ADVERTISEMENT

സമയം (കഥ)

ഇറച്ചിക്കടയിൽവച്ചാണ് ഞാൻ ആദ്യമായി അയാളെ ശ്രദ്ധിക്കുന്നത്. നല്ല മുഖപരിചയം. എങ്ങനെ, എവിടെ വച്ചാണ് അയാളുമായുള്ള പരിചയമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടുത്തോം കിട്ടിയില്ല. ചോദിക്കാമെന്നുവച്ച് ഞാനൊന്നൊരുങ്ങിയതാണ്. എന്റെ നോട്ടവും പെരുമാറ്റവും അയാളിൽ വല്ലാത്തൊരസ്വസ്ഥത സൃഷ്ടിച്ചെന്നെനിക്കു തോന്നി. അയാൾ ഒരു നീരസഭാവത്തിൽ എന്നെ നോക്കി. അതു കണ്ടപ്പോൾ ഞാൻ ചോദിക്കാനുള്ള ഉദ്യമത്തിൽനിന്നു പിൻവലിഞ്ഞു. എന്നിട്ടും അയാളെ ഇടയ്ക്കിടയ്ക്ക് നോക്കാതിരിക്കാൻ എനിക്കായില്ല. അയാളും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നെനിക്കു മനസ്സിലായി.

 

ഈ ഇറച്ചിക്കടയിൽ ഞാൻ ആദ്യമായിട്ടാണ് വരുന്നത്. കോഴിയിറച്ചി വാങ്ങണമെന്ന് രണ്ടു ദിവസമായി ഭാര്യ പറയുന്നു. മോൾക്കും മോനും ബിരിയാണിയെന്നു കേട്ടാൽ ഭ്രാന്താണ്. വല്ലപ്പോഴും ഞാൻ കടയിൽനിന്നു വാങ്ങിക്കൊടുക്കാറുണ്ട്. പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ കാണാറുണ്ടെങ്കിലും പിള്ളേരുടെ കൊതി കാണുമ്പോൾ വാങ്ങിക്കൊടുത്തുപോകും. ശരീരത്തിനു നല്ലതല്ല ഹോട്ടൽഭക്ഷണമെന്ന് ഒപ്പം ഓർമിപ്പിക്കുകയും ചെയ്യും. ഭാര്യ ബിരിയാണിയുണ്ടാക്കിയിട്ടില്ല, ഇതേവരെ. എന്നാൽ ഇപ്പോൾ അയൽക്കാരിയിൽനിന്നെല്ലാം ചോദിച്ചു മനസ്സിലാക്കിവച്ചിട്ടുണ്ട്. നെറ്റ് നോക്കിയും കുറെ മനസ്സിലാക്കി. ഇനി അതു പരീക്ഷിക്കുകയേ വേണ്ടൂ. പാചകത്തിൽ അവളത്ര മോശമൊന്നുമല്ല. എന്നാൽ ഇറച്ചി അങ്ങനെ ഞങ്ങളുടെ വീട്ടിൽ വാങ്ങാറില്ല. പഴയ തറവാടാണ്. ഭാര്യയുടെ അമ്മയും വീട്ടുകാരുമൊന്നും മത്സ്യമാംസാദികൾ കഴിക്കാറില്ല. അച്ഛൻ കഴിക്കുമായിരുന്നു പണ്ടെന്നു പറയുന്നു. വീട്ടിൽവച്ചു കഴിക്കാൻ താൽപര്യം കാണിക്കുന്നതു കണ്ടിട്ടില്ല. വല്യ കാര്യമില്ലായെന്നർഥം. പുറത്തുപോകുമ്പോൾ കഴിക്കുമായിരിക്കാം. അതും വളരെ അപൂർവം.

 

എന്റെ വീട്ടിലാണെങ്കിൽ മത്സ്യത്തിനു പ്രാധാന്യമുണ്ടെങ്കിലും മാംസത്തിന് അത്ര പ്രാധാന്യമില്ലായിരുന്നു. തപ്പിത്തടഞ്ഞാൽ എപ്പോഴെങ്കിലും വച്ചതായി ഓർമകിട്ടാം. അത്രേള്ളു. മത്സ്യം മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകും. അച്ഛനും അമ്മയ്ക്കും എനിക്കും അതുതന്ന്യാ താൽപര്യം. മാംസം ഞാൻ അങ്ങനെ കഴിക്കാറില്ല. അത്ര അടുപ്പമുള്ള ആരുടെയെങ്കിലും വീട്ടിൽവച്ച് നിർബന്ധിച്ചാൽ കഴിക്കാം. എന്നാൽ എന്റെ പിള്ളേർക്കാണെങ്കിൽ മത്സ്യമെന്നു കേട്ടാൽ ഒരു താൽപര്യവുമില്ല. ചിക്കനെന്നു കേട്ടാലോ അതിനുവേണ്ടിചാകും. പ്രത്യേകിച്ചു ബിരിയാണി. ഭാര്യയ്ക്ക് വേണമങ്കിൽ ആവാം അല്ലെങ്കിൽ വേണ്ട, അത്രേള്ളു. എന്നാൽ രണ്ടു ദിവസമായീട്ട് അവളും നിർബന്ധം പിടിച്ചുതുടങ്ങി, കോഴിയിറച്ചി വാങ്ങണമെന്ന്. പോത്തും ആടുമെന്നു കേട്ടാൽ അവൾക്ക് ഓക്കാനം വരും. പിള്ളേർക്ക് ഉള്ളിൽ കൊതിയുണ്ടാകാം. പക്ഷേ അവർ മിണ്ടാറില്ല. ആട്ടിറച്ചി ആരോഗ്യത്തിനു നല്ലതാണെന്ന് ചെറുക്കൻ ഒരുദിവസം ആരോടെന്നില്ലാതെ പറയണകേട്ടു. അപ്പോൾത്തന്നെ അവൾ കൊമ്പുകുലുക്കി. ഞാനൊന്നും പറയണില്ലേയെന്നമട്ടിൽ അവനിരിക്കുന്നതും കണ്ടു.

 

കോഴിയിറച്ചി വാങ്ങിയാൽ നാളെ ബിരിയാണിയുണ്ടാക്കിത്തരാമെന്ന് രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് അവൾ പ്രഖ്യാപിച്ചത്. പിള്ളേര് ബിരിയാണിയാണിതെന്നോർത്ത് ചോറു മുഴുവനും വാരിത്തിന്ന് തുള്ളിച്ചാടിപോകുന്നതു കണ്ടു. പക്ഷേ അമ്മയുണ്ടാക്കിയാൽ അത്ര നന്നാകുമോയെന്ന് മാറിനിന്ന് അവർ അടക്കം പറയുന്നത് ഞാൻ കേട്ടു.

‘‘ങ്ങും.. അമ്മയുണ്ടാക്കുന്നതു തിന്നാമതി. പുറത്തുനിന്ന് ഇനി വാങ്ങുന്ന പ്രശ്നമില്ല’’ – ഞാൻ കട്ടായം പറഞ്ഞു.

മൂത്തവൾ എന്നെ ദയനീയമായി നോക്കിയപ്പോൾ ഇളയവൻ ഒരു പുച്ഛഭാവത്തിൽ നടന്നുപോയി. പാവം പിള്ളേർ എന്ന് ഞാൻ മനസ്സിൽ പറയുകയുംചെയ്തു. വാങ്ങില്ലെന്നു ഞാൻ പറയുമെങ്കിലും വാങ്ങിക്കൊടുക്കുമെന്ന് അവർക്കറിയാം. അതുകൊണ്ട് അതത്ര കാര്യമാക്കാതെയാണ് അവരുടെ പോക്കെന്ന് എനിക്കു മനസ്സിലായി.

 

നേരം വെളുത്തപ്പോൾ ഒരു കവർ കയ്യിലെടുത്തുതന്നുകൊണ്ട് ഭാര്യ പറഞ്ഞു – ‘‘മൂന്നുകിലോ വാങ്ങിക്കോ.’’

ഞങ്ങൾ നാലുപേരേയുള്ളു. എനിക്കാണെങ്കിൽ വേണ്ട. ഞാനിതേവരെ ബിരിയാണി കഴിച്ചിട്ടില്ല. അതിന്റെ മണം കിട്ടുമ്പോൾത്തന്നെ എനിക്കു മനം പുരട്ടും. എങ്കിലും പിള്ളേർ കഴിക്കുന്നതുകണ്ട് ഞാനിരിക്കും. മൂന്നെണ്ണം വാങ്ങിയാൽ മൂന്നുപേരും കൂടി തിന്നുന്നതു കാണാൻ രസാ. എന്റെ മനസ്സും വയറും അപ്പോ നിറയും.

 

സ്ക്കുട്ടറുമെടുത്തു ഞാൻ കടയായകട മുഴുവൻ നടന്നു. കോഴി എങ്ങുമില്ല. തമിഴ്നാട്ടീന്ന് വണ്ടി വന്നിട്ടില്ലായെന്നാണ് പലരും പറഞ്ഞത്. ചിലപ്പോൾ ഉച്ചയാകുമ്പോഴേക്കും വരാം എന്നും ചിലർ പറഞ്ഞു. അതുവരെ കാത്തു നിൽക്കാൻ എനിക്കാവില്ലല്ലോ. ജോലിക്കു പോകേണ്ടേ. അടുത്ത കട എവിട്യാ ഉള്ളതെന്നു ചോദിച്ച് ഞാൻ അങ്ങോട്ടു നീങ്ങി. ഒരു കടയിലും ഇല്ലായെന്നു കണ്ടപ്പോൾ എനിക്ക് എങ്ങനെയെങ്കിലും വാങ്ങണമെന്ന് വാശിയായി. ഇനി ഇത്രനേരം കഴിഞ്ഞ് വീട്ടിൽചെന്ന് കിട്ടിയില്ലായെന്നു പറയുമ്പോൾ കുഞ്ഞുങ്ങളുടെ മുഖം മങ്ങുന്നത് എനിക്കു കാണാൻ വയ്യ. ഞാൻ അതുകൊണ്ട് എങ്ങനെയെങ്കിലും എവിടെച്ചെന്നാണെങ്കിലും വാങ്ങണമെന്നു വിചാരിച്ച് അടുത്തടുത്ത കടകൾ നോക്കിപ്പോയി. അങ്ങനെയാണ് ഈ കുഗ്രാമത്തിൽ ഞാൻ എത്തിപ്പെട്ടത്. ഇത്രയുംനാളും ഇതിനടുത്തു താമസിച്ചിട്ടും ഇങ്ങനെയൊരു കുഗ്രാമം ഇവിടെയുള്ളതായി എനിക്കറിയില്ല. ഞാൻ അദ്ഭുതപ്പെട്ടു. പട്ടണത്തിൽനിന്ന് അധികം ദൂരെയല്ലാതെ ഒരു ഓണംകേറാമൂല. ആളില്ലാ ഗ്രാമമാണെന്നു തോന്നുമെങ്കിലും ധാരാളം ആളുകൾ അവിടെയുണ്ടെന്നു മനസ്സിലായി.

 

ചെറിയൊരു കടുസ്സുമുറിയായിരുന്നു കട. ജാമ്പവാന്റെ കാലത്തുള്ള കെട്ടിടത്തിന്റെ മുകളിലും താഴേയുമായി പല കടകൾ. പഴം, പച്ചക്കറി, പലചരക്ക്, തുണി, വളം, മുടിവെട്ടുകട, ചായക്കട, തയ്യൽക്കട എന്നിവ താഴെ. മുകളിൽ പാർട്ടി ഓഫീസും ട്യൂഷൻ സെന്ററും ഒരു ക്ലബുമുണ്ട്. ഏതു നിമിഷവും ഈ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താമെന്ന് എനിക്കു തോന്നി.

 

ഇറച്ചിക്കടയുടെ മുൻപിൽ ചോര വാർന്നൊലിച്ച് ഇറച്ചിക്കഷണങ്ങൾ തൂങ്ങിക്കിടന്നു. പശുവോ പോത്തോ എന്തെങ്കിലുമാകാം. എനിക്കങ്ങോട്ടു നോക്കാൻതന്നെ ഭയമായി. ഒരാടിന്റെയും പോത്തിന്റെയും തലകൾ അങ്ങനെതന്നെ വെട്ടിവച്ചിട്ടുണ്ടായിരുന്നു മേശപ്പുറത്ത്. മുഷിഞ്ഞ ഷർട്ടും പാന്റ്സും ധരിച്ച ചെറുപ്പക്കാരൻ, നിറയെ ചോര തെറിച്ച ഒരുപഴയതുണി ഷർട്ടിലും പാൻറ്റ്സിലും ചോര തെറിക്കാതിരിക്കാൻ ദേഹത്ത് കെട്ടിവച്ചിട്ടുണ്ടായിരുന്നു. അതിന്റെ വള്ളി പുറകിൽ കെട്ടിവച്ചിരിക്കുന്നത് ഏതുനിമിഷവും വിട്ടുപോകാമെന്നുതോന്നി.

