ADVERTISEMENT

ആ ഞായറാഴ്ച ദിവസം വൈകുന്നേരം ഞാൻ പാലക്കാട്ടേക്കു ബസ്സുകയറി. സൈഡ് സീറ്റിൽ ഇരുന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കി. എന്റെ കണ്ണ് പ്രകൃതി ഭംഗിയാൽ നിറഞ്ഞു. ഒരുപാടു കടകൾ എന്നിൽ നിന്നു മറഞ്ഞുപോയി. ഒരു നേരത്തെ ഭക്ഷണത്തിനായി പല ജോലികളും ചെയ്യുന്നവരെ ഞാൻ കണ്ടു. വെയിലേൽക്കുന്നവരെയും തണലേൽക്കുന്നവരെയും ഞാൻ കണ്ടു. പെട്ടന്ന് ബസ്സ് ഒരു സ്റ്റോപ്പിൽ നിർത്തി. ഒന്നു ഞെട്ടിയ ഞാൻ പുറത്തേക്കു നോക്കി. അപ്പോഴാണ് ആ കാഴ്ച എന്റെ കണ്ണിൽപെട്ടത്. സ്കൂൾ ബാഗിട്ട വയസ്സായ ഒരാൾ. അപ്പൂപ്പൻ എന്ന് ഞാൻ വിശേഷിപ്പിച്ചു. ആദ്യം ഞാൻ കരുതിയത് അപ്പൂപ്പനോടൊപ്പം ഒരു കുട്ടിയുമുണ്ടാകുമെന്നും ബാഗ് ആ കുട്ടിയുടേതായിരിക്കുമെന്നുമാണ്. പക്ഷെ ആ അപ്പൂപ്പൻ ഒറ്റയ്ക്കായിരുന്നു. ആ ബാഗ് അപ്പൂപ്പന്റേതു തന്നെയായിരുന്നു. പിന്നീട് ഞാൻ കരുതിയത് അപ്പൂപ്പൻ വാഹനത്തിനായി കാത്തു നിൽക്കുകയാണെന്ന്. കൈ കൊണ്ട് നിർത്ത് എന്ന് പറയും പോലെ കാണിച്ചിരുന്നു. ഞാൻ ശ്രദ്ധ കൂട്ടി ഒന്ന് നോക്കിയപ്പോൾ വണ്ടി നിർത്താൻ അല്ലായിരുന്നു ആ ആംഗ്യഭാഷയിൽ കാണിക്കുന്നത്. കൈ നീട്ടി പിന്നെ തന്റെ നെഞ്ചിലേക്കു വെക്കുകയായിരുന്നു. 

ആ അപ്പൂപ്പൻ ഒരു ഭിക്ഷക്കാരനാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ അപ്പൂപ്പനെ നോക്കികൊണ്ടേയിരുന്നു. അപ്പോഴേക്കും ബസ്സ് മെല്ലെ നീങ്ങിതുടങ്ങി. ആ അപ്പൂപ്പൻ എന്റെ കണ്ണിൽ നിന്ന് മറഞ്ഞു പോയി. എനിക്ക് അപ്പൂപ്പനെ സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഈ കാലത്ത് രണ്ടുതരം ഭിക്ഷക്കാരുണ്ടല്ലോ. ഒന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നവർ, രണ്ട്, ഭിക്ഷക്കാരാണെന്ന് അഭിനയിച്ച് മറ്റു പല ഉദ്ദേശവും മനസ്സിൽ വെച്ച് കൈ നീട്ടുന്നവർ. ആ ഭിക്ഷക്കാരനായ അപ്പൂപ്പനെ കണ്ടപ്പോൾ എനിക്ക് ഒന്നാമത്തെ തരത്തിലുള്ള ഭിക്ഷക്കാരനായാണ് തോന്നിയത്. പിന്നീട് പാലക്കാട്‌ എത്തും വരെയും എന്റെ ചിന്ത ബാഗിട്ട അപ്പൂപ്പനെ കുറിച്ചായിരുന്നു. പാലക്കാട്‌ എത്തി എന്റെ ആവശ്യങ്ങൾ കഴിഞ്ഞ് മാമയുടെ വീട്ടിൽ തങ്ങി.

സൂര്യന്റെ ഉദയ വെളിച്ചവും കോഴിയുടെ കൂവലും എന്നെ ഉറക്കത്തിൽ നിന്നുമുണർത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞു തോട്ടത്തിലേക്കു പോയി. അവിടെ കുറച്ചു സമയം ചിലവഴിച്ച് നേരം 10:30 ന് അവിടെ നിന്ന് ബസ് കയറി. അതേ ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞിരുന്നു. ഞാൻ ഉൾക്കണ്ണും തുറന്ന് ആ അപ്പൂപ്പനെ നോക്കി. ഇന്നും അതേ സ്ഥലത്ത് ഉണ്ടായിരുന്നു. ഇന്നലെ ചെയ്ത അതെ കാര്യം ഇന്നും ആംഗ്യ ഭാഷയിൽ കാണിക്കുണ്ട്. ഇന്ന് ഈ സമയം വരെ അപ്പൂപ്പനെ ആരും സഹായിച്ചു കാണില്ലേ...? അപ്പൂപ്പൻ ഒന്നും കഴിച്ചിട്ടുണ്ടാവില്ലേ...? ആ അപ്പൂപ്പന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഇന്ന് ഇവിടെ സഹായിക്കാൻ കഴിവുണ്ടായിട്ടും സഹായിക്കാത്ത ഓരോരുത്തരുമല്ലേ...? ബസ്സ് മുന്നോട്ടു നീങ്ങി. ഭിക്ഷക്കാരനായ അപ്പൂപ്പൻ എന്നിൽ നിന്നും അകന്ന് പോയി. ഇന്നും മാമയുടെ വീട്ടിലേക്ക് പോകുമ്പോൾ ആ ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ ആദ്യം എന്റെ മനസ്സിൽ ബാഗിട്ട അപ്പൂപ്പനെ ഓർമ്മവരുക. മനസിൽ മായാത്ത ചിത്രമായി...

Content Summary: Malayalam Experience Note ' Maayaatha Chithram ' written by Jinsha A. Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com