ADVERTISEMENT

പ്രണയിതാക്കൾ (കഥ)

ഒരു കൊലപാതകം നടപ്പാക്കാൻ നിർദേശം കിട്ടിയിട്ടുണ്ട്.. ഒരാളെയല്ല.. രണ്ടു പേരെ.. ഒരാണിനെയും ഒരു പെണ്ണിനേയും.. പ്രണയിതാക്കളാണത്രേ.. പക്ഷെ അവരുടെ പ്രണയം അവർക്കു പോലും അംഗീകരിക്കാൻ കഴിയുന്നില്ലത്രേ.. കാരണം മനുഷ്യരുടെ ലോകത്താണ് അവരുള്ളത്. അവിടെ പ്രണയം പാപമാണത്രേ.. അവർ ആണും പെണ്ണുമാണത്രേ.. തമ്മിൽ കണ്ടാൽ പാപം ചെയ്യുന്ന ലോകത്താണ് അവരുള്ളത് പോലും.. അതുകൊണ്ട് അവർതന്നെ തങ്ങളെ കൊലപ്പെടുത്താൻ നിർദേശിച്ചിരിക്കുകയാണ്. നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഗതി പരമരഹസ്യമായിരിക്കണം. എല്ലാം ശുഭമായി പര്യവസാനിച്ചാൽ കാത്തിരിക്കുന്നത്  സ്വപ്നം പോലും കാണാൻ പറ്റാത്തത്ര സൗഭാഗ്യങ്ങളാണ്. മരണശേഷം പ്രണയിതാക്കൾക്ക് സ്വസ്തി ലഭിക്കാനുള്ള മന്ത്രോച്ചാരണങ്ങൾ ഉണ്ട്. മന്ത്രങ്ങൾ ഉരുക്കഴിക്കുമ്പോൾ അവർ മയക്കികിടത്തിയ നിലയിലായിരിക്കും. ഗാഡനിദ്രയിൽ ആയിരിക്കും. വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിൽ അവരുടെ മേൽ മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങണം. രണ്ടു പേർക്കും വെവ്വേറെ എണ്ണം മന്ത്രങ്ങൾ ഉരുക്കഴിക്കണം. മന്ത്രങ്ങൾ പൂർത്തിയാകുന്ന നിലക്ക് മൂർച്ചയേറ്റിയ, മിനുസപ്പെടുത്തിയ വാക്കത്തി കൊണ്ട് നിർദാക്ഷണ്യം വെട്ടി മുറിക്കണം.. പെണ്ണിനെ ഒൻപത് കഷ്ണങ്ങളായും ആണിനെ ഏഴു കഷ്ണങ്ങളായും വെട്ടി മുറിക്കണം. മുറിക്കുമ്പോൾ ഹൃദയം കഠിനപ്പെടുത്തണം.. ഒരു തരിമ്പും ദയയില്ലാതെ മുറിച്ചു മുറിച്ചു മാറ്റണം...ഇനിയുമുണ്ട് നിർദേശങ്ങൾ, പ്രണയമെന്ന പാപത്തിന് പരിഹാരമായി അവരുടെ മുറിക്കപ്പെട്ട ശരീരങ്ങളെ അങ്ങ് ദൂരെ രണ്ടു ദിക്കുകളിലായി മറവു ചെയ്യണം. ആത്മാക്കൾ പോലും പരസ്പരം കണ്ടുമുട്ടരുതെന്ന് ഉറപ്പിച്ച് ആഴത്തിൽ കുഴിയെടുത്ത് മറമാടണം.. എല്ലാം അതീവ രഹസ്യമായിരിക്കണമെന്ന് നിർദേശമുണ്ട്.. പാലിച്ചില്ലെങ്കിൽ ശിക്ഷയുണ്ടാകുമത്രേ.. എന്റെ ഹൃദയം കരിങ്കല്ലിനെക്കാൾ കാഠിന്യമേറിയതാണെന്ന്  ഓർത്ത് കൊണ്ട് ആ രണ്ടു കൊലപാതകങ്ങളും ഏറ്റെടുത്തു. കാത്തിരിക്കുന്ന നല്ല നാളെക്കായി അവ അനിവാര്യം തന്നെയാണെന്ന ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് കൈ വിറക്കില്ലെന്നും ഹൃദയം ചഞ്ചലപ്പെടില്ലെന്നും ഉറപ്പു കൊടുത്തു.

ലക്ഷം മന്ത്രങ്ങൾ ഉരുക്കഴിക്കുമ്പോൾ വല്ലാത്ത ഉഷ്ണം അനുഭവപ്പെടുന്നുണ്ടായിരുന്നു. നാക്കൊന്നു പിഴച്ചാൽ ശിക്ഷ അധികഠിനമാകുമെന്ന മുന്നറിയിപ്പുണ്ട്.. അതിസൂക്ഷ്മതയിൽ മന്ത്രങ്ങൾ ഉരുക്കഴിച്ചു തുടങ്ങി. വെള്ളത്തുണിയിൽ മയക്കികിടത്തിയ ആണും പെണ്ണും അപ്പോൾ യുഗാന്തരങ്ങൾ കടന്നു സഞ്ചരിക്കുകയായിരുന്നു. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് തങ്ങൾ കണ്ടുമുട്ടിയ നദീതീരത്തു അവർ കൈകൾ കോർത്തുപിടിച്ചിരുന്നു. തൂവെള്ള നിറത്തിൽ പതഞ്ഞൊഴുകുന്ന നദിക്കരയിൽ വയലറ്റ് നിറമുള്ള പൂക്കൾ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്നുണ്ടായിരുന്നു. പതഞ്ഞൊഴുകുന്ന അരുവിയിൽ നിന്നും നീർക്കണങ്ങളെ തലോടി മന്ദം നീങ്ങുന്ന കാറ്റിനു വയലറ്റ് പൂക്കളുടെ സൗരഭ്യം ആയിരുന്നു. സുഗന്ധം നിറഞ്ഞ നീർക്കണങ്ങൾ ഇരുവരുടെയും കൺപീലികളിലും നീണ്ട ഇടതൂർന്ന മുടിയിഴകളിലും വൈഡൂര്യം പോലെ തിളങ്ങി നിന്നു. ഇരുമെയ്യും ഒരു ഹൃദയവുമുള്ളവർ, നക്ഷത്രകുഞ്ഞുങ്ങളെ കൂട്ടുകാരാക്കി അവർ തങ്ങളുടെ പ്രണയം കണ്ണുകളിലൂടെ പറയാതെ പറഞ്ഞു. അവൻ ധ്യാനലീലനായിരുന്ന ഒരു സമയം അർവാഹുകളുടെ ലോകത്തുനിന്നും അവൾ പുറത്താക്കപ്പെട്ടു.. ആലമുൽ അർഹാമിലേക്ക് ഒറ്റക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ അവൾ ഭയന്നു. ആ ഇരുട്ടറയിൽ ആദ്യമൊക്കെ ഭയം കൊണ്ട് ചലനമറ്റിരുന്നു. പിന്നെ പിന്നെ കൈകാലുകൾ ചലിപ്പിച്ചു രക്ഷപ്പെടാൻ വൃഥാ ശ്രമിച്ചു. നക്ഷത്ര കുഞ്ഞുങ്ങളെ കാണാതെ, പതഞ്ഞൊഴുകുന്ന അരുവി കാണാതെ വയലറ്റ് പൂക്കളെ കാണാതെ, അവയുടെ സുഗന്ധം അറിയാതെ, അവളുടെ പ്രിയപ്പെട്ടവനെ കാണാതെ ഇരുട്ടറയിൽ സങ്കടപ്പെട്ടിരുന്നു. കാലം മുന്നോട്ടു പോകുമ്പോൾ നനുത്ത തലോടലിൽ സ്നേഹ വാത്സല്യത്തിൽ അമ്മിഞ്ഞയുടെ മാധുര്യത്തിൽ അർവാഹുകളുടെ ലോകം അവളുടെ ഓർമയിൽ നിന്നും മാഞ്ഞു തുടങ്ങി. ധ്യാനത്തിൽ നിന്നും ഉണർന്നവൻ നോക്കുമ്പോൾ പ്രിയപ്പെട്ടവളെ കാണാതെ ഒന്നമ്പരന്നു. നക്ഷത്ര കുഞ്ഞുങ്ങളോടും അരുവിയോടും പറവകളോടും  വയലറ്റ് പൂക്കളോടും, അവയെ തലോടി മറയുന്ന കാറ്റിനോടും അവൻ നിരന്തരം തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. പക്ഷെ അവരുടെ മൗനത്തിനു മുന്നിൽ അവൻ പരാജിതനായി. ഒടുവിൽ ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ അവനും അർവാഹുകളുടെ ലോകത്തു നിന്നും യാത്രയാകേണ്ടി വന്നു. അർഹാമിന്റെ ലോകത്തെത്തിയ ആദ്യനാളുകൾ അമ്പരപ്പിന്റെതായിരുന്നു. പതിയെ പതിയെ എല്ലാം മറന്നവൻ പുതിയ ലോകത്തോടിണങ്ങി.. പ്രണയിനിയുടെ കണ്ണുകളെ പാടെ മറന്നു.

മന്ത്രങ്ങൾ ഉരുക്കഴിക്കുക അത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ആദ്യമായി ഒരു ഉൾഭയം അനുഭവിച്ചു. വെവ്വേറെ എണ്ണം തികക്കണമെന്ന കടമ്പയിൽ ഉടലിലൂടെ വിയർപ്പു കണങ്ങൾ ചാലിട്ടൊഴുകി. വളരെ പെട്ടെന്ന് കാര്യങ്ങൾ തീർപ്പാക്കാമെന്ന അഹംബോധത്തിന് മങ്ങലേറ്റ് തുടങ്ങി. വെള്ളത്തുണിയിൽ മയങ്ങുന്നവർ അപ്പോൾ മനുഷ്യരുടെ ലോകത്തായിരുന്നു. പാപത്തിന്റെ നിണം പേറുന്ന മനുഷ്യരുടെ ലോകത്ത്.. അവിടെ അവരും പാപികളായിരുന്നു. ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ പാപികളായവർ. അനേക വർഷങ്ങൾ പരസ്പരം കാണാതെ, അറിയാത്ത ഇടങ്ങളിൽ ജീവിച്ചവർ. തീരെ പ്രതീക്ഷിക്കാത്ത ഒരു നാളിൽ അവൻ അവളുടെ കണ്ണുകളെ തിരിച്ചറിഞ്ഞു. ഹൃദയത്തിൽ നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണ് ചിമ്മി.. പാലരുവി പതഞ്ഞൊഴുകി, കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു. വയലറ്റ് പൂക്കൾ ശോഭയോടെ വിടർന്നു. വിടപറയാനാവാതെ താറിത്താറി നിന്നു.. അവന്റെ ഹൃദയത്തിലെ നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണുകളിലൂടെ അവളുടെ കണ്ണുകളിലേക്കും ഹൃദയത്തിലേക്കും മൗനസഞ്ചാരം നടത്തി. പക്ഷെ മനുഷ്യരുടെ ലോകത്ത് വിലക്കുകൾ ഏറെ ആയിരുന്നു. പ്രണയം പാപമായിരുന്നു. പാപികളാവാൻ വയ്യാതെ അവർ അകലാൻ ശ്രമിച്ചു. കാരണം മനുഷ്യരുടെ ലോകത്താണ് അവരുള്ളത്. അവിടെ പ്രണയം പാപമാണത്രേ.. അവർ ആണും പെണ്ണുമാണത്രേ.. തമ്മിൽ കണ്ടാൽ പാപം ചെയ്യുന്ന ലോകമാണ് പോലും.. അത്രമേൽ ആഴത്തിൽ അറിഞ്ഞവർ അപരിചതർ ആയി മാറി.. കണ്ണുകളിൽ നക്ഷത്രകുഞ്ഞുങ്ങൾ മരിച്ചു കിടന്നു. പാലരുവിയുടെ ശീതളിമ പോയ് മറഞ്ഞു, വയലറ്റ് പൂക്കൾ വാടിക്കരിഞ്ഞു.. ഇനിയുമൊരു കണ്ടു മുട്ടൽ ആഗ്രഹിക്കാതവർ മന്ത്രോച്ചാരണങ്ങളിൽ മയങ്ങിക്കിടന്നു. പെണ്ണിനെ ഒൻപതും ആണിനെ എഴും കഷ്ണങ്ങളായി മുറിക്കപ്പെടുന്നതും ദൂരെ ദിക്കുകളിൽ മറമാടപ്പെടുന്നതും കാത്തവർ ഗാഢനിദ്രയിലാണ്ടു. അന്ത്യനാളിൽ ഉയിർത്തെഴുന്നേൽക്കും വരെ തമ്മിൽ കാണില്ലെന്ന വാശിയോടെ.. കടമ്പകൾ ഇനിയും ഏറെ കടക്കാനുണ്ട്. ഇരുട്ടിനു കനമേറുന്നു.. മന്ത്രങ്ങൾ കഴിഞ്ഞാൽ ദൂരെയുള്ള ദിക്കിലേക്ക്, ആത്മാക്കൾ പരസ്പരം കാണാത്തിടത്തേക്ക് ഇവരെ യാത്രയാക്കണം. നാളെയുടെ സൗഭാഗ്യങ്ങൾ ഓർത്തതോടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഹൃദയതാളം അനുക്രമമായി.. മന്ത്രോച്ചാരണങ്ങൾക്ക് വേഗതയേറി.. മൂർച്ചയേറ്റിയ വാക്കത്തിയുടെ വശങ്ങൾ മിനുപ്പോടെ തിളങ്ങി.. പെണ്ണിനെ ഒൻപതും ആണിനെ എഴും കഷ്ണങ്ങളായി മുറിച്ചു. വെവ്വേറെ ദിക്കുകളിലായി ആഴത്തിൽ മറമാടി.. പ്രണയിതാക്കൾ മരിച്ചു, അഥവാ കൊന്നു. പാപങ്ങൾ ഇല്ലാത്ത ലോകത്തേക്ക് അവർ തനിച്ചു യാത്രയായി. കാറ്റിന്റെ മുഴക്കം ഉള്ളിലെവിടെയോ ഒരു ഭയം സൃഷ്ടിച്ചു. തിരികെ ഓടുകയായിരുന്നു, പക്ഷെ കാലുകൾക്ക് മനസ്സിന്റെ വേഗത ഉണ്ടായിരുന്നില്ല, കാറ്റിന്റെ മുഴക്കം കൂടി വന്ന ഒരു സമയം, പുഴക്കരയിലെവിടെയോ വച്ച് ബോധം മറഞ്ഞു. ഉദയ സൂര്യന്റെ ആദ്യ കിരണങ്ങൾ കണ്ണുകളിൽ പതിക്കുമ്പോൾ ഞാൻ ഒരു ഉന്മാദവസ്ഥയിലായിരുന്നു..

Content Summary: Malayalam Short Story ' Pranayithakkal ' written by Shajini Nissam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com