 

മൂന്ന് കിലോയിൽ താഴെ തൂക്കമുള്ള കോഴിയെ കൂട്ടത്തിൽനിന്നു പൊക്കിയെടുത്ത് ത്രാസിൽ തൂക്കിയിട്ട് ചെറുപ്പക്കാരൻ എന്നെ നോക്കി. ഞാൻ സമ്മതിച്ചു. അയാൾ കോഴിയുടെ കഴുത്ത് മടക്കിപ്പിടിച്ച് കത്തികൊണ്ട് ഒരു വരവരച്ച് വലിയൊരു പ്ലാസ്റ്റിക് ഡ്രമ്മിലേക്കിട്ടു. ആ നിമിഷം ഞാനൊന്നു കണ്ണടച്ചു. എന്റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. പ്ലാസ്റ്റിക് പാത്രത്തിൽക്കിടന്ന് ആ കോഴി മരണപ്പിടച്ചിൽ പിടയുമ്പോൾ ആ ഒച്ച കോൾക്കാതിരിക്കാൻ ഞാൻ കടയ്ക്ക് ഇത്തിരി പുറത്തേക്ക് മാറിനിന്നു. അപ്പോഴാണ് എന്നെ നോക്കിക്കൊണ്ട് ഒരാൾ റോഡിനപ്പുറം നിൽക്കുന്നത് ഞാൻ കണ്ടത്.

 

അയാൾ ബീഡിവലിച്ച് പുക പുറത്തേക്കൂതി എന്നെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുകയാണ്. പരിചയമുള്ള മുഖമാണതെന്നു പെട്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ആരാണെന്നു മനസ്സിലായില്ല. വെറുതെ ഞാനോന്നു ചിരിച്ചെങ്കിലും അയാൾ എന്നെ നോക്കിക്കൊണ്ടു നിന്നതേയുള്ളു.നിറഞ്ഞ കഷണ്ടി. പറ്റെ വെട്ടിയ ഇത്തിരി നരച്ച മീശ. കറുത്ത, ഐശ്വര്യമുള്ള മുഖം. തിളയ്ക്കുന്ന നോട്ടം. പരുക്കൻ മുഖഭാവം. എന്തിനും പോന്ന ഒരൊത്ത മനുഷ്യൻ.റോഡിനപ്പുറത്തേക്കു കടന്നു ചെന്നാലോയെന്നു ഞാൻ ആദ്യം വിചാരിച്ചു. ദൈവാധീനമെന്നു പറഞ്ഞാൽ മതിയല്ലോ. ഞാൻ റോഡിലേക്കു കാലെടുത്തു വച്ചെങ്കിൽ എന്റെ കഥ കഴിഞ്ഞേനെ. മണൽ കയറ്റിയ ഒരു ടെംപോവാൻ ചീറിപ്പാഞ്ഞുപോയത് ഞെട്ടലോടെയാണ് ഞാൻ കണ്ടത്. ഹൊ...യെന്നു ഞാൻ അറിയാതെ വിളിച്ചുപോയി. കുറച്ചുനേരം ഞാൻ മോലാസകലം വിറച്ചുകൊണ്ട് അങ്ങനെ നിന്നു.

 

പുറകിൽ ആരോ തൊട്ടതറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി. കോഴിക്കഷണങ്ങൾ ഒരു കവറിലാക്കി നീട്ടിക്കൊണ്ട് കടക്കാരൻ നിൽക്കുന്നു. ഞാൻ കാശുകൊടുത്ത് അതുവാങ്ങി തിരിഞ്ഞപ്പോൾ എന്റടുത്തുണ്ട് അയാൾ. വലിച്ച ബീഡിക്കുറ്റി നിലത്തിട്ടു ചവിട്ടിത്തേച്ച് എന്റടുത്തുകൂടെ അയാൾ മുകളിലേക്ക് കോണി കയറിപ്പോയി. വീണ്ടും ഞാനൊന്നനങ്ങി അയാൾക്കു പുറകേ ചെല്ലാൻ നോക്കിയെങ്കിലും അയാളുടെ തിരിഞ്ഞുനോട്ടത്തിന്റെ രൂക്ഷഭാവം കണ്ടപ്പോൾ വേണ്ടെന്നുവച്ചു. ഇഷ്ടപ്പെടാത്ത മട്ടിലുള്ള ഒരു നോട്ടമായിരുന്നു അത്. അപ്പോഴാണ് കടയിൽനിന്നു കോഴികളുടെ കൂട്ടക്കരച്ചിൽ ഞാൻ കേട്ടത്. കോഴിത്തീട്ടം പറ്റിയ കോഴികൾ തങ്ങളുടെ ഊഴത്തിനുവേണ്ടി കൂട്ടിൽക്കിടന്ന് തിക്കിക്കൂട്ടി. എത്രയും പെട്ടെന്ന് കഥ കഴിഞ്ഞാൽപിന്നെ മരണത്തിനുവേണ്ടി അസഹ്യമായി കാത്തിരിക്കേണ്ടല്ലോ. തീറ്റയും വെള്ളവും ഇറങ്ങാതെ തൊണ്ടയിൽ കുരുങ്ങേണ്ടല്ലോ.

 

കോഴിയിറച്ചിയും വാങ്ങി വീട്ടിലേക്കുപോകുമ്പോഴും വീട്ടിൽച്ചെന്നിട്ടും എനിക്കയാളെ മറക്കാനായില്ല. ആരാണയാൾ...? എവിടെവച്ചാണ് അയാളെ ഞാൻ ഇതിനുമുൻപ് ആദ്യമായി കണ്ടുമുട്ടിയത്....? ഊണിലും ഉറക്കത്തിലും ഇതുതന്നെയായിരുന്നു എന്റെ ചിന്ത. നിങ്ങളെന്താണിത്ര ആലോചിക്കുന്നതെന്ന് ഭാര്യ ചോദിച്ചപ്പോൾ എനിക്കവളോട് കള്ളം പറയാനായില്ല. അല്ലെങ്കിലും ഞാനവളോട് നിർദ്ദോഷമായ ചില തമാശനുണകളല്ലാതെ കെട്ടിച്ചമച്ചൊരു നുണ പറഞ്ഞിട്ടില്ല. പറയുകയുമില്ല. എന്തു രഹസ്യമാണെങ്കിലും ഞാൻ അവളുടെ മുമ്പിൽ കുടഞ്ഞിടും. അതവൾക്കറിയാം. അതുകൊണ്ട് അവൾ എന്നെ ആകാംക്ഷയോടെ നോക്കി. ഞാൻ കാര്യം പറഞ്ഞു.

‘‘ഇത്രേംള്ളോ. ഇതിലെന്തിരിക്കുന്നു ഇത്ര ആലോചിക്കാൻ, ഇനിയെവിടെയെങ്കിലും വച്ചു കാണുമ്പോൾ നേരിട്ടു ചോദിക്കണം.’’ -അവൾ പറഞ്ഞു.

‘‘അതെല്ലടീ, ഞാൻ ആലോചിക്കുന്നത്. അയാൾ ഒരുപക്ഷേ എന്റെകൂടെ എപ്പോഴെങ്കിലും പഠിച്ചിട്ടുള്ള ഒരാളായിരിക്കാം. സഹപാഠി. അല്ലെങ്കിൽ സഹപ്രവർത്തകൻ. അതുമല്ലെങ്കിൽ... എന്തോ അയാളുമായി എനിക്ക് നല്ല ബന്ധമുണ്ട്. എനിക്കയാളെ നന്നായറിയാം. പക്ഷേ, എവിടെവച്ച്, എങ്ങനെ, അതാണ് പിടുത്തം കിട്ടാത്തത്.’’

 

അവൾക്ക് ദേഷ്യം വന്നു.‘‘അതുതന്ന്യാ മനുഷ്യാ ഞാൻ പറഞ്ഞത്. ഇനി കാണുമ്പോൾ അതു ചോദിക്കണം. അങ്ങനെ ചോദിച്ചാൽ തിരിച്ചറിഞ്ഞില്ലല്ലോയെന്നയാൾ വിഷമിക്കുമെന്നു കരുതേണ്ട. എത്രയോ പേരെയാണ് നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്നത്. എല്ലാവരേയും ഓർത്തിരിക്കണമെന്നില്ലല്ലോ. അല്ലെങ്കിൽത്തന്നെ കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ച ആളാണെങ്കിൽ ഇപ്പോൾ എന്തു മാറ്റം വന്നു കാണും. പിന്നെ, എത്രമാറ്റം വന്നാലും എവിടെയെങ്കിലും അവശേഷിക്കുന്ന പണ്ടത്തെ ഒരു പൊട്ടുണ്ടാകും. ആ ഒരു സവിശേഷത നമ്മളുടെ മനസ്സിൽ ഉടക്കിക്കിടപ്പുണ്ടാകും. തിരിച്ചറിവ് ചിലപ്പോൾ അവിടുന്നാകും തുടങ്ങുക. ഓർത്തോർത്തു വരുമ്പോൾ അതു മുഴുവനും തെളിഞ്ഞു തെളിഞ്ഞു പഴയ മുഖം പുറത്തേക്കുവരും.’’അവൾ പറയുന്നതു ശരിയാണെന്ന് എനിക്കും തോന്നി. പിന്നെ ഞാൻ അസ്വസ്ഥതവിട്ട് ഓഫിസിൽ പോകാനുള്ള തിരക്കിലായിരുന്നു. എന്നാലും അപ്പോഴെല്ലാം എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും ആ മുഖം മനസ്സിൽ തെളിഞ്ഞങ്ങനെ കിടന്നു, ചെറുതായി അലോസരപ്പെടുത്തിക്കൊണ്ട്.

 

കാവിലെ ഉത്സവത്തിനാണ് പിന്നെ ഞാനയാളെ കണ്ടത്. അമ്പലങ്ങളിൽ അങ്ങനെയൊന്നും ഞാൻ പോകാറില്ല. ഉത്സവസമയത്ത് ഒട്ടും പോകാറില്ല. ആരുമില്ലാത്തപ്പോൾ പോയി മനസ്സമാധാനത്തോടെ തൊഴുന്നതാണ് എനിക്കിഷ്ടം. ഉത്സവത്തിന്റെ തിരക്ക് വല്ലാത്തൊരസ്വസ്ഥതയുണ്ടാക്കാറുണ്ട് എനിക്ക്. നേരേചൊവ്വേ തൊഴുവാനും പറ്റില്ല. തിക്കും തിരക്കും ബഹളവും. അതുകൊണ്ട് ഉത്സവം ഒഴിവാക്കിയേ ഞാൻ ഏതമ്പലത്തിലും പോകാറുള്ളൂ. പക്ഷേ, ഈ അമ്പലത്തിൽ മാത്രം ഉത്സവത്തിന്റെ അവസാനദിവസം, എത്ര തിരക്കുള്ള ജോലിയുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി ഞാനെത്തും. ആ ദിവസം മാത്രമേ അവിടെ പോകൂ. അതു കുട്ടിക്കാലം മുതലുളള തുടർച്ചയാണ്. ഒരിക്കൽപ്പോലും മുടങ്ങിയതായി എനിക്കോർമയില്ല. പണ്ട് അച്ഛനോടൊപ്പമായിരുന്നു ഈ ദിവസം കാവിൽ പോകാറ്. നാട്ടിൽനിന്ന് ഏറെ ദൂരമുണ്ട് കാവിലേക്ക്. അച്ഛന്റെ വീട്ടിലായിരുന്നു അന്നൊക്കെ താമസിച്ചിരുന്നത്. അവിടെനിന്നു കുറച്ചുദൂരമേയുള്ളു.

 

കാവിലെ ഉത്സവത്തിന്റെ അവസാന ദിവസത്തിലെ ആയിരംതിരിയൊട്ടവും തൂക്കവും വളരെ പ്രസിദ്ധമാണ്. ബാലഭദ്രകാളിയാണ് പ്രതിഷ്ഠ. ഭഗവതിയെ ആയിരംതിരിയുഴിഞ്ഞ് നടതുറന്ന് പുറത്തേക്കിറങ്ങുന്ന വെളിച്ചപ്പാട് ഭഗവതി തന്നെയാണെന്നാണ് വിശ്വാസം. വാളും ചിലങ്കയുമായി വെളിച്ചപ്പാട് പുറത്തേക്കിറങ്ങുമ്പോൾ ആ മുഖത്തെ തേജസ്സ് കാണേണ്ടതുതന്നെയാണ്. പ്രധാന പൂജാരി തന്നെയാണ് അന്ന് വെളിച്ചപ്പാടാകുന്നത്. ആദ്യം ശ്രീകോവിലിനു ചുറ്റം മൂന്നു പ്രദക്ഷിണം വച്ചതിനുശേഷം വെളിച്ചപ്പാട് തുളളിക്കൊണ്ടുതന്നെ പുറത്തേക്കോടും. അമ്പലത്തിനു പുറത്ത് വിശാലമായ മുറ്റത്തുകൂടെ മൂന്നു പ്രദക്ഷിണം വയ്ക്കും. എന്നിട്ട് തിരുനടയിൽ വന്നൊരു വീഴ്ചയാണ് ബോധമില്ലാതെ. അപ്പോൾ കൂടെ ഓടി വരുന്നവർ, അതിന് അവകാശികളായവർ, വാള് നിലത്തുമുട്ടാതെ വെളിച്ചപ്പാടിന്റെ കയ്യിൽനിന്ന് ഏറ്റെടുക്കും. പിന്നെ വെളിച്ചപ്പാടിനെ ഭഗവാൻ ശിവന്റെ നടയിൽ കൊണ്ടുപോയിക്കിടത്തും. അതിനുശേഷം കുറച്ചുപേർ ചേർന്ന് അമ്പലക്കുളത്തിൽ കൊണ്ടുപോയി, തലങ്ങും വിലങ്ങും ആട്ടിക്കുളിപ്പിച്ച് ബോധം വീണ്ടെടുക്കും. ആയിരംതിരിയുഴിയലിന് നടയടയ്ക്കുംമുൻപ് പ്രധാന പൂജ കഴിഞ്ഞൊരു നടതുറപ്പുണ്ട്. ഇത് ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കും ഇടയ്ക്കായിരിക്കും. സൂര്യൻ കത്തിനിൽക്കുന്ന സമയം. ആ നടതുറപ്പ് കാണേണ്ടതുതന്നെയാണ്. അപ്പോഴുള്ളൊരു തേജസ്സ് പറഞ്ഞറിയിക്കാൻ പറ്റില്ല. സാക്ഷാൽ ഭഗവതി അവിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നുതന്നെ സങ്കൽപം. അതു തൊഴുവാൻ പതിനായിരക്കണക്കിനു ഭക്തജനങ്ങൾ തിങ്ങിക്കൂടും. നാലമ്പലത്തിനുള്ളിലുള്ളതിനേക്കാൾക്കൂടുതൽ ആളുകൾ മുറ്റത്തും പറമ്പിലുമായി നട്ടുച്ചവെയിലത്ത് തടിച്ചുകൂടിയിട്ടുണ്ടാകും.

 

നേരത്തേ സ്ഥാനം പിടിച്ചില്ലെങ്കിൽ ശ്രീകോവിലിനു മുൻപിൽ നിന്ന് അമ്മയെ തൊഴുവാൻ പറ്റില്ല; അതും നാലമ്പലത്തിനകത്ത്. പണ്ടൊക്കെ അച്ഛന്റെ തോളിലിരുന്നാണ് ഞാൻ അമ്മയെ തൊഴുതത്. 

ചെറിയ തിണ്ണയിൽക്കയറി ചുമരിനോട് ചേർന്ന്, തിക്കിലും തിരക്കിലും മാറിപ്പോകാതെ ചെറിയ മേൽക്കൂരയുടെ കഴുക്കോലിൽ മുറുകെപിടിച്ച് ഒന്നൊന്നര മണിക്കൂർ കാത്തുനില്ക്കും. അങ്ങനെ ഒരു സ്ഥിരം സ്ഥാനം ഓർമവച്ച നാൾമുതൽ ഞാൻ കണ്ടുവച്ചിട്ടുണ്ട്. അവിടെനിന്നാൽ നടതുറക്കുമ്പോൾ സുഖമായി തൊഴുവാം.

 

ആയിരംതിരിയോട്ടത്തിൽ ഭക്തരെ അനുഗ്രഹിച്ചുകഴിഞ്ഞാൽ ഭഗവതിയെ എഴുന്നള്ളിച്ച് മുകളിലേക്കിരുത്തും. ശ്രീകോവിലിനപ്പുറം കെട്ടിടത്തിന്റെ മുകളിൽ അതിനുവേണ്ടി പ്രത്യേകമായൊരറയുണ്ട്. അവിടെ ഇരുന്നാൽ ഭഗവതിക്ക് അമ്പലപരിസരത്തിനു ചുറ്റും വ്യക്തമായികാണാം. അമ്മയുടെ കണ്ണ് ചുറ്റും എത്തിയില്ലെങ്കിൽ അപകടമാണ്. കാരണം ഇനി നടക്കാൻപോകുന്നത് തൂക്കമാണ്. തൂക്കം നടക്കുമ്പോൾ മുകളിൽ തൂങ്ങുന്ന ആളെ തിന്നാൻ യക്ഷി വരും. അമ്മയുടെ കണ്ണെത്തിയാൽ ആ വശത്തേക്ക് യക്ഷി അടുക്കുകയില്ല. അപ്പോൾ ഭംഗിയായി തൂക്കം നടത്തി ആൾക്ക് താഴത്തിറങ്ങാം.

അങ്ങനെ വരുന്ന യക്ഷികൾക്കും മറ്റും തിന്നാൻ തൂക്കച്ചാടിൽ പഴക്കുല കെട്ടിത്തൂക്കിയിട്ടുണ്ടാകും. അതുരിഞ്ഞ് ഇടയ്ക്കിടയ്ക്ക് മുകളിലേക്കെറിയും അതുകഴിച്ച് യക്ഷികൾ വിശപ്പടക്കിക്കൊള്ളും. ഭഗവതിയുടെ മുൻപിൽ വച്ച് അവർ അമ്മയുടെ ഭക്തരെ ഉപദ്രവിക്കില്ല. അതിനുള്ള ധൈര്യം അവർക്കില്ല. അതുകൊണ്ട് അമ്മയുടെ നോട്ടം എല്ലായിടത്തും എത്തണം. അതിനുവേണ്ടിയാണ് മുകളിലേക്കെഴുന്നള്ളിക്കുന്നത്. 

 

വിശാലമായ അമ്പലമുറ്റത്ത് വലിയ ആലിന്റെ ചുവട്ടിൽ തൂക്കച്ചാട് നേരത്തേ അലങ്കരിച്ച് തയ്യാറാക്കി വച്ചിട്ടുണ്ടാകും. അതു കാണാൻതന്നെ ഭക്തർ തിങ്ങിക്കൂടും. നാൽപത്തിയൊന്നു ദിവസത്തെ വ്രതമെടുത്ത ആളായിരിക്കും ചാടിൽ തൂങ്ങുക. കഠിനവ്രതത്തിനൊടുവിൽ അദ്ദേഹത്തിന്റെ പുറത്ത് മാംസം നിറഞ്ഞൊരു മുഴ രൂപപ്പെടും. വ്രതത്തിനിടയിൽ ഉഴിച്ചിലും പിഴിച്ചിലുമായി പാകപ്പെടുത്തിയെടുക്കുന്നതാണത്. ആ മുഴയിലാണ് പണ്ടൊക്കെ തൂക്കത്തിന്റെ കൊളുത്തിടുക. എന്നിട്ട് ചാട് മുകളിലേക്കു പൊക്കും. അഞ്ചാൾപൊക്കത്തിൽ ആളുപൊങ്ങും. പുറത്തെ മാംസത്തിലെ കൊളുത്തിൽ ഒരാൾ തൂങ്ങിക്കിടക്കുക. എന്തതിശയം. പിന്നെ അവകാശികളായ ജനക്കൂട്ടം ഈ ചാടെടുത്ത് തോളിലേറ്റും. അപ്പോൾ തൂങ്ങിക്കിടക്കുന്ന ആൾ അത്രേംകൂടി പൊക്കത്തിലേക്കുപോകും. തൂങ്ങിക്കിടക്കുന്ന ആളുടെ കയ്യിൽ വാളും പരിചയുമുണ്ടാകും. ഈ തൂക്കച്ചാടെടുത്തുകൊണ്ട് ജനക്കൂട്ടം അമ്പലത്തിനുചുറ്റും ഓടി പ്രദക്ഷിണം വയ്ക്കും. തൂക്കച്ചാടിനുതാഴെ ജനങ്ങൾ തോളിലേറ്റിയ മരത്തടിയിൽ രണ്ടുമൂന്നുപേർ കയറിനിൽപ്പുണ്ടാവും. അവരാണ് ചാടിൽതൂക്കിയ പഴവും വെറ്റിലയും മുകളിലേക്കെറിഞ്ഞുകൊടുക്കുന്നത്. തൂക്കച്ചാട് വിശാലമായ മുറ്റത്തുകൂടെ അമ്പലത്തിനുചുറ്റും പ്രദക്ഷിണംവച്ച് തിരുനടയുടെ മുന്നിലെത്തിയാൽ പിന്നെ പിള്ളത്തൂക്കം തുടങ്ങും. ചാട് താഴ്ത്തി തൂങ്ങിക്കിടക്കുന്ന ആൾ കുഞ്ഞുങ്ങളെ കയ്യിലെടുത്ത് വീണ്ടും പൊക്കിത്താഴ്ത്തും. ഭഗവതിയുടെ അനുഗ്രഹം കിട്ടിയ കുഞ്ഞുങ്ങൾ മിടുക്കരായി വളരും. ജനസഹസ്രങ്ങൾ ഈ സമയമെല്ലാം ആർപ്പുവിളിയും വായ്ക്കുരവയുമിട്ട് അന്തരീക്ഷം ഭക്തിസാന്ദ്രമാക്കും. പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ തൂക്കത്തിൽ ചില വ്യത്യാസങ്ങളൊക്കെ വന്നിട്ടുണ്ട്. പുറത്തെ മുഴയിലല്ല, ദേഹത്ത് ചുറ്റിക്കെട്ടിയ കച്ചയിലാണ് ഇപ്പോൾ തൂക്കക്കൊളുത്ത് ഇടുന്നത്. ഇതു കുറച്ചുകൂടി സുരക്ഷിതമാണ്.

 

ഇങ്ങനെ തൂക്കം നടന്നുകൊണ്ടിരിക്കുമ്പോളാണ് ഞാനയാളെ വീണ്ടും കാണുന്നത്. അയാൾ തൂക്കച്ചാടിനു മുകളിൽ പഴം എറിഞ്ഞുകൊടുക്കുന്ന ആളിനടുത്തു നിൽപ്പുണ്ടായിരുന്നു. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി. പിന്നീടെനിക്ക് തൂക്കത്തെ ശ്രദ്ധിക്കാനോ ഭക്തിയോടെ തൊഴുവാനോ പറ്റിയില്ല. എന്റെ ശ്രദ്ധ അയാളിൽത്തന്നെയായിരുന്നു. ചാടിൽനിന്നിറങ്ങുന്ന നിമിഷം അയാൾക്കരികിലേക്കോടിയെത്തണെമെന്ന വിചാരമായിരുന്നു എനിക്കപ്പോൾ. ഭാര്യയും കുട്ടികളും അമ്പലത്തിൽ വന്നിരുന്നില്ല. ഞാനോറ്റയ്ക്കാണ് വന്നത്. അവൾ കൂടെയുണ്ടായിരുന്നങ്കിൽ അയാളെ കാണിച്ചുകൊടുക്കാമായിരുന്നു. തൂക്കച്ചാട് തോളത്തുനിന്നു ജനങ്ങൾ നിലത്തുവച്ച സമയത്ത് ഞാൻ അയാളുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ചു. ഹൊ... എന്തൊരു തിരക്ക്. എന്തുചെയ്താലും ചാടിനടുത്തേക്കെത്തില്ല. എത്തിയപ്പോളാവട്ടെ അയാളെ കാണാനുമില്ല. പിന്നെ അയാളെത്തേടി അമ്പലം മുഴുവനും ചുറ്റിനടന്നു ഞാൻ. ഒടുവിൽ നിരാശയോടെ തിരിച്ചുപോരേണ്ടിവന്നു. രണ്ടു ദിവസത്തേക്ക് ആ നിരാശയും അസ്വസ്ഥതയും മനസ്സിലുണ്ടായിരുന്നെങ്കിലും പിന്നീട് ഞാനത് പാടേമറന്നു. ജീവിതത്തിലെ പ്രാരാബ്ധത്തിലും തിരക്കിലും മുഴുകി.

