ADVERTISEMENT

ബാംഗ്ലൂരിൽ നിന്നും കേരളത്തിലെ ഐടി പാർക്കിലേക്ക് മാറ്റം കിട്ടി അധികം നാളായില്ല. അരുൺ ഒഫീഷ്യൽ ടൂറിലാണ്. ശ്രീക്കുട്ടിക്കാണെങ്കിൽ പനി വിട്ടു മാറുന്നുമില്ല. ഹോസ്പിറ്റലിൽ നല്ല തിരക്കാണ്. ഒരുവിധം ഡോക്ടറെ കാണിച്ചു മരുന്നും വാങ്ങി പോവാം എന്ന് കരുതി വന്നതാ "പനി കൂടുതലാണ് അഡ്മിറ്റ് ചെയ്യണം" എന്ന് നേഴ്സ് വന്നു പറഞ്ഞപ്പോൾ ആകെ തളർന്നു പോയി. നാടുമായി ആകെ ഉള്ള ബന്ധം അമ്മയുടെ പഴയ ഒരു ആൽബം മാത്രം പിന്നെ മലയാളവും. "ബിൽ കൗണ്ടറിൽ ഇത് കൊടുത്തു റൂം എടുത്തോ. ഡ്രിപ് കഴിഞ്ഞാൽ മോളെ അങ്ങോട്ട് മാറ്റാം" എന്ന് പറഞ്ഞു നേഴ്സ് പോയി. അരുണേട്ടൻ ആണെങ്കിൽ ഫോൺ എടുക്കുന്നുമില്ല. തിരക്കിട്ടു ബിൽ കൗണ്ടറിൽ എത്തി ബില്ല് കൊടുത്തു. വെയിറ്റ് ചെയ്യാൻ പറഞ്ഞു. ആശുപത്രി കസേരകളിൽ കുറെ മനുഷ്യർ എല്ലാവർക്കും ഒരേ ഭാവം. സ്‌ട്രെച്ചറുകൾക്കു പിറകെ നടന്നു നീങ്ങുന്ന രോദനങ്ങൾ.. ഒരു നിമിഷം ലോകത്തു താൻ ഒറ്റപ്പെട്ടതു പോലെ തോന്നി. ബിൽ കൗണ്ടറിൽ നിന്നും "ദേവകി " എന്ന് വിളിച്ചപ്പോൾ എന്റെ കൂടെ അടുത്തിരുന്ന ഒരു അമ്മയും എഴുന്നേറ്റു. "ദേവകി രാമവർമ" എന്ന് രണ്ടാമതും വിളിച്ചപ്പോൾ അത് എന്നെ അല്ല എന്ന് മനസ്സിലായി. രണ്ടാളും ദേവകി ആണോ എന്ന് ചോദിച്ചപ്പോൾ ഞാൻ തലയാട്ടി. "ഈ കാർഡ് മെഷീനിൽ എടുക്കുന്നില്ല. കാർഡ് എക്സ്പൈർ ആയി." ആ അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാൻ ആണെങ്കിൽ അരുണേട്ടനെ ട്രൈ ചെയ്തോണ്ടിരിക്കുവായിരുന്നു.

ആദ്യമായിട്ടാണ് ഇതുപോലെ ഒരവസ്ഥ - മോളെ ഈ ബിൽ ഒന്ന് അടയ്ക്കാമോ? എന്റെ കാർഡ് എടുക്കുന്നില്ല. ആ 'അമ്മ' എന്റടുത്തു വന്നു ചോദിച്ചു, പേടിയുണ്ടെങ്കിൽ എന്റെ ഈ വള വെച്ചോളൂ. അമ്മ വള ഊരി എന്റെ കൈയ്യിൽ തന്നു. അയ്യോ അമ്മേ പേടിയൊന്നുമില്ല എന്ന് പറഞ്ഞു ബാഗിൽ നിന്നും എന്റെ കാർഡ് എടുത്തു കൗണ്ടറിൽ കൊടുത്തു. അപ്പോഴേക്കും എന്റെ ബില്ലും ശരിയായി. "റൂം നമ്പർ 302 കേട്ടോ. ഇത് അവിടെ കാണിച്ചാൽ മതി " രണ്ടു ബില്ലും അടച്ചു തിടുക്കത്തിൽ പോവാൻ തുനിഞ്ഞ എന്നോട് ആ അമ്മ ചോദിച്ചു ആരാ ഇവിടെ? മോളാണ്. വിവരങ്ങൾ പറയുന്നതിനിടയിൽ എന്നോടൊപ്പം ആ അമ്മ നടന്നു ഒബ്സെർവേഷൻ വാർഡിൽ നിന്നും സ്ട്രെച്ചറിനോടൊപ്പം റൂമിലേക്ക് വന്നു. 'അമ്മ വല്ലതും കഴിച്ചോ. ഊണിനു സമയമായി.' 'ഇല്ല മോളെ കൂടെ കഴിക്കാൻ ആരെങ്കിലും വേണ്ടേ' എന്റെ നിസ്സഹായാവസ്ഥ കണ്ടുകൊണ്ടോ എന്നറിയില്ല ആ അമ്മ എന്നെ വിട്ടു പോയില്ല. രണ്ടു ദിവസം പോയതറിഞ്ഞില്ല. മോളും അമ്മമ്മയും നല്ല കൂട്ടായി. ചെറുപ്പത്തിലേ 'അമ്മ നഷ്ടപ്പെട്ട ഞാൻ അമ്മയുടെ വാത്സല്യം അനുഭവിച്ചറിയുകയായിരുന്നു ശ്രീക്കുട്ടി, അമ്മമ്മയുടെയും. അരുൺ കുറച്ചു ദിവസം കൂടെ എടുക്കും തിരിച്ചുവരാൻ മോളെ ഡേ കെയറിൽ വിടാനും ഒക്കില്ല. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങവേ ആ അമ്മ ശ്രീ കുട്ടിയോട് പറയുന്ന കേട്ടു "എനിക്കും നിന്നെ പോലെ ഒരു മോളുണ്ടായിരുന്നു. പക്ഷെ വലുതായപ്പോൾ അവൾക്കിഷ്ടമുള്ള ആളുടെ കൂടെ പോയി" പിന്നെ സാരി തുമ്പു കൊണ്ട് കണ്ണീർ ഒപ്പുന്നതിനിടയിൽ പറഞ്ഞു എവിടെ ഉണ്ടെങ്കിലും സന്തോഷമായിരിക്കട്ടേ. 

എന്റേത് ഒരു പ്രേമ വിവാഹമാണെന്നും എഞ്ചിനീയറിംഗ് കോളേജിൽ വച്ച് ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചതാണ് അരുണിനെ എന്നും 'അമ്മ' പ്രസവത്തിലെ മരിച്ചു പോയെന്നും അച്ഛൻ പിണക്കത്തിലാണെന്നും എല്ലാം കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ആ അമ്മയോട് പറഞ്ഞപ്പോൾ എന്നേക്കാൾ ദുഃഖം ആ അമ്മയ്ക്കായിരുന്നു. "ഇന്ന് നീയും ഒരു അമ്മയാണ്. വളർത്തി വലുതാക്കിയ മക്കൾ നാളെ ഇട്ടേച്ചു പോവുമ്പോൾ തകർന്നു പോവും. അതുകൊണ്ടു അച്ഛനെ കൈവിടരുത്. മോള് ഇപ്പോൾ തന്നെ വിളിക്കു. ആ വിളിക്കു കാതോർത്തു നിൽക്കുവായിരിക്കും അദ്ദേഹം." മഞ്ഞു മലകൾ ഉരുകുകയായിരുന്നു നിറഞ്ഞ കണ്ണുകളിൽ വികലമായ അക്ഷരങ്ങൾ തിരയുകയായിരുന്നു മൊബൈലിൽ "അച്ഛൻ" റിങ് ചെയ്തു എടുത്തതും എന്റെ ശബ്ദം പുറത്തു വന്നില്ല "അച്ഛാ.." അപ്പുറത്തു നീണ്ട നിശബ്ദതയ്ക്കു ശേഷം "ഉം.." എന്ന് കേട്ടതും കരച്ചിലടക്കാനായില്ല "നിനക്ക് സുഖമാണോ?" എന്റെ വിശേഷങ്ങളെല്ലാം അറിഞ്ഞ അച്ഛൻ അരുൺ വന്നാൽ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അങ്ങനെ അച്ഛനുമായുള്ള പിണക്കം മാറി, ആ 'അമ്മ' വളരെ സന്തോഷിച്ചു. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ തുടങ്ങവേ അമ്മ പറഞ്ഞു "മോളെ ഞാൻ തനിച്ചാണ്. മോൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അരുൺ വരുന്നത് വരെ മോൾക്ക് എന്നോടൊപ്പം നിൽക്കാം." അമ്മയ്ക്ക് എന്നോടൊപ്പം വരാമല്ലോ എന്റെ ഫ്ലാറ്റിൽ താമസിക്കാം ഉത്തരത്തിനു കാത്തു നിൽക്കാതെ ഞാൻ കാർ ലക്ഷ്യമാക്കി നീങ്ങി. പിന്നിൽ നിന്നും 'അമ്മ' പറഞ്ഞു "ശരി അരുൺ വരട്ടെ" അമ്മയെ പിരിയാൻ എനിക്ക് മനസ്സില്ലായിരുന്നു. എന്നെക്കാളേറെ ശ്രീക്കുട്ടി അമ്മമ്മയോട് അവളുടെ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുന്നു. മോളുടെ കാര്യങ്ങളെല്ലാം 'അമ്മ' തന്നെയായിരുന്നു നോക്കിയത്. 

അതിനിടയിൽ ഒരുദിവസം ഓഫീസിൽ പോയി അത്യാവശ്യ കാര്യങ്ങൾ തീർത്തു വർക്ക് അറ്റ് ഹോം പെർമിഷൻ എടുത്തു മടങ്ങി വരുമ്പോളേക്കും ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു 'അമ്മ'. ആശ്ചര്യപ്പെട്ടു നിന്ന എന്നെ ശ്രദ്ധിക്കാതെ പ്ലേറ്റ് എടുത്തു മേശ പുറത്തു വച്ച് കൊണ്ട് എന്നോട് പറഞ്ഞു "വീട്ടിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരം വരെ പാടം. മുമ്പൊക്കെ കൃഷി ഉണ്ടായിരുന്നു. ഇപ്പോൾ പലരും പല കൃഷിയും ചെയ്യുന്നു. ഞാൻ ഒന്നും വാങ്ങാറില്ല. അതുകൊണ്ട് തന്നെ ഒന്ന് വിളിച്ചേ ഉള്ളൂ ദാ.. ഇതെല്ലാം ഇവിടെ എത്തി. എനിക്ക് പരിചയമില്ലാത്ത സ്ഥലമൊന്നുമല്ല ഇത്.. അതുകൊണ്ടു വഴി പറഞ്ഞു കൊടുക്കാൻ എളുപ്പമായി. എന്തായാലും അരുൺ ഇന്ന് വരുവല്ലേ അതിനു ശേഷം ഇറങ്ങാം എന്ന് കരുതി. പഴയ വീടല്ലേ ഞാൻ പോയില്ലേൽ ശരിയാവില്ല." എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടെങ്കിലും എന്റെ മുഖത്തു നോക്കാതെ ഉള്ള സംസാരം അമ്മയുടെ ഉള്ളിലെ ദുഃഖം ഞാൻ അറിയാതിരിക്കാനാണെന്നു എനിക്ക് മനസ്സിലായി. ഓടി പോയി ആ അമ്മയെ കെട്ടി പിടിച്ചു രണ്ടു പേരും കരയുകയായിരുന്നു. അരുണേട്ടൻ ആദ്യം ആരാ എന്താ എന്നൊന്നും അറിയാതെ എന്നൊക്കെ പറഞ്ഞു.. ആദ്യം ചീത്ത പറഞ്ഞെങ്കിലും ഇപ്പോൾ അമ്മയോടും സംസാരിക്കും മോളുടെ വിശേഷം തിരക്കും. 

വൈകിട്ടോടെ അരുണേട്ടൻ എത്തി അൽപ സമയത്തിനുള്ളിൽ അമ്മയെ കൂട്ടാൻ ആരോ വന്നു. തിരിച്ചു പോവുന്നതിനിടയിൽ എന്റെ കൈയ്യിൽ പുറത്തു നിന്നും വന്ന ആൾ കൊണ്ടു വന്ന കവർ നീട്ടി "ഇത് ശ്രീക്കുട്ടിക്ക്" പിന്നെ ഹാൻഡ് ബാഗിൽ നിന്നും ഒരു കവർ എടുത്തു "ഇത് മോൾക്ക്" "എന്താ ഇത്?" എന്ന് ചോദിച്ച എന്നോട് അമ്മയോട് സ്നേഹമുണ്ടെങ്കിൽ ഇത് വാങ്ങിക്കൂ എന്ന് പറഞ്ഞു യാത്രയായി. അമ്മ പോയതിനു ശേഷം കവർ തുറന്ന എനിക്ക് സങ്കടമായി. ഒരു ബ്ലാങ്ക് ചെക്ക് താഴെ പേര് ദേവകി രാമവർമ. ഞാൻ അത് അരുണേട്ടനെ കാണിച്ചു. അരുണേട്ടൻ ഒരു പേന എടുത്തു എന്റെ പേര് എഴുതി "ടു.. ദേവകി" എമൗണ്ട്... ഒരു ലവ് സൈൻ വരച്ചു.. പിന്നെ പേരിനു മുകളിൽ വിത്ത് ലവ് എന്ന് എഴുതി താഴെ.. "ദേവകി രാമവർമ്മ" പിന്നെ ഒരു ഫോട്ടോ ഫ്രെയിമിൽ കയറ്റി വെച്ചു. ഇടയ്ക്കൊക്കെ ഞങ്ങൾ അമ്മയെ വിളിക്കാറുണ്ടെങ്കിലും എപ്പോഴോ തിരക്കിനിടയിൽ മറന്നു. അച്ഛനെ തിരിച്ചു കിട്ടിയ ഞാൻ അച്ഛന്റെ ബിസിനസ് നോക്കി നടത്തുവാൻ അരുണേട്ടനോട് പറഞ്ഞ കാര്യം സൂചിപ്പിച്ചു. പ്രതീക്ഷിച്ച പോലെ നിന്റെ പണത്തെ അല്ല ഞാൻ പ്രേമിച്ചതു എന്ന ഒഴുക്കൻ മറുപടിയും അതുകൊണ്ടുതന്നെ അച്ഛനെ കാണാൻ പോവാൻ അരുണേട്ടനും മടിയായിരുന്നു. 

അങ്ങനെ ഇരിക്കെ അപ്രതീക്ഷിതമായി രാവിലെ അച്ഛന്റെ ഒരു കാൾ "എവിടെയാ മോളെ?" "വീട്ടിൽ" "എന്നാൽ അവിടെ നിൽക്കൂ.. ഞാൻ വരുന്നു." അൽപ സമയത്തിനുള്ളിൽ അച്ഛനെത്തി കൂടെ ഒരാളും ഉണ്ടായിരുന്നു. "മോളെ ഇത് മോൾക്കുള്ള വിൽപത്രമാണ്. അമ്മയ്ക്കുള്ള എല്ലാ അവകാശവും അമ്മയ്ക്ക് ശേഷം ഇനി നിനക്കാണ്. അത് വാങ്ങി നോക്കി. എന്റെ കൈകകൾ വിറയ്ക്കുന്നുണ്ടായിരുന്നു. നിര നിരയായി എഴുതിയ വരികൾക്കടിയിൽ നീല നിറത്തിൽ സുന്ദരമായ ഒരു ഒപ്പു താഴെ പേരും "ദേവകി രാമവർമ". അശരീരി പോലെ അച്ഛന്റെ ശബ്‍ദം. അൽപദിവസത്തിനിടെ നിന്റെ അമ്മമ്മ മരണപ്പെട്ടു. അനന്തരാവകാശി നിന്റെ അമ്മയെ അന്വേഷിച്ചു വന്നതാണ് ഈ അഡ്വക്കേറ്റ്. ഈ ഫ്ലാറ്റ് നിൽക്കുന്ന സ്ഥലവും അമ്മമ്മയുടേതായിരുന്നു. സ്ഥലം വിറ്റപ്പോൾ ഇതിൽ രണ്ടു ഫ്ലാറ്റ് അമ്മമ്മയ്ക്ക് ഉണ്ട്. എന്റെ കാലുകൾ നിലത്തുറച്ചില്ല. ബെഡ്‌റൂമിൽ നിന്നും അവസാനമായി അമ്മയോടൊപ്പം എടുത്ത ഫോട്ടോ ഞാൻ അച്ഛനെ കാണിച്ചു "ഇതാണോ അച്ഛാ എന്റെ അമ്മൂമ്മ?" "അതെ അമ്മൂമ്മയുടെ പേരാണ് നിനക്ക് അമ്മ ഇടാൻ ഉദേശിച്ചത്‌. ആ വാക് ഞാൻ പാലിച്ചു.."

Content Summary: Malayalam Short Story ' Amma Ariyathe ' written by Naveen Pochappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com