എത്ര നന്നായി ജീവിച്ചാലും
നിങ്ങളെ ഒരിക്കലും മനസ്സിലാക്കാത്ത
ഒരുപാട് മനുഷ്യരുണ്ട്.
അവര്‍ സംശയിച്ചുകൊണ്ടേയിരിക്കും.
സഹായവും, സഹതാപവും
സമ്പത്തും കൈപ്പറ്റിയാലും
അവര്‍ക്ക് നിങ്ങള്‍ അന്യരാണ്.
നിങ്ങളുടെ പണംകൊണ്ട് വാങ്ങിയ
ആയുധവുമായി അവര്‍
നിങ്ങളുടെ പുറകില്‍ പതുങ്ങിനില്‍ക്കും.
നിങ്ങളുടെ വായില്‍ നിന്നും
പൊഴിഞ്ഞുവീണ തമാശകള്‍
അവര്‍ക്ക് അശ്ലീലവും ആഭാസവുമാകും.
അവരുടെ കുത്തിനും ചവിട്ടിനും
നിന്നുകൊടുക്കാന്‍ പക്ഷെ
നിങ്ങളിലെ നന്മ അനുവദിക്കില്ല.
അത് നിങ്ങളെ ശത്രുവിന്‍റെ മുന്നില്‍
അജയ്യനും അനന്യനുമാക്കും.
അവരുടെ മുന്‍വിധികളുടെ-
മുകളിലൂടെ നീ നടന്നുപോകും.
അവരുടെ തീപന്തങ്ങളുടെ നടുവില്‍
നീ സൂര്യനായ് ഉദിച്ചുയരും.
അവരുടെ കറുത്തസൂത്രങ്ങളില്‍
വെളുത്തവാവായ് നീ തെളിഞ്ഞു നില്‍ക്കും.
സൂക്ഷിക്കുക ഉള്ളില്‍ നന്മ സൂക്ഷിക്കുക.
Content Summary: Malayalam Poem ' Jaithrayathrakal ' written by Sony Karakkal