 

ഭാര്യയുടെ അമ്മാവന്റെ മകളുടെ കല്യാണത്തിന് അയാളെ കാണുന്നതുവരെ ഞാനയാളെപ്പറ്റി ഓർത്തതേയില്ല. കൂട്ടത്തിൽതന്നെ ഒരു ബന്ധുവിനെയാണ് ആ കുട്ടി കല്ല്യാണം കഴിച്ചത്. രണ്ടു ബന്ധങ്ങൾ അടുപ്പിച്ചുവന്നതുകൊണ്ടും വളരെ അടുത്തിടപഴകുന്ന ആളുകളായതുകൊണ്ടും എത്ര തിരക്കുണ്ടെങ്കിലും മുഴുവൻ സമയവും കല്യാണത്തിനും വൈകിട്ടു നടക്കുന്ന പാർട്ടിക്കും പങ്കെടുക്കണമെന്ന് ഭാര്യ നിർബന്ധിച്ചു. കുട്ടികൾക്കും അവൾക്കും കല്ല്യാണത്തിനും പാർട്ടിക്കും വെവ്വേറെ ഡ്രസ്സുകളെടുത്തു. നാളുകൾക്കുമുൻപേ അവർ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

എഴുപതോളം കിലോമീറ്റർ അകലെയാണ് കല്ല്യാണപ്പെണ്ണിന്റെയും ചെറുക്കന്റെയും വീട്. ആ വീടുകൾ ഏകദേശം അടുത്തടുത്താണ്. തലേന്നുതന്നെ പോകണമെന്ന് ഭാര്യയും കുട്ടികളും ശട്ടംകൂട്ടി. ഞാനതിന് വഴങ്ങിക്കൊടുത്തു. ഇതുപോലുള്ള സന്തോഷങ്ങൾ വിരളമായേ കിട്ടാറുള്ളല്ലോ. അവർ സന്തോഷിക്കട്ടെ. ഞാനതിന് എടങ്ങോലിടുന്നതു ശരിയല്ല. എന്റെ ഏതാഗ്രഹങ്ങളും കണ്ടറിഞ്ഞ് നടത്തിത്തരുന്നവളാണ് ഭാര്യ. എന്റെ ഇഷ്ടത്തിന് ഒരെതിർപ്പ് അവളിൽനിന്ന് ഉണ്ടാവാറില്ല. ഞാൻ പറയുന്നതിനപ്പുറം അവൾ പോകാറുമില്ല. പിള്ളേർ അത്ര കണിശക്കാരല്ല. എങ്കിലും അച്ഛന്റെ വാക്കുകൾക്ക് വിലകൊടുക്കും അവർ. അവരുടെ കൂടെ ഒരു കുട്ടിയെപ്പോലെ കളിക്കാൻ കൂടുന്നതുകൊണ്ട് അച്ഛനിൽ വല്ലാത്തൊരു സ്വാതന്ത്ര്യം അവർ എടുക്കാറുണ്ട്. ചിലപ്പോൾ അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണോ ഞാനെന്ന് തോന്നിപ്പോകും. അവർ അതിൽ വല്ലാതെ ആകൃഷ്ടരാകുന്നതിൽ എന്റെ ഉള്ള് കുളിർക്കാറുണ്ട്. പിള്ളേരെ ലാളിച്ച് വഷളാക്കണ്ടായെന്ന് ചിലപ്പോൾ ഭാര്യയുടെ സ്നേഹംനിറഞ്ഞ ശാസനയും എനിക്ക് കിട്ടാറുണ്ട്. അതു പറയുമ്പോഴും അവളുടെ ഉള്ളിൽ ആഹ്ലാദം നിറയുന്നത് ഞാൻ കാണാറുണ്ട്. അങ്ങനെ തരക്കേടില്ലാതെ ആഹ്ലാദിച്ച്തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്.

 

പണത്തിന്റെ ബുദ്ധിമുട്ട് കുറച്ചൊക്കെയുണ്ടെങ്കിലും അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെ വീട്ടിലുണ്ട്. കടം വാങ്ങുന്നതത്ര ശീലമല്ലെങ്കിലും പിള്ളേരുടെയും ഭാര്യയുടെയും എന്റെയും ആഗ്രഹം കൊണ്ട് ലോണെടുത്ത് ഒരു കാറു വാങ്ങി. കാറിന്റെ അടവ് കഷ്ടിച്ചങ്ങനെ നടന്നു പോകുന്നു. വാങ്ങിയിട്ട് രണ്ടുമൂന്നു മാസമേ ആയീട്ടുള്ളു. ഓടിച്ച് കൊതി തീർന്നിട്ടില്ല. അതുകൊണ്ടും, കുറച്ച് ഗമ കാണിക്കാനും കല്ല്യാണത്തിന് കാറിൽത്തന്നെ പോകാമെന്നു തീരുമാനിച്ചു.

 

ഞായറാഴ്ചയാണ് നഗരത്തിൽ തിരക്ക്. ഒഴിവുദിവസമാണെന്നു പറഞ്ഞിട്ട് കാര്യമില്ല. അമ്പലത്തിലും പള്ളിയിലും പാർക്കിലും സിനിമ കാണാനും കാഴ്ച കാണാനും പർച്ചേസിനും വെറുതെ ചുറ്റിക്കറങ്ങാനും ഒക്കെയായി നഗരത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് സ്വന്തം വാഹനത്തിലാണ്. പ്രവൃത്തിദിനമാണെങ്കിൽ ബസ്സുകളുടെ പാഞ്ഞോട്ടമുണ്ടെന്നേയുള്ളൂ. ഇത്ര വാഹനത്തിരക്കു കാണില്ല. കല്ല്യാണവീട്ടിൽ തലേന്നുതന്നെയെത്തി. വളരെ നാളായി കാണാതിരുന്ന സ്വന്തക്കാരെ പലരെയും കണ്ടപ്പോൾ അവരുടെയടുത്ത് കുട്ടിക്കാലത്തെന്നപോലെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ആഹ്ലാദിച്ചുല്ലസിച്ച് വളരെ സ്മാർട്ടായി ഭാര്യ ഓടിനടക്കുന്നതു കണ്ടു. അതു കണ്ടപ്പോൾ എനിക്കു തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കുട്ടികൾ രണ്ടുപേർക്കും കൂട്ടുകാരെ കിട്ടിയ സന്തോഷം ഉണ്ടായിരുന്നെങ്കിലും ചിലപ്പോളെല്ലാം അവൻ ഒറ്റയ്ക്ക് മാറിയിരുന്ന് ഫോണിൽ കളിക്കുന്നതുകണ്ടു. അവനങ്ങനെയാണ്. പെട്ടെന്നെല്ലാം മടുക്കും. മോള് വന്ന് വാടായെന്ന് കയ്യിൽപ്പിടിച്ച് വലിച്ചുകൊണ്ടുപോകുമ്പോൾ പിന്നേയും കൂട്ടുകാരൊത്തുകൂടി കളിക്കും. കുട്ടികളും നന്നായി ആഘോഷിക്കുന്നുണ്ടെന്നെനിക്കു മനസ്സിലായി. ഇതിൽപരം സന്തോഷം എനിക്കെന്തുവേണം. എന്റെ വല്യ താൽപര്യമില്ലായ്മ അവരുടെ സന്തോഷത്തിൽ അലിഞ്ഞുപോയി. അതുകൊണ്ട് കല്ല്യാണത്തിനുംകൂടി, പാർട്ടിക്കും നിൽക്കാമെന്ന് ഞാനുറപ്പിച്ചു.

 

കല്ല്യാണം അതിഗംഭീരമായി.

വൈകിട്ട്, പാർട്ടിഹാളിലേക്കു കയറിയപ്പോൾ സ്വർഗ്ഗത്തിലേക്കാണോ കയറിയതെന്നുതോന്നി. പിള്ളേരേം ഭാര്യേം അവരുടെ വഴിക്കുവിട്ട് ഞാൻ ഒരു ജൂസ് കഴിക്കാമെന്നു കരുതി തിരിഞ്ഞപ്പോളാണ് ആൾക്കൂട്ടത്തിനിടയിൽ കുറച്ചകലെയായി അതാ അയാൾ നിൽക്കുന്നു. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. അതുശരി, അപ്പോൾ അയാൾ ഭാര്യയുടെ വീട്ടുകാരനായിരിക്കാം. അല്ലെങ്കിൽ അവരുടെയാരുടെയെങ്കിലും പരിചയക്കാരനാവാനും മതി. ഭാര്യയെ ഞാൻ ചുറ്റുംനോക്കി. അയാളെ കാണിച്ചുകൊടുക്കാമായിരുന്നു. അവളെ അവിടെയെങ്ങും കണ്ടില്ല. അവൾ എവിടെയെങ്കിലും ആരോടെങ്കിലും വർത്തമാനംപറഞ്ഞ് നിൽപ്പുണ്ടാകും. പിന്നെ ഞാൻ അയാളെ നോക്കിയപ്പോൾ അയാളെയും കണ്ടില്ല. അയാളെ നോക്കി, ആളുകൾക്കിടയിലുടെ ഞാൻ ഓടി മറ്റൊരു വാതിലിലൂടെ ഹാളിനു പുറത്തേക്കിറങ്ങി. അപ്പോഴതാ അയാൾ നടന്നു പോകുന്നു. ഞാൻ പുറകേചെന്നു. അയാൾ ആണുങ്ങളുടെ മൂത്രപ്പുരയിലേക്കു കയറി. എനിക്കും അപ്പോൾ പെട്ടെന്ന് മൂത്രമൊഴിക്കാൻ മുട്ടി. ഞാനും മൂത്രപ്പുരയിലേക്കുകയറി. അയാൾ മൂത്രമൊഴിച്ചുകൊണ്ടുനിൽക്കുന്നതിനു തൊട്ടടുത്ത് ഞാനും നിന്നു. മൂത്രമൊഴിച്ചുകൊണ്ടുതന്നെ ഞാൻ അയാളെനോക്കി ചിരിച്ചു. അയാളും എന്നെ കണ്ടു ചിരിച്ചു. ഹൊ... സമാധാനമായി. അയാളുടെ മുഖം ഒന്നു തെളിഞ്ഞുകണ്ടല്ലോയെന്നു ഞാൻ മനസ്സിൽക്കരുതി. പരുക്കൻ മുഖഭാവമൊന്നു മാറിയല്ലോ.‘‘നല്ല പരിചയമെണ്ടെനിക്ക്. പക്ഷേ, ആരാണെന്നു മനസ്സിലായില്ല’’ – ഞാൻ പറഞ്ഞു. അയാൾ ചിരിച്ചതേയുള്ളു. മൂത്രമൊഴിച്ചുകഴിഞ്ഞു അയാൾ വാഷ്ബേസിനിൽ കൈകഴുകി. ഞാനും അങ്ങനെതന്നെ ചെയ്തു. കൈ തുടച്ചിട്ട്, അയാൾ വളരെ അടുത്ത സുഹൃത്തിനെയെന്നപോലെ സ്നേഹത്തോടെ എന്റെ കയ്യിൽക്കയറിപിടിച്ചു. വളരെ വർഷങ്ങൾക്കുശേഷം നേരിൽകാണുന്ന ഒരു ആത്മസുഹൃത്തിന്റെ പെരുമാറ്റമായിരുന്നു അയാളുടേത്.

അയാളുടെ കയ്യിന് നല്ല തണുപ്പായിരുന്നു. അയാൾ പിടിച്ചിടത്തുനിന്നൊരു കുളിര് എന്റെ മേലാസകലം പടർന്നുകയറി. സുഖമുള്ളൊരു കുളിര്. അയാൾ എന്റെ കയ്യിലെ പിടുത്തം വിടാതെ എന്നെ മുന്നോട്ടു വലിച്ചു. ഞങ്ങൾ മൂത്രപ്പുരയിൽനിന്നിറങ്ങി, ഹാളിനുപുറത്തെ വിശാലമായ മൈതാനത്തിലൂടെ നടന്നു. അയാളോ ഞാനോ ഒന്നും മിണ്ടിയില്ല.

‘‘പാർട്ടി തുടങ്ങിക്കാണും, നമുക്ക് ഹാളിലേക്കു നടക്കാം. എന്റെ ഭാര്യയും കുട്ടികളും അവിടെ എന്നെ കാത്തുനിൽപ്പുണ്ടാകും’’ – ഞാൻ എപ്പോഴോ പറഞ്ഞു. അയാൾ അത് കേട്ടതായി ഭാവിച്ചില്ല. എന്റെ കയ്യിലെ പിടുത്തവും വിട്ടില്ല. അയാൾ നടക്കുന്നതോടൊപ്പം അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാനും നടന്നു.അപ്പോൾ മൈതാനത്തിനപ്പുറം ആകാശംമുട്ടിനിൽക്കുന്ന വലിയ മരത്തിന്റെ ചില്ലകൾക്കിടയിൽ ഇരുട്ടു ചേക്കേറുന്നത് ഞാൻ കണ്ടു. എത്ര പെട്ടെന്നാണ് ആ ഇരുട്ട് മണ്ണിലേക്കിറങ്ങിവന്ന് കൂരിരുട്ടായത്.

 

Content Summary: Malayalam Story ' Samayam ' written by Jayamohan Kadangalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT