ADVERTISEMENT

വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ തുടങ്ങി ഉത്തരേന്ത്യയിലെ ചില നഗരങ്ങളും ഇന്ദ്രപ്രസ്ഥവും കടന്ന്‌ രാജ്യത്തിനു പുറത്തേക്കും വ്യാപിച്ചു കിടക്കുന്നതാണ് അലക്സിന്റെ തൊഴിൽസാമ്രാജ്യം. അതിന്റെ ഒടുവിലത്തെ കണ്ണിയായ ഈ നഗരം അലക്സിന്റെ കാഴ്ചപ്പാടുകളെ പലവിധത്തിലും സ്വാധീനിച്ചിട്ടുണ്ട്. എന്നിട്ടും ഒറ്റത്തടിയായുള്ള ജീവിതത്തിന് വിരാമമൊന്നും സംഭവിക്കാതെ മുന്നോട്ടുപോകുന്നു. പറ്റിയൊരാളെ തിരയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും കാരണങ്ങളും കാരണങ്ങൾക്കുള്ള കാരണങ്ങളും കൊണ്ട് ആലോചനകളെല്ലാം തെന്നിമാറി. ചിലത് അലക്‌സിന് ബോധിക്കാതെ വന്നപ്പോൾ മറ്റു ചിലത് ചേട്ടൻ ലാസറിനിഷ്ടപ്പെടാതെ അലസിപ്പോയി. പെണ്ണുവീട്ടുകാർക്ക് താൽപര്യമില്ലാതെ മാറിപ്പോയ ആലോചനകളുമുണ്ട്. ആഗോളീകരണം അടിച്ചേൽപ്പിച്ച ഔദ്യോഗിക തിരക്കുകൾമൂലം താൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നു രണ്ടു മാട്രിമോണി സൈറ്റുകൾ സന്ദർശിക്കുന്നതിനുപോലും അലക്സിനു സമയം കിട്ടാതെയായി. എല്ലാ ദിവസവും ഏറ്റവുമാദ്യം ബാങ്കിലെത്തുന്നതും ക്ലോസിംഗ് കഴിഞ്ഞ് വൈകിട്ടോ രാത്രിയോ ഏറ്റവുമവസാനം ബാങ്കിൽനിന്ന് തിരികെപ്പോകുന്നതും അലക്‌സുതന്നെ. വിവാഹത്തെക്കുറിച്ച് പെറ്റുപെരുകിയ അനിശ്ചിതത്വത്തിനിടയിൽ ഉറ്റസുഹൃത്തും ഇവിടത്തെ സർക്കാർ കോളജിൽ അധ്യാപകനുമായ അനന്തു ഓൺലൈനിൽ കണ്ട വിവാഹപ്പരസ്യത്തിന്റെ തുടർനടപടികൾ അലക്സിന്റെ അനുവാദത്തോടെ സ്വന്തമായേറ്റെടുത്തു. ഫോട്ടോ കണ്ടപ്പോൾ അലക്സിനും എന്തോ ഒരിഷ്ടം തോന്നി. കുറച്ചുനാളത്തേക്ക് ആ ആലോചന അനക്കമില്ലാതെ നിന്നെങ്കിലും ഇന്നുച്ചകഴിഞ്ഞെത്താമെന്ന് പെണ്ണുവീട്ടുകാർക്ക് വാക്കു കൊടുത്തശേഷമാണ് അനന്തു അലക്‌സിനോടുപോലും പറഞ്ഞത്.

സമയം തെറ്റിക്കാതെ പതിവുപോലെത്തന്നെ അലക്സ് ബാങ്കിലെത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ബാങ്കിന്റെ ജനാലയിലേക്ക് റോഡുവക്കിലെ ആൽമരത്തിന്റെ സാമാന്യം വലിയൊരു ചില്ല ചാഞ്ഞുകിടപ്പുണ്ട്. തിരക്കേറി വരുന്ന റോഡിന്റെ ദൃശ്യം ജനാലച്ചില്ലിൽ നിഴലുകളായി പതിഞ്ഞുകിടന്നതിനാൽ കാറ്റിനൊപ്പിച്ച് ചില്ല കുലുങ്ങിയപ്പോൾ ഇലകളൊന്നാകെ തലകുലുക്കി നൃത്തം ചെയ്തു. ജനാലയുടെ തുറവിയിലൂടെ കെട്ടിടത്തിന്റെ മതിൽക്കെട്ടിനു പുറത്തേക്ക് നോക്കിയിരിക്കവേ പുലരിയുടെ തണുത്ത കാറ്റ് പുതപ്പായി വീണ് അലക്‌സിന്റെ മുഖം പൊതിഞ്ഞു. ചുറ്റുപാടുമൊന്ന് വീക്ഷിച്ചശേഷം തിരിച്ചുവന്ന് കസേരമേലിരുന്ന് കണ്ണടച്ചതും എന്നുമുള്ളതുപോലെ ശബ്ദരഹിതമായ പ്രാർഥന ഉള്ളിൽനിന്നു പൊന്തി. ദൈവവും അലക്‌സും തമ്മിലുള്ള സംഭാഷണമാണത്. പറയാനുള്ളതൊക്കെ പറഞ്ഞിട്ട് ചുമരിലെ ക്ലോക്കിലേക്ക് നോട്ടം തെന്നിയതും ടീനയെ ഓർമ്മവന്നു. ടീന ഡേവിഡ്... അവളുടെ കസേര ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. ജോലിക്കാരിൽ ആദ്യമെത്താറുണ്ടായിരുന്നത് ടീനയായിരുന്നു. അലക്‌സ് ഈ ബ്രാഞ്ചിലേക്ക് വന്നശേഷം മറ്റുള്ളവർ ശ്രദ്ധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ അവളിലുണ്ടായി. ശരീരസൗന്ദര്യത്തിലും പ്രകടനത്തിലുമുള്ള കരുതൽ, ഇടയ്ക്കിടെ അലക്‌സിന്റെ ചേംബറിലേക്കുള്ള ഒളിഞ്ഞുനോട്ടം, വാട്ട്സാപ്പിൽ ഇടവിട്ടിടവിട്ട് മെസ്സേജുകൾ, ജോലിയിൽ കൈവന്ന ചടുലത... അലക്സിനുള്ളിലെ അകലവും അറിയാതെ കുറഞ്ഞുവന്നു. ബാങ്കിനോട് ചേർന്നുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിൽ അവിവാഹിതയായ ഒരു ചെറുപ്പക്കാരിയുടെ എല്ലാവിധ സ്വാതന്ത്ര്യവുമനുഭവിച്ചായിരുന്നു ടീനയുടെ താമസം. അതിനു തൊട്ടടുത്തുള്ള കെട്ടിടത്തിലായിരുന്നു അലക്‌സിന്റെ താമസമെന്നതും അവർ തമ്മിലുള്ള അടുപ്പത്തിന് ആക്കം കൂട്ടി. 

