ADVERTISEMENT

1980കളിൽ കേരളത്തിലെ മിക്ക പുരാതന കത്തോലിക്കാ കുടുംബങ്ങളിലും വിവാഹങ്ങൾ നടത്തികൊടുത്തിരുന്ന ആളായിരുന്നു ബ്രോക്കർ ബേബി. കല്യാണപ്രായമായ യുവതീ -യുവാക്കൾ ഉള്ള സകല വീടുകളിലെയും ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഇദ്ദേഹം. അനുയോജ്യരായ വധൂ വരന്മാരെ തേടിപിടിച്ച് ചേരുംപടി ചേർത്തു കൊടുത്ത് അവരെ മണിയറയിലേക്ക് കയറ്റി വിടുന്നത് വരെ ബേബിയുടെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകും. എല്ലാവർക്കും സ്വീകാര്യൻ.  ഈ വീടുകളിലെല്ലാം സമയമോ സന്ദർഭമോ നോക്കാതെ ബേബി പ്രത്യക്ഷപ്പെടും. കാൻഡിഡേറ്റുകളുടെ തനത് സൗന്ദര്യം, സ്വഭാവവിശേഷങ്ങൾ പിന്നെ ആ വീട്ടിലെ ഭക്ഷണരീതികൾ ഒക്കെ കണ്ട് മനസ്സിലാക്കാനുള്ള ബേബിയുടെ അടവുകളാണ് അതൊക്ക. അങ്ങനെ പത്തിൽ പത്ത് പൊരുത്തവും ഒക്കുന്ന കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. അതുകൊണ്ടുതന്നെ ബേബിയിലൂടെ വരുന്ന കല്യാണ ആലോചനകൾക്ക് ആണ് എല്ലാ മാതാപിതാക്കളും ആ കാലത്ത് മുൻതൂക്കം കൊടുത്തിരുന്നത്. കാരണം ബേബി നടത്തുന്ന കല്യാണങ്ങൾ നീണാൾ വാഴുന്നുണ്ട്. ജോലിയിലെ ആത്മാർഥത, വിശ്വസ്തത, സത്യസന്ധത.. ഇതൊക്കെ ബേബിയെ മറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. 

അങ്ങനെയിരിക്കെയാണ് ബേബി കല്യാണം നടത്തി കൊടുത്ത ഒരു പെൺകുട്ടിയുടെ അപ്പന്റെ വിളി വരുന്നത്. അവരുടെ ഒരു ബന്ധു വിദേശത്തുനിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് കാഞ്ഞിരപ്പള്ളിയിൽ സ്ഥിരതാമസത്തിന് വരുന്നു. അവരുടെ നാലുമക്കളിൽ മൂന്നു മക്കളും വിവാഹം കഴിഞ്ഞ് കേരളത്തിന് പുറത്തും വിദേശത്തും ആണ്. ഇളയ മകൾക്ക് നാട്ടിൽനിന്ന് അനുയോജ്യനായ ഒരു വരനെ കണ്ടുപിടിച്ചു കൊടുക്കണം. ഒരാളെങ്കിലും നാട്ടിൽ വേണമെന്നതാണ് വയസ്സായികൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ ആഗ്രഹം. ഒരു പ്രാഥമിക അന്വേഷണം നടത്താൻ ബേബി കാഞ്ഞിരപ്പള്ളിയിൽ ബസ്സിറങ്ങി. എല്ലാവർക്കും കുറച്ചുനാളത്തെ പരിചയമേ ഉള്ളുവെങ്കിലും ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. തങ്കപ്പെട്ട മനുഷ്യർ! ദൈവ തുല്യരായ ആൾക്കാർ! മകളെ കുറിച്ചും നല്ല അഭിപ്രായം മാത്രം. പലതരത്തിലുള്ള ആൾക്കാരോട് തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും ആർക്കും എതിരഭിപ്രായം ഒന്നും ഇല്ല. അത് വലിയൊരു അതിശയമായി തോന്നി ബേബിക്ക്. സാധാരണ ഇങ്ങനെ പ്രത്യേകിച്ചും പ്രവാസികളെ കുറിച്ച് അന്വേഷിക്കുമ്പോൾ വളരെ മോശം അഭിപ്രായങ്ങൾ അസൂയ മൂത്ത ആൾക്കാർ പറയാറുണ്ട്. എന്തായാലും ബേബി ഈ അത്ഭുത മനുഷ്യരെ നേരിൽ കാണാൻ തന്നെ തീരുമാനിച്ച് ആ വീട്ടിലേക്ക് പോയി.

