ADVERTISEMENT

നഗരം വളരുന്നത് അയാൾ എന്നും നോക്കിക്കാണും. വെറുതെ കിടന്നിരുന്ന നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ ഇപ്പോൾ നഗരത്തെക്കാൾ വേഗത്തിൽ വളർന്നു പന്തലിച്ചിരിക്കുന്നു. മാറുന്ന നഗരമുഖങ്ങൾ. നഗരം തുടങ്ങിയ ഇടം പോലും ഇപ്പോൾ പഴയ നഗരം എന്നാണ് അറിയപ്പെടുന്നത് തന്നെ. നഗരത്തിന്റെ കച്ചവടത്തുടിപ്പുകൾ ഓരോ വളർച്ചക്കൊപ്പം മാറിക്കൊണ്ടിരിക്കും. കച്ചവട കാര്യാലയ കേന്ദ്രങ്ങൾ വളരെ വേഗമാണ് ഓരോ മാറ്റത്തോടൊപ്പം മാറിക്കൊണ്ടിരിക്കുക. പഴയതിൽ നിന്ന് ഒഴിഞ്ഞുപോകാനും പുതിയതിനെ പുൽകാനുമുള്ള മനുഷ്യവർഗത്തിന്റെ അദമ്യമായ ആഗ്രഹം എല്ലാ പുതിയ നഗരങ്ങൾ വികസിക്കുമ്പോഴും നമുക്ക് കാണാം. പഴയ നഗരത്തിനെ ഉപേക്ഷിച്ചുപോകാത്തവർ കച്ചവടത്തിലും വളർച്ചയിലും ജീവിതത്തിലും പുറകിലായിപ്പോകുന്നു. എല്ലാറ്റിനും മുമ്പിൽ നാം ഓടിയേ മതിയാകൂ. ജനിച്ചുവീണത് മുതൽ തുടങ്ങിയ മാരത്തോൺ ഓട്ടങ്ങൾ ആണ്. അത് അവസാനദിനം വരെ ഓടിക്കൊണ്ടിരിക്കണം. തളരാതെ, തകരാതെ, ലക്ഷ്യങ്ങൾ തെറ്റാതെ.

താൻ ജോലിയെടുക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ തൊട്ടടുത്ത് ഉയർന്നുവന്ന അറുപത്തഞ്ച് നിലകളുള്ള അതിനൂതന പഞ്ചനക്ഷത്ര കെട്ടിടം എന്നും അയാൾ നോക്കിക്കാണും. അതിന്റെ ഓരോ നില ഉയരുമ്പോഴും ആ നിലയുടെ നമ്പർ അവർ കുറിച്ചിരുന്നു. കോവിഡ് മൂർച്ഛിച്ചതോടെ ആ കെട്ടിടത്തിന്റെ പണി നിലച്ചു. അതിന് മുന്നിൽ തിളങ്ങി നിന്നിരുന്ന അന്താരാഷ്ട്ര നിർമ്മാണകമ്പനിയുടെ പേരും വാസസ്ഥലത്തിന്റെ ഭാവി പേരും അപ്രത്യക്ഷമായി. ഒപ്പം, അതിപ്രൗഢിയോടെ അതിൽ പങ്കാളികളായ നിർമ്മാണകമ്പനികളുടെ പേരുകളും. ഒരു മഹാമാരി എങ്ങനെയാണ് ഒരു മഹത്തായ പദ്ധതി തകർത്തു തരിപ്പണമാക്കിയത് എന്നതിന്റെ സ്മാരകമായി ആ കെട്ടിടം അങ്ങനെ നിൽക്കുന്നു. എത്രയധികം തുകയായിരിക്കും അതിനായി ചിലവഴിച്ചിരിക്കുന്നത്. തീർച്ചയായും ആ വലിയ നിർമ്മാണത്തിന് സഹായിച്ച ബാങ്കുകളായിരിക്കും അത് ഏറ്റെടുത്തിരിക്കുക. എന്നാണ് ഇനി അവർക്ക് ഒരു പുതിയ സ്ഥാപനം കണ്ടെത്തി ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിയുക. അതോ ഇതൊരു നിത്യസ്മാരകമായി മാറുമോ?

എത്ര നിലകളുള്ള ജീവിതമാണ് നാം കെട്ടിപ്പടുക്കുന്നത്? അതിന്റെ എത്രാമത്തെ നിലയുടെ പണിയിലാണ് നാമിപ്പോൾ? അറുപത്തഞ്ച് നിലകളുള്ള ആ കെട്ടിടം അറുപത്തഞ്ച് വയസ്സായ ഒരു മനുഷ്യനാണെന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. പണിപൂർത്തിയാകാത്ത ഈ ജീവിതം എന്നാണിനി പൂർത്തിയാക്കുക? പൂർത്തിയായാൽ തന്നെ അതിൽ സന്തോഷത്തോടെ എത്രകാലം താൻ ജീവിക്കും? പുറകെ വരുന്ന തലമുറയൊന്നും ഇനി നാട്ടിൽ തങ്ങില്ല, അവരെല്ലാം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപെട്ടോടാൻ തയാറെടുക്കുന്നു. അവരെ കുറ്റം പറയാനാകില്ല. നല്ല ജീവിതം ആർക്കും തേടിപ്പിടിക്കാം. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങൾ തേടി അവർ തിരഞ്ഞു പോവുക തന്നെ ചെയ്യും. ആരും ഇനി ഒരിക്കലും ഒരു നഗരത്തിൽ തന്നെ ജീവിക്കില്ല. വളർന്നുപന്തലിച്ച നഗരങ്ങളിലേക്ക് അവർ കൂടുകൾ മാറിക്കൊണ്ടിരിക്കും. അവർക്ക് സ്ഥായിയായി ഒരു വീടും വേണ്ട. ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് ഒരു ജോലി കണ്ടെത്തുക, വാടകയ്ക്ക് താമസിക്കുക. ഇഷ്ടമായില്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പോവുക. 

ഒരു മേഖലയിൽ വിദഗ്ധനാവുക എന്നതാണ് പ്രധാനം. പറ്റിയാൽ കുറച്ചു വിദേശഭാഷകൾ പഠിക്കുക, അവരുടെ ജീവിത രീതികൾ പഠിക്കുക. പിന്നെ ചെല്ലുന്ന സമൂഹത്തിലേക്ക് ഇഴുകിച്ചേരാൻ അവർക്ക് പെട്ടെന്ന് കഴിയും. ഓരോ രാജ്യത്ത് നിന്ന് മറ്റൊന്നിലേക്കു മാറുന്നവർ പരാജയപ്പെടുകയല്ല, മറിച്ച്‌ അവർ ജീവിതം വിവിധ പരീക്ഷണങ്ങളിലൂടെ പഠിക്കുകയാണ്. ഏറ്റവും മനോഹരമായതിൽ നിലയുറപ്പിക്കുക എന്നതല്ല അവരുടെ നയം, ഒന്നാസ്വദിച്ചു മുഷിയുന്നതിന് മുമ്പ്, പുതിയ ഒരു രാജ്യത്തിലേക്ക് മാറി, പുതിയ ജീവിതം ആസ്വദിക്കുക എന്നതാണ്. പുതിയ തലമുറ എവിടെയും അവരുടെ ജീവിതം തളച്ചിടില്ല. അവർ പുതിയ ജീവിതം തേടിക്കൊണ്ടിരിക്കും. അവർ സൃഷ്ടിക്കുന്നത് നമ്മൾ ജീവിച്ചതിനേക്കാൾ ഉയർന്ന അംബരചുംബികളായ നിലകളുള്ള ജീവിതമാണ്. അവർക്കിഷ്ടമുള്ള ജീവിതം. നമ്മളൊക്കെ ജീവിക്കുന്നത് നമുക്കിഷ്ടമുള്ള ജീവിതമാണോ?

Content Summary: Malayalam Short Story ' Ambarachumbikal ' written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com