ജീവിത സമസ്യ – സലു അബ്ദുൾ കരീം എഴുതിയ അനുഭവക്കുറിപ്പ്

HIGHLIGHTS
  • ജീവിത സമസ്യ (അനുഭവക്കുറിപ്പ്)
1443566753
Representative image. Photo Credit: Liudmila Chernetska/istockphoto.com
SHARE

 തമാശകളായിരുന്നില്ല അത്, ആമാശയം നിറയ്ക്കുമ്പോഴുള്ള ആശ നിരാശകൾ. ബെഞ്ചിന്നടിയിൽ പോയി ഒളിച്ച് തിന്നുമ്പോൾ, ഉച്ചയ്ക്ക് വീട്ടിൽ വന്ന് കഞ്ഞി വെള്ളം ഉപ്പിട്ട് മോന്തുമ്പോൾ എല്ലാം ഒരു ധൃതി. ആരും കാണരുതെന്നുള്ള അഭിമാനക്കൊതി. തിന്നാൻ കൊതി കാച്ചിയ സാധനങ്ങൾ ഇടയ്ക്ക് മാത്രം കിട്ടുമ്പോൾ, ആർക്കും കണ്ണിൽ പിടിക്കാത്ത പലത് എന്നും കിട്ടുമ്പോൾ പശിയടങ്ങാൻ വേണ്ടി എന്തും ഉമ്മ പിരിശമോടെ തിന്നും. ചിലത് എല്ലാരേം കാണിക്കും, കാണിക്കാൻ പറ്റാത്ത പലത്, വീടിന്റെ ഇരുട്ടറയിലും ബെഞ്ചിന്റെ ചോട്ടിലും ഒതുങ്ങും. കഞ്ഞിടെ വെള്ളം ഉമ്മാടെ കൈയ്യിൽ ഇരുട്ടിൽ തിളങ്ങുമ്പോഴാവും പുറത്ത് നിന്നും കൂട്ടുകാരി ആത്തിക്കയുടെ വിളി, വള പോലും കിലുങ്ങാതെ ഉപ്പ് കലർത്തി അത് കുടിക്കുമ്പോൾ ഉമ്മ ഉറക്കെ വിളിച്ചു പറയും. "ദാ ടീ.. ചോറ് രണ്ട് വറ്റ് കൂടെ, ദിപ്പോ കഴിയും." "ഹാ ശരി" എന്ന് പറഞ്ഞ് അവൾ നിൽക്കുമ്പോൾ, വള കിലുക്കി, പള്ളയിൽ കുലുങ്ങുന്ന കഞ്ഞി വെള്ളത്തിന്റെ ഒച്ച കേൾപ്പിക്കാത്ത തരത്തിൽ ഉമ്മ ചുമയ്ക്കും, പിന്നെ ചിരിച്ച് കൊണ്ട് പറയും. "ഓഹ്.. കൂട്ടാനിൽ എന്തൊരു എരി, കുറച്ചധികം വെള്ളം കുടിച്ചു. പള്ളയിൽ വെറും വെള്ളം മാത്രമായി, ചോറൊക്കെ അടിവയറ്റിലേക്ക് താന്നു പോയി ഇന്റെ ആത്തിക്കാ." കൂടെയുള്ള ആങ്ങളയോടും ഉമ്മ ആംഗ്യം കാണിക്കും, അവനും ഒന്നും മിണ്ടില്ല, ആത്തിക്കയെ കണ്ട ഭാവം പോലും അവൻ നടിക്കില്ല. ഉമ്മായ്ക്ക് പണ്ടേയ്ക്ക് പണ്ടേ ജീവിതാശങ്കകൾ തുടങ്ങിയിട്ടുണ്ട്, കരിവളകളുടെ കിലുക്കങ്ങളുടെ കൂടെ തലയിലിട്ട് കുലുക്കി നടക്കാൻ പോന്ന നെടുവീർപ്പുകൾ. പല കാലങ്ങളേയും പറ്റി ഉമ്മായ്ക്ക് പറയാൻ പല കഥകളും കൊതികളുമുണ്ടായി.

