ADVERTISEMENT

നിമിഷങ്ങൾ നമ്മെയും കടന്നു പോം

ജീവിതമാം നെടുവീർപ്പിന്നിടയിലും

നന്നേ നേർത്ത നിശ്വാസത്തിന്നിടയിലും

കണ്ണുനീരുപ്പിലും

പടരുന്ന കൽമഷത്തിന്റെ കനലിലും, ഇരുളിലും
 

മോഹത്തിന്നുറവിടം എവിടെയെന്നറിയീല

എല്ലാം മറഞ്ഞു പോം മഞ്ഞു പോൽ, മായ പോൽ

മറവിയിൽ എങ്കിൽ, അതെത്ര മനോഹരം

മദം മുറ്റിയാടും മനസ്സിനെ പഴിച്ചീടിൽ 

എന്തു പ്രയോജനം? എങ്ങും മരുപ്പച്ച!
 

ഇന്ദ്രിയാതീതമായ് നിൽക്കുന്നു മിഥ്യകൾ

ചിരിയിലൊതുക്കുന്നൊരാർത്ത നാദത്തെയോ

ശിഖണ്ഡിയായ് നിൽക്കുമാ കപട സൗഹാർദമോ

വേർതിരിച്ചതിന്നിങ്ങറിയുവാൻ വേണ്ടിയി–

ട്ടാറാമതായില്ലൊരു ശക്തിയും പാരിൽ
 

സ്വാർഥ മോഹങ്ങളേ... നിങ്ങൾ ജയിക്കുന്നു

തെറ്റിയതെന്റെയീ ഭ്രാന്തമാം തത്വവും

ആഴത്തിലേറ്റ മുറിവുകൾ കരിയും മുന്‍–

പാഴത്തിലേൽക്കുന്നു മുറിവുകൾ പിന്നെയും

സന്ദർശക താളിലെ കൈയ്യൊപ്പുകൾ പോലെ
 

ജീവിതചക്രം പതിയെ കറങ്ങിത്തിരിഞ്ഞെപ്പോൾ 

ഞാനെത്തി വീണ്ടുമീയറക്കുള്ളിൽ

'അഹം'കാരമെന്നിലും

ലേശമുണ്ടായിരുന്നതിന്നാൽ

വിധി തന്ന ശിക്ഷയോ ജീവിതം?
 

പോയ ജന്മത്തിലെ ദുഷ്കൃതികളെക്കൊണ്ട്

തീരാത്ത ശാപമായ് ഭവിച്ചതോ ജീവിതം?

എത്ര ഋതുക്കൾ കഴിയേണമീ ശാപമോക്ഷത്തി–

നേതു ശ്രീരാമനേ ഭജിക്കണം

അല്ലെങ്കിൽ സ്വയമേവ മോക്ഷം വരിക്കണം
 

കല്ലാക്കി മാറ്റാം മനസ്സിനെയെങ്കിലും

മോക്ഷ നിമിഷങ്ങളെത്തും വരെയിരുന്നുള്ളിലേക്കേ കാന്തമായ്

പിടയും ഈ ഹൃദയവും

ഒരു മാത്ര മാത്രമാണെങ്കിൽ അതുമതി

ഇനിയുമൊരാഗ്രഹം ബാക്കി നിർത്തുന്നു ഞാൻ

Content Summary: Malayalam Poem ' Mokshamargam ' written by Adv. Manjuvani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com