പഴയ ഒരു വീട് വാങ്ങി കാശ് ഇഷ്ടം പോലെ മുടക്കി ഭംഗിയാക്കി എടുത്തിരിക്കുന്ന ഒരു ഉഗ്രൻ ബംഗ്ലാവ്, നല്ലൊരു പൂന്തോട്ടം, ഒരു വിദേശി കാർ. ഇതിന് എല്ലാത്തിനും പുറമെ വിനയാന്വിതരായ മനുഷ്യർ. ഇതിന്റെ നാലിലൊന്ന് വലിപ്പമുള്ള വീടുകളിലെ മനുഷ്യരുടെ അഹങ്കാരവും പൊങ്ങച്ചവും കാണുകയും കേൾക്കുകയും ചെയ്ത ബേബിക്ക് ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് സംശയമായി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം ബേബിയ്ക്ക് കൊടുത്തു. ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന പെൺകുട്ടി വന്നപ്പോൾ അവളെയും കാണിച്ച് ചായയും കുടിച്ച് ആണ് ബേബി തിരികെ പോന്നത്. പോരാത്തതിന് ബേബിയെ ആ കുടുംബനാഥൻ കാറിൽ കയറ്റി ബസ്സ്റ്റാൻഡിൽ കൊണ്ടു വിട്ടു. പോകാൻനേരം നൂറു രൂപയുടെ ഒരു നോട്ടും ബേബിയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു. ആ കാലഘട്ടത്തിൽ കൂടിപ്പോയാൽ 20 രൂപ കൊടുക്കുന്ന കാലത്താണ് ഇതെന്നോർക്കണം. എല്ലാകാര്യത്തിലും ബേബി പൂർണ സംതൃപ്തൻ ആയിരുന്നെങ്കിലും അവർ മൂന്നുപേരും പരസ്പരം സംസാരിച്ചിരുന്നത് ഇംഗ്ലീഷിലായിരുന്നു. അതൊരു കല്ലുകടി പോലെ തോന്നി.

അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സർക്കാർ ഉദ്യോഗസ്ഥനായ മകന് ഈ കല്യാണ ആലോചനയുമായി ബേബി ചെന്നു.  അവർക്കും കേട്ടപ്പോൾ നല്ല തൃപ്തി തോന്നി. മാത്രമല്ല സ്ത്രീധനം ആയി നല്ലൊരു തുക കിട്ടുമല്ലോ എന്നോർത്തപ്പോൾ സന്തോഷം ഇരട്ടിച്ചു. അടുത്ത ദിവസം തന്നെ ബ്രോക്കറും പയ്യനും കൂടി പെൺകുട്ടിയെ കാണാൻ കാഞ്ഞിരപ്പള്ളിയിൽ എത്തി. വീടും അവരുടെ പെരുമാറ്റവും ഒക്കെ കണ്ട് പയ്യനും അന്തംവിട്ടു. പ്രൈവറ്റ് ടോക്ക് നടത്തുന്ന സമയത്ത് വിദേശത്ത് ജനിച്ചു വളർന്ന പെൺകുട്ടിയുടെ ഇംഗ്ലീഷിന്റെ ഫ്ലോ കണ്ട പയ്യൻ ഇടയ്ക്കൊന്ന് പതറിയെങ്കിലും പിടിച്ചുനിന്നു. പെൺകുട്ടിയെ പയ്യന് ഇഷ്ടപ്പെട്ടു. കുടുംബക്കാരെകുറിച്ച് യാതൊന്നും അന്വേഷിക്കാൻ ഇല്ല. ബേബി ഓക്കെ പറഞ്ഞാൽ അതിനുമുകളിൽ ഒരു അന്വേഷണം വേണ്ടാത്തത് കൊണ്ട് പെൺകുട്ടിയുടെ വീട്ടുകാരെ പയ്യന്റെ വീട്ടിലേക്ക് ക്ഷണിച്ചു. നിശ്ചിത ദിവസത്തിന് മുമ്പേ പലകുറി ബേബി പയ്യന്റെ വീട് സന്ദർശിച്ച് പല നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. അതിനനുസരിച്ച് അവിടെ ധ്രുതഗതിയിൽ വീട് മോടി പിടിപ്പിക്കുകയായിരുന്നു അവർ. പിന്നെ പയ്യന്റെ കോളേജിലും സ്കൂളിലും പഠിക്കുന്ന രണ്ട് ‘വ്യാളി’ സഹോദരങ്ങളെയും വിളിച്ച് എല്ലാവരും പരസ്പരം ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാവൂ എന്നും ഓർഡർ കൊടുത്തു. ഗവൺമെൻറ് സ്കൂളിൽ രണ്ടാം ക്ലാസിലെ ടീച്ചറായ അമ്മയോടും വിവരം പറഞ്ഞു ബേബി. "ഹോ! പിന്നെ, എന്റെ മോനെ പഠിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥൻ ആക്കാൻ അറിയാമെങ്കിൽ നാലുവാക്ക് ഇംഗ്ലീഷ് പറയാനല്ലേ പാട്. താൻ പോയി തന്റെ പാട് നോക്കടോ" എന്ന് പറഞ്ഞു അവർ.

