' ഒറ്റമുറിയിൽ കഴിയുമ്പോഴും അവൾ കൂട്ടുകാരികളുടേതു പോലൊരു വലിയ വീട് സ്വപ്നം കാണാറുണ്ട്..'

HIGHLIGHTS
  • കുഞ്ഞാറ്റ (കഥ)
malayalam-story-kunjatta
Representative image. Photo Credit: Arun Anilkumar Prabha/istockphoto.com
SHARE

റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നവരുടേയും വരുന്നവരുടേയും തിരക്കിട്ട സഞ്ചാരം കൊണ്ട് മിഠായിത്തെരുവ് സജീവമായിരുന്നു. വാഹന വിലക്കുള്ള പാതയായിരുന്നതിനാൽ പുഴ പോലെ ഒഴുകുന്ന ജനങ്ങൾ. ഈ തിരക്കുകളിലേക്ക് ശ്രദ്ധിക്കാതെ കുറച്ചുപേർ ഇരുവശവുമുള്ള ഇരിപ്പിടങ്ങളിൽ സംഭാഷണങ്ങളിലാണ്. ഈ തെരുവിന്റെ കഥ മനോഹരമായി വർണ്ണിച്ച പ്രിയ എഴുത്തുകാരൻ എസ്.കെയുടെ ശിൽപ്പത്തിലേയ്ക്ക് നോക്കി ഞാൻ സൈഡ് ബെഞ്ചിലിരുന്നു. അദ്ദേഹം തെരുവിലേയ്ക്ക് ചെറു മന്ദഹാസത്തോടെ നോക്കി നിൽക്കുന്നു. പുതിയ കാലത്തെ വീണ്ടും പകർത്തുവാനെന്ന പോലെ. 'അങ്കിൾ' എന്ന വിളികേട്ട് എസ്.കെ.യുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് തിരിഞ്ഞപ്പോൾ കുഞ്ഞാറ്റ മുന്നിൽ നിൽക്കുന്നു. തെരുവിന്റെ കുഞ്ഞു മാലാഖ! പൊതുവെ ചിരി വിരിഞ്ഞു നിൽക്കാറുള്ള മുഖം ഇന്ന് പക്ഷേ പൂർണ്ണ ചന്ദ്രനെ പോലെ വെട്ടി ത്തിളങ്ങുന്നു. വിശേഷം തിരക്കിയപ്പോൾ അവളുടെ ഉപ്പ ഉടുപ്പ് വാങ്ങി നൽകുവാൻ കൊണ്ട് വന്നതാണത്രെ. അപൂർവമായി ലഭിക്കുന്ന ആ സമ്മാനം ഏറ്റുവാങ്ങുന്നതിന്റെ അത്യാഹ്ലാദത്തിലാണവൾ! അച്ഛന്റെ പിന്നാലെ തുള്ളിച്ചാടി നടക്കുന്ന കുഞ്ഞാറ്റയെ നോക്കി നിന്നപ്പോൾ അവളെ ആദ്യമായി കണ്ട ബീച്ചിലെ തട്ടുകട മുതലുള്ള ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നു.

