ADVERTISEMENT

ഇന്നീ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു (കഥ)

രണ്ടായിരം സംവത്സരങ്ങൾക്കു മുൻപ്. നിറയെ ഈന്തപ്പനകളും വിലോമരങ്ങളും  ഇടതിങ്ങി വളരുന്ന ജറീക്കോപ്പട്ടണത്തിന്റെ പ്രാന്തപ്രദേശത്തിലൂടെ ആ കുറിയ മനുഷ്യൻ അതിവേഗം നടന്നു. അപ്പോൾ അസ്തമനസൂര്യന്റെ നേർത്തയലകൾ ഒലിവുമരങ്ങൾക്കിടയിലൂടെ ജറീക്കോയെ പുൽകുവാൻ തുടങ്ങിയിരുന്നു. അദൃശ്യനായ ഏതോ ചിത്രകാരന്റെ ബ്രഷിൽനിന്നും തെറിച്ചുവീണ തുള്ളികളായി ചുവപ്പ് പാടശേഖരങ്ങളെയാകെ നക്കിത്തുടച്ചു. പിന്നെയൊരു സർപ്പത്തെപ്പോലെ പാഞ്ഞുനടന്നത് അതിവേഗം പട്ടണത്തെയൊന്നാകെ തന്റെ വായ്ക്കുള്ളിലാക്കി. ചുവന്ന വീഥികൾ. ചുവപ്പണിയുന്ന കതിർക്കറ്റകൾ.. അകലെയെങ്ങോനിന്നുമൊരു കടൽ പക്ഷിയുടെ പാട്ട് കുറിയ മനുഷ്യന്റെ കാതുകളിൽ പതിച്ചു. അയാളുടെ കാലുകൾക്കു വീണ്ടും വേഗമേറി. കുപ്പത്തൊട്ടിക്കു സമീപം മണ്ണു ചുട്ടുണ്ടാക്കിയ കട്ടകൾകൊണ്ടു നിർമ്മിച്ചിട്ടുള്ള ജറീക്കോയിലെ പാവങ്ങൾ താമസിക്കുന്ന വീടുകളുടെ മുന്നിലൂടെയായിരുന്നു അയാൾക്കു കടന്നുപോകേണ്ടിയിരുന്നത്. അത്തറിന്റെ സുഗന്ധം വമിക്കുന്ന കുപ്പായത്തിന്റെ കോളറുകൊണ്ടയാൾ തന്റെ മൂക്കുപൊത്തി. കുടിലുകൾക്കു മുന്നിൽ അവരുടെ ദുഃഖം നിറഞ്ഞ കണ്ണുകളെ ഓർമ്മപ്പെടുത്തിക്കൊണ്ടു തെളിഞ്ഞ മൺചിരാതുകളെ അയാൾ പുച്ഛത്തോടെ നോക്കി. പിന്നെ പതിയെ തന്റെ അരക്കെട്ടിലെ തുകൽകൊണ്ടു നിർമ്മിച്ച ബെൽറ്റിൽ ഭദ്രമായി കെട്ടിവച്ച വലിയ പണക്കിഴിയിൽ അമർത്തി തടവി. ഭാവിയെ സ്പർശിക്കുന്നതു പോലെ. അയാളുടെ ചുണ്ടുകളിൽ ആത്മസംതൃപ്തിയുടെയൊരു ചിരിവിരിഞ്ഞു.

സക്കേവൂസ് എന്നായിരുന്നു ആ കുറിയ മനുഷ്യന്റെ പേര്. അയാൾ റോമാചക്രവർത്തിയുടെ കീഴിലെ ചുങ്കപ്പിരിവുകാരിൽ പ്രധാനിയാണ്. ജനങ്ങളിൽനിന്നും പിടിച്ചുവാങ്ങുന്ന വിഹിതം കൃത്യമായി കാഴ്ച വയ്ക്കുന്നതിനാൽത്തന്നെ ചക്രവർത്തിക്കയാൾ പ്രിയങ്കരനാണ്. അയാളുടെ ഭാര്യ റോമൻ സ്ത്രീയായ റൂഹത്താണ്. കുപ്പത്തൊട്ടിയും ചേരിയും കഴിഞ്ഞു മുന്നോട്ടുപോയാൽ വള്ളികളിൽ നിറയെ മാതളങ്ങൾ കുലച്ചുനിൽക്കുന്ന തോട്ടങ്ങൾക്കു നടുവിൽ അവരുടെ മനോഹരമായ ഭവനം കാണാം. ചുറ്റോടുചുറ്റും പൂത്തുനിൽക്കുന്ന രക്തവർണ്ണമാർന്ന പോപ്പിച്ചെടികൾ. വീടിനു കാവലെന്നോണം തണൽവിരിക്കുന്ന അനേകം ഒലിവുവൃക്ഷങ്ങൾ. 'ഇവിടെ മുഴുവൻ സിക്കമൂർ മരങ്ങളാണ്. പിന്നെ ഈന്തപ്പനകളും..' പാവപ്പെട്ടവന്റെ വാരിയെല്ലുകൾപോൽ വേരുകൾ മണ്ണിനു പുറത്തേക്കുന്തിച്ച ഒരു സിക്കമൂർമരത്തിന്റെ ചുവട്ടിലിരുന്നു കിതപ്പാറ്റുമ്പോൾ സക്കേവൂസ് ചിന്തിച്ചു. സിക്കമൂർ ദാരിദ്ര്യത്തിന്റെ വൃക്ഷമാണ്. തന്നെപ്പോലെ ധനികനായ ഒരു വ്യക്തിക്കു വിശ്രമിക്കാനുള്ള യോഗ്യത ഈ മരത്തിനുണ്ടോ? അയാൾ പെട്ടെന്നുതന്നെ അവിടുന്നെണീറ്റു. ആരെങ്കിലും കണ്ടാൽ! സിക്കമൂർമരത്തിനെ പാവങ്ങളുടെ വൃക്ഷമായാണു ജറീക്കോയിലെ സമ്പന്നരായ ജനങ്ങൾ പണ്ടുമുതലേ കരുതുന്നത്. ഒലിവ് അവർക്കു സൗഭാഗ്യത്തിന്റെ വൃക്ഷമാണ്. ദൈവത്തിന്റെ മരമെന്നറിയപ്പെടുന്ന ഒലിവിനെ വീട്ടുപരിസരത്തു നട്ടുവളർത്തുന്നത് ആഭിജാത്യത്തിന്റെ ലക്ഷണമായി ജറീക്കോക്കാർ കാണുന്നു.

ഗലീലിയിലെ താഴ്‌വരകളിലും ശമര്യയിലെ മലയിടുക്കുകളിലും മരംവെട്ടാൻ പോകുന്നവർ തഴച്ചുനിൽക്കുന്ന ഒലിവുമരങ്ങളെ മാത്രം തങ്ങളുടെ കോടാലിമുനയിൽനിന്നും ഒഴിവാക്കും. അവയെ വെട്ടുന്നതു പാപമായവർ കണക്കാക്കുന്നു. വലിപ്പവും വണ്ണവും കൂടിയ ഒലിവുമരങ്ങൾ.. അതവരെ കൂടുതൽ ദൈവത്തിലേക്കടുപ്പിക്കുന്നുവത്രേ. അയാൾ വീണ്ടും നടന്നു തുടങ്ങി. ചക്രവർത്തിയോടനുവാദം വാങ്ങിച്ചു കൊട്ടാരത്തിനടുത്തൊരു പുതിയ ഭവനം പണിയണം. സക്കേവൂസ് ചിന്തിച്ചു. ജറീക്കോ പട്ടണത്തിനു നടുവിൽ. അങ്ങനെയാണെങ്കിൽ ചേരി വഴിയുള്ള തന്റെയീ നടത്തമൊഴിവാക്കാം. ഈ ചുവന്ന അപരാഹ്നത്തിൽ ജറീക്കോയിലെ നാട്ടുവഴിയിൽ കൊട്ടാരവളപ്പിലെ ഒലിവുമരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ ഭവനത്തെ സ്പർശിക്കുന്ന പുതിയ ഒരു ഭാവി അയാൾ സ്വപ്നം കാണുകയാണ്. പക്ഷേ റൂഹത്ത്! സക്കേവൂസ് പല്ലുകടിച്ചു. ചക്രവർത്തി സമ്മതിച്ചാലും അവൾ സമ്മതിക്കുമോ? അവൾക്ക് അവളുടെ അമ്മയായ ജറുസലേംകാരി അത്താലിയായുടെ സ്വഭാവമാണ്. ജറീക്കോയിലെ സമ്പന്നകുടുംബങ്ങളിലെ പെണ്ണുങ്ങൾ ഇങ്ങനെയല്ല ചിന്തിക്കുക. 'സക്കേവൂസ്… ആരോ തന്നെ പിന്നിൽനിന്നും വിളിക്കുന്നതുപോലെ. സക്കേവൂസ് ഞെട്ടിത്തിരിഞ്ഞുനോക്കി. ആരുമില്ല. പുറകിൽ ഇരുട്ടു വിഴുങ്ങിയ ആ സിക്കമൂർമരം നിൽക്കുന്നതയാൾ കണ്ടു. 

'എന്താ ഇത്രയും വൈകിയത്?' തീൻമേശയിൽ ഭക്ഷണം വിളമ്പുന്നതിനിടയിൽ റൂഹത്ത് ചോദിച്ചു. 'ഒന്നുമില്ല. ഇന്നു ചുങ്കം കൂടുതലുണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പിരിച്ചുനൽകുവാനാണു ചക്രവർത്തിയുടെ കൽപന. പടയാളികൾ ഇറങ്ങിയിട്ടുണ്ട്. ചുങ്കം നൽകാത്ത കച്ചവടക്കാർക്കു കനത്ത ശിക്ഷയുണ്ടാകും, പിന്നെ…' അയാൾ അർദ്ധോക്തിയിൽ നിർത്തി. തീൻമേശയ്ക്കു പുറകിലെ നെരിപ്പോടിന്റെ വെളിച്ചത്തിൽ റൂഹത്തിന്റെ മുഖം മാറുന്നതയാൾ കണ്ടു. 'ഇങ്ങനെ പോയാൽ ഈ ഭവനമെങ്ങനെ രക്ഷ പ്രാപിക്കും? ചുങ്കക്കാരൻ ദൈവത്തിന്റെ ശത്രുവാണെന്നാണവൻ പറഞ്ഞിരിക്കുന്നത്. ജറീക്കോയിലെ ചേരികളിലെ സ്ത്രീകളെന്നോടു പറഞ്ഞതാണ്. അവൻ ദൈവപുത്രനത്രേ.. അവന്റെ വാക്കുകൾ വ്യർഥമാകില്ല..' ദൈവപുത്രൻ. സക്കേവൂസിനു ദേഷ്യം വന്നു. അയാൾ അന്നത്തെ തന്റെ സമ്പാദ്യമെണ്ണിത്തിട്ടപ്പെടുത്തുവാൻ കിടപ്പുമുറിയിലേക്കു നടന്നു. പണം എണ്ണിത്തിട്ടപ്പെടുത്തി മാറാപ്പു നെഞ്ചോടുചേർത്ത സക്കേവൂസ് മെല്ലെ കിടക്കയിലേക്കു മറിഞ്ഞു. വൈകാതെ ഉറക്കത്തിന്റെ പായൽവഴുപ്പുള്ള കയത്തിലേക്കയാൾ തെന്നിയിറങ്ങി.. ഉറക്കത്തിൽ സക്കേവൂസൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ മണ്ണിൽനിന്നും  വേരുകൾ പൊന്തിനിൽക്കുന്ന സിക്കമൂർമരത്തിനടുത്ത് അയാൾ വീണ്ടുമെത്തി. 'സക്കേവൂസ്..' മരച്ചുവട്ടിൽനിന്നും ആരോ തന്നെ വിളിക്കുന്നു. അത്രമേൽ ആർദ്രമായ ഒരു ശബ്ദം ജീവിതത്തിലിതുവരെ അയാൾ കേട്ടിട്ടില്ല. ഉറക്കത്തിൽനിന്നും കണ്ണുതുറക്കാതെ അയാളാ മുഖം കാണുവാൻ ശ്രമിച്ചു. ഒന്നും തെളിഞ്ഞുവരുന്നില്ല. റൂഹത്തായും, ജറീക്കോ പട്ടണത്തിലെ പാവപ്പെട്ട കച്ചവടക്കാരനായ അന്ത്രേപ്പായായുമൊക്കെ ആ രൂപം അയാൾക്കു മുന്നിൽ പിടികൊടുക്കാതെ മിന്നി മറഞ്ഞു. 

പിറ്റേന്നു കടുത്ത തലവേദനയുമായാണു സക്കേവൂസുണർന്നത്. റൂഹത്ത് അയാളുടെ കുറിയ നെറ്റിയിൽ പനിനീർതൈലം പുരട്ടി നൽകി. ക്രമേണ തലവേദന കുറഞ്ഞുവന്നുവെങ്കിലും മനസ്സിലൊരു ഭാരം തന്റെ ഇന്നലത്തെ മടിശ്ശീല പോലെ നിറഞ്ഞുനിൽക്കുന്നത് അയാളറിഞ്ഞു. ഇന്ന് അന്ത്രേപ്പായിൽനിന്നും ചുങ്കം പിരിക്കേണ്ട ദിവസമാണ്. പ്രായം ചെന്ന ആ വൃദ്ധനൊരിക്കലും ഭീമമായ ചുങ്കത്തുക നൽകാൻ സാധിക്കുകയില്ല. റോമൻപടയാളികൾ ഇന്നയാളെ കടയിൽനിന്നും വലിച്ചിറക്കും. ചേരിക്കരികിലൂടെ നടക്കുമ്പോൾ കാരണമില്ലാതെ മനസ്സിൽ നിറയുന്ന ഭാരമെന്താണെന്നു സക്കേവൂസ് ചിന്തിച്ചുനോക്കി. പക്ഷേ അയാളുടെ ചിന്തകൾ ജറീക്കോയിലെ മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി പുൽപരപ്പുകളിൽ നുഴഞ്ഞൊളിക്കുന്ന സൂര്യപ്രകാശംപോലെ എങ്ങോ പോയി മറഞ്ഞു. 'സക്കേവൂസ്' എന്നൊരു വിളി മാത്രം ഓർമ്മയിൽ ബാക്കിയായി. ഇലകൾ പൊഴിഞ്ഞുകിടക്കുന്ന സിക്കമൂർമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ സക്കേവൂസ് ഒരുനിമിഷം നിന്നു. ഈ മരമാണു താനിന്നലെ സ്വപ്നത്തിൽ കണ്ടത്. ഇതേ മരത്തിന്റെ മുകളിലേക്കുനോക്കി ആരോ തന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. അത്.. അത് അവനല്ലേ? മരപ്പണിക്കാരനായ ജോസഫിന്റെ മകൻ! റൂഹത്ത് ഇന്നലെ അവനെപ്പറ്റിയാണു തന്നോടു പറഞ്ഞത്. ദൈവത്തിന്റെ പുത്രനാണു പോലും! സക്കേവൂസിന്റെ ചുണ്ടുകളിൽ പുച്ഛം പടർന്നു. അവനെപ്പറ്റിയുള്ള അത്ഭുതത്തിന്റെ വാർത്തകൾ സക്കേവൂസിനും അറിവുണ്ടായിരുന്നു. ജറീക്കോയിൽവച്ചു ദാവീദിന്റെ പുത്രാ കനിയണമേ എന്നു വിളിച്ചു പ്രാർഥിച്ചയൊരുവനു കാഴ്ച ലഭിച്ചിരിക്കുന്നു. കാഴ്ച ലഭിച്ചവൻ തിമെയൂസിന്റെ പുത്രനായ അന്ധയാചകൻ ബർതിമേയൂസാണ്. പാപിനിയായ സ്ത്രീയ്ക്ക് നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞവൻ പാപമോക്ഷം  കൊടുത്തിരിക്കുന്നു!!

എല്ലായിടത്തും ഇതു തന്നെ കഥ. ജറുസലേം ദേവാലയം തകർത്താൽ മൂന്നുദിവസംകൊണ്ടവൻ പുതുക്കി പണിയുമത്രേ... ഭ്രാന്തുപിടിച്ച ജനങ്ങൾ. ബർതിമേയൂസിന്റെ അന്ധതയാണീ നഗരത്തിന്. സക്കേവൂസ് അരിശത്തോടെ പട്ടണത്തിലേക്കു നടന്നു. അന്ത്രേപ്പായുടെ കടയായിരുന്നു അയാളുടെ ലക്ഷ്യം. അന്ത്രേപ്പായെ ഭീഷണിപ്പെടുത്തി എങ്ങനെയെങ്കിലും ഇന്നു ചുങ്കം പിരിക്കണം. ചക്രവർത്തിയെ പ്രീതിപ്പെടുത്തിയാൽ തന്റെ ഭാവി റോമൻകൊട്ടാരത്തിനുള്ളിലെ ശരറാന്തൽപോലെ കൂടുതൽ തിളക്കമുള്ളതാകും. അന്ത്രേപ്പാ കടയ്ക്കുള്ളിൽ പേടിച്ചുവിറച്ചൊരു പൂച്ചയെപ്പോലെ പതുങ്ങിയിരിക്കുന്നതു സക്കേവൂസ് കണ്ടു. ചുങ്കക്കാരന്റെ ധാർഷ്ഠ്യവുമായി അയാളാ കടയിലേക്കു കയറി. ആ നിമിഷം ജറീക്കോ പട്ടണത്തിൽനിന്നും കുറച്ചുമാറി വലിയൊരു ആരവം മുഴങ്ങുന്നതയാൾ കേട്ടു. ഒപ്പം കൊമ്പുവിളികളും. ജറീക്കോയിലെ ജനങ്ങൾ, സാധാരണക്കാരും കച്ചവടക്കാരുമടക്കം തങ്ങളുടെ കൈകളിലെ വസ്തുവകകളും പണവുമടക്കം നിലത്തിട്ട് തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ ആ ദിശയിലേക്കോടുകയാണ്. 'ദാവീദിന്റെ പുത്രാ കനിയണമേ….' ആർത്തുവിളിച്ചുകൊണ്ടു വൃദ്ധനായ അന്ത്രേപ്പാ കടയ്ക്കുള്ളിൽനിന്നു വിറച്ചുവിറച്ചെണീറ്റു പുറത്തിറങ്ങി ആ ആൾക്കൂട്ടത്തിലൊരാളായി ലയിക്കുന്നതു സക്കേവൂസ് കണ്ടു. ഉയരം കുറഞ്ഞ അയാൾ കടത്തിണ്ണയിൽ നിന്നും എത്തിക്കുത്തി നോക്കി. അനേകം മുഖങ്ങൾക്കിടയിലൂടെ, ഹെബ്രായസ്ത്രീകളുടെ ഇളകുന്ന തുണിശീലകൾക്കിടയിലൂടെ ശാന്തമായ രണ്ടു കണ്ണുകൾമാത്രം സക്കേവൂസ് ദർശിച്ചു. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ആ കണ്ണുകൾ തന്നിലേക്കെത്തുന്നതുപോലെ അയാൾക്കു തോന്നി. 'സക്കേവൂസ് ഇറങ്ങിവരിക എന്ന്' ആരോ ഉള്ളിൽ മൃദുവായി മന്ത്രിക്കുന്നു. ആ മാത്രയിൽ രാവിലെ മുതൽ തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന അസ്വസ്ഥത ഉള്ളിലൊരു മാതളക്കുരുപോലെ പൊടിഞ്ഞില്ലാതാകുന്നത് അയാൾ അറിഞ്ഞു. തന്നിൽനിന്നും എന്തൊക്കെയോ നഷ്ടമാകുന്നതുപോലെ…

സക്കേവൂസ് ഓടി. തന്റെ കുറിയ കാലുകൾ വലിച്ചയാൾ ഇന്നലെ പുതിയ ഭാവി സ്വപ്നംകണ്ടുനടന്ന അതേ ഇടവഴിയിലൂടെ ഒരു നായയെപ്പോലെ കിതച്ചോടി. പിന്നെയാ സിക്കമൂർമരത്തിന്റെ മുകളിലേക്ക് അതിവേഗം വലിഞ്ഞുകയറി. അവൻ ഇതുവഴിവരാൻ സാധ്യതയുണ്ട്. ആ മുഖം.. അതിന്നു വ്യക്തമായി തനിക്കു കാണണം. നാട്ടുവഴികളിൽ ആൾക്കൂട്ടം വർധിച്ചുവന്നു. വില കുറഞ്ഞ ഇഷ്ടികകൾ കൊണ്ടുണ്ടാക്കിയ വീടുകളിൽനിന്നും പാഞ്ഞിറങ്ങിവന്ന ജനങ്ങൾ അവനുമുന്നിൽ ഒലിവിലകൾ തൂകി. അപ്പോൾ തകിലുകൾ ശബ്ദിച്ചു. കുഴൽവിളിയുടെ മനോഹര നാഥം അവിടെയെങ്ങും മുഴങ്ങി. ആറ്റിറമ്പുകളിൽ ക്രിസ്മസ്സ്ലില്ലികൾ പൂത്തു. ജറീക്കോയിലെ പാവം പിടിച്ച സ്ത്രീകൾ സിക്കമൂർമരത്തിന്റെ തളിർത്ത ഇലകൾകൊണ്ടവനു വെഞ്ചാമരം വീശി. കരുണയുടെയാ കണ്ണുകൾ ആരെയോ തിരയുന്നതുപോലെ.. അപ്പോൾ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മരം സിക്കമൂറാണെന്നു സക്കേവൂസിനു വെറുതേ തോന്നി. സക്കേവൂസ് അതിന്റെ ശിഖരങ്ങൾക്കിടയിൽ അഭയം പ്രാപിച്ചു. തന്റെ ഭവനം രക്ഷപ്രാപിക്കുന്ന തൊട്ടടുത്ത മണിക്കൂറിനായി ആ കുറിയ മനുഷ്യനവിടെ കാത്തിരുന്നു....

വിശുദ്ധ ലൂക്കായുടെ പുസ്തകത്തിലെ ചുങ്കക്കാരന്റെ കഥ ഏവർക്കും പരിചിതമാണല്ലോ. ഈ കഥ ബിഫോർ ഇൻ സിക്കമൂർമരം എന്ന ചിന്തയിൽ നിന്നുള്ളതാണ്. റൂഹത്ത്, അന്ത്രേപ്പാ തുടങ്ങിയ കഥാപാത്രങ്ങളും  കഥാസന്ദർഭങ്ങളും സാങ്കൽപ്പികമാണ്. സിക്കമൂർമരത്തിനുമുകളിൽ സക്കേവൂസിന്റെ കാത്തിരിപ്പ് തുടങ്ങുന്നിടത്ത് ഈ കഥ അവസാനിക്കുകയാണ്. 

Content Summary: Malayalam Short Story written by Grince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com