ADVERTISEMENT

പള്ളിമണികൾ മുഴങ്ങുമ്പോൾ (കഥ)

ഭാഗം - I

ജോലി തിരക്കുകൾക്കിടയിൽ ആഴ്ചയിലൊന്ന് വന്നുചേരുന്ന അവധിദിനം. വെള്ളിയാഴ്ച ദിവസം ഞങ്ങൾ പ്രവാസികൾ നീണ്ട നിദ്രയിലാണ്. മേശപ്പുറത്ത് വച്ചിരുന്ന ഫോൺ ശബ്ദിച്ചപ്പോൾ അൽപം ഉറക്ക ക്ഷീണത്തോടെയായിരുന്നു ആ കോൾ എടുത്തത്. നാട്ടീന്ന് സാബുവാണല്ലോ… എന്നാപറ്റി പ്രത്യേകിച്ച്, ഇനി ആർക്കെങ്കിലും അസുഖമോ മറ്റോ ആയി… ഞാൻ വെറുതെ ഓർക്കാതിരുന്നില്ല. "ഹലോ... സാബുവേ..." "എടാ ജിമ്മി എവിടാ ഡൂട്ടിയിലാണോ...?" "അല്ല ഇന്നവധിയല്ലേ, അതുകൊണ്ട് വീട്ടിൽ തന്നെയാ" "ഓ... ഇന്ന് വെളിയാഴ്ച്ചയാണല്ലോ… അതു മറന്നു" "പിന്നെ നാട്ടിൽ എന്തൊക്കയുണ്ട്, പറ സാബു. ക്ലബിലും രാഘവേട്ടന്റെ ചായക്കടയിലുമൊക്കെ വിശേഷങ്ങൾ…" ജിമ്മി ചോദിച്ചു. "എല്ലാരും സുഖമായിരിക്കുന്നു ജിമ്മിച്ചാ, പിന്നെ ഞാൻ വിളിച്ചത് അടുത്ത മാസം 25-ന് എന്റെ കല്യാണമാ... കഴിഞ്ഞ ദിവസമാ എല്ലാം ഒറപ്പിച്ചത്. കുന്നുംപുറത്തെ നമ്മുടെ പള്ളീവച്ചാ... നിന്നോടാ ആദ്യം പറയുന്ന് ജോയിയെം സാജനെയൊക്കെ വിളിക്കാൻ പോവാ...” സംസാരിക്കുമ്പോൾ സാബുവിന്റെ വാക്കുകളിൽ എന്തെന്നില്ലാത്ത ഉത്സാഹം കാണാമായിരുന്നു. “എത്ര നാളായി സാബു നമ്മളൊന്നൊത്തു കൂടീട്ട്, പഴയ ഓർമ്മകളും നാട്ടിലെ വിശേഷങ്ങളുമായി...” നാടും വീടും കവലയും ക്ലബുമായി അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു.

ഫോണിലൂടെയുള്ള സംസാരം ഏതാണ്ട് അവസാനിച്ചപ്പോഴാണ് കോഫിയുമായി നാൻസി മുറിയിലേക്ക് കയറി വന്നത്. രാത്രി വൈകി വായിച്ച ബുക്കും, മുകളിലായി കണ്ണടയും, ടേബിളിൽ അലസമായി കിടന്നതെല്ലാം നാൻസി ഒരു ഭാഗത്തായി അടുക്കി വച്ചു. വെള്ളിയാഴ്ച ദിവസം അവൾക്ക് നൈറ്റ് ഡൂട്ടിയാ… "ആരാ ജിമ്മിച്ചായ ഇത്ര രാവിലെ… വീട്ടീന്ന് അമ്മച്ചി വല്ലോം ആണോ...?" നാട്ടിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് വീട്ടീന്ന് അതിരാവിലെ വിളിക്കുന്നത്. അതാ നാൻസി അങ്ങനെ ചോദിച്ചത്. “അല്ല, പൈനംമൂട്ടിലെ സാബുവാ…” “ജിമ്മിച്ചായാൻ എപ്പോഴും പറയാറുള്ള സാബുവാണോ…?” അൽപം സംശയത്തോടെ നാൻസി ചോദിച്ചു. “അതേ, അവന്റെ കല്യാണമാണ് വരുന്ന മാസം 25ന്.” സാബുവിനെപ്പറ്റി പറയുമ്പോഴെല്ലാം വിഷാദം നിറഞ്ഞ മുഖമായിരുന്ന ജിമ്മിച്ചൻ, അന്ന് വളരെ സന്തോഷത്തിലായിരുന്നു. ‘‘ഇനിയിപ്പോ നാട്ടിൽ പോയൊന്നു കൂടാമല്ലോ… അമേരിക്കയിലുള്ള സാജനെം ഷാർജയിലുള്ള ജോയിച്ചാനെം ഒക്കെ കാണാമല്ലോ.... ജിമ്മിച്ചായന്റെ ചങ്കല്ലായിരുന്നോ അവരൊക്കെ...” കട്ടിലിൽ കിടന്ന ബെഡ് ഷീറ്റ് മാറ്റുന്നതിനിടെ നാൻസി പറഞ്ഞു. “ശരിയാ... എത്ര വർഷങ്ങളായി അവരെയൊക്കെ നേരിൽ കണ്ടിട്ട്, നാട്ടീന്ന് പോയേ പിന്നെ ഒന്നിച്ചൊന്ന് കൂടീട്ടില്ല. നാട്ടിൽ അടുത്തടുത്ത വീടുകളായിരുന്നു ഞങ്ങളുടേത്, അതുകൊണ്ട് തന്നെ ആ കൂട്ടിന് അതിന്റെതായ ആഴമുണ്ടായിരുന്നു നാൻസി.” നാടിനെയും സുഹൃത്തുക്കളെ പറ്റിയുമൊക്കെ ജിമ്മി പലവട്ടം നാൻസിയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഒരോ തവണ പറയുമ്പോഴും പുതിയ പുതിയ വിശേഷങ്ങൾ കാണും. "സാബുവും ജോയിച്ചനും, സാജനും ഞാനും പഠിക്കുന്ന കാലം മുതലെ ഒന്നിച്ചായിരുന്നു. കവലയിൽ പന്തുകളിക്കാൻ പോകുമ്പോഴും ക്ലബിലും പള്ളിയിലുമെല്ലാം. സാബു ഒഴികെ ബാക്കി മൂന്നു പേരുടെയും കല്യാണം കഴിഞ്ഞ് പലയിടത്തായി, ഇനി നാട്ടിൽ പോയി എല്ലാവരെയും ഒന്നു കാണണം"

വർഷങ്ങൾ കടന്നു പോയത് എത്ര വേഗമായിരുന്നു. വിവാഹ ജീവിതം സാബുവിനു മാത്രം വൈകി. കസേരയിൽ കാപ്പി കുടിച്ചിരുന്നു കൊണ്ട് ജിമ്മി ഓർത്തു. നാട്ടിലെ സുഹൃത്തുക്കളുമായി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചാറ്റു ചെയ്യുമ്പോഴൊക്കെ സാബു അതിലെല്ലാം നിശബ്‌ദനായിരുന്നു. അവന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്ന ഞങ്ങൾക്ക് അവനെ കുറ്റപ്പെടുത്താനോ പരിഭവപ്പെടാനോ ഒന്നും കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഞങ്ങളുടെ ഇടയിൽ ഏതു കാര്യത്തിനും ധൈര്യമായി മുന്നിൽ നിൽക്കുന്നത് സാബു ആയിരുന്നു. അവനെപ്പോഴും പറയും ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അതു പ്രേമിച്ചേ ആയിരിക്കൂന്ന്. പ്രണയ വിവാഹം അതവന്റെ വല്യ ആഗ്രഹമായിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു. കാലങ്ങൾ ഏറെ കഴിഞ്ഞാലും മറക്കാൻ കഴിയുമായിരുന്നതല്ല അവന്റെ ജീവിതത്തിൽ സംഭവിച്ചത്. ആ രാത്രിയിൽ, ഇരുട്ടിന്റെ മറവിൽ കണ്ട ദൃശ്യങ്ങൾ ഞങ്ങൾ രണ്ടാൾക്കും എങ്ങനെ മറക്കാൻ സാധിക്കും. ഒന്നിനു പിറകെ മറ്റൊന്നായി രണ്ടു ദുരന്തങ്ങൾ. എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണുകളിൽ ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ കയറി വരുന്ന ആ ദൃശ്യങ്ങൾ. എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും ഹൊ... ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരിക്കലും മായാത്ത കരിനിഴൽ പോലെ ഇന്നും തുടരുന്നു. കാപ്പി കുടിച്ചു കഴിഞ്ഞ് കസേരയിൽ തന്നെ അൽപനേരം കൂടി ഇരുന്നു. സാബുവിന്റെ ഫോൺ കോളിന് ശേഷം മനസ്സിൽ എന്തോ ഒന്ന് തങ്ങിനിൽക്കുന്ന പോലെ… ഓർമ്മകളുടെ ലോകത്തേക്ക് വഴുതി വീണതുപോലെ… മറക്കാൻ ആഗ്രഹിക്കുന്ന പലതും ഓർമ്മയിൽ ഓടി എത്തുന്നു. പതിനഞ്ച് വർഷങ്ങൾക്കു മുമ്പുള്ള പ്രഭാതവും സന്ധ്യകളുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ... രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നീണ്ടു കിടക്കുന്ന പകലിന്റെ ഓർമ്മകളായിരിന്നു അന്നൊക്കെ. പ്രഭാതവും, സായാഹ്നവുമൊക്കെ മനസ്സിൽ മാറി മറിയും. ഒരോ നിമിഷങ്ങളിലും സുന്ദര സ്വപ്നം പോലെയുള്ള അനുഭവങ്ങൾ. നിദ്രകളിൽ ഞാനറിയാതെ എത്രയോ വട്ടം ആർത്തുചിരിക്കുമായിരുന്നു. എന്നിലെ യുവത്വത്തിനെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന അനുഭവങ്ങൾ തന്നത് എന്റെ നാടും സുഹൃത്തുക്കളുമാണ്.

