ADVERTISEMENT

പോസ്റ്റുകൾ കഥ പറയുമ്പോൾ (കഥ)

ദിവസവും രാവിലെ സൂര്യനുദിക്കുന്നതിനു മുൻപേ നടക്കാനിറങ്ങുകയാണ് എന്റെ പതിവ്. ഗേറ്റു തുറന്നു പതുക്കെ ഒന്ന് കണ്ണോടിക്കും. എന്തിനാണെന്നറിയാമോ? ധാരാളം തെണ്ടി പട്ടികൾ വിലസുന്ന സ്ഥലമാണ്. എന്തെങ്കിലും ഗേറ്റിനു മുന്നിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് നോക്കുന്നത്. ഒന്നുമില്ലെന്നു ആശ്വസിച്ചു വീണ്ടും നോക്കും. ഏതെങ്കിലും രസികൻ വല്ല പ്ലാസ്റ്റിക് സഞ്ചിയോ മറ്റോ തന്ന് സത്കരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരും കാണാതെ പഴയ ഫുട്ബോൾ കിക്ക് ഓർത്തു റോഡിലേക്ക് തട്ടാം, അല്ലെങ്കിൽ കാണാത്ത ഭാവത്തിൽ നടന്നു നീങ്ങാം. കുറച്ചു ദിവസമായി റോഡരികിൽ നാട്ടിയ ഇലക്ട്രിക് പോസ്റ്റുകൾ എന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങിയിട്ട്. ഇന്ന് ഏതായാലും മുഴുവൻ നേരവും അതിനായി ചെലവഴിക്കാൻ തീരുമാനിച്ചു.

ആദ്യമായി കണ്ടത് "അമിതമായ വണ്ണം മുപ്പത് ദിവസങ്ങളിൽ കുറക്കാം" മെലിഞ്ഞ ശരീര പ്രകൃതിയുള്ള എനിക്ക് അത് വേണ്ട! അപ്പോളാണ് അതിന്നു മുകളിൽ മറ്റൊരു പരസ്യം കണ്ടത്‌. "വെറും 3500 രൂപക്ക് മൂന്ന് നേരം ആഹാരം വീട്ടിൽ എത്തിച്ചു കൊടുക്കും" ഈ ഭക്ഷണം കഴിച്ചാലാണോ ഭാരം കുറയുക? രണ്ടു നമ്പറും വ്യത്യസ്തമാണ് എന്ന് ആശ്വസിച്ചു. അടുത്ത കാലിൽ മനോഹരമായ ഒരു സ്വർണാഭരണത്തിന്റെ ചിത്രം. ഉടൻ പണം വേണോ? സമീപിക്കുക. വീട്ടിൽ പണമേ ഇല്ല! പിന്നെ കണ്ടത് "വീട്ടിലിരുന്നു ജോലി ചെയ്യാം . മാസം നല്ല വരുമാനം ഉറപ്പ്. എന്ത് ജോലിയാണാവോ? എഴുപതു കഴിഞ്ഞ എനിക്ക് പറ്റുമോ എന്ന് ഓർത്തു. കവലയിലെത്താറായപ്പോൾ നോട്ടീസുകളുടെ യുദ്ധം തന്നെ. പലതും കാണ്മാനില്ല. മൂരാച്ചികളെ, ബെഡ്, ക്ലീൻ ചെയ്തു  കൊടുക്കും! ഇത് എന്ത്‌ മറിമായമാണോ എന്നാശ്ചരിച്ചു. "എല്ലാ വിഷയത്തിലും ട്യൂഷൻ" ഒരു മൊബൈൽ നമ്പറും.

ബസ് സ്‌റ്റോപ്പ് എത്താറായപ്പോൾ നോട്ടീസുകൾ ഒരു വികൃത രൂപത്തിലുള്ള കോളജ് പോലെ. രസകരമായ മുറിവാക്കുകൾ മാത്രം കാണാം. ഇന്നു വൈകുന്നേരം, കമ്പി വേലി, മലയാളി പണിക്കാരെ വേണം. ചിരിക്കാനും ചിന്തിക്കാനും പറ്റിയ ചോദ്യങ്ങൾ പോലെ! അടുത്തത് കണ്ടപ്പോൾ നമ്പറൊന്നു എഴുതിയെടുത്താലോ എന്നോർത്തു. "വീട്ടിൽ വന്നു മസാജ്" ഒന്ന് പരീക്ഷിച്ചാലോ? ഭാര്യ നാട്ടിൽ പോകുമ്പോൾ? കലാവാസന പ്രകടിപ്പിക്കുന്ന ചിത്രങ്ങളും, പോയ തിരഞ്ഞെടുപ്പിന്റെ ചിഹ്നങ്ങളും കണ്ടു നടന്നു. ചില കാര്യങ്ങൾ മനസിയിലായി. എല്ലാ നോട്ടീസുകളും അഞ്ചടിക്കും, ആറടിക്കും ഇടയിൽ മത്സരിക്കുന്നു. നടുക്കുന്നവന്റെ കണ്ണെത്തുവാനായിരിക്കും. ചില പോസ്റ്റുകളിൽ തലങ്ങും വിലങ്ങും ഒരേ നോട്ടീസ് പതിച്ചിരിക്കുന്നു. സ്റ്റോക് തീർക്കാനായിരിക്കും എന്ന് ചിന്തിച്ചു. അൽപസമയത്തിൽ എന്റെ നടത്തത്തിന്റെ പരിധി എത്തി. യു ടേൺ എടുത്തു മടങ്ങുമ്പോൾ ഒരു അസാധാരണ നോട്ടീസ് കണ്ടു. "കാണ്മാനില്ല. ഒരു നായകുട്ടിയുടെ പടവും വിളിക്കേണ്ട നമ്പറും' ആ നായകുട്ടിയുടെ വിധിയോർത്തു വീട്ടിലേക്കു നടന്നു.

Content Summary: Malayalam Short Story ' Postukal Kadha Parayumpol ' written by Gopal Payoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com