ഏഴാണ്ടു മുൻപൊരുപീതോഷസ്സിലെൻ സഖീ
പ്രഭവാദി സംവത്സരങ്ങളിൽ
മാലേയദ്വയമണിഞ്ഞെത്തുന്ന കർണ്ണികാര
യൗവന ശ്രീയായെന്നെയാശ്ലേഷിച്ചു നീ
വിസ്‌മൃതിയിൽ വെന്തുമരിച്ചീടാത്ത വിഷുക്കൈ-
നീട്ടമായധരപാനം പകർന്നിരുന്നു നീ...
ഇന്ന്, നിറമെല്ലാമൊലിച്ചുപോയൊരി
പരീക്ഷീണോന്മുഖയാം മേട സംക്രമോദയത്തിലെൻ
സമക്ഷവുമെല്ലാടവുമശ്രാന്തം സ്തരിയെന്നപോൽ
നിശൂന്യത പടരുന്നു...
ഇന്നു ഞാനറിയുന്നു
നീമാത്രമാണീ സരണിയുടെയന്തരം
നിനക്കു ശേഷം മറ്റൊന്നുമില്ല
ഭുവനമാകെ ദുരിതം, മഹാ പ്രളയഗ്രസ്ഥം
നിശബ്ദം ഭവജ്വരം...
നീയില്ലാതൊരു വിഷു വിഭാതോദയം കൂടെ
വേച്ചിഴഞ്ഞു കടന്നുപോകുന്നു
പരലോകഗതിയെക്കാൾ ക്ലേശസമ്പുഷ്ടമീ വാസരം
വീണ്ടുമൊരു വിഷുവിഭാതോദയം കൂടെ
ത്രാസമറ്റു പിടയുന്നു നിന്റെ ഭുർജ
സ്പർശമേൽക്കാതെ
നീ മാത്രമാണീ കാലചക്രമെന്നറിഞ്ഞീടുന്നു ഞാൻ
നിനക്കനന്തരം മറ്റേതേതുമില്ല...
Content Summary: Malayalam Poem ' Veendumoru Niram Maanja Samkramam ' written by K. V. Aswin Karekkad