ചെങ്കല്ലുകൾ നിറഞ്ഞ പഞ്ചായത്ത് മൈതാനവും, എന്നും വൈകി എത്തുന്ന ട്രാൻസ്പോർട്ട് ബസ്സും, കവലയിലേക്ക് പോകുമ്പോൾ ഇടതുവശത്ത് എപ്പോഴും നോക്കി പോകുമായിരുന്ന രാഘവേട്ടന്റെ ചായക്കടയും, മുരുകന്റെ ബാർബർ ഷോപ്പും, പൊലീസിനെ കാണുമ്പോൾ കൈയിൽ കിട്ടിയതെല്ലാം പെറുക്കി ഓടി മറയുന്ന ചീട്ടുകളി സംഘങ്ങളുമെല്ലാം... പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെപ്പോലെ ഭാരമില്ലാതെ ഭൂമിയിൽ പറന്നു നടക്കാനായിരുന്നു മോഹം. പുലർകാലങ്ങളിൽ എന്റെ ചിന്തകൾക്ക് നിറമുള്ള ചാരുതകൾ നൽകി. ദുബായിലെ ഫ്ലാറ്റിലിരുന്ന് ഓർക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. കഴിഞ്ഞു പോയ കാലങ്ങൾ, സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും ഒക്കെ ഒരോർമ്മയായി ഇന്ന്. വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ നഗര വീഥിയ്ക്കരികിലെ ഫ്ലാറ്റിൽ, ബഹുനില കെട്ടിടങ്ങളെ നോക്കി മൊബൈൽ റിംഗ്ടോണുകളുടെയും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും ഇടയിലുള്ള ജീവിതം. നാട്ടിലെ പഴയകാല സുഹൃത്തുകളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഇടയ്ക്കിടെയുള്ള മെസേജുകൾ, പല ധ്രുവങ്ങളിലായിരുന്ന ഞങ്ങളെ ഒന്നിപ്പിക്കുന്നത് ഇത്തരം സൗഹൃദ സംഭാഷണങ്ങളൊക്കെ ആയിരുന്നു. ഈ മണലാരണ്യത്തെ വിശ്രമമില്ലാത്ത ജീവിതയാത്രയിൽ പലപ്പോഴും ഓർക്കും, ഇതെല്ലാം അവസാനിപ്പിച്ച് നാട്ടിൽ പോയി എന്തെങ്കിലും കൃഷിയൊക്കെ ചെയ്ത് ജീവിക്കാൻ. വെറും ചിന്തകൾ മാത്രമായി അവസാനിക്കും. എന്നിൽ ഉത്ഭവിച്ച ചിന്തകൾ പലപ്പോഴും ഉറങ്ങി തന്നെ കിടക്കും. ജീവിതത്തിന്റെ ഒരോ ഘട്ടങ്ങളിലും വ്യത്യസ്തങ്ങളായ യാഥാർഥ്യങ്ങളോട് സമരസപ്പെട്ട് ജീവിക്കുക എന്നത് മനുഷ്യരിൽ സ്വയംഭൂവായ ഒന്നാണ്. അവിടെയെല്ലാം നമ്മെ നിലനിർത്തുന്നത് ജനിച്ചു വളർന്ന വീടും നാടും സുഹൃത്തുക്കളുമായിരിക്കും. ഒരു പക്ഷെ ഭൂതകാലത്തിന്റെ നനുത്ത ഓർമ്മകളായിരിക്കും വർത്തമാനകാലത്ത് കരുത്തു പകരുന്നത്. അങ്ങനെയൊരു ഭൂതകാലമായിരുന്നു ജിമ്മിക്കുണ്ടായിരുന്നത്. തിരക്കിനിടയിൽ വീണു കിട്ടുന്ന നേരങ്ങളിലെല്ലാം ഓർമ്മകൾ പുറകിലേക്ക് സഞ്ചരിക്കും. എത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും നമ്മെ കൂട്ടി കൊണ്ടുപോകുന്ന സ്‌മൃതികൾ.

ഡിഗ്രി കഴിഞ്ഞുള്ള അവധിക്കാലം. ഒരു പക്ഷെ എന്റെയും സാബുവിന്റെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ തന്നത് ആ അവധിക്കാലമായിരുന്നു. ജിമ്മി അടിച്ചിട്ട പന്ത് തെരഞ്ഞുകൊണ്ട് കുറ്റിക്കാട്ടിൽ നിൽക്കുമ്പോഴായിരുന്നു നിറയെ ചെങ്കല്ലുകൾ നിറഞ്ഞ പഞ്ചായത്ത് ഗൗണ്ടിന്റെ ഓരത്തൂടെ ബെറ്റി നടന്നു വരുന്നത് കണ്ടത്. ഉച്ചനേരത്ത് ചുട്ടുപൊള്ളുന്ന വെയിലിൽ തോളത്തൊരു ബാഗുമായി ചുവന്ന പൂക്കളുള്ള കുടയും പിടിച്ച് ബെറ്റി നടന്നു പോകുന്നു. 12.30ന് ടൗണിൽ നിന്നും വരുന്ന സബിത മോളിൽ കവലയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയാണ്. ഇനി കോളജിൽ സമരം വല്ലോം ആയിരിക്കും. അതായിരിക്കും ഉച്ചയ്ക്കേ വന്നത്. അല്ലെങ്കിൽ അഞ്ചരക്കുള്ള അനിതയ്ക്കേ വരികയുള്ളു. “എടാ സാബുവേ... നീ എവിടാ നോക്കുന്നത്, ബോള് കിട്ടിയോ…? സാബുവേ... നീ ഇവൊടൊന്നും അല്ലേ…” ഒരു പ്രതിമ കണക്കെ സാബു നിന്നപ്പോഴാണ് കുറ്റിക്കാട്ടിൽ ബോള് നോക്കി കൊണ്ടു നിന്ന ജോയി വിളിച്ചു പറഞ്ഞത്. ബെറ്റിയെ കണ്ടാൽ പിന്നെ സാബുവിന്റെ കണ്ണിൽ മറ്റൊന്നും കാണുകയില്ല. അങ്ങനെ തന്നെ അങ്ങ് നിൽക്കും. ദീർഘകാലം ഗൾഫിലായിരുന്ന പാലക്കുന്നേൽ സണ്ണിച്ചായന്റെ മകളാ ബെറ്റി. ഇപ്പോൾ ടൗണിലെ കോളജിൽ പ്രീഡിഗ്രി സെക്കൻഡ് ഇയറിന് പഠിക്കുവാ... ഗൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന ആൺകുട്ടികളുടെയും പള്ളിയിൽ പോകുന്ന കൗമാരക്കാരുടെയും മനസ്സിൽ പ്രണയ ചിന്തകൾ ഉണരുന്നത് പാലക്കുന്നിലെ ബെറ്റിയെ കാണുപ്പോഴാണ്. അതിനൊരു കാരണമുണ്ടായിരുന്നു. നാട്ടിലെ സുന്ദരിയായ പെൺകുട്ടിയായിരുന്നു ബെറ്റി. അതിന്റെതായ ഭാവമാറ്റം അവളിൽ നിറഞ്ഞു നിന്നിരുന്നു. അവളുടെ മനസ്സിൽ കയറിപ്പറ്റാൻ പലരും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം തള്ളി കളയുകയായിരുന്നു. അൽപമെങ്കിലും പരിഗണന കാണിച്ചിട്ടുള്ളത് സാബുവിനോടായിരുന്നു. പഞ്ചായത്ത് ഗൗണ്ടിൽ ക്രിക്കറ്റ് കളി ഇല്ലാത്ത ദിവസങ്ങളിൽ ടൗണിലെ ബെന്നിച്ചായന്റെ വീഡിയോ കാസറ്റ് ലൈബ്രറിയിലായിരിക്കും ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും കരിമ്പുംകാലയിലെ സാജനും പൈനംമൂട്ടിലെ സാബുവും പിന്നെ ഉച്ചവരെയുള്ള കമ്പ്യൂട്ടർ ക്ലാസും കഴിഞ്ഞ് വരുന്ന ജോയിച്ചനും. ടൗണിൽ പുതിയ സിനിമായുടെ കാസറ്റ് ആദ്യം വരുന്നത് ബെന്നിച്ചായന്റെ ബെന്നീസ് വീഡിയോസ് ആൻഡ്‌ ഓഡിയോയിലായിരുന്നു. 