മിക്കവാറും സായാഹ്നങ്ങളിൽ ഒന്നുകിൽ താമസസ്ഥലത്തിനോടു ചേർന്നുള്ള പാർക്കിൽവച്ച്, അല്ലെങ്കിൽ രാത്രിഭക്ഷണത്തിനു പോകാറുള്ള ദാമുവേട്ടന്റെ കടയിൽവച്ച് കണ്ടുമുട്ടുമ്പോഴെല്ലാം ടീനയ്ക്ക് നിറയെ ചോദ്യങ്ങളുണ്ടാവുമായിരുന്നു. അലക്‌സിന്റെ വീട്, സഹോദരങ്ങൾ, സാഹചര്യങ്ങൾ.. ഒരു ഇന്റർവ്യൂ പാനലിനു മുന്നിലെന്നപോലെ അലക്‌സ് പലപ്പോഴും ഉത്തരങ്ങൾ പറഞ്ഞു. പക്ഷേ തിരിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടിയുണ്ടായിരുന്നില്ലെന്നു മാത്രമല്ല തന്ന ഉത്തരങ്ങളിൽ പലതും അവ്യക്തങ്ങളുമായിരുന്നു. മൂടിവച്ച ചിത്രങ്ങളിൽനിന്ന് ആഭിജാത്യവും പാരമ്പര്യമഹിമയുമുള്ള കുടുംബവും കാർക്കശ്യക്കാരായ മാതാപിതാക്കളെയും അലക്‌സ് വേർതിരിച്ചെടുത്തതിനൊപ്പം പറന്നുനടക്കാനുള്ള കിളിയുടെ മനസ്സും അവളിൽ അലക്‌സ് കണ്ടുപിടിച്ചു. അനന്തു ജോലിചെയ്യുന്ന കോളജിൽ, അതേ ഡിപ്പാർട്ട്മെന്റിലായിരുന്നു അവൾ പഠിച്ചതെന്നത് തികച്ചും യാദൃശ്ചികമായിട്ടാണ് അവളിൽനിന്നുതന്നെ അറിയാൻ കഴിഞ്ഞത്. അനന്തു പറഞ്ഞുവച്ചിരിക്കുന്ന ആലോചനയെക്കുറിച്ച് അലക്‌സിൽനിന്നു കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഗുഡ്‌ലക്ക് പറഞ്ഞു. പിന്നീട് തീർത്തും അപ്രതീക്ഷിതമായി അവിടെനിന്ന് നടന്നുമറയുകയും ചെയ്തു. ഓർമ്മകളെയും മുഖങ്ങളെയും മായ്ച്ച് പെട്ടെന്ന് ബാങ്കിന്റെ ചില്ലുവാതിൽ തുറന്നടഞ്ഞു. സഹപ്രവർത്തകർ ഓരോരുത്തരായി കയറിവന്നു. പിന്നാലെ കസ്റ്റമേഴ്‌സും.. സമയമായെന്ന് ക്ലോക്കിലെ സൂചികൾ ചൂണ്ടിക്കാണിച്ചു. യാഥാർഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചുവരവെ തിരമാലകൾപോലെ ഉപഭോക്താക്കൾ തിക്കിത്തിരക്കി. മിക്ക ദിവസങ്ങളും ഇങ്ങനെയാണ്, ശക്തമായ ഒഴുക്കിൽപ്പെട്ട് സമയം കുതിക്കും. കണ്ണടച്ചു തുറക്കുമ്പഴെന്നപോലെ ഉച്ചഭക്ഷണത്തിനുള്ള നേരമാകും.

മൊബൈലിൽ അനന്തുവിന്റെ സന്ദേശം കണ്ടപ്പോഴാണ് ഭക്ഷണത്തെക്കുറിച്ചോർത്തത്. രുചിയും മണവുമൊന്നും നോക്കാതെ വെപ്രാളത്തിൽ കഴിച്ചുതീർത്തു. തിരക്കുകളുടെ ഗ്രാഫ് താഴോട്ട് വീഴാൻ തുടങ്ങിയപ്പോഴേക്കും വീണ്ടും അനന്തുവിന്റെ സന്ദേശമെത്തി. അതോടെ കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് ഫയലുകൾ അടച്ചുവച്ച് സീനിയർ മാനേജരുടെ അനുവാദം വാങ്ങി അലക്സ് വേഗം പുറത്തിറങ്ങി. പുറത്ത്  ഓടിമറയുന്ന ബിംബങ്ങളിലേക്കും കുന്നുകൂടുന്ന തിരക്കുകളിലേക്കും കണ്ണുപായിച്ച് കാറിലിരിക്കവേ നഗരത്തിൽ വളർന്നവൾ തനിക്കിണങ്ങുമോയെന്ന് അലക്സ് സ്വയം ചോദിച്ചു. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരിക്കുന്ന അനന്തുവിനെ നോക്കി സീറ്റിലേക്ക് തലചായ്ക്കവെ അലക്സിനുമുന്നിൽ വീണ്ടും ടീനയുടെ മുഖം തെളിഞ്ഞു. ഡൽഹിയിലേക്ക് അവൾ ട്രാൻസ്‌ഫർ വാങ്ങിപ്പോയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളു. തന്റെ കല്യാണമാണെന്നും യുഎസ്സിലേക്കു പോകാനുള്ള തയാറെടുപ്പിലാണെന്നുമൊക്കെ അവൾ പറഞ്ഞെങ്കിലും ധൃതിപിടിച്ചുള്ള ആ സ്ഥലംമാറ്റത്തിന്റെ സാംഗത്യം എത്രയാലോചിച്ചിട്ടും അലക്സിനു പിടികിട്ടിയില്ല. ഒന്നുരണ്ടുവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ടീനയുടെ സ്വരത്തിലെ താൽപര്യക്കുറവ് അവളുടെ കുടുംബപശ്ചാത്തലവുമായി അലക്സ് കൂട്ടിവായിച്ചു. അതോടെ അവരുടെ സൗഹൃദത്തിൻമേലും കരിപിടിച്ചു. “ഇതെത്രാമത്തെ പെണ്ണുകാണലാ…?”, പൊടുന്നനെ ചിന്തകളെ മുറിച്ചുകൊണ്ട് അനന്തു ചോദിച്ചു. മറുപടിയായി ഒന്നും പറഞ്ഞില്ല. ഓർക്കാതിരിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ ജ്വലിക്കുന്ന ചില ഓർമ്മകളുണ്ടല്ലോ. അതിൽപെട്ടതാണ് കഴിഞ്ഞുപോയ പെണ്ണുകാണലുകളും.. കണ്ണൊന്ന് മിഴിച്ചപ്പോൾ ചിന്തകൾ കൂടുമാറി. മുന്നിൽ തെളിഞ്ഞുനിൽക്കുന്ന ചുവപ്പ് സിഗ്നൽ. മനസ്സിൽ ചേട്ടന്റെ മുഖം നിറഞ്ഞു. ആദ്യമായി പിതൃതുല്യനായ ചേട്ടനറിയാതെ ഒരു പെണ്ണുകാണൽ.. വല്ലായ്മയുടെ നിഴൽവന്ന് അലക്സിനെ തൊട്ടു.

സ്‌പീഡ്‌ കുറച്ച് വീതികുറഞ്ഞ കോൺക്രീറ്റ് റോഡിലേക്ക് അനന്തു കാർ കയറ്റി. അനന്തു സംശയത്തോടെ ചുറ്റും നോക്കികൊണ്ടിരുന്നു. സ്ഥലമെത്തിയെന്ന് അലക്സിന് തോന്നി. ഇരുവശത്തും നിറയെ മരങ്ങൾ. മഞ്ഞപ്പൂക്കൾ നിറഞ്ഞ ഒരു മന്ദാരത്തിന്റെ ചുവട്ടിലേക്ക് അനന്തു കാർ നിറുത്തി. “ഇവിടുത്തെ പഴയൊരു ഹൗസിങ് കോളനിയാണ്. ടീച്ചേഴ്‌സ് കോളനി.. ഇങ്ങോട്ടു തിരിയുന്നിടത്തെത്തുമ്പോൾ എപ്പോഴുമൊരു കൺഫ്യൂഷനാണ്..” അനന്തു മുന്നേ നടന്നു. ചുറ്റും ചെറുതും വലുതുമായ വീടുകൾ. വലിയ അപ്പാർട്ട്മെന്റുകളൊന്നും കാണാനേയില്ല. മുന്നിൽ പൂച്ചട്ടികൾ അടുക്കിവച്ച വീടിനുമുമ്പിൽ അനന്തു നിന്നു. പിന്നെ എന്തോ ഒരടയാളം തപ്പുംപോലെ ചുറ്റും നോക്കി. അപ്പഴേക്കും അമ്പതിനുമേൽ പ്രായം തോന്നിക്കുന്ന പുരുഷനും പിന്നാലെ മുഖത്ത് കുലീനത ഒട്ടിച്ചുവച്ച സ്ത്രീയും വാതിൽക്കൽ മുഖം കാണിച്ചു. അലക്‌സ് അവരെ നോക്കി കൈകൂപ്പി. രണ്ടുപേരുടെയും മുഖത്ത് ഏറെ പരിചയമുള്ള ഭാവം. പുഞ്ചിരി. “വരൂ.. വീട് കണ്ടുപിടിക്കാൻ പ്രയാസപ്പെട്ടോ..?” “ഇല്ല, ഇവിടെയെത്തിയപ്പോൾ ചെറിയൊരു സംശയം..”, അനന്തുവിനൊപ്പം അലക്‌സും സോഫയിലേക്കമർന്നു. നന്നായലങ്കരിച്ച സ്വീകരണമുറി. ചുവരിൽ തൂക്കിയിട്ട ചിത്രങ്ങൾ. “എല്ലാം നേഹ വരച്ചതാ..”, അപ്പൻ അഭിമാനത്തോടെ പറഞ്ഞു. ഫൈനാർട്ട്സിൽ പിജി കഴിഞ്ഞ് ഇപ്പോൾ യൂണിവേഴ്‌സിറ്റി ക്യാംപസിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന നേഹ ഇത്ര നന്നായി വരച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു..?

അപ്പോഴേക്കും നേഹ ജൂസ് നിറച്ച ഗ്ലാസ്സുകൾ ട്രേയിൽവച്ച് വന്നു. “നേഹ..”, അനന്തുവിന്റെ പതിഞ്ഞ സ്വരം. തലപൊന്തിച്ചൊന്ന് നോക്കി. ഫോട്ടോയിൽ കണ്ടതിനെക്കാളും കുസൃതിയുണ്ട് മുഖത്ത്. പരിഭ്രമം ഒട്ടുമില്ല. ട്രേ മുന്നിലെ ടീപ്പോയിന്മേൽവച്ച് നേരെചെന്ന് അപ്പന്റെയും അമ്മയുടെയും നടുക്കായി ഇരുന്നു. ആരെയും കൂസാത്ത ഭാവത്തോടെ നേഹ സ്വയം പരിചയപ്പെടുത്തി. തുടർന്ന് അങ്ങോട്ടുമിങ്ങോട്ടും കുറച്ച് വീട്ടുകാര്യങ്ങൾ ചോദിച്ചു. പഠനം, ജോലിക്കാര്യങ്ങൾ, താമസം.. “നിങ്ങൾക്ക് രണ്ടാൾക്കും വ്യക്തിപരമായി എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോളൂ..”, അപ്പൻ പതിയെ എഴുന്നേറ്റു. ചോദ്യങ്ങൾ അലക്സ് മനസ്സിലടുക്കിത്തുടങ്ങിയപ്പഴേക്കും നേഹയുടെ ഉയർന്ന സ്വരം: “അങ്ങനെയൊന്നുമില്ല.. അപ്പയവിടെ ഇരുന്നേ..” ഇതെന്തൊരു പെണ്ണാ..! വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടിലുള്ള സംസാരം. ഇതെങ്ങനെ ശരിയാവും? “ഒരു കാര്യം ചോദിച്ചോട്ടെ..”, പെട്ടെന്ന് നേഹ ചോദിച്ചു. അതൊരു അനുവാദം ചോദിക്കലായിരുന്നില്ലെന്ന് അലക്‌സിനു മനസ്സിലായി: “ഏത് വർഷമാണ് പത്താംക്ലാസ് കഴിഞ്ഞത്..?” “2005 ൽ..” നേഹ പൊട്ടിച്ചിരിച്ചു. “ഞാനന്ന് രണ്ടാം ക്ലാസ്സിലെത്തിയിട്ടേ ഉള്ളു..” മുപ്പത്തിരണ്ടു വയസ്സ്, അല്ലേ..?”, അപ്പൻ ഇടയ്ക്കുകയറി. അതെയെന്നു സൂചിപ്പിച്ച് അലക്‌സ് തലയാട്ടിയതും അനന്തു എഴുന്നേറ്റു: “ഇവന് പെട്ടെന്ന് തിരിച്ചുചെല്ലണം. പലരും കാത്തുനിൽപ്പുണ്ടാവും..” കാർ മെല്ലെ നീങ്ങിയപ്പോൾ അലക്‌സിന് ശ്വാസം നേരെ വീണു. എന്നാലും പെണ്ണിന്റെയൊരു ചിരി. പ്രായം കുറഞ്ഞയാളെ വേണമെങ്കിൽ ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ. വെറുതെ മനുഷ്യന്റെ സമയം കളയാൻ.. “നിനക്കിഷ്ടപ്പെട്ടോ..?”, അനന്തുവിന്റെ ശബ്ദംപോലും തന്നെ കുറ്റപ്പെടുത്തുന്നതായി തോന്നി. “ഇല്ല” “അതെന്തേ..?” “എന്തൊരഹങ്കാരം…! ഇനി ആലോചനകൾ വന്നാൽ ആദ്യം പ്രായം ചോദിക്കണം. അല്ലെങ്കിൽ ഇതുപോലെ അപമാനിക്കപ്പെടും.” അനന്തു കേട്ടോ എന്തോ... ഡ്രൈവിങ്ങിലാണ് പൂർണശ്രദ്ധ. നാലുപാടും പായുന്ന വാഹനങ്ങൾ. പരമാവധി വേഗത്തിലോടുന്ന മനുഷ്യരും വേഗമളക്കാനൊക്കാത്ത മനസ്സുകളും..

കുറച്ചുനേരം നീണ്ടുനിന്ന മൗനത്തിനുശേഷം അനന്തു പറഞ്ഞു: “തുറന്ന പ്രകൃതക്കാരിയാണെന്നു തോന്നുന്നു. മുൻവിധികൾ വേണ്ട, അവിശ്വസിക്കേണ്ടതുമില്ല. പലപ്പോഴും ഒതുങ്ങിയ സ്വഭാവക്കാരായിരിക്കും അപകടകാരികൾ.” തിരിച്ച് ജോലിത്തിരക്കുകളിൽ അലിഞ്ഞുചേർന്നിട്ടും ഉള്ളിലൊരു കരിങ്കൽചീള് തറച്ചുനിന്നു. എവിടെയോ മുറിവ് പറ്റിയതുപോലെ. വല്ലാത്ത നീറ്റൽ. കാരണമറിയാത്ത സ്വയമേയുള്ള കുറ്റപ്പെടുത്തൽ.. ഒരുകാര്യം അലക്‌സിന് ഉറപ്പായിരുന്നു. ഇന്നത്തെ പെണ്ണുകാണലോടെ താൻ പ്രായത്തിന് കീഴടങ്ങി. തിരസ്‌കരണത്തിന്റെ വിങ്ങൽ ജീവനുള്ളൊരു വല്ലായ്‌മയായി പടർന്നപ്പോൾ എല്ലാറ്റിനോടുമുള്ള വിമുഖതയും ഒപ്പം വളർന്നു. ഈ തൊന്തരവിനെല്ലാം കാരണക്കാരനായ അനന്തു സ്വന്തം കുടുംബത്തിരക്കിലേക്ക് ഊളിയിട്ടുപോയിക്കഴിഞ്ഞു. വൈകുന്നേരത്ത് വിളിച്ചപ്പഴും ഏതോ പരിപാടിയുടെ നടുവിലാണെന്നും പിന്നെ സംസാരിക്കാമെന്നുമാണ് ആളു പറഞ്ഞത്. സന്ധ്യ കഴിഞ്ഞാൽ അവന് ഫാമിലി ടൈമാണെന്ന് നന്നായറിയാം. ഫോൺ വിളിച്ചാലും പലപ്പോഴും കിട്ടാറില്ല. അതാലോചിച്ചപ്പോൾ ഉള്ളിൽ സങ്കടം വിങ്ങി. ഒറ്റപ്പെടലിന്റെ ശൂന്യത ഒരുതരം വേദനയാണ്. ഇടയ്ക്കൊക്കെ അതൊരു ബലൂൺപോലെ വീർത്തുവരും. പിന്നെ ഭക്ഷണത്തിന് രുചി തോന്നില്ല. ഉറക്കത്തിന് ആഴമുണ്ടാകില്ല.. അലക്‌സ് പുറത്തിറങ്ങി വെറുതെ നടന്നു. മഹാസാഗരം പോലെ നീണ്ട അനുഭവങ്ങളിൽ എത്രയോ പ്രിയപ്പെട്ട മുഖങ്ങൾ.. താനിഷ്ടപ്പെട്ടവർ.. തന്നെ സ്നേഹിച്ചവർ.. ഇഷ്ടങ്ങൾക്ക് അതിരു വയ്ക്കുന്നതാണോ അതോ അവയെ നിഷേധിക്കുന്നതാണോ പ്രശ്നം? ഒരുപാട് ചിന്തകളുമായാണ് തിരിച്ചുകയറി വന്നത്. ഉറക്കം വിട്ടുവീഴ്ച ചെയ്യാതെ യുദ്ധം ചെയ്തുനിന്നു. ചേട്ടനോട് പറയാതെ പോയതിലുള്ള വിഷമം കുറഞ്ഞുവന്നു. ഉള്ളിലെ നീറ്റൽ കറുത്ത സ്വപ്നങ്ങളായി പെയ്യവേ ഉറങ്ങിപ്പോയി.

ബാക്കിയായ ഉറക്കത്തിന്റെ ആലസ്യത്തെ കൂട്ടുപിടിച്ചാണ് പിറ്റേന്ന് ബാങ്കിലെത്തിയത്. തിരക്കുകൾ ദിവസത്തെ വിഴുങ്ങാൻ തുടങ്ങിയ നേരത്ത് ഒട്ടും പ്രതീക്ഷിക്കാതെ നേഹ കയറിവന്നു: “എനിക്കിവിടെ അക്കൗണ്ടുണ്ട്..; അതിന്റൊരു വെരിഫിക്കേഷൻ.. കഴിഞ്ഞു..” “വിരോധമില്ലെങ്കിൽ വരൂ.. എനിക്കൽപ്പം സംസാരിക്കാനുണ്ട്.. ലൗഞ്ചിൽ വെയ്റ്റ് ചെയ്യാം..”, നേഹ നടന്നുകഴിഞ്ഞു. അലക്‌സ് ഒന്നു പതറി. ജീവിതത്തിലാദ്യമായി നാവ് സംസാരിക്കുന്നതിൽ പരാജയപ്പെട്ടു. തൊട്ടടുത്ത സീറ്റിലെ സീനിയർ മാനേജരോട് ഒന്ന് സൂചിപ്പിച്ചശേഷം എഴുന്നേറ്റു. “ആരാ അത്..?”, അവർക്ക് അറിയാഞ്ഞിട്ട് എന്തോ ഒരസ്വസ്ഥത. ഒന്നും പറഞ്ഞില്ല. കേൾക്കാത്തമട്ടിൽ പുറത്തേക്കിറങ്ങി. “കോഫി, ടീ ഓർ ജ്യൂസ്..?”, നേഹ മുന്നേ നടന്നു. “ജ്യൂസ് വേണ്ട, കോഫിയാവാം..” “ഞാൻ ജ്യൂസിൽ വിഷം കലർത്തി തരികയൊന്നുമില്ല കേട്ടോ..!”, തമാശ കലർത്തി എടുത്തടിച്ചുള്ള നേഹയുടെ പറച്ചിൽ. ഇതെന്തൊരു പെണ്ണെന്നു വീണ്ടും തോന്നാതിരുന്നില്ല. തിളച്ചുകൊണ്ടിരിക്കുന്ന പകൽ മനുഷ്യരെ പൊള്ളിക്കാൻ കാത്തുനിൽക്കുകയാണെന്നു തോന്നി. റോഡ് ക്രോസ്സ് ചെയ്‌താൽ നല്ല കോഫി കിട്ടുന്നയിടമുണ്ട്. അവിടെ എസിയിൽ സമാധാനമായി ഇരിക്കാം. പാർലറിൽ രണ്ടു കസേരകൾ മുഖാഭിമുഖമിട്ട് അതിലൊന്നിലേക്ക് ചാഞ്ഞിരിക്കവേ നേഹ പറഞ്ഞു: “നിങ്ങളൊരു പേടിച്ചുതൂറിയാണ്, അല്ലേ..?” തൊലിയുരിഞ്ഞുപോകുംപോലെ തോന്നി അലക്സിന്. ഈ പെണ്ണിന് വേറെയെന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ നല്ല രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവാകാം. ഇങ്ങനെയൊക്കെ സംസാരിക്കാമോ..? അതും അടുത്ത് പരിചയപ്പെടാത്ത ഒരാളോട്..! “നിങ്ങൾക്കെന്നെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ ശരിയല്ലേ..” ഇപ്പോൾ ഉറപ്പായി. ഈ പെണ്ണിന് ഭ്രാന്താണ്. വായിൽത്തോന്നുന്നത് വിളിച്ചുകൂവുന്ന മുഴുഭ്രാന്ത്. “എനിക്ക് നിങ്ങളെ ഇഷ്ടമായി.. വീട്ടുകാരോട് പറഞ്ഞോട്ടെ അനന്തുസാറിനെ കോൺടാക്റ്റ് ചെയ്യാൻ..?”

അലക്‌സിന്റെ മുഖത്തെ നീരു വറ്റി. മനസ്സിൽ കെട്ടിപ്പൊക്കിയ വലിയൊരു തടയണ ഒറ്റ നിമിഷത്തിൽ തരിപ്പണമായി. “ചേട്ടനോടും ചേട്ടത്തിയോടും സംസാരിക്കണം” “ആയിക്കോട്ടെ..”, ആകർഷകമായ കണ്ണുകളിലേക്കൊന്ന് നോക്കിയപ്പഴേക്കും നേഹ എഴുന്നേറ്റു. കോഫി വലിച്ചുകുടിച്ച് അലക്‌സ് ബിൽ പേ ചെയ്‌തപ്പോഴേക്കും നേഹ നിരത്ത് മുറിച്ചുകടന്ന് നടന്നുപോയി. അപ്പോഴേക്കും അലക്‌സിന്റെ മനസ്സ് പ്രക്ഷുബ്ധമായ കടൽപോലെയായിരുന്നു. മനഃപൂർവ്വം അകറ്റിനിർത്തിയ ആൾ പെട്ടെന്ന് മനസ്സു നിറയുവോളം വലുതായപോലെ. അനന്തുവിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നതിലേക്ക് കാര്യങ്ങൾ വികസിക്കുംപോലെ തോന്നി. എന്തൊരുറപ്പാണ് ഈ പെണ്ണിന്റെ വാക്കുകൾക്ക്..! മുഖത്തു പതയുന്ന ആത്‌മവിശ്വാസവും ഊർജ്ജസ്വലതയും പറയേണ്ടതുമില്ല. അല്ലെങ്കിലും കാര്യങ്ങൾ മൂടിവച്ച് അഭിനയിക്കുന്നതിലും എത്രയോ നല്ലതാണ് തുറന്നുള്ള സംസാരവും ഇടപെടലും. നഗരജീവിതത്തിന്റെ ജാടയും താൻപോരിമയുമൊക്കെയായി അത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം. എന്നാലും ഇങ്ങനെയൊരാളല്ലേ തനിക്ക് കൂടുതൽ ചേരുക..? വൈകുന്നേരത്ത് ചേട്ടനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെ നേഹയെപ്പറ്റി സൂചിപ്പിച്ചാലോ എന്നൊരുവേള തോന്നിയതാണ്. ഈയാഴ്ച്ച അവസാനം വീട്ടിലേക്കു വരണമെന്നും പിള്ളേര് രണ്ടാളും അലക്സിനെ കാണണമെന്ന് വാശി പിടിക്കുകയാണെന്നും അപ്പോഴേക്കും ചേട്ടൻ പറഞ്ഞു. ഒപ്പം, വിവാഹക്കാര്യം വേഗത്തിലാക്കേണ്ടതുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചില നിർണ്ണായക തീരുമാനങ്ങളെടുക്കേണ്ടതുണ്ടെന്നും ചേട്ടൻ കൂട്ടിച്ചേർത്തപ്പോൾ കരുതിവച്ച വാക്കുകൾ അലക്‌സ് വിഴുങ്ങി. വീട്ടിൽ പോയിട്ട് മൂന്നാഴ്ചയോളമായിരുന്നതിനാൽ ശനിയാഴ്ച വീട്ടിൽ പോകണമെന്ന് വിചാരിച്ചിരുന്നതാണ്. അതിനിടയിലാണ് ചേട്ടൻ ഇങ്ങോട്ടേക്കാവശ്യപ്പെട്ടത്. മനസ്സിൽ വല്ലാത്തൊരു സംഘർഷം ഉടലെടുത്തു. ചേട്ടനോട് പറയാതെ പെണ്ണുകാണാൻ പോയതിലുള്ള സങ്കോചം ഒരുവശത്ത്. മറുവശത്ത് ചേട്ടന്റെയടുത്ത് ഇതെങ്ങനെ അവതരിപ്പിക്കുമെന്നുള്ള ആശയക്കുഴപ്പം. ഇനി എങ്ങനെയെങ്കിലും അറിയിക്കാമെന്നു വച്ചാൽത്തന്നെ ചേട്ടന് ഇഷ്ടമാകുമോയെന്ന ആശങ്കയുമുണ്ട്. 

ചിന്തകളുടെ പൊന്തിവരവിൽ സ്വയം പ്രതിരോധത്തിനെന്നപോലെ അതിനെന്താ ഒരു പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞെന്നല്ലേയുള്ളു, അതിലപ്പുറമൊന്നുമില്ലല്ലോയെന്ന് അലക്‌സ് സ്വയം ബോധിപ്പിക്കാൻ ശ്രമിച്ചു. ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടെന്നറിയില്ല, നേഹയെ കാണണമെന്ന ഉദ്ദേശ്യത്തോടെ പിറ്റേന്ന് ലീവെടുത്ത് ഇറങ്ങിത്തിരിച്ചു. അനന്തുവിനെ വിളിച്ച് ഫോൺനമ്പർ വാങ്ങിയാലോയെന്ന ചിന്ത കടന്നുവന്നെങ്കിലും അതുപേക്ഷിച്ചു. ടാക്സിയിൽ യൂണിവേഴ്‌സിറ്റിക്ക് മുമ്പിലിറങ്ങി. നേരെ ഫൈൻആർട്ട്സ് ഡിപ്പാർട്ട്മെന്റിൽ ചെന്നു. നേഹയുടെ സൂപ്പർവൈസർ സഹായമനസ്കത കാണിച്ചു. പക്ഷെ അദ്ദേഹം ഫോണിൽ വിളിച്ചിട്ടും നേഹയെ കിട്ടിയില്ല. മെസ്സേജയച്ചശേഷം അദ്ദേഹം അലക്സിനോട് പുറത്ത് കാത്തുനിൽക്കാനായി പറഞ്ഞു. അലക്സ് മുറിക്കു വെളിയിലിറങ്ങി. നാലുപാടും കുട്ടികളുടെ ബഹളമായിരുന്നു. അടുത്തുള്ള ക്ലാസ്സ്മുറിയിൽ അധ്യാപകന്റെ ഉച്ചത്തിലുള്ള സംസാരവും കടലിരമ്പംപോലെ ഇടയ്ക്കിടെ ഉയരുന്ന കുട്ടികളുടെ ഒച്ചയും കൂട്ടിയിടിച്ചുണ്ടാകുന്ന ഭിന്നസ്വരങ്ങൾ ശ്രദ്ധിച്ച് അലക്‌സ് വരാന്തയിലൂടെ നടന്നു. ലൈബ്രറിയോടു ചേർന്ന പൂന്തോപ്പിൽ നിറങ്ങളുടെ സമ്മിശ്രം. ജീവിതത്തിലെ നല്ലതും വാടിയതുമായ പൂക്കളെക്കുറിച്ചാലോചിച്ച് അലക്സ് അവിടത്തെ സിമന്റുബെഞ്ചിലിരുന്നതും പിറകിൽ നേഹയുടെ സ്വരം: “ലൈബ്രറിയിലായിരുന്നു. മെസ്സേജ് ഇപ്പഴാ കണ്ടത്. സോറി..” “കുഴപ്പമില്ല, ഞാൻ വെറുതെ വന്നുവെന്നേയുള്ളു..” “വെറുതെ..?”, അലക്‌സ് വല്ലാണ്ടൊന്ന് ചൂളി. കളിയാക്കിയതാണോ? നാക്കിന് എല്ലില്ലാത്ത പെണ്ണ്... വെയിലിന്റെ ഏറിവരുന്ന ചൂടിനൊപ്പം അലക്സിന്റെ ഉള്ളവും പുകഞ്ഞു. എന്തൊക്കെയോ പറയണമെന്നുണ്ട്. വാക്കുകൾ പുറത്തുവരാതെ പിടഞ്ഞു മരിച്ചപ്പോൾ അലക്‌സ് നിസ്സഹായനായി നിന്നു.

“വരൂ നമുക്കൽപം നടക്കാം..”, നേഹ മുന്നേ നടന്നപ്പോൾ അലക്‌സ് ആ കാലടികൾ പിന്തുടർന്നു. ഗവേഷണം അലക്സിന് എക്കാലത്തും ഹരമായിരുന്നു. ബാങ്കിലെ ജോലിത്തിരക്കിനിടയിലും ഗവേഷണസംബന്ധമായ വായന മുടക്കാറില്ല. “എന്താണ് ഗവേഷണത്തിന്റെ വിഷയം?”, ചോദ്യം കേട്ടതോടെ നേഹയിൽ ഉത്സാഹം നിറഞ്ഞു. കാണാപ്പാഠം പഠിച്ച കുട്ടിയെപ്പോലെ നേഹ സംസാരം തുടങ്ങി. കേരളത്തിന്റെ സാമൂഹികവീക്ഷണങ്ങളെ രൂപപ്പെടുത്തുന്നതിൽ ചിത്രകലയ്ക്കുള്ള പങ്കെന്ന വിഷയം അലക്സിന് ഇഷ്ടമായി. അതിന്റെ നാനാവശങ്ങളെക്കുറിച്ച് നേഹ വിശദീകരിച്ചുതുടങ്ങി. രവിവർമ്മ മുതൽ പുതിയകാലത്തെ  കലാകാരൻമാർ വരെ.. ചിത്രകലയിലെ പുരോഗമന ചിന്താധാരകൾ.. വാക്കുകൾക്കൊപ്പം തന്റെ ഏതാനും സ്കെച്ചുകളും നേഹ മൊബൈൽഫോണിൽ കാണിച്ചു. ജീവനുറ്റ ആ ചിതങ്ങൾ അലക്സിനുള്ളിലും വർണ്ണങ്ങൾ നിറച്ചു. പ്രിയപ്പെട്ട ചിത്രകാരനായ വാൻഗോഗിനെക്കുറിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകൾ വിഴുങ്ങി അലക്സ് മുന്നോട്ടു നടന്നു. നട്ടുച്ചസൂര്യന്റെ രോഷപ്പുകച്ചിലിലൂടെയായിരുന്നു തിരിച്ചുള്ള യാത്ര. വഴിനീളെ ഓരോ ഹൃദയത്തുടിപ്പും അലക്സിനോടു സംസാരിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകൾ തിരകളെപ്പോലെ ഹൃദയഭിത്തിയിൽ ഇടിച്ചുചിതറി. സ്വപ്നങ്ങളുടെ ചക്രവാളത്തിൽ അനിശ്ചിതത്വം ഇരുട്ടുപാളികളായി പെരുകി.

മൂന്നുദിവസങ്ങൾക്കുശേഷമായിരുന്നു നാട്ടിലേക്കുള്ള യാത്ര. ഉത്സാഹത്തെക്കാളും ഉൽക്കണ്ഠയായിരുന്നു മനസ്സു നിറയെ. മുമ്പെങ്ങുമില്ലാത്തവിധം ഒരു ടെൻഷൻ. വിവാഹക്കാര്യത്തിൽ ചേട്ടനുള്ള നിബന്ധനകൾ അലക്സിനിനിയും പൂർണ്ണമായും മനസ്സിലായിട്ടില്ല. ഏറ്റവുമാദ്യവും അവസാനവും പെണ്ണുകണ്ട ആലോചനകൾ അലക്സ് ഇനിയും മറന്നിട്ടില്ല. കൊൽക്കത്തയിൽ പരിചയമുണ്ടായിരുന്ന ഒരു കസ്റ്റമർ കുടുംബത്തിൽനിന്ന് ഏകദേശം അഞ്ചു വർഷങ്ങൾക്കുമുമ്പായിരുന്നു ആദ്യത്തെ ആലോചന. നന്നേ യോജിച്ചതെന്ന് തോന്നിച്ച ആ ബന്ധം അവസാനഘട്ടമായപ്പഴേക്കും ലാസർ നഖശിഖാന്തം എതിർത്തു. വളരെ വലിയ അന്തരമുള്ള കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വിവാഹജീവിതത്തിൽ മുഴച്ചുനിൽക്കുമെന്നു മാത്രമേ കാരണമായി പറഞ്ഞുള്ളു. ഏറ്റവുമൊടുവിൽ കണ്ടതാകട്ടെ പാരീസിൽ പഠിച്ച് അവിടെത്തന്നെ ജോലിചെയ്യുന്ന ഒരു പെണ്ണിനെയായിരുന്നു. വീട്ടുകാരും ബന്ധുക്കളുമൊക്കെ കൊച്ചിയിലായതുകൊണ്ട് ഓൺലൈനിലായിരുന്നു പെണ്ണുകാണൽ. സംസാരം ഇംഗ്ലീഷ് ചുവയുള്ളതാണെങ്കിലും സ്മാർട്ടായ കുട്ടിയാണതെന്ന് അലക്‌സിനു തോന്നിയിരുന്നു. ഇനിയെങ്ങനെ മുന്നോട്ടുപോകണമെന്നു ചോദിച്ച അലക്സിനോട് കുറച്ചുകൂടി ലാളിത്യമുള്ള ഒരു കുട്ടിയായിരിക്കും നിനക്കു കൂടുതൽ അനുയോജ്യമെന്ന് ലാസർ കാർക്കശ്യത്തോടെ പറഞ്ഞു. അവയെക്കൂടാതെ വീട്ടുകാർ ഉറപ്പിക്കാനിരുന്ന, കഴിഞ്ഞ വർഷം മുടങ്ങിപ്പോയ ഒരാലോചനയുടെ ഓർമ്മയും അലക്സിനുള്ളിൽ തികട്ടി. അലീന, അതായിരുന്നു പെണ്ണിന്റെ പേര്. ഡോക്ടറായതുകൊണ്ടായിരിക്കണം തുടക്കത്തിൽത്തന്നെ ചേട്ടന് നല്ല താൽപ്പര്യമായിരുന്നു. മിതഭാഷിയും എളിമയുള്ളവളുമാണെന്ന് കണ്ടതോടെ ആ താൽപ്പര്യം ഇരട്ടിച്ചു. പിന്നീടങ്ങോട്ട് തണുപ്പൻ മട്ടിലായിപ്പോയ പെണ്ണുവീട്ടുകാരെ അനുനയിപ്പിക്കാൻ ലാസർ കുറെ ശ്രമിച്ചതാണ്. അതു ഫലിക്കാതെ വന്നപ്പോൾ പെണ്ണിന്റപ്പന് തികഞ്ഞ അഹങ്കാരമാണെന്നു പറഞ്ഞ് അലക്സിനോടുപോലും ചോദിക്കാതെ ലാസർ അതു വേണ്ടെന്നുവച്ചു. 

ഇതുപോലത്തെ സ്വഭാവക്കാരനായ ചേട്ടനോടാണ് നേഹയെക്കുറിച്ച് പറയേണ്ടത്..! പറയേണ്ട വാക്കുകളെ ചിട്ടപ്പെടുത്തി അലക്സ് ഓരോന്നാലോചിച്ചുകൊണ്ടിരുന്നു. പതിയെപ്പതിയെ ചിന്തകൾ മയക്കത്തിന്റെ കൂട്ടിലേക്കു കയറി. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ പരിചയക്കാരനായ കണ്ടക്ടർ വിളിച്ചുണർത്തി വീടിനുമുന്നിലായി ബസ് മുരണ്ടുനിന്നു. പടിഞ്ഞാറൻ മാനത്ത് ദുഃഖം കനപ്പിച്ചു നിൽക്കുന്ന സൂര്യനെ കണ്ടുകൊണ്ട് അലക്സ് വീട്ടിലേക്കു കയറി. അലക്സിനെക്കണ്ട സന്തോഷത്തിൽ ഷാരോണും ജോർദാനും ആർത്തുവിളിച്ചു. അലക്സ് വീട്ടിലുണ്ടെങ്കിൽ അവർക്ക് ഉത്സവമാണ്. മിക്കവാറും സമയം രണ്ടുപേരും അലക്സിന്റെ മുറിയിലുണ്ടാവും. ചോക്കലേറ്റിനും കഥകൾക്കും പുറമെ ചാച്ചൻ അവർക്കൊപ്പം കളിക്കാനും കൂടും. “പുതിയൊരാലോചന വന്നിട്ടുണ്ട്. ഫോട്ടോ കണ്ടിട്ടും വിവരങ്ങൾ കേട്ടിട്ടും തരക്കേടില്ലെന്നു തോന്നുന്നു.” ചായ അലക്സിന്റെ കൈയ്യിലേൽപ്പിച്ച് ചേട്ടത്തി തിരിഞ്ഞുനടന്നു. കുട്ടികളുടെ കലപിലയും ചേട്ടത്തിയുടെ ശാസനയും അടുക്കളയിലേക്ക് നീണ്ടു. ചേട്ടൻ പറമ്പിൽനിന്ന് കയറിവന്നിട്ടില്ല.  ആൾ എന്നും അങ്ങനെയാണ്. പണിക്കാരുടെ കണക്കു തീർത്ത് സന്ധ്യയോടെയേ തിരിച്ചുകയറൂ. ചായ കുടിച്ച് അലക്‌സ് മുറ്റത്തേക്കിറങ്ങി. മങ്ങിവരുന്ന വെളിച്ചത്തിലൂടെ വീടിനുനേർക്ക് നടന്നുവരുന്ന പണിക്കാരുടെയും ചേട്ടന്റെയും ശബ്ദശകലങ്ങൾ കാതിൽ പതിച്ചു. “ങ്ഹാ, നീ വന്നോ? എപ്പോഴെത്തി?”, ചോദിച്ചിട്ട് ലാസർ കിണറ്റുകരയിലേക്കു നടന്നു. “അധികനേരമായില്ല. ഒരു പത്തു മിനിറ്റ്…” “ഞാനിതാ വരുന്നു…”, പറഞ്ഞിട്ട് കയറിന്റെ തുമ്പു പിടിച്ച് ലാസർ ബക്കറ്റ് കിണറ്റിലേക്കിട്ടു. പിന്നെ ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു ബക്കറ്റ് വെള്ളം കോരി തലയിലേക്കൊഴിച്ചു. കപ്പിയുടെ കരച്ചിലിൽ ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം മുങ്ങിപ്പോയി. സന്ധ്യയ്ക്ക് പറമ്പിൽനിന്ന് കയറിവരുമ്പോൾ ചേട്ടന്റെ പതിവുശീലമാണിത്. എല്ലാ ക്ഷീണവും അതോടെ പൊയ്‌പ്പോകുമെന്നാണ് ചേട്ടൻ പറയാറ്. 

അലക്സ് മുറ്റത്തുതന്നെ നിന്നു. വല്ലാത്തൊരു ടെൻഷൻ. അടഞ്ഞുകൊണ്ടിരിക്കുന്ന നേഹയെന്ന അധ്യായം ഓർക്കുമ്പോൾ ഹൃദയത്തിന്റെ ഏതോ കോണിൽ വിഷമത്തിന്റെ കിനിവ്. ബക്കറ്റൊതുക്കിവച്ച് തല തോർത്തിക്കൊണ്ട് ലാസർ തുടർന്നു: “ചേട്ടത്തി നിനക്ക് സൂചന തന്നുകാണുമല്ലോ? നേഹയുടെ കുസൃതി നിറഞ്ഞ മുഖം വീണ്ടും അലക്സിന്റെ മനസ്സിലേക്ക് ഇരച്ചുവന്നു. “ഫോട്ടോ നിന്റെ മുറിയിലെ ടീപ്പോയിമേൽ വച്ചിട്ടുണ്ട്.”, ചേട്ടത്തി അടുക്കളയിൽനിന്ന് വിളിച്ചുപറഞ്ഞു. “നിന്റെ മുഖത്തെന്താ, ഒരു മ്ലാനത.?”, വേദപുസ്തകം കൈയ്യിലെടുത്ത് ഹാളിലെ കസേരയിലേക്കമർന്ന് ലാസർ പാതി തമാശയായി ചോദിച്ചു. ഒപ്പം മൊബൈൽഫോൺ കൈയ്യിലെടുത്ത് പലയാവർത്തി ഞെക്കി: “നീയാ ഫോട്ടോ കണ്ടുനോക്ക്. നിനക്കിഷ്ടമാകുന്നെങ്കിൽ മുന്നോട്ടു പോകാം. പിന്നൊരു കാര്യം കൂടിയുണ്ട്. നിനക്കോർമ്മയുണ്ടാകും, അലീനയെന്ന ഡോക്ടറ് പെങ്കൊച്ചിനെ. ചില തെറ്റിദ്ധാരണകളാൽ കഴിഞ്ഞ വർഷം വഴിമാറിപ്പോയ ആ ആലോചന തന്നെ.! അവർക്ക് താൽപ്പര്യമാണെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ തീരുമാനം ഏതായാലും എനിക്ക് യോജിപ്പ് തന്നെ.” ചെവികൾ കൊട്ടിയടച്ചതുപോലെ അലക്സിനു തോന്നി. എങ്ങനെ നേഹയെക്കുറിച്ച് പറഞ്ഞുതുടങ്ങണമെന്നുപോലും കരുതിവച്ചിരുന്നതാണ്. എന്നിട്ടിപ്പോൾ... അലക്സ് മുറിയിലേക്ക് നടന്നു. ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ല. ഉള്ളം വല്ലാതെ അസ്വസ്ഥമായിരുന്നു. എവിടെയൊക്കെയോ വല്ലാത്ത നീറ്റൽ. എന്തുതന്നെ വന്നാലും നേഹയുടെ കാര്യം ചേട്ടനോട് തുറന്നുപറയുകയാണ് ഉചിതമെന്ന് തോന്നി. ഇനി വൈകിയാൽ ഒരുപക്ഷെ ഒരിക്കലുമത് പറയാൻ പറ്റാതെ പോയെന്നു വരും. പറയാനുള്ള തീരുമാനം മനസ്സിലുറപ്പിച്ചു. ടീപ്പോയിൽ കിടന്ന മാഗസിൻ കൈയ്യിലെടുത്തതും കളിച്ചുകൊണ്ട് ഓടിക്കയറിവന്ന കുട്ടികൾ അലക്സിന്റെ മടിയിലേക്കു വീണു. മാഗസിനൊപ്പം തെറിച്ചുവീണ ഫോട്ടോകണ്ട് അലക്സ് ഞെട്ടി. തന്നെ നോക്കി ചിരിച്ചുനിൽക്കുന്ന ടീനഡേവിഡ്.! കണ്ണുകളിൽ പിടഞ്ഞ നടുക്കം ഒരു കൊള്ളിയാനായി അലക്സിന്റെ ഹൃദയത്തിലൂടെ പാഞ്ഞു. “എന്നാ ചാച്ചാ പറ്റിയത്.?”, ഷാരോൺ അമ്പരപ്പോടെ ചോദിച്ചു. 

ഭാവങ്ങളെ നിയന്ത്രിക്കാൻ പാടുപെടുമ്പോഴും എന്താണ് സംഭവിക്കുന്നതെന്നതിനെപ്പറ്റി അലക്സിന് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ചേട്ടന്റെ ഒരു സുഹൃത്തിനു പരിചയമുള്ള ഏതോ ബ്രോക്കർ വഴി വന്ന ആലോചനയെന്നതിൽ കവിഞ്ഞ് ആർക്കുമൊന്നുമറിയില്ല. ആ സ്വപ്നലോകത്തെ വർണ്ണങ്ങൾ ചിതറിച്ച് അനന്തുവിന്റെ കോൾ വന്നു: “ചേട്ടനോട് പറഞ്ഞോ നേഹയെപ്പറ്റി.?” “ഇല്ല, പറയാൻ പോകുകയാണ്.” “വേണ്ട. ഇനി പറയേണ്ട.”, അനന്തു മടിച്ചുമടിച്ചെന്നപോലെ കൂട്ടിച്ചേർത്തു: “അനന്തൂ, എന്താണിത്? പ്ലീസ്, ഒന്നു തെളിച്ചുപറയൂ…” “പറയാം.. നിന്നോടുള്ള ഇഷ്ടം തുറന്നുപറയാൻ ശ്രമിക്കുമ്പോഴായിരുന്നു ഉറ്റസുഹൃത്ത് നേഹയുമായുള്ള ആലോചനയെക്കുറിച്ച് നിന്നിൽ നിന്നുതന്നെ ടീന അറിയുന്നത്. അതിന്റെ അനന്തരഫലമായിരുന്നു ടീനയുടെ പെട്ടെന്നുള്ള ട്രാൻസ്‌ഫർ. രണ്ടുദിവസം മുമ്പ് ടീനയുടെ അമ്മ വഴി നേഹ ഇതു മനസ്സിലാക്കി. അവളുടെ മാനസികസംഘർഷം വളരെ വലുതായിരുന്നു. അങ്ങനെയാണ് ഇതിൽ നിന്ന് നേഹ പിന്മാറിയത്. ടീനയുടെ കാര്യത്തിലാകട്ടെ യു.എസ്. എ. യിൽ നിന്നുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.” അതുകേട്ട് അലക്സ് വീണ്ടും ഞെട്ടി. ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം അനന്തു പറഞ്ഞുമുഴുമിപ്പിച്ചു: “അവർ പ്രാക്ടിക്കലായി നീങ്ങിയതിൽ കുറ്റം പറയാനാവില്ലല്ലോ..!” വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് പ്രതീക്ഷയോടെ അലക്സ് കട്ടിലിലേക്ക് ചാഞ്ഞു. ഹാളിലിരുന്ന് വേദപുസ്തകം വായിക്കുകയായിരുന്ന ലാസറിന്റെ ശബ്ദം പൊടുന്നനെ അലക്സിന്റെ കാതിൽ വീണു: “പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് ഭവനത്തിന്റെ മൂലക്കല്ലായിത്തീർന്നു. ഇത് കർത്താവിന്റെ പ്രവൃത്തിയാണ്.”

Content Summary: Malayalam Short Story ' Ariyathe ' written by Joshy Martin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com