പെൺപുഴ ആൺ മരങ്ങളോടു പറയുന്നത് – ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ കവിത

penpuzha aan marangalod paranjath
SHARE

രാത്രി മാത്രമാണ് 

പെൺപുഴയ്ക്ക് 

കരയാനാവുക

നടുവിലെ

പൊക്കിൾ തുരുത്തിൽ

മണലുവാരുന്ന

ആൺപിള്ളേരുടെ

കൊട്ടച്ചിരിയ്ക്ക്

പുഴവക്കത്തെ

തള്ള കാക്കയുടെ

കരച്ചിലാണ് താളം
 

കരഞ്ഞു തീരുമ്പോൾ

തീരത്തടിയുന്നു.

പുതുക്കൻ സാരികൾ

മങ്ങിയ കൈവള,

ഒരിക്കൽ പോലും

തുറക്കാത്ത

കൺമഷിഡപ്പി

കാട്ടു പൊന്തകളിൽ

നാട്ടു പെണ്ണുങ്ങളുടെ

തൊട്ടിൽ കവിതകളുടെ

പിള്ള ചാരം
 

പുഴ കരച്ചിൽ കേട്ട്

വെളുപ്പുദിക്കും

തലയിണയിലേക്ക്

വഴിയൊഴുകിയ

കണ്ണിലെ നീർച്ചാലു

വറ്റിച്ച്, പുലർച്ചെ

മുറ്റത്ത് പെണ്ണുങ്ങൾ

ചൂരൽ വര നെയ്യും.
 

പകലിൽ പുഴയൊരു

കണ്ണാടി കൂട്,

വെള്ളത്തിലൊറ്റുന്നു

പെണ്ണുങ്ങളുടെ

മെയ് ചന്തം

പീടിക മേലുള്ള

മങ്ങിച്ച കണ്ണാടി

ചീളുകൾ

അപ്പോഴാണ്

അസൂയ മൂത്ത്

പൊട്ടുന്നത്,
 

കടവിൽ

ആൺകുപ്പായങ്ങൾ

മാത്രം തേഞ്ഞ് മിനുങ്ങുന്നു.

വെളിച്ച കീറ് തൊടാതെ

തീണ്ടാരി തുണികൾ

പുഴയ്ക്കുള്ളിലടിഞ്ഞ്

ഒരു ചോര മരം

വളർത്തുന്നു.
 

ഒരിക്കൽ കടലിന്റെ 

നിറമുള്ള പെൺകുട്ടി

പുഴയരികെ,

കാട്ടുമുൾച്ചെടിയിടുക്കിൽ.

കടത്തുവഞ്ചിക്കാരന്റെ

ചൂട്ട് വെളിച്ചങ്ങൾ പേടിച്ച്,

അവൾക്ക് ചുറ്റും ആ രാത്രി

പുഴ കടന്നെത്തുന്ന

സൂചിപക്ഷികൾ

കൂട്ടിരുന്നു.
 

പെണ്ണിന്റെ കരച്ചിൽ വിഴുങ്ങി

പുഴ പതുങ്ങിയൊഴുകി

അന്ന് പുഴ വയറ്റാട്ടിയായി

ഒരു കടൽ പെണ്ണിന്റെ പേറെടുത്തു.

കണ്ണിൽ കടലൊളിപ്പിച്ച

ഒരു മുക്കുവൻ

പുഴയുടെ കരളിലിരുന്ന

കടൽ പെണ്ണിന്റെ കണ്ണിൽ

കറുത്ത തിരയടിച്ചു.
 

കടലിനും

കടത്തുവഞ്ചിക്കാരനും

അറിയാത്ത രഹസ്യങ്ങൾ

നിറയെ ഉണ്ടെന്ന്

അന്ന് പെൺ നദി

തീരത്തെ ആൺ മരങ്ങളോട് 

പറഞ്ഞു.
 

പുഴ വക്കത്തിരുന്ന്

ഒറ്റക്ക് കരയുന്ന

പെൺകുട്ടികൾക്ക്

മാത്രമറിയാവുന്നത്

പുഴയിൽ ചാടി

മരിച്ച

നാട്ടു പെണ്ണുങ്ങൾ

പുഴയ്ക്കുള്ളിലിരുന്ന്

പറയുന്നത്.
 

കടൽ പെണ്ണിന്റെ

മുക്കുവൻ

ആൺമരക്കാട് കയറി.

കടൽ പെണ്ണുങ്ങളെ തേടി

വഞ്ചിക്കാരന്റെ

ചൂട്ട് വെളിച്ചം.

പതുക്കെ പതുക്കെ

പെൺപുഴ

ആൺമരക്കാട്ടിൽ

നിന്ന് വലിഞ്ഞു.
 

ഒരിക്കൽ

ആൺ മരങ്ങൾ

വളർത്തിയ,

കടൽ പെണ്ണിന്റെ

മുക്കുവൻ

പെൺ പുഴയുടെ

വയർ പാളി

ഒന്നാകെ ചുരന്നു.
 

Content Summary: Malayalam Poem written by Adith Krishna Chempath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS