ADVERTISEMENT

മേം അത്രക്കാരൻ നഹീ ഹെയ്‌ (സംഭവകഥ)

ജോലി സംബന്ധമായ കാര്യത്തിന് ഇന്ന് കൊച്ചി വരെ ഒന്ന് പോകേണ്ടി വന്നു.ആലുവയില്‍ ട്രെയിന്‍ ഇറങ്ങി കാക്കനാട്ടെക്ക് ഒരു കെഎസ്ആർടിസി ബസില്‍ കേറി ഇരിപ്പിടം ഉറപ്പിച്ചു. പതിവിനു വിപരീതമായി സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പ് എണീറ്റത്കൊണ്ടാന്നു തോന്നി ബസില്‍ കയറിപ്പോ തൊട്ട് ഉറക്കം എന്നെ വല്ലാതെ പ്രണയിച്ച് കൊണ്ടിരുന്നു. അതിനടയിലാണ് നമ്മുടെ കഥാനായകന്റെ എന്‍ട്രി. നല്ല നീളന്‍ ചെമ്പന്‍ മുടിയും, അവിടെഇവിടെ എത്താത്ത ഒരു കുട്ടി ടീ ഷര്‍ട്ടും പഴയ അനുഗ്രഹീത നായകന്‍ ജയനെ അനുസ്മരിക്കും വിധം ബെല്‍ബോട്ടം പാന്‍റും ഇട്ട് വായില്‍ പോത്തിറച്ചി ചവക്കണ പോലെ ഗുട്ക്കയും ചവച്ച് ഒരു “ബംഗാളി ഭായ്” എന്‍റെ തൊട്ട് അരികില്‍ വന്നിരുന്നു. കണ്ടക്ടര്‍ക്ക് കാശ് കൊടുത്ത് പേഴ്സ്സ് എടുത്ത് പാന്റിന്റെ പോക്കറ്റില്‍ത്തിരുകികൊണ്ട് ഞാന്‍ എന്റെ നിര്‍ത്തി വച്ച ഉറക്കം തുടരാന്‍ തുടങ്ങി. 

കളമശ്ശേരി എത്തിപ്പോള്‍ ബസ്‌ ഒന്ന് സഡന്‍ ബ്രേക്ക് ഇട്ടു. ഗാഡമായ ഉറക്കമല്ലെങ്കിലും ചെറുതായി ഞെട്ടി എണീറ്റ ഞാന്‍ കാണുന്നത് എന്റെ പേഴ്സ്സ് കയ്യില്‍ പിടിച്ച കൊണ്ട് എണീറ്റ്‌ നിന്ന് ഹിന്ദിയില്‍ പിറുപിറുക്കുന്ന “ബംഗാളി ഭായിനെയാണ്”. ആക്രോശിച്ചുകൊണ്ട് പേഴ്സ്സിനു നേരെ കൈ നീട്ടി അത് വാങ്ങുമ്പോള്‍ ഭായ് എന്തോ ഹിന്ദിയില്‍ വച്ചുകാച്ചുന്നുണ്ടാരുന്നു, സമാധാനപ്രിയനും, അതിലുപരി ക്ഷമാശീലനുമായ ഞാന്‍ ഒരു കലിപ്പ് സീന്‍ ഉണ്ടാക്കണ്ടാന്ന് വിചാരിച്ച് നിശബ്ദനായി വീണ്ടും സീറ്റില്‍ ഇരിപ്പായി (ചുറ്റുമുള്ളവര്‍ വിചാരിക്കില്ലേ ഞാന്‍ ഒരു വഴക്കാളിയാണെന്ന്. അത്കൊണ്ട് കാം ആയി). സത്യത്തില്‍ ഉറക്കത്തിന്‍റെ ഉന്മാധാവസ്ഥയില്‍ മുങ്ങിപ്പോയ ഞാന്‍ പോക്കറ്റിന്റെ പകുതി വരെ കയറിയ പേഴ്സ്സ് സീറ്റിലും പിന്നെ നിലത്തും വീണത് അറിയാതെ പോയി. അത് ഞാന്‍ പിന്നീടാണു മനസിലാക്കിയത്. പാവം ബംഗാളി ഭായിയെ വെറുതെ സംശയിച്ചു. എന്നാലും കോണത്തുകുന്നു സ്കൂളിലെ  വത്സല ടീച്ചര്‍ പഠിപ്പിച്ച ഹിന്ദിയിലെ “മേം” വരുമ്പോള്‍ “ഹും” വെക്കണം എന്ന സംഭവം ഓര്‍ത്ത് പോയി. ഭായി ഹിന്ദിയില്‍ പറയുന്നതിന്റെ ഇടയില്‍ ആകെ അത് രണ്ടും കേട്ടത് മനസിലായി.”മേ”മ്മില്‍  തുടങ്ങി ബാക്കി ഒന്നും മനസ്സിലായില്ലെങ്കിലും അവസാനം പറഞ്ഞ “നഹീ ഹും” ചേട്ടാ വരെ മനസിലായി.

 

സത്യത്തില്‍ ഭായി കുറ്റക്കാരനല്ല എന്നാവും പറഞ്ഞിട്ടുണ്ടാവുക.അല്ലെ? 

“മേം അത്രക്കാരന്‍ നഹീ ഹും ചേട്ടാ”ബംഗാളി ആണെങ്കിലും ചേട്ടാന്നൊക്കെ വിളിച്ച്‌ ബഹുമാനം തന്നിരുന്നു.

ചേട്ടാന്നു തന്ന അല്ലെ? അക്ഷരം മാറിയിട്ടൊന്നുല്ലല്ലോലെ..? ദൈവത്തിനും, ബംഗാളി ഭായിക്കും അറിയാം. ഹാ എന്തായാലും പേര്‍സ് തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ ഭായിക്ക് മനസ്സില്‍ ഒരു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.

 

Content Summary: Malayalam Short Story ' Meim Athrakkaran Nahi Hei ' written by Sajay Subrahmanian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com