ADVERTISEMENT

ഈ പെയ്യും മഴപോൽ അന്ന് ഞാൻ

പാതിയുടൽ കുതിർന്ന്, കുടയും ചൂടി

പള്ളിക്കൂടത്തിൽ പോകാറുണ്ട്.

നനഞ്ഞുടൽ പാതി വിറയ്ക്കുമ്പോൾ

കമ്പിയൊടിഞ്ഞ കറുത്ത കുട ഞാൻ

പകുതികീറിയ ബാഗിൽ തിരുകാറുണ്ട്.
 

പിഞ്ഞിതുടങ്ങിയ യൂണിഫോം

പിഴിഞ്ഞ്, ഒടുവിലത്തെ കാലൊടിഞ്ഞ

ബെഞ്ചിലിരിക്കാറുണ്ട്.

കഞ്ഞിപ്പുര വാതിൽ തുറക്കും

കാത്തെന്റെ കണ്ണുകൾ രണ്ടും

ഏറെനേരം പായാറുണ്ട്.
 

ഒന്നിന്റെ മണിയൊന്നു

മുഴങ്ങുമ്പോൾ ഉമിനീർ വറ്റിയ

നാവ് കൊതിക്കാറുണ്ട്.

ക്യൂവിൽ കാത്തുനിന്ന്

ചോറ്റ് പാത്രത്തിൽ കഞ്ഞി വാങ്ങി

മോന്തി കുടിക്കാറുണ്ട്.
 

നീളമുള്ള മുടിയിഴകൾ ചിലത് പലപ്പോഴും

ചൂട് കഞ്ഞിയുടെയും പയറിന്റെയുമൊപ്പം

വെന്തു തിളയ്ക്കാറുണ്ട്.

കണ്ടില്ലെന്നു നടിച്ചു ഞാനവയൊക്കെ

തരം തിരിച്ചു ശ്രദ്ധയോടെ,

അക്ഷമയോടെ മാറ്റാറുണ്ട്..
 

ചെറുകല്ലിന്റെയും പല്ലികാഷ്ഠത്തിന്റെയും

എലി കാഷ്ഠത്തിന്റെയും രുചി ഞാനെന്റെ

കഞ്ഞിയിൽ വേർതിരിച്ചു നുണയാറുണ്ട്.

ആഴ്ചയിൽ കഞ്ഞിക്കൊപ്പം കിട്ടുമൊരു

മുട്ടയ്ക്കായ് മണിയൊന്നാകാൻ പകൽ 

സമയമുന്തി നീക്കാറുണ്ട്.
 

മൂന്ന് മണി നേരം, അര ഗ്ലാസ്‌ വെള്ളം

തുളുമ്പിയ മധുരമില്ലാ പാലും കൊതിയുടെ

ഗതിയെ സാരമായി തകർക്കാറുണ്ട്..

ചോറ്റ് പാത്രത്തിൽ മോഷ്ടിച്ചു വെച്ചൊരു

വെന്ത മുട്ട ഞാൻ കാത്തിരിക്കും

അമ്മയ്ക്കായി കരുതാറുണ്ട്.
 

ബിരിയാണിയും കോഴിക്കറിയും മുട്ട

പൊരിച്ചതും മീൻ വറുത്തതും ഗന്ധം

പടർത്തുമ്പോൾ കണ്ണുകൾ നനയാറുണ്ട്.

"പുഴുത്ത" അരിയുടെ കഞ്ഞിയ്ക്ക്

ഇത്രയും രുചിയെങ്കിൽ ഈ പടർത്തും

ഗന്ധങ്ങൾക്ക് ഏറെ രുചിയാകുമെന്ന് 

നിനയ്ക്കാറുണ്ട്.
 

സൗഹൃദങ്ങൾ, നിറം നോക്കി വർഗ്ഗം 

നോക്കി എണ്ണി തിട്ടപ്പെടുത്തി പങ്കിടുന്ന

കാലമൊത്തിരി ഞാനും കണ്ടിരുന്നു.

ഒടുവിൽ ഇന്നിവിടെ ഈ പള്ളിക്കൂട വേദിയിൽ

നിങ്ങൾക്കായി ഞാൻ വാക്കുകൾ കൊണ്ട് 

ആശംസകൾ അറിയിക്കുമ്പോഴും ഞാനെന്റെ

പഴയ ചിത്രങ്ങൾ ഓർക്കുന്നു..
 

Content Summary: Malayalam Poem ' Ormayude Chithariya Kadalas Thundukal ' written by Nidhinkumar J. Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com