അവധി ദിവസമായാൽ വീട്ടമ്മമാരും ആന്റിമാരും കൗമാര പ്രായക്കാരായ പെൺകുട്ടികളും ആൺകുട്ടികളുമായൊക്ക നല്ല തെരക്കാണ്. മിക്കവാറും ഞാനും സാബുവുമായിരിക്കും അവർക്കെല്ലാം കാസറ്റ് കൊടുക്കുന്നത്, ബെന്നിച്ചായൻ അതിനൊക്കെ പൂർണ്ണ സ്വാതന്ത്ര്യം ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇടയ്ക്കൊക്കെ ബെറ്റി കടയിൽ വരുമായിരുന്നു. അവിടെ വെച്ചാണ് സാബു ബെറ്റിയെ പരിചയപ്പെടുന്നത്. സാബുവിന് ബെറ്റിയോടുള്ള പ്രണയം വൺവേ ലൈൻ ആയിരുന്നു. ഒന്നിച്ചു കൂടുമ്പോഴൊക്കെ ഈ വിഷയം ഞങ്ങളുടെ ഇടയിൽ ചർച്ചയാകും. പല പ്രാവശ്യം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് ഒരാശയം കിട്ടിയത്. പറയാനുള്ളത് എഴുത്തായി കൊടുക്കാമെന്ന്. എല്ലാ വെള്ളിയാഴ്ചയും കാസറ്റെടുക്കാൻ ബെറ്റി വരും. സാജനായിരുന്നു ആഭിപ്രായം മുന്നോട്ട് വച്ചത്. ആ ഇടയ്ക്കാണ് അമേരിക്കയിലുള്ള പാലമൂട്ടിലെ തോമസുകുട്ടിച്ചായന്റെ അടഞ്ഞു കിടക്കുന്ന വീട്ടിൽ താമസിക്കാനായി ബോംബെയിൽ നിന്ന് കുറച്ചു ചെറുപ്പക്കാർ എത്തിയത്. മറ്റാരുമല്ലായിരുന്നു അത്. തോമസുകുട്ടിച്ചായന്റെ ജേഷ്ഠന്റെ മകൻ ജിക്സണും സുഹൃത്തുകളും. വരുമ്പോൾ പത്തോ പതിനഞ്ചോ ദിവസം വീട്ടിൽ തങ്ങും. പാട്ടും മദ്യപാനവും ബഹളവുമായി എല്ലാ ദിവസവും രാത്രിയിൽ കാണാം. രാത്രി കളി കഴിഞ്ഞ് ക്ലബിൽ നിന്ന് വരുമ്പോൾ പള്ളിയും ശവക്കോട്ടപ്പറമ്പും കഴിഞ്ഞാണ് എന്റെയും സാബുവിന്റെയും വീട്. ശവക്കോട്ടപ്പറമ്പു കഴിഞ്ഞാൽ നോക്കെത്താദൂരത്ത് റബർ തോട്ടമാണ്. റബറിലകൾ വീണു നിറഞ്ഞ ആളൊഴിഞ്ഞ വിജനമായ ഒറ്റയടി പാതയിലൂടെയാണ് നടത്തം. വൈകി വരുന്ന ദിവസങ്ങളിൽ പലതും പറഞ്ഞു പോകുന്ന ഞങ്ങളുടെ ചുവടുകൾ ശവക്കോട്ടപ്പറമ്പായാൽ വളരെ ശ്രദ്ധാപൂർവ്വമായിരുന്നു. ഭയം ഞങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു. രാത്രികാലങ്ങളിൽ ആരും ഇതുവഴി നടക്കാറില്ല. ഈ ഭാഗത്ത് അധികം വീടുകളില്ല അതു തന്നെ കാരണം. പെട്ടെന്നാണ് രണ്ടു വർഷം മുമ്പുള്ള ക്രിസ്മസ് രാത്രി എന്റെ ഓർമ്മയിൽ ഒരു മിന്നൽ പോലെ കടന്നു പോയത്. പള്ളിയിൽ കരോൾ പാട്ടു പഠിത്തവും വലിയ നക്ഷത്രവും ഉണ്ടാക്കി കഴിഞ്ഞപ്പോൾ പാതിരാത്രിയായി. വീട്ടിലേക്ക് പോകാൻ ഞാനും സാബുവും മാത്രം. ആദ്യമായാണ് അത്ര രാത്രിയിൽ ഞങ്ങൾ നടന്നു പോകുന്നത്. അതും ശവക്കോട്ടപ്പറമ്പും കഴിഞ്ഞ് വിജനമായ പള്ളിവക റബർത്തോട്ടത്തിലൂടെ. രാത്രിയിൽ ചില ശല്യങ്ങളൊക്കെയുണ്ടെന്ന് പലരും പറയുന്നതു കേട്ടിട്ടുണ്ട്.

ഒറ്റയ്ക്കായിരുന്നെങ്കിൽ കവല വഴി ചുറ്റിയെ പോകാറുള്ളു. ചിരട്ടയിൽ കത്തിച്ച മെഴുകുതിരി വെട്ടത്തിൽ ഞങ്ങൾ നടന്നു. റബർ തോട്ടത്തിന്റെ മധ്യത്തിലെത്തിയപ്പോൾ ശരീരമില്ലാത്ത കറുത്ത മനുഷ്യരൂപം പോലെ ഭയം ഞങ്ങളുടെ ശരീരത്തെ പൊതിഞ്ഞിരുന്നു. പുറകിൽ നിന്ന് ആരോ മണല് വാരിയെറിയുന്നതായി തോന്നി. മുന്നോട്ട് നടക്കും തോറും കൂടുതൽ കൂടുതൽ മണൽത്തരികൾ വീഴാൻ തുടങ്ങി. പിന്നീട് അല്പസമയം പോലും ഞങ്ങളവിടെ നിന്നില്ല, ഓടി. നിർത്താതുള്ള ഓട്ടം ചെന്നുനിന്നത് സാബുവിന്റെ വീടിന്റെ മുറ്റത്തായിരുന്നു. പിന്നെ വർഷങ്ങളായി ആ വഴിയെ ഞങ്ങൾ പോകാറില്ലായിരുന്നു. പിന്നെ ഞങ്ങൾ ഈ അടുത്ത കാലത്താണ് ഈ വഴിയിലൂടെ പോകുന്നത്. റബർ തോട്ടങ്ങൾക്കു നടുവിലായുള്ള തോമസുകുട്ടിച്ചായന്റെ വീടിന്റെ അരികിലൂടെ പോകുമ്പോൾ ഒച്ചയും ബഹളവും അന്തരീക്ഷത്തിൽ നിറയും. ഉച്ചത്തിലുള്ള പാട്ടും ഗ്ലാസുകൾ കൂട്ടി മുട്ടുന്ന ശബ്ദങ്ങളുമൊക്കെയായി. “കാശിന്റെ കൊഴുപ്പിൽ ചെയ്തു കൂട്ടുന്നത് എന്തൊക്കെ എന്നു പോലും അവരറിയുന്നില്ല”. കാട്ടുവള്ളികളും പുല്ലുകളും വളർന്ന നിൽക്കുന്ന മുറ്റത്തിന് നടുവിലായുള്ള വലിയ വീടു നോക്കി സാബു പറഞ്ഞു. “ഇതിനൊക്കെ ഒരു ഭാഗ്യം വേണമെടാ സാബു, തന്തമാരൊണ്ടാക്കിയ കാശു കൊണ്ട് അടിച്ചു തകർക്കാൻ…” “ബോംബെയിൽ ഇവർക്കെതിരെ പല കേസുകളും ഉണ്ടെന്നാ ജിമ്മിച്ചാ കഴിഞ്ഞ ദിവസം ചായക്കടേലേ രാഘവേട്ടൻ പറഞ്ഞത്. ഫുൾ ടൈം വെള്ളമാ ഇവന്മാര്, അതിന്റെ കൂടെ കഞ്ചാവോ മയക്കുമരുന്നോ ഉണ്ടെന്നൊക്കയാ പറയുന്നത്. ആ വീട്ടിൽ മോശപ്പെട്ട സ്ത്രീകൾ പലപ്പോഴും വന്നു പോകുന്നതായി കേട്ടിട്ടുണ്ട്. നാട്ടുകാര് എല്ലാറ്റിനെയും നോട്ടമിട്ടിട്ടുണ്ട്. അമേരിക്കയിലുള്ള തോമസുകുട്ടിച്ചായൻ ഇതൊക്കെ കണ്ടാൽ മേലാൽ ഇവന്മാരെ വീട്ടിൽ കേറ്റില്ല.” “സാബു ഈ അടുത്തിടയ്ക്ക് വേറൊരു വാർത്ത കൂടി കേട്ടു.” “എന്നതാ ജിമ്മിച്ചാ…” “മേലേകണ്ടത്തേ പണിക്കരേട്ടന്റെ വീട്ടിലെ രണ്ട് ആട്ടിൻകുട്ടികൾ തൊഴുത്തിൽ ചത്തു കിടന്നതിന്റെ പിന്നിലും ഇവരുണ്ടെന്നാ പൊതുവിലുള്ള സംസാരം... എല്ലാം മയക്കുമരുന്നിന്റെ ലഹരിയിലാ... അല്ലേത്തന്നെ സൊബോധമുള്ള മനുഷ്യര് കാണിക്കുന്ന വല്ലോമാണോ ഇതൊക്കെ...” കരിയിലകളിൽ ചവിട്ടി നിശാ ശബ്ദങ്ങൾക്കൊപ്പം ഞങ്ങൾ നടന്നു.

പഞ്ചായത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിയുള്ളപ്പോൾ മിക്കവാറും ജിക്സണും കൂട്ടരും കാണും. കളിക്കാൻ കൂടിയില്ലെങ്കിലും സിഗററ്റും വലിച്ച് അവിടെയൊക്കെ നിൽക്കുന്നുണ്ടാവും. കോളേജുള്ള ദിവസങ്ങളിൽ ബെറ്റി വരുമ്പോൾ സംസാരിക്കാൻ നടപ്പാതയിൽ എവിടെയെങ്കിലും സാബു ഫീൽഡിങ്ങിന് നിൽക്കും. ചെങ്കല്ലിന്റെ പൂഴി നിറഞ്ഞ മൈതാനം. ഒരു ദിവസം വൈകുന്നേരം 5 മണി. പതിവു പോലെ ബെറ്റി കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന നേരം. ഫീൽഡിങ്ങിന്റെ ഇടയിലും സാബു അകലങ്ങളിലേക്ക് നോക്കും. ബെറ്റിയെ കാത്ത് നിൽക്കും. ഗൗണ്ടിന്റെ അടുത്ത് ബെറ്റി എത്തിയപ്പോഴാണ് ജിക്സണും കൂട്ടരും അശ്ലീല ചുവയോടുകൂടി എന്തോ കമന്റിട്ടത്. അവരോട് ചോദ്യം ചെയ്യാൻ പോയത് അവസാനം വഴക്കിലാണ് കലാശിച്ചത്. ഒരടിയുടെ വക്കോളമെത്തിയ സാബുവിനെ ഞങ്ങളെല്ലാവരും ചേർന്ന് പിടിച്ചു മാറ്റി. സാബു അങ്ങനെ പ്രതികരിച്ചതുകൊണ്ട് ജിക്സണും കൂട്ടരും പിന്നീടൊരിക്കലും അവിടെ വന്നിട്ടില്ല. യൂണിവേഴ്സിറ്റി പരീക്ഷയുടെ സ്റ്റഡിലീവായി രണ്ടു മൂന്നാഴ്ചയായി ബെറ്റിയെ വീഡിയോ ലൈബ്രറിയിലേക്ക് കണ്ടതേയില്ല. പ്രണയ സന്ദേശങ്ങൾ കൈമാറാൻ കൂട്ടുകാർ ഉണ്ടാക്കിയ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തതിലുള്ള സങ്കടം സാബുവിനുണ്ടായിരുന്നു. പരീക്ഷ എല്ലാം കഴിഞ്ഞ് കുറെ ദിവസങ്ങൾക്കു ശേഷമാണ് ആ കാലത്ത് വലിയ ഹിറ്റായി മാറിയ സിനിമയുടെ കാസറ്റിനു വേണ്ടി ബെറ്റി വീഡിയോ ലൈബ്രറിയിലേക്ക് വന്നത്. അവധി ദിവസമായതു കൊണ്ട് തന്നെ ഞങ്ങൾ നാലുപേരും അവിടുണ്ടായിരുന്നു. വെള്ള ചുരിദാറിൽ പച്ച ഷാളിലായിരുന്നു ബെറ്റിയുടെ വേഷം. ആ കാലങ്ങളിലെ ഫാഷനായിരുന്നു ഗോഡ്ഫാദറിലെ ചുരിദാറുകൾ. അന്നാണ് സാബു ഒരെഴുത്ത് ബെറ്റിക്ക് കൊടുത്തത്. കാസറ്റിൽ വച്ചു കൊടുത്ത സാബുവിന്റെ പ്രണയ സന്ദേശം ഞങ്ങളുടെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചു. ബെറ്റിക്ക് മാത്രമായി കൊടുത്ത കത്ത് എങ്ങനെയോ അവളുടെ അപ്പന്റെ കൈകളിലെത്തി. അങ്ങോട്ടും ഇങ്ങോട്ടും ചോദ്യവും പറച്ചിലുമായി പിന്നെ നടന്നത് വീട്ടുകാർ തമ്മിൽ ശത്രുതയിലായ സംഭവങ്ങളായിരുന്നു.

അടുത്ത കാലത്തായി ബെറ്റിയിൽ നിന്ന് അനുഭാവപൂർവ്വ സമീപനം വന്നു തുടങ്ങിയതായിരുന്നു, അതിപ്പം ഇങ്ങനെയായി. കൂടുതൽ അടുക്കാൻ ശ്രമിച്ചിട്ട് അകന്നകന്ന് പോകുകാണല്ലോ കർത്താവേ... എന്നാലും ഇങ്ങനെയൊക്കെ ആയല്ലോ... വെറുതെ ഇരിക്കുന്ന നേരമെല്ലാം സാബു ഓർക്കും. ആ ഒരു സംഭവത്തിന് ശേഷം കുറെ ദിവസങ്ങൾ മൗനത്തിലായിരുന്നു. ഒന്നിനും ഒരു ഉന്മേഷം തോന്നാത്ത പോലെ. ഉദ്യമം പരാജയപ്പെട്ടതിൽ സാബുവിനെപ്പോലെ തന്നെ ഞങ്ങളുടെ എല്ലാവരുടെയും സ്വാസ്ഥ്യം കെടുത്തിയിരുന്നു. അതിന് ശേഷം അവൾ കടയിലേക്ക് വന്നതേയില്ല. “അവള് പോട്ടടാ, നിന്നെ മനസ്സിലാക്കത്തവളെ നിനക്കെന്തിനാടാ... നിന്റെയിരുപ്പ് കണ്ടാൽ ലോകത്ത് വേറൊരു പെണ്ണും ഇല്ലാത്ത പോലെയാ.” ഏറെ ദുഃഖിതനായി കാണുന്ന നേരങ്ങളിൽ സാബുവിനെ നോക്കി ഞങ്ങൾ പറയും. പിന്നീട് പലപ്പോഴും ബെറ്റിയെ കാണുമ്പോഴൊക്കെ ഒന്നും മിണ്ടാതെ അകന്നു പോകുമായിരുന്നു. പതിയെ പതിയെ ഞങ്ങളും അത് മറന്നു തുടങ്ങി. എല്ലാ വർഷത്തേപ്പോലെ ജനശക്തി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് സ്കൂൾ മൈതാനത്തു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു. പിന്നെ കുറെ ദിവസം മറ്റൊന്നും ചിന്തിക്കാതെ ടൂർണമെന്റിൽ തന്നെയായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അവധിക്കാലത്ത് നടക്കുന്ന ടൂർണമെന്റ് ആയതു കൊണ്ട് തന്നെ പല ദേശത്തു നിന്നുള്ള ക്ലബുകളോടൊപ്പം ഞങ്ങളുടെ ടീമും മത്സരിച്ചു. അങ്ങനെ ദിവസങ്ങൾ പലതു കഴിഞ്ഞു. ഒരു വൈകുന്നേരം. 

ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിയിൽ വൈ. എം. എഫ്. ക്ലബുമായി പരാജയപ്പെട്ടതിന്റെ കാരണങ്ങൾ ചർച്ച ചെയ്ത് ക്ലബിലിരിക്കുമ്പോഴാണ്, നിറയെ വീട്ടുപകരണങ്ങളുമായി ഒരു ലോറി റോഡിലൂടെ കടന്ന് പോയത്. റോഡ് തിരിയുന്ന ഭാഗത്ത് സ്റ്റേറ്റ് ബാങ്കിലെ മാനേജരായ നെല്ലിമൂട്ടിൽ ഫിലിപ്പ് സാറിന്റെ വീട്ടിലേക്കാണ് ആ ലോറി പോയത്. ക്ലബിലെ ജനാലയിൽ കൂടി നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം പലനാടുകളിലായുള്ള യാത്രകൾ അവസാനിച്ച് റിട്ടയർമെൻറ് ലൈഫ് സ്വന്തം നാട്ടിലെ വീട്ടിൽ കൂടുവാൻ തീരുമാനിച്ചായിരുന്നു ആ വരവ്. അതുവരെ ഞങ്ങൾക്കാർക്കും ആ വീടിനെപ്പറ്റിയും അവിടെയുള്ള ആളുകളെ പറ്റിയൊന്നും വലിയ ധാരണയില്ലായിരുന്നു. വല്ലപ്പോഴുമൊക്കെ വൃത്തിയാക്കിയിടുന്ന വീടും പരിസരവുമെ ഞങ്ങളുടെ ഓർമ്മയിലുള്ളു. സെമിയിൽ തോറ്റുപുറത്തായതിന്റെ ദുഃഖത്തോടെ എല്ലാവരും ക്ലബിൽ നിന്ന് പിരിഞ്ഞ് പോകുമ്പോഴും വീട്ടുസാധനങ്ങൾ ലോറിയിൽ നിന്ന് ഇറക്കുന്നുണ്ടായിരുന്നു. പഠനമൊക്കെ കഴിഞ്ഞ് എല്ലാവരും ജോലിക്കു വേണ്ടി ഗൗരവപൂർവ്വം ചിന്തിക്കുന്ന കാലം. ഒരോത്തർക്കും വ്യത്യസ്തമായ കാഴ്ചപാടുകളായിരുന്നു. പ്രണയവും പ്രണയ ഭംഗങ്ങളുമെല്ലാം ആവോളം രുചിച്ചറിഞ്ഞു. ഇനി ജീവിതത്തിലൊരു പ്രണയം, അതൊരിക്കലുമില്ലെന്ന് സാബു ഇടയ്ക്കൊക്കെ ഞങ്ങളോട് പറയും. ചില അനുഭവങ്ങൾ നാടിനോട് തന്നെ ഞങ്ങൾക്ക് വെറുപ്പ് തോന്നി തുടങ്ങി. ഗൾഫിൽ പോയി ജോലി ചെയ്യാനായിരുന്നു ഞങ്ങളെല്ലാവരുടെയും മോഹം. അങ്ങനെ പലതും പറഞ്ഞിരിക്കുന്ന സായാഹ്നത്തിലായിരുന്നു കടയിലേക്ക് ഒരു പെൺകുട്ടി കടന്നുവന്നത്. “ഹം ആപ് ഹേ കോൻന്റെ വീഡിയോ കാസറ്റ് ഉണ്ടോ...?” ചോദ്യം കേട്ട് സാബു അൽപനേരം മറ്റേതോ ലോകത്തെത്തിയപ്പോലെ അവളുടെ സൗന്ദര്യത്തിൽ മതിമയങ്ങി നിർന്നിമേഷനായി നിന്നു പോയി.

ഭാഗം - II

മുമ്പെങ്ങും ആ നാട്ടിൽ അങ്ങനെയൊരു പെൺകുട്ടിയെ അവർ കണ്ടിട്ടില്ലായിരുന്നു. മഞ്ഞുമൂടിയ താഴ്‌വരകളിൽ പൂത്തു നിൽക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ അഴകോടെയായിരുന്നു അവൾ കടയിലേക്ക് കയറി വന്നത്. പനിനീർപ്പൂക്കളുടെ ശാലീന സൗന്ദര്യമുള്ള പെൺകുട്ടി. “എന്നാ… എന്നാ…” വീണ്ടും സാബു ചോദിച്ചു. “ഹം ആപ് ഹേ കോൻ അല്ലേൽ ‘ഹം ദിൽ ദേ ചുക്കെ സനം’ കാസറ്റ് ഉണ്ടോ ചേട്ടാ…?” ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന കാസറ്റുകളിൽ കണ്ണോടിച്ച് കൊണ്ട് വീണ്ടും ചോദിച്ചു. “ഹം ആപ് ഹേ കോൻ ഇല്ല, ഓട്ടത്തിലാ… നാളെ വരും. ഹം ദിൽ ദേ ചുക്കെ സനമുണ്ട്…” അവളുടെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്ന സാബു പറഞ്ഞു. “ഓ കെ, ഹം ദിൽ ദേ ചുക്കെ സനം മതി, പിന്നെ ഇവിടെ കാസറ്റെടുക്കണമെങ്കിൽ മെമ്പർഷിപ്പ് വേണോ...?” “വേണ്ട... വേണ്ട... അഡ്രസ്സ് തന്നാൽ മതി.” “ഓ. കെ… ഓ. കെ…” ഭിത്തിയിലൊട്ടിച്ചിരിക്കുന്ന സിനിമ പോസ്റ്ററുകൾ നോക്കിക്കണ്ട ശേഷം പറഞ്ഞു. “സൂസൻ ഫിലിപ്പ്… നെല്ലിമൂട്ടിൽ ഹൗസ്… കുന്നുംപുറത്ത്…” “ഓ. നെല്ലിമൂട്ടിലെ ഫിലിപ്പ് സാറിന്റെ മകളാണോ…” എഴുതിക്കൊണ്ടിരുന്ന പേന ബുക്കിനുള്ളിൽ വച്ചുകൊണ്ട് ചോദിച്ചു. “അതേ... പപ്പായെ അറിയാവോ...” ആകാംഷയോടെ സൂസൻ ചോദിച്ചു. “നിങ്ങടെ വീടിനടുത്താ ഞങ്ങടെ ക്ലബ്, പപ്പായെ കണ്ടിട്ടുണ്ട്. പുതിതായി താമസിക്കാൻ വന്നവരല്ലേ...?” “അതേ…” “സൂസൻ എവിടാ പഠിക്കുന്നെ…?” “ഞാനിവിടെ അസംഷൻ കോളേജിൽ ബി. എസ്. സി ചെയ്യുക.” സംസാരം അവസാനിച്ച് പിരിയുമ്പോൾ സൂസന്റെ മുഖം സാബുവിന്റെ മനസ്സിൽ നിറഞ്ഞു നിന്നു. സുഗന്ധവാഹിനിയായ റോസാദളങ്ങൾ പോലെ സാബുവിന്റെ മനം നിറയെ തഴുകിയുണർത്തിയായിരുന്നു അവൾ കടന്നുപോയത്. സ്വർഗ്ഗീയ വിശുദ്ധിയിൽ വീഞ്ഞ് ഒഴുകിയ കാസ പോലെ സാബുവിന്റെ മനോരാജ്യത്തിൽ സൂസനുമായുള്ള സ്വർഗ്ഗീയ സ്വപ്നങ്ങൾ നിറഞ്ഞു തുളുമ്പി. നീണ്ടൊരു പ്രണയത്തിന്റെ ആരംഭമായിരുന്നു അത്. പിന്നെ പല ദിവസങ്ങളിലും കോളജ് കഴിഞ്ഞ് കടയിലേക്ക് വരും. സൂസനു വേണ്ടി മാത്രം പുതിയ ഹിന്ദി സിനിമായുടെ കാസറ്റുകൾ ഒരോന്നായി മാറ്റിവച്ചു. ‘പെഹലാനഷാ പെഹലാഹുവാ….’, ‘ഗസബ് കാ ഹേ ദിൻ സോച്ഛാസരാ…’ അങ്ങനെ എത്രയോ റൊമാന്റിക് മെലഡി ഗാനങ്ങൾ പ്രണയാനുഭൂതിയുടെ സങ്കൽപലോകത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയി.

പള്ളിയിലേക്ക് നീണ്ടു കിടക്കുന്നു പടികൾ. കയറി പോകുന്ന വശങ്ങളിലെ കുരിശിന്റെ വഴികൾ. ആളൊഴിഞ്ഞ നേരങ്ങളിൽ അത്തിമരത്തിന്റെയും ചൂളമരത്തിന്റെയും തണൽപറ്റി സൂസന്റെ കൈ പിടിച്ച് നടക്കും. ആ നിമിഷങ്ങൾ ഒരിക്കലും മറക്കാനാകാത്തതായിരുന്നു. എന്റെ ഹൃദയത്തിലെ പ്രണയ പൂമൊട്ടുകൾ കൂടുതൽ ഇതളോടു കൂടി വിരിയും. ലാവണ്യവതികളായ ദേവസുന്ദരിയായിരുന്നു അവൾ. മനസിലെ മോഹം മഴയായി പെയ്തിറങ്ങിയ സന്ധ്യകൾ. മണവാട്ടിയായി അൾത്താരക്ക് അഭിമുഖമായി നിൽക്കുന്ന സൂസൻ, വിവാഹ വസ്ത്രങ്ങളണിഞ്ഞ് എന്നോടൊപ്പം നിൽക്കുന്ന സൂസൻ, അങ്ങനെ എത്രയെത്ര നിമിഷങ്ങൾ എന്റെ ഹൃദയത്തിന്റെ വാതായനങ്ങളിലൂടെ കയറി വരും. സൂസനുമായുള്ള സ്വപ്നങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. കാലങ്ങളായി കാത്തുവച്ച കൽഭരണിയിലെ മുന്തിരി വീഞ്ഞിന്റെ വീര്യം പോലെ, എന്റെ നാഡി ഞരമ്പുകളെ ത്രസിപ്പിക്കുന്ന സൂസനുമൊത്തുള്ള പ്രണയ നിമിഷങ്ങൾ. ഉറങ്ങിക്കിടന്ന എന്റെ മനസ്സിൽ, പ്രണയാനുഭൂതികൾ ഉമ്മവെച്ച് ഉമ്മവെച്ച് ഉണർത്തി. വർഷങ്ങൾ കഴിഞ്ഞപ്പോൾ സാജനും ജോയിച്ചനുമെല്ലാം ഗൾഫിൽ പോയി. സൂസനുമൊത്തുള്ള ദിനങ്ങൾ നാട് വിട്ട് വിദേശത്തേക്ക് പോകാൻ തീരുമാനിച്ച സാബുവിന്റെ മനോഭാവത്തിൽ ചാഞ്ചല്യമുണ്ടാക്കി. പിന്നെ ഞങ്ങൾ മാത്രമായി നാട്ടിൽ. “ജിമ്മി നീ നോക്കിക്കോ... എന്റെ സ്വപ്നങ്ങളെല്ലാം പൂവണിയും. സൂസൻ എന്റെതു മാത്രമാകും.” സാജനും ജോയിച്ചനും ഗൾഫിൽ പോയതിന് ശേഷം എന്നോട് എല്ലാം തുറന്നു പറയുമായിരുന്നു. ഒരിക്കൽ കോളജ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ജിക്സനും കൂട്ടരുടെയും മുന്നിൽ സൂസൻ വന്നുപെട്ടത്. “ഏതാടാ ആ വരുന്ന ചരക്ക്... മുമ്പിവിടെയൊന്നും കണ്ടിട്ടില്ലല്ലോ...” കാറ്റത്ത് ചാഞ്ഞുവീണ റബർമരത്തിൽ സിഗരറ്റു വലിച്ചിരുന്നു കൊണ്ട് ജിക്സൻ ചോദിച്ചു. “കവലേ പുതിതായി താമസിക്കാൻ വന്നതാ ജിക്സാ…” കൂട്ടുകക്ഷി പറഞ്ഞു. “ഏതായാലും കൊള്ളാം... ഒന്ന് നോക്കി വെച്ചേരെടാ... എപ്പൊഴെങ്കിലും തരത്തിൽ കിട്ടും, നോക്കി വെച്ചേരെ...” അവരുടെ അശ്ലീല ചുവയോട് കൂടിയുള്ള നോട്ടങ്ങളും കമന്റുകളുമെല്ലാം തനിയെ പോകുന്ന വഴികളിൽ പലപ്പോഴും സൂസന് കേൾക്കേണ്ടി വന്നു. ഒരിക്കൽ കടന്നു പിടിക്കുന്ന അനുഭവം വരെയുണ്ടായി. “ഒത്തുവരുമ്പോൾ അവളെ ഞാൻ എടുത്തോളാം, നീ നോക്കിക്കോടാ, ജിക്സൺ ഒരു പെണ്ണിനെ മോഹിച്ചിട്ടുണ്ടെങ്കിൽ ആ ശരീരം ഞാൻ അനുഭവിക്കു… അതു നിനക്കറിയാമല്ലോ... സാബു കെട്ടുകയോ കെട്ടാതിരിക്കുകയോ ചെയ്യട്ടെ, അതെനിക്കറിയേണ്ട; എനിക്കവളെ വേണം, അവൾടെ ആരും കൊതിക്കുന്ന ശരീരം. അതെനിക്ക് വേണം. അതെടുക്കുക തന്നെ ചെയ്യും.” മയക്കുമരുന്നിന്റെ ലഹരിയിൽ ബോംബെയിൽ നിന്ന് വന്ന കൂട്ടുകാരോട് പറയും.

