ADVERTISEMENT

കുമ്പസാരക്കൂടുകൾ കള്ളം പറയാറില്ല (കഥ)

അന്ന് ഒരീസ്റ്ററിന്റെ തലേരാത്രി. ഞാനവസാനമായി പള്ളിയിൽ പോയ ദിവസം. വല്യമ്മച്ചിയുടെ നിർബന്ധം സഹിക്കാൻ കഴിയാതെ സന്ധ്യമയങ്ങിയ നേരത്ത് ഞാനും വല്യമ്മച്ചിയും കൂടി പള്ളിയിലെത്തി. അവിടെയെത്തിയപ്പോൾ ഞാൻ കുമ്പസരിച്ചേ തീരൂ എന്ന നിർബന്ധമായി. എനിക്കൊട്ടും താൽപര്യമില്ലാഞ്ഞിട്ടും അന്നതു ചെയ്യണ്ടി വന്നു. എന്നിലെ നാട്യക്കാരിക്ക് കുമ്പസാരക്കൂട്ടിനുള്ളിൽ കയറാനുള്ള യാതൊരു യോഗ്യതയുമില്ലായിരുന്നു. തിരുവസ്ത്രത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തിയതിന്റെ മനോവിഷമം എന്നെ വല്ലാണ്ട് അലോസരപ്പെടുത്തി. മങ്ങിയ കാഴ്ചയിൽ ഇരുൾമൂടിയ കണ്ണുകൾ പല സത്യങ്ങളെയും മറന്നു. ഭയം കൊണ്ട് പലതും പറഞ്ഞില്ല. എന്റെ കുമ്പസാരം അങ്ങനെയായതിനു പിന്നിൽ എന്തായിരിക്കുമെന്നല്ലേ? അന്നെനിക്കെന്നെ തുറന്നുകാട്ടാൻ കഴിയുമായിരുന്നില്ല.. ഞാനെന്നെ തുറന്നു കാട്ടുമ്പോൾ പലരുടേയും നേരിന്റെവഴി ചികയേണ്ടിവരും. അപ്പോൾ നാട്ടുപ്രമാണിമാരിൽ ചിലരുടെയെങ്കിലും നിഴൽചിത്രങ്ങൾ അഴിഞ്ഞുവീഴും. മാത്രമല്ല എല്ലാം തുറന്നു പറഞ്ഞാൽ അച്ചനത് മറ്റാരോടെങ്കിലും പറഞ്ഞാലോ എന്ന ഭയം എന്റെ  മനസ്സിനെ പേടിപ്പിച്ചിരുന്നു. കുമ്പസാരരഹസ്യം അച്ചന്മാരിൽ ഭദ്രമാണെന്നാണ് വിശ്വാസം.പക്ഷേ എനിക്കച്ചനെയെന്നല്ല ആരെയും വിശ്വസിക്കാൻ പറ്റാതിരുന്ന ആ കാലത്ത് അങ്ങനെയൊരു കുമ്പസാരം വെറുമൊരു നാട്യം മാത്രമായിരുന്നു. പിന്നീടിന്നുവരെ ഞാൻ കുമ്പസരിച്ചിട്ടില്ല. പള്ളി പരിസരത്തെങ്ങും പോയിട്ടേയില്ല. കർത്താവിന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ഇല്ലാത്ത ഞാനെന്തിനു കുമ്പസരിക്കണം വിശുദ്ധ അൾത്താര എനിക്കന്നു മുതൽ തീണ്ടാപ്പാടകലെയായി. ഇന്നെനിക്കു കുമ്പസരിക്കണം. ഇനിയൊരുപക്ഷേ ഇങ്ങനെയൊരു കുമ്പസാരമോ കുമ്പസാരക്കൂടോ എന്റെ ജീവിതത്തിലുണ്ടാവില്ല. ഞാനെന്തായിരുന്നെന്ന് ഒരാളെങ്കിലും അറിയണം. എനിക്കൊന്നു ജീവിക്കണം. പശ്ചാത്താപവും കുറ്റബോധവും കാരണം നീറുന്നൊരു മനസുമായി ഇനിയും വയ്യ. പാപം ചെയ്യാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ എന്നെ കല്ലെറിഞ്ഞോട്ടെ. എത്രയോ സത്യങ്ങൾ വിളിച്ചു പറയാനാവാതെ കുമ്പസാരക്കൂടുകൾ പലപ്പോഴും മൗനം പാലിക്കുകയാവും. അച്ചന്റെ ചെവിയിൽ നമ്മളോതുന്ന പശ്ചാത്താപങ്ങൾ അച്ചനെക്കാളും കൂടുതൽ വീർപ്പുമുട്ടിക്കുന്നത് കുമ്പസാരക്കൂടുകളുടെ ചുവരുകളെയായിരിക്കും. ആ ചുവരുകൾ ഇനി എന്റെ കഥ കൂടി കേട്ടു മൗനം പാലിക്കട്ടെ.

ഞാൻ തെരേസ മാർഗ്രറ്റ് ലോറൻസ്. 'ട്രീസക്കൊച്ചേ ' എന്ന് മുൻപാരൊക്കെയോ എന്നെ വിളിക്കാറുണ്ടായിരുന്നു. ഇന്ന് വിളിപ്പേരുകൾ ഒന്നുമില്ലാതായി. ഇന്നെന്റെ പേര് എനിക്കപരിചിതമായി. കുറഞ്ഞ കാലയളവുകൊണ്ട് ഞാനെന്നെത്തന്നെ മറന്നു. ആഡംബരകാറുകൾ എന്റെ യാത്രാപഥങ്ങളായി. നക്ഷത്ര ഹോട്ടലുകളിലെ മുറികളുടെ ചുവരുകൾ എന്റെ രാത്രികളുടെ വിലയറിഞ്ഞു. പലരുടെ കണ്ണീരും ചിലരുടെ ചിരിയും അന്നു ഞാൻ കണ്ടില്ല. ഇന്നിപ്പോ അന്നു ചിരിച്ചവരേയും കരഞ്ഞവരേയും കണ്ടാൽ തിരിച്ചറിയാതെ ആയി. പച്ചപ്പുകൾ തേടിയുള്ള യാത്രകളായിരുന്നു. ഉപദേശങ്ങളുടെ കുറവാണോ കൂടുതലാണോ ഞാനിങ്ങനെ ആയതെന്നറിയില്ല. ചിന്തകളുടെ ഭാരം മനസിനെ വല്ലാണ്ട് അലട്ടാൻ തുടങ്ങി. എന്നിലേക്കൊരു തിരിഞ്ഞുനോട്ടം അനിവാര്യമായപ്പോൾ കുറച്ച് പിന്നോട്ടു സഞ്ചരിച്ചാലോ എന്നു തോന്നി. ആ യാത്ര തുടങ്ങുമ്പോൾ എനിക്കെത്ര വയസുണ്ടാവുമെന്നറിയില്ല. ഏറിയാൽ ഒരൊൻപത് അല്ലെങ്കിൽ പത്ത്. ഞാനന്നു കുട്ടിയായിരുന്നു. വല്യ പപ്പയും വല്യ മമ്മിയുമൊക്കെ സ്നേഹത്തോടെ പലപ്പോഴുമെന്നെ മടിയിലിരുത്തും. അതിലാരും ഒരു തെറ്റും കണ്ടില്ല. വാത്സല്യത്തോടെ അതിലേറെ സ്നേഹത്തോടെ പലപ്പോഴും വല്യ പപ്പ എന്നെ മടിയിൽ പിടിച്ചിരുത്തി. എന്റെ പപ്പയേക്കായിലും കൂടുതൽ സ്നേഹം വല്യ പപ്പയ്ക്കാണെന്നുവരെ അന്നെനിക്കു തോന്നിയിട്ടുണ്ട്. പലപ്പോഴും മമ്മി പറയും ചേട്ടനും ചേച്ചിക്കും പെൺമക്കളില്ലാത്തതുകൊണ്ട് ട്രീസ കൊച്ചവരുടെ മകളാണെന്ന്..

ഒരു ക്രിസ്തുമസ് തലേരാത്രിയിലായിരുന്നു വല്യപ്പസ്നേഹത്തോടെ 'ട്രീസക്കൊച്ചേ' എന്നു നീട്ടി വിളിച്ചത്. വിളികേട്ടതും ഞാനോടിച്ചെന്ന് വല്യ പപ്പയുടെ മടിയിലിരുന്നു. അപ്പോഴെന്നെ സ്നേഹത്തോടെ  കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ മദ്യത്തിന്റെ വൃത്തികെട്ടഗന്ധം വല്യ പപ്പയിൽ നിന്നെന്നിലേക്കും പടർന്നു. പക്ഷേ വല്യപപ്പയുടെ മടിയിലിരുന്ന എന്നെ വല്യ പപ്പ കണ്ടത് കേവലമൊരു പുരുഷന്റെ കണ്ണിലൂടെയായിരന്നു. അസാധാരണമായ ആ പെരുമാറ്റം എന്നെ വല്ലാതെ പേടിപ്പിച്ചു. കുട്ടിയായിരുന്ന എന്റെ മനസിലേക്ക് അദ്ദേഹത്തിന്റെ കാമകേളികൾ ഭയത്തിന്റെ വിത്തുപാകി. എണീറ്റോടാൻ ശ്രമിച്ച എന്നെ ആ ബലിഷ്ടമായ കൈകൾ കൊണ്ട് വരിഞ്ഞുമുറുക്കാൻ ശ്രമിച്ചു. ഞാൻ പേടിച്ചലറി. ഭയം കൊണ്ടെന്റെ ശബ്ദം പുറത്തേക്കു വന്നില്ല. എങ്ങനെയൊക്കെയോ വല്യപപ്പയുടെ കൈയും മുഖവുംതട്ടി മാറ്റി ഞാൻ പുറത്തേക്കോടി. എത്ര ഓർത്തിട്ടും അന്നത്തെ ആ ഭയം എന്നിൽ നിന്നു വിട്ടുമാറിയില്ല. വല്യ പപ്പയാണോ എന്റെ ഭയമാണോ എന്നെ തളർത്തിയതെന്ന് പലവട്ടം ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. ആരോടെങ്കിലും പറഞ്ഞാലോ എന്നു  ചിന്തിച്ചതാ. എന്നിലെ ഭയം അതിൽനിന്നെന്നെ പിന്തിരിപ്പിച്ചു. പത്തു വയസുള്ള എല്ലാവരും കുട്ടിയെന്നു മാത്രം കരുതുന്ന ഞാനെന്താണ് വല്യ പപ്പയെ കുറിച്ചു പറയേണ്ടത്. അല്ലെങ്കിൽ തന്നെ എല്ലാവരും ബഹുമാനത്തോടെ കാണുന്ന വല്യ പപ്പയെ കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വല്യ പപ്പ എന്നോടു മാത്രമാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? അതോ റീന ചേച്ചിയോടും പൗളി ചേച്ചിയോടുമൊക്കെ ഇങ്ങനെ ചെയ്യാറുണ്ടോ? അവരോടൊന്നു ചോദിച്ചാലോ? എന്നിലെ അന്തർലീനത്വം എന്നെക്കൊണ്ടാരോടുമൊന്നും ചോദിപ്പിച്ചില്ല. അവരെയൊക്കെ അടുത്തു കാണുമ്പോൾ ഞാനെന്നിലേക്കു തന്നെ ഉൾവലിയാൻ ശ്രമിച്ചു. പക്ഷേ എന്റെ പ്രായം എന്റെ പേടി ഇതു രണ്ടുമായിരുന്നു എനിക്കെല്ലാത്തിനും തടസമായത്.

മാസങ്ങൾ പലതും കടന്നു പോയി. എന്നിലെ എന്നെ ആരും മനസിലാക്കിയില്ല. എനിക്കെന്താ സംഭവിക്കുന്നതെന്നു മമ്മി പോലുമറിഞ്ഞില്ല. ഗ്രേസാന്റിയുടെ വീട്ടിൽ  ട്യൂഷൻ പഠിക്കാൻ പോകുന്നതിനിടെ കുറച്ചു സമയം ചിലപ്പോഴൊക്കെ ഞങ്ങളെല്ലാവരുമൊത്ത് കളിക്കാൻ പോകും  മുത്തശ്ശിപ്ലാവിന്റെ ചുവട്ടിൽ ഒത്തുകൂടി സാറ്റുകളിക്കാൻ തീരുമാനിച്ചു. ഷീനയാണ് അന്ന് എണ്ണാൻ നിന്നത്. ഞാനൊളിക്കാനായി തൊട്ടടുത്ത മണിയനപ്പാപ്പന്റെ വീട്ടിലെ മറവേലിക്കുള്ളിൽ കയറി. പക്ഷേ ഞാനറിയാതെ അവിടത്തെ സാന്റി അച്ചാച്ചൻ എനിക്കും മുന്നേ അവിടെ ഒളിച്ചിരുന്നത് ഞാനറിഞ്ഞിരുന്നില്ല. ഓടിവന്ന എന്നെ അച്ചാച്ചൻ കടന്നുപിടിച്ചത് പെട്ടെന്നായിരുന്നു.. എന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി എന്റെ വായ പൊത്തിപ്പിടിച്ചു. അച്ചാച്ചനും അന്നു വല്യ പപ്പ ചെയ്തപോലെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്തു. എന്നെ ഒത്തിരി ഇഷ്ടമാണ് ആർക്കും വിട്ടുകൊടുക്കില്ല എന്നു പിറുപിറുക്കുന്നതു കേൾക്കാമായിരുന്നു. അന്നും ഭയം കൊണ്ട് എനിക്കാരോടും ഇതേക്കുറിച്ചു പറയാൻ കഴിഞ്ഞില്ല. ഞാനൊരു കുട്ടി ആയതുകൊണ്ടും എന്റെ അറിവില്ലായ്മകൊണ്ടും അവർ ചെയ്യുന്നതെന്താണെന്നോ എന്തിനാണെന്നോ എനിക്കന്ന് മനസ്സിലാക്കുവാനും കഴിഞ്ഞില്ല. സാന്റിച്ചാച്ചൻ ഉമ്മ വെയ്ക്കുന്നതുപോലെ എന്റെ ദേഹത്തെവിടെയൊക്കെയോ കടിക്കുകയും മുറിക്കുകയും ചെയ്തു. എല്ലാവരും കളികഴിഞ്ഞ് ഗ്രേസാന്റിയുടെ ട്യൂഷൻക്ലാസിലെത്തിയെങ്കിലും എനിക്കവിടെ എത്താൻ കഴിഞ്ഞില്ല. എന്നെ ആരും അന്വേഷിച്ചതുമില്ല. ഏറെ വൈകിയാണ് ഞാൻ വീട്ടിലെത്തിയത്. എന്റെ ചുണ്ടുകളും ദേഹവുമൊക്കെ എവിടെയൊക്കെയോ അപ്പോഴും വല്ലാതെ നീറുന്നുണ്ടായിരുന്നു. കുളിമുറിയിൽ കയറി  കുറേ നേരം ആരുമറിയാതെ കരഞ്ഞു. വല്യപപ്പയും സാന്റിച്ചായനും എന്റെ ഭയത്തെ മാറി മാറി ചൂഷണം ചെയ്തുകൊണ്ടിരുന്നു. 

ഒരിക്കൽ സാന്റിച്ചായനെന്നെ കെട്ടിപ്പിടിച്ചുനിൽക്കുന്നതു വല്യ പപ്പ കണ്ടു അതൊരു വലിയ പ്രശ്നമാക്കി. കണ്ട കാഴ്ച  ഒട്ടും സഹിക്കാൻ പറ്റാതെ വായും ബഹളവും വച്ചു. വീട്ടിലെല്ലാവരെയും അറിയിച്ചു. "വയസറിയിക്കാത്ത പെണ്ണിനെ നശിപ്പിച്ച നിനക്ക് അമ്മയും പെങ്ങന്മാരുമില്ലേയെന്ന് ചോദിച്ചായിരുന്നു വല്യപ്പ സാന്റിച്ചാച്ചനോട് ആക്രോശിച്ചത്. വല്യ പപ്പ ദേഷ്യം തീരുവോളം തലങ്ങും വിലങ്ങും തല്ലിയെങ്കിലും ഒന്നും മിണ്ടാതെ സാൻറിച്ചാച്ചൻ അതെല്ലാം നിന്നുകൊണ്ടു. വല്യ പപ്പയും പപ്പയും മമ്മിയുമൊക്കെ ഓരോരുത്തരുടെ ഊഴമനുസരിച്ച് എന്നെയും തല്ലി. വല്യപപ്പ നല്ലൊരു നടനായപ്പോഴേക്കും ഞാനൊരു ചതഞ്ഞ മാംസപിണ്ഡമായി. സാന്റിച്ചാച്ചൻ അതോടു കൂടി നാടുവിട്ടു. പക്ഷേ വയസറിയിക്കാത്ത പെണ്ണിനെ പലവട്ടം ആരുമറിയാതെ വല്യ പപ്പ വീണ്ടും ഉപദ്രവിച്ചുകൊണ്ടിരുന്നത് മാത്രം അറിയാൻ ഞങ്ങളുടെ വീട്ടിൽ ആരുമുണ്ടായില്ല. വല്യപപ്പയുടെ കാര്യങ്ങൾ നോക്കാനെന്ന രീതിയിലായിരുന്നു വല്യ പപ്പ എന്നെ പലപ്പോഴും മുറിയിലേക്കു വിളിച്ചിരുന്നത്. അവിടെ വച്ച്  വല്യപപ്പ പ്രായം മറന്നൊരു പുരുഷനായി ഞാനൊരു വല്യ പെണ്ണായിന്നു പറഞ്ഞ് എന്നെ എന്തൊക്കെയോ ചെയ്തു. ഇതിനിടയിലെപ്പോഴോ ഞാൻ വയസറിയിച്ചു. വയസറിയിച്ചെങ്കിലും അതൊന്നും വല്യ പപ്പയെ തളർത്തിയില്ല. എന്റെ മോഹങ്ങളും സ്വപ്നങ്ങളും ചവിട്ടിയരച്ചു വല്യ പപ്പ വയസാംകാലത്തും അയാളുടെ കാമനകൾ തുടർന്നു കൊണ്ടേയിരുന്നു. കീ കൊടുത്താൽ ചലിക്കുന്ന ഒരു കളിപ്പാവ മാത്രമായിരുന്നു ഞാനന്ന്. എന്റെ ശരീരത്തിനേക്കായിലും വല്യ പപ്പ ചൂഷണം ചെയ്തത് എന്റെ മനസിനെ ആയിരുന്നു. എന്റെ പേടിയെ എന്റെ ദൗർബല്യമാക്കാൻ അയാൾക്കു നിഷ്പ്രയാസം കഴിഞ്ഞു. പിന്നീട് എല്ലാവരോടും എല്ലാം പറയുമെന്നു പറഞ്ഞ് അയാൾ തന്നെ എന്നെ പേടിപ്പിച്ചു. എന്റെ നോട്ടം ഒരു വേശ്യയുടേതാണെന്ന് ആദ്യം എന്നോടു പറഞ്ഞതയാളായിരുന്നു. അന്നു മുതൽ ഒരു വേശ്യ ആയാൽ മതിയെന്ന  ആഗ്രഹം എന്റെ മനസിൽ ഉരുവം കൊണ്ടു. കണ്ണാടിയുടെ മുന്നിൽ പല രീതിയിൽ ഞാനെന്നെ നോക്കി എന്നിലെ വേശ്യയുടെ നോട്ടം കാണാൻ. പന്ത്രണ്ടു വയസിൽ വേശ്യ ആവാൻ മോഹിച്ചൊരു പെണ്ണ് ഈ ലോകത്ത് ഞാൻ മാത്രമായിരിക്കും. 

വർഷങ്ങൾ, മാസങ്ങൾ, ദിവസങ്ങൾ കടന്നു പോയപ്പോഴേക്കും എല്ലാം തികഞ്ഞൊരു വേശ്യ ആയി ഞാൻ. പക്ഷേ എന്നിലെ വേശ്യയെ കണ്ടെത്താൻ വേണ്ടി ഞാൻ സഞ്ചരിച്ച വഴികളിൽ എനിക്കു കൂട്ടായി പലരും വന്നു. പല മുഖങ്ങൾ ഓർമ്മകൾക്കു കൂട്ടായെങ്കിലും വല്യ പപ്പയുടെയും സാന്റിച്ചാച്ചന്റേയും മുഖം ഞാനൊരിക്കലും മറന്നിരുന്നില്ല. ഇന്നാണ് സാന്റിച്ചാച്ചനെ ഞാൻ വീണ്ടും കണ്ടത്. ഏതോ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥനാണിപ്പോൾ. ആരോ സാന്റിച്ചാച്ചനെ സന്തോഷിപ്പിക്കാനായി കണ്ടെത്തിയതായിരുന്നു എന്നെ. ഒറ്റ നോട്ടത്തിൽ എനിക്കാളെ മനസിലായെങ്കിലും അയാൾക്ക് എന്നെ മനസിലായില്ലായിരുന്നു. അന്നാദ്യമായി എന്നെത്തേടി വന്നൊരു  പുരുഷനെന്നോട് സംസാരിച്ചു. അപ്പോഴാണ് കുട്ടിക്കാലത്ത് അയാൾക്കു കിട്ടിയ ശിക്ഷാവിധിയെക്കുറിച്ചും അയാൾ സ്നേഹിച്ചിരുന്ന  പെൺകുട്ടിയേക്കുറിച്ചുമൊക്കെ എന്നോടു പറഞ്ഞത്. ആ പെൺകുട്ടിക്കു ശേഷം അയാൾ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയെ തേടിയിട്ടില്ലെന്നും ഇന്നും അയാൾക്ക് അങ്ങനെയൊരു ആവശ്യമില്ലെന്നും ഇങ്ങനെ അയാളെ സന്തോഷിപ്പിക്കാമെന്നു കരുതിയവർക്കു തെറ്റിയെന്നും പറഞ്ഞ് കണക്കു പറയാതെ കുറച്ചധികം നോട്ടുകൾ എന്റെ കൈയിൽ വച്ചിട്ട് സാന്റിച്ചാച്ചൻ പുറത്തേക്കിറങ്ങിപ്പോയി. എന്നിലെ വേശ്യയുടെ നോട്ടം കണ്ണാടിയിലൂടെ എന്നെ ചുഴിഞ്ഞു നോക്കിയെങ്കിലും ആ നോട്ടം കാണാനാവാതെ എന്റെ കവിളുകളിൽ നനവു പടർന്നു. ഇതുവരെ കരഞ്ഞതിൽ നിന്നു വ്യത്യസ്തമായ ഈ കരച്ചിലും സങ്കടവും എന്നെ പാപ വിമുക്തയാക്കി. കുമ്പസരിക്കണം. എല്ലാം ഏറ്റുപറയണം. കർത്താവിന്റെ രൂപകൂടിനു മുന്നിൽ തിരി കത്തിച്ച് പ്രാർഥിക്കണം എന്നു ചിന്തിച്ച് കൈയിലിരുന്ന നോട്ടുകൾ എന്തു ചെയ്യണമെന്നറിയാതെ ഞാൻ പുറത്തേക്കിറങ്ങി. ഏതെങ്കിലുമൊരു പള്ളിവാതിൽ എനിക്കായി തുറക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു നടന്നു. കുമ്പസാരക്കൂടുകൾ ഒരിക്കലും കള്ളം പറയാറില്ലല്ലോ.

Content Summary: Malayalam Short Story ' Kumbasarakoodukal Kallam Parayarilla ' written by Resmi Sajayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com