ADVERTISEMENT

ഓരോ പ്രാവശ്യവും വണ്ടി കയറുന്നത് മനസ്സിൽ കാണേണ്ടവരുടെ ലിസ്റ്റുമായാണ്. ഒരു കാലത്തു ഒന്നിച്ചു കളിച്ചും ചിരിച്ചും നടന്നവർ, പഠിച്ചവർ, നാട്ടുകാർ അല്ലെങ്കിൽ ഏതെങ്കിലും കടപ്പാടിന്റെ ബന്ധമുള്ളവർ. എല്ലാം മധുരമുള്ള ഓർമ്മ പോലെയോ അല്ലെങ്കിൽ എന്നോ കൈവിട്ടുപോയ വിലയേറിയ ഒന്നിനെ തേടുന്ന പോലെയോ കണ്ണുകൾ ഓരോ സ്ഥലത്തു പോകുമ്പോഴും അലയാറുണ്ട്. പലപ്പോഴും ആരെയും കാണാറില്ല കാരണം എല്ലാവരും എവിടെയൊക്കെ ആണെന്ന് ആർക്കറിയാം. അന്ന് ലോകം ഇത്ര അടുത്തായിരുന്നില്ലല്ലോ? ചില നഷ്ടങ്ങൾ ഒരിക്കലും നികത്താനാവില്ലയെന്നു വേദനയോടെ ഓർത്തു. എന്നിട്ടും ചേച്ചിയെ കാണണമെന്നത് ഒരു വാശി പോലെ മനസ്സിൽ നിറഞ്ഞു നിന്നു. കഴിഞ്ഞതവണ വന്നപ്പോൾ വീടിന്റെ താഴെ നിന്നു വിളി കേട്ടു "ചേച്ചീ" അമ്മ എഴുന്നേറ്റ് നോക്കിയപ്പോൾ ചേച്ചിയാണ് ഞങ്ങളുടെ ഏറ്റവും അടുത്ത അയൽവാസി. എന്നെ സംബന്ധിച്ചു ചേച്ചിയെന്നു വിളിക്കാനാവില്ല കാരണം അമ്മയേക്കാളും ചേച്ചി ഒരു 20 വയസ്സെങ്കിലും മൂത്തതാണ് പക്ഷെ അവർ പരസ്പരം വിളിച്ചിരുന്നത് ചേച്ചിയെന്നായിരുന്നു. അതുകൊണ്ടു തന്നെ അമ്മാമ്മയെന്നാണ് വിളിക്കേണ്ടത്. പക്ഷെ വിളിച്ചു ശീലിച്ചത് ചേച്ചിയെന്നാണ്. "ലിനുവെവിടെ" "എടാ ചേച്ചി വിളിക്കുന്നു" അമ്മയുടെ ശബ്ദം ഉയരുന്നത് അർദ്ധ മയക്കത്തിൽ ഞാൻ കേട്ടു. പെട്ടെന്നെഴുന്നേറ്റ് ഓടിച്ചൊരു മുഖം മിനുക്കൽ നടത്തി ചേച്ചി നിൽക്കുന്നവിടത്തേക്കു നടന്നു. നല്ല തൂവെള്ള നിറമാണ് ചേച്ചിക്ക്. വേഷം ചട്ടയും നീലയും വെള്ളയും നിറത്തിലുള്ള ലുങ്കിയുമാണ്. വേഷത്തിനു മാറ്റമൊന്നുമില്ല. തന്റെ ഓർമ്മയിൽ പള്ളിയിൽ പോകുമ്പോഴല്ലാതെ ചേച്ചിയെ എന്നും കാണുന്നത് ഈ വേഷത്തിലാണ്. 

ചേച്ചിയെ കാണുന്ന കാലം തൊട്ടു അതിരാവിലെ തന്നെ കൈയ്യിൽ അരിവാളുമായി പറമ്പിലാണ് കണ്ടിട്ടുള്ളത്. മറ്റുള്ളവർ പണിക്കു പോകേണ്ട സമയമാകുമ്പോഴേക്കും വലിയ കെട്ടു പുല്ലുമായി വീട്ടിലെത്തും. പശു സ്ഥിരമായി തന്നെ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. കൊമ്പില്ലാത്ത നെറ്റിക്ക് വെള്ളപ്പൊട്ടുള്ള വെള്ളയും ബ്രൗണും നിറമുള്ള വലിയ പശു. അങ്ങനെ ഒരിനം ആദ്യമായിട്ടാണ് ഞാൻ കണ്ടത്. അതുപോലെ ഒന്നിനെ ഞങ്ങളുടെ പ്രദേശത്തു കണ്ടിരുന്നില്ല. പശു വീട്ടാവശ്യത്തിനും വിൽക്കാനുമുള്ള പാലും പറമ്പിലെ കൃഷിക്കായി വളവും നൽകുകയും ചെയ്തിരുന്നു. ആ വീട്ടിലെ മറ്റൊരു അന്തേവാസികൾ കോഴികളായിരുന്നു. കറുപ്പും വെളുപ്പും ബ്രൗണും, കറുപ്പും വെള്ളയും ഇങ്ങനെ പല നിറങ്ങൾ സമ്മിശ്രമായ കോഴി സുന്ദരികൾ. അതിൽ തന്നെ ഞാൻ അതുവരെ കാണാത്ത കഴുത്തിൽ പൂടയില്ലാത്ത ഇനങ്ങളും ഉണ്ടായിരുന്നു. എല്ലാം തന്നെ തടിച്ചു കൊഴുത്തു പുര നിറഞ്ഞു നിൽക്കുന്നവ. അവയുടെ പുരുഷ വർഗം കുറവായിരുന്നു അതുകൊണ്ടു തന്നെ ചുറ്റുവട്ടമുള്ള പുരുഷ വർഗം അവിടുത്തെ സന്ദർശകരായിരുന്നു. 

കുറെ വർഷങ്ങൾക്ക് മുമ്പ് ആറിലാണ് ആ സമയം പഠിക്കുന്നതെന്നാണ് ഓർമ്മ. അരക്കൊല്ല പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ എനിക്ക് നല്ല മാർക്കുണ്ട് സൂസനാകട്ടെ വളരെ പിന്നിലും. ചേച്ചി എന്നെ വിളിച്ചു എടാ ലിനു നീ നിന്റെ പുസ്തകം എടുത്തിട്ട് ഇങ്ങോട്ട് വാ. ആ സൂസന്റെ കൂടെയിരുന്നു പഠിക്ക്. അവൾ ഒന്നും പഠിക്കുന്നില്ല. നീ അവൾക്കും വല്ലതും പറഞ്ഞു കൊടുക്ക്. അങ്ങനെ മുഖത്തോടു മുഖം നോക്കിയിരുന്നാണ് പഠിച്ചിരുന്നത്. പഠിത്തത്തിൽ അവൾ അത്ര മെച്ചമായിരുന്നില്ലെങ്കിലും ബാക്കി കലാ കായിക രംഗങ്ങളിൽ സ്കൂളിലെ ഒരു താരമായിരുന്നു. അവളെ ഏതോ പണക്കാരൻ കെട്ടിക്കൊണ്ടു പോയി നല്ല നിലയിലാണ്. താനാകട്ടെ നന്നായി പഠിച്ചതു കൊണ്ട് ജോലി തേടി അന്യനാട്ടിലുമെത്തി. കൂടു വിട്ടവർ കൂട്ടം തെറ്റിയവർ എന്ന് പണ്ടെങ്ങോ വായിച്ച നോവലിന്റെ തല വാചകം പോലെ ഓരോ ജീവിതങ്ങൾക്കോരോ വഴികളാണ്. തള്ളക്കോഴി എങ്ങനെയാണോ കുഞ്ഞുങ്ങളെ നയിച്ചു കൊണ്ടു പോകുന്നത് അതു പോലെ സുന്ദരികളായ പെണ്മക്കളേയും സുന്ദരന്മാരായ ആണ്മക്കളെയുമൊക്കെ കൂട്ടിക്കൊണ്ടു ചേച്ചി വല്ലപ്പോഴുമൊക്കെ ഒരു സിനിമയ്ക്ക് പോക്കുണ്ട്. അതു കാണുമ്പോൾ തോന്നിയിട്ടുണ്ട് തന്റെ അച്ഛനും അമ്മയും അതുപോലെ കൊണ്ടുപോയിരുന്നെങ്കിൽ. നടക്കാതെ പോയ ആഗ്രഹങ്ങളിൽ ഒന്ന്. 

നീ എപ്പോൾ വന്നു? എങ്ങനെ ഉണ്ടവിടെ? വളരെ ചെറുപ്പത്തിൽ തന്നെ അച്ചാച്ചൻ പഠിപ്പിച്ച അരുതുകളിൽ ഒന്ന് നുണ പറയാൻ പാടില്ലായെന്നതായതു കൊണ്ട് ഡൽഹിയിലെ മാർക്കറ്റുകളിൽ ഒന്നായ കൊണാട്ട് പ്ലേസിലെ സൂപ്പർ ബസാറിന്റെ മുതലാളിയാണെന്നു പറയാനുള്ള തൊലിക്കട്ടിയില്ലായിരുന്നു. പ്രാരാബ്ധങ്ങൾ പറഞ്ഞു ആരെയും ബുദ്ധിമുട്ടിക്കണ്ടായെന്ന് വിചാരിച്ചു അങ്ങുമിങ്ങും തൊടാതെ കുഴപ്പമില്ലായെന്ന് പറഞ്ഞു തലയൂരി. പിന്നെ ചേച്ചിയുടെ ഊഴമായിരുന്നു. പറഞ്ഞതൊക്കെയും സങ്കടങ്ങൾ. സ്വത്തു മുഴുവൻ നാടുവിട്ടു പോയ മകന്റെ പേരിലായിരുന്നുവത്രെ. മണ്ണിനോട് മല്ലിട്ട് കരുത്തയായ അവരെ അകാലത്തിൽ മരിച്ചു പോയ മകന്റെ മരണം വല്ലാതെ തളർത്തിയിരുന്നുവെന്നു അവരുടെ ഇടറിയ ശബ്ദത്തിൽ വ്യക്തമായിരുന്നു. ഒരയൽവാസി പറഞ്ഞ ചേച്ചിയുടെ പ്രിയപ്പെട്ട ഒരു കോമഡിയുണ്ട്. ഒരവയവത്തെ സൂചിപ്പിച്ച് എടി അന്നാമ്മോ അടുക്കി പെറുക്കി വെക്കെടിയെന്നു പറഞ്ഞു ചിരിച്ചിരുന്ന ഉത്സാഹവതിയായ ചേച്ചിയാണല്ലോയിതെന്നു വേദനയോടെ ഓർത്തു. ജീവിതത്തിൽ മറക്കാനാവാത്തതാണ് എല്ലാ ഈസ്റ്ററിനും ഞങ്ങളുടെ ഒരവകാശം പോലെ കിട്ടിയിരുന്ന അപ്പവും കോഴിക്കറിയും. ഞങ്ങളുടെ വീട്ടിൽ ദോശ ചുടുകയെന്നത് വല്ലപ്പോഴും നടക്കുന്ന ഒരു സംഭവമാണ്. സ്വന്തം കുടുംബം തന്നെ വലിയ ഒന്നാണ് എന്നിട്ടും അവരുടെ മറ്റുള്ളവരോടുള്ള സ്നേഹം അതു സമ്മതിച്ചേ തീരു. ഇന്നും നാവിൽ നിന്ന് അതിന്റെ രുചി മാറിയിട്ടില്ല. 

കൈപ്പുണ്യം അനുഭവിച്ചറിയാൻ കൂടുതൽ ഭാഗ്യം സിദ്ധിച്ചത് അച്ഛനായിരുന്നു. കാരണം ചേച്ചി മഹത്തായ ഒരു കണ്ടുപിടുത്തം നടത്തി ശരിക്കും നോബൽ സമ്മാനം വരെ കിട്ടാവുന്നത്. മലയാള മാസം ഒന്നാം തിയതി അച്ഛൻ ഏതു വീട്ടിലാണോ കയറിച്ചെല്ലുന്നത് ആ വീട്ടുകാർക്ക് ആ മാസം മുഴുവൻ നല്ല ഐശ്വര്യമായിരിക്കും. ഐശ്വര്യം നേടാനായി തലേന്ന് തന്നെ ചേച്ചി അച്ഛനെ ബുക്ക് ചെയ്യും. പിറ്റേന്ന് രാവിലെ അച്ഛൻ അവിടെ പോകുകയും ഐശ്വര്യം മൊത്തമായി കൊടുത്തു സുഭിക്ഷമായി ചായയും ദോശയും തിന്നു തിരിച്ചു വരും. ഞാൻ കയറിച്ചെന്നാൽ കിട്ടാവുന്ന ഐശ്വര്യം ചേച്ചിക്ക് മനസിലായില്ലല്ലോ എന്ന പരിഭവം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഭക്ഷണ കാര്യത്തില്‍ ചിട്ടകൾ ചേച്ചിക്കുണ്ടായിരുന്നു. ഒരു ഗ്ലാസ്സ് പാലും ഒരു മുട്ടയും കൊണ്ടാണ് ഉച്ചവരെ കഴിച്ചു കൂട്ടുക.. പിന്നീട് പല പ്രാവശ്യം നാട്ടിൽ വന്നെങ്കിലും പല തിരക്കുകൾ കാരണം ചേച്ചിയെ കാണാൻ പറ്റിയില്ല. അങ്ങനെയാണ് ഇപ്രാവശ്യം കാണാൻ പോയത്. മുഖത്തു ചുളിവുകൾ വീണിരിക്കുന്നു. മുടിയും തൂവെള്ള നിറമായിട്ടുണ്ട്. എന്നെ കണ്ടപ്പോൾ മുഖത്തു ഒരു ചിരിയല്ലാതെ വേറെ ഭാവ വ്യത്യാസമൊന്നുമില്ലാതിരുന്നതു കൊണ്ട് ഒരൽപ്പം അമ്പരപ്പ് തോന്നി. എങ്കിലും സ്വയം പരിചയപ്പെടുത്താന്‍ ഒരു ശ്രമം നടത്തി. വർഷങ്ങളോളം തൊട്ടയൽവാസി ആയിരുന്നിട്ടും താൻ പറഞ്ഞതെല്ലാം ഒരു ഭാവ വ്യത്യാസവും കൂടാതെ അവർ കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല. അവരുടെ മുഖത്തെ ചിരിക്ക് മാത്രം മാറ്റമൊന്നും കണ്ടില്ല. തിരിഞ്ഞു നടക്കുമ്പോൾ മുന്നിൽ ജോസ് ചേട്ടൻ. നീ എപ്പോൾ വന്നെടാ? മൂപ്പർ വളരെ പിശുക്കി സംസാരിക്കുന്നയാളാണ്. രണ്ടു ദിവസമായി. ചേച്ചിക്ക് എന്നെ മനസ്സിലായില്ലയെന്നു തോന്നുന്നു. എന്നോടൊന്നും മിണ്ടിയില്ല. എടാ അമ്മച്ചിക്ക് സ്ഥിരം കാണുന്നവരേപ്പോലും ഓർമ്മയില്ല. അപ്പോൾ പിന്നെ പറയേണ്ടല്ലോ? ഒരു ചെറു ചിരിയോടെ പറഞ്ഞു. 

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ ചിന്തകൾ മുഴുവൻ മറവിയെപ്പറ്റിയായിരുന്നു. എങ്ങനെയായിരിക്കും മറവി വരുന്നത്. എന്തായിരിക്കും അതിന്റെ തുടക്കം. ഈ മറവി വന്നാൽ ഇന്നലെ കണ്ടവരെ ഇന്നു കണ്ടാൽ എന്താണ് തോന്നുക ഒരു പരിചയമില്ലാത്തവരെപ്പോലെയാണോ തോന്നുക. അപ്പോൾ കാണാൻ വന്നവർക്കെന്താണ് തോന്നുക. ഇന്നലെ വരെ ഈ തള്ളയ്ക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ? ഇന്നെന്തു പറ്റി. ഇനി മറവി വന്നാൽ നമ്മളെങ്ങനെ അറിയും. അതെങ്ങനെയാണ് അനുഭവപ്പെടുക. ആലോചിച്ചപ്പോൾ തല പെരുക്കുന്നു. അതു വന്നാലത്തെ അവസ്ഥ എത്ര ദയനീയമായിരിക്കും? അവർക്കു മറ്റുള്ളവരുടെ വികാരങ്ങളോ വിചാരങ്ങളോ ഒന്നും മനസ്സിലാക്കാനാവില്ല. ആർക്കും കളിപ്പിക്കാവുന്ന ഒരു പാവ പോലെ. ശരിയോ തെറ്റോ നന്മയോ തിന്മയോ ദുഃഖമോ സുഖമോ അറിയാത്ത ലോകത്തായിരിക്കും അവർ ജീവിക്കുന്നത്. ജീവിതത്തിനു ഇങ്ങനെ ഒരു മുഖം ഉണ്ടെന്നോർത്തപ്പോൾ മനസ്സിൽ ഭയം തോന്നി.. 

Content Summary: Malayalam Short Story ' Maravi ' written by Nanu T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com