ആരോടും പറയാതെ എല്ലാം ഉള്ളിലൊതുക്കുകയായിരുന്നു സൂസൻ. വരുമ്പോഴൊക്കെ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നത് ജിക്സനും കൂട്ടരുടെയും പതിവായിരുന്നു. ഡിഗ്രിയും പിജിയുമെല്ലാം കഴിഞ്ഞു നിൽക്കുന്ന കാലം. പള്ളിവരാന്തയുടെ വലിയ തൂണുകളിൽ ചാരി നിന്നുകൊണ്ട് സൂസൻ ഒരിക്കൽ പറഞ്ഞു. "സാബുച്ചാ, വീട്ടീന്നേ കല്യാണത്തിന് ഒരുപാട് നിർബന്ധിക്കുന്നുണ്ട്, ആലോചനങ്ങൾ പലതും വരുന്നു, അടുത്ത വർഷം മതി എന്നുപറഞ്ഞ് നീട്ടി കൊണ്ടുപോവാ ഞാനിപ്പോ..." “എനിക്ക് ഒടനേയൊരു ജോലി ശരിയാകും. അതു കഴിഞ്ഞാൽ നമ്മുടെ കല്യാണമാ.” ഉറച്ച മനസോടെ സാബു പറഞ്ഞു."മമ്മി ഇനി നിർബന്ധിച്ചാൽ, എന്നാണേലും ഒടനേ ഈ കാര്യം വീട്ടിൽ അവതിപ്പിക്കാൻ പോവാ. എന്റെ ആഗ്രഹങ്ങളിൽ പപ്പാ ഒരിക്കലും എതിര് പറിയില്ല, എനിക്കൊറപ്പാ..." നീണ്ട ആറ് വർഷത്തെ പ്രേമത്തിൽ കളിചിരികൾ അവസാനിച്ച് ഗൗരവമായ തലത്തിലേക്ക് ആ ബന്ധം വളർന്നു. ഡൽഹിയിലെ സ്കൂൾ ജീവിതങ്ങൾ, തിരക്കേറിയ നഗര കാഴ്ചകൾ. ഫ്രണ്ട്സിന് ഇടയിലെ എത്രയോ കൗമാര പ്രണയചാപല്യങ്ങൾ കണ്ടിട്ടുണ്ട്. എങ്കിലും ഈ ഗ്രാമത്തിൽ വന്നതു മുതൽ എത്രയോ മാറ്റങ്ങൾ വന്നു. സാബൂനെ ആദ്യം കണ്ട മാത്രയിൽ എന്റെ മനസ്സിൽ സ്പർശിച്ച വികാരം. പ്രണയം. യൗവനകാലത്തെ പ്രണയം. ഓർക്കുമ്പോൾ തന്നെ ശരീരം മുഴുവൻ കുളിര് കോരിയിടുന്നു.  

എത്രയോ ഋതുക്കളിലൂടെ കടന്നു പോയെങ്കിലും വർഷ ഋതുവിനോടായിരുന്നു ഏറെ ഇഷ്ടം. പീലി വിടർത്തിയാടുന്ന വർഷ മയൂരത്തെപ്പോലെ എന്നിലെ പ്രണയഋതുക്കൾ ഹൃദയത്തിൽ നിറഞ്ഞാടി. ചാറ്റൽ മഴയുടെ നേർത്ത ശബ്ദം കേട്ട് കിടന്നിരുന്ന നിശീഥിനിയുടെ യാമങ്ങളിൽ, എന്നിലെ പ്രണയ വികാരങ്ങൾ, മുല്ലമൊട്ടുകൾ വിടരും പോലെയായിരുന്നു. കാത്തിരിപ്പ്. സുഖമുള്ളൊരനുഭൂതി തന്നെ. സമുദ്രത്തിലേക്ക് ഒഴുകിച്ചേരുന്ന നദി പോലെ, എന്നിലെ പ്രണയാനുഭൂതികൾ കാമുക ഹൃദയത്തിലേക്ക് ഒഴുകിയെത്താൻ ആഗ്രഹിക്കും. പ്രതിബന്ധങ്ങൾ ഒന്നും തന്നെ ഞങ്ങൾക്കിടയിലില്ലായിരുന്നു. എല്ലാത്തിനും കൂട്ടായി നിന്നത് സാബുവിന്റെ സുഹൃത്തുക്കളായിരുന്നു. ആലോചനകൾ പലതു വന്നു തുടങ്ങിയപ്പോഴാണ് സൂസന്റെ മസസ്സിലുള്ളത് മമ്മിയെ അറിയിച്ചത്. എല്ലാം കേട്ട് ക്ഷണനേരത്തെ മൗനത്തിന് ശേഷം മമ്മി ചോദിച്ചു. “നീ ശരിക്കും ആലോചിച്ചെടുത്ത തീരുമാനം തന്നെയാണോ മോളെ... പിന്നെ ദുഃഖിക്കാൻ ഇടവരരുത്.” “അതേ മമ്മി, എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതു സാബുച്ചനുമായിട്ടായിരിക്കും.” റബർ എസ്റ്റേറ്റും ബിസിനസ്സുമായി പൂർവികർ തൊട്ട് പൈനംമൂട്ടിൽ കുടുംബം ആ നാട്ടിലെ സമ്പന്നരും ദാനശീലരുമാണ്. അവിടേയ്ക്ക് മകളെ കെട്ടിച്ചയക്കുന്നതിൽ എതിർപ്പുകളൊന്നുമില്ലായിരുന്നു. 

ഒരു നീണ്ട പ്രണയത്തിനൊടുവിൽ സെന്റ്. ആൻണീസ് ഫോറോനാ ചർച്ചിൽ വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ സൂസന്റെ വിരലുകളിൽ സാബു മോതിരമണിയിച്ചു. പൂമരത്തിൽ ഒന്നിച്ചു വിടരുന്ന പൂക്കളെ പോലെ ഇരുവരുടെയും മനതാരിൽ ആറു വർഷത്തെ പ്രണയാർദ്ര നിമിഷങ്ങളെല്ലാം ഒന്നിച്ചു പൂവിട്ടു. അമേരിക്കയിലുള്ള സാജനെയും ഷാർജയിലുള്ള ജോയിച്ചനെയും അറിയിച്ചപ്പോൾ തന്നെ അവർ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നു. കുറവലങ്ങാട്ടുള്ള ധ്യാന കേന്ദ്രത്തിൽ പ്രീ-മാര്യേജ് കൗൺസിലിംങിന്റെ രണ്ടാം ദിവസം. ആ ദിവസങ്ങൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞു പോയത്. വിവാഹ സ്വപ്നങ്ങൾ ഓരോ നിമഷങ്ങളിലും ഇരുവരുടെയും മനതാരിൽ നിറഞ്ഞു നിന്നു. ഇടവേളയിൽ ഒരുമിച്ച് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സൂസൻ പെട്ടെന്ന് കുഴഞ്ഞ് വീണത്. എല്ലാവരും താങ്ങിയെടുത്ത് ഹോസ്പറ്റലിൽ എത്തിച്ച ആ രാത്രി മുഴുവനും സാബു കൂടെയുണ്ടായിരുന്നു. കാലം ഹൃദയത്തിന്റെ കോണുകളിൽ കറുത്ത അക്ഷരങ്ങൾ എഴുതിക്കൊണ്ടിരുന്നത് അവരാരും അറിഞ്ഞിരുന്നില്ല. വർഷങ്ങളായി വളർന്നു കൊണ്ടിരിക്കുന്ന ബ്രെയിൻ ടൂമർ ഗുരുതരാവസ്ഥയിൽ ആയ വാർത്ത രണ്ടു ദിവസം കഴിഞ്ഞാണ് എല്ലാവരും അറിഞ്ഞത്. തന്നിലെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വിരാമമിടുന്ന ബ്രെയിൻ ടൂമർ വളരുന്ന കാര്യം സൂസൻ പോലും അറിഞ്ഞിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് ദിവസങ്ങളോളം സൂസൻ അബോധാവസ്ഥയിലായിരുന്നു. സാബുവിന് കൂട്ടായി ഞാനും എപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു. അവസാന നിമിഷത്തിൽ പോലും സാബുവിന് വിശ്വാസമുണ്ടായിരുന്നു സൂസൻ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന്. എത്രയോ നേർച്ചകൾ നേർന്നു. എല്ലാം വിഫലമായി. ആ രാത്രിയിൽ ഏറെ സ്നേഹിച്ചവരെ വിട്ടു പിരിഞ്ഞ് മാലാഖന്മാർക്കൊപ്പം നിത്യ നിദ്രയിലേക്ക് ചേർക്കപ്പെട്ടു. എല്ലാം അനുകൂലമായി മാറിയപ്പോൾ ഒരു വില്ലനായി കടന്നു വന്നതായിരുന്നു ബ്രെയിൻ ടൂമർ. അമേരിക്കയിലുള്ള സാജനും ഷാർജയിലുള്ള ജോയിച്ചനും നാട്ടിലെ കാര്യങ്ങളറിയാൻ വിശ്രമമില്ലാതെ വിളിച്ചു കൊണ്ടിരുന്നു. 

