ADVERTISEMENT

ഇന്നിൽ മാഞ്ഞുപോയ ഇന്നലെകൾ (കഥ)

വീട്ടിൽ വന്ന അടുത്ത ബന്ധുക്കളായ വിരുന്നുകാർക്ക് ഉച്ചയൂണ് കൊടുക്കാനുള്ള തയാറെടുപ്പിലായിരുന്നു അമ്മ. അതിനിടയിലാണ് അച്ഛമ്മ അവരുടെ അടുത്തേക്ക് കുശലം പറയാൻ എത്തിയത്. "ഇവിടെനിക്ക് ഒന്നും തിന്നാനും കുടിക്കാനും തരുന്നില്ല മക്കളേ. ഇന്നു രാവിലെ മുതൽ പട്ടിണിയാ." രാവിലെ, അമ്മ ഭക്ഷണം കൊടുക്കുന്നത് കണ്ടതാണ്. ഇരുന്നയിരുപ്പിൽ അങ്ങനെ പറയാനുണ്ടായ കാരണം എന്തായിരിക്കുമെന്ന അമ്പരപ്പ് എന്നിൽ ഉണ്ടായി. പ്രവൃത്തിയും നാവും സത്യമുള്ളതായിരിക്കണമെന്ന് പഠിപ്പിച്ച അച്ഛമ്മയുടെ ഇത്തരമൊരു മാറ്റം നടാടെ കാണുകയാണ്. അതിഥികളായ ഭാര്യാഭർത്താക്കന്മാർ സഹതാപപൂർവം മുഖത്തോടുമുഖം നോക്കി. ശേഷം അടുത്തിരിക്കുന്ന എന്നെയും. അവരുടെ തെറ്റിദ്ധാരണ, നെഞ്ചിനുള്ളിലേക്ക് വലിയ തീഗോളം വന്നു പതിച്ചതു പോലെ തെല്ലിടനേരം നിശ്ശബ്ദയാക്കി. പൊന്തിവന്ന രോഷം മുഖത്ത് പ്രകടമാകാതിരിക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു. ദിനചര്യകൾ കൃത്യമായി പാലിച്ചിരുന്ന അച്ഛമ്മയുടെ ഭക്ഷണശേഷം മാത്രമേ മറ്റുള്ളവർ കഴിക്കാറുള്ളൂ. ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തും ബഹുമാനത്തോടെയും അല്ലാതെ ഒരാൾപോലും പെരുമാറിയിട്ടില്ല. അമ്മായിയമ്മ, മരുമകൾ ബന്ധത്തിന്റെ ഇഴയടുപ്പത്തിന് ഉത്തമോദാഹരണമാണ് അവരിരുവരുമെന്ന് ബന്ധുക്കളിൽ പലരും പറയാറുണ്ട്.

"നാളെയേ കല്യാണമാ." കല്ല്യാണത്തലേന്നു നടക്കുന്ന ബഹളങ്ങളൊന്നും കാണാനില്ലല്ലോ എന്ന മട്ടിൽ വിരുന്നുകാർ അതിശയത്തോടെ എന്നെയും പരസ്പരവും നോക്കി. "ന്റേം ഗോപാലേട്ടന്റേം കാളവണ്ടി നാളെ രാവിലെ തന്നെ വരും." പറഞ്ഞു വന്നതിന് അച്ഛമ്മ ഒന്നുകൂടി വ്യക്തത വരുത്തി. "ഈശ്വരാ! ഈ അച്ഛമ്മ എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നത്? ഇന്നലെ വരെ ഇല്ലാതിരുന്ന സ്വഭാവം." ആത്മഗതത്തിനൊപ്പം നാണക്കേടെന്ന കനത്ത ധൂളിവലയത്തിനുള്ളിൽ പെട്ട് ജാള്യതയോടെ ഞാൻ അന്ധാളിച്ചിരിക്കവേ അതിഥികൾ ചോദിച്ചു. "ഞങ്ങളെ ഓർമ്മയുണ്ടോ കുഞ്ഞമ്മായീ?" "പിന്നേ. ഓർമ്മയുണ്ടോന്നോ?എനിക്കു വേണ്ടപ്പെട്ടവരല്ലേ." അവരിരുവരുടേയും കൈപ്പത്തികളിൽ ചുംബിച്ച്, ചിരിച്ചുകൊണ്ട് അച്ഛമ്മ പറഞ്ഞു. സാധാരണ പരിചിതരെ പേരെടുത്ത് വിളിക്കാറുള്ളതാണ്. അവർ ആരെന്ന് തിരിച്ചറിയാൻ അച്ഛമ്മയ്ക്ക് ആയില്ല എന്നത് മനസ്സിലാക്കിയത് ഞാൻ മാത്രം. അതിനാൽ മറ്റുള്ളവർക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. സ്വീകരണമുറിയിൽ നടക്കുന്നതൊന്നും അറിയാതെ രാവിലെ മുതൽ അമ്മ അടുക്കളയിൽ കൊണ്ടുപിടിച്ച പണികളിലാണ്. "കുഞ്ഞമ്മായി പോയി കിടന്നോളൂ." വിരുന്നുകാർ അനുകമ്പയോടെ പറഞ്ഞുവെങ്കിലും അച്ഛമ്മ അവിടെനിന്നു പോകാൻ കൂട്ടാക്കിയില്ല. "ഗോപാലേട്ടനെ അറിയുമോ? വെല്യ ഉദ്യോഗക്കാരനാ. അധ്വാനിക്കുന്നവരെ കൊണ്ട് മാത്രമേ പെൺകുട്ടികളെ കെട്ടിക്കാവൂ. എന്റെ അമ്മയ്ക്ക് അതു നിർബന്ധാ." ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ മുത്തശ്ശനെ കുറിച്ചാണ് പറയുന്നത്. എവിടെയോ പന്തികേട് മണത്തു.

വിഭവസമൃദ്ധമായ ഊണും വൈകിട്ടത്തെ സൽക്കാരവും കഴിഞ്ഞ് വടക്കൻ കേരളത്തിൽ നിന്നു വന്ന അതിഥികൾ മടങ്ങി. അതിരാവിലെ തുടങ്ങിയ കഠിനാധ്വാനത്തിന്റെ ക്ഷീണം തീർക്കാൻ വിശ്രമിക്കട്ടെയെന്ന് കരുതി പകൽ നടന്ന സംഭവങ്ങൾ അമ്മയോടു പറഞ്ഞില്ല. പിറ്റേന്നു രാവിലെ പത്തുമണിയോടെയാണ് തെങ്ങുകയറ്റക്കാരൻ രാഘവൻ വന്നത്. തേങ്ങകൾ പെറുക്കിയെടുത്ത് പഴയ കുശിനിപ്പുരയിൽ ശേഖരിക്കാൻ അതിനോടകം അമ്മയും പറമ്പിലേക്ക് പോയിരുന്നു. അച്ഛമ്മയെ മുറിക്കുള്ളിലൊന്നും കണ്ടില്ല. അമ്മയ്ക്കൊപ്പം പറമ്പിൽ പോകാറുള്ളതു കൊണ്ട് അതേപ്പറ്റി കൂടുതൽ ചിന്തിച്ചില്ല. പുതുതായി ഓർഡർ ചെയ്തു വന്ന പുസ്തകം വായനക്കായി കൈയിലെടുത്തതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് മൂക്കിനുള്ളിലേക്ക് വല്ലാത്ത കരിഞ്ഞ മണം തുളച്ചുകയറിയത്. "അമ്മ, ഗ്യാസ് ഓഫ് ചെയ്യാൻ മറന്നതായിരിക്കുമോ? അതോ വല്ല ഷോർട്ട് സർക്യൂട്ടും..." സംശയങ്ങൾ ഊഴം കാത്തുനിന്നു വരിവരിയായി ഉത്തരങ്ങൾ ഉള്ളിൽ തേടവെ, അടുക്കളയിൽ കണ്ട കാഴ്ച ഒരു നിമിഷം സ്തബ്ധയാക്കി! പാതകത്തിനു താഴെ സൂക്ഷിച്ചിരുന്ന പകുതി വെട്ടിയ ഉണങ്ങിയ ചൂട്ടും നീളൻ കൊതുമ്പും ഗ്യാസടുപ്പിനു മുകളിൽ വെച്ച് തീ കത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അച്ഛമ്മ. ഗ്യാസ് ഉള്ളതു കൊണ്ട് അവയുടെ ഉപയോഗം കുറവാണ്. ഈർപ്പം പിടിച്ചിരുന്നതിനാൽ തീ ആളുകയും അണയുകയും ചെയ്യുന്നു. ഇടയ്ക്ക് ഉത്സുകതയോടെ ഊതി കൊടുക്കുന്നുണ്ട്. തീ അണയുമ്പോൾ വീണ്ടും കത്തിച്ചതിന്റെ അടയാളങ്ങളായി, ഒഴിഞ്ഞ തീപ്പെട്ടികളുടെ ചെറുകൂടുകളും അഗ്രഭാഗം കരിപിടിച്ച ധാരാളം കോലുകളും ഗ്യാസ്കുറ്റിക്ക് സമീപവും തറയിലുമായി ചിതറിക്കിടക്കുന്നുണ്ട്. 

"അച്ഛമ്മേ എന്തായിത് ?" ഭയത്തിന്റെ മുൾമുനയിലെ ശബ്ദത്തിന്റെ കാഠിന്യം പരസഹസ്രം ഉഗ്രശേഷിയുള്ള ബോംബുകൾ വന്നു പതിക്കുന്നതിനേക്കാൾ ഭീകരമായി വെളിയിൽ വന്നതിനാലാവണം ഞൊടിയിടയ്ക്കുള്ളിൽ അമ്മയും രാഘവനും പറമ്പിൽ നിന്ന് ഓടിയെത്തിയത്. "ഇതെന്താ അമ്മയ്ക്ക് പറ്റീത്?" അമ്മ, വിഹ്വലതയോടെ ചോദിച്ചു. "രാഘവാ. നാളെയേ കല്യാണമാ. നീ വരണേ. അടുപ്പേൽ ഇച്ചിരെ കട്ടൻകാപ്പി അനത്തിക്കുടിക്കാൻ എവളു സമ്മതിച്ചില്ല. പിന്നെ വരുന്നോർക്കും കൊടുക്കണ്ടായോ." ചുവരിൽ തൂക്കിയിരുന്ന കലണ്ടറിലെ സുന്ദരിയായ അഭിനേത്രിയുടെ ചിത്രത്തിലേക്ക് ചൂണ്ടുവിരൽ ഉയർത്തി അച്ഛമ്മ പറഞ്ഞു. കൂടുതൽ ചോദിക്കാനോ പറയാനോ നിൽക്കാതെ രാഘവൻ ഭവ്യതയോടെ തലയാട്ടി തിരിഞ്ഞു നടന്നു. സ്വഭാവ വൈപരീത്യത്തിന്റെ ബാക്കി കാണേണ്ടി വന്നില്ലയെന്ന നേർത്ത ആശ്വാസം എന്നെ പൊതിഞ്ഞു. അച്ഛമ്മയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ ഉൾക്കൊള്ളാൻ ആർക്കും ആയില്ല. "ചേച്ചിയേയ് മീൻ വേണോ?" മീൻ വിൽപനയ്ക്ക് സ്ഥിരമായി വന്നിരുന്ന സുമതിയുടെ വിളി കേട്ടാണ് മുറ്റത്തേക്ക് ഇറങ്ങിയത്. യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഭാവഭേദങ്ങളൊന്നും പ്രകടമാക്കാതെ അച്ഛമ്മയും. "അമ്മയോടു ചോദിക്ക്. അമ്മ പറഞ്ഞാൽ വാങ്ങിക്കാം" അമ്മയെ നോക്കി അച്ഛമ്മ പറഞ്ഞപ്പോൾ സ്ഥലജലഭ്രമം ബാധിച്ചതു പോലെ അവർ അന്ധാളിച്ചിരുന്നു. "ഇതേ. ഇതെന്റെ അമ്മയാ." സുമതി ഒരക്ഷരം ഉരിയാടിയില്ല. അമ്മ മീൻച്ചട്ടിയുമായി അടുക്കളയുടെ ഉള്ളിലേക്ക് പോകുന്നത് കണ്ട് അച്ഛമ്മ, സുമതിയോട് മന്ത്രിച്ചു.

"എന്റെ കുഞ്ഞേ രാവിലെ മുതൽ പട്ടിണിയാ. ജയിലിൽ പിടിച്ചിട്ടിരിക്കുന്നതു പോലെയല്ലിയോ ഇവിടെ ജീവിക്കുന്നത്. ഞാനും എന്റെ അനിയത്തിയും ഒരു വക കഴിച്ചിട്ടില്ല. നിന്റെ വീട്ടിലോട്ടു വരട്ടെ. വല്ലോം തരാമോ.?" ഒട്ടും മുറിയാത്ത ഗൗരവത്തോടെ തുടർന്നു. "അനിയത്തിയാണെന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യോമില്ല. ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന സാധനങ്ങളെല്ലാം ഇവളു കട്ടെടുക്കും." അനിയത്തിയെന്നു പറഞ്ഞ് വിരൽചൂണ്ടിയത് എന്റെ നേർക്കും. നിന്നയിടം രണ്ടായി പിളർന്ന് താഴേക്ക് പോയിരുന്നുവെങ്കിലെന്ന് അതിയായി ആഗ്രഹിച്ചത് അപ്പോഴാണ്. "ന്റെ കുഞ്ഞേ. പാവത്തിനെ പട്ടിണിക്കിടാതെ വല്ലതും കൊടുത്തൂടെ. ഇല്ലാത്തവരൊന്നുമല്ലല്ലോ. എല്ലാം ഒള്ളവരുടെ കാര്യം ഇങ്ങനാ." സുമതിയോട് എന്തു പറയണമെന്ന് അറിയാതെ ആലോചനയിലാണ്ടപ്പോൾ കൊതിക്കെറുവോടെ ഒരു കാക്ക അവരുടെ അലുമിനിയം പാത്രത്തിനു സമീപം വട്ടംചുറ്റി. അരിശത്തോടെ കാക്കയെ ഓടിച്ചതിനു ശേഷം അവർ വീണ്ടും പറഞ്ഞു തുടങ്ങി. "ആയകാലത്ത് എന്തോരം കഷ്ടപ്പെട്ടിട്ടുള്ള സ്ത്രീയാ. അതുകൊണ്ടായിരിക്കും ഇപ്പോൾ മാനസികമായി വെല്യമ്മ ഇതുപോലെ തകർന്നത്." ഇന്നലെ വരെ വീടിന്റെ കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചിരുന്ന ഒരാൾ നുണ പറയില്ലെന്നും അതിനാൽ പറയുന്നത് എന്തിന് അവിശ്വസിക്കണമെന്ന് അവർ ചിന്തിച്ചു കാണണം.

"പ്രായമായ ഈ സ്ത്രീയെ കൊണ്ടാണോ മുറ്റമടിപ്പിക്കുന്നത്?" അയൽക്കാരി, അമ്മിണിയമ്മയുടെ വാക്കുകൾ അമ്മയെ ഏറെ നൊമ്പരപ്പെടുത്തി. "പ്രായപൂർത്തിയായ ഒരു മകൾ നിങ്ങൾക്കില്ലേ? മടി പിടിച്ചിരിക്കുന്ന അവളെക്കൊണ്ട് ചെയ്യിച്ചൂടെ ഇതെല്ലാം." ഒരു ദിനം അച്ഛമ്മയെ ഭയന്ന് ഒളിപ്പിച്ചിരുന്ന കുറ്റിച്ചൂൽ കണ്ടെത്തി മുറ്റം അടിക്കുന്നത് ആരും കണ്ടിരുന്നില്ല. എന്നിലെ രോഷം മുൻപുണ്ടായിരുന്നതിനേക്കാൾ ശക്തിയാർജിച്ചു. "അമ്മ, അച്ഛനെ ഇന്നു തന്നെ വിളിച്ചു വരുത്തണം. ഇങ്ങനെ മുന്നോട്ടു പോയാൽ കൂടുതൽ അപകടത്തിലേക്കേ കാര്യങ്ങൾ നീങ്ങൂ." എന്തെങ്കിലും ചെയ്തേ മതിയാകുവെന്ന തീർച്ചപ്പെടുത്തിയതു കൊണ്ടാവണം അമ്മ മിണ്ടാട്ടമില്ലാതെ പ്രതികരിച്ചത്. "പ്രായമായ സ്ത്രീയെ വീട്ടിലിട്ട് കൊല്ലാക്കൊല ചെയ്യുന്നുവെന്ന് സമൂഹം വിളിച്ചു പറയുന്നതിനു മുൻപ് ഇതിനൊരു പരിഹാരം ഉണ്ടാകണം." ദിവസവുമുള്ള ബസ്സ് യാത്ര ക്ലേശകരമായിരുന്നതു കൊണ്ട് ഓഫീസിനടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് അച്ഛൻ. ഫോണിൽ കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയതോടെ പെട്ടെന്നു തന്നെ വന്നു. "നമുക്കൊരു മാനസികരോഗ വിദഗ്ധനെ കാണിച്ചാലോ"? അച്ഛനോട് അഭിപ്രായം ചോദിക്കവേ, അമ്മ ശബ്ദമുയർത്തി. "പെണ്ണേ മിണ്ടാതിരുന്നോ. നെന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന ഓർമ വേണം. നമ്മളാരെങ്കിലും അങ്ങനെ ഒരിടത്ത് ഇരിക്കുന്നത് കണ്ടാൽ പിന്നെ തീർന്നൂ." അമ്മയുടെ ആശങ്കകൾ അവസാനിക്കാതെ തുടർന്നുകൊണ്ടിരുന്നു. "വാസ്തവമറിയാതെ പലതരം കഥകൾ മെനഞ്ഞുണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് ചുറ്റും." അമ്മ ശക്തിയുക്തം എതിർത്തപ്പോൾ അച്ഛൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. 

"നമുക്ക് ആരോടെങ്കിലും അഭിപ്രായം ചോദിച്ചാലോ? അവർ പറയുന്നത് അനുസരിച്ച് ചെയ്യാം. ഇനി വല്ല ബാധയും കൂടിയതാണെങ്കിലോ? അങ്ങനെയാണെങ്കിൽ അതിന് ഉടനടി പരിഹാരവും ചെയ്യണം." അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പാടെ ഉപേക്ഷിക്കണമെന്നും മാറ്റങ്ങൾ വസ്ത്രങ്ങളിലും മറ്റു പുതുമകൾക്കൊപ്പം സഞ്ചരിക്കുന്നതിലും മാത്രമല്ല വരേണ്ടതെന്നും ചിന്തകൾ മാറേണ്ടിയിരിക്കുന്നുവെന്നും പറയേണ്ടിവന്നു. മുൻപോട്ട് എങ്ങനെയെന്ന് ചിന്തിച്ചു നിൽക്കവേ, അച്ഛൻ ദൈന്യമായി എന്നെ നോക്കി. "എന്റീശ്വരാ! ഇവൾ പറയുന്നതുപോലെ ചെയ്താൽ നല്ലൊരു ആലോചന വരുമോ? ഇതിലും വലിയൊരു മാനഹാനിയുണ്ടോ?" അമ്മയുടെ ആവലാതി പിന്നെയും വർധിച്ചു. "അച്ഛമ്മയുടെ അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതല്ലേ മാനഹാനി ഉണ്ടാകാതിരിക്കാനുള്ള പോംവഴി." പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ലഭിച്ചാലോ എന്ന ചിന്തയാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. "മനസ്സിനേൽക്കുന്ന മുറിവ് ശരീരത്തിന് ഉണ്ടാകുന്ന മുറിവ് പോലെ തന്നെയാണ്. എനിക്കും ഇതേ പറ്റി കൂടുതൽ അറിയില്ല. പക്ഷേ, ഇത്തരമൊരു അവസ്ഥയിൽ ഡോക്ടറെ കണ്ടേ മതിയാകൂ." സങ്കുചിത മനോഭാവത്തോടെ ജീവിക്കുന്ന ഒരാളെ എനിക്കു വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്മയെ നിർബന്ധിതമായി നിശ്ശബ്ദയാക്കാൻ അപ്പോൾ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ നഗരത്തിലെ ആശുപത്രിയിൽ ചീട്ടെടുക്കുമ്പോഴും ഡോക്ടറെ കാണാനായി കാത്തിരിക്കുമ്പോഴും അറിയാവുന്ന ആരെങ്കിലും ഉണ്ടോയെന്നായിരുന്നു അമ്മയുടെ ആശങ്കയത്രയും. "ആവൂ! ആരുമില്ല സമാധാനമായി." അമ്മ ആരോടെന്നില്ലാതെ പറഞ്ഞു. "കാർത്യായനിയമ്മ. വയസ്സ് അറുപത്തിയൊൻപത്." നഴ്സ് പേരു വിളിച്ച് അച്ഛമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഡോക്ടർ ചോദിച്ചതിനെല്ലാം കൃത്യമായ ഉത്തരം കൊടുത്തപ്പോൾ ഞെട്ടിയത് കൂടെപ്പോയ ഞങ്ങളാണ്. പിന്നെയും മറ്റെന്തൊക്കെയോ ഡോക്ടർ ചോദിച്ചു. "പറ്റിക്കാനും കൂടുതൽ ശ്രദ്ധ കിട്ടാനുമുള്ള അഭിനയമോ മറ്റോ ആണോ? നമ്മുടെ വീട്ടിൽ അങ്ങനെ അഭിനയിക്കേണ്ട കാര്യമില്ലല്ലോ." അച്ഛൻ, എന്നോട് മന്ത്രിച്ചു. എല്ലാ പരിശോധനകളും കഴിഞ്ഞ്, മറവി രോഗത്തിന്റെ തുടക്കമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുന്ന, കടുപ്പം കൂടിയതും കുറഞ്ഞതുമായ മറ്റനേകം രോഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു രോഗം കേൾക്കുന്നത് ആദ്യമായാണ്. അജ്ഞതമൂലം ഉണ്ടാകേണ്ടിയിരുന്ന വലിയ അപകടത്തിൽ നിന്നു രക്ഷപ്പെട്ടുവെന്ന് അമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. അവിടെ നിന്നിറങ്ങുമ്പോൾ ബോധാബോധസാകല്യത്തെ വിഴുങ്ങിയിരിക്കുന്ന സ്മൃതിനാശമെന്ന ഇരുട്ടിനെകുറിച്ച് അറിയാതെ ഇളമൊരു പുഞ്ചിരിയോടെ അച്ഛമ്മ, കാലിടറാതിരിക്കാൻ ഞങ്ങളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.

Content Summary: Malayalam Short Story ' Innil Maanjupoya Innalekal ' written by Reena Sara Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com