ഒരു കോവിഡ് കാലത്തിന്റെ ഓർമയ്ക്ക് – രേഖ രഘുനാഥ് എഴുതിയ കഥ

pinakkangal
Representative image. Photo Credit: fizkes/Shutterstock.com
SHARE

ഒരു കോവിഡ് കാലത്തിന്റെ ഓർമയ്ക്ക് (കഥ)

യുഗങ്ങളോളം ഒരുമിച്ചു ചേരാമെന്ന ഒരു ഉറപ്പും നൽകാത്ത പ്രണയമായിരുന്നു അത്. കൃത്യമായ ദിനങ്ങൾ എണ്ണിതിട്ടപ്പെടുത്തപെട്ടിരുന്നു... ഇരുപത്തിയൊന്ന്. ആദ്യത്തെ ദിനം കഞ്ഞിയും കറിയും വെച്ചു, കൂടെ ദോശയുണ്ടാക്കി. കുട്ടികളെ കുളിപ്പിച്ചു, ദോശയും ചമ്മന്തിയും ചായയും വിളമ്പി കൊടുത്തു. പൊള്ളിച്ച കരിമീനും പുളിശ്ശേരിയും തോരനും കൂട്ടി ചോറുണ്ടതിനു ശേഷം നാലുപേരും ഉച്ചമയക്കത്തിനു കയറി. വെളുത്തുള്ളിയും ഇഞ്ചിയും മണക്കുന്ന ഉടുപ്പ് ഊരാതിരുന്നതു കൊണ്ട് തന്നെ കൃത്യമായ അകലം പാലിച്ചു കൊണ്ട് കട്ടിലിന്റെ രണ്ടറ്റങ്ങളിലായാണ് ഉറങ്ങാൻ കിടന്നത്. കൈനീട്ടിയാൽ പോലും സ്പർശിക്കാൻ കഴിയാത്ത അത്രയും അകലം. വൈകുന്നേരത്തെ കട്ടൻ ചായ ഓരോ കവിളിലും പറഞ്ഞു, മധുരത്തേക്കാൾ ചവർപ്പായിരിക്കും ഇനി വരാൻ പോകുന്ന ദിനങ്ങൾക്കെല്ലാമെന്ന്. അത്താഴം കഴിക്കുന്നതും ചെറിയ കുഞ്ഞിനെ ഉറക്കിയതും മുഷിഞ്ഞ മണത്തോടെയുള്ള ആ വസ്ത്രത്തോടെ തന്നെയായിരുന്നു. ക്ഷീണത്താൽ അവനൊപ്പം തന്നെ മയങ്ങിയെങ്കിലും കുളിക്കണമല്ലോ എന്ന ചിന്തയിൽ എപ്പോഴോ ഉറക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. തണുത്ത ജലം വിയർപ്പിനെ കാമിക്കാൻ കാത്തിരിക്കുകയായിരുന്നു, എത്ര ആർത്തിയോടെയാണ് ജലകണികകൾ വിയർത്തുനാറിയ ദേഹത്തെ നക്കിതുടച്ചെടുക്കുന്നത്... തോർത്തുതൊടാതെ കുപ്പായം വലിച്ചുകയറ്റി കുളിമുറിയിൽ നിന്നും പുറത്തിറങ്ങി. കുട്ടികൾ രണ്ടുപേരും ഉറങ്ങിയിരുന്നു. ഇളയവനരികു ചേർന്നു പുറം തിരിഞ്ഞു കിടക്കുമ്പോൾ ആ ദിവസത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ സിനിമയുടെ അടുത്ത രംഗമെന്തെന്ന ആകാംക്ഷയിലായിരുന്നു അയാൾ. ഹൃദയങ്ങൾ ലോക്ക് ഡൗണിലായിരുന്നതു കൊണ്ട്, സ്വപ്‌നങ്ങൾ പോലും ശല്യപ്പെടുത്താതിരുന്ന രാത്രിയായിരുന്നുവത്. ഇരുപത്തിയൊന്ന് പ്രണയ ദിനങ്ങളിലെ ഒന്നാം ദിനത്തിനു അവസാനമായതു അങ്ങനെയാണ്.

മേഘങ്ങൾ നിറഞ്ഞ മങ്ങിയ വെളിച്ചം നേരം വെളുത്തെന്ന യാതൊരു പ്രതീതിയും തരാതിരുന്നതു കൊണ്ട് തന്നെ ഏഴര വരെ നീണ്ടു ആ രാത്രിയിലെ ഉറക്കം. ഉറങ്ങി കിടക്കുന്ന അയാൾക്കു കുഞ്ഞുങ്ങളുടെ മുഖമാണ്. എന്തൊരു ചന്തമെന്നു മനസിലോർത്തെങ്കിലും ചുണ്ടൊന്നു നെറുകയിൽ ചേർക്കാൻ തോന്നിയതേയില്ല. ഒരുമിച്ചു ചേർന്ന ആദ്യദിനങ്ങളിലൊരിക്കൽ അങ്ങനെ ചെയ്തപ്പോൾ ഉറക്കം കളഞ്ഞെന്നും പറഞ്ഞു ഉറക്കെ ഒച്ചയെടുത്തതാണ്. പിന്നീട് ഒരിക്കൽ പോലും അങ്ങനെയൊന്നു ചെയ്യാൻ മെനക്കെട്ടിട്ടേയില്ല. ആരെയും എഴുന്നേൽപ്പിക്കാതെ കട്ടിലിൽ നിന്നും പൂച്ചയെ പോലെ പതുങ്ങിയിറങ്ങി. ആ നെഞ്ചത്തൊന്നു തലവെച്ചുറങ്ങിയ കാലം മറന്നുവെന്ന നിരാശ പല്ലുതേച്ചപ്പോൾ പേസ്റ്റിനൊപ്പം വാഷ്‌ബേസിനിൽ പതപ്പിച്ചു തുപ്പിക്കളഞ്ഞു. ചായവെച്ചും പാലുകാച്ചിയും പുട്ടുണ്ടാക്കിയും ചോറും കറികളും വെച്ചും രണ്ടാം ദിനവും ശുഭപര്യവസായിയായി. മൊബൈൽ കാഴ്ചകളിൽ ഊളിയിട്ടിറങ്ങി, ചെറുപുഞ്ചിരിയോടെ കിടക്കുന്ന ഭർത്താവിനെ മുഷിപ്പിക്കാതെ കുഞ്ഞിനേയും കെട്ടിപിടിച്ചു ഉറങ്ങാനായി കിടന്നു, പക്ഷേ ഉറക്കമന്ന് തൊടിയിലൂടെയും പാടത്തൂടെയും ചൂടും ചുമന്ന് വീശി വീശി നടക്കുകയായിരുന്നു. പറമ്പിന്റെ പകുതിയിലേറെ ഭാഗത്തും തണലായി നിൽക്കുന്നതു ജാതി മരങ്ങളാണ്. ഉണക്ക ഇലകളെല്ലാം അടിച്ചു കൂട്ടി തീയിട്ടത് കൊണ്ട് തന്നെ അവിടം മുഴുവൻ മുറ്റം പോലെയായിട്ടുണ്ട്. ഇടയ്ക്കു എല്ലാവരേയും പേടിപ്പിക്കാനായി ഒരു ചേര പറമ്പിലൂടെ ഓടും. കുട്ടികള് കളിക്കുമ്പോൾ അതിനെ എങ്ങാനും കണ്ടാൽ പേടിക്കുമല്ലോ എന്നു പിറുപിറുത്തു കൊണ്ട്  അമ്മയാണ് കഴിഞ്ഞ ദിവസം ഉണക്കയിലകൾക്കു മുഴുവൻ തീയിട്ടത്. നാളങ്ങൾ നാക്കു നീട്ടിനീട്ടി വന്നു.. ചാവുകളെ ആഹരിക്കാൻ അഗ്‌നിക്കെന്തൊരു ആക്രാന്തമാണ്.... 

