ADVERTISEMENT

ഞാൻ നാഥുറാം ഗോഡ്‌സെ

മുജ്ജന്മ ശാപമേറ്റലയുന്നവൻ 

ചാവേറിൻ ചോരക്കറ മായ്ക്കാൻ

ഈരേഴു ലോകം 

അലഞ്ഞു തളർന്നവൻ.....

എന്റെ ചിന്തകളുടെ

വിഷക്കാറ്റിൽ കടപുഴകിയ,

മരണം തീ പൂട്ടിയ ഒരു നിമിഷം,

കാലം  കൈക്കുടന്നയിൽ

കാത്തുവെച്ച ഒരു ശുദ്ധാത്മാവിന്റെ

ശുഷ്ക  ദേഹം ശപ്ത കൂടാരത്തിൻ 

കിരാത കല്ലറയിലേക്ക്

ഞാൻ വലിച്ചിഴച്ചു....
 

ഗുരുത്വം ഗതി മാറിയൊഴുകിയ 

വിഷം തീണ്ടിയ വഴികളിൽ

നന്മയുടെ വിത നിലങ്ങളിൽ

ഞാൻ നാഥുറാമെന്ന

നീച ജന്മം 

നാശത്തിന്റെ കള വിതച്ചു..

വിറയ്ക്കാത്ത കൈകളിൽ

മരണം അംഗവിക്ഷേപമായ് 

നിമിഷങ്ങളുടെ

നിലയില്ലാ ഗർത്തങ്ങളിലേക്ക്

തിരയൊഴിച്ചു...

രാമജപം ഉരുക്കഴിച്ചു

മൃത്യുവിന്റെ കിടങ്ങിലേക്ക്

കുഴഞ്ഞു വീഴവേ

കഴിഞ്ഞു മഹാ മേരുവായോരാ ജന്മം...
 

മാപ്പ്നൽകരുതെനിക്കങ്ങു....

മാപ്പ് നൽകരുതിനിയൊരു ജന്മവും.....!

എന്റെ ഗതകാലങ്ങൾ 

പാപപാതകളിലൂടെ

പശ്ചാത്താപത്തിൽ 

ഇടറി നീങ്ങവേ

ചോരയിൽ മുങ്ങുന്നു.....

ഒരു വെടിയുണ്ടയിൽ

ഒരു ദേശത്തിൻ

നിസ്വാർഥ സ്പന്ദനം.... 
 

ഞാൻ, നാഥുറാം നെറികേടിന്റെ

നാൾ വഴികളിൽ

നിതാന്ത ദൂരങ്ങളുടെ

കനൽവേവിൽ കരിഞ്ഞു

വെണ്ണീറാവുന്നു.....

നഞ്ചിൻ കൊടുംകാറ്റു 

നെഞ്ചിൽ വീശിയുലയവെ 

തകർന്നു തരിപ്പണമായ

എല്ലിൻകൂടിനുള്ളിൽ,

ചിതറിയ ചോരയിൽ 

തപ്ത വിലാപ

ധ്വനികൾ പ്രകമ്പനം മുഴക്കുന്നു....!

"ഹേ റാം... ഹേ റാം...."
 

Content Summary: Malayalam Poem ' Njan Nathuram Godse ' written by Salomi John Valsan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com