവൻ ഈ അമ്മക്ക് തന്ന നിധിയാണ് നീ. എന്റെ എല്ലാ വേദനകളും വിഷമങ്ങളും എനിക്ക് മറക്കാനുള്ള മുഖം.

വിച്ചു, നീ എന്റെ ഉദരത്തിനുള്ളിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്നത് അമ്മ അറിയുന്നു. ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ആ നിമിഷങ്ങൾ അമ്മ ഇന്നും മനസ്സിൽ കൊണ്ട് നടക്കുകയാണ്. അപ്പോൾ, എന്തോ നിന്നെ വിളിക്കണമെന്ന് തോന്നി, ഫോണിൽ വിളിച്ചു. അപ്പോൾ മോൻ ജോലിസ്ഥലത്തായിരുന്നു. നീ ഫോണെടുത്തു, അമ്മ പറഞ്ഞു, 'മോനെ, ഇരുപത്തഞ്ചു വർഷം മുമ്പ് ഇതേ ദിവസം, ഇതേ സമയത്താണ് നീ പിറന്നത്, അമ്മ ആ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ്, നിന്നെ പ്രസവിച്ചു നിന്റെ ആദ്യ കരച്ചിൽ കേൾക്കാൻ കാത്തിരുന്ന നിമിഷങ്ങൾ'. 'അമ്മെ, ഞാൻ കുറച്ചു തിരക്കിലാണ്, പിന്നെ വിളിക്കാംട്ടോ' എന്നായിരുന്നു നിന്റെ മറുപടി. ഒരു നിമിഷം ഞാൻ അനാഥയായപോലെ തോന്നി. എന്റെ മനസ്സിൽ ഇരച്ചു കയറിയ എല്ലാ സന്തോഷ വികാരങ്ങളും പെട്ടെന്ന് എന്റെ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോയ പോലെ തോന്നി. ശരീരത്തിൽ ആകെ ഒരു മരവിപ്പ്, വിരലുകൾ തണുത്തുപോയോ എന്ന് ഞാൻ സംശയിച്ചു. കുറച്ചു ദീർഘശ്വാസങ്ങൾ എടുത്തപ്പോൾ എനിക്ക് സ്ഥലകാലബോധങ്ങൾ തിരിച്ചുവന്നു.

വിച്ചു, അമ്മയാണ് തെറ്റുകാരി, നീ ജോലിത്തിരക്കിലായപ്പോൾ ഞാൻ വിളിക്കരുതായിരുന്നു. അതിരാവിലെ ഞാൻ അമ്പലത്തിൽപോയി വഴിപാടുകൾ ഒക്കെ കഴിപ്പിച്ചു നീ ജോലിക്കു പോകുന്നതിന് മുമ്പേ വിളിച്ചു പിറന്നാൾ ആശംസകൾ നേർന്നതാണല്ലോ. വീണ്ടും വീണ്ടും വിളിച്ചു അമ്മ നിന്റെ ജോലി തടസ്സപ്പെടുത്തരുതായിരുന്നു. കാലം മാറിയെന്നും ജീവിതബന്ധങ്ങൾ മാറിയെന്നും അമ്മ മനസ്സിലാക്കേണ്ടതായിരുന്നു. ഒരു പക്ഷെ നിനക്കും ഒരു കുഞ്ഞുണ്ടാകുമ്പോൾ നീയും ഇതുപോലെ ആ മകനെ സ്നേഹിച്ചു അവന്റെ സ്നേഹം ഓരോ നിമിഷവും പ്രതീക്ഷിച്ചേക്കാം. നിനക്ക് എന്നോട് സംസാരിക്കാൻ സമയം കിട്ടാതെയാകാം. എങ്കിലും, നീ ജനിച്ചുവീണ ആ നിമിഷം ഒരു ഉത്സവമായി അമ്മ ഇന്നും ആഘോഷിക്കുന്നു, അനുഭവിക്കുന്നു. നീ മാത്രമല്ലേ എനിക്കുള്ളൂ, അതിനാൽ മറ്റൊരു മകന്റെ അല്ലെങ്കിൽ മകളുടെ പിറന്നാൾ ആഘോഷിക്കാൻ അമ്മക്കില്ലല്ലോ. വൈകുന്നേരം വരെ അമ്മ നിന്റെ ഫോൺ കാത്തു. എന്നാൽ അമ്മയെത്തേടി നിന്റെ വിളി വന്നില്ല. തിരക്കായിരിക്കും, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ മറന്നു പോയിരിക്കും. വീട്ടിലേക്ക് ഇരുപത് കിലോമീറ്റർ ദൂരമല്ലേയുള്ളൂ, എന്നെ ആശ്ചര്യപ്പെടുത്താൻ, അത്ഭുതപ്പെടുത്താൻ ഒരു പക്ഷെ ജോലി കഴിഞ്ഞു നീ വീട്ടിൽ വരുമെന്ന് ഞാൻ കരുതി. അതിനാൽ തന്നെ അമ്മ പായസവും കേക്കും ഉണ്ടാക്കി വെച്ചിരുന്നു. രാത്രിയുടെ ഏതു യാമത്തിലാണ് അമ്മ ഉറങ്ങിയത് എന്നറിയില്ല. എപ്പോഴോ ഞെട്ടിയുണർന്നപ്പോൾ സമയം രാത്രി പന്ത്രണ്ട് മണിയെന്ന് കണ്ടു. വിച്ചു, നീ നന്നായി ഉറങ്ങുകയാണെന്ന് അമ്മ കരുതുന്നു. ഇപ്പോഴും എപ്പോഴും നിനക്ക് നന്മകൾ മാത്രം നേരുന്നു.
 

Content Summary: Malayalam Short Story ' Makan ' written by Kavalloor Muraleedharan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS