ADVERTISEMENT

സ്പർശം (കഥ)

ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലെ വിജനമായ വഴിയിൽ അവൾ ഏകയായി നടക്കുകയാണ്. അവളുടെ കണ്ണുകൾ നീണ്ടു കിടക്കുന്ന വഴിയിലേക്ക് തന്നെയാണ്. നിർജീവമായ ആ കണ്ണുകൾ ഒന്ന് പ്രകാശിച്ചു, വഴി അവസാനിക്കാൻ ഇനിയും ദൂരമുണ്ട്. മന്ദമാരുതൻ അവളെ കടന്നുപോയി, അതിൽ പാറിയ മുടിയിഴകൾ കാഴ്ചയെ മറച്ചു കുറുമ്പ് കാട്ടി. വെളുത്തു നീണ്ടു മെലിഞ്ഞ അവളുടെ വിരലുകൾ അവയെ ചെവിപിറകിലാക്കി തന്റെ വരുതിയിൽ നിർത്തി. യാത്ര മുന്നോട്ട് ആയിരുന്നുവെങ്കിലും അവളുടെ മനസ്സ് പിന്നിലായിരുന്നു. ശരീരത്തിനൊപ്പം ചലിക്കാതെയവ ഏതോ ഓർമയിൽ പാറി നടന്നു. കെട്ട് പൊട്ടി പാറിയ ആ ഓർമ്മകൾക്ക് ഒരു മാമ്പഴത്തിന്റെ മധുരമായിരുന്നു, പണ്ടെങ്ങോ നാവിൽ വെച്ച് രുചിച്ച മൂവാണ്ടൻ മാങ്ങയുടെ സ്വാദ്. കുട്ടിയുടുപ്പിട്ട് പാറി നടന്ന ഒരു നാലുവയസുകാരി, അവളുടെ ചുണ്ടിനു ചുറ്റും പടർന്നിരിക്കുന്ന മാങ്ങയുടെ ചാർ. അത് നക്കി തുടച്ചവൾ വീട്ടിലേക്ക് പോകുവാനായി കയ്യാല മതിലുകൾ ചാടിക്കയറി. ആ വേഗതയിൽ നിന്ന് തന്നെ അവളൊരു നിത്യാഭ്യാസിയാണെന്ന് മനസിലാക്കാം. “പൊന്നു” ദൂരെ എവിടെ നിന്നോ കേൾക്കുന്ന അമ്മച്ചിയുടെ ശബ്ദത്തിൽ അവൾ വേഗമാ കുട്ടിയുടുപ്പിന്റെ തുമ്പ് പൊക്കി പഴച്ചാർ തുടച്ചു കളഞ്ഞു. ഉടുപ്പിന്റെ അറ്റത്തായി പറ്റിയിരിക്കുന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളെ ശ്രദ്ധിക്കാതെ ചുണ്ടിനു ചുറ്റും പറ്റി ഉണങ്ങിയിരിക്കുന്ന നാരുകളെ എടുത്തുകളയാൻ ശ്രെമിച്ചവൾ വേഗം മുന്നോട്ട് നടന്നു. ആ നഗ്നമായ കുഞ്ഞിക്കാലുകൾ കല്ലിനെയും മുള്ളിനെയും വകവെക്കാതെ മുന്നോട്ട് കുതിച്ചു. " അമ്മച്ചി " വീടിന്റെ മുൻവശത്തേക്ക് പോകാൻ ഒരുങ്ങിയവൾ അവിടെ ആരോ നിൽക്കുന്നത് കണ്ട് പിന്നിലേക്ക് പതുങ്ങി. എന്നാൽ മുന്നിൽ നിന്നും വീണ്ടും പൊന്നൂട്ടി എന്നുള്ള അമ്മച്ചിയുടെ നീട്ടിവിളി കേട്ടവൾ പതുങ്ങി പതുങ്ങി മുന്നോട്ട് ചെന്നു. എങ്കിൽപോലും ആദ്യമുള്ള പരിഭ്രമം അവളെ വിട്ടകന്നിരുന്നില്ല. "പൊന്നമ്മോയ്" കൊഞ്ചലോടെ ഉയർന്ന ഗാംഭീര്യമുള്ള ആ സ്വരം അവളുടെ കുഞ്ഞു കണ്ണുകളെ വിടർത്തി. വിടർന്ന ആ കണ്ണുകൾക്കൊപ്പം ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു. "പപ്പാ " ആ ചുവന്ന കുഞ്ഞു ചുണ്ടുകൾ സ്വയമറിയാതെ മൊഴിഞ്ഞു. അതിലും വേഗത്തിൽ ആ കാലുകൾ നിലം തൊടാതെ മാറി നിൽക്കുന്ന ഒരു പുരുഷന് നേരെ കുതിച്ചു.

"പപ്പാ" "പൊന്നമ്മേ" അലറി വിളിച്ചവൾ അയാളുടെ കൈയ്യിലേക്ക് ഓടികയറുമ്പോൾ അവളെ കൈയ്യിലെടുത്തയാളും ഉച്ചത്തിൽ വിളിച്ചു. ആ നിമിഷം ഇരുകൂട്ടർക്കും പ്രിയപ്പെട്ടതായിരുന്നു. അവളുടെ വയറിൽ ഇക്കിളിയാക്കി പരസ്പരം പൊട്ടിച്ചിരിച്ചവർ ആ നിമിഷം ആസ്വദിച്ചു. "നിന്റെ ചെരുപ്പ് എവിടെ കൊച്ചേ? " നൈറ്റി ഇട്ട് മുടി വാരികെട്ടി പുറത്തേക്കിറങ്ങി വന്നൊരു സ്ത്രീ ചോദിച്ചു. "കൊച്ചിന് ചെപ്പില്ലമ്മേ " പപ്പയുടെ തോളിലേക്ക് ചാഞ്ഞുകൊണ്ടവൾ കൊഞ്ചലോടെ പറഞ്ഞു. അവളുടെ കണ്ണുകളിൽ സന്തോഷമായിരുന്നു, നാളുകൾക്കു ശേഷമറിയുന്ന ജന്മം തന്നവരുടെ സ്നേഹചൂടിൽ അവൾ മനസറിഞ്ഞു ചിരിച്ചു. ആ കണ്ണുകൾ ചിരിയുടെ മാറ്റൊലിയോടെ നിറഞ്ഞൊഴുകി. "ചിരിച്ചു ചിരിച്ചു ആ കണ്ണ് നിറഞ്ഞു. ഇനിയും കൊച്ചിനെ ഇക്കിളിയാക്കല്ലേട്ടോ " ഒരു കുഞ്ഞു ചെറുക്കനെ തോളിലിട്ട് തട്ടി അങ്ങോട്ട് വന്ന അമ്മ പറഞ്ഞു. അത് കേട്ടതും അവളൊരു ചിരിയോടെ തന്റെ കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് നടന്നു. നാളുകൾക്കു ശേഷം അമ്മ കുളിപ്പിക്കുമ്പോഴും, ഭക്ഷണം വാരി തരുമ്പോഴും, അനിയത്തിക്കും അനിയനും ഒപ്പം കളിക്കുമ്പോഴും സന്തോഷത്താൽ വിതുമ്പുന്ന കുഞ്ഞു ചുണ്ടുകൾ മറ്റൊരാൾ കാണാതിരിക്കാനായി അവൾ കൂട്ടിപിടിച്ചു. "ഈ പുത്തനുപ്പ് എൻചാനോ? " കൊഞ്ചൽ വിട്ട് മാറാത്ത കുഞ്ഞു ശബ്ദം അമ്മയുടെ സാന്നിധ്യത്തിൽ വീണ്ടും കൊഞ്ചി. അത് അറിഞ്ഞതും അവരും ഒരു പുഞ്ചിരിയോടെ അവളെ തന്റെ മാറിലേക്ക് പൊത്തി പിടിച്ചു. "അച്ഛാച്ച പൊന്നമ്മന്റെ കുഞ്ഞുപ്പ് എങ്ങനിന്റ്? " അച്ചാച്ചന്റെ മുന്നിൽ നിന്ന് നിറയെ പുള്ളി ഉള്ള ഉടുപ്പ് വിടർത്തി കാട്ടുന്ന കുഞ്ഞിപ്പെണ്ണിൽ സന്തോഷമായിരുന്നു. അവളുടെ മിഴികൾ പോലും നിറഞ്ഞു ചിരിച്ചു. "പൊന്നമ്മ ചുന്നരിയായല്ലോ പൊന്നെ " അവളെ എടുത്തു മടിയിലിരുത്തി പറയുന്ന ആ വൃദ്ധന്റെ കൈകൾ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അദ്ദേഹത്തിന്റെ ബീഡിക്കറ പുരണ്ട ചുണ്ടുകൾ അവളുടെ മൂർദ്ധാവിലമർന്നു. അവളൊന്ന് കുണുങ്ങി ചിരിച്ചുകൊണ്ട് അയാളുടെ കൈയ്യിലിരുന്ന മിട്ടായി പൊതിയുമായി ഉള്ളിലേക്കോടി. അന്ന് പപ്പക്കും അമ്മയ്ക്കും ഒപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അവളിൽ ഉത്സാഹമായിരുന്നു. ഇനി മുതൽ മാതാപിതാക്കൾക്ക് ഒപ്പമാണ് താൻ എന്ന ചിന്ത തന്നെ അവളിൽ സന്തോഷം നിറച്ചു. നിറയെ മരങ്ങൾ നിറഞ്ഞ ഒറ്റയടിപാത താണ്ടി അവരുടെ വണ്ടി മുന്നോട്ട് നീങ്ങി. പോകെ പോകെ കാഴ്ചകൾ മാറി തുടങ്ങി. ഉയർന്നു നിൽക്കുന്ന മരങ്ങൾ അപ്രതീക്ഷമായി, ചെറിയ കുളിർക്കാറ്റ് ഇല്ലാതെയായി, കിളികളുടെ ചിലപ്പോ ചെറിയ കാട്ടരുവിയുടെ കളകളാരവവോ കേൾക്കാതെയായി. പകരം ഉയർന്നു നിൽക്കുന്ന ഫ്ലാറ്റുകളും, കടുത്ത ചൂടും, സ്ത്രീകളുടെയും കുട്ടികളുടെയും ഉയർന്നു കേൾക്കുന്ന ശബ്ദവും മാത്രം.

ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിലിരുന്ന അവളുടെ കണ്ണുകൾ അത്ഭുതത്തോടെ അതെല്ലാം നോക്കി കണ്ടു. കൊട്ടകയിൽ പോയി കണ്ടിട്ടുള്ള സിനിമയിൽ മാത്രം കാണാറുള്ള വലിയ വീടും വണ്ടികളുമെല്ലാം അവൾ കൗതുകത്തോടെ വീക്ഷിച്ചു. മുന്നോട്ടുള്ള യാത്രയിൽ കുഞ്ഞു റോഡുകൾ വീതി പ്രാപിക്കുന്നതും അത് ഹൈവേയായി പരിണമിക്കുന്നതും ആ കുഞ്ഞു കണ്ണുകൾ ഒപ്പിയെടുത്തു. അവൾക്കെല്ലാം കൗതുകമായിരുന്നു, സൈക്കിളിൽ ഒരു പെട്ടി നിറയെ ഐസ്ക്രീംമുമായി വരുന്ന ബാബു ചേട്ടനെ മാത്രം കണ്ട് പരിചയിച്ച അവൾ ആദ്യമായി ഒരു മുറിയിൽ ഐസ്ക്രീം കൊടുക്കുന്നത് കണ്ടു. അക്കര കടന്നു തലയിൽ തുണിക്കെട്ടുമായി വരുന്ന യൂസഫിക്കയെ  മാത്രം കണ്ടിട്ടുള്ളവൾ വലിയ മാളുകളിലെ മുത്തും കല്ലും പിടിപ്പിച്ച വസ്ത്രങ്ങളിലേക്ക് കണ്ണു വിടർത്തി നോക്കി. പിന്നെയും തുടർന്ന ആ യാത്ര ഒരു ഇരുനില വീടിനു മുന്നിൽ അവസാനിച്ചു. ആ വീട്ടിലാണ് തന്റെ താമസം എന്നറിഞ്ഞ നിമിഷം ആ കുഞ്ഞു ചുണ്ടുകൾ വിരിഞ്ഞു. വലിയ വീടിന്റെ അകത്തളം മുഴുവൻ ആ കുഞ്ഞു കാലുകൾ ഓടി നടന്നു. ഓരോ മുറിയും കാണും തോറും ആ കണ്ണുകൾ അമ്പരപ്പാൽ മിഴിഞ്ഞുപോയി. താനും അമ്മച്ചിയും കിടന്ന പോലെയല്ല. വലിയ മുറികൾ, വൃത്തിയിലും ചിട്ടയിലും ഒരുക്കിയിരിക്കുന്നു. കൗതുകത്തോടെ അവളോരൊന്നും തൊട്ട് നോക്കി നടന്നു. തന്റെ സഹോദരങ്ങൾ അതെല്ലാം കൈകാര്യം ചെയ്യുന്നതവൾ അമ്പരപ്പോടെ നോക്കി. ആദ്യത്തെ ഒരു കൗതുകം വിട്ടൊഴിഞ്ഞതും മെല്ലെ ആ ചുറ്റുപാടുമായി അവളിണങ്ങാൻ ശ്രമിച്ചു. എന്നാൽ ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് ചേക്കേറിയ പിഞ്ചു മനസ്സിന് അതത്ര എളുപ്പമായിരുന്നില്ല. എവിടെയും പാറി നടന്ന അവൾ പിന്നീട് വളർന്നത് വിലക്കുകളുടെ ലോകത്തായിരുന്നു. അവൾക്ക് ചുറ്റും വിലക്കുകൾ മാത്രം, ശബ്ദം ഉയർത്തി സംസാരിക്കാൻ പാടില്ല, മുറ്റത്തിറങ്ങാൻ പാടില്ല, അപരിചിതരോട് സംസാരിക്കാൻ പാടില്ല, ആരെയും അകത്തേക്ക് ക്ഷണിച്ചൂടാ.... അങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് നീളുന്ന അരുതായ്മകൾ. എല്ലാം അംഗീകരിക്കുക ദുഷ്കരമായിരുന്നു എങ്കിലും പോകെ പോകെ അവളത് അംഗീകരിച്ചു. തന്റെ ജീവിത സാഹചര്യങ്ങളെ മനസിലാക്കി നാടിനെ വിട്ട് നഗരത്തിലേക്ക് മനസാലെയവൾ ചേക്കേറി.

ജീവിതം വീണ്ടും അതിന്റെ ഒഴുക്കിൽ മുന്നോട്ട് പോയി. ഋതുക്കൾ മാറി വന്നു. വല്ലപ്പോഴും റേഞ്ച് കിട്ടിയാൽ മാത്രം നാട്ടിൽ നിന്നും വരുന്ന അമ്മച്ചിയുടെ ഫോൺ കാളുകൾ ഗ്രാമത്തിന്റെ ഓർമയിൽ പട്ടണത്തിൽ ജീവിക്കാൻ അവളെ പ്രേരിപ്പിച്ചു. എന്നാൽ അധികം വൈകാതെ അതും നിലച്ചു, അവിടെയുള്ള വലിയ ഒരു സ്കൂളിൽ ചേർക്കുമ്പോൾ പഠനം എന്നതിന്റെ ഒഴുക്കിലേക്കും അവൾ കാൽത്തെറ്റി വീണു. പിന്നീട് ഫോൺ കാളുകൾക്കോ കാത്തിരിപ്പിനോ അവിടെ സ്ഥാനമില്ലാതെയായി. അവളാ ജീവിതത്തെ തന്നിലേക്ക് സ്വീകരിച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടുത്തി തുടങ്ങി. "അയ്യേ ഇതിനൊരു വെള്ള ചുവയാണ് " " അതിനിത് നാടല്ല ടൗണാണ്. ഒരു കൊതിക്ക് കിട്ടും എന്നല്ലാതെ നാടിന്റെ രുചി ഒന്നും ഉണ്ടാവില്ല " വൈകിട്ട് ജോലി കഴിഞ്ഞു വന്ന അമ്മയുടെ കൈയ്യിലെ നല്ല ചുവന്ന ആഞ്ഞിലിപ്പഴം വാങ്ങി വായിലിടുമ്പോൾ എന്നോ നഷ്ടപ്പെട്ട ഒരു രുചി അവൾ തേടിയിരുന്നു. എന്നാൽ വെള്ളം മാറി നിൽക്കുന്ന ആ രുചിയവൾക്ക് പിടിച്ചില്ല. ആദ്യമായി അന്നവൾ തന്റെ നാടിന്റെ ഇല്ലായ്മയിൽ പൂർണമായി നൊന്തു. ആ മനസ്സിൽ എന്തിനോ ഒരു ഒറ്റപ്പെടൽ നിറഞ്ഞു. ആദ്യമായി ഗൃഹാതുരത്ത്വമെന്ന രോഗം ഭാഗികമായി അവളെ കീഴടക്കുന്നതിൽ വിജയിച്ചു. ആ കണ്ണുകൾ എന്തിനൊക്കെയോ വേണ്ടി നിറഞ്ഞൊഴുകി. വീണ്ടും നാളുകൾ മുന്നോട്ട് പായവേ പ്ലാസ്റ്റിക് കൂടിൽ കെട്ടിയ ചക്കചുളകളും, വലിയ മാമ്പഴങ്ങളും ആ വീട്ടിൽ പ്രത്യക്ഷമായി. അവയിലെല്ലാം അവൾ തേടിയത് തേനൂറുന്ന ഒരു രുചിയാണ്, നാവിൽ കപ്പലോടിക്കുന്ന ഒരു രുചി. എങ്കിലും തേടിയതൊന്നും ലഭിക്കാതെയവൾ വീണ്ടും എവിടം കൊണ്ടോ നീറി തുടങ്ങി. അതിനിടയിൽ സഹോദരങ്ങൾക്കിടയിൽ ഉണ്ടാവുന്ന കുഞ്ഞു കുഞ്ഞു പൊട്ടിത്തെറികൾ അവളിലേക്ക് ഒരു തീരാനോവ് കൂടെ നൽകി. "ചേച്ചിയുടെ അമ്മ അവിടെ അല്ലേ, അങ്ങോട്ട് പൊക്കോ " വഴക്കിനിടയിൽ ജയിക്കാനായി അവരത് പറയുമ്പോൾ എവിടെയോ ഒരു കുഞ്ഞു ഹൃദയം തകർന്നിരുന്നു. അതാരെയും അറിയിക്കാതെ പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞവൾ അവർക്ക് മുന്നിൽ തകർത്താടി. കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. അവളും സഹോദരങ്ങളും വളർന്നു. പഴയ നാട്ടിൻ പുറത്തെ പൊന്നുവിൽ നിന്നവൾ ഇന്ന് പട്ടണത്തിന്റെ ദൃശ്യയായി മാറി. ആ മുതിർന്ന പെണ്ണിന്റെ ഓർമയിൽ എവിടെയോ ഒരു നാടുണ്ട്, എന്നാൽ അതിന്റെ ചിത്രത്തിന് ഒരു പൂർണതയില്ലായിരുന്നു. എങ്കിലും അതിനെ വിസ്മരിച്ചവൾ തന്റെ ഇഷ്ടങ്ങളുമായി മുന്നോട്ട് പാറി.

A Life Without Interruption,

It Is Impossible.

ജീവിതത്തിന്റെ ഒഴുക്കിനിടയിൽ തടസമായി വന്ന വിധിയെ നേരിടുവാൻ നഗരത്തിൽ നിന്നും നാട്ടിലേക്കവൾ വീണ്ടും പറിച്ചു നടപ്പെട്ടു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഉള്ള മാറ്റം, ആദ്യമുണ്ടായ അനുഭവം പോലെ അതത്ര എളുപ്പമായിരുന്നില്ല. ജനിച്ചു വളർന്ന നാട്ടിൽ വർഷങ്ങൾക്ക് ശേഷം എത്തിച്ചേരുമ്പോൾ നാടും അവളും ഒരുപോലെ മാറ്റത്തിന് വിധേയരായിരുന്നു. പൊഴിഞ്ഞുപോയ കാലം നാട്ടിൽ വരുത്തിയ മാറ്റങ്ങൾ വർണ്ണാതീതമായിരുന്നു. കല്ലുരുണ്ട് കിടന്നിരുന്ന ഒറ്റയടിപാതകൾ ഇന്ന് ടാർ റോഡായി പരിണമിച്ചിരിക്കുന്നു. പണ്ട് ഉയർന്നു കേട്ടിരുന്ന കിളിക്കൊഞ്ചലിനും പുഴനാദത്തിനും പകരം ആരുടെയോ അധികാര സ്വരം. തിങ്ങി നിറഞ്ഞു നിന്നിരുന്ന ചുറ്റുപാടുകളിൽ ഇന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന വൃക്ഷങ്ങൾ, എന്തിനോ വേണ്ടി അതിങ്ങനെ തലയാട്ടി നിൽക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ അവസാനമായി എന്ന് മനസിലാക്കാൻ ആകെ ഉള്ളത് കുഞ്ഞൊരു കുളിർക്കാറ്റാണ്, അവ പോലും മറ്റൊരാൾക്ക്‌ ആശ്വാസം പകരാതിരിക്കാൻ ശ്രദ്ധിച്ചു വീശുന്നപോലെ. സ്വാർഥത പ്രകൃതിയെ പോലും കവർന്നെടുത്തു തുടങ്ങി. അത് പ്രകൃതിയെ ഒരതിര് മുതൽ കാർന്നു തിന്നു തുടങ്ങി എന്നതിന് തെളിവായി കാഴ്ചകൾ വീണ്ടും മിഴിവോടെ മുന്നോട്ട് വന്നു. ചെറുപീടികയിൽ തൂക്കി ഇട്ടിരിക്കുന്ന ഞാലിപ്പൂവൻ പഴവും, അരഭിത്തിയിലായി സ്ഥാനം പിടിച്ചിരുന്ന വെറ്റിലയും പാക്കും, സംസാരിക്കാൻ പോയ ആരെയോ കാത്തിരിക്കുന്ന ആറിതണുത്ത പാൽ ചായയും ഒപ്പം വെറ്റില തെറുത്തുണ്ടാക്കിയ ബീഡിയും ഇന്നവിടെ അപ്രത്യക്ഷമായിരിക്കുന്നു. പകരം പണികഴിപ്പിച്ച ചെറു കെട്ടിടങ്ങളും, വെറ്റിലക്കും പാക്കിനും ബീഡിക്കും പകരം ഹൈക്ലാസ് ലൈഫിന്റെ സൂചകങ്ങളായ നീണ്ട സിഗരറ്റ് കുറ്റികൾ ചെറുപ്പക്കാരുടെ അടക്കം ചുണ്ടുകളിൽ പുകഞ്ഞെരിയുന്നു. കാത്തിരിക്കാൻ അരഭിത്തിയില്ല, കിട്ടിയ ചായ വേഗം വിഴുങ്ങി പായാൻ വെമ്പുന്ന ആളുകൾ. ഇന്നാരുടെയും ചുണ്ടിൽ സ്നേഹവും, വാത്സല്യവും കലർന്ന പുഞ്ചിരിയില്ല, പകരമാ കണ്ണുകൾ ആരെ ചതിക്കണം എന്ന് തലപുകക്കുന്നു. മുന്നിൽ കാണുന്നവന്റെ മുഖത്തെക്കാൾ വീർത്തിരിക്കുന്ന പോക്കറ്റിലാണ് പലരുടെയും ശ്രദ്ധ. അതിന്റെ മുഴുപ്പിൽ പല കണ്ണുകളും തിളങ്ങുന്നു. അവളുടെ കണ്ണുകളിൽ ആശ്ചര്യം, ഓർമയിൽ എവിടെയോ ഉണ്ടായിരുന്ന നിഷ്കളങ്കത നിറഞ്ഞൊരു നാടിനെ അവൾ തേടി, തിരികെ കിട്ടില്ല എന്നറിയാതെ.

കാലങ്ങൾക്ക് ശേഷം ആ മണ്ണിലെത്തുമ്പോൾ അവളിലും വലിയ മാറ്റങ്ങൾ തന്നെ ഉണ്ടായിരുന്നു. പണ്ട് പീലി തിങ്ങിനിറഞ്ഞിരുന്ന കണ്ണുകളിൽ ഇന്ന് വെള്ളം കലർന്ന കരി പടർന്നിരിക്കുന്നു, കാച്ചെണ്ണ തേച്ചു പിടിപ്പിച്ച് കട്ടിയിൽ വിടർന്നു കിടന്നിരുന്ന കറുത്ത മുടിയിഴകൾ ഇന്ന് ഷാംപൂ ചെയ്ത് മുറിച്ചിട്ടിരിക്കുന്നു. അതിൽ എവിടെയൊക്കെയോ ആധുനിക യുഗത്തിന്റെ നിറക്കൂട്ടുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. ആ പീലിക്കണ്ണിനു മുകളിലുള്ള കൂട്ടുപിരികത്തിൽ പലതും എടുത്തുമാറ്റി വെട്ടി നിർത്തിയതുപോലെ, സ്വതവേ തിങ്ങിനിറഞ്ഞവ വീണ്ടും കട്ടിയാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ആ ചുണ്ടുകളിൽ നിന്നും രക്തം ഇറ്റ് വീഴുന്നുണ്ടോ? രക്തത്തെ വെല്ലുന്ന നിറത്താൽ അത് ചുവന്നിട്ടുണ്ട്. പണ്ട് ചെരുപ്പിടാതെ ഇരുന്ന ആ കാലുകളിൽ ഇന്ന് ഫാൻസി ചപ്പൽസ് സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൽ പറ്റിയിരിക്കുന്ന ചളി അവളുടെ മുഖം ചുളിപ്പിച്ചു. തന്റെ ഇഷ്ടക്കേട് മുഖത്തു നിറച്ചവൾ വീടിന്റെ ഓരത്തായി പിടിച്ചു വെച്ചിരിക്കുന്ന വെള്ളം കൈകളിൽ അൽപാൽപ്പമായി എടുത്തു ചപ്പലിലേക്ക് ഒഴിച്ചു ഇല്ലാതെയാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പാഴ്ശ്രമത്തിന്റെ അവസാന നാഴികയിലും ആ തറവാടിന്റെ മൂലയിലായി നിറയെ വെള്ളവുമായിരിക്കുന്ന കിണ്ടി അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഒടുവിൽ മടുപ്പ് നിറച്ചവൾ ഒരു പാത്രത്തിനായി അമ്മയുടെ അടുക്കലേക്ക് നടക്കുമ്പോൾ ആ കാൽ തട്ടി കിണ്ടി താഴെ വീണു. അതിന്റെ കരയുന്ന സ്വരം അവളുടെ കാതുകളിൽ എത്തിയില്ല. പകരമത് ഏതോ ഒരു ഗാനത്താൽ കൊട്ടിയടക്കപ്പെട്ടിരുന്നു. നാളുകൾ പിന്നിടവേ അവൾ വീണ്ടും വിരുന്നെത്തിയ മാറ്റങ്ങളുമായി ഇണങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു. വളരെ ദുഷ്കരമായ കാര്യമായിട്ട് കൂടി അവൾക്കത് അംഗീകരിക്കാതെ തരമില്ലാതെയായി. എല്ലാം അവളെ അസ്വസ്ഥപെടുത്തുന്നവയായിരുന്നു.

പണ്ട് താരാട്ട് പാടി, ഭക്ഷണം തന്നവരുടെ ഉപദേശങ്ങൾ അവൾക്ക് മടുപ്പിക്കുന്നവയായി, ആ ചുക്കിച്ചുളിഞ്ഞു തുടങ്ങിയ തഴമ്പിച്ച കൈകൾ അവളിൽ അസ്വസ്ഥത പടർത്തി, അവരുടെ അവളെക്കുറിച്ചുള്ള ഓർമ്മകൾ പ്രായത്തിന്റെ ഉന്മാദവസ്ഥയായി അവൾക്കനുഭവപ്പെട്ടു. നിറക്കൂട്ടുകളുടെയും ചായങ്ങളുടെയും ഭംഗിയില്ലാത്ത ലോകം അവളിൽ പടർത്തിയ അരോചകത്തം പലപ്പോഴും തെക്കിനിയിലെ ഇരുട്ടിലേക്കവളെ തള്ളിയിട്ടു. നാട്ടിലെത്തി ആഴ്ചകൾ കടന്നിട്ടും അവൾക്ക് ചുറ്റുപാടിനോട് പൊരുത്തപ്പെടാൻ കഴിയാത്തത് പോലെ. ഇനിയുമിരുന്നാൽ ഈ ഇരുട്ടിൽ തന്റെ ജീവിതം തീരുമെന്ന് എപ്പോഴോ ബുദ്ധി നൽകിയ വിവരം ഉൾക്കൊണ്ടവൾ പുറത്തേക്കിറങ്ങാൻ തയാറായി. ചെരുപ്പിനെ ആയുധമാക്കി പറമ്പിലേക്കിറങ്ങിയവൾ എൺപതിന്റെ തുടക്കത്തിലും ചുറുചുറുക്കോടെ മണ്ണിൽ പണിയുന്ന ഗ്രാൻഡ്പേരെന്റ്സിനെ കണ്ണു വിടർത്തി നോക്കി. പാദം നഗ്നമാക്കി പറമ്പിൽ പറന്നു നടക്കുന്ന അവരുടെ കാലുകളെ കുഞ്ഞു ഭയത്തോടെ അവൾ വീക്ഷിച്ചു. വർഷങ്ങൾക്കിപ്പുറം അന്നവൾ പറമ്പിലിറങ്ങി. ഓരോ ദിക്കിലും അവളുടെ കണ്ണും മനസ്സും എന്തോ തേടി പാഞ്ഞു. മുന്നോട്ട് നടക്കുവാൻ ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും ചില ചെടിചുറ്റുകൾ അവളെ തന്റെ ആഗ്രഹത്തിൽ നിന്നും പിന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചു. എങ്കിലും എവിടെ നിന്നോ ഉള്ളിൽ നിറഞ്ഞ ഒരു വാശിയിൽ അവൾ മുന്നോട്ട് തന്നെ നടന്നു. എപ്പോഴോ മുന്നിലേക്കൊരു മാങ്ങാപ്പഴം നീണ്ടു വന്നിരുന്നു. തൊലിച്ചെത്തി കളഞ്ഞ ആ മാമ്പഴം കണ്ടതും ഏതോ ഒരു കൊതിയിൽ അത് കൈയിൽ വാങ്ങി നുകരാൻ തുടങ്ങി. എന്നാൽ അനുനിമിഷം അവളുടെ കണ്ണുകൾ തൊലിച്ചെത്തിയ അരിവയിലും അമ്മച്ചിയുടെ കൈയ്യിലും പതിഞ്ഞു. പുല്ല് ചെത്തുമ്പോൾ മണ്ണിൽ കൊണ്ടതിനാൽ തന്നെ അതിന്റെ തുമ്പിലായി പറ്റിയിരിക്കുന്ന മണ്ണും മുറിവ് പറ്റി തഴമ്പിച്ച അമ്മച്ചിയുടെ കൈകളും അവളിൽ അറപ്പ് ഉളവാക്കി. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ അവളത് തുപ്പിക്കളഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ തൊലി ഉരിയപ്പെട്ട് മുള്ളിനാൽ ഹൃദയം തകർന്ന ഒരു മാമ്പഴം നിലത്ത് കല്ലിനാൽ അരയപ്പെട്ടു.

അത്രനേരം ചിരിച്ചു നിന്നിരുന്ന പ്രകൃതിയുടെ ഭാവം മാറി. എന്തോ ദുഃഖം ആചരിക്കാൻ എന്ന ഭാവത്തിൽ ഒരു ഇരുൾ പടർന്നു. ആരിൽ നിന്നോ ഓടി ഒളിക്കുന്ന പോലെ സൂര്യൻ എവിടേക്കോ മറഞ്ഞുപോയി, ആകാശത്ത് കറുത്ത പുകപടലം പോൽ ഇരുണ്ട മേഘങ്ങൾ തങ്ങളുടെ സ്ഥാനം നിശ്ചയിക്കാൻ പാഞ്ഞു നടന്നു. നാട് നടുക്കുമാർ ഉച്ചത്തിൽ ഭൂമി പിളർന്നൊരു മിന്നൽ പാഞ്ഞു. ആകാശം മുട്ടെ വളർന്നു നിന്ന മരങ്ങൾ ആഞ്ഞുവീശി, അവ നിലം മുട്ടി പൊങ്ങി ആടികൊണ്ടിരുന്നു. എല്ലാം കാണെ അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. വീശിയടിക്കുന്ന കാറ്റിൽ പാറിപറക്കുന്ന മുടിയിഴകളെ ഒന്ന് ഒതുക്കാൻ പോലുമാകാതെയവൾ മാങ്ങാച്ചാർ പറ്റിയ കൈ ഒതുക്കി പിടിച്ചു വീട്ടിലേക്ക് നടന്നു. പിന്നാലെ തന്നെ കാലംതെറ്റി പെയ്യുന്ന മഴയെക്കുറിച്ചാകുലപ്പെട്ട് അമ്മച്ചിയും അച്ചാച്ചനും വീടെത്താനോടി. വീശിയടിച്ച കാറ്റിൽ അവളുടെ കൈയിൽ പടർന്നൊലിച്ചിരുന്ന ഒരിറ്റ് ചാർ നിലത്തേക്ക് വീണു. അതെ നിമിഷം തന്നെ മഴ തന്റെ വരവറിയിച്ചു ഒരു തുള്ളി വെള്ളം മണ്ണിനെ ഏൽപ്പിച്ചു. തൊട്ടടുത്ത നിമിഷം തുള്ളിക്കൊരു കുടം എന്ന രീതിയിൽ മഴ തന്റെ പൂർണശക്തിയിൽ പെയ്തുതുടങ്ങി. തിളച്ചെത്തിയ വെള്ളത്തിലേക്ക് ഏലക്കാപ്പൊടി കലർന്ന നാടൻ കാപ്പിപ്പൊടി ഇട്ട് ഒപ്പം പഞ്ചാരയും ചേർത്തിളക്കി അമ്മച്ചി ഗ്ലാസ്സിലേക്ക് പകർന്നു വെക്കുന്നത് അവൾ നോക്കിയിരുന്നു. ഗ്ലാസ്സെടുത്തു കൈയിലേക്ക് പിടിക്കുമ്പോൾ മൃദുലമായ കൈ ഒന്ന് പിടഞ്ഞു. അതിലെ കടുംകാപ്പി തുളുമ്പി പോകുവാൻ വെമ്പി. പുറത്തപ്പോഴും മഴ കനക്കുകയായിരുന്നു. തുളുമ്പാതിരിക്കാനായി ഒരു പാത്രത്തിലേക്ക് ഗ്ലാസ്‌ എടുത്തു വെച്ച് അതിനരികിലായി അമ്മ വറുത്തു കോരി ഇട്ട ചക്കവറുത്തതിൽ നിന്നും കുറച്ചു എടുത്തവൾ പുറത്തേക്ക് നടന്നു. പുതുതായി കെട്ടി എടുത്ത അരഭിത്തിയിൽ കാപ്പി വെച്ചവൾ പുറത്തേക്ക് നോക്കി. ആർത്തലച്ചു പെയ്യുന്നുണ്ട്, കാറ്റ് വീശി മരങ്ങൾ കടപ്പുഴക്കി വീഴുമെന്നായിട്ടുണ്ട്, എന്നിട്ടും പ്രകൃതിക്ക് നിർത്താൻ ഭാവമില്ല. മഴ വീണ്ടും ശക്തി പ്രാപിച്ചു, സ്വന്തം നിലനിൽപ്പ് മറന്നു മരങ്ങൾ നൃത്തമാടി, മേഘങ്ങൾ അവയെ പ്രോത്സാഹിപ്പിക്കാനായി കൂട്ടിമുട്ടി ശബ്ദം പുറപ്പെടുവിച്ചു. എങ്കിലും ഇത്തവണ അവളിൽ ഭയം നിറഞ്ഞില്ല. ആ കണ്ണുകൾ പ്രകൃതിയുടെ ഭാവത്തെ മിഴിവോടെ ഒപ്പിയെടുക്കാനായി ചുറ്റിലും പാഞ്ഞുകൊണ്ടിരുന്നു. കടുംകാപ്പിയുടെ രുചി അവളുടെ ചുണ്ടും നാവും പലവുരു അറിഞ്ഞു. നെയ്യിൽ വറുത്തുകോരിയ ചക്ക അവളുടെ നാവിൽ കാപ്പിക്കൊപ്പം സ്വാദ് പകർന്നു.

'കളിവീടുറങ്ങിയല്ലോ

കളിവാക്കുറങ്ങിയല്ലോ

ഒരു നോക്ക് കാണുവാനെൻ

ആത്മാവ് തേങ്ങുന്നല്ലോ........

തഴുകുന്ന തിരമാലകളെ

ചിരിക്കുന്ന പൂക്കളെ

തഴുകുന്ന തിരമാലകളെ

ചിരിക്കുന്ന പൂക്കളെ

അറിയില്ല നിങ്ങൾക്കെന്റെ

അടങ്ങാത്ത ജന്മദുഃഖം '

അച്ചാച്ചന്റെ പഴയ റേഡിയോയിൽ നിന്നും ദേശാടനം സിനിമയിലെ ആ ഗാനം ദാസേട്ടന്റെ സ്വരത്തോടൊപ്പം പുറത്തേക്കൊഴുകി. അത് കേട്ടതും അവളൊന്ന് തിരിഞ്ഞു നോക്കി. ചാരുകസേരയിൽ ചാഞ്ഞു കിടന്നു കണ്ണുകളടച്ചു ഗാനം ആസ്വദിക്കുവാണ് അയാൾ. തൊട്ടടുത്തായി ഇരിക്കുന്ന കാപ്പി പകുതിയായിട്ടുണ്ട്, ചക്ക വറുത്തത്തിൽ നിന്നും ആവി പാറുന്നുമുണ്ട്. അവളൊരു ചിരിയോടെ മഴയിലേക്ക് തന്നെ നോക്കി കാപ്പി ചുണ്ടോട് ചേർത്തു. ആർത്തലച്ചു പെയ്തുകൊണ്ടിരുന്ന മഴ പെട്ടന്ന് നിലച്ചു. ഭൂമി കുലുങ്ങിമാറൊച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്ന ഇടി ഇപ്പോൾ കേൾക്കാനില്ല, നിലം പറ്റെ ആടിയ മരങ്ങൾ തലയാട്ടി നിൽക്കുന്നു. മൊത്തത്തിൽ പ്രകൃതി ശാന്തമായത് പോലെ. ആ മാറ്റങ്ങളെല്ലാം അവളൊരു കൗതുകത്തോടെ ഒപ്പി എടുത്തു. ഒരു നിമിഷം അവളുടെ നാസിക വിടർന്നു, പുതുമണ്ണിന്റെ മണം ആദ്യമായി ശ്വസിക്കുന്നത് പോലെ അവൾ കണ്ണുകളടച്ചു നിന്നു. അതെ നിമിഷം തന്നെ ഉയർന്നു കേൾക്കുന്ന ചീവിടിന്റെ ചിലമ്പലും തവളയുടെ കരച്ചിലും അവളുടെ കർണപടത്തെ തുളച്ചു കയറി, ഒപ്പം ഓടിൽ നിന്ന് ഇറ്റ് മണ്ണിൽ തളംകെട്ടിയ വെള്ളത്തിൽ വീഴുന്ന മഴത്തുള്ളിയുടെ ശബ്ദവും. പെട്ടന്ന് അവൾ തന്റെ കണ്ണുകൾ തുറന്നു, ആ നേത്രഗോളങ്ങൾ എന്തിനോ വേണ്ടി ചുറ്റിലും പാഞ്ഞു. ആത്മാവും ശരീരവും എന്തെല്ലാമോ ആഗ്രഹിക്കുന്നത് പോലെ. ബുദ്ധിയുടെ ശാസനകളെ മറന്നു പായാൻ ഉള്ളം വെമ്പൽ കൂട്ടി. കൈയ്യിലെ കാപ്പി ആ അരഭിത്തിയിൽ വെച്ച് ഒന്ന് തിരിഞ്ഞു നോക്കി, ചാച്ചൻ ഗാനം നൽകിയ മായികലോകത്താണ്. അവൾ വേഗം പുറത്തേക്കിറങ്ങി.

കാലങ്ങൾക്ക് ശേഷം അവളുടെ മൃദുലമായ കാലുകൾ പച്ചമണ്ണിനെ സ്പർശിച്ചു. നനഞ്ഞ മണ്ണിൽ നിന്നും പടരുന്ന തണുപ്പ് കാൽപാദം മുതൽ തലച്ചോർ വരെ എത്തുന്നതായി അവൾക്കനുഭവപ്പെട്ടു. ആ കണ്ണുകൾ കൂമ്പിയടഞ്ഞു, അവളുടെ ചുണ്ടുകൾ മനോഹരമായി തന്നെ ഒന്ന് പുഞ്ചിരിച്ചു. ഉള്ളിൽ എന്തൊക്കെയോ ഓർമ്മകൾ തിങ്ങിനിറയാൻ വെമ്പൽ കൊള്ളുന്നു, എങ്കിലും അവ വ്യക്തമല്ല. വീണ്ടും അവളുടെ കാലുകൾ മുന്നോട്ട് നീങ്ങി. കല്ലുകൾ അവൾക്ക് തടസമായി തോന്നിയില്ല, മെത്ത വിരിച്ച പാതപോലെ അവളതിനെ കടന്നുപോയി. പറമ്പിന്റെ ഓരോ മൂലയിലും ആ നഗ്ന പാദങ്ങൾ പതിഞ്ഞു. ആ പറമ്പിന്റെ അവസാന ഭാഗത്തുള്ള കാവിലെ പുറ്റിൽ നിന്നും രണ്ട് കരിനാഗങ്ങൾ തലപൊക്കി. പുതുമണ്ണിന്റെ മണം നൽകിയ അനുഭൂതിയിൽ ആൺനാഗം പെൺനാഗത്തെ നോക്കി. പെയ്തൊഴിഞ്ഞ മഴയുടെ സുഖത്തിൽ ആ പറമ്പിലായി അവ ഇണച്ചേർന്നു. തന്റെ പാതിയെ കൊത്തിനോവിച്ചു ആൺനാഗം പെണ്ണിന് മേൽ അധികാരം സ്ഥാപിച്ചു. നിലം കടന്നുപോകവേ അവളുടെ കണ്ണുകളിൽ നാഗസംഗമവും പതിഞ്ഞു. ഏതോ ഒരോർമ്മയിൽ അവൾ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു മുഖം തിരിച്ചു. എന്തോ ഒന്ന് തന്റെ കർണപടത്തെ തുളക്കുന്നത് പോലെ, അത് അമ്മച്ചിയുടെ സ്വരമാണ്. അവളതിനായി കാതോർത്തു. "അതൊന്നും കണ്ടൂടാ പൊന്നൂട്ടി, കണ്ണ് പൊട്ടിപോകും " നാഗങ്ങൾ ഇണചേരുന്നത് നോക്കി നിന്ന കുഞ്ഞുപെണ്ണിന്റെ കണ്ണുകൾ പൊത്തിപിടിച്ചു കൈയ്യിലെടുക്കവേ ആ കാതിലായി അമ്മച്ചി പറഞ്ഞു കൊടുത്തു. കണ്ണിറുക്കിയടച്ചു നിൽക്കുന്ന അവൾക്ക് മുന്നിൽ ദൃശ്യങ്ങൾ തെളിഞ്ഞു വന്നു. വീണ്ടുമത് കേൾക്കാനൊരു കൊതി തോന്നിയവൾക്ക്. ഉള്ളിൽ നിറഞ്ഞ ആ കൊതി താൽക്കാലികമായി അടക്കിയവൾ നാഗങ്ങളെ കടന്നു മുന്നോട്ട് നടന്നു. അവളുടെ പാദങ്ങൾക്കിടയിൽ മഴയിൽ നനഞ്ഞ കരിയിലകൾ ഞെരിഞ്ഞമർന്നു വെള്ളം ശർദിച്ചു.

തൂങ്ങിയാടുന്ന കടും ചുവപ്പും മഞ്ഞയും നിറമുള്ള പറങ്കിമാങ്ങകളിൽ അവളുടെ കണ്ണുകൾ തറച്ചുനിന്നു. മഴ പെയ്തതിന്റെ ഫലമായി അതിൽ വെള്ളം നിറഞ്ഞിട്ടുണ്ടായിരുന്നു. പറങ്കി അണ്ടിയുടെ അറ്റത്തേക്ക് വെള്ളം ഒന്നിച്ചുചേർന്ന് താഴേക്ക് തുള്ളിയായി വീഴുന്നത് അവൾ കൗതുകത്തോടെ നോക്കി. അവളുടെ കണ്ണുകൾ മരത്തിനുചുറ്റും വീണു കിടക്കുന്ന കശുമാങ്ങയിലേക്ക് എത്തി. കാറ്റിന്റെ ഫലമായി അത് അടർന്നു വീണു മഴമൂലം മണ്ണിൽ പുതഞ്ഞിട്ട് ഉണ്ട്. അവളുടെ കണ്ണുകൾ അവയെ പൂർണമായി നോക്കവേ ഒരു കാഴ്ച്ചയിൽ അത് ഉറച്ചു നിന്നു. നിലത്തേക്ക് കുനിഞ്ഞു കശുമാങ്ങയുടെ അണ്ടി ഉരിഞ്ഞെടുക്കുന്ന ഒരു മനുഷ്യൻ, അയാൾക്കൊപ്പം ഒരു കുഞ്ഞുകുട്ടിയും. അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടവൾ നിലത്തേക്ക് കുത്തിയിരുന്ന് മണ്ണ് പുതഞ്ഞ അണ്ടി പെറുക്കി എടുക്കുകയാണ്. അവളുടെ കാലുകൾ യന്ത്രികമായി അവർക്കരികിലേക്ക് ചലിച്ചു. മെല്ലെ ആ കുട്ടിയുടുപ്പുകാരിക്കരുകിലിരുന്നു കശുമാങ്ങ എടുക്കുമ്പോൾ പഴയ ഓർമകളിലേക്ക് ഭാഗികമായിയവൾ കൂപ്പുകുത്തി. ഓരോ മാങ്ങയും പെറുക്കി അണ്ടി ഉരിഞ്ഞു മാറ്റുമ്പോൾ ഒരു നാലു വയസ്സുകാരിയായി സ്വയമറിയാതെ മാറി. പിന്നിലുള്ള കല്ലിൻ മേലേക്ക് ഓരോന്നും പെറുക്കി വെച്ചെഴുന്നേറ്റ അവൾ തനിക്കരുകിൽ ആരുമില്ല എന്ന് മനസിലാക്കി. എങ്കിലും ചുണ്ടിൽ വിരിഞ്ഞ സംതൃപ്തിയുടെ പുഞ്ചിരിയുമായി അവൾ മുന്നോട്ട് നടന്നു. കാലുകൾ മുന്നോട്ട് ചലിക്കുന്നതിലും വേഗത്തിൽ ആ കണ്ണുകൾ പാഞ്ഞു. കണ്ണിൽ പതിയുന്ന ഓരോ മൂലയിലും അവളൊരു നാലുവയസ്സുകാരിയെ കണ്ടു, അവളുടെ കുറുമ്പുകളാസ്വദിച്ചു, ചിലപ്പോഴൊക്കെ അവളുമാ കുറുമ്പ് കാട്ടി. എങ്കിലും മനസ്സ് തൃപ്തമാവുന്നില്ല, എന്തോ ഒന്നിനെ അറിയാനുള്ള ആവേശം ഉള്ളിൽ നിറയുന്ന പോലെ. അവളുടെ കാലുകൾക്ക് വേഗതയേറി.

പണ്ട് കയ്യാല ചാടി കടന്ന ഒരു കുഞ്ഞിന്റെ ഓർമ്മയിൽ അവളും കയ്യാല കടന്നു. മുന്നോട്ട് നടന്ന അവൾക്കുള്ളിൽ എന്തോ ലക്ഷ്യമുള്ളത് പോലെ, പാതകൾ പിന്നിടവേ കാലുകളുടെ വേഗത കുറഞ്ഞു. പതിയെ അവ നിശ്ചലമായി. നിന്നിടത് തന്നെ നിന്നവൾ മുന്നിലേക്ക് നോക്കി. സ്ഥലമാകെ കൈയ്യടക്കി പടർന്നു നിൽക്കുന്ന ഒരു മുത്തശ്ശിമാവ്. അതിന്റെ വലിയ ശാഖകളിൽ നിറയെ മാങ്ങാപ്പഴം. അതിലേക്ക് തന്നെ നോക്കിയവൾ മുന്നോട്ട് നടന്നു, ആ കണ്ണുകൾ മരത്തിലെ മാങ്ങയെ എണ്ണി തിട്ടപ്പെടുത്താനുള്ള പാഴ്ശ്രമത്തിലായിരുന്നു. മുന്നോട്ട് നടന്നവളുടെ മുന്നിലേക്ക് മാവായി ഒരു മാമ്പഴം നൽകി. അവളുടെ കാലുകൾക്ക് മുന്നിലായി അത് തന്റെ സ്ഥാനം ഉറപ്പിച്ചു. അവളുടെ കണ്ണുകൾ വിടർന്നു. മെല്ലെ കുനിഞ്ഞത് സ്വന്തമാക്കുമ്പോൾ മുന്നിലായി ഒരു കുരുന്നും മാമ്പഴം കിട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടുന്നുണ്ടായിരുന്നു. പച്ചയിൽ പടർന്നിരിക്കുന്ന മഞ്ഞയെ എടുത്തുകാട്ടുന്ന മാമ്പഴതോലിലേക്ക് അവളൊന്നു നോക്കി. അതിന്റെ വലുപ്പവും തൊടുമ്പോൾ അകത്തേക്ക് ഞങ്ങിപോകുന്ന പഴുപ്പും അവളിൽ കൊതി ഉണർത്തി. മണ്ണിൽ വീണ മാമ്പഴം എന്ന ചിന്തയില്ലാതവൾ തോലിനെ കടിച്ചു മുറിച്ചു അതിന്റെ ചാറിനെ ചുണ്ടുകൾ കൂട്ടിപിടിച്ചു വലിച്ചെടുത്തു. അവളുടെ കണ്ണുകൾ ഏതോ നിർവൃതിയിൽ അടഞ്ഞുപോയി. ചുണ്ടുകളിലൂടെ നാവിലേക്ക് കടന്ന തേനിന്റെ രുചിയെ അവൾ മതിമറന്നു നുകർന്നു. കുഴമ്പ് രീതിയിലുള്ള ആ പഴച്ചാർ ഇറ്റായി നാവ് വഴി തൊണ്ടയിലൂടെ കടന്നുപോകുന്നതവൾ അറിയുന്നുണ്ടായിരുന്നു. തോലിനെ കടിച്ചു മാറ്റിയവൾ കൊതിമൂലം വേഗമാ മാമ്പഴം ഈമ്പി കഴിച്ചു. കൈയിലൂടെ ഒഴുകുന്ന പഴച്ചാർ പോലും നാവിനാൽ നുണഞ്ഞിറക്കി. എന്നിട്ട് പോലും അവസാനിക്കാത്ത കൊതിമൂലം അവൾ ആ മാവിൻ ചുവട്ടിലായി ഇരുന്നു ഓരോ മാമ്പഴവും പൂർണമായി രുചിച്ചു. പലപ്പോഴും പല്ലിൽ കുരുങ്ങിയ മാങ്ങയുടെ നാരിനെ പുറത്തെടുക്കുവാനായി നാവുമായി ഒരു യുദ്ധം തന്നെ നടത്തി. എന്നിട്ട് പോലും കടുംനിറത്തിൽ തേൻ കിനിയുന്ന മാങ്ങയോടുള്ള കൊതി അവളിൽ നിന്നും വിട്ടുമാറിയില്ല.

മാമ്പഴത്തിന്റെ മനം മയക്കുന്ന ഗന്ധം അവിടെയാകെ നിറഞ്ഞുനിന്നു. ഒപ്പം ആ പഴച്ചാറിൽ അവളുടെ വസ്ത്രമാകെ നിറഞ്ഞു. അതൊന്നും അവളെ ബാധിച്ചിരുന്നില്ല, നിലത്ത് മാങ്ങയില്ലാത്ത വിഷമം നിറഞ്ഞപ്പോൾ കല്ലെടുത്തെറിഞ്ഞവൾ മാങ്ങാ വീഴ്ത്തി. അത്ര നേരം കൊണ്ടവൾ ഒരു നാലുവയസ്സുകാരിയായി പൂർണമായും മാറിയിരുന്നു. അവളുടെ ഉള്ളാകെ ഒരു കുളിർ നിറഞ്ഞു, മനസ്സ് നിറഞ്ഞൊരു പുഞ്ചിരിയോടെയവൾ തന്റെ സഞ്ചാര പാത ഒരു കുഞ്ഞു കാട്ടരുവിയുടെ നേരെ നിശ്ചയിച്ചു. മഴപെയ്തു നല്ല ഒഴുക്കുണ്ടായിരുന്നു അതിന്. അധികം മണ്ണോ ചളിയോ ഇല്ലാത്തതിനാൽ തന്നെ മഴ തോർന്നതും അത് തെളിഞ്ഞു തുടങ്ങിയിരുന്നു. അവൾ ആ അരുവിയിലേക്ക് തന്റെ കാലുകളിട്ട് അവിടെയുള്ള കല്ലിലേക്കിരുന്നു. ആ തണുത്ത വെള്ളം അവളുടെ മനസ്സിനും ശരീരത്തിനും ഒരേപോലെ കുളിരേകി. അവളുടെ കണ്ണുകൾ ആ നീരു നൽകുന്ന സുഖത്തിൽ കൂമ്പിയടഞ്ഞു. സമയം കടന്നുപോകവേ എവിടെ നിന്നൊക്കെയോ കിളികളുടെ ചിലപ്പുയർന്നു കേട്ടു. കാക്കയുടെ അലറി കരയുന്ന ശബ്ദത്തിൽ നിന്നു തന്നെ അത് നാഗസംഗമം കണ്ടിട്ട് ഉണ്ട് എന്ന് ഉറപ്പിക്കാമായിരുന്നു. അവൾ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. വല്ലാത്ത ദാഹം തോന്നുന്നത് പോലെ, അവളാ അരുവിയിലേക്ക് നോട്ടമെയ്തു. പകൽ അച്ചാച്ചൻ അതിൽ നിന്നും വെള്ളം കുടിച്ചപ്പോൾ താൻ അറപ്പോടെ മുഖം തിരിച്ചതവളുടെ കണ്മുന്നിൽ തെളിയുന്നതു പോലെ. അവളാ വെള്ളത്തിലേക്ക് നോക്കി, പിന്നെ അതിനെ കൈക്കുമ്പിളിൽ സ്വന്തമാക്കി ദാഹം ശമിപ്പിക്കുവാനായി വായിലേക്ക് പകർന്നു. വെള്ളത്തിനുപോലും മധുരം!!! അതവളുടെ ചുണ്ടിനെ നനച്ചു നാവിനു തണുപ്പ് പകർന്നു തൊണ്ടക്ക് സുഖമേകി. തന്റെ ശരീരമാകെ കുളിരുന്നതവൾ അറിഞ്ഞു.