പറമ്പു മുഴുവൻ കൊഴിഞ്ഞു വീണു കിടക്കുന്ന കണിക്കൊന്നപ്പൂക്കൾ മേടം പിറക്കാറായെന്നു പറഞ്ഞുവെങ്കിലും വിത്തും കൈക്കോട്ടും പാടാൻ ഒരു പുള്ളും അന്നു വരെ അതുവഴി വന്നില്ല. കുറുമാലി കാവിലെ വേലയ്ക്കും ഇത്തവണ കൊടിയേറിയില്ല. പണ്ടെപ്പോഴോ അച്ഛൻ നട്ട കൊന്നയിൽ മാത്രം പൂ വിരിഞ്ഞു. കൂവളത്തിനടുത്ത് കണിക്കൊന്ന വെയ്ക്കുന്നത് നല്ലതാണെന്നു പറഞ്ഞാണ് അച്ഛൻ അന്നത് വെച്ചത്. നല്ലപോലെ വളർന്ന കൊന്നയിൽ ഇലകൾ കാണാൻ തന്നെ ഉണ്ടായിരുന്നില്ല. ഒരു മരം നിറയെ പച്ച കാണാതെ മഞ്ഞ മാത്രം. ''പൂമരം അല്ലെടി പാത്തൂ, അത് മായാമരം ആണെടി പാത്തൂ...'' എന്ന വരികളും പാടി കൊണ്ട് ജാതി ചുവട്ടിലേയ്ക്കു നടന്നു. മകരവിളക്കിന് മുന്നോടിയായി അമ്പലത്തിൽ അയ്യപ്പൻ പാട്ട് ഉണ്ടാകാറുണ്ടായിരുന്നു. അയ്യപ്പന്റെ ജനനം മുതലുള്ള കഥകള് മുഴുവൻ ഗാനങ്ങളായി രാത്രി വെളുക്കുവോളം പാടും. ഉന്നത കുലജാതരൊന്നും തന്നെ ക്ഷേത്ര പരിസരത്തും ഭരണക്കമ്മിറ്റിയിലും ഇല്ലാത്തതുകൊണ്ടും അധഃകൃതന്റെ ദൈവങ്ങളായതു കൊണ്ടും വൃതമെടുത്തു പഠിച്ചു പാടാൻ താൽപര്യമുള്ള അന്നാട്ടിലെ ചെറുപ്പക്കാരെല്ലാം ആ ഗായക സംഘത്തിലുണ്ടായിരുന്നു. ആശാരി, ഈഴവൻ, പറയൻ, പുലയൻ എന്ന വേർതിരിവൊന്നും അവർക്കിടയിലുണ്ടായിരുന്നില്ല... എല്ലാവരും സ്വാമിമാർ. വാവരെ പാത്തുമ്മ ഗർഭം ധരിക്കുന്നതിനു മുന്നോടിയായി പാടുന്ന കഥയിലെ ഈരടികളാണത്. നിറയെ പൂക്കളുമായി നിൽക്കുന്ന കണിക്കൊന്ന കാണുമ്പോൾ ആ വരിയൊന്നു മൂളാൻ തോന്നും എപ്പോഴും.

പൂത്തു നിൽക്കുമ്പോഴാണ് എന്നെ കെട്ടേണ്ടി വന്നതിലെ നീരസം അയാളുടെ വായിൽ നിന്നും വന്നത്. പിന്നീട് ആ വിയർപ്പിന്റെ മണത്തിന് ഛർദിലിന്റെ ശൂരായിരുന്നു. ഒരു താൽപര്യവുമില്ലെങ്കിലും ചില നേരങ്ങളിൽ കൊടുങ്കാറ്റു വീശുന്നതു പോലെ അയാൾ ദേഹത്തേയ്ക്കു വലിച്ചടുപ്പിക്കും. കുപ്പായത്തിലെ കുടുക്കുകൾ പൊട്ടിച്ചെറിയും, എന്തെല്ലാമോ ചെയ്യും. ഒടുവിൽ കട്ടിലിലേയ്ക്ക് എടുത്തെറിയും. തല്ലുകൊണ്ട ചാവാലിപ്പട്ടിയെ പോലെ ഇത്തിരിയിടത്തു ചുരുണ്ടുകൂടി കിടന്നു നേരം വെളുപ്പിക്കും. കരയാൻ പോലും തോന്നാറില്ല. പഴയകാലത്തെ തിരികെ വിളിച്ചാൽ ഓർമകൾക്കു പോലുമിപ്പോൾ മടുപ്പിന്റെ ദീർഘനിശ്വാസങ്ങളാണ്. ഫോണിലെ ചാർജ് തീർന്നതു കൊണ്ടാണോയെന്തോ അയാൾ പറമ്പിലേക്കിറങ്ങി വന്നു. അടുത്തെത്തിയപ്പോൾ ആ വിരുതൻ ചേര മുന്നിലൂടെ ഒരോട്ടം. ഭയന്നു പുറകോട്ടു മാറിയപ്പോൾ വേച്ചുപോയി. കൂവളച്ചുവട്ടിൽ കൈകുത്തി ഇരുന്നു. എത്രയോ കാലത്തിനു ശേഷം, ചെറിയൊരു ചിരി ചുണ്ടിന് കോണിൽ വന്നുവെന്നു തോന്നി. ഒന്നുംമിണ്ടാനില്ലാത്തതു കൊണ്ട് തന്നെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു നടന്നു. പ്രണയ ദിനങ്ങളിലെ പകുതിയിലേറെ പകലുകളും പഴയ മൺപാതയിലൂടെ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി വരുമായിരുന്ന മൗനം ബസ് പോലെ എല്ലാ സ്റ്റോപ്പുകളിലും നിർത്തി, നിരങ്ങി നിരങ്ങി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ആവർത്തനത്താൽ വിരസമായി കൊണ്ടിരുന്നു എല്ലാ ദിനങ്ങളും. പക്ഷേ, അയാളുടെ മൊബൈൽ കാഴ്ചകൾ ആദ്യദിനങ്ങളെക്കാൾ നീണ്ടു പൊയ്‌ക്കൊണ്ടിരുന്നു. ചിലപ്പോൾ ആ വെളിച്ചം പാതിരവരെ മുഖത്തേയ്ക്കു പാളിവീഴും. സിനിമകൾ എന്തുകൊണ്ടാണ് അയാൾക്ക്‌ മടുക്കാത്തത്? എത്രയോ വട്ടം അന്നാളുകളിൽ ആ ചോദ്യം സ്വയമാവർത്തിച്ചു ചോദിച്ചു. 

ഇരുപത്തിയൊന്നു ദിനങ്ങൾ നീണ്ട പ്രണയ നാളുകൾക്കു വിരാമമാകുന്നതു വിഷുവിന്റെ അന്നായിരുന്നു. തലേന്നു തന്നെ കണിയൊരുക്കി. കിടക്കാൻ എത്തിയപ്പോഴേയ്ക്കും ചുറ്റിലുമുള്ള വീടുകളിൽ നിന്നുള്ള വെളിച്ചങ്ങളെല്ലാം അണഞ്ഞിരുന്നു. ''ലോകാധീശാ ഭവാന്റെ കൃപയാൽ...'' ഉരുവിട്ടുകൊണ്ട് കിടക്കയിലേയ്ക്കു ചാഞ്ഞു. നീണ്ടുവന്ന കൈകൾ പതിയെ ചേർത്തുപിടിച്ചതു അപ്പോഴാണ്. പതിവില്ലാതെ നെറുകിലൊരു ചുംബനത്തിന്റെ കുളിരു പടർന്നു. ചുറ്റിലും മഞ്ഞ കണിക്കൊന്നകൾ... ദേഹത്തൂടെ ആ ചേര ഇഴഞ്ഞു നടന്നു. മുടിയിഴകൾ മുതൽ കാല്പാദം വരെ മഞ്ഞ പടർന്നു. കോർത്തുകെട്ടിയ കൊന്നപ്പൂക്കൾ കൊണ്ട് അയാൾ തലയിലൊരു കിരീടം ചൂടിച്ചു. അയാളുടെ മടിത്തട്ടിൽ അമർന്നിരുന്നുകൊണ്ടു ഞാൻ കൽപനകൾ പുറപ്പെടുവിച്ചു. ഓരോ കൽപനകളും തലകുലുക്കി കേൾക്കുന്ന അയാളെ നോക്കി എത്രയോ ഉച്ചത്തിൽ ഞാൻ പൊട്ടിചിരിച്ചു. ചിരികൾ പ്രതിധ്വനികളായി അവിടെ മുഴുവൻ ഉയർന്നു. പേടിച്ചു പോയ ചേര എന്റെ ദേഹത്തിലെ മാളത്തിലൊളിച്ചു. മഞ്ഞ കണിക്കൊന്നകൾ കൊണ്ട് അയാളെനിക്ക് ഉടയാടകൾ തുന്നുകയായിരുന്നു അന്നേരം.

Content Summary: Malayalam Short Story ' Oru Covid Kaalathinte Ormakku ' written by Rekha Raghunadh

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS