ADVERTISEMENT

എന്തു കൊണ്ടാണ് എന്നറിയില്ല പ്രേതങ്ങൾ എല്ലാം പെണ്ണുങ്ങൾ ആണ്. വെളുത്ത സാരി ഉടുത്ത പാട്ട് പാടാൻ അറിയാവുന്ന പെണ്ണുങ്ങൾ. എനിയ്ക്കു പ്രേതങ്ങളെ വിശ്വാസമാണ്. കാരണം അവർ ഒന്നും ചെയ്യില്ല. പാവങ്ങളാണ്. കൈയ്യിൽ പണയം വയ്ക്കാൻ കൂടി ഒരു 'പണവട' പൊന്നു പോലുമില്ല. ഉരിഞ്ഞു മാറ്റി വിൽക്കാമെന്നു വെച്ചാൽ ആർക്കു വേണം ഇന്നത്തെ കാലത്ത് വെളുത്ത സാരി. ഞാൻ ആലോചിക്കാറുണ്ട്. എന്തു കൊണ്ട് യക്ഷികളും പ്രേതങ്ങളും നാടുവിട്ട് മറ്റു നാടുകളിൽ പോകുന്നില്ല? ഒരു പെണ്ണിനെ പ്രേമിച്ചു അവൾക്ക് 'വയറ്റിലുണ്ടായി' കഴിയുമ്പോൾ ഒറ്റ ചവിട്ടിനു കൊന്ന് കായലിലോ കുളത്തിലോ അവസരം കിട്ടിയാൽ കടലിൽ തന്നെ എറിയുന്നവർ പണ്ടുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാകണം. അറുകൊലയായി മാറുന്ന ഈ പെണ്ണ് അവനെ കൊല്ലാൻ നടക്കുന്നു. അവൻ പേടിച്ചു പണ്ടൊക്കെ മദ്രാസിലോ ബോംബെയിലോ പോകുന്നു. പിന്നെ അവൻ തിരിച്ചു വരണമെങ്കിൽ എത്ര രൂപയുടെ മന്ത്രവാദം ആവാഹനം. എന്തൊക്കെ പൊല്ലാപ്പാണ്. ഈ സമയം കൊണ്ട് അവനെ കൊല്ലാൻ നടക്കുന്ന പെങ്കൊച്ച് അവനെ തിരക്കി മദ്രാസിലും ബോംബെയിലുമൊന്നും പോകാതെ ഇവിടെ കാത്തു കിടക്കുന്നു. ഇടയ്ക്ക് പാടുന്നു. കുളിക്കാതെയും കഴുകാതെയും ഒരേ സാരി ഉടുത്ത് ഒരേ ബ്ലൗസിട്ട് കറങ്ങി നടന്നു അവസാനം മന്ത്രവാദിയുടെ കൂടെ സ്ഥലം വിടുന്നു. ഇവളുമാർക്കൊന്നും എങ്ങും പോകാൻ വഴി അറിയേലെ.

എങ്ങനെയോ കറങ്ങി തിരിഞ്ഞു ഞാൻ ആറല്‍വായ്‌മൊഴിയിലെത്തി. ഇനി മധുരയിലെത്തണം. രാത്രി പതിനൊന്നരയ്ക്ക് ആണ് ട്രെയിൻ. നല്ല പനംകള്ള് കിട്ടി. അതിൽ പനം നൊങ്കും ഇട്ട് വലിച്ചു കുടിച്ച് സ്റ്റേഷനിലെത്തി. ഇനിയും സമയം ഉണ്ട്. വന്നപ്പോളെ എന്റെ നോട്ടം ഒരു തമിഴത്തിയിലെത്തി. മലയാളി പെണ്ണുങ്ങളെ പോലെ തമിഴത്തികൾക്ക് അത്ര പെട്ടന്നു കുടവയർ ഉണ്ടാകുന്നതു കണ്ടിട്ടില്ല. ഇവൾക്ക് ഒട്ടുമില്ല. പിന്നെ ആണുങ്ങളെ പറ്റിക്കാൻ ഇവളുമാർക്ക് ഒരു നമ്പർ ഉണ്ട്. രണ്ടു വർഷം മുൻപേ ഉപേക്ഷിക്കേണ്ട വസ്ത്രം ഇപ്പോൾ ഇടും. അതവളെ ആകെ വലിച്ചു മുറുക്കി നിർത്തും. ഞാൻ ഒന്നു എറിഞ്ഞു നോക്കി. സംഗതി ഏറ്റു. നല്ല പഴുത്തൊരു മാമ്പഴം വീഴുന്നതു പോലെ അവൾ വീണു. ഞാൻ ചുറ്റും നോക്കി. എവിടെ സൗകര്യത്തിനൊരു മുറി? അല്ലെങ്കിൽ ഒരു മറവ്. വിട്ടു കളയാനും തോന്നുന്നില്ല. പുറത്തു പോയി ഒരു റൂം എടുക്കാനുള്ള സമയവും ഇല്ല. ഏതായാലും ഞാൻ അവളെ കൈ കാണിച്ചു ഞാനിരിക്കുന്ന ബെഞ്ചിലേയ്ക്ക് വരുത്തി. അവൾ ഞാൻ ഉദ്ദേശിച്ച ടൈപ്പ് തന്നെ ആകണം. കാരണം വെറുതെ അതിലെ നടന്നു പോയ ഒരു കിളവൻ ഞങ്ങളെ നോക്കിയിട്ടു നിലത്തേയ്ക്ക് ആഞ്ഞു തുപ്പി. 

'പോയ് സാവ് കിളട്ട് പൈത്യം' (പോയി ചാക് കിളവൻ ഭ്രാന്താ) അവൾ അയാളെ നോക്കി പ്രാകി. ഞാൻ സമയം നോക്കി. ട്രെയിൻ എപ്പോൾ വരും. അറിയില്ല. 'ഇടമിരുക്കാ'? (സ്ഥലമുണ്ടോ) ഞാൻ തിരക്കി. അവൾ തന്നെ വഴിയും പറഞ്ഞു.

'എങ്കേ പോകണം' (എവിടെ പോകണം) 'മധുര' ഞാൻ പറഞ്ഞു. 'പാസഞ്ചർ വണ്ടി താനെ കടശ്ശി കമ്പാർട്ടിൽ ഏറിടുങ്കോ. ഗാർഡ് റൂമുക്ക് മുന്നാടി. '(പാസഞ്ചർ വണ്ടിയല്ലേ അവസാനത്തെ കമ്പാർട്ട്‌മെന്റിൽ കയറിക്കോളൂ. ഗാർഡ് റൂമിനു മുന്നിലുള്ള റൂമിൽ)

'വാങ്കോ 'ന്നും പറഞ്ഞു അവൾ എഴുന്നേറ്റു സ്റ്റേഷന്റെ മറ്റേ അറ്റത്തേയ്ക്ക് നടന്നു. ഇരുട്ടിൽ ഞാൻ പുറകേയും. 'വണ്ടി വരുവാനായി ഞാനും അവളും കാത്തു നിന്നു. നല്ല ഇരുട്ടില്ല എന്നാലും വിശദാംശങ്ങൾ കാണുവാൻ ബുദ്ധിമുട്ടുണ്ട്. സമയം പോകുവാനായി ഞാൻ ബാഗ് തുറന്നു ഫ്ലാസ്ക്കില്‍ സൂക്ഷിച്ചിരുന്ന മിച്ചം പനം കള്ളും വലിച്ചു കുടിച്ചു. ഇടയ്ക്ക് അവളെ ഓർത്തപ്പോൾ തിരിഞ്ഞു നിന്നു വേണോയെന്നു ചോദിച്ചു.

'എന്നത്' (എന്താണ്) അവൾ തന്നെ ഫ്ലാസ്ക് മണത്തിട്ടു ചോദിച്ചു 'പനത്തണ്ണിയാ' (പനംകള്ളാണോ ') അവൾ പുറകോട്ടു മാറി 'എനക്ക് വേണ്ടാം മുരുകാ വയർ നാശമായിടും ' (എനിയ്ക്ക് വേണ്ടാ മുരുകാ വയർ ചീത്തയാകും) എന്നിട്ട് എന്നോട് ചേർന്നു നിന്നവൾ ചോദിച്ചു

'റമ്മിരുക്കേ ക്വാർട്ടർ. വേണമാ? (റമ്മുണ്ട് ക്വാർട്ടർ. വേണോ) അവൾ സാരിയുടെ കുത്തിൽ തട്ടി കാണിച്ചു. വേണ്ടന്നു കാണിച്ചിട്ടു ഞാൻ പനംകള്ള് കുടിച്ചു. 

'മണി വന്ത് പതിനൊന്നു പതിനാറ്. വണ്ടി മൂന്ട്രു നിമിടത്തിൽ വന്തിടും തിരുനെല്വേലി എത്തുമ്പോത് മണി വന്ത് പന്ത്രണ്ടര ആയിടും. അതു പോതുമല്ലയാ. അഡ്വാൻസ് നൂറ് കൊടുത്തിട്. മീതി നൂറ് നെല്ലയിൽ തന്തിട് ' (മണി ഇപ്പോൾ പതിനൊന്നു പതിനാറ്. വണ്ടി മൂന്നു മിനിറ്റിൽ വരും തിരുനെൽവേലി എത്തുമ്പോൾ പന്ത്രണ്ടര ആകും. അതു മതിയല്ലോ അല്ലെ. അഡ്വാൻസ് നൂറ് തരൂ ബാക്കി തിരുനെൽവേലിയിൽ വെച്ച് തരണം) എനിക്ക് ബോറടിച്ചു തുടങ്ങി. എന്നാലും ഞാൻ പേഴ്‌സ് തുറന്നു ഇരുനൂറ്റമ്പത് രൂപയും നൽകി.

ദൂരെ നിന്നും വിളക്ക് കണ്ട് തുടങ്ങി. സമയം കൃത്യം. വണ്ടി അടുത്തെത്തിയപ്പോൾ അവൾ സാരി കൊണ്ടു മാറിലെ വിയർപ്പ് മാറ്റാൻ ശ്രമിച്ചു. ഞാൻ തടഞ്ഞു. ട്രെയിനിന്റെ വെളിച്ചം വീണപ്പോൾ വിയർപ്പിനൊരു ഭംഗി. പനംകള്ള് വിചാരിച്ച പോലെ ശരിയാകുന്നില്ല. ഞാൻ പോക്കറ്റിൽ നിന്നും ഒരു കാമ്പോസ് എടുത്തു വായിലിട്ടു. അഞ്ചു മിനിറ്റിനുള്ളിൽ ഇവൻ പനം കള്ളിനെ ഉഗ്രോഗ്രൻ സ്‌കോച്ചാക്കും. അവൾ എന്നെ നോക്കി.

ഗുളിക തിന്നത് കണ്ടിട്ടാകാം എന്റെ നെറ്റിയിൽ തൊട്ടു നോക്കിയിട്ട് പറഞ്ഞു 'കടവുളേ നല്ല കായ്ച്ചൽ ' (ദൈവമേ നല്ല പനി) അവൾ ബ്ലൗസിനുള്ളിൽ നിന്നും ഞാൻ കൊടുത്ത പണമെടുത്തു തിരിച്ചു നീട്ടി. 'എടുത്തിട് അയ്യാ.. ഉനക്ക് ഉടമ്പ് ശരിയല്ലെ' (എടുത്തോളൂ നിങ്ങൾക്ക് ശരീരത്തിനു സുഖമില്ലല്ലോ).

ഞാൻ അവളെ ചേർത്തു പിടിച്ചു. 'ഭയമാ' (പേടിയാണോ) ഉൻ വിയർവെ ഏറ്റാലേ പോതും കായ്ച്ചിൽ പോയിടും' (നിന്റെ വിയർപ്പ് പറ്റിയാൽ മതി പനി പോകും).

അവസാനത്തെ ബോഗി ഞങ്ങളുടെ മുന്നിലെത്തി. ഞങ്ങൾ ആ ബോഗിയിൽ കയറി. ഇനി അതിനു പിന്നിൽ ഗാർഡ് റൂം മാത്രം. ആ ബോഗിയിൽ വെളിച്ചം പോലും ഇല്ലായിരുന്നു. അവളാണ് ഒരു കൂപ്പെയിലെ വിളക്ക് ഇട്ടത്. അപ്പോഴേയ്ക്കും ഞാൻ അടുത്ത കൂപ്പെയിലെത്തിയിരുന്നു. ഞാൻ കൈയ്യിലിരുന്ന ബാഗ് അതില്‍ വെച്ചു. വിളക്ക് ഇടാൻ തോന്നിയില്ല. അവൾ വന്നു വിളക്ക് തെളിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു. കാമ്പോസ് ജോലി തുടങ്ങിയിരിക്കണം. ആകെ ഒരു മന്ദത. അവൾ ഫാൻ ഇട്ടു. വണ്ടി ഓടി തുടങ്ങുകയും ചെയ്തു. അവൾ അടുത്തു വന്നിരുന്നു പുറത്തേയ്ക്ക് നോക്കി.

ഇടയ്ക്ക് അവൾ തിരിഞ്ഞു എന്നെ നോക്കി. 'കായ്ച്ചൽ എപ്പടി? '(പനി എങ്ങനെയുണ്ട്) ഞാൻ ഒന്നും മിണ്ടിയില്ല. അവൾ എന്നോട് ചേർന്നിരുന്നു. 'എന്ന ഉനക്ക് നൻറ്രാ പുടിച്ചിരുക്കു ഇല്ലയാ? ' (നിനക്ക് എന്നെ നന്നായി ഇഷ്ടപ്പെട്ടുവല്ലെ) 'കടശ്ശി മുതലെ നാൻ കവനിട്ടനാർ '(ആദ്യം മുതൽ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു). സ്വയം തെന്നി മാറിയെന്ന മാതിരി അവൾ സാരിത്തലപ്പ് മാറ്റി.

വണ്ടിയുടെ വേഗം കൂടിയോ? 'ഉനക്ക് കായ്ച്ചൽ അല്ലയാ ഇങ്കെ പടുത്തിടു കണ്ണാ' (നിനക്ക് പനിയല്ലെ ഇവിടെ കിടന്നുകൊള്ളു കണ്ണാ). അവൾ എന്റെ തലയിൽ പിടിച്ചു മുഖം അവളുടെ മാറിലേയ്ക്ക് അമർത്തി. പെട്ടന്ന് അവൾ എന്നെ വലിച്ചു മാറ്റി.

എന്റെ വായിൽ നിന്നാവണം ഒഴുകി ഇറങ്ങിയ ദ്രാവകം അവൾ മാറിൽ നിന്നും വടിച്ചെടുത്തു. 'എന്നെയിത്? പനത്തണ്ണിയാ '(എന്താണിത്? പനംകള്ളാണോ) അവൾ കൈയ്യിൽ പറ്റിയത് സാരിയിൽ തേച്ചിട്ടു സാരിത്തലപ്പു കൊണ്ട് മാറിടം തുടച്ചു. ഞാൻ അവളുടെ ചുണ്ടിലേയ്ക്ക് എന്റെ ചുണ്ടുകൾ അമർത്തിയതും അവൾ എന്നെ തള്ളി മാറ്റി. അവൾ ചാടി എഴുന്നേറ്റു. കൂടെ ഞാനും. 'ഉനക്ക്.. ഉനക്ക് എന്ന വാട ' (നിനക്ക് നിനക്ക് എന്ത് നാറ്റം) അവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി.

ഞാൻ അടുത്തു ചെന്നു. ഞാൻ വീണ്ടും അവളെ ചുംബിയ്ക്കുവാൻ അടുത്തു. പക്ഷേ അവൾ എന്റെ മുഖത്തു പിടിച്ചു തള്ളി. എന്നിട്ട് അവൾ അലറി. ഒരുവിധം ലൈറ്റിനടുത്തെത്തി അവൾ സ്വിച്ചിട്ടു. എന്റെ മുഖത്തു നിന്നാകണം കുറച്ചു അഴുകിയ മാംസം അവളുടെ കൈയ്യിൽ പറ്റിയിരുന്നു. അതിലേയ്ക്ക് നോക്കിയും എന്റെ മുഖത്തേയ്ക്ക് നോക്കിയും അവൾ വീണ്ടും വീണ്ടും അലറി.

ഞാൻ ഷർട്ട് അഴിച്ചു മാറ്റി. അതിലാകെ അഴുകിയ മാംസക്കഷണങ്ങൾ പറ്റിയിരുന്നു. രാവേറേ ആകുന്നതിന് മുൻപേ മടങ്ങണമായിരുന്നു എന്നുള്ളത് മറന്നതിനു ലഭിച്ച ഓർമ്മപ്പെടുത്തൽ.

അവൾ ബാധ കേറിയവളെ പോലെ അലറിക്കൂവി. നിർത്താതെ നിർത്താതെ വലിയ ശബ്ദത്തിൽ അലറി. അലറിയലറി അവൾ ആകെ തളർന്നു താഴെ വീണു. ഞാനും ആകെ തളർന്നിരുന്നു. ഇനി രതി മറക്കാം.

ഞാൻ പതുക്കെ അവളുടെ അടുത്തെത്തി. തൊടുന്നെടം എല്ലാം അഴുകിയ മാംസക്കഷണങ്ങൾ പറ്റി പിടിക്കുന്നു. ഞാൻ അവളെ പൊക്കിയെടുക്കുവാൻ നോക്കി. പറ്റുന്നില്ല. കൈയ്യിൽ മാംസം അടന്നു മാറിയിട്ട് അസ്ഥികൾ മാത്രം.

ഞാൻ സീറ്റിലിരുന്നു പുറത്തേയ്ക്ക് നോക്കി. വേഗത്തിലോടുന്ന വണ്ടിയിൽ നിന്നും അതിവേഗം പിന്നോട്ട് പായുന്ന പനകൾ മാത്രം കാണാം.

അതിലേതിലെങ്കിലുമൊന്നിൽ ഒരു യക്ഷിയുണ്ടോ?

എനിക്ക് ചിരി വന്നു. യക്ഷിയോ? ഞാൻ പൊട്ടിച്ചിരിച്ചു. ചിരിയുടെ അനക്കം കൊണ്ടാകണം തലയിലെ മുടിയും മുഖത്ത് മിച്ചമായി ഉണ്ടായിരുന്ന തൊലിയും മടിയിലേയ്ക്ക് വീണു.

കൺപീലികൾ ഉണ്ടായിരുന്നുവെങ്കിൽ കണ്ണിൽ ഇപ്പോൾ കൃഷ്ണമണികൾ ഉണ്ടായിരുന്നുവെങ്കിൽ കണ്ണുകൾ അടച്ചിരിക്കാമായിരുന്നു.

Content Summary: Malayalam Short Story ' Prethangal Ellam Pennungal Aanu ' written by Mansoor Ahammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com