സൂസനുമൊത്ത് വിവാഹ ജീവിതം മാത്രം സ്വപ്നം കണ്ടു നടന്ന രാത്രികൾ. പ്രണയ വിവാഹം എന്ന സങ്കല്പം തന്നെ ഒരിക്കൽ വെറുത്തിരുന്നു. പക്ഷെ സൂസനെ കണ്ട നിമിഷം മുതലാണ് ഒരുൾപ്രേരണ ഹൃദയത്തിന്റെ അടരുകളിൽ ജീവൻ വെച്ചു തുടങ്ങിയത്. ഒരു കുഞ്ഞു മെഴുകുതിരി വെട്ടം പോലെ, കൽകുരിശിൽ തെളിയുന്ന തിരിനാളം പോലെ, ഉണ്ണി ഈശോയുടെ നൈർമല്യം പോലെ, അവരുടെ പ്രണയം സ്വർഗ്ഗീയ വിശുദ്ധി നിറഞ്ഞതായിരുന്നു. പ്രഭാതത്തിൽ പള്ളിമണികൾ മുഴങ്ങുമ്പോൾ, പ്രദക്ഷിണ വഴികളിൽ, നോമ്പാചരണത്തിൽ, കുരിശിന്റെ വഴികളിൽ, പെരുന്നാൾ അപ്പം പങ്കിടുമ്പോൾ, ആകാശത്ത് വർണ്ണങ്ങൾ വിരിയിക്കുന്ന വെടിക്കെട്ടിന്റെ പെരുമ്പറത്താളം കേൾക്കുമ്പോൾ, അവരുടെ ഹൃദയത്തിലെ പ്രണയം ആഴമേറുകയായിരുന്നു. സ്‌പർശനം കൊണ്ട് പോലും ആ ശരീരത്തിന്റെ വിശുദ്ധി സാബു കളങ്കപ്പെടുത്തിയിട്ടില്ലായിരുന്നു. വിവാഹം വരെ ആ നിഷ്കളങ്കത നിലനിൽക്കണമെന്ന് ഇരുവർക്കും നിർബന്ധമായിരുന്നു. ഇപ്പോൾ എല്ലാം ഒരു മുത്തശ്ശി കഥ പോലെ അവസാനിച്ചിരിക്കുന്നു. എല്ലാവരും താങ്ങി പിടിച്ചു കൊണ്ടായിരുന്നു സാബു സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. ഏക മകളുടെ അകാലത്തിലുള്ള വിയോഗത്തിൽ അലമുറയിട്ട് കരയുന്ന മാതാവ്. ആകെ തകർന്ന അവസ്ഥയിലിരിക്കുന്ന പിതാവ്. അക്കാദമി തലങ്ങളിലെല്ലാം ഉയർന്ന മാർക്കോടെ വിജയിച്ചവൾ. എപ്പോഴും ഉന്മേഷവതിയായി കാണപ്പെട്ടവൾ. സൂസന്റെ അകാലത്തിലുള്ള വേർപാട് നാട്ടിലുള്ള ആർക്കും വിശ്വസിക്കാനായില്ല. സംസ്ക്കാര ശുശ്രൂഷ എല്ലാം കഴിഞ്ഞപ്പോൾ ഇരുട്ടു വീണിരുന്നു. ചേതനയറ്റ ശരീരം കണക്കെ നീണ്ട വരാന്തയുടെ തൂണിൽ ചാരി ഇരുന്ന സാബുവിനെ ആശ്വസിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞില്ല. ഇരുട്ടിന് കനം വന്നു തുടങ്ങിയപ്പോൾ ബന്ധുമിത്രാദികൾ ഒരോരുത്തരായി പിരിഞ്ഞു പോയിക്കൊണ്ടിരുന്നു. മരിച്ച വീട്ടിലെ രാത്രി. ഓ… സാബുവിന് സഹിക്കാൻപറ്റിമായിരുന്നില്ല ആ വിയോഗം. അത്രമേൽ സ്നേഹിച്ചവർ. എല്ലാവരുടെയും ആശീർവാദത്തോടെ അൾത്താരയ്ക്ക് മുന്നിൽ നിന്ന് മോതിരം മാറിയവർ. ഹോ... ഞാനവനെ എന്തു പറഞ്ഞാശ്വസിപ്പിക്കും. എന്തൊക്കെ പറഞ്ഞാലും അതൊക്കെ അവനൊരാശ്വാസമാകുമോ... വല്ലാത്തൊരു ധർമ്മസങ്കടത്തിലായി ഞാൻ.

“മോനെ നീ അവനെ കൊണ്ട് എങ്ങനെയെങ്കിലുമൊന്ന് വീട്ടിൽച്ചെന്നാക്ക്... സാബൂനെ കണ്ടിട്ട് ഞങ്ങക്ക് സഹിക്കാൻ പറ്റുന്നില്ല...”എന്നെ മാത്രം മാറ്റി നിർത്തി നിറകണ്ണുകളോടെ ഫിലിപ്പ് സാർ പറഞ്ഞു. “എന്നെ കൊണ്ട് ഇവിടം വിട്ട് പോകാൻ പറ്റുമോയെന്ന് തോന്നുന്നില്ല ജിമ്മിച്ചാ... ഇപ്പഴും സൂസൻ ഇവിടൊക്കെയുണ്ടെന്നു തോന്നുകാ…” ഞാൻ പറയുമ്പോഴൊക്കെ അവനിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. പിന്നെ ഒരുപാട് നിർബന്ധിച്ച് പോകാനായി കാറെടുത്തപ്പോഴാണ് സാബു പറഞ്ഞത്. “വേണ്ടെടാ നമ്മുക്ക് ശവക്കോട്ടപ്പറമ്പു വഴി നടന്നു തന്നെ പോകാമെന്ന്.” സൂസൻ അന്തിയുറങ്ങുന്ന ശവക്കല്ലറയ്ക്കരികിലൂടെ… അങ്ങനെ സൂസന്റെ പപ്പയോടും മമ്മിയോടും യാത്ര പറഞ്ഞ് ഞങ്ങൾ നടന്നു. ആ രാത്രിയിൽ നിശബ്ദത പതിവിലും കാഠിന്യമേറിയതായിരുന്നു. കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര കട്ട പിടിച്ച ഇരുട്ട്. നിശീഥിനിയുടെ യാമത്തിൽ ചെറിയ ടോർച്ച് വെട്ടത്തിൽ നീണ്ടു കിടക്കുന്ന റബർ തോട്ടത്തിലെ ഒറ്റയടി പാതയിലൂടെ ഞങ്ങൾ നടന്നു. പാതിരാത്രിയിൽ പോലും ഉണർന്നിരിക്കുന്ന പക്ഷികളൊഴിച്ചാൽ എല്ലാം ഗാഢനിദ്രയിലാണ്ടു പോകുന്ന നേരം. നടന്ന വഴികളില്ലെല്ലാം സൂസന്റ ഓർമ്മകളിൽ മനോനില തെറ്റിയവരെ പോലെ എന്തൊക്കെയോ സാബു പറയുന്നുണ്ടായിരുന്നു. ആശ്വാസ വാക്കുകളുമായി ഞാൻ സാബുവിന്റെ കൂടെ തന്നെ നടന്നു ശവകോട്ടപ്പറമ്പിന്റെ അടുത്തെത്തി. ചെറിയ ചരിവോട് കൂടി നീണ്ടു കിടക്കുന്ന സെമിത്തേരി. ചെടികൾ വച്ചു പിടിപ്പിച്ച് അങ്ങിങ്ങായി പൂത്തു നിൽക്കുന്ന ചെടികൾ. പിന്നെയും കുറച്ച് മുന്നോട്ട് നടന്നപ്പോഴാണ് സെമിത്തേരിയുടെ അങ്ങേ അറ്റത്തായി ചെറിയ വെട്ടം എന്റെ ശ്രദ്ധയിൽപെട്ടത്. അടുക്കും തോറും ആരുടെയൊക്കയൊ സംസാരവും കാൽ പെരുമാറ്റങ്ങളും. “ഒന്നു നിന്നേ സാബു…” “എന്നാ പറ്റി ജിമ്മിച്ചാ...” “നോക്കിക്കേ... സെമിത്തേരിയിൽ ആരുടെയോ ശബ്ദങ്ങളും ചെറിയ വെട്ടവും, നീ കണ്ടോ...” “ഓ... ശരിയാണല്ലോ...!” “ജിമ്മിച്ചാ, അവിടല്ലേ സൂസനെ അടക്കം ചെയ്തേക്കുന്നത്; സ്ലാബെല്ലാം സിമിന്റിട്ട് പണിയെല്ലാം അപ്പത്തന്നെ കഴിഞ്ഞതാണല്ലോ.” വെട്ടം കണ്ട ഭാഗത്തേക്ക് നോക്കി സാബു പറഞ്ഞു.

എന്താണന്നറിയാൻ ഞങ്ങൾ ആ ഭാഗത്തേക്ക് നടന്നു. ഞങ്ങളെ കണ്ടപാടെ മൂന്നാല് പേർ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ശവക്കല്ലറയ്ക്കരികിലെത്തിയപ്പോൾ അവിടുത്തെ കാഴ്ചയിൽ ഞങ്ങൾ സ്തംഭിച്ചു പോയി. കണ്ണുകളെ പോലും വിശ്വസിക്കാനാകാത്ത അഴലു പറഞ്ഞു പോകുന്ന ദൃശ്യം. കല്ലറയ്ക്കുള്ളിൽ നിന്ന് സൂസന്റെ മൃതശരീരം പുറത്തെടുത്തു കിടത്തിയിരിക്കുന്നു. ശരീരത്ത് പുതപ്പിച്ച തുണികളെല്ലാം അഴിച്ചു മാറ്റപ്പെട്ട് വികൃതമായ അവസ്ഥയിൽ. ഒരുവേള ശ്വാസം പോലും നിശ്ചലമായതായി തോന്നി. ശരീരം മരവിച്ചു പോകുന്ന ദൃശ്യങ്ങൾ. മരണത്തോടെ ആകെ തകർന്നു പോയ സാബുവിന് ആ ദൃശ്യങ്ങൾ കൂടി കണ്ടു കഴിഞ്ഞപ്പോൾ കാഴ്ച മങ്ങി, എന്റെ കൈയ്യിലേക്ക് ചാഞ്ഞു. “സാബുവേ… സാബുവേ… കണ്ണു തുറക്കെടാ... എടാ സാബുവേ…” ഞാൻ പല പ്രാവശ്യം ഉറക്കെ വിളിച്ച് തട്ടിയുണർത്തി, ആ ചെറുപ്പക്കാർ ഓടിയ ഭാഗത്തേക്ക് രണ്ടു പറമ്പുകൾ കടന്ന് സാബുവും ഞാനും ചെറിയ ടോർച്ച് വെട്ടത്തിൽ ഓടി. രണ്ടാളുകൾ അമേരിക്കയിലുള്ള ജോർജുകുട്ടിച്ചായന്റെ വീട്ടിലേക്ക് ഓടി പോകുന്നത് ഒരു മിന്നായം പോലെ ഞങ്ങൾ കണ്ടു. “അത് ജിക്സണാ ജിമ്മിച്ചാ. അവന്റെ രൂപം ഏത് ഇരുട്ടിന്റെ മറവിലും എനിക്ക് തിരിച്ചറിയാം. അത് അവൻ തന്നെ.” ഓടി തളർന്ന ഞങ്ങൾ കുറച്ചു മാറി നിലത്തു കിടന്നിരുന്ന കല്ലുംപ്പുറത്തിരുന്നു. മയക്കുമരുന്നിന്റെ കടുത്ത ലഹരി തലക്ക് പിടിച്ചപ്പോൾ ശവത്തെ പോലും ബലാത്സംഗം ചെയ്യുന്ന വികൃതമായ ചിന്തയിലേക്ക് മനുഷ്യൻ മാറി. അന്ധകാരത്തിന്റെ അടിത്തട്ടിൽ നിന്നുണരുന്ന നിഗൂഢ ചിന്തകൾ ആ രാത്രിയിൽ അവരിലൂടെ പ്രവർത്തിച്ചു. മനോദൗർബല്യമുള്ളവർ കാട്ടിക്കൂട്ടുന്ന മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവൃത്തി. കേട്ടുകേൾവി പോലുമില്ലാത്ത സംഭവം നാടറിഞ്ഞത് ഞെട്ടലോടെയായിരുന്നു. അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ വാർത്തകൾ വന്നെങ്കിലും പണത്തിന്റെ കൊഴുപ്പിൽ പിന്നീടുള്ള അന്വേഷണമെല്ലാം നിലച്ചുപോയിരുന്നു. ഏതോ അലഞ്ഞു നടക്കുന്ന ഭ്രാന്തന്മാർ ചെയ്തതായിരിക്കാം എന്നവർ വരുത്തി തീർത്തു. എങ്കിലും എല്ലാവർക്കും അറിയാമായിരുന്നു ജിക്സണും കൂട്ടരുമാണ് ഇതൊക്കെ ചെയ്തതെന്ന്. അടുത്ത ദിവസം തന്നെ ബോംബെയിലേക്ക് പോയ ജിക്സൺ പിന്നെ ആ നാട്ടിൽ ഒരിക്കലും വന്നില്ല. ഒരിക്കലും മായാത്ത കറപോലെ വർഷങ്ങൾ കഴിഞ്ഞിട്ടും ആ സംഭവങ്ങൾ നാട്ടിലെ ഓരോരുത്തരുടെയും മനസ്സിൽ മായാതെ നിന്നു. പിന്നീടെപ്പോഴൊ ഒരു വാർത്ത കേട്ടു. കടുത്ത മയക്കുമരുന്നിന്റെ അടിമയായി മാറിയ ജിക്സൺ ബോംബെയിലെ ഹോട്ടൽ മുറിയിലെ ഫാനിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ച വിവരം.

നാട്ടിലേക്ക് പോകുന്ന ദിവസം വരെ വർഷങ്ങൾക്കു മുമ്പുള്ള ആ ദിവസവും രാത്രിയിലെ ദൃശ്യവുമെല്ലാം കടന്നുപോയി. സാബുവിന്റെ കല്യാണം, ആ ഒരു നിമിഷത്തിനായി എത്ര നാൾ കാത്തിരുന്നു. അമേരിക്കയിലുള്ള സാജനും ഷാർജയിലുള്ള ജോയിച്ചനും ബന്ധുക്കളും മറ്റ് സുഹൃത്തുക്കളും കുട്ടികളുമെല്ലാമായി പള്ളി നിറഞ്ഞിരുന്നു. നവവധുവായി സാബുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കരിമ്പനേത്ത് കുര്യച്ചന്റെ മകൾ ജിൻസി. പള്ളിവക സ്കൂളിലെ ടീച്ചറായ ജിൻസിയുമായുള്ള വിവാഹം വീട്ടുകാർ തമ്മിൽ തീരുമാനിച്ചതായിരുന്നു. വിശുദ്ധ വിവാഹ ചടങ്ങുകൾ പുരോഗമിക്കുമ്പോൾ മോളെ നാൻസീടെ കൂടെ നിർത്തി പള്ളിയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നീണ്ടു കിടക്കുന്ന വരാന്തയിലൂടെ ജിമ്മി നടന്നു. വരാന്തയിൽ നിന്നു നോക്കിയാൽ താഴെ ചരുവിൽ പൂത്തു നിൽക്കുന്ന ചെടികളാൽ നിറഞ്ഞു വളരെ മനോഹരമായ സെമിത്തേരി കാണാം. അതിലൊരു കല്ലറയിൽ തൂവെള്ള മാർബിൾ ഫലകങ്ങളിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു.

SUSAN PHILIP

ജനനം. 15-5-1975

മരണം. 3-12-1998

അൽപം താഴെയായി ഇങ്ങനെ രേഖപ്പെടുത്തി.

“വസന്തകാലത്ത് കൊഴിഞ്ഞ് വീണ പുഷ്പമേ...

ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി…

പപ്പായും, മമ്മിയും.”

കല്ലറയ്ക്ക് മുകളിലായി കുറെ പൂക്കൾ വിതറി കിടക്കുന്നതു കാണാം. ജിമ്മി അങ്ങോട്ടേയ്ക്ക് തന്നെ നോക്കി നിന്നു. പള്ളിയ്ക്കുള്ളിൽ നിന്നു വിശുദ്ധ വിവാഹത്തിൽ ഗായകസംഘം പാടുന്ന പാട്ടിന്റെ ഈരടികൾ മുഴങ്ങി കേൾക്കാം. ഏകനായി തൂണിൽ ചാരി ദൂരെ സൂസനെ അടക്കം ചെയ്ത കല്ലറയിലേക്ക് തന്നെ നോക്കി നിന്നു. മിന്ന്കെട്ട് കഴിഞ്ഞ് വധൂവരൻമ്മാർ പള്ളിമുറ്റത്തേക്ക് നടക്കുമ്പോഴും ജിമ്മി അവിടെ തന്നെ നിന്നു. ജിൻസിയുടെ കൈ പിടിച്ച് വന്ന സാബു ഒരു നിമിഷം അകലങ്ങളിലേക്ക് നോക്കി. നിറപുഞ്ചിരിയോടെ തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കൈ വീശി നിൽക്കുന്ന സൂസൻ ഒരു നിമിഷാർദ്രം സാബുവിന്റെ കണ്ണുകളിൽ പതിഞ്ഞ് കടന്നുപോയി. വളരെ വ്യസനത്തോടെ അങ്ങോട്ടേക്ക് നോക്കി നിന്നു. ഏറെ നേരം നിന്നു. “സാബുച്ചായാ… സാബുച്ചായ...” മൗനത്തിന്റെ ഇടനാഴിയിലൂടെ യാത്ര ചെയ്ത സാബുവിന്റെ മനസ്സ് ജിൻസിയുടെ വിളി കേട്ടാണ് ഉണർന്നത്. ഫോട്ടോഗ്രാഫർമാർക്കൊപ്പം വാകപ്പൂക്കൾ വീണു കിടക്കുന്ന പള്ളിമുറ്റത്തേക്ക് ജിൻസിയുടെ കൈയ്യും പിടിച്ച് സാബു നടന്നു നീങ്ങി. ഇതെല്ലാം നോക്കി പള്ളിവരാന്തയിലെ തൂണിൽ ചാരി ജിമ്മി അപ്പോഴും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Pallimanikal Muzhangumpol ' written by Sisil Kudilil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com