ഭൂമിയിൽ വൻകരകൾ സൃഷ്ടിച്ച്
പ്രകൃതി മനുഷ്യനെ അകറ്റിയാദ്യം
വർഗ്ഗവും വർണ്ണവും വീണ്ടും
വലിയ വിടവുകൾ വരുത്തി തമ്മിൽ
അധികാരവും സമ്പത്തും കൈകരുത്താൽ
ഉടമയും അടിമയും വേർതിരിച്ചു
അവതാരങ്ങളോ മണ്ണിൽ പിന്നെയും
മതങ്ങളാൽ മനുഷ്യരെ തരം തിരിച്ചു
തൊഴിലും മതവും കൈകോർത്തിവിടെ
ജാതിയും ഉപജാതിയും സൃഷ്ടിച്ചു
ഭാഷയും, വേഷവും നാൾക്കുനാളിൽ
രാജ്യങ്ങളെപ്പോലും വേർതിരിച്ചു
ഇത് പഴങ്കഥ എന്നിരിക്കെ നമ്മൾ
ഇന്നകലുന്നു അരികിലാകുമ്പോഴും
ഭൂലോകമിന്നാഗോള ഗ്രാമമായെങ്കിലും
മനസ്സുകൾ കാതങ്ങൾ അകലെയായി
ശകുനിയും നാരദനും ഇന്നീ ഭൂവിൽ
പുനർജനിക്കുന്നു പല വേഷങ്ങളിൽ
പാടിനടക്കുന്നു പതിരുകൾ ഉലകിൽ
കലഹിപ്പിക്കാൻ, കാഹളം മുഴക്കിടാൻ
പകിടകൾ എറിയുന്നു പലവുരു വീണ്ടും
കുരുക്ഷേത്രങ്ങൾ ആവർത്തിച്ചിടാൻ
പതിനെട്ടടവുകൾ പയറ്റി പിന്നെയും
കരുക്കൾ നീക്കുന്നു ചതിയാൽ വീഴ്ത്തിടാൻ
നീതിയും ധർമ്മവും നോക്കുകുത്തികളായ്
അകലെയെങ്ങോ വിഷണ്ണരായിരിക്കെ
കൈയൂക്കുള്ളവർ കാര്യക്കാരായിടുന്നു
നടമാടുന്നു അരാജകത്വമെങ്ങുമുലകിൽ
നാവും കരങ്ങളും തടങ്കലിലെന്നപോൽ
നാട്യവുമായ് നമ്മളുമിരിക്കുന്നു വൃഥാ
ഉള്ളിലെരിയുന്ന കനൽ കെടുത്താൻ
ഉൾവലിയുന്നു ഭാവനലോകത്തിലായ്
സ്വന്തവും ബന്ധവും അകന്നിടുന്നു
സ്വത്വമെവിടെയോ നഷ്ടമായിടുന്നു
ഭൂവിന്നു ഭാരമായ് പാഴ് ജന്മങ്ങളായ്
പാരിതിൽ വെറുതെ വസിച്ചീടുന്നു
Content Summary: Malayalam Poem ' Pazhjanmangal ' written by Shaniba Nizar