ADVERTISEMENT

തിരുവനന്തപുരത്തെ പ്രശസ്തമായ പുരാതനമായ ഒരു നായർ തറവാട്ടിലെ മൂത്ത മരുമകൾ ആണ് അലമേലു തങ്കച്ചി. വയസ്സ് 50. സുന്ദരി, സുശീല, അതിസമ്പന്ന. ഭർത്താവിന് ആണെങ്കിൽ ഗൾഫ് നാട് കേന്ദ്രീകരിച്ച് പലതരം ബിസിനസ്സുകൾ. ബിസിനസും എസ്റ്റേറ്റും ഒക്കെ ഊട്ടിയിൽ ആയതുകൊണ്ട് അവിടെയാണ് സ്ഥിര താമസം. അലമേലു തങ്കച്ചി മിക്കവാറും ഭർത്താവുമായി ഗൾഫ് ടൂറിൽ ആയിരിക്കും. അതുകൊണ്ട് തന്നെ രണ്ട് പെൺമക്കളെയും ബോർഡിങ്ങിൽ ആണ് പാർപ്പിച്ചിരിക്കുന്നത്. പ്രായഭേദമില്ലാതെ അലമേലു പെട്ടെന്ന് എല്ലാവരുമായും ചങ്ങാത്തത്തിൽ ആകും. സംഭാഷണത്തിലുടനീളം പൊങ്ങച്ചം പറച്ചിൽ ഉണ്ടാകുമെങ്കിലും അലമേലു തിരുവനന്തപുരത്തെ കുടുംബ വീട്ടിലെത്തുമ്പോൾ എല്ലാ കുടുംബാംഗങ്ങൾക്കും നാട്ടിലെങ്ങും കിട്ടാത്ത അപൂർവമായ സമ്മാനങ്ങൾ ആണ് കൊടുക്കുക. അതുകൊണ്ടുതന്നെ ആ വലിയ കൂട്ടുകുടുംബത്തിൽ അലമേലുഅക്ക കഴിഞ്ഞേ അവിടെ ആർക്കും സ്ഥാനമുള്ളൂ. വൈരാഭരണങ്ങൾ നിർലോഭം വാരി അണിഞ്ഞു വരുന്ന അലമേലു ഈ വീടിന്റെ തന്നെ വിളക്ക് ആണെന്നാണ് അമ്മായിഅമ്മയുടെ അഭിപ്രായം.

പത്ത് മക്കളുള്ള തിരുവനന്തപുരത്തെ ആ തറവാട്ടിൽ സ്ഥിരതാമസം ഇളയ മകനും കുടുംബവും മാത്രമാണ്. ഓണം, ക്രിസ്മസ്, മധ്യവേനലവധി.. ആ സമയത്തു വിരുന്നുവരുന്ന ബാക്കി എല്ലാ കുടുംബാംഗങ്ങളെയും യാതൊരു പരാതിയും കൂടാതെ അന്വേഷിക്കേണ്ട ചുമതല ഇളയ മരുമകളായ കൃഷ്ണവേണിയുടെതാണ്. രണ്ടുമൂന്ന് ജോലിക്കാരുണ്ടെങ്കിലും എല്ലാ ഉത്തരവാദിത്വങ്ങളും പരമാവധി ഭംഗിയായി നിർവഹിക്കും കൃഷ്ണവേണി. 'വല്ലവളു വെച്ചാലും നല്ലവളു വിളമ്പണം' എന്ന് പറഞ്ഞ പോലെ ഭക്ഷണമെല്ലാം ഒരുക്കുന്നത് കൃഷ്ണവേണിയുടെ നേതൃത്വത്തിൽ ആണെങ്കിലും വിളമ്പാനും എല്ലാവരെയും ഊട്ടാനും മുൻപന്തിയിൽ തന്നെ അലമേലു ഉണ്ടാകും. "ആരും എന്താ ഒന്നും കഴിക്കാത്തെ? നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ടം നോക്കി അല്ലേ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത്" എന്നൊക്കെയുള്ള ഗീർവാണങ്ങളും തട്ടി വിടും. വല്ലപ്പോഴും വന്നുപോകുന്ന അതിഥികൾ അല്ലേ എന്ന് കരുതി കൃഷ്ണവേണി ഒന്നിനും പ്രതികരിക്കില്ല.

അതിഥികൾ ഒക്കെ പോയി കഴിയുമ്പോൾ അമ്മായിഅമ്മയുടെ കൈയ്യിൽ നിന്ന് മിക്കവാറും കൃഷ്ണവേണിക്ക് നല്ല വഴക്ക് കിട്ടാറുണ്ട്. അധികവും ചില സാധനങ്ങൾ നഷ്ടപ്പെട്ടു എന്നും പറഞ്ഞു, അല്ലെങ്കിൽ അതിഥികളായി വന്നവർ നശിപ്പിച്ച സാധനങ്ങളുടെ ലിസ്റ്റ് ചൂണ്ടിക്കാട്ടി.. "നീ ശ്രദ്ധിക്കണമായിരുന്നു. അതിനെങ്ങനെയാ വിരുന്നുകാരെ കണ്ടാൽ അവരെക്കാൾ തുള്ളലല്ലേ നിനക്ക്." ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമല്ലോ! മൂന്നാല് ദിവസം കൊണ്ട് സൗന്ദര്യ പിണക്കം ഒക്കെ മാറ്റി അവർ വീണ്ടും ഒന്നാകും. സ്ഥിരമായി എനിക്ക് കൃഷ്ണവേണിയേ ഉള്ളൂ, ബാക്കി എല്ലാവരും വിരുന്നു വന്നവരാണെന്ന ബോധം അമ്മയ്ക്കും ഉള്ളതുകൊണ്ട് വേഗം പിണക്കം അവസാനിപ്പിക്കും. എന്നാലും ഇടയ്ക്കിടെ മുള്ളും മുനയും വച്ച് വീട്ടിൽ നിന്ന് കാണാതെപോയ സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ് നെടുവീർപ്പിടും. ആ ബെഡ് സ്പ്രെഡ് സിംഗപ്പൂരിൽ നിന്ന് എന്റെ മോള് കൊണ്ടുവന്നതായിരുന്നു. ക്രിസ്റ്റൽ ഡിന്നർ സെറ്റ് ഇവിടെ കടകളിൽ പോലും വാങ്ങാൻ കിട്ടില്ല. കുറെ ആകുമ്പോൾ സഹികെട്ട് കൃഷ്ണവേണി പറയും. "ഞാൻ ഇത് ഒന്നും എന്റെ വീട്ടിലേക്ക് പൊക്കി കൊണ്ടുപോയിട്ടില്ല. ഇനി വേണമെങ്കിൽ ഞാൻ വീട്ടിൽ പോകുമ്പോൾ ബാഗ് ചെക്ക് ചെയ്തിട്ട് വിട്ടാൽ മതി. ഞങ്ങളൊക്കെ സാധാരണക്കാരാണ്. സിംഗപ്പൂർ ഷീറ്റ് പുതച്ചല്ല ഉറങ്ങുന്നത്" എന്ന്. പിന്നെ അമ്മ മിണ്ടില്ല.

പതിവുപോലെ കുടുംബവുമായി അലമേലു മധ്യവേനലവധിക്ക് എല്ലാവർക്കും നാട്ടിലെങ്ങും കിട്ടാത്ത സമ്മാനങ്ങളുമായി തിരുവനന്തപുരത്തെത്തി. പെട്ടെന്ന് ഊട്ടിയിലെ തണുപ്പിൽ നിന്ന് വന്നത് കൊണ്ടാകാം തറവാട്ടു വീട്ടിലെ മുറികളൊന്നും എ.സി. അല്ലാത്തതുകൊണ്ട് അലമേലുവിന് ആകപ്പാടെ ഒരു അസ്വസ്ഥത. പകലൊക്കെ ചൂട് സഹിക്കാൻ പറ്റുന്നുവെങ്കിലും രാത്രി ചൂട് കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല. പരാതി തീർക്കാൻ അമ്മ പറഞ്ഞു അടുത്തുതന്നെ പൂട്ടിയിട്ടിരിക്കുന്ന ഇളയ മകളുടെ വീട് തുറന്നുകൊടുക്കാൻ. ആ വീട്ടിലെ എല്ലാ കിടപ്പുമുറികളും എ.സി.യുള്ളതായിരുന്നു. ആ പ്രശ്നം അങ്ങനെ പരിഹരിച്ചു. വിദേശത്തുള്ള ഇളയ നാത്തൂന്റെ ആൾതാമസമില്ലാത്ത വീട്ടിൽ പോയി അവർ രാത്രി ഉറങ്ങാൻ തുടങ്ങി. വെക്കേഷൻ കഴിഞ്ഞ് എല്ലാവരും തിരികെ പോയി. കൃഷ്ണവേണിയുടെ ഇളയകുഞ്ഞും സ്കൂളിൽ പോയി തുടങ്ങി കുറച്ച് ഫ്രീ ആയപ്പോൾ തയ്യല്‍ പഠിക്കണമെന്ന മോഹം. അപ്പോഴാണ് ഇളയ നാത്തൂൻ പറയുന്നത്, ഞാൻ യു.കെ.യിൽ നിന്ന് കൊണ്ടുവന്ന് അവിടെ വെച്ചിട്ടുള്ള ജഗ്വാർ ഇലക്ട്രിക് സൂയിങ് മെഷീൻ കൃഷ്ണവേണി എടുത്ത് തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി പഠിച്ചോ, അത് വെറുതെ ഇരുന്നാൽ കേടു വരുകയേ ഉള്ളൂ എന്ന്. ആഴ്ചയിലൊരു ദിവസം ജോലിക്കാരിയേയും കൂട്ടിക്കൊണ്ടുപോയി ആ വീട് വൃത്തിയാക്കി ഭംഗിയായി സംരക്ഷിക്കുന്നത് കൃഷ്ണവേണിയായിരുന്നു. അടുത്ത തവണ ജോലിക്കാരിയേയും കൊണ്ട് ക്ലീനിങ്ങിനു പോയപ്പോൾ കൃഷ്ണവേണി ആ വീട് മുഴുവൻ അരിച്ചു പെറുക്കി. സൂയിങ് മെഷീൻ അവിടെ കാണുന്നില്ല എന്ന് വിളിച്ചു പറയേണ്ടി വന്നു അവസാനം. അതിനും അമ്മയുടെ കൈയ്യിൽ നിന്ന് കൃഷ്ണവേണി വഴക്ക് കേട്ടു. "നീ അവിടെ വൃത്തിയാക്കാൻ കൊണ്ടുപോയ ഏതോ ജോലിക്കാരികൾ അത് അടിച്ചുമാറ്റി കാണും. നീ അതൊന്നും ശ്രദ്ധിക്കാതെ എ.സിയും ഇട്ട് ടിവിയും കണ്ടിരിന്നു കാണും."

അഞ്ചാറു വർഷം കഴിഞ്ഞു. ഒരു സ്കൂളവധിക്ക് 10 ദിവസത്തേക്ക് ഊട്ടിയിലേക്ക് പോകാൻ കൃഷ്ണവേണിക്കും കുടുംബത്തിനും അമ്മയുടെ അനുവാദം കിട്ടി. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് എല്ലാവരും ഊട്ടിക്ക് പോകാനുള്ള തയാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുമ്പോഴാണ് അറിയുന്നത് അലമേലു കുട്ടികളുമായി അവധിക്ക് കുവൈറ്റിൽ പോയിയെന്ന്. ഊട്ടിയ്ക്ക് പോകാൻ തുള്ളിച്ചാടി നിന്നിരുന്ന കുട്ടികളുടെ സങ്കടം കണ്ടപ്പോൾ അമ്മ അലമേലുവിനെ വിവരമറിയിച്ചു. "അത് സാരമില്ല. നിങ്ങൾ വീട് തുറന്ന് അവിടെ താമസിച്ച് ഊട്ടിയൊക്കെ കണ്ടോളു. ഞങ്ങൾ അവിടെ ഇല്ല എന്നല്ലേ ഉള്ളൂ. ഞാൻ എപ്പോഴും ഒരു പനീർ മുത്തുവിനെ താക്കോൽ ഏൽപ്പിച്ചിട്ടാണ് വരാറുള്ളത്. അവിടെ അയാളെന്നും പൂന്തോട്ടം നനയ്ക്കാനും വീടും പരിസരവും വൃത്തിയാക്കാനും വരും. നിങ്ങളുടെ യാത്ര മാറ്റി വെക്കേണ്ട. പനീർ മുത്തുവിനെ വിളിച്ച് ഞാൻ വിവരം പറഞ്ഞോളാം." എന്ന്. നിശ്ചയിച്ച ദിവസം കൃഷ്ണവേണിയും കുടുംബവും ഊട്ടിയിലെ അലമേലുവിന്റെ ബംഗ്ലാവിൽ എത്തി.

ഇനിയാണ് ക്ലൈമാക്സ്. തിരുവനന്തപുരത്തെ തറവാട്ടിൽ നിന്ന് ഓരോ പ്രാവശ്യം കാണാതെ പോയി എന്ന് പറഞ്ഞു കൃഷ്ണവേണിയ്ക്ക് അമ്മയിൽ നിന്ന് വഴക്ക് കിട്ടിയ ഓരോ സാധനവും അവിടെ കണ്ടെത്തി. വിശേഷാവസരത്തിൽ മാത്രം വിരിക്കുന്ന എംബ്രോയ്ഡറി ചെയ്ത ബെഡ് സ്പ്രെഡുകൾ, ഡിന്നർസെറ്റ്, ഇളയ നാത്തൂന്റെ തയ്യൽ മെഷീൻ, സോറോസ്ക്കി ഷോ പീസുകൾ, ടെറക്കോട്ടാ ചട്ടി, സിൽക്ക് സാരികൾ, ആക്സസറീസ്... ഇതൊക്കെ ആരോട് പറയും? എങ്ങനെ പറയും? അപ്പോഴാണ് കൃഷ്ണവേണിയുടെ മക്കൾ ഓടിവന്നു പറയുന്നത് അലമേലുവിന്റെ മക്കളുടെ മുറിയിൽ മുഴുവൻ മോഷണ സാധനങ്ങൾ ആണെന്ന്. പല പുസ്തകങ്ങളും അവരുടെ കൂട്ടുകാരികൾക്ക് പ്രൊഫിഷൻസി അവാർഡ് കിട്ടിയ സമ്മാനങ്ങള്‍ അടിച്ചുമാറ്റി കൊണ്ടുവന്നിരിക്കുന്നതാണ് എന്ന്. ഇതെന്താ ബോംബെയിലെ ചോർ ബസാറോ? അതോ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമമോ? എല്ലാവരും മൂക്കത്ത് വിരൽ വെച്ചു.

അലമേലു സമ്മാനമായി എല്ലാവർക്കും കൊടുക്കുന്നതും ഇതുപോലെ മറ്റുള്ളവരിൽനിന്ന് അടിച്ചുമാറ്റിയതാണെന്ന സംശയം ഇതിനു മുമ്പേ കൃഷ്ണവേണിയ്ക്ക് ഉണ്ടായിരുന്നു. കാരണം ഒരിക്കൽ ഇളയ നാത്തൂൻ വന്നപ്പോൾ ഇംഗ്ലണ്ടിൽ മാത്രം കിട്ടുന്ന സ്ലിപ്പ് (ഭംഗിയുള്ള ലെയ്സ് വെച്ച് പാദത്തോളം വരുന്ന കമ്മീസ്) നിനക്ക് ഇത് എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചിരുന്നു. അലമേലുഅക്ക തന്നതാണെന്ന് പറഞ്ഞപ്പോൾ നാത്തൂൻ പറഞ്ഞത് കഴിഞ്ഞ തവണ ഞാൻ യുകെയിൽ നിന്ന് വന്നപ്പോൾ 5 എണ്ണം കൊണ്ടുവന്നു തിരിച്ച് അലക്കി കിട്ടിയത് രണ്ടെണ്ണം മാത്രം. ഞാൻ അത് ജോലിക്കാരികൾ അടിച്ചുമാറ്റി എന്നാണ് കരുതിയത്. കുറെ കഴിഞ്ഞപ്പോൾ നീയത് ഉപയോഗിക്കുന്നത് കണ്ടു, ചോദിച്ചപ്പോൾ അലമേലുഅക്ക തന്നത് എന്നും പറഞ്ഞു. ഏതായാലും വെറുതെ ജോലിക്കാരികളെയും കൃഷ്ണ വേണിയുടെ ശ്രദ്ധ കുറവിനെ കുറിച്ചും ഒക്കെ കുറെ പഴി കേട്ടു. കള്ളൻ കപ്പലിൽ തന്നെ ഉണ്ട്! പക്ഷേ പൂച്ചയ്ക്കാരു മണികെട്ടും? പറഞ്ഞാൽ തന്നെ ഇത് ആരെങ്കിലും വിശ്വസിക്കുമോ? കൃഷ്ണവേണി വീണ്ടും വീണ്ടും ഇതേ കുറിച്ച് ആലോചിച്ചു കൊണ്ടേയിരുന്നു.

ഇതെന്തു തരം അസുഖമാണ്? സമ്പന്നതയുടെ മടിത്തട്ടിലും മോഷണം നടത്തുന്നതിലുള്ള ത്രില്ലോ? പിന്നീട് ആ മോഷണമുതൽ മറ്റുള്ളവർക്ക് സമ്മാനദാനം ചെയ്യുക. ക്ലെപ്റ്റോമാനിയ അഥവാ മോഷണഭ്രാന്ത് എന്ന മാനസിക വൈകല്യത്തിൽ മോഷണമുതൽ സമ്മാനദാനം നടത്തുന്നത് വരുന്നില്ല. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയോട് ചോദിക്കാം. അദ്ദേഹം ആധുനിക മനഃശാസ്ത്രത്തിൽ രണ്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ച ആളല്ലേ? പ്രശസ്ത മനഃശാസ്ത്രജ്ഞൻ ബ്രാറ്റ്ലിയുടെ ജൂനിയറുമല്ലേ? അദ്ദേഹത്തിന് അറിയാമായിരിക്കും. അതോ ‘ഉള്ളടക്ക’ത്തിലെ ഇന്നച്ചൻ പറഞ്ഞപോലെ രണ്ട് ചൂരൽ പെട കിട്ടിയാൽ മാറുന്നതോ?

Content Summary: Malayalam Short Story ' Snehasammanam ' written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com