അങ്ങനെയിരിക്കെ ഒരു മകരച്ചൊവ്വക്കാലം, സ്കൂളിൽ നിന്നും ഇടയ്ക്ക് മാത്രം കിട്ടുന്ന ഇത്തിരി ഉപ്പ് മാവിൽ കൈവിരൽ പൂഴ്ത്തി ആനന്ദത്തോടെ ഇരിക്കുമ്പോൾ ഉച്ച മണി നാദങ്ങളുടെ കൂടെ ഭദ്രകാളിയെ പ്രകീർത്തിച്ച് നീങ്ങുന്ന ചിലങ്ക മണി നാദങ്ങൾ അരികൊപ്പിച്ച് കേട്ടു. പാതി വെന്ത ഉപ്പ് മാവ്, പാതി ചവച്ച് ആധിയോടെ എണീറ്റവരുടെ കൂട്ടത്തിൽ ഉമ്മയും എണീറ്റു. സ്വന്തം ആങ്ങളയ്ക്കുള്ള ബാക്കി ഇത്തിരി കൂടിയേ ആ പാത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. അവന്റെ വയറിലെ വേവും കാളലും ഓർത്ത് കൊണ്ടുള്ള പിടഞ്ഞെണീക്കൽ. തിറയുടെ കൊട്ട് കേട്ടില്ലായിരുന്നെങ്കിൽ താൻ ഞെട്ടി എണീറ്റില്ലായിരുന്നെങ്കിൽ പിശുക്കി വെക്കാൻ എന്റെ വിശപ്പ് സമ്മതിക്കില്ലായിരുന്നല്ലോ എന്നൊരു നെടുവീർപ്പിടൽ. തിറയുടെ നെഞ്ചിലെ വരയും, കുറിയും അലങ്കാരവും പോലെ കൈയ്യിലും, ചിറിയിലും, ഉപ്പ് മാവിന്റെ പശപ്പ് മുഴുവൻ കഴുകാൻ മറന്ന അലങ്കാരമാക്കി ഉമ്മ അപ്പുറത്തെ ക്ലാസ്സിലേക്ക് ഇറങ്ങിയോടി. ഭദ്രമായി കൈപ്പിടിയിൽ അടക്കിപ്പിടിച്ച പുസ്തകക്കെട്ടും, കൂടെയുള്ള ആങ്ങളയുമായി. കള്ള് കുടിക്കാൻ കയറിയ തിറക്കൂട്ടങ്ങളെയും, പൂതങ്ങളെയും, കാളികളെയും കാത്ത് അന്നേ ദിവസം ഉമ്മ പിന്നെ വയറ് കാളി നിൽക്കും. കള്ള് കുടിച്ച സന്തോഷത്തോടെ അവർ ആടിയാടി വീണ്ടും ഉറഞ്ഞു തുള്ളുമ്പോൾ, അവയുടെ വാളും, ആക്രോശവും കണ്ട് ഉമ്മ ആങ്ങളയെ അരികിലേക്ക് ചേർത്ത് നിർത്തും. 

അരച്ചാൺ വയറുണ്ടിരുന്ന കാലത്ത്, ആധിയും, വ്യാധിയും, വസൂരിയും, മുറി വൈദ്യവും മാത്രം അരങ്ങത്തുള്ളൊരു കാലത്ത്. അലക്കി വെളുപ്പിച്ച സകല കുപ്പാങ്ങൾക്കും ഓട്ടയുള്ളൊരു കാലത്ത്, അരിയും അര അണയും തമ്മിലറിയാത്ത കാണാത്ത കാലത്ത്. ഭദ്രകാളി എല്ലാം ഭദ്രമാക്കും എന്ന വിശ്വാസക്കാർക്ക് പിന്നാലെ ഉമ്മയും ആങ്ങളയും സ്കൂൾ വിട്ട ഉച്ച നേരത്ത് നടക്കും. ഉച്ചിയിലുള്ള പടച്ചോനോട് നിഷ്കളങ്കമായ ബാല്യത്തിന്റെ ചില ചേറിപെറുക്കലുകളും കൊണ്ടാണ് അവർ അന്നേ ദിവസം നടന്നത്. നാളെ ഉച്ചക്കെങ്കിലും വെന്ത് പാകപ്പെട്ട നാല് വറ്റ് കിട്ടണേ, ഉപ്പാക്ക് നയിക്കാൻ ആവതുണ്ടാവണേ, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരാൻ ഇടയ്ക്ക് കിട്ടുന്ന ഉപ്പ് മാവ് ഇടയ്ക്കിടയ്ക്ക് കിട്ടണേ.. സകല പുകിലുകളിൽ നിന്നും ജീവിതത്തെ കാക്കണേ.. ഞങ്ങളുടെ ജീവിതവും ഭദ്രമാക്കണേ പടച്ചോനെ... എന്ന വല്ലാത്ത പെടപ്പോടെ. 

Content Summary: Malayalam Experience Note ' Jeevitha Samasya ' written by Salu Abdul Kareem

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS