ADVERTISEMENT

"ഈ ലോട്ടറിക്കാരെ ഒരാളെപ്പോലും മുട്ടാതെ മര്യാദക്കൊന്നു നടക്കാൻ പോലും പറ്റണില്ലല്ലോ റോഡിൽ, നാശം." ചന്ദ്രഹാസന്റെ ഉച്ചത്തിലുള്ള ശകാരം കേട്ടപ്പോൾ  ലോട്ടറി വിൽപ്പനക്കാരൻ തിരിഞ്ഞു നിന്നു. "ഞങ്ങളും ജീവിച്ചു പോട്ടെ സാറെ!" ക്രോധം സ്ഫുരിക്കുന്ന അയാളുടെ തുറിച്ചു നോട്ടത്തിൽ നഗരത്തിലെ വളർന്നു വരുന്ന ബിൽഡറായ ചന്ദ്രഹാസൻ ഒന്നുചൂളിപ്പോയി. ദേവി ക്ഷേത്രത്തിൽ തൊഴുതു നമസ്കരിച്ച ശേഷം പണിസ്ഥലത്തേക്കു കുതിച്ചെത്തുവാൻ പമ്പിൽ കയറി  ഡീസലടിച്ചു കാറിൽ കയറാൻ നോക്കുമ്പോഴാണ് ലോട്ടറി വിൽപ്പനക്കാരന്റെ വരവ്. പറഞ്ഞൊഴിവാക്കാൻ എത്ര ശ്രമം നടത്തിയിട്ടും പിന്നാലെ വന്നപ്പോഴാണ് അയാൾ ശകാര വർഷം നടത്തിയത്. വഴിവക്കിലെമ്പാടും യാത്രികരെയെല്ലാം അലോസരപ്പെടുത്തിക്കൊണ്ടാണ് ലോട്ടറിക്കാരുടെ വിൽപ്പനയെന്ന് അയാൾ പരിതപിച്ചു. അക്കൂട്ടരെക്കാണുമ്പോൾ അയാളുടെ മനസ്സിൽ എന്നും പുച്ഛവും വെറുപ്പും നിറയുമായിരുന്നു. പ്രളയവും പകർച്ചവ്യാധിയും വന്നു പോയതിനുശേഷം ഭാഗ്യക്കുറിവിൽപ്പനക്കാരുടെയെണ്ണം അഭൂതപൂർവമാം വിധം വർധിച്ചിരിക്കുന്നു എന്നും അയാൾ കണക്കാക്കി.. പാതവക്കിലൂടെ നടന്നാൽ നൂറു മീറ്ററിനുള്ളിൽ മൂന്നു ലോട്ടറി വിൽപ്പനക്കാരെങ്കിലും വന്നു മുട്ടിയിരിക്കും! വേണ്ടെന്നു പറഞ്ഞാലും പോകില്ല അശ്രീകരങ്ങൾ! അയാളുടെ മനസ്സിൽ രോഷം വീണ്ടും നുര പൊന്തി.

പമ്പിൽ നിന്നിറങ്ങുന്ന വഴി രണ്ടായിരത്തിന്റെ നോട്ടിനു ചില്ലറ വാങ്ങാൻ ഒരു കടയിൽ കയറി സിഗററ്റ് ചോദിച്ചു. പക്ഷേ അവിടെ ചില്ലറയില്ലെന്ന് കടക്കാരൻ പറയുമ്പോൾ പുറകിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു. "സാർ! ഓണം ബമ്പർ അടുത്ത മാതം താൻ, ഒന്റ്റ് എടുത്തു കൊള്ളാർകൾ സർ!" ദേ, പിന്നെയും ശല്യം. ഒരാളെ ഒഴിവാക്കി വിട്ടതാണ്. ലോട്ടറി വിൽപ്പനക്കാരിയായ ഒരു തമിഴത്തി വൃദ്ധയാണ് ഇപ്പോൾ അഭ്യർഥനയുമായി മുന്നിൽ! സാധാരണയിൽ നിന്ന് വ്യത്യസ്തമായി പഴയതെങ്കിലും വൃത്തിയായി വസ്ത്രം ധരിച്ചിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി, കനകാംബരപ്പൂവ് തലക്കെട്ടിൽ. ശല്യമെന്ന് മനസ്സിൽ പ്രഥമദൃഷ്ട്യാ തോന്നിയെങ്കിലും പെട്ടെന്ന് ഒരു ബുദ്ധിയുദിച്ചു. ഇവരിൽ നിന്ന് ലോട്ടറി വാങ്ങിയാൽ ചില്ലറ കിട്ടുമോ? ശരിയായിരുന്നു ചിന്താഗതി. രണ്ടായിരം രൂപയുടെ ഒറ്റനോട്ടു നൽകി മുപ്പതു രൂപയുടെ മൂന്നു ലോട്ടറി ടിക്കറ്റുകളും ബാക്കിയും അയാൾ വാങ്ങി. ദാരിദ്ര്യത്തിന്റെ ദൈന്യത തളം കെട്ടിക്കിടക്കുന്ന അവരുടെ കുഴിഞ്ഞ കണ്ണുകളിൽ സന്തോഷം സ്ഫുരിച്ചത് അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. തന്റെ ആവശ്യത്തിനുള്ള ചില്ലറ കിട്ടിയതിനാൽ എടുത്ത ടിക്കറ്റുകൾ വൃദ്ധയുടെ പക്കൽ തന്നെ തിരികെ ഏൽപ്പിക്കാൻ അയാൾ ശ്രമിച്ചു. പക്ഷേ അവരതു സ്വീകരിച്ചതേയില്ല.

"ഇതിനാൽ ഗുണമട്ടുമില്ലയ്-  സമ്മാനം കിടയ്ക്കുമെന്റ്റത് വ്യാമോഹം താനെ. ഇത് നിങ്ങള് താനെ പാത്തു കൊള്ളുങ്കൾ." അയാൾ ടിക്കറ്റ് തിരികെ നൽകിക്കൊണ്ട് തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞതു കേട്ടപ്പോൾ അഭിമാനക്ഷതമേറ്റതുപോലെ വൃദ്ധ മറുപടി പറഞ്ഞു. "നാങ്കള് പാവങ്കളാണേലും വിറ്റ ടിക്കറ്റ് തിരുമ്പി മേടിക്കാത് സാറെ! എങ്കളുക്ക് ഇതിന്റെ കമ്മീസൻ താൻ പോടും.! പിന്നെ ഒരു പ്രമാദമാന കാര്യം - ഇന്ത ടിക്കറ്റിന് ഒറു സമ്മാനം കിടയ്ക്കുമെന്ന് എനക്ക് ഉത്തരവാദം മുടിയും താൻ. അത് ഉങ്കൾ അനുഭവിപ്പതിങ്കൾ." സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് ആ വൃദ്ധ അയാളുടെ കൈകളിൽ പിടിച്ചു ധൈര്യം പകർന്നു. അവരുടെ വാക്കുകളിലെ ആർജ്ജവവും ആത്മവിശ്വാസവും അയാൾക്കപ്പോൾ അംഗീകരിക്കാൻ തോന്നിയില്ല. ഒട്ടു നീരസത്തോടെ തന്നെ ലോട്ടറി ടിക്കറ്റുകൾ പേഴ്സിൽ തിരുകി കൊണ്ട് അയാൾ കാറിൽ കയറി. തന്റെ പുതിയ കൺസ്ട്രക്ഷൻ സൈറ്റിലേക്കാണ് അയാൾ നേരെ പോയത്. അന്ന് കാലാവസ്ഥ വളരെ മോശമാകാൻ തുടങ്ങിയിരുന്നു. കനത്ത മഴയിങ്ങനെ പെയ്തു കൊണ്ടിരുന്നാൽ ഫ്ലാറ്റു പണികളെല്ലാം അനിശ്ചിതത്വത്തിലാകും. ചന്ദ്രഹാസന്റെ മനസ്സിൽ എന്തെന്നില്ലാത്ത വിധം ആധി വല നെയ്തു തുടങ്ങി.

മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കേണ്ട ഫ്ലാറ്റാണ്. ഏകദേശം പണി പൂർത്തിയായി വരുമ്പോഴാണ് പേമാരിയുടെ വരവ്. നഗരത്തിലെ അയാളുടെ ആദ്യ ഫ്ലാറ്റു നിർമ്മാണമാണ്. മുമ്പ് ചെറിയ വീടുകൾ നിർമ്മിച്ച് വിൽക്കുന്നതായിരുന്നു പതിവ്. എളുപ്പം വിറ്റുപോകും എന്നു കരുതുന്ന ഈ വാട്ടർ ഫ്രണ്ട് ഫ്ലാറ്റു സമുച്ചയത്തിന്റെ നിർമ്മാണത്തിൽ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും മുടക്കിയിരിക്കുകയാണ് അയാൾ. നദീതീരത്ത് കുറച്ചു സ്ഥലം ചുളുവിൽ തരപ്പെടുത്തിയാണ് ബാങ്ക് വായ്പയും കൈയ്യിലുണ്ടായിരുന്ന സമ്പാദ്യവുമെല്ലാം ചേർത്ത് ഫ്ലാറ്റു നിർമ്മാണമാരംഭിച്ചത്! മഴ വീണ്ടും ശക്തമാകുകയാണ്. നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിനു മുന്നിലുള്ള പുഴ ഇന്ന് കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്! പുഴയുടെ രൗദ്രഭാവം കഴിഞ്ഞ വർഷവും അനുഭവിച്ചറിഞ്ഞതാണ്. നാട്ടിലെമ്പാടും നാശം വിതയ്ക്കുന്ന മദയാനയാണവൾ. മഴവെള്ളം കുടിച്ചു ചീർത്ത ദേഹവുമായി ഒഴുകി വരുന്ന പുഴ, അവളെ പ്രണയഭാവത്തോടെ ചുംബിച്ചുരുമ്മി നിന്നിരുന്ന മണൽത്തിട്ടയെയും  വൃക്ഷലതാദികളെയും കൂടെ ചേർത്ത് കടലിലേക്ക് ഒളിച്ചോടുകയാണെന്നു തോന്നി. വൈകുന്നേരമായപ്പോൾ മഴയൊന്നു തോർന്നു നിന്നു. പുഴയുടെ ലക്കും ലഗാനുമില്ലാത്ത ഗതി നിരീക്ഷിച്ചപ്പോൾ എന്തോ അപാകത മണത്തു. അതിനാൽ പുഴയരികിൽ കിടന്ന നിർമ്മാണ സാമഗ്രികൾ കുറച്ചുദൂരേക്ക് മാറ്റിയിടാൻ സൈറ്റിലെ വാച്ചറെ വിളിച്ച് അയാൾ ഏർപ്പാട് ചെയ്തു.

"അണ്ണാ... തൊടർന്തു ഇന്തമാതിരി മളൈ പെയ്താൽ ആറ് ഇങ്കെ വന്ത് കേറുമാ..? എനക്ക് ഭയമാറുക്ക്!" വാച്ചർ മനസ്സിൽ തോന്നിയ ഭയം പുറത്തു കാട്ടി. "ഭയപ്പെടാതെമാട്ടേൻ. ഏതാവും നടക്കാത്." അയാൾ വാച്ചറിനെ സമാധാനിപ്പിച്ചു വീട്ടിലേയ്ക്ക് മടങ്ങി. രാത്രിയിൽ മഴ വീണ്ടും ഉഗ്രരൂപം പൂണ്ട് പെരുമഴയായി മാറി! വിശ്വരൂപം മുഴുവൻ കാട്ടി അലർച്ചയോടെ അത് കത്തിവേഷമാടി. വെള്ളം കുടിച്ചു മദിച്ച പുഴ ചുവപ്പു ചേലയണിഞ്ഞു കലിതുള്ളി. ഇരുവശങ്ങളിലും കാത്തു സൂക്ഷിച്ച മണ്ണും മരവും സസ്യലതാദികളും അവൾ തന്റെ കരങ്ങളിൽ ചേർത്തുപിടിച്ച് നിത്യവും സഞ്ചരിക്കുന്ന പാത വിട്ട് അപഥ സഞ്ചാരിണിയായി. സംഹാരരുദ്രയായ പുഴ, നിർമ്മാണത്തിലിരുന്ന ഫ്ലാറ്റു സമുച്ചയത്തെ അടിയോടെ പിഴുത് തച്ചുടച്ച് ഉറങ്ങിക്കിടന്നിരുന്ന തമിഴനെയും വിഴുങ്ങി കലിതുള്ളിപ്പാഞ്ഞു. വിദ്യുച്ഛക്തി വാർത്താവിനിമയ ബന്ധങ്ങൾ വാശിയോടെ അവൾ തകർത്തെറിഞ്ഞു. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ചന്ദ്രഹാസൻ പേമാരിയുടെ രൗദ്രതാളം കേട്ട്  ഞെട്ടിയുണർന്നു. ഭയത്താൽ ഭാര്യയെയും മക്കളെയും ചേർത്തുപിടിച്ചു കിടന്നിരുന്ന അയാൾ കട്ടപിടിച്ചു കിടന്ന ഇരുട്ടിനെയും, തോരാതെ പെയ്യുന്ന മഴയെയും നോക്കിക്കണ്ട് ആകുലത പൂണ്ടു ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ പുഴവക്കിൽ പാഞ്ഞെത്തിയ അയാൾ കണ്ടത് തന്റെ സർവസമ്പാദ്യവും ഒരു ജീവനും അപഹരിച്ചു കൊണ്ട് പോയ പുഴയെയായിരുന്നു. മാനസിക സംഘർഷം അധികരിച്ച് അയാൾ മോഹാലസ്യപ്പെട്ടു വീണു. കലി തുള്ളി ഒഴുകിയ പുഴ അയാളെ ഒന്നു തട്ടി പരിഹസിച്ചശേഷം അപ്പോഴും പാഞ്ഞു. സ്വത്തെല്ലാം നഷ്ടപ്പെട്ട് സമൂഹത്തിൽ ഒരു ബാധ്യതക്കാരനായി താൻ രൂപാന്തരപ്പെട്ടതറിഞ്ഞ്, അയാൾ മനം നൊന്തു കരഞ്ഞു. പ്രതീക്ഷകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ  എന്തു ചെയ്യണമെന്നറിയാതെ കുറച്ചുനേരം ചന്ദ്രഹാസൻ തരിച്ചിരുന്നു. പടുകുഴിയിൽ നിന്നിനി കരകയറാനാവില്ലയെന്ന ഒരു ബോധം അയാളെ ഭരിച്ചു. അയാളുടെ മനസ്സിൽ നഷ്ടബോധം ഏറെ നേരം പുകഞ്ഞു നീറി. സകല ദൈവങ്ങളും അയാളുടെ മനസ്സിൽ നിശ്ചേഷ്ടരായിത്തീർന്നതു പോലെ. എന്നും രാവിലെ തൊഴാറുള്ള ദേവിയോട് അയാൾ മനസ്സിൽ പരിഭവം പറഞ്ഞു. പിന്നെ എല്ലാം നിർവികാരമായി നോക്കി നിന്നു. അവിടെ കൂടി നിന്ന ജനം ഒട്ടൊരു സഹതാപത്തോടെ നിസ്സഹായതയോടെ അയാളെ നോക്കി നിന്നു. തകർന്നു വീണ ഫ്ലാറ്റ് സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾ അവർക്ക് കാഴ്ച്ചവസ്തുവായിരുന്നു. ജനവും ദുരന്തമന്വേഷിച്ചു വന്ന സർക്കാർ അധികൃതരും വൈകാതെ മടങ്ങി. സന്ധ്യാസമയം വരെ അവിടെ തുടർന്ന അയാളുടെ ഭാര്യയെയും മക്കളെയും താമസസ്ഥലത്തേയ്ക്ക് ബന്ധുക്കളുടെ കൂടെ അയച്ച ശേഷം അയാൾ അടുത്തുള്ള മണൽ തിട്ടയിൽ നിലാവെളിച്ചത്തിൽ ഇരുന്നു. സംഹാര താണ്ഡവം  കഴിഞ്ഞ പുഴ പഴയ പോലെ കളകളാരവം മുഴക്കി രാത്രിയുടെ നിശ്ശബ്ദത ഭഞ്ജിച്ചു കൊണ്ടിരുന്നു. 

ഏറെ നേരം അവിടെയിരുന്നു ചിന്തിച്ച അയാൾ ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലും അസ്തമിച്ചെന്നു മനസ്സിലാക്കി ഇനി ജീവൻ നിലനിർത്തുന്നതിലർഥമില്ലെന്നുറപ്പിക്കുകയായിരുന്നു. തീരുമാനമെടുത്ത ശേഷം അടുത്തുള്ള മരത്തിൽ കയറു കെട്ടി കുടുക്കിട്ടു. ഒരേണി കൊണ്ടുവന്നു മരത്തിൽ ചാരിനിർത്തി. ഏണിയിയിൽ കയറി കഴുത്തിൽ കുടുക്കിട്ടു. ഇനി ഏണി കാലു കൊണ്ടു തള്ളി മാറ്റണം. പെട്ടെന്ന് തോന്നി ഒരു കുറിപ്പെഴുതി വയ്ക്കണം. അതിനായി അയാൾ തന്റെ പേഴ്സ് തുറന്നു. നേരിയ നിലാവിൽ അയാൾ കണ്ടു അതിനകത്ത് ഒരിറ്റു പ്രതീക്ഷയുടെ തിരിനാളങ്ങൾ! ഒരു കൂട്ടം കടലാസുകൾ! കഴിഞ്ഞ ദിവസം  വൃദ്ധയുടെ കൈയ്യിൽ നിന്ന് വാങ്ങിയ ആ ഭാഗ്യക്കുറി ടിക്കറ്റുകൾ. ഒപ്പം അവരുടെ ആത്മവിശ്വാസമാർന്ന മുഖവും വാക്കുകളും മനസ്സിൽ തെളിയുന്നു. "ടിക്കറ്റിന് ഒറു സമ്മാനം കിടയ്ക്കുമെന്ന് ഉത്തരവാദം മുടിയും താൻ സർ. അത് ഉങ്കൾ അനുഭവിപ്പതിങ്കൾ." ഒരുപാട് മനുഷ്യർക്ക് വലിയ പ്രതീക്ഷകളും ആവേശവും ജീവിക്കാനുള്ള അവസരവും നൽകുന്ന ഒന്ന്! പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരിൽ ചിലരെങ്കിലും പുനർ ജീവിതം കരുപ്പിടിപ്പിക്കാൻ - അവരെ കൈ പിടിച്ചു കയറ്റിയ ഒന്ന്. അതിലെ അക്കങ്ങളിലൂടെ അയാളുടെ കണ്ണുകൾ അറിയാതെ സഞ്ചരിച്ചു. കലുഷിതമായ ആ മാനസികാവസ്ഥയിൽ മറ്റാർക്കും നൽകാൻ കഴിയാത്ത തരം ഒരു പ്രത്യാശയുടെ സന്ദേശം അയാളുടെ മനസ്സിലേയ്ക്ക് മിന്നൽ പോലെ പകർന്ന് ഒരിറ്റ് സാന്ത്വനമേകി അവയങ്ങനെ വിരാജിച്ചു. തൊട്ടടുത്ത ദിവസം വരാൻ പോകുന്ന ലോട്ടറിഫലം അനുകൂലമാകുമെന്ന നേരിയ പ്രതീക്ഷയോടെ അയാൾ അറിയാതെ തന്നെ കയർ കെട്ടഴിച്ചു വിട്ടു. താമസിയാതെ വീട്ടിലെത്തി പ്രതീക്ഷ കൈവിടാതെ ഉറങ്ങി.

അടുത്ത ദിവസം രാവിലെ വന്ന പത്രത്തിൽ നോക്കി എടുത്ത ലോട്ടറി ടിക്കറ്റിനൊന്നിനു പോലും സമ്മാനമൊന്നുമില്ലെന്ന യാഥാർഥ്യം അറിയുമ്പോഴേയ്ക്കും അയാൾ തന്റെ മനസ്സിന്റെ സമനില തിരികെ പിടിച്ചിരുന്നു. അമൂല്യമായ ധനം - ജീവൻ - ഒരു നിമിഷത്തെ വൈകാരികത കൊണ്ടു നഷ്ടമാകാതെ സൂക്ഷിച്ച ഭാഗ്യക്കുറിയെ അയാൾ അന്നാദ്യമായി മനസ്സിൽ ചേർത്തുവച്ചു. നഷ്ടപ്പെട്ടേക്കാമായിരുന്ന തന്റെ ജീവൻ തിരികെ സമ്മാനിച്ച -  നിലനിർത്തിയ ആ ഭാഗ്യക്കുറി വിൽപ്പനക്കാരിയായ വൃദ്ധയെയും അവർ പറഞ്ഞ വാക്കുകളുടെയും വില തേടുകയായിരുന്നു അപ്പോളയാൾ. കാലാന്തരത്തിൽ നഷ്ടപ്പെട്ടു പോയ സമ്പാദ്യമെല്ലാം തിരികെ പിടിക്കുമ്പോഴും വലിയ സാമ്പത്തികനേട്ടങ്ങൾ കൊയ്യുമ്പോഴും തെരുവോരങ്ങളിൽ തനിക്കു ഭാഗ്യം സമ്മാനിച്ച ആ വൃദ്ധയുടെ മുഖം പരതുകയായിരുന്നു ചന്ദ്രഹാസൻ. ആ മുഖം ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിച്ച് ദേവീക്ഷേത്രത്തിനു മുന്നിൽ കണ്ണടച്ചു മനസ്സുരുകി പ്രാർഥിച്ചു നിന്ന അയാൾ കണ്ണുകൾ തുറന്നപ്പോൾ കണ്ടത്! അന്നത്തെ ദേവിയുടെ മുഖച്ചാർത്ത് വൃദ്ധയുടെ രൂപമായി മാറുന്നതായി അയാൾക്കനുഭവപ്പെട്ടു!

Content Summary: Malayalam Short Story ' Prathyasayude Vazhikal ' written by Elles Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com