പിന്നെയും മുന്നോട്ട്, ലക്ഷ്യങ്ങൾ ഇല്ലായെങ്കിലും ആ മിഴികൾ എന്തോ തേടി നടന്നു. എന്തിനെയോ അവൾ തന്റെ നേത്രങ്ങളാൽ ആത്മാർഥമായി അന്വേഷിച്ചു. കണ്ണുകൾ നാലു ദിക്കിൽ തിരയുമ്പോൾ കാലിലായി ഒരു നീറ്റൽ, എന്തോ കൊണ്ട് കയറിയതുപോലെ. വേഗമവളുടെ കണ്ണുകളിൽ നീര് തളംകെട്ടി. അവളൊരു പിടച്ചിലോടെ അരികിൽ കണ്ട കല്ലിലേക്കിരുന്നു. ഇടങ്കാലിനെ വലംകാലിനുമേൽ അധികാരമേൽപ്പിച്ചു നോക്കിയപ്പോൾ കണ്ടു, ആണിപോലെന്തോ കാലിനെ തുളച്ചിരിക്കുന്നത്. ചുറ്റിലും ചെറുതായി രക്തം പൊടിഞ്ഞിട്ടുണ്ട്. എന്ത് ചെയ്യണമെന്നറിയാതെയവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. ആ പേടമാൻ മിഴികളിൽ കെട്ടിനിന്നിരുന്ന ജലം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ഒഴുകി തുടങ്ങി. പെട്ടെന്ന് മുന്നിൽ നിന്നെന്നപോലെ എരിവ് വലിക്കുന്ന ഒരു സ്വരമവൾ കേട്ടു. ആ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ശബ്ദത്തെ തേടിപ്പാഞ്ഞു. തൊട്ട് മുന്നിലായി ഒരു കുരുന്ന്, അവളുടെ കാലിൽ തന്റേതിൽ പതിഞ്ഞത് പോലെ ഒരു മുള്ളുണ്ട്. എങ്കിലും ആ കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല. അവളൊരു അത്ഭുതത്തോടെ അതിന്റെ ചെയ്തികളെ വീക്ഷിച്ചു. തന്റെ അരികിലായി ഒരു കാലിൽ പിടിച്ചു വന്നിരിക്കുന്ന കുഞ്ഞിന്റെ ഭാവങ്ങളെല്ലാം അവളിൽ കൗതുകമുണർത്തി. ആ കുട്ടി തന്റെ കാലിൽ പതിഞ്ഞ മുള്ളിന്റെ പുറംഭാഗത്തെ കൈകളാൽ തട്ടുന്നു, അത് കണ്ടതും അവളും അതിനെ ഇളക്കി തുടങ്ങി. പിന്നെ പുറത്തേക്ക് വന്ന ഭാഗത്തെ വിരലിനിടയിൽ പിടിച്ചവൾ വലിച്ചു. ' ഔച് ' എന്നോട് ശബ്ദത്തിന്റെ അകമ്പടിയോടെ ഇരുകാലുകളിൽ നിന്നും മുള്ള് ഊരിപ്പോന്നു. അവൾ വേഗം തന്റെ അരികിലേക്ക് നോക്കി, കുട്ടി അവിടെ ഉണ്ടായിരുന്നില്ല. ഏതോ ഒരോർമ്മയിൽ അടുത്തായി നിൽക്കുന്ന പള്ള പറിച്ചവൾ കാലിൽ പുരട്ടി, നീറ്റലിന്റെ സുഖത്തോടെ വേദനക്ക് ശമനം ലഭിച്ചു.

ആദ്യത്തെ നോവ് മാറിയതും അവൾ വേഗം മുന്നോട്ട് നടന്നു. അവളുടെ നേത്രഗോളങ്ങൾ ചുവന്ന ചാമ്പങ്ങകളെയും വലിയ ചക്കയേയും തഴുകിപ്പോയി. നാവിലെന്തിനോ വെള്ളം നിറഞ്ഞു. ഇനിയും എന്തെല്ലാമോ കാണാൻ ഉള്ള ആഗ്രഹത്താൽ കാലുകൾ വേഗത്തിൽ ചലിച്ചു. ഓർമ്മകൾ ചുറ്റും വട്ടമിട്ടു പാറി, അത് നൽകിയ സ്മരണ നോവായി കണ്ണിൽ നിന്നും കവിൾ കടന്നു ചുണ്ടിൽ മരിക്കാനായി ഒഴുകി ഇറങ്ങി. കണ്ണുനീരിന്റെ ഉപ്പുരസം ചുണ്ടിൽ നിന്നും നാവിൽ പടർന്നതും അവളൊരു തളർച്ചയോടെ മണ്ണിലേക്കിരുന്നു. മുത്തു മുത്തായി പൊഴിഞ്ഞു വീഴുന്ന നീർതുള്ളികളിൽ നോട്ടമർപ്പിച്ചവൾ ചുണ്ടുകളെ കൂട്ടിപിടിച്ചു. തന്റെ തേങ്ങലിനെ വീണ്ടും ഉള്ളിലൊതുക്കി സ്വയം നീറുവാനായി അവൾ നിശബ്ദയായി. പെട്ടന്ന് ശക്തിയിൽ ഒരു തുള്ളി വെള്ളം കണ്ണുനീരിനൊപ്പം മണ്ണിലേക്കിറ്റു വീണു. മിഴിനീരിനൊപ്പം മഴനീരും ചേർന്നു. ചാറ്റലായി തുടങ്ങിയ മഴ വേഗം ശക്തി പ്രാപിച്ചു. അതൊരു പേമാരിയായി തീർന്നു. ഒപ്പമവളുടെ കണ്ണുനീരും മുത്തുകളിൽ നിന്നും നദിയായി പരിണമിച്ചു, അതൊരു പൊട്ടിക്കരച്ചിലായി മാറി. മുട്ടിലേക്ക് മുഖമർപ്പിച്ചവൾ തന്റെ കണ്ണുനീരിനും ഒപ്പം തേങ്ങലിനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കണ്ണുനീരിന്റെ ഉപ്പിനെ നാവ് രുചിക്കുമ്പോൾ ആദ്യമായി കേൾക്കുന്ന കരച്ചിൽ ചീളുകൾ ചെവി ശ്രദ്ധാപൂർവം ശ്രവിച്ചു. അലറികരയുകയായിരുന്നവൾ, കാലങ്ങളായി ഉള്ളിലൊതുക്കിയ നോവിനെ പെയ്തു തീർക്കുവാനായി അവൾ അലറി കരഞ്ഞു. ആ കണ്ണുകൾ മഴപോലെ പെയ്തു, ഇടിയുടെ ശബ്ദത്തിന് മേൽ അവൾ അലറി. ജീവിതത്തിലനുഭവിച്ച നീറ്റലിനൊരാശ്വാസമാകുവാൻ പ്രകൃതിയെ കൂട്ടുപിടിച്ചവൾ ഒരു പാറയിലേക്ക് കിടന്നു. ആൺനാഗം പെൺനാഗത്തിന് മേലെ ഇഴഞ്ഞു കയറി, അവളുടെ മൃദുലമായ പുറമേനി അവനിലെ വികാരങ്ങൾ ഉണർത്തി. കൊത്തി നോവിച്ചവൻ അവളിലെ മൃദുല വികാരങ്ങളെ ഉണർത്തി ആഴങ്ങളിൽ അലിയാൻ തുടങ്ങി. ഇരുവരുടെയും സീൽക്കാരമുയർന്നു. ശക്തി പ്രാപിക്കുന്ന മഴയെ വെല്ലുന്ന വന്യതയിൽ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി.

സൂചി കുത്തുന്ന നോവ് നൽകി ഓരോ തുള്ളി വെള്ളവും ശരീരത്തിൽ തട്ടിത്തെറിച്ചു കൊണ്ടിരുന്നു. മഴ വീണ്ടും ശക്തിപ്രാപിച്ചു, അത് തന്റെ ശുദ്ധികലശമാരംഭിച്ചു. അവളെ ശുദ്ധയാക്കുകയായിരുന്നു പ്രകൃതി, മഴ വഴി അവളിലെ അശുദ്ധിയെ അത് ഒഴുക്കി കളഞ്ഞു. നീണ്ട പേടമാൻ മിഴികളിലെ കരിയും നിറവും മഴ തന്റെ ശക്തിയിൽ തടച്ചു കൊടുത്തു, ചോര ഇറ്റ് വീഴാൻ വെമ്പുന്ന ചുണ്ടുകളെ അതിൽ നിന്നും സ്വതന്ത്രമാക്കി. അവളുടെ കാതിൽ നിന്നും നീണ്ട ഫാൻസി കമ്മൽ അപ്രത്യക്ഷമായി, കൈനഖങ്ങൾ തന്റെ നിറം പ്രാപിച്ചു. അവളതൊന്നും അറിഞ്ഞില്ല, പ്രകൃതിക്കൊപ്പം ചേർന്നവൾ തന്റെ ദുഃഖത്തിന്റെ പേമാരിയെ പെയ്തു തീർക്കാൻ ഉള്ള ശ്രമത്തിലായിരുന്നു. സ്വയം ശാന്തമായി എന്ന് തോന്നിയതും അവൾ തന്റെ മിഴികളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പറഞ്ഞയച്ചു. ആ മിഴികൾ ചുവന്നു കലങ്ങിയിരുന്നു. ഒപ്പം മഴയുടെ തീവ്രത അതിന്റെ ചുവപ്പിന് മാറ്റേകി. ആ ഗോളങ്ങൾ വീണ്ടും തനിക്ക് ചുറ്റും പാഞ്ഞു, അത് പ്രകൃതിയെ പൂർണമായി മനസിലാക്കാൻ ഉള്ള ശ്രമത്തിലാണ്. നേരം കടന്നുപോയതും മഴയുടെ ശക്തി കുറഞ്ഞു, എങ്കിലും കാർമേഘത്തിന്റെ സാന്നിധ്യം പെയ്തൊഴിഞ്ഞ മഴക്ക് അടയാളമായി നിലകൊണ്ടു. അവൾ മെല്ലെ വീട്ടിലേക്ക് നടന്നു. തളം കെട്ടിയ ചളിവെള്ളവും, പാമ്പിന്റെ പടവും കടന്ന് മുന്നോട്ട് നീങ്ങി. കയ്യാല മതിലുകൾ അവൾക്ക് തടസമായില്ല, എന്നോ മറന്ന താളത്തിൽ അവളതിനെ കടന്നുപോയി.

"എന്റെ മാതാവേ, നീ ഈ മഴ മുഴുവൻ നനഞ്ഞോടി കൊച്ചേ? പോയി കുളിച്ചേടി " നനഞ്ഞു കുളിച്ചു കയറി വരുന്ന അവളെ കണ്ട് അമ്മ പറഞ്ഞതും ഒന്ന് ചിരിച്ചുകൊണ്ട് പിന്നിലൂടെ കുളിമുറിയിലേക്ക് നടന്നു. അവിടെ ബക്കറ്റിലായി അമ്മ ചൂട് വെള്ളം എടുത്തു വെച്ചിട്ടുണ്ടായിരുന്നു. എന്തോ അതിലൊന്നും തീരെ താൽപര്യം തോന്നിയില്ല. ചൂട് വെള്ളവും ഷോർട് ഡ്രെസ്സും അവഗണിച്ചവൾ വേഗം അമ്മച്ചിയുടെ മുറിയിലേക്കോടി. അവിടെ തനിക്കായി തയ്ച്ചു വെച്ചിരിക്കുന്ന ഇളം നീല ദാവണി എന്തുകൊണ്ടോ അവൾക്കാകർഷണമായി തോന്നി. ദാവണിയും മുറുക്കിയുടുക്കാൻ ഒരു ചേലയുമെടുത്തവൾ പുറത്തേക്കിറങ്ങി. ഏതോ ഒരോർമ്മയിൽ കാലുകൾ തറവാടിന് തെക്ക് വശത്തേക്ക് ചലിച്ചു. തെക്ക് വശത്തായി വലിയൊരു കുളം, ഒരരികിലായി നിറഞ്ഞു നിൽക്കുന്ന ആമ്പൽ. കുളത്തിലേക്കിറങ്ങാനായി വീതിയുള്ള പടികൾ, അവൾ താഴെയുള്ള പടിയിലായി വസ്ത്രം വെച്ചു. നനഞ്ഞു നിൽക്കുന്നതിനാൽ തന്നെ കാറ്റേറ്റ് വിറക്കുന്നുണ്ടായിരുന്നവൾ, എങ്കിലും തണുപ്പിനെ നേരിട്ട് കുഞ്ഞു മീനുകൾ പായുന്ന കുളത്തിലേക്കവളിറങ്ങി. അവസാന പടിയിൽ വരെ വെള്ളവും മീനും ഉണ്ടായിരുന്നു. ആഴമുള്ള കുളത്തിലേക്കിറങ്ങും തോറും ശരീരത്തിലേക്ക് അരിച്ചു കയറുന്ന തണുപ്പ് അതിന്റെ ആഴമളക്കുവാൻ അവളെ പ്രേരിപ്പിച്ചു. ആഴങ്ങളിൽ മുങ്ങി ഉയരുമ്പോൾ അവളിൽ എന്തിനോ വേണ്ടി കുറുമ്പ് നിറഞ്ഞു. നിറയെ വെള്ളമുള്ള കുളത്തിൽ മീനിനെ പോലെയവൾ നീന്തി തുടിച്ചു. നിറഞ്ഞു നിൽക്കുന്ന നീലാമ്പലുകളെ ഉള്ളിൽ നിറഞ്ഞ കൊതിയോടെയവൾ പൊട്ടിച്ചെടുത്തു, ചീറിപ്പാഞ്ഞു നടക്കുന്ന ചെറുമീനുകളെ കൈക്കുമ്പിളിൽ പിടിച്ചെടുത്തു ആസ്വദിക്കാനായി ശ്രമിച്ചു. " പൊന്നുവേ....... " നീട്ടിയുള്ള അമ്മയുടെ വിളി അവളെ തേടിയെത്തിയപ്പോഴാണ് വന്നിട്ട് നേരമധികമായി എന്ന ചിന്ത അവളിൽ വന്നത് തന്നെ. വേഗം കുളത്തിൽ നിന്നും കയറി മറപ്പുരയിൽ ചെന്നു മാറിനു കുറുകെ കെട്ടിയ തുണി മാറ്റി ദാവണി ചുറ്റുമ്പോൾ ചുണ്ടുകൾ എന്നോ പാടി മറന്ന ഗാനത്തിന്റെ ഈരടികൾ മൂളുന്നുണ്ടായിരുന്നു.

കുത്തിപ്പിഴിഞ്ഞെടുത്ത ഉടുത്തു മാറിയ തുണി വിരിക്കുമ്പോഴും നഗ്നമായ പാദങ്ങളാൽ മണ്ണിനെ പുണർന്നു മുന്നോട്ട് നടക്കുമ്പോഴും അവൾക്ക് മുന്നിലൂടെ ഒരു നാലുവയസ്സുകാരി ഓടുന്നുണ്ടായിരുന്നു. അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളം കുളികഴിഞ്ഞതെ ഉള്ളൂ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മുന്നിലൂടെ പാഞ്ഞ കുരുന്നിനെ പിന്തുടർന്ന് അടുക്കളയിലേക്ക് വന്നവളെ എല്ലാവരും മിഴിഞ്ഞ കണ്ണാലെ നോക്കി. എന്നാൽ അവളവരെ സത്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. ചെറുതായി നനഞ്ഞൊട്ടിയ നീലയും മഞ്ഞയും കലർന്ന സിമ്പിൾ ദാവണിയിൽ അവളുടെ സൗന്ദര്യം മാറ്റേകി കാണപ്പെട്ടു. കാലങ്ങൾക്ക് ശേഷം പുഞ്ചിരിക്കുന്ന ചുണ്ടുകളിൽ നിഷ്കളങ്കത നിറഞ്ഞിട്ടുണ്ട്, സദാ കരിപുരണ്ടിരുന്ന കണ്ണുകൾ ഇന്ന് ചായത്തിന്റെ അകമ്പടിയില്ലാതെ തിളങ്ങുന്നു. മുറിച്ചിട്ട് കാറ്റിൽ പറത്തി മാത്രം കാണപ്പെട്ടിരുന്ന മുടിയിഴകൾ വെള്ളത്താൽ ഭാരം നിറഞ്ഞു ഒട്ടി കിടക്കുന്നു. നീണ്ടു മെലിഞ്ഞ ആ കൈവിരലുകൾ എന്തോ തിരഞ്ഞെടുക്കുന്നു, അത് കാണവേ അമ്മച്ചിയുടെ ചുണ്ടുകൾ വിരിഞ്ഞു. മുന്നിലെ കുരുന്നിനെ നോക്കി കൈയ്യിലെടുത്ത രാസനാദി അവൾ നെറുകയിൽ പടർത്തി. അതിന്റെ ഗന്ധം അവിടെയാകെ പരന്നു. ഒപ്പം അവളിൽ നിന്നും ഉയരുന്ന ചന്ദനത്തിന്റെ മണം മറ്റൊരാൾക്ക്‌ ലഹരി പകരുന്ന വിധമായിരുന്നു. അന്ന് അകത്തളം മുഴുവൻ അവളുടെ കാലുകൾ പാഞ്ഞു നടന്നു. ആ കണ്ണുകൾ എല്ലാത്തിനെയം ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു. തന്റെ പഴയ വസ്ത്രങ്ങളും അംഗനവാടിയിൽ പോയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന സ്ലേറ്റുമവൾ വെറുതെ എടുത്തു നോക്കി. മെല്ലെ അതിലായി ഓരോ വരകൾ വീണു, കല്ലുപെൻസിലിന്റെ സഹായത്തോടെ അതൊരു ചിത്രമായി പരിണമിക്കുമ്പോൾ പല്ലിനടിയിൽ പെട്ട് പെൻസിലിന്റെ നീളം കുറഞ്ഞു. പണ്ട് ഒരുപാട് രുചിച്ച രുചി വീണ്ടും അവളുടെ നാവിൽ പടർന്നു.

അന്നവൾ ഒരുപാട് സന്തോഷവതിയായിരുന്നു. അമ്മച്ചിയുടെ ആഭരണപ്പെട്ടിയിൽ നിന്നും ഇഷ്ടമായ ചില ആഭരണങ്ങൾ അവളെടുത്തണിഞ്ഞു. കുഞ്ഞു താരമാലയും, രണ്ട് വളകളും, മുത്തരഞ്ഞാണവും, ജിമ്മിക്കയും നേർത്ത പാദസരവുമെല്ലാം അവളിലേക്ക് ചേക്കേറി. നാഗരികത വിട്ടൊഴിഞ്ഞു ഒരു നാടൻ പെണ്ണായി അവൾക്ക് മാറാൻ മണിക്കൂറുകൾ മാത്രം മതിയായിരുന്നു. അവളുടെ ചലനങ്ങളിൽ പോലും മാറ്റം നിറഞ്ഞു. പുറത്തപ്പോഴും അലച്ചുതല്ലി മഴപെയ്യുണ്ടായിരുന്നു. കാറ്റാഞ്ഞു വീശി, മിന്നലിനൊപ്പം മേഘം ആർത്തട്ടഹസിച്ചു. കണ്ണുകൾ മുറുകെ അടച്ചു തുറന്നവൾ വരാന്തയിലിരുന്നു. മുന്നിൽ മണ്ണെണ്ണ വിളക്ക് എരിഞ്ഞു കത്തി പ്രകാശം പരത്തി. മഴക്കൊപ്പം വിരുന്നെത്തിയ ചില കുഞ്ഞു പ്രാണികൾ ആ ചെറുചിതയിൽ ജീവൻ വെടിഞ്ഞു. കാലങ്ങൾക്ക് ശേഷം അന്നാ നാവിൽ ചെണ്ടൻ കപ്പയും ഉണക്കമീൻ ചുട്ടരച്ച ചമ്മന്തിയും രുചി പകർന്നു. മീനിൽ അരച്ച് ചേർത്ത കാന്താരി മുളകിന്റെ എരിവ് കണ്ണു നിറച്ചപ്പോൾ നാവിൽ കൊതിവെള്ളം നിറഞ്ഞു. അവളാ രുചിയെ വീണ്ടും വീണ്ടും തന്നിലേക്ക് നിറച്ചു. രാത്രി ഉറക്കം കണ്ണിനെ തഴുകുമ്പോൾ അവൾ മനസിലാക്കിയ പല സത്യങ്ങളുമുണ്ട്. സഹോദരങ്ങളെ പോലെ തനിക്കൊരിക്കലും വിദേശി മനോഭാവത്തോടെ തന്റെ നാടിനെ സമീപിക്കാനാവില്ല. അവർക്കെല്ലാം പുതിയതാണ്, ഒരു ഭക്ഷണവും രീതികളും പുതുമയോടെ അവർ ആസ്വദിക്കുമ്പോൾ താൻ തേടിയത് തന്റെ ആത്മാവിനെയാണ്, എന്നോ മറന്ന താളമാണ്. ഓർമകളുടെ കൂമ്പാരം കണ്ണിൽ നിന്നും സ്വതന്ത്രമാക്കിയ മിഴിനീരിനെ നോക്കി ഒരു നെടുവീർപ്പ് ഉതിർത്തവൾ തന്റെ കണ്ണുകൾ ഇറുകെ അടച്ചു പൂട്ടി.

കിഴക്ക് വെള്ളകീറി, കിളികൊഞ്ചൽ ഉയർന്നുകേട്ടു. ഇന്നലെ പെയ്ത മഴയുടെ ബാക്കിപ്പോൾ മണ്ണടിഞ്ഞു ഇലകൾ മറഞ്ഞു കിടന്നു. അവിടെയാകെ ചൂലിന്റെ ശബ്ദമുയർന്നു. അമ്മച്ചിക്കൊപ്പം നടന്നുകൊണ്ട് ചുറ്റും വീക്ഷിക്കുവാണവൾ, ആ മിഴികളിൽ ഇന്നൊരു ഉണർവുണ്ട്. അവളുടെ മുടിയിഴകൾ നനഞ്ഞൊട്ടി കിടപ്പുണ്ട്. അവ അവളുടെ ദാവണി ശീലയെ നനച്ചൊഴുകാൻ ശ്രമിക്കുന്നു. രാവിലെ തന്നെയുള്ള കിളിയുടെ ക്ഷീണമാകാം കടന്നുപോകുന്ന കാറ്റ് അവളെ വിറപ്പിക്കുന്നുണ്ട്. എങ്കിൽ പോലും അതിനെ അവഗണിച്ചവൾ മുന്നോട്ട് നോക്കി. അവിടെ അമ്മച്ചി മുറ്റമടിക്കുകയാണ്. ഓല വെട്ടി ഒരുക്കിയെടുത്ത കുറ്റിച്ചൂലാണ് കൈയ്യിൽ. മണ്ണിൽ പുതഞ്ഞു കിടക്കുന്ന ഇലകളെ അടിച്ചു മാറ്റാനായി അത് അലറികരയുന്നു. എന്തോ അതൊരു സംഗീതം പോലെ, അവളൊരു ചിരിയാലെ മിഴിപൂട്ടിയത് ആസ്വദിച്ചു. എപ്പോഴോ ആ സംഗീതം തന്റെ കൈയ്യാൽ ഒഴുകണം എന്നൊരു ചിന്ത അവളിൽ നിറഞ്ഞു. അമ്മച്ചിയുടെ കൈയ്യിൽ നിന്നും ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വഴക്കിട്ടവൾ ചൂൽ കൈയ്യിൽ വാങ്ങി. എന്നാൽ മണ്ണിനടിയിൽ വിശ്രമിക്കുന്ന കരിയിലകൾ അവളെ കളിയാക്കികൊണ്ട് ചൂലിനെ അവഗണിച്ചു മയങ്ങാൻ തുടങ്ങി. തെന്നി മാറാത്ത കരിയിലകൾ കൊന്നു കളഞ്ഞ ആ കുഞ്ഞു ചുണ്ടിലെ പുഞ്ചിരി വിതുമ്പലായി പുനർജനിച്ചു. അമ്മച്ചിക്ക് നേരെ തിരിഞ്ഞു നിന്നവൾ ചുണ്ട് പിളർത്തി ചിണുങ്ങാൻ തുടങ്ങി. അതുകണ്ടതും ഒരു ചിരിയോടെ അമ്മച്ചി അവൾക്കടുത്തേക്ക് നീങ്ങി നിന്നു. പിന്നെ തന്റെ കൈയ്യിലേക്ക് ചൂൽ വാങ്ങി അവളെയും ചേർത്തുപിടിച്ചു അടിക്കാൻ തുടങ്ങി. സത്യത്തിൽ അവൾക്കതൊരു അത്ഭുതമായിരുന്നു. പണ്ടെങ്ങോ ഒരിക്കൽ അനുഭവിച്ച ആ വാത്സല്യച്ചൂടിലേക്ക് ഒതുങ്ങി നിൽക്കവേ അവളുടെ കണ്ണിൽ നീര് പൊടിഞ്ഞു.

പെട്ടെന്ന് ഉയർന്നു കേട്ട കുഞ്ഞുചിരി അവളെ മുന്നിലേക്ക് നോക്കുവാൻ പ്രേരിപ്പിച്ചു. അവിടെ ഒരു മധ്യവയസ്ക നാലുവയസുകാരിയെ മുറ്റമടിക്കാൻ പഠിപ്പിക്കുവാണ്. ബഹളം വെച്ചു പഠിക്കാൻ തുടങ്ങിയത് ആണെന്ന് ആ കുരുന്ന് മുഖത്തു കാണാം. അവളവരെ നോക്കിപ്പോയി, അവരുടെ സന്തോഷം അവളിലും സന്തോഷം നിറച്ചു. വേഗം തനിക്കരുകിൽ നിൽക്കുന്ന അമ്മച്ചിയെ ഒന്ന് നോക്കി. മുന്നിലുള്ള അതെ വാത്സല്യം ഈ മുഖത്തും ഉണ്ട്, ഒപ്പം നഷ്ടമായത് എന്തോ തിരികെ കിട്ടിയ സന്തോഷവും. അവരുടെ മുഖത്തെ തിളക്കം അവളൊരു ആവേശത്തോടെ ഒപ്പിയെടുത്തു. പെട്ടെന്നുടലെടുത്ത സന്തോഷത്തിന്റെ ഫലമെന്നോണം കൈകൾ ചൂൽ വിട്ട് അമ്മച്ചിയെ ചുറ്റിപ്പിടിച്ചു. ആ മൃദുലമായ ചുണ്ടുകൾ ചുളിവ് വീണു തുടങ്ങിയ കവിളിൽ അമർന്നു, ഒരു പൂവ് പോലെ. അന്ന് മുഴുവൻ അവളൊരു ചിത്രശലഭം പോലെ പറന്നു നടന്നു. അവളുടെ കണ്ണും കാതും മെയ്യുമെല്ലാം പറമ്പിലെ നാനാദിക്കുകളിലേക്ക് ഇറങ്ങിച്ചെന്നു. തിരിച്ചറിവുകളുടെ ലോകം അന്നവൾക്ക് മുന്നിൽ തുറന്നു, സ്വയമൊരു പൊട്ടിയായി മുദ്രകുത്തപ്പെട്ടു. പച്ചമണ്ണ് അവൾക്ക് സോയിലാണ്, ഉപ്പാന്റെ പരുന്തും. അതിന്റെ ചുവന്ന കണ്ണു അവൾക്ക് ഭയമാണ്. ചീരയും തഴുതാമയും അറിയില്ല, കാണുന്ന പലതും മാറിപോകുന്നു. പൊട്ടത്തരങ്ങൾക്ക് മേൽ പൊട്ടത്തരം. ചേനയും, ചേമ്പും, കാച്ചിലുമെല്ലാം പലവട്ടം പറഞ്ഞു കൊടുത്തിട്ടും മനസിലായില്ല. പൊട്ടി എന്ന് സ്വയം പഴിച്ചവൾ നിരാശയായി കാണപ്പെട്ടു. "സാരമില്ല പൊന്നമ്മേ, സ്ഥിരമാകുമ്പോൾ ശരിയാവുമെല്ലാം " വിതുമ്പി കൊണ്ട് കല്ലിലിരിക്കുന്ന അവളുടെ തലയിൽ തഴുകി അച്ചാച്ചൻ പറഞ്ഞതും ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് നടന്നു എങ്കിലും  മുഖം അപ്പോഴും നിരാശയുടെ പടുകുഴിയിൽ തന്നെയായിരുന്നു.

നാളുകൾ കൊഴിയവേ അവൾ ഇണങ്ങി വന്നു എങ്കിലും സംശയം ബാക്കിയായിരുന്നു. അച്ചാച്ചനും അമ്മച്ചിക്കും ഒപ്പം അവൾ ഏത് പണിക്കും ഇറങ്ങി തുടങ്ങിയിരുന്നു. കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളിൽ ആരെക്കാളും ശ്രദ്ധ ചെലുത്തി. ചീര, തഴുതാമ, മത്തയില തുടങ്ങിയവയെല്ലാം ഭക്ഷണമാക്കാൻ പഠിച്ചു. ഫാസ്റ്റ് ഫുഡ് മാത്രം രുചിച്ച നാവിൽ നാടൻ വിഭവങ്ങൾ സ്ഥാനം പിടിച്ചു. കപ്പയും, ചക്കയും, നാടൻ കോഴിയും, ചുട്ടരച്ച മുളക് ചമ്മന്തിയും ഇന്നവളുടെ ഇഷ്ട ഭക്ഷണമായി. ഷാംപൂ ചെയ്ത് വിടർത്തിയിട്ടിരുന്ന മുടിയിഴകൾക്ക് ഇന്ന് കാച്ചെണ്ണയുടെ സുഗന്ധമാണ്. രാവിലെയും വൈകിട്ടുമുള്ള കുളിയിൽ താളി കൂടി ചേരുമ്പോൾ അവയുടെ മൃദുത്വം വല്ലാതെ കൂടി. നിർജീവമായിരുന്ന നിറങ്ങളുടെ മിഴികളിൽ ഇന്ന് പ്ലാവിലയിൽ എണ്ണ തേച്ചു വാട്ടി എടുക്കുന്ന നാടൻ കരി സ്ഥാനം പിടിച്ചു, ലിപ്സ്റ്റിക്ക് ചുവപ്പ് പടർത്തിയ ഇളം കറുപ്പാർന്ന ചുണ്ടുകൾ ഇന്ന് തങ്ങളുടെ സ്വതവേ നിറം സ്വീകരിച്ചു. മൊത്തത്തിൽ അവളാകെ മാറിയിരുന്നു, ആർക്കും വിശ്വസിക്കാനാകാത്ത ഒരു മാറ്റം. "വീട്ടിൽ പോയി ഇച്ചിരി ചാണകം എടുത്തു കൊച്ചേ, പറമ്പിലുള്ള കുഴിയിൽ ഇടണം " ഒരു പാള അവൾക്ക് നൽകി പറഞ്ഞുകൊണ്ട് അച്ചാച്ചൻ മണ്ണ് നികത്തിയിട്ട് തുടങ്ങി. അത് ശ്രദ്ധിച്ചുകൊണ്ട് പാള കൈയ്യിൽ വാങ്ങി തൊഴുത്തിന് താഴെയുള്ള ചാണക കുഴി ലക്ഷ്യമാക്കി അവൾ നടന്നു. " Ugly" കൈകൊണ്ട് അവളത് വാരുന്നത് കണ്ടതും അറപ്പോടെ സഹോദരങ്ങൾ മുഖം തിരിച്ചു. എന്നാൽ അതിനെ ഒന്നും ശ്രദ്ധിക്കാതെ ചാണകവുമായി പറമ്പിൽ എടുത്തിട്ടിരിക്കുന്ന ഓരോ കുഴിയും ലക്ഷ്യമാക്കിയവൾ നടന്നു.

ദിനങ്ങൾക്ക് ഒപ്പം മാസവും കടന്നു, ഇടവപ്പാതി തകർത്തു കൊട്ടിപ്പെയ്തു. പത്തിലക്കൂട്ടം ഇലക്കറിയും, പനിയും കഷായവും ഒക്കെയായി അതും കടന്നുപോയി. അമ്മ ജോലിക്ക് പോയി തുടങ്ങി, അവളുടെ പഠനവും തുടർന്നു. തിരക്കുകൾ പെയ്തിറങ്ങിയപ്പോഴും അവൾ പ്രകൃതിയെ മറന്നില്ല, പറമ്പും വീടും പഠനവും എല്ലാം ഒരേ താളത്തിൽ സ്വീകരിച്ചു. " അമ്മക്ക് മടുത്ത് കുഞ്ഞേ " ചന്ദനവും മഞ്ഞളും ഒപ്പം കറന്നു വെച്ച പശുവിൻ പാലിന്റെ പാട കൂടെ ചേർത്തിളക്കിയ പദാർഥം ദേഹം മുഴുവൻ തേച്ച ശേഷം ഉണങ്ങാനിരിക്കവേയാണ് അമ്മ അത് പറഞ്ഞത്. അത് കേട്ടതും കാര്യം മനസിലാകാതെയവൾ അമ്മയെ മിഴിച്ചു നോക്കി. "നിന്റെ പപ്പക്ക് നമ്മളെക്കാൾ വലുത് നാടും നാട്ടുകാരുമൊക്കെയാണ് " അവളുടെ നോട്ടത്തിന്റെ അർഥം ഗ്രഹിച്ചത് പോലെ അത് പറയുമ്പോൾ ആ മനസ്സ് പിറകിലോട്ട് വെറുതെ ഒന്ന് നോക്കി. പപ്പയോട് മിണ്ടിയിട്ട് നാളുകളായിരിക്കുന്നു,. എപ്പോൾ അന്വേഷിച്ചാലും തിരക്കാണ്, തനിക്കൊന്ന് കാണാൻ പോലും കിട്ടുന്നില്ല. അതിനാൽ തന്നെ അങ്ങനെ ഒരു വ്യക്തിയെ അവളിപ്പോൾ ഓർമിച്ചെടുക്കണ്ട വന്നു. "നിനക്കറിയോ, നിന്റെ പപ്പയുടെ നാട് സേവനം ഒന്നുകൊണ്ടു മാത്രമാണ് നമ്മൾ ഇവിടേക്ക് തിരിച്ചു വന്നത് " നെടുവീർപ്പോടെ പറയുന്ന അമ്മക്ക് മറുപടി നൽകാൻ അറിയാതെ പോയിയവൾ ഒരുപാട് നേരം കുളത്തിലേക്ക് നോട്ടമെയ്തിരുന്നു. താൻ എറിഞ്ഞിടുന്ന കല്ലുകൾ തീർക്കുന്ന ഓളങ്ങൾ അവൾ ശ്രദ്ധിച്ചു, അതിനൊന്നും അവളിലെ സംശയങ്ങളെ ഇല്ലാതെയാക്കാൻ കഴിഞ്ഞില്ല. മെല്ലെ ആ കുളത്തിലേക്ക് ഇറങ്ങുമ്പോൾ അരിച്ചു കയറുന്ന തണുപ്പ് പോലും സത്യത്തിൽ അവളറിഞ്ഞില്ല.

അവിടെ തുടങ്ങുകയായിരുന്നു എല്ലാം, അത്രനാളും കിടപ്പറയിൽ മാത്രം ഒതുങ്ങിയിരുന്ന വഴക്കുകൾ പതിയെ പരസ്യമായി മാറി. അമ്മ നിശബ്ദയാകാൻ ശ്രമിച്ചാലും അതിനനുവദിക്കാതെ പ്രശ്നങ്ങൾക്ക് പപ്പ തിരികൊളുത്തി. ചാറ്റൽ പോലെ തുടങ്ങുന്ന പലവഴക്കുകളും പേമാരിയായി പെയ്തൊഴിഞ്ഞു. വാക് പോരാട്ടങ്ങൾ എപ്പഴോ നിന്നിരുന്നു, പകരമായി ശാരീരിക പീഡനങ്ങൾ. മാനസികമായും ശാരീരികമായും അമ്മ തളർന്നു. എല്ലാത്തിനും ഒരു കാഴ്ചക്കാരിയായി അവളും. പലപ്പോഴും അമ്മക്കൊപ്പം അവളും പങ്കുകാരിയായി തുടങ്ങി. സഹോദരങ്ങളെ അറിയിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കുമ്പോൾ വിഷാദ രോഗം പതിയെ അവളെ അടിമയാക്കി. മുന്നേറുന്ന വഴക്കുകൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ അമ്മ തന്റെ തീരുമാനം അറിയിച്ചു, പിരിയുക. ഇനിയും ഒന്നിച്ചു പോകാൻ അമ്മക്ക് താൽപര്യമില്ലായിരുന്നു. സ്വന്തം ശരീരത്തിലെ മുറിവുകളെക്കാൾ മുന്നിൽ പുഞ്ചിരി തൂകിക്കൊണ്ട് വേദന ഒളിപ്പിക്കുന്നവളാണ് അമ്മയെ തളർത്തിയത്. തുടർന്നും ഈ ദ്രോഹം അനുഭവിപ്പിക്കാൻ തോന്നാത്തതിനാൽ തന്നെ നിയപരമായി മുന്നോട്ട് നീങ്ങി. അവൾക്കൊന്നും അംഗീകരിക്കുവാൻ ആവുന്നുണ്ടായിരുന്നില്ല. കണ്ണിനു ചുറ്റും പടർന്നിരിക്കുന്ന കറുപ്പും, ചുണ്ടിലെ മുറിവും, പാറിപറന്ന മുടിയും അവളുടെ മാനസിക സംഘർഷം വിളിച്ചു പറഞ്ഞു. എല്ലാത്തിനും ആശ്വാസം കിട്ടുവാനായി കുളപ്പടവും മാവിൻചുവടുമായിരുന്നു അവൾ തിരഞ്ഞെടുത്തത്. എന്നാൽ, കാലം തെറ്റി പെയ്യുന്ന മഴ അവളുടെ മുറിവുകളെ കുത്തിനോവിച്ചൊഴുക്കി, ആഞ്ഞു വീശുന്ന കാറ്റ് തണുപ്പ് പകരാതെ ദ്രോഹിച്ചു.അടയുന്ന പീലിക്കണ്ണുകൾ പലപ്പോഴും വെള്ളത്താൽ ഭാരം നിറഞ്ഞവയായിരുന്നു, അതിൽ കുതിർന്നു തലയിണയും. ചിന്തഭാരം തീർത്ത വേലിയിൽ നിന്നു തന്നെ മുന്നോട്ടൊരു തീരുമാനവും അവളെടുത്തു കഴിഞ്ഞിരുന്നു.

അങ്ങനെ മക്കളെ വീതം വെയ്ക്കുന്ന ദിനവും വന്നു ചേർന്നു. കാണാൻ പോലും കിട്ടാറില്ലാത്ത പപ്പയെ ഓർമയിൽ പരതാൻ പോലും ശ്രമിക്കാതെ സഹോദരങ്ങൾ അമ്മയെ തിരഞ്ഞെടുത്തു. കൂലിപ്പണിയെടുത്തും നോക്കും എന്ന് പറയുന്ന അമ്മയെ അവളൊന്ന് നോക്കി, ജീവിതം മുഴുവൻ നായയെക്കാൾ കഷ്ടപ്പെടാനുള്ള ഭാരം ഇപ്പോൾ തന്നെ ആ ചുമലിലുണ്ട്. ഇനി താൻ കൂടെ.... വയ്യ. പപ്പയെക്കുറിച്ച് ആലോചിക്കാൻ പോലും അവൾക്ക് തോന്നിയില്ല. രണ്ട് മക്കൾ ഉപേക്ഷ പറഞ്ഞപ്പോൾ പോലും ഒന്നും തന്നെ ബാധിക്കില്ല എന്ന ഭാവത്തിലുള്ള നിൽപ്പ് തന്നെ അവളിൽ പുച്ഛം നിറച്ചു. "ഞാൻ തനിച്ചു ജീവിച്ചോളാം " ആരുടേയും മറുപടിക്ക് പോലും കാക്കാതെയവൾ അത്രമാത്രം പറഞ്ഞു മുറിയിലേക്ക് പോയിരുന്നു. സത്യത്തിൽ ഇനി ഒരു പറിച്ചുമാറ്റം അവൾക്ക് ആവുമായിരുന്നില്ല. മാറ്റങ്ങളോട് ഇണങ്ങാൻ ആ മനസ്സിനിനി ശക്തിയില്ല. അതിനാൽ തന്നെ അമ്മയുടെ കണ്ണുനീർ അവളെ ബാധിച്ചിരുന്നില്ല, കണ്ണടച്ചിരുട്ടാക്കി കൊണ്ടവൾ അവരെ അവഗണിച്ചു. അമ്മയ്ക്കും കാത്തുനിൽക്കാൻ സമയമില്ലായിരുന്നു. ഉത്തരവാദിത്വം നിറഞ്ഞ ചുമൽ അമ്മയെ ബുദ്ധിമുട്ടിച്ചു തുടങ്ങിയപ്പോൾ അവളെ വാശിക്ക് അയച്ചു സഹോദരങ്ങളുമായി ഹൈദ്രാബാദിലേക്ക് വണ്ടി കയറി. അവൾ തറവാട്ടിൽ തന്നെയായിരുന്നു, ഡിവോഴ്സ് കഴിഞ്ഞതും സ്വാതന്ത്ര്യം ലഭിച്ച കണക്ക് പപ്പ വീട്ടിൽ വരാതെയായി. അതോട് കൂടി അച്ചാച്ചനും അമ്മച്ചിയും അവളുടെ ഉത്തരവാദിത്വമായി. പ്രായവും രോഗവും ഏറിവരുന്നവരെ ചികിൽസിക്കാനും ഭക്ഷണം കൊടുക്കുവാനും അവൾ മാത്രം. ഉത്തരവാദിത്വം പല ജോലികളിലേക്കും തിരിച്ചുവിട്ടു. പശുക്കളും പുറംപണിയും ഒപ്പം പഠനവും. ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടണം എന്ന വാശിയിൽ എല്ലാത്തിനെയും തൃണവൽക്കരിച്ചവൾ പാഞ്ഞു നടന്നു.

ഉറക്കമില്ലാത്ത രാത്രികൾ മിഴിയിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും തല്ലിക്കെടുത്തിയപ്പോൾ അവളൊരു അടിമ കൂടിയായി. എങ്കിലും അവൾ സന്തോഷവതിയായിരുന്നു. ഉറക്കമില്ലാത്ത രാത്രികളെ പകലാക്കിയവൾ കഷ്ടപ്പെട്ടു. ഫീസ് അടക്കാൻ വേണ്ടി മാത്രം തട്ടുകടയിലെ പാചകക്കാരിയായി, വലിയ ബിരിയാണി ചെമ്പ് അവളുടെ നുകമായി മാറി. അവളൊരു നെടുവീർപ്പോടെ മുന്നോട്ട് നോക്കി, വഴി അവസാനിക്കുകയാണ്. ഒറ്റക്കായി പോയിട്ട് ഇന്ന് വർഷങ്ങൾ രണ്ട് പിന്നിടുന്നു. ജീവിതത്തിന്റെ ഒഴുക്കിനിടയിൽ അവളൊരു അനാഥയായി. ഒരു ഇടവപ്പാതിയിൽ മഴ നനഞ്ഞു കയറി വന്നവൾ കണ്ടത് നിലത്തു കിടന്നു പിടയുന്ന അമ്മച്ചിയെയാണ്. എന്ത് ചെയ്യണം എന്നറിയാതെ പകച്ചവൾ അച്ചാച്ചന്റെ ഒച്ചയിൽ ബോധം വീണ്ടെടുത്തു ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക്... നിർജീവമായ മിഴികൾ അന്ന് ചാലിട്ടൊഴുകി, മുന്നിൽ ഒന്നല്ല രണ്ട് ശരീരങ്ങൾ. അമ്മച്ചിയുടെ വേർപാട് താങ്ങാൻ ആവാതെ അച്ചാച്ചനും. ആരെയും അറിയിച്ചില്ല, അറിയിക്കാനും ആരുമില്ലല്ലോ? സെമിത്തേരിയിൽ അടുത്തടുത്തായി ഇരുവരെയും സംസ്കരിക്കുമ്പോൾ വിതുമ്പലടക്കാൻ ശ്രമിച്ചവൾ ബോധം മറഞ്ഞു വീണിരുന്നു. അന്ന് മുതൽ വീണ്ടും ഒറ്റക്ക്, വീട്ടിൽ വരാൻ ഉള്ള താൽപര്യം പോലും നഷ്ടമായവൾ ജീവിതത്തിനായി പോരാടി. എന്നിട്ടും തോൽവികൾ മാത്രം. അവളുടെ കാലുകൾ പതിയെ നിശ്ചലമായി, അവളൊന്ന് തിരിഞ്ഞു നോക്കി. പച്ചപ്പില്ല, വന്ന വഴികൾ വരണ്ടുണങ്ങി കിടക്കുന്നു. ഒരറ്റം മുതൽ തുടങ്ങിയ പ്രകൃതിഭോഗം തനിക്കരുകിലേക്ക് എത്തിപ്പെടാൻ ഇനി നാഴികകൾ മാത്രം. ഓരോ പടക്കൂറ്റൻ വൃക്ഷത്തെയും ചോടെ നശിപ്പിച്ചു സംഹാര രുദ്രയായി ആരോ എല്ലാം കവരുന്നു. മരത്തെ കീറിമുറിക്കുന്ന കോടാലിക്കും അവളെ നോക്കുന്ന കണ്ണുകൾക്കും ഒരേ തിളക്കം, അത് ആർത്തിപ്പൂണ്ട് പാഞ്ഞു നടക്കുന്നു. അവളൊരു പിടപ്പോടെ തന്റെ വലം വശത്തേക്ക് വെറുതെ നോട്ടം പായിച്ചു. കണ്ണുകളിൽ എന്തോ കുരുങ്ങി, അതൊരു കല്ലറയാണ്. ആർക്കോ വേണ്ടി, ആരോ ഒരുക്കിയ കല്ലറ. ഒരു പുതിയ ഒന്ന്. എന്തിനോ ഉള്ളം ദാഹിച്ചു, അതിനരികിലേക്ക് പായാൻ ഉള്ളം മുറവിളി കൂട്ടുന്നു. പിന്നിൽ ഉയർന്നു കേൾക്കുന്ന പ്രകൃതിയുടെ നിലവിളി ശബ്ദം അവളുടെ ഉള്ളിൽ കല്ലറയെ പ്രണയിക്കാൻ മോഹം നിറച്ചു. അവളൊന്ന് തിരിഞ്ഞു നോക്കി, വൈകും തോറും എരിഞ്ഞു നശിക്കാൻ ഉള്ള സാധ്യത കൂടുന്നു. അവളുടെ ചുണ്ടുകൾ വേദനയോടെ എന്തോ മെല്ലെ മൊഴിഞ്ഞു. അതവൾ തന്റെ പ്രാണനായി കുറിച്ച വരികളായിരുന്നു.

ശരീരമല്ല മറിച്ചു മനസ്സാണ് നോവുന്നത്. എവിടെയോ എന്തെല്ലാമോ നഷ്ടമായ ഒരു തോന്നൽ. ജീവിതം പോലും നൂലിഴ ബന്ധത്തിൽ നഷ്ടമാകാൻ വെമ്പുന്നത് പോലെ. എന്തൊക്കെയോ ഭാഗികമായി നഷ്ടമായ ഒരു തോൽവിയാണ് ഞാൻ. എന്നോ നാവിൽ വെച്ചു രുചിച്ച മാമ്പഴത്തിന്റെ രുചി വീണ്ടുമറിയാനൊരാഗ്രഹം ഉള്ളിലൊളുപ്പിക്കുന്ന ജീവിതമാണിത്. കാലം കാത്തുവെച്ച നോവിന്റെ അവശേഷിപ്പാണ് ഈ ഒറ്റപ്പെടൽ. നീ അറിഞ്ഞ മനസ്സിൽ ഇനിയും നിറഞ്ഞു നിൽക്കുന്ന നോവുകൾ നിന്നോടുള്ള എന്റെ പരിഭവമാണ്. ഞാൻ ഏകാന്തയായി പിന്നിട്ട നിൻ വഴികളിൽ എനിക്കാശ്വാസമായി മാറിയ പലതും ഇന്നില്ലായ്കയായി. നിന്നെ ഞാൻ ഏൽപ്പിച്ച പലതും നീ സംരക്ഷിച്ചില്ല. എന്റെ നോവുകൾക്കാശ്വസമായി മാറിയ നിന്നെ ഇന്നാരല്ലാമോ നശിപ്പിക്കുകയാണ്. ഞാനെന്ന ഒന്നിനെ ഇല്ലാതെയാക്കാൻ നീ ഇല്ലാതായാൽ മാത്രം മതി. ഇന്നി അക്ഷരക്കൂട്ടങ്ങൾ പോലെ എന്നെ മടുപ്പിക്കുന്നു. നീ ഇല്ലാതെയാകുകയാണ്, ഓരോ ഭാഗവും നശിച്ചു നശിച്ചു നീ ഇല്ലാതെയാകുന്നു. അതിലൊരു ഭാഗമായി ഞാനും  മായും. എന്റെ ഓർമ്മക്കായി പോലും ഒന്നും അവശേഷിപ്പിക്കാതെ ഞാനും നിന്നിലേക്ക് ചേരും. ഞാൻ ജനിച്ച അന്ന് മുതൽ കൂടെയുള്ള നിന്നിലേക്ക് അവസാന നിമിഷവും ഞാൻ അലിയും. ഞാനെന്നും നിനക്കുള്ളതാണ്. അവളുടെ നേത്രങ്ങൾ എന്തിനോ മുന്നിലേക്ക് പാഞ്ഞു, അവിടെ അവ എന്തോ കണ്ടെത്തി. അവൾക്ക് മുന്നിലായൊരുവൾ, അതൊരിക്കലും ഒരു നാലുവയസ്സുകാരിയല്ല. അവർക്ക് പക്വത നിറഞ്ഞ ഒരു മുഖമാണ്, തന്റെതിനോട് സാമ്യതയുള്ള ഛായ. അവൾ അവരെ ഒന്ന് നോക്കി, ആ ചുണ്ടുകളിൽ വിജയിച്ചതിന്റെ ഒരു പുഞ്ചിരിയുണ്ട്, കണ്ണുകളിൽ ആത്മവിശ്വാസമുണ്ട്. ഞാൻ നീയാണ്, എന്നെ നശിപ്പിക്കരുത് എന്ന് അവർ പറയുന്നതുപോലെ. എവിടെയോ ഒരു വിശ്വാസത്തിന്റെ നാമ്പ് കിളർത്തുവോ, അവളിലും പുഞ്ചിരി. പരാജയങ്ങൾ ഉണ്ടായാലും ശ്രെമിച്ചാൽ വിജയം ഉണ്ടാവും, നശിപ്പിക്കാൻ എളുപ്പമാണ് വീണ്ടു കിട്ടാനാണ് കഷ്ടപ്പാട്. ഉള്ളിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ അവൾ തന്റെ വലതുവശത്തേക്ക് നോക്കി, അവിടെ ആ കല്ലറ ഉണ്ടായിരുന്നില്ല. അത് തനിക്കുള്ളതല്ലായിരുന്നു, മാറ്റാർക്കോ വേണ്ടി തയാറാക്കപ്പെട്ട ഒന്നാണ് അത്. തിരിച്ചറിന്റെ മറ്റൊരു ലോകം കൂടെ തുറക്കപ്പെട്ടു, അതിനെ ആശ്ലെഷിക്കുമ്പോൾ ഉള്ളിൽ നിറഞ്ഞത് ശുഭപ്രതീക്ഷയായിരുന്നു. മുന്നിലേക്കുള്ളത് തന്റെ വിജയമാണ് എന്നുള്ള മരണമില്ലാത്ത പ്രതീക്ഷ. അവളൊന്ന് തിരിഞ്ഞു നോക്കി. പിന്നെ പതിയെ മന്ത്രിച്ചു, നേരമായില്ല കാലമേ, നിനക്ക് പിഴുതെറിയാൻ പലതും ഇനിയുമുണ്ട്. എന്റെ സമയം ആഗതമാവുന്നതേ ഉള്ളൂ....

Content Summary: Malayalam Short Story ' Sparsam ' written by Nila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com