അങ്ങനെയിരിക്കെ
വേണ്ടപ്പെട്ടൊരുവളുടെ മുഖം
നമ്മുടെ ഓർമ്മകളിൽനിന്നും
ഇറങ്ങിപ്പോകും.
വേർപാടിന്റെ ആദ്യവർഷങ്ങളിൽ
പച്ചകുത്തിയപോലെ
തെളിഞ്ഞു കിടക്കുന്ന മുഖം
പത്താംകൊല്ലം മുതൽ
പതിയെ മാഞ്ഞുതുടങ്ങും.
പതിനെട്ടാം കൊല്ലം,
ഫോട്ടോ കണ്ടാൽമാത്രം
ഓർമ്മവരുന്ന മട്ടിൽ
മനസ്സിൽ നിന്നും
പൂർണ്ണമായത് മായും.
ഇരുപതാം കൊല്ലം,
നാം സങ്കൽപ്പിക്കുന്ന മുഖം
പ്രിയപ്പെട്ടവളുടെയല്ല
എന്ന് തിരിച്ചറിയും.
ഇരുപത്തി രണ്ടാം കൊല്ലം,
ഇരുപതാം കൊല്ലത്തിൽ
പണിപ്പെട്ടു മനസ്സിൽ കൊണ്ടുവന്ന
മുഖം മറക്കുകയും വേറൊരു മുഖം
കൽപ്പിച്ചെടുക്കുകയും ചെയ്യും.
ഇരുപത്തിയഞ്ചാം കൊല്ലത്തിൽ
പ്രിയപ്പെട്ടവളുടെ മുഖം നമ്മിൽനിന്നും
പൂർണ്ണമായും മറഞ്ഞുവല്ലോയെന്ന്
വേദനാഭരിതമായ മനസ്സോടെ തിരിച്ചറിയും.
കാലം ഒരു മുഖത്തെയും
മായ്ച്ചു കളയുന്നതല്ല,
അനശ്വരതയിലേക്ക്
പരിവർത്തനപ്പെടുത്തുകയാണ്.
ആ സാരസ്വതരഹസ്യം
അറിയാത്തതിനാലാണ്
മറവിയെ നമ്മൾ പഴിക്കുന്നത്.
Content Summary: Malayalam Poem ' Parivarthanam ' written by K. R. Rahul