കളിപ്പാട്ടങ്ങൾ വിൽക്കുന്ന ആസാം കുടുംബത്തിലെ പത്ത് വയസ്സുകാരിയാണ് കുഞ്ഞാറ്റ. അവളുടെ പേര് ആയിഷയെന്നാണെന്ന് തോന്നുന്നു. കുഞ്ഞാറ്റയെന്ന പേര് മലയാളം അധ്യാപകൻ നൽകിയതാണത്രെ. തെരുവിലെ ഒറ്റമുറിയിൽ കിടന്നുറങ്ങുവാൻ മാത്രം കയറിയിറങ്ങാറുള്ള ആ കുടുംബത്തിന്റെ ഭൂരിഭാഗ സമയവും  കടൽക്കരയിലെ പൂഴിത്തിരകളിൽ അലിയുന്നു. പഠനത്തിനും എഴുത്തിനും ക്ലാസ്സ് റൂം തന്നെ അഭയമാക്കേണ്ട സാഹചര്യമാണെങ്കിലും കുഞ്ഞാറ്റ വൈകുന്നേരങ്ങളിൽ ജനസാഗരം തീർക്കുന്ന ഉത്സവപ്രതീതിയിൽ തന്റെ ദുഃഖങ്ങൾ കടലിലേക്കൊഴുക്കുന്നു. മലയാളം മാതൃഭാഷ അല്ലാതിരുന്നിട്ടും ഒഴുക്കോടെ സംസാരിച്ച് സന്ദർശകരുടെ മനം കവർന്ന് പുഞ്ചിരി വിതറുന്നു. തെരുവിന്റെ മക്കളിൽ കാണുന്ന ചില കുസൃതികൾ കുഞ്ഞാറ്റയിലും പ്രകടമെങ്കിലും ആരെയും അകറ്റാതെ ഇടപഴകുവാൻ അവൾ ശ്രദ്ധിക്കുന്നുണ്ട്. സന്ദർശകർ വാങ്ങി നൽകുന്നതെല്ലാം അനിയനും അമ്മയ്ക്കും പങ്ക് വെയ്ക്കുന്നത് കണ്ടപ്പോൾ അവളോട് സംസാരിക്കണമെന്ന് ആഗ്രഹം തോന്നി.. ആദ്യമായി കാണുന്ന ഒരു അപരിചിതത്വവും പ്രകടമാക്കാതെ അവൾ എന്നോട് വളരെ സമയം സംസാരിച്ചു. അവളുടെ നാടിനെ, കുടുംബാംഗങ്ങളെ, നാട്ടിലെ കൂട്ടുകാരെ, ഈ മഹാനഗരം നൽകിയ പുതിയ കൂട്ടുകാരെ, അധ്യാപകരെ... ഉപ്പയും ഉമ്മയും താൻ വലിയതാവുമ്പോഴക്കും കൂട്ടുകാരികളുടെ വീട് പോലെ വലിയൊരു വീട് വാങ്ങി അവൾക്ക് സമ്മാനിക്കും എന്ന് കുഞ്ഞാറ്റ സ്വപ്നം കാണുന്നുണ്ട്. രാത്രിയും പകലും അവർ അധ്വാനിക്കുന്നത് അതിനു വേണ്ടിയാണെന്ന് അവൾ വിശ്വസിക്കുന്നു. 

ഒരു കവറിൽ ഉപ്പ വാങ്ങി നൽകിയ ഡ്രസ്സുമായി കുഞ്ഞാറ്റ വരുന്നത് കണ്ടു. എന്റെ അരികിലേക്ക് ഓടി വരുമ്പോൾ മിഠായിത്തെരുവിലെ മുഴുവൻ കുഞ്ഞുടുപ്പുകളും സ്വന്തമാക്കിയ പോലെ ആയിരുന്നു അവളുടെ മുഖഭാവം. കവറിൽ നിന്ന് ഉടുപ്പെടുത്തു നിവർത്തി അവൾ എങ്ങനെയുണ്ടെന്ന ഭാവത്തിൽ എന്നെ നോക്കി. ഭംഗിയുള്ള ഉടുപ്പെന്ന് പറയുമ്പോൾ, വഴിക്കച്ചവടക്കാരിൽ നിന്ന് പേശി വാങ്ങിയ കുറഞ്ഞ വിലയുടെ ആ കുഞ്ഞുടുപ്പിലെ വർണ്ണ ചിത്രങ്ങൾ അവൾ കൗതുകപൂർവം കാണിച്ചു തന്നു. അപ്പോഴേക്കും അച്ഛൻ അടുത്തെത്തിയിരുന്നു. അവർ പോവുന്നത് നോക്കിയിരിക്കുമ്പോൾ ശാന്തി തേടി ഓടുന്ന ഈ  മനുഷ്യജീവികളുടെ ഇടയിൽ നിന്ന് പ്രസരിച്ച നേർത്ത വെട്ടവും പ്രയാസങ്ങളുടേയും പ്രതിസന്ധികളുടേയും കാർമേഘങ്ങളാൽ മാഞ്ഞു പോയെന്ന് തോന്നി. പലതരത്തിലുള്ള ദുഃഖങ്ങളെ സമുദ്രത്തിലേക്കൊഴുക്കിക്കളയുവാൻ ബീച്ചിലെത്തുന്നവർക്ക് വിസ്മയമായി ഇന്നിന്റെ ദുഃഖങ്ങളെ നാളെയുടെ ശുഭപ്രതീക്ഷയാൽ പ്രതിരോധിച്ച്  ഓരോ നിമിഷവും ആസ്വദിക്കുന്ന തെരുവിന്റെ ആ കുഞ്ഞുമാലാഖയെ കാണുമ്പോൾ അസ്തമയ സൂര്യൻ തന്റെ നിഴലിനെ ചുംബിക്കുന്ന മായക്കാഴ്ച്ചയുടെ മനോഹാരിതയേക്കാൾ പതിന്മടങ്ങ് ഭംഗി തോന്നി.

Content Summary: Malayalam Short Story ' Kunjatta ' written by Anas V. Pengad

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS