കേൾക്കുന്നു പെങ്ങളേ, നിന്റെ തേങ്ങൽ
കേൾക്കാതിരിക്കുന്നു ഞങ്ങൾ
കാണുന്നു പടരുന്ന നിന്റെ രക്തം
കാണാതിരിക്കുന്നു ഞങ്ങൾ.
അറിയുന്നു നിന്റെ ഹൃദന്തദുഃഖം
അറിയാതിരിക്കുന്നു ഞങ്ങൾ..
മാനം തകർക്കുന്ന ക്രൂര മനസ്സുകൾ
കാരുണ്യമില്ലാത്ത കാലത്തിൻ സാക്ഷികൾ
ഭ്രാന്തമാം ജാതിപ്പിശാചിന്റെ കൈകളിൽ
നേർത്തു നേർത്തലിയുന്ന തേങ്ങൽ
കേൾക്കുന്നു പെങ്ങളേ ഞങ്ങൾ
കേൾക്കാതിരിക്കുന്നു ഞങ്ങൾ
രക്താഭമാകുന്ന ശുഭ്രസ്വപ്നങ്ങളും
നെറ്റിയിൽ മായുന്ന കുങ്കുമപ്പൊട്ടും
ചിതറിത്തെറിക്കുന്ന നിൻ മോഹമുത്തും
താഴെ വീണടിയുന്ന നിൻ വളപ്പൊട്ടും
കാണുന്നു പെങ്ങളേ ഞങ്ങൾ
കാണാതിരിക്കുന്നു ഞങ്ങൾ..
ശോകം നിഴൽ വിരിച്ചെന്നുമീ കവിളുകൾ
പുഞ്ചിരിക്കാനും മറന്നു നിൻ ചുണ്ടുകൾ
കണ്ണുനീർ വീണ തീരങ്ങളിൽ ആർത്തല..
ച്ചൊരു നെരിപ്പോടു പോലണയാതെ നിൻമനം
അറിയുന്നു പെങ്ങളേ, ഞങ്ങൾ
അറിയാതിരിക്കുന്നു ഞങ്ങൾ
കേൾക്കുന്നു പെങ്ങളേ, നിന്റെ തേങ്ങൽ
കേൾക്കാതിരിക്കട്ടെ ഞങ്ങൾ
കാണുന്നു പടരുന്ന നിന്റെ രക്തം
കാണാതിരിക്കട്ടെ ഞങ്ങൾ.
അറിയുന്നു നിന്റെ ഹൃദന്തദു:ഖം
അറിയാതിരിക്കട്ടെ ഞങ്ങൾ..
Content Summary: Malayalam Poem ' Pengal ' written by Naina Mannanchery