ഏതായാലും നിശ്ചിത ദിവസം പെൺകുട്ടിയുടെ അപ്പനും അമ്മയും അവധിക്ക് നാട്ടിൽ എത്തിയിരുന്ന രണ്ടു മക്കളും മരുമക്കളും ഒക്കെ പയ്യനെയും വീടും കാണാൻ എത്തി. വീടിനകത്ത് കയറിയ ഉടനെ ‘എല്ലാവരും ഇരിക്കു’ എന്ന് പറഞ്ഞപ്പോൾ ഓരോരുത്തരായി താങ്ക്യൂ പറഞ്ഞു കൊണ്ടായിരുന്നു അവരവരുടെ സീറ്റിലിരുന്നത്. പിന്നെ സംസാരവും ലോക ചർച്ചകളും മിക്കവാറും എല്ലാം തന്നെ ഇംഗ്ലീഷിൽ ആയിരുന്നു. ചായ സൽക്കാരത്തിന് ഡൈനിങ്ങ് ടേബിളിൽ എത്തിയപ്പോൾ എല്ലാവരും അതിനും കോറസ് ആയി താങ്ക്യൂ പറഞ്ഞു. പിന്നെ ദീർഘദൂര യാത്ര കഴിഞ്ഞു വന്നതുകൊണ്ട് ഓരോരുത്തരായി ടോയ്‌ലറ്റിൽ പോയി വന്നു. എല്ലാവരും അവർ തമ്മിലും ഇവരോടും മിനിട്ടിനു മിനിട്ടിനു സോറി, പ്ലീസ്,താങ്ക്യൂ.. ഇതൊക്കെ പറയുന്നത് കേട്ടും ചെറിയ തമാശ പറഞ്ഞിട്ട് ഫീൽ ചെയ്തോ, സോറി, സോറി പ്ലീസ്, please it is only a joke, please don’t misunderstand me, സോറി.. ഇതെല്ലാം കൂടി കേട്ട് പയ്യന്റെ അമ്മയുടെ തല പെരുത്തു. ബേക്കറിയിൽ നിന്ന് വാങ്ങി പ്ലേറ്റിൽ നിരത്തിയിരുന്ന കേക്കും അലുവയും സമൂസയും ഒക്കെ എല്ലാവരും സ്പൂണും ഫോർക്കും ചോദിച്ചു വാങ്ങി അത് ഉപയോഗിച്ചാണ് കഴിച്ചത്. യാത്ര പറഞ്ഞപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തുമാണ് പിരിഞ്ഞത്.

ബേബി കാഞ്ഞിരപ്പള്ളിക്കാരെ കാറിൽ കയറ്റി യാത്ര പറഞ്ഞ് തിരികെ പയ്യന്റെ വീട്ടുകാരുടെ അഭിപ്രായമറിയാൻ ഓടിയെത്തി. പയ്യന്റെ ഒഴിച്ച് ആരുടെയും മുഖത്ത് തെളിച്ചമില്ല. പയ്യന്റെ അനിയന്മാർ പറഞ്ഞു. “ഇവർ കൊള്ളക്കാർ ആണോ എന്നാണ് ഞങ്ങളുടെ സംശയം. ആ കാലഘട്ടത്തിൽ ജോസ് പ്രകാശും സി. ഐ. പോളും ബാലൻ കെ. നായരും ഒക്കെയാണല്ലോ മലയാളം സിനിമകളിൽ പൈപ്പ് കടിച്ചുപിടിച്ച് "ഹലോ മിസ്റ്റർ പെരേര വെൽ ഡൺ മൈ ബോയ്സ്, നൈസ് ടു മീറ്റ് യു" എന്നൊക്കെ പറഞ്ഞിരുന്നത്. അവസാനം പയ്യന്റെ അമ്മ കാര്യം പറഞ്ഞു. "ബേബി കൊണ്ടുവന്ന ഈ ആലോചനയ്ക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ ഇത് നമുക്ക് ചേർന്നതല്ല. ഇവിടെ ഈ പെൺകുട്ടി താമസം തുടങ്ങിയാൽ ആരാണ് ഇവിടെ പുട്ടിന് പീര ഇടുന്നത് പോലെ പ്ലീസ്, താങ്ക്യു, സോറി എന്നൊക്കെ പറയാൻ ഇരിക്കുന്നത്. ഇവന്മാരുടെ പരീക്ഷ സമയത്തും ഇവർ ഒപ്പിക്കുന്ന സ്ഥിരം കുസൃതികളും കണ്ട് ഞാൻ ഭദ്രകാളി ആകുന്ന ദിവസങ്ങളാണ് ഇവിടെ അധികവും. അദ്ദേഹം ആണെങ്കിൽ ഇവരുടെ പരീക്ഷയുടെ സമയത്ത് ടൂർ എന്നും പറഞ്ഞ് പെട്ടിയെടുത്ത് ജീവനും കൊണ്ട് സ്ഥലം വിടും. ഇവിടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുമ്പോൾ ആണ് തിരികെ വരിക. ഈ കുട്ടി ഇവിടുത്തെ പൊറുതി ഒറ്റ ദിവസം കൊണ്ട്  അവസാനിപ്പിച്ച് അത് പെട്ടിയെടുത്ത് ഓടും."

അതേ ബേബിക്കും അത് തോന്നിയിരുന്നു. ഇവരെ ചേർത്ത് വച്ചാൽ അത് ശരിയാകില്ല. നല്ല കമ്മീഷൻ തടയുമായിരുന്നെങ്കിലും വിവാഹ കമ്പോളത്തിലെ ബേബിയുടെ പേര് ചിലപ്പോൾ ഈ ഒരൊറ്റ കല്യാണം കൊണ്ട്  പോകാനും മതി. ചിലപ്പോൾ ബേബി തന്നെ കൊണ്ടുവരുന്ന ആലോചനകൾ പിന്നീടുള്ള അന്വേഷണത്തിൽ ചില പാരമ്പര്യരോഗങ്ങൾ, പയ്യന്റെ മുൻകാല പ്രേമബന്ധം, പെണ്ണിന്റെ സ്വഭാവ വൈകൃതം.. അങ്ങനെയൊക്കെ പറഞ്ഞു മുടങ്ങി പോയിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു അനുഭവം ആദ്യം ആയിരുന്നു. കൂടുതൽ നല്ല മനുഷ്യരായതുകൊണ്ട് കല്യാണം മുടങ്ങുന്നത്. ഏതായാലും ഈ വിവാഹാലോചന സോറിയിലും താങ്ക്യൂയിലും തട്ടി വീണുടഞ്ഞു. ഒരു വർഷത്തിനുള്ളിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥന് അവർക്ക് ചേർന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥയെ റെഡിയാക്കി കൊടുത്തു ബേബി. വെറുതെ നിങ്ങളുടെ മോഹങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കി പെൺകുട്ടി നാലാം ദിവസം തിരികെ വീട്ടിൽ തന്നെ വന്നു കയറും എന്നൊക്കെയുള്ള സത്യങ്ങൾ കാഞ്ഞിരപ്പള്ളികാരെയും പറഞ്ഞു മനസ്സിലാക്കി ബേബി ആ പെൺകുട്ടിക്ക് വിദേശത്തുള്ള പയ്യനെ തന്നെ സെറ്റ് ആക്കി കൊടുത്തു. ദീർഘവീക്ഷണം വേണ്ടുവോളമുള്ള ബേബിയുടെ വാക്കുകൾ ഇരുകൂട്ടരും ശിരസാവഹിച്ചതുകൊണ്ട് രണ്ട് കുടുംബങ്ങളിലും ഉണ്ടാകുമായിരുന്ന വലിയൊരു ദുരന്തം അങ്ങനെ ഒഴിവായി. ഒരു വർഷത്തെ കാലതാമസം വന്നെങ്കിലും വിവാഹ കമ്പോളത്തിൽ ബേബിയുടെ മാർക്കറ്റ് ഒന്നുകൂടി കൂടിയതേയുള്ളൂ. കൊക്കെത്ര കുളം കണ്ടതാ? ബേബിയോടാണോ കളി?

Content Summary: Malayalam Short Story ' Well